സാഹിത്യപഠനത്തിലും കാവ്യസംവാദങ്ങളിലും നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒരു സങ്കല്പനമാണ് കാവ്യഭാഷ. കാവ്യഭാഷയെ മുൻനിർത്തി പൗരസ്ത്യവും പാശ്ചാത്യവുമായ നിരവധി നിർവചനങ്ങൾ ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതിനനുസരിച്ച് ഓരോ കാലത്തെയും സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ കാവ്യഭാഷയും മാറുന്നുണ്ട്. അതുകൊണ്ടുതന്നെ കാവ്യഭാഷയെക്കുറിച്ചുള്ള വിചാരങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഈ ലേഖനത്തിൽ കാവ്യഭാഷയെയും വ്യവഹാരത്തെയും ബന്ധിപ്പിച്ചുള്ള ചില നിരീക്ഷണങ്ങളാണ് അവതരിപ്പിക്കുന്നത്. ഇവിടെ വ്യവഹാരത്തിന് ഭാഷാശാസ്ത്രത്തിലെ അർത്ഥമല്ല സ്വീകരിച്ചിട്ടുള്ളത്. ഓരോ എഴുത്താളിൻ്റെയും കാവ്യഭാഷയെന്നത് ആ എഴുത്താൾ പ്രത്യേക കാലത്ത് സൃഷ്ടിക്കുന്ന വ്യവഹാരമാണ് എന്ന നിലയിലാണ് ഇവിടെ വ്യവഹാരം എന്ന വാക്ക് സ്വീകരിച്ചിട്ടുള്ളത്. ഉത്തരഘടനാവാദത്തിൻ്റെ ഭാഗമായി കടന്നുവന്ന പാഠം, പാഠാന്തരത, കൃതി എന്നീ ആശയങ്ങളെയും വിശകലനത്തിനായി ഉപയോഗിച്ചിരിക്കുന്നു.
കാവ്യഭാഷയും വ്യവഹാരവും – ചില നിരീക്ഷണങ്ങൾ
കാവ്യഭാഷ – അർത്ഥസങ്കല്പം
കാവ്യഭാഷ എന്ന വാക്കിന് കാവ്യത്തിൻ്റെ ഭാഷ അഥവാ കാവ്യത്തിലെ ഭാഷ എന്നൊക്കെയാണ് അർത്ഥം. കാവ്യത്തിൽ രചയിതാവ് ആവിഷ്ക്കരണത്തിന് ഉപയോഗിക്കുന്ന ഭാഷാപരമായ സങ്കേതങ്ങൾ, ഭാഷാശൈലി, ഭാഷകൊണ്ട് സൃഷ്ടിക്കുന്ന കാവ്യാനുഭവം എന്നിവയെയൊക്കെ കൂടിച്ചേർത്താണ് സാമാന്യമായി കാവ്യഭാഷ എന്ന് പറയുന്നത്. കാവ്യത്തിലെ ഭാഷയെ പല രീതിയിൽ സമീപിക്കാവുന്നതാണ്. ഒന്നാമതായി രചയിതാവ് ഉപയോഗിക്കുന്ന ഭാഷാമാധ്യമത്തെ കാണാം. ഏതു ഭാഷയിലാണോ രചയിതാവ് രചന നിർവഹിക്കുന്നത് അതാണ് ഭാഷാമാധ്യമം. ഉദാഹരണമായി പറഞ്ഞാൽ മലയാളഭാഷയിൽ കാവ്യം രചിച്ചാൽ ആ കാവ്യത്തിൻ്റെ ഭാഷാമാധ്യമം മലയാളമാണ്. കാവ്യഭാഷയുടെ ഈ അർത്ഥം കേവലമാണ്. മറ്റൊന്ന് കാവ്യഭാഷയുടെ ഭാഷാശാസ്ത്രപരവും വ്യാകരണപരവുമായ പഠനമാണ്. കവിതയിൽ ഭാഷയിലെ വർണ്ണവ്യത്യാസം, വാക്കുകളുടെ ചേർച്ച, സമസ്തപദങ്ങൾ, ധ്വനിവ്യതിയാനങ്ങൾ, സ്വരഭേദങ്ങൾ, പ്രയോഗഭേദങ്ങൾ തുടങ്ങി രചയിതാവിലെ ഭാഷാശാസ്ത്രപ്രതിഭയെ കാവ്യത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്ന സമീപനമാണിത്. ഭാഷാശാസ്ത്ര ശൈലീവിജ്ഞാനം( Linguistic Stylistics) എന്ന പഠനശാഖ തന്ന രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ ഭാഷാശാസ്ത്രത്തിൻ്റെ ആധുനിക രീതിശാസ്ത്രമുപയോഗിച്ചുകൊണ്ട് കാവ്യഭാഷയെ പഠിയ്ക്കുന്നു. മലയാളഗവേഷണത്തിൻ്റെ ആദ്യകാലങ്ങളിൽ ഈ തരത്തിലുള്ള പഠനങ്ങൾ ഉണ്ടായിട്ടുണ്ട്.കെ.രത്നമ്മയുടെ മലയാളഭാഷാചരിത്രം എഴുത്തച്ഛൻ വരെ, പുതുശ്ശേരി രാമചന്ദ്രൻ്റെ കണ്ണശ്ശരാമായണത്തിലെ ഭാഷ, വി.ആർ. പ്രബോധചന്ദ്രൻ നായരുടെ കൃഷ്ണഗാഥയുടെ വിവരണാത്മകവ്യാകരണം തുടങ്ങിയവ ഭാഷാശാസ്ത്രദൃഷ്ടിയിൽ കാവ്യഭാഷയെ വിശകലനം ചെയ്തതിൻ്റെ മികച്ച ഉദാഹരണങ്ങളാണ്.
കാവ്യഭാഷയെ മുൻനിർത്തിയുള്ള മറ്റൊരു സമീപനം കാവ്യത്തിൻ്റെ ശൈലീപഠനമാണ്. കാവ്യത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാശൈലിയെ അടിസ്ഥാനമാക്കി കാവ്യഭാഷയുടെ സൗന്ദര്യാത്മകതയെ ഇവിടെ പഠിക്കുന്നു. ഏതൊരു കൃതിയിലും രചയിതാവ് സ്വന്തം ഭാഷ സൃഷ്ടിക്കുന്നുണ്ട്. ഇത് മാനകമെന്ന് നമ്മൾ കരുതുന്ന ഭാഷയിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും. രചയിതാവ് കൃതിയിൽ സൃഷ്ടിക്കുന്ന ഈ ശൈലി ധാരാളം ഭാഷാഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊളളുന്നത്. ഈ ഭാഷാഘടകങ്ങൾ പാഠനിഷ്ഠം, പാഠേ തരം എന്നിങ്ങനെ രണ്ടു തരത്തിലുണ്ട്.സ്വനപരം,സ്വനിമപരം , രൂപിമപരം, വാക്യനിഷ്ഠം തുടങ്ങിയവ പാഠനിഷ്ഠ ശൈലീപഠനത്തിൽ വരുന്നതാണ്. വക്താവ്, കാലം, പ്രദേശം, സാമൂഹികപദവി, ശ്രോതാവ്, പ്രായം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പഠനം പാഠേതര ശൈലീപഠനത്തിൻ്റെ ഭാഗമാണ്. ഇതിൻ്റെ വിശകലനമാണ് കാവ്യഭാഷയുടെ ശൈലീപഠനത്തിലുള്ളത്.
