വ്യാജചരിത്രനിർമ്മിതിയുടെ സത്യാനന്തരകാലം

ബിന്നറ്റ് സി ജെ

ൻപതാമത് കേരള ഹിസ്റ്ററി കോൺഗ്രസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയായ സയ്യിദ് അലി നദീം റിസ്വി നാമൊക്കെ ഏറെ കേട്ടതാണെങ്കിലും ഏറെ സുപ്രധാനങ്ങളായ ചില കാര്യങ്ങൾ അവിടെ കൂടിയവരെ ഓർമിപ്പിക്കുകയുണ്ടായി. ചരിത്രരേഖകളുടെ സമഗ്രത കാത്തുസൂക്ഷിക്കേണ്ടതാണെന്നും, അത് ആശയപരമോ, രാഷ്ട്രീയപരമോ ആയ സ്വാർത്ഥ ലക്ഷ്യങ്ങൾ നേടുന്നതിന് വളച്ചൊടിക്കുന്ന പ്രവണതയെ ചെറുക്കണമെന്നുമാണ് അദ്ദേഹം ആവർത്തിച്ചുറപ്പിച്ചത്. ഈയടുത്ത കാലത്തായി ചരിത്രപുസ്തകങ്ങളിലും സിലബസ്സിലും ഇന്ത്യൻ ചരിത്രത്തെ സങ്കുചിതമായ ഹിന്ദുത്വ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടി നടത്തിയ പരിശ്രമങ്ങളിലേക്ക് വെളിച്ചം വീശികൊണ്ടാണ് അദ്ദേഹം അപലപിച്ചത്. ഇത് അഹിന്ദുക്കളെയും അബ്രാഹ്മണ വിഭാഗങ്ങളെയും പാർശ്വവൽക്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭൂതകാലത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ തമസ്കരിക്കുന്ന പ്രവണത അങ്ങേയറ്റം നിരാശജനകമാണെന്നായിരുന്നു അദ്ദേഹം അടിവരയിട്ട് പറഞ്ഞത്.

ചരിത്രനിരാസം ആഗോളപ്രവണതയാകുന്നു
ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രവണത, ഇന്ത്യൻ പ്രതിഭാസം മാത്രമല്ലെന്നും, അതൊരു ആഗോള പ്രവണതയായി രൂപം പ്രാപിച്ചിട്ടുണ്ടെന്നും യേൽ സർവ്വകലാശാലയിലെ തത്വചിന്താ വിഭാഗം പ്രൊഫസറും, ഗ്രന്ഥകാരനുമായ ജാസൻ സ്റ്റാൻലി തന്റെ “Erasing History’എന്ന പുതിയ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം യഥാർത്ഥ ചരിത്രം എന്നും ഡമോക്ലീസിന്റെ വാളായിരുന്നു. തങ്ങളുടെ അധികാരം ഉറപ്പിക്കുന്നതിൽ തടസ്സമായ നിൽക്കുന്ന ചരിത്രത്തെ മായ്ച്ചുകളയാനോ, മറച്ചുവെയ്ക്കാനോ ഇക്കൂട്ടർ വ്യഗ്രതപ്പെടുന്നതായി കാണാമെന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാതെ സൂചിപ്പിക്കുന്നു. ഇത് സാധിതപ്രായമാക്കുന്നത് പ്രധാനമായും വിദ്യാഭ്യാസരംഗം വഴിയാണ്. തങ്ങളുടെ സ്വാർത്ഥപൂരണത്തിന് പുതുപുത്തൻ ചരിത്രവ്യാഖ്യാനങ്ങൾ നിർമ്മിച്ചെടുക്കുകയാണ് ഇതിലേക്കുള്ള വഴി. അതിനായി സ്വീകരിക്കുന്ന തന്ത്രങ്ങളെ താഴെ സൂചിപ്പിക്കുന്ന രീതിയിലാണ് ഗ്രന്ഥകാരൻ വിശദീകരിക്കുന്നത്. ഒരു പൗരാണിക ഭൂതകാലത്തെ വ്യാജമായി നിർമ്മിച്ചെടുക്കുക, പ്രചണ്ഡമായ വ്യാജപ്രചാരവേലകൾ നടത്തുക, ബൗദ്ധിക വിരുദ്ധ നീക്കങ്ങളിലൂടെ രൂപപ്പെടുത്തിയെടുക്കുന്ന അവാസ്തവികത, ഇരവാദം തുടങ്ങിയവയാണത്.

