അർജന്റീനിയൻ കവിയായ അന്റോണിയോ പോർച്ചിയയുടെ കവിതകളിലെ കരുത്ത് മനുഷ്യജീവിതങ്ങൾ തമ്മിലുള്ള ഇഴചേരലിന്റെയും പ്രകൃതിയിലെ ജീവിതാനുഭവത്തിന്റെയും വരികളാണ്.
‘നീയും നേരുമെന്നോടു മിണ്ടുമ്പോൾ
നിനക്കാണു ഞാൻ കാതുകൊടുക്കുക…’
…പ്രകൃതിയെ അറിയുന്നവർ നമ്മൾ കാഴ്‌ചാനുഭവങ്ങളിലെ നിറങ്ങളിലൂടെ നമ്മൾ തർക്കിക്കുന്നു.
ഇത്തരത്തിൽ കാഴ്‌ചയുടെ സൗന്ദര്യശാസ്‌ത്രത്തെയും അതിലൂടെ ലഭിക്കുന്ന പ്രത്യയശാസ്‌ത്രപരമായ തിരിച്ചറിവുകളേയുമാണ് ഈ കവിതകളിലൂടെ അദ്ദേഹം പുതിയൊരു യാഥാർഥ്യബോധമായി അവതരിപ്പിച്ചിരിക്കുന്നത്. ഈവിധമുള്ള യാഥാർഥ്യങ്ങൾ മറ്റിതര കലകളിലൂടെ സമൂഹത്തിലേക്ക് പ്രസരിപ്പിച്ചുകൊണ്ടേയിരിക്കുന്നു‐ സർറിയലിസ്റ്റിക് ചിന്താധാരകളിലൂടെ എഴുത്തായും വരയായമൊക്കെ‐ കലാകാരരിലെ സർറിയലിസ്റ്റിക് മനോവ്യാപാരങ്ങളിലൂടെ ചേർന്നുപോകുന്ന നവോത്ഥാന ചിന്തകൾ സൃഷ്ടിപരതയുടെ പുതിയ ലോകത്തിലേക്ക് ആസ്വാദകരെയും കൂട്ടിക്കൊണ്ടുപോകുന്നു. സൗന്ദര്യത്തിന്റെ പുരാവൃത്തങ്ങളായിട്ടാണ് ആസ്വാദകർ അത്തരം കലാസൃഷ്ടികളെ സ്വീകരിക്കുന്നത്. സ്വന്തം ദേശത്തിന്റെ ഭൂമിശാസ്‌ത്രപരമായും സാംസ്‌കാരിക‐രാഷ്‌ട്രീയവുമായ അതിരുകൾ കടന്ന് പച്ചയായ മനുഷ്യ ജീവിതാനുഭവങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക കൂടിയാണ് നാടിന്റെ ശക്തി ആവാഹിക്കുന്ന കലാരൂപങ്ങൾ. ഇവിടെ ചിത്രകലാരംഗമാണ് പരാമർശിക്കുന്നത്. കല എന്ന ധ്യാനത്തിലേക്ക്, ദർശനത്തിലേക്ക് അഭിരമിച്ചുകൊണ്ട്, സ്വപ്‌നാത്മക ദൃശ്യങ്ങളൊരുക്കുന്ന ശ്രദ്ധേയമായ ഇന്ത്യൻ ചിത്രകാരർ പ്രത്യേകിച്ച് കേരളീയ ചിത്രകാരർ നിരവധി. മാനവികതയിലൂന്നിയ ഉൾക്കാഴ്‌ചയാണ് കലയെന്ന് വിശ്വസിക്കുകയും തനിക്ക് പറയുാനുള്ളത് സാമാന്യജനങ്ങൾക്കു കൂടി മനസ്സിലാകും വിധം അർഥവ്യാപ്‌തിക്കപ്പുറമുള്ള യഥാതഥമായ രൂപനിർമിതികളിലൂടെ കലാവിഷ്‌കാരങ്ങൾ നടത്തുകയും ചെയ്യുന്ന ചിത്രകാരനാണ് ഉദയകുമാർ ടി ആർ. അദ്ദേഹത്തിന്റെ ഏകാംഗ ചിത്രപ്രദർശനം ജൂലൈ മാസം കൊച്ചി ഡർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്.