കാവ്യഭാഷ – നിർവചനങ്ങൾ
കാവ്യഭാഷയെ സംബന്ധിച്ച് കാവ്യപഠനത്തിൻ്റെ ആദ്യകാലം മുതൽക്കുതന്നെ നിർവചനങ്ങൾ ഉണ്ടായിട്ടുണ്ട്. മാനകഭാഷയിൽ ചില മാറ്റങ്ങൾ വരുത്തിയും കവിയുടെ പ്രതിഭയ്ക്കും ഭാവനയ്ക്കുമനുസരിച്ച് കാവ്യാശയത്തിനനുസൃതമായി പ്രയോഗങ്ങളും പദങ്ങളും കൂട്ടിച്ചേർത്തും കവി സൃഷ്ടിക്കുന്ന ഭാഷയെയാണ് സാമാന്യമായി കാവ്യഭാഷയെന്ന് പറയുന്നത്. അതിൽ കവിയുടെ തനതായ വാക്കുകൾ, താളങ്ങൾ, ശൈലികൾ,സാന്ദർഭികഭേദങ്ങൾ എന്നിവയൊക്കെ ഉണ്ടാവും. ഏതൊരു കാവ്യത്തിലും വാച്യാർത്ഥവും വാച്യാർത്ഥത്തെ കവിഞ്ഞുനിൽക്കുന്ന വ്യംഗ്യാർത്ഥവും ഉണ്ടാവും. ഈ വ്യംഗ്യാർത്ഥത്തിലാണ് കാവ്യഭാഷയുടെ ജീവൻ. കാവ്യഭാഷയുടെ ഉചിതമായ വിന്യാസത്തിലൂടെയാണ് കവിതയുടെ വ്യംഗ്യാർത്ഥം ലഭിക്കുന്നത്. ഈ വ്യംഗ്യാർത്ഥം കവിതയുടെ പ്രാഥമികമായ കേവലാർത്ഥത്തെക്കാൾ കവി അവതരിപ്പിക്കുന്ന ആന്തരികദർശനത്തെയാണ് വെളിപ്പെടുത്തുന്നത്. കാവ്യഭാഷയിലൂടെയാണ് കവി കവിതയുടെ തത്ത്വശാസ്ത്രം അവതരിപ്പിക്കുന്നത്.കേവലം പദവിന്യാസത്തിനപ്പുറം കവിത അനുഭവമായി മാറുന്നത് കാവ്യഭാഷയുടെ ഉചിതമായ സന്നിവേശത്തോടെയാണ്. കവിത അനുഭവമാണ്. ഈ അനുഭവത്തെ കവിതയിൽ സ്വതസിദ്ധമായി ഘടിപ്പിക്കുകവഴി കാവ്യഭാഷ കവിതയിൽ ഘടനാബന്ധം സ്ഥാപിക്കുന്നു. ഭാഷാഘടകങ്ങൾക്ക് കവിതയുമായുള്ള ഈ ബന്ധമാണ് അനുഭൂതിയായി മാറുന്നത്. മാനകമായ വ്യാകരണനിയമങ്ങൾ ചിലപ്പോൾ ലംഘിച്ചും ഔചിത്യത്തോടെ പദപരിഷ്ക്കരണങ്ങൾ കവിതയിൽ വരുത്തിയും കവികൾ കാവ്യഭാഷ നിർമ്മിക്കുന്നു.
കാവ്യഭാഷയെ സംബന്ധിച്ച് പാശ്ചാത്യവും പൗരസ്ത്യവുമായ ധാരാളം നിർവചനങ്ങൾ ഉണ്ടായിട്ടുണ്ട്. കവിത കവിതയെന്ന അനുഭവമായിത്തീരുന്നത് കാവ്യഭാഷയിലൂടെയായതിനാൽ കാവ്യത്തെക്കുറിച്ചുള്ള നിർവചനം കാവ്യഭാഷയെക്കുറിച്ചുള്ള നിർവചനം തന്നെയാണ്. കാവ്യത്തെയും കാവ്യഭാഷയെയും വേറിട്ടുനിർത്താൻ കഴിയില്ല. ധ്വനിയാണ് കാവ്യത്തിൻ്റെ ആത്മാവെന്ന് ആനന്ദവർദ്ധനൻ പറയുന്നു. ധ്വന്യാത്മകമായ അർത്ഥം കവിതയിൽ സൃഷ്ടിക്കുന്നത് ഭാഷയുടെ സവിശേഷമായ പ്രയോഗങ്ങൾ വഴിയാണ്. ധ്വനിയെന്നാൽ വ്യംഗ്യാർത്ഥമാണ്. കേവലമായ അർത്ഥത്തിലുപരി കാവ്യത്തിനുള്ള സവിശേഷാർത്ഥം വായനക്കാർ ഗ്രഹിച്ചെടുക്കുന്നത് കാവ്യഭാഷയിൽ നടത്തിയിരിക്കുന്ന പരീക്ഷണങ്ങൾ മനസ്സിലാക്കിക്കൊണ്ടാണ്. എന്നാൽ വാമനനാകട്ടെ; രീതിയാണ് കാവ്യത്തിൻ്റെ ആത്മാവെന്ന് പറയുന്നു. വിശിഷ്ടപദരചനാരീതി എന്ന നിർവചനം വഴി കാവ്യഭാഷയെ തന്നെയാണ് അദ്ദേഹം വിലയിരുത്തുന്നത്. വിശിഷ്ട പദങ്ങളുടെ വിശിഷ്ടവിന്യാസമാണ് കവിത എന്ന് അദ്ദേഹം പറയുന്നു. ഔചിത്യം രീതിരാത്മസ്യ എന്ന നിർവചനം വഴി ഔചിത്യമാണ് കാവ്യത്തിൻ്റെ ആത്മാവെന്ന് ക്ഷേമേന്ദ്രൻ പറയുന്നു. കാവ്യരചനയിൽ സ്വീകരിക്കേണ്ട പല ഔചിത്യസ്ഥാനങ്ങളെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. എന്നാൽ കുന്തകനാകട്ടെ;വക്രോക്തിയെ പ്രധാനമായി കാണുന്നു. കാവ്യത്തിലെ സവിശേഷശൈലികളെയാണ് അദ്ദേഹം വക്രോക്തി എന്ന് വിളിച്ചത്. ആശയവക്രത, പദപരാർദ്ധവക്രത എന്നിങ്ങനെ പല രീതിയിലുള്ള വക്രോക്തിയെക്കുറിച്ച് കുന്തകൻ വിശദീകരിക്കുന്നു. ഇവരെ കൂടാതെ ഭാമഹൻ, രുദ്രടൻ, ജഗന്നാഥപണ്ഡിതൻ തുടങ്ങിയ ധാരാളം പേർ കാവ്യത്തെക്കുറിച്ച് നിരീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ നിർവചനങ്ങളെല്ലാം പരിശോധിച്ചാൽ മനസ്സിലാകുന്ന വസ്തുത ഇവ കാവ്യത്തെക്കുറിച്ചുള്ള നിർവചനങ്ങളാണെങ്കിലും ഇവയുടെയെല്ലാം ഊന്നൽ കാവ്യഭാഷയിലാണ് എന്നതാണ്. കാവ്യത്തെ സംബന്ധിച്ച് കാവ്യഭാഷ വളരെ പ്രധാനമാണ് എന്നതിനെ ഇത് സാക്ഷ്യപ്പെടുത്തുന്നു. കാവ്യം സാക്ഷാത്കരിക്കപ്പെടുന്നത് കാവ്യഭാഷ വഴിയാണെന്ന് സാരം.
പ്രധാനമായും ഈ നിലകളിലാണ് കാവ്യഭാഷയെക്കുറിച്ചുള്ള പഠനങ്ങൾ മുൻപ് നടന്നിട്ടുള്ളത്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ചിന്തകളുടെ അടിസ്ഥാനത്തിൽ കാവ്യഭാഷയെ വിശകലനം ചെയ്യുന്നതിന് പുതിയ സമീപനം രൂപപ്പെടുത്താവുന്നതാണ്.