രണ്ടാംതരം പൗരരെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങൾ
സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ലക്ഷണമൊത്ത മാതൃകയായി വിശേഷിപ്പിക്കാവുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളിൽ, ആ രാഷ്ട്രത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് മറ്റു വിഭാഗങ്ങളേക്കാൾ വലിയൊരു സാമൂഹ്യപദവി കൽപ്പിച്ചു നൽകുകയും, മറ്റ് വിഭാഗങ്ങളെ രണ്ടാംതരം പൗരൻമാരായി ചിത്രീകരിക്കുകയുമാണ് ചെയ്യുക. സമത്വമെന്ന ആശയം ഫാസിസത്തിന്റെ നിഘണ്ടുവിലില്ല. സൂചിപ്പിക്കപ്പെട്ട ഉന്നത വിഭാഗത്തിന്റെ പദവിയെ ഊട്ടിയുറപ്പിക്കുന്ന വ്യാജചരിത്ര നിർമ്മിതിയാണ് ഫാസിസ്റ്റുകൾ സ്വീകരിക്കുന്ന മുഖ്യതന്ത്രം. ഫാസിസ്റ്റുകൾ ചരിത്രത്തെ അപനിർമ്മിക്കുമ്പോൾ, അവർ അവകാശപ്പെടാറുള്ളത് തങ്ങൾ ചരിത്ര സിദ്ധാന്തങ്ങളെയും, വ്യാഖ്യാനങ്ങളെയും മാത്രമെ മായ്ച്ചുകളയാറുള്ളൂ, ചരിത്ര സന്ദർഭങ്ങളിൽ വെള്ളം ചേർക്കാറില്ലെന്നാണ്. വാസ്തവത്തിൽ ചരിത്രസംഭവങ്ങളെ വളച്ചൊടിക്കലാണ് അവർ നിർവ്വഹിച്ചു പോരാറുള്ളത്. നാസിഭരണകൂടം നിലനിന്ന കാലത്തെ വിദ്യാഭ്യാസത്തിൽ, അവർ ആവർത്തിച്ചുറപ്പിക്കുന്ന ഒരു മിത്തുണ്ട്. യഹൂദൻമാരും, കമ്മ്യൂണിസ്റ്റുകളുമാണ് ഒന്നാംലോകയുദ്ധത്തിൽ ജർമനിയെ വഞ്ചിച്ചതെന്ന്. യഹൂദരെയും, കമ്മ്യൂണിസ്റ്റുകാരെയും മുഖ്യധാരയിൽ നിന്ന് അകറ്റാനും, വേട്ടയാടപ്പെടേണ്ടവരാണെന്ന പൊതുബോധം സൃഷ്ടിക്കാനുമായിരുന്നു ഈ പ്രചാരണം.