ടി ആർ ഉദയകുമാറിന്റെ ഏറ്റവും പുതിയ പെയിന്റിങ്ങുകളാണ് പ്രദർശനത്തിലുള്ളത്. അവയിൽ കാഴ്‌ചയുടെ നവീനമായ ചിന്തകളുമായി ഇഴചേർക്കുന്ന ചിത്രങ്ങളിൽ ചിത്രകാരൻ കഥാപാത്രമാവുന്ന ചിത്രരൂപങ്ങൾ, സ്വപ്‌നാത്മകമായ ഭൂഭാഗദൃശ്യങ്ങൾ, അവിടെ ബോധപൂർവം അവതരിപ്പിക്കുന്ന മനുഷ്യരും മറ്റ് ജീവജാലങ്ങളും ചേരുന്ന സ്വപ്‌നവ്യാഖ്യാനങ്ങളും അടങ്ങിയ രൂപമാതൃകകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണുന്നത്. കോട്ടയം ജില്ലയിലെ പേരൂർ ഗ്രാമത്തിലെ സാമൂഹ്യ‐സാംസ്‌കാരിക ചുറ്റുപാടുകളിലൂടെ തന്റെ കലാജീവിതം വർണാഭമാക്കി, അതിലൂടെ ജീവിതവഴികൾ സമ്പന്നമാക്കിയ കലാകാരനാണ് ഉദയകുമാർ. മാവേലിക്കര രാജാരവിവർമ കോളേജ് ഓഫ് ഫൈൻ ആർട്‌സിലായിരുന്നു കലാപഠനം പൂർത്തിയാക്കിയത്.
മീനച്ചലാറിന്റെ സൗന്ദര്യക്കാഴ്‌ചകൾ, സ്വന്തം വീട്ടുവളപ്പിൽ പാറിവീഴുന്ന അപ്പൂപ്പൻതാടിയും, വള്ളിപ്പടർപ്പുകൾക്കിടയിൽ തലനീട്ടുന്ന കൂണുകളുമൊക്കെച്ചേരുന്ന പ്രകൃതിയെ ആവാഹിച്ചുകൊണ്ടാണ് ഉദയകുമാർ തന്റെ ബാല്യകാലവരകൾ സജീവമാക്കിയത്. ഡി സി ബുക്‌സിനുവേണ്ടി പ്രമുഖരുടെ കൃതികൾക്ക് കവർചിത്രം വരയ്‌ക്കുന്ന കാലത്താണ് രേഖാചിത്രരചനയിലും പെയിന്റിങ്ങുകളിലും ഉദയകുമാർ സജീവമാകുന്നത്. സാഹിത്യത്തിലെയും ഇതര കലകളിലെയും ഉൾക്കരുത്തറിഞ്ഞ് ഒപ്പം സഞ്ചരിക്കുന്ന മനസ്സ് ഉദയകുമാറിന് എന്നും ഊർജം പകർന്നുകൊണ്ടിരുന്നു. ഒരു സമ്പൂർണ കലാകാരനിലേക്കുള്ള ചിത്രതലങ്ങളിലെ രൂപപരിണാമമാണ് ഉദയകുമാറിന്റെ പിന്നീടുള്ള രചനകളിൽ ദർശിക്കാനായത്. അതിന്റെ തുടർച്ചകൂടിയാണ് ഇപ്പോൾ ലളിതകലാ അക്കാദമി ഒരുക്കിയ ഈ ചിത്രപ്രദർശനവും.
ഗ്രാമീണമായ കേരളീയ പശ്ചാത്തലത്തിലാണ് ഉദയകുമാറിന്റെ സ്വപ്‌നാത്മകമായ ദൃശ്യതലങ്ങൾ വൈവിധ്യമാർന്ന രൂപവർണ പ്രയോഗങ്ങളിൽ സമ്പന്നമാകുന്നത്. ഗ്രാമഫോൺ, പ്രാവ്, കഴുത, ചകോരാം, താമര തുടങ്ങിയ രൂപങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പ്രസാദാത്മകമായ നിറങ്ങളിലൂടെ ഉദയകുമാർ തന്റെ ചിത്രതലങ്ങൾ വർണാഭമാക്കുക. പ്രകൃതിയിലെ ചെറിയ ഒബ്‌ജക്ടുകളിൽ നിന്നും സ്വാംശീകരിച്ചുകൊണ്ട് ബാഹ്യപ്രകൃതിയെയും മനുഷ്യരൂപങ്ങളെയും യഥാതഥമായി, എന്നാൽ സ്വപ്‌നാത്മക മനസുമായി അദ്ദേഹം ആവിഷ്‌കരിച്ചു. കൃഷി, പ്രകൃതിവൈവിധ്യങ്ങൾ, ഗ്രാമദൃശ്യങ്ങളിലെ ദാരിദ്ര്യം, രോഗികൾ, തൊഴിലാളികൾ ഇവയൊക്കെച്ചേരുന്ന അപൂർവമായ ലാവണ്യതലമായിരുന്നു അദ്ദേഹത്തിന്റെ ചിത്രതലങ്ങൾ. നിരന്തരം രൂപാന്തരം സംഭവിക്കുന്ന ജൈവപ്രകൃതിയിലെ നവീനമായ രൂപനിർമിതികളോ കാഴ്‌ചാനുഭവങ്ങളോ ആകുന്നു ഈ ചിത്രങ്ങൾ.
ടി ആർ ഉദയകുമാറിന്റെ പരമ്പര ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. മഹാഭാരത വിചാര പരമ്പരയടക്കം ഇപ്പോൾ പ്രദർശന ചിത്രങ്ങളിലെത്തിനിൽക്കുന്ന പുതിയ പരമ്പരകൾ വരെ നവീനമായ സാംസ്‌കാരിക ബോധത്തിന്റെയും ഉണർവിന്റെയും ചിഹ്നങ്ങളായിട്ടാണ് ആവിഷ്‌കരിക്കപ്പെടുന്നത്. വിപുലമായ അർഥപരമ്പരയിലൂടെ കടന്നുപോകുന്ന ബിംബകൽപനകളിൽ മത്സ്യങ്ങളും കഴുതകളുമടങ്ങുന്ന പുതുരൂപങ്ങൾ ചിത്രതലങ്ങളിൽ ബാഹ്യസൗന്ദര്യത്തിന്റെ കഥാപാത്രങ്ങളാകുന്നുണ്ട്. കഴുതയ്‌ക്ക് ഭാരം ചുമക്കുന്നതിനപ്പുറമുള്ള സ്വപ്‌നതുല്യമായ സങ്കൽപലോകത്തിലേക്കാണ് ചിത്രകാരൻ അവയെ കൂട്ടിക്കൊണ്ടുപോകുന്നത്. ചരിത്രത്തിൽ പൂർത്തിയാക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ പരമ്പരയിലാണ് മത്സ്യങ്ങൾ ഇവിടെ പുതുരൂപങ്ങൾ കൈവരിക്കുന്നതും.
ഉദയകുമാറിന്റെ മറ്റൊരു സവിശേഷത തന്റെ ചിത്രങ്ങളിൽ സന്നിവേശിപ്പിക്കപ്പെടുന്ന നിറങ്ങളുടെ ലാളിത്യമാണ്. എക്‌സ്‌പ്രഷനിസത്തിന്റെ നിഴൽ വീണ പശ്ചാത്തലദൃശ്യങ്ങൾ ഈ പ്രർശനത്തിലെ ഭൂരിഭാഗം ചിത്രങ്ങളിലും കാണാം. നീലയുടെയും പച്ചയുടെയും കറുപ്പിന്റെയും കാവിനിറത്തിന്റെയും മിശ്രിതങ്ങളിലൂടെയാണ് വെളുത്ത നിറത്തിന്റെ ലാവണ്യപൂർണമായ ഇഴചേരൽ. നിറപ്രയോഗത്തിന്റെ രചനാകൗശലം ലാവണ്യാത്മകമായിട്ടാണ് ഉദയകുമാർ അവതരിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ കല ആനന്ദത്തിന്റെ വഴിയേ നമ്മെ നയിക്കുമ്പോഴും കാലഘട്ടത്തിന്റെ സംസ്‌കാരവും രാഷ്‌ട്രീയവും ചേർന്ന ദർശനം അനുഭവപ്പെടുത്തുന്നു. സ്‌പെയ്‌സിനു പ്രാധാന്യം നൽകുന്ന വർത്തമാനകാല പ്രകൃതിദൃശ്യങ്ങൾ ചലനാത്മകമാണ്. സ്വാതന്ത്ര്യം അനുഭവിക്കുന്ന യഥാതഥമായ രൂപങ്ങൾ ഇദ്ദേഹത്തിന്റെ ചിത്രതലങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
‘ഡ്രംസ്‌കേപ് ഓഫ് ‘ദി റിയൽ’ എന്ന് പേരിട്ടിരിക്കുന്ന ടി ആർ ഉദയകുമാറിന്റെ പ്രദർശന കാറ്റലോഗിൽ സുരേഷ് പണിക്കർ ഇങ്ങനെ കുറിക്കുന്നു. ‘‘മനുഷ്യർ മൃഗങ്ങളോടും പക്ഷികളോടുമൊക്കെ സംഭാഷണത്തിൽ ഏർപ്പെടുക എന്നത് എല്ലായ്‌പ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാൽ തന്റെ ചുറ്റുപാടും കാണുന്ന കാഴ്‌ചകളെയും സംഭാഷണങ്ങളെയും നിരന്തരം കൂട്ടിത്തുന്നി നമ്മെയാകെ മറ്റൊരു പ്രതലത്തിലേക്ക് കൊണ്ടുപോവുകയും ദീർഘമായ ഒരു സംഭാഷണത്തിന്റെ അനുഭവലോകം തുറന്നുതരുകയും ചെയ്യുകയാണ് ഈ ചിത്രങ്ങൾ’’. ചില ചിത്രതലങ്ങളിൽ ചിത്രകാരൻ പ്രത്യക്ഷപ്പെടുന്നതിന്റെ പൊരുളും മറിച്ചല്ല. സംസ്ഥാന കലാപുരസ്‌കാരങ്ങളുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ഉദയകുമാറിന്റെ ഏകാംഗ ചിത്രപ്രദർശനം ക്യൂറേറ്റ് ചെയ്‌തിരിക്കുന്നത് ബിപിൻ ബാലചന്ദ്രനാണ്. l