കൃതി, പാഠം, പാഠാന്തരത
ലോകത്ത് വളരെ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമായിരുന്നു ഘടനാവാദം. ഘടനാവാദത്തിൻ്റെ കടന്നുവരവോടുകൂടി നാളിതുവരെയുള്ള കാഴ്ചപ്പാടുകൾക്ക് മാറ്റമുണ്ടാകുകയും എല്ലാത്തിനെയും പുതിയ രീതിയിൽ നോക്കിക്കാണാനുള്ള ശ്രമമുണ്ടാവുകയും ചെയ്തു. പിന്നീട് ഘടനാവാദത്തെ വിമർശനാത്മകമായി പരിശോധിച്ചുകൊണ്ടും പുതുക്കിക്കൊണ്ടും ഉത്തരഘടനാവാദം ആവിർഭവിച്ചു. പാഠം, പാഠാന്തരത എന്നീ സങ്കല്പനങ്ങൾ ഉത്തരഘടനാവാദത്തിൻ്റെ സംഭാവനയാണ്. ഉത്തരഘടനാവാദത്തിന് മുമ്പ് ഒരു കൃതിയെ കേവലം ഏകാർത്ഥദായകമായ കൃതിയെന്ന നിലയിലാണ് കണ്ടിരുന്നത്. എന്നാൽ ഉത്തരാഘടനാവാദത്തിൻ്റെ കടന്നുവരവോടു കൂടി ചിന്തയിൽ മാറ്റമുണ്ടായി. കൃതിയെ പാഠം എന്ന നിലയിൽ മനസ്സിലാക്കണമെന്ന വാദം ഉണ്ടായി. ഒരു കൃതിയ്ക്ക് അനേകം പാഠങ്ങളുണ്ടെന്നും കൃതി വായിക്കുന്ന ആൾ ആ കൃതിയുടെ ഒരു പാഠം മാത്രമാണ് വായിക്കുന്നതെന്നും ആ കൃതി മറ്റൊരാൾ വായിച്ചാൽ ആ ആൾക്ക് കൃതിയുടെ വേറൊരു പാഠമാണ് ലഭിക്കുന്നതെന്നും ഉത്തരഘടനാവാദം സ്ഥാപിച്ചു. മാത്രമല്ല ഒരു കൃതി ജനിക്കുന്നതോടു കൂടി ആ കൃതിയുടെ രചയിതാവ് മരിക്കുന്നുവെന്നും വായനക്കാരാണ് കൃതിയുടെ വിവിധ പാഠങ്ങൾ സൃഷ്ടിക്കുന്നതെന്നും കൂടി അവർ പറഞ്ഞുവെച്ചു. വായനക്കാർക്ക് പൂർണ്ണസ്വാതന്ത്ര്യം ലഭിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഈ സമീപനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മെച്ചം ഒരു കൃതിയെ അതിൻ്റെ ഏകാർത്ഥത്തിൽ നിന്നും മോചിപ്പിക്കുന്നു എന്നതാണ്. കൃതിയെ പാഠം എന്ന നിലയിൽ പരിഗണിക്കുമ്പോൾ വായനക്കാർക്ക് ഓരോ വ്യത്യസ്ത അർത്ഥമാണ് കൃതിയെ മുൻനിർത്തി ഉണ്ടാകുന്നത്. ഒരു കൃതിയുടെ അനേകം സാധ്യതകളിലേക്ക് ഈ സമീപനം വഴിതുറന്നു. മറ്റൊരു സങ്കല്പനമാണ് ജൂലിയ ക്രിസ്റ്റേവ അവതരിപ്പിച്ച പാഠാന്തരത (Intertextuality). ബാർത്ത് കൊണ്ടുവന്ന പാഠം എന്ന ആശയത്തിൻ്റെ വിപുലീകരണമായിരുന്നു പാഠാന്തരത. ഏതൊരു പാഠവും കേവലം പാഠമല്ലെന്നും അതിനുള്ളിൽ സംസ്കാരത്തിൻ്റെയും സാമൂഹികതയുടെയും കൂടി ഉള്ളടക്കങ്ങൾ ഉണ്ടെന്നും ക്രിസ്റ്റേവ കൂട്ടിച്ചേർത്തു. പാഠാന്തരത എന്ന ആശയത്തിലൂടെ പാഠത്തെ സംസ്കാരത്തിലേക്ക് പരിവർത്തിപ്പിക്കുകയാണ് ചെയ്തത്. ഒരു കൃതി വായിക്കുമ്പോൾ പാഠം എന്ന നിലയിൽ പുതിയ അർത്ഥങ്ങളും അർത്ഥങ്ങൾക്കുള്ളിൽ സാംസ്കാരികമായ സാധ്യതകൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഈ സമീപനം വഴി തിരിച്ചറിയപ്പെട്ടു.