വസ്തുനിഷ്ഠത അപ്രത്യക്ഷമാവുന്ന സത്യാനന്തരകാലം
സത്യാനന്തരകാലത്തെക്കുറിച്ച് മീര നന്ദയുടെ “A Field Guide to post truth’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. 2016 ലാണ് ഓക്സ്ഫോർഡ് നിഘണ്ടു “സത്യാനന്തരം’‐ Post Truth ആ വർഷത്തെ പദം എന്ന രീതിയിൽ തിരഞ്ഞെടുക്കുന്നത്. വസ്തുനിഷ്ഠതക്ക് നിത്യജീവിത വ്യാപാരങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടുകയും, വികാരങ്ങളും, വ്യക്തിപരമായ വിശ്വാസങ്ങളും വസ്തുതയുടെ സ്ഥാനം കയ്യടക്കുകയും ചെയ്യുന്ന അവസ്ഥയെ സൂചിപ്പിക്കാനാണ് ഈ പദപ്രയോഗം കൊണ്ട് അർത്ഥമാക്കിയത്. സത്യമെന്ന മാനദണ്ഡം ഇല്ലാതാകുന്നതോടെ ഒരു അസത്യത്തെയോ, അർദ്ധസത്യത്തെയോ, പരിമിതമായ സത്യത്തെയോ എങ്ങനെയാണ് നാം തിരിച്ചറിയുക? സത്യാനന്തരകാലത്ത് വസ്തുനിഷ്ഠ എന്നതും, വസ്തുതകൾ പരിശോധിച്ചറിയുക എന്നതുമെല്ലാം, പൊതുവ്യവഹാരങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് ദൃശ്യമാവുന്നത്. അമേരിക്കൻ തത്വചിന്തകനായ ഹാരി ഫ്രാങ്ക്ഫർട്ടിന്റെ അഭിപ്രായത്തിൽ സത്യാനന്തരകാലത്തെ സംസ്കാരമെന്നത് അസത്യസംഭാഷണത്തെ വിദഗ്ധമായി പറഞ്ഞു ഫലിപ്പിക്കലാണ്. സത്യാനന്തര പൂർവ്വകാലത്ത് ഒരു നുണയൻ അസത്യഭാഷണം നടത്തുന്നത് താൻ പറയുന്നത് ശുദ്ധനുണയാണെന്ന ഉത്തമബോധ്യത്തിലാണ്. എന്നാൽ സത്യാനന്തരകാലത്തെ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം താൻ പറയുന്നത് സത്യമാണോ? മിഥ്യയാണോ? എന്നത് അയാളുടെ പ്രശ്നമേയല്ല. താൻ അതുവഴി നേടാനുദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമെ ഉത്കണ്ഠാകുലനാകുന്നുള്ളൂവെന്നതാണ്.

അമേരിക്കയിൽ അരങ്ങേറുന്ന ചരിത്രനിരാസം
സത്യാനന്തരകാലത്താണ് നാം കഴിയുന്നതെന്നതുകൊണ്ട് ഫാസിസ്റ്റുകൾ ഗീബൽസിയൻ തന്ത്രങ്ങളിലൂടെ ശ്രമകരമായി സാധിച്ചെടുത്ത ചരിത്രനിഷേധം, ലോകത്തിലെ വലതുപക്ഷ ഭരണകൂടങ്ങൾ അനായാസേന ചെയ്യുന്നതായിട്ടാണ് കാണാൻ കഴിയുന്നത്. ജാസൻ സ്റ്റാൻലി ഇതിന്റെ ഉത്തമഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടുന്നത് അമേരിക്കയെയാണ്. ചില പ്രത്യേക ആശയങ്ങളെയും അവയുടെ എഴുത്തുകാരെയും സ്കൂൾ പാഠ്യപദ്ധതിയിൽ നിന്നും, സ്കൂൾ ലൈബ്രറികളിൽ നിന്നും തുടച്ചു നീക്കാനുള്ള സമീപകാലശ്രമങ്ങളെ ശക്തമായ ഭാഷയിൽ തന്നെ തന്റെ “ERASING HISTORY’ എന്ന ഗ്രന്ഥത്തിൽ അപലപിക്കുന്നുണ്ട്. ഒരു കാലത്ത് ക്രൂരമായ വിവേചനത്തിനും, അടിമത്തത്തിനും, വർണ്ണവെറിയന്മാരുടെ അകൃത്യങ്ങൾക്കും വിധേയരായ അമേരിക്കയിലെ കറുത്ത വംശരുടെ ചരിത്രം ഉൾക്കൊള്ളുന്ന പാഠപുസ്കങ്ങളും മറ്റുമാണ് വിസ്മൃതിയിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത്. ചരിത്രമെന്നത് കേവലം വ്യക്തികളുടെയും സംഭവങ്ങളുടെയും നേർവിവരണം മാത്രമല്ല. അത് രൂപപ്പെടുത്താൻ കാരണമായ പ്രയോഗങ്ങളുടെയും ഘടനകളുടെയും സ്ഥാപനങ്ങളുടെയും വിശദീകരണം കൂടിയാണെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. ഇതെല്ലാം ഒഴിവാക്കുന്ന ചരിത്രപഠനം എത്രത്തോളം അയഥാർത്ഥമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. അമേരിക്കൻ ചരിത്രകാരിയായ എലിസബത്ത് ഹിന്റൺ തന്റെ “America on Fire’ എന്ന ഗ്രന്ഥത്തിൽ ഏറ്റവും കൂടുതൽ ജയിൽപുള്ളികളുള്ള രാജ്യമായി അമേരിക്ക എങ്ങനെ മാറിയെന്നതിന്റെ ചരിത്രം കൃത്യമായി വിവരിക്കുന്നുണ്ട്. കറുത്ത വംശജരെ മുഖ്യധാരയിൽ നിന്ന് കാണാമറയത്തേക്ക് മാറ്റിനിർത്തിയതിന്റെ ചരിത്രം വസ്തുനിഷ്ഠമായി വിവരിക്കുന്നുണ്ട്. അമേരിക്കയിലെ ഓരോ സ്ഥാപനങ്ങളും കറുത്ത വംശജരോട് കാട്ടിയ വിവേചനത്തിന്റെ നേർചിത്രം ആ ഗ്രന്ഥത്തിലുണ്ട്. വംശീയമായ അസമത്വത്തിന്റെ ചരിത്രം വിവരിക്കുന്ന ഇത്തരം ഗ്രന്ഥങ്ങൾ നിരോധിക്കുന്നതിലൂടെ അമേരിക്കയുടെ സത്യസന്ധമായ ചരിത്രം വിദ്യാലയങ്ങളിൽ നിന്നും പടിയിറങ്ങുകയാണ്. ട്രംപ് വീണ്ടും അമേരിക്കൻ സാരഥിയായ സാഹചര്യത്തിൽ സൂചിപ്പിക്കപ്പെട്ട ഫാസിസ്റ്റ് തേർവാഴ്ച അതിന്റെ പരകോടിയിലെത്താൻ മാത്രമേ സാധ്യത കാണുന്നുള്ളൂ.

ചരിത്രനിരാസത്തിൽ മോദിയുടെ സംഭാവന
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനുകീഴിൽ NCERT (National Council of Educational Research and Training) ഇന്ത്യൻ ചരിത്രത്തിന്റെ അവിഭാജ്യഘടകമായ മുഗൾ സാമ്രാജ്യ ചരിത്രത്തെ തമസ്കരിക്കുന്ന നിലപാടിനെ ഗ്രന്ഥകാരൻ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. തീവ്ര ഹിന്ദുദേശീയതയെ ഊട്ടിയുറപ്പിക്കാൻ ചരിത്രനിരാസത്തെ കൂട്ടുപിടിക്കുകയും, മുസ്ലീങ്ങളെയും വിദേശികളും, രണ്ടാംതരം പൗരന്മാരുമാക്കുന്ന നിലപാടിനെ ഗ്രന്ഥകാരൻ നിശിതമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.

തുർക്കിയിലെ ഭരണീയർ ചരിത്രത്തെ വക്രീകരിക്കുന്നു.
തുർക്കിയിലെ സ്വേച്ഛാധിപതിയായ റീസെപ്പ് തയ്യിപ്പ് എർദോഗന്റെ നേതൃത്വത്തിൽ ആ രാജ്യത്തെ മതനിരപേക്ഷ പാരമ്പര്യത്തിന്റെ ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങൾ തീവ്രമായി അരങ്ങേറുന്നുവെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. ഒട്ടോമൻ കാലയളവിന്റെ മതദേശീയതയെ ആഘോഷിക്കുകയും, മതനിരപേക്ഷ ചരിത്രത്തെ അഗണ്യകോടിയിൽ തള്ളാനുമുള്ള പരിശ്രമങ്ങളാണ് തുർക്കിയിൽ അരങ്ങേറുന്നതെന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു.