പാഠവും കാവ്യഭാഷയും
പാഠം, പാഠാന്തരത എന്നീ ആശയങ്ങൾ കാവ്യഭാഷയിൽ എപ്രകാരമാണ് പ്രധാനമാകുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. കൃതിയെ പാഠമായി പരിഗണിക്കുമ്പോൾ വായനക്കാർ വ്യത്യസ്ത വായനകൾ സൃഷ്ടിക്കുന്നു. ഏതൊരു കൃതിയുടെയും അർത്ഥം കാവ്യഭാഷ കൂടി ചേർന്നതാണ്. അർത്ഥനിർമ്മിതിയിൽ കാവ്യഭാഷയ്ക്കും പങ്കുണ്ട്. പ്രമേയത്തോടും ആഖ്യാനത്തോടുമൊപ്പം കാവ്യഭാഷയുടെ സന്നിവേശം അർത്ഥഗ്രഹണത്തിന് സഹായിക്കുന്നു. ഭാഷയിലൂടെയാണ് രചയിതാവ് ആശയങ്ങൾ അവതരിപ്പിക്കുന്നത്. കാവ്യഭാഷയുടെ ഉപയോഗത്തിൽ രചയിതാവ് സ്വകീയമായ രീതികളും ഉപയോഗിക്കാറുണ്ട്. രചയിതാവ് കാവ്യഭാഷയിൽ നടത്തുന്ന ഇടപെടലാണ് രചയിതാവിനെ വ്യത്യസ്ത ശൈലിയുള്ള ഒരാളാക്കിത്തീർക്കുന്നത്. അതുകൊണ്ട് ഒരു കൃതിയിലെ മറ്റുഘടകങ്ങളെ അപേക്ഷിച്ച് കൃതിയെ മൗലികതയുള്ള ഒരു പാഠമാക്കുന്നത് കാവ്യഭാഷയാണ്. ഒരു കൃതിയിൽ രചയിതാവ് സൃഷ്ടിക്കുന്ന കാവ്യഭാഷ അദ്ദേഹത്തിൻ്റെ മാത്രം ഭാഷയാണ്. ഇതിവൃത്തം, പ്രമേയം, അലങ്കാരങ്ങൾ തുടങ്ങിയ മറ്റു ഘടകങ്ങൾ പൊതുവായുള്ളതാണ്. ഇത്തരം ഘടകങ്ങളിലൂടെ രചയിതാവ് തൻ്റെ കൃതിയെ അവതരിപ്പിക്കുന്നതിന് കാവ്യഭാഷയെ കൂട്ടുപിടിക്കുന്നു. താൻ ഉപയോഗിക്കുന്ന കാവ്യഭാഷ, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തതയുള്ള ആഖ്യാനമാക്കി തൻ്റെ കൃതിയെ മാറ്റുന്നു. അതുകൊണ്ടാണ് കാവ്യഭാഷ സ്വകീയ അസ്തിത്വമുള്ള ഒന്നാണെന്ന് പറഞ്ഞത്. കാവ്യത്തെ രൂപപ്പെടുത്തുന്ന മറ്റു ഘടകങ്ങളിൽ നിന്നും കാവ്യഭാഷയെ വ്യതിരിക്തമാക്കി നിർത്തുന്നതും ഈ സ്വകീയതയാണ്.
കൃതി പാഠമാകുമ്പോൾ അവിടെ രചയിതാവിനെക്കാൾ പ്രാധാന്യം വായനക്കാർക്കാണ് ലഭിക്കുന്നത്. രചയിതാവ് കൃതിയിൽ അവതരിപ്പിച്ചിട്ടുള്ള കാര്യങ്ങളെ വായനക്കാർ വ്യത്യസ്ത വീക്ഷണങ്ങളിൽ വായിച്ചെടുക്കുന്നു. വ്യത്യസ്ത വായനകൾ ഉണ്ടാകുന്നതുകൊണ്ടു തന്നെ ഒരു കൃതിയ്ക്ക് ഒരർത്ഥമല്ല; പല അർത്ഥങ്ങളാണ് ഉണ്ടാകുന്നത്. കൃതി പാഠമാകുമ്പോൾ കൃതിയുടെ മേലുള്ള രചയിതാവിൻ്റെ അധികാരം പരിമിതമാണ്. വായനക്കാർ സൃഷ്ടിക്കുന്ന അർത്ഥങ്ങളാണ് കൃതിയുടെ അർത്ഥം. കാവ്യഭാഷയിലും ഇത് കാണാവുന്നതാണ്. രചയിതാവ് തൻ്റേതെന്ന നിലയിൽ കൃതിയിൽ ഒരു ഭാഷ സൃഷ്ടിച്ചിട്ടുണ്ടായിരിക്കും. എന്നാൽ കൃതി പാഠമാകുമ്പോൾ ആ കാവ്യഭാഷയെന്നത് തൻ്റേത് മാത്രമാകുന്നില്ല. രചയിതാവിന് മാത്രമാണ് അത് താൻ സൃഷ്ടിച്ച കാവ്യഭാഷ. എന്നാൽ വായനക്കാർ കൃതി വായിക്കുമ്പോൾ ഈ കാവ്യഭാഷയെ അനുഭവിക്കുന്നുണ്ട്. എന്നാൽ വായനക്കാർ വായിക്കുന്ന കാവ്യഭാഷ രചയിതാവിൻ്റേത് അല്ല. കൃതിയിലൂടെ വായനക്കാർ മനസ്സിലാക്കുന്ന മറ്റൊരു കാവ്യഭാഷ അവിടെ രൂപപ്പെടുന്നുണ്ട്. കാവ്യഭാഷയെ സംബന്ധിട്ടുള്ള മുന്നറിവ് അവിടെ പ്രധാനമാകുന്നുണ്ട്. കാരണം നിരന്തരം വായിക്കുക വഴി വായനക്കാർ സിദ്ധിച്ചിട്ടുള്ള കാവ്യഭാഷാബോധം വായനക്കാരിൽ മുന്നറിവായി പ്രവർത്തിക്കുന്നുണ്ട്. ഈ മുന്നറിവും ഏകാർത്ഥത്തിലുള്ളതല്ല. കാവ്യാനുഭവങ്ങളിലൂടെയും വായനയിലൂടെയും ചിന്തയിലൂടെയും വായനക്കാരിൽ രൂപപ്പെട്ടിട്ടുള്ള അറിവാണത്. മുന്നേയുള്ള ഈ അറിവ് വായനാപ്രക്രിയയിൽ ഇടപെടുന്നുണ്ട്. ഒരു പാഠം പുതിയതായി വായിക്കുമ്പോൾ മുന്നറിവുമായി തട്ടിച്ചാണ് വായനക്കാർ വായിക്കുന്നത്. ഇത് ബോധപൂർവം നടക്കുന്ന പ്രക്രിയയല്ല. ഈ മുന്നറിവ് അബോധത്തിൽ ഉള്ളതുകൊണ്ടുതന്നെ പാഠം വായിക്കുമ്പോൾ അനുഭവജ്ഞാനം കൂടി അവിടെ പ്രവർത്തിക്കും. വായനക്കാർക്ക് പാഠവായന വഴി കിട്ടുന്ന അർത്ഥത്തിൽ കാവ്യഭാഷയെക്കുറിച്ചുള്ള ഈ അനുഭവജ്ഞാനവും സന്നിഹിതമായിരിക്കും. കാവ്യഭാഷയെന്നല്ല; കൃതിയെ സംബന്ധിച്ചുള്ള എല്ലാ തരത്തിലുള്ള മുന്നറിവും പാഠാർത്ഥനിർമ്മിതിയിൽ നിർണായകപങ്ക് വഹിക്കുന്നുണ്ട്. അപ്പോൾ കൃതി പാഠമാകുമ്പോൾ രചയിതാവ് സൃഷ്ടിച്ചിട