ഹംഗറിയിൽ ചരിത്രനിഷേധം യാഥാർത്ഥ്യമാവുന്നു
ഹംഗറിയിൽ സ്വേച്ഛാധിപതിയായി തുടരുന്ന പ്രധാനമന്ത്രി വിക്ടർ ഓർബാൻ 2020ൽ ഒരു പുതിയ ദേശീയ കരിക്കുലത്തിന് രൂപം നൽകുകയുണ്ടായി. പ്രസ്തുത കരിക്കുലം കേവലം വംശീയ ഹംഗേറിയൻ ജനതയുടെ സാഹിത്യത്തെ മാത്രം ശ്രേഷ്ഠമായി കരുതുകയും, മറിച്ചുള്ളതിനെ നിഷ്ക്കരുണം തള്ളിക്കളയുകയുമാണ്. ഹംഗറിയിലെ സാഹിത്യത്തിൽ ഏക നോബൽ പ്രൈസ് ജേതാവായ ഇമ്രെ കെർട്ടെസിന്റെ സാഹിത്യരംഗത്തെ സേവനങ്ങളെ, ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട ജൂതനാണെന്ന ഒറ്റക്കാരണത്താൽ പാഠപുസ്തകങ്ങളിൽ നിന്ന് തമസ്കരിക്കുകയും രണ്ടാം ലോകയുദ്ധത്തിൽ നാസിജർമ്മനിയുമായി സഖ്യമുണ്ടാക്കിയതിന്റെ പേരിൽ ദേശീയ നായകനായി ശ്രദ്ധ നേടിയ മിഖ്ലോസ് ഹോർക്കി പ്രശംസിച്ചതിന്റെ പേരിൽ, താരതമ്യേന, അപ്രശസ്തനായ നാടകകൃത്തായ ഫെറൻസ് ഹെർസെഗ് ആഘോഷിക്കപ്പെടുകയും ചെയ്യുന്നതിലെ വൈരുധ്യം നൽകുന്ന സൂചന പകൽപോലെ വ്യക്തമാണ്.

വലതുപക്ഷവൽക്കരണത്തിന്റെ അപാരതയിൽ, ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ലക്ഷണമൊത്ത നടത്തിപ്പുകാരായി മാറുകയും, ചരിത്രത്തെ വളച്ചൊടിച്ച് അയഥാർത്ഥ ചരിത്രത്തെ പുൽകുകയും ചെയ്ത ഏതാനും ചില രാജ്യങ്ങളുടെ ഉദാഹരണമാണ് സൂചിപ്പിച്ചത്. ഈ ലിസ്റ്റ് ഇവിടെ തീരുമെന്ന് തോന്നുന്നില്ല. യുക്തിപരതക്കു മേൽ അയുക്തിപരത വിജയം നേടുന്ന സത്യാനന്തരകാലത്ത് ചരിത്രമെന്നത് കേവലം ഭരണീയരുടെ താൽപര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തപ്പെട്ട കേവലമൊരു പഠനസാമഗ്രിയെന്നതിന് അപ്പുറത്ത്, അതിന്റെ വസ്തുനിഷ്ഠതയ്‌ക്ക് എന്തെങ്കിലും മൂല്യം കൽപ്പിക്കാത്ത വലതുപക്ഷ ഭരണകൂടങ്ങൾ വർദ്ധിച്ചുവരികയാണ്. l

Hot this week

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

Topics

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 2

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടി പുതിയ മുദ്രാവാക്യങ്ങളിലേക്ക് തിരിയുവാൻ ഇന്ദിരയെ...

അതിനിർണയവാദം

മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ അവരുടെ സ്വമേധയാ ഉള്ള തീരുമാനങ്ങളാൽ മാത്രം നിശ്ചയിക്കപ്പെടുന്നതാണോ....

വരയാണ്‌ ലഹരി: വരയുത്സവം

വികസനവഴികളിൽ നഷ്ടമാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെയും സാംസ്‌കാരിക ഭൂമികയുടെയും കാഴ്‌ചകളിലേക്ക്‌/ചിന്തകളിലേക്ക്‌...

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ...

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....
spot_img

Related Articles

Popular Categories

spot_imgspot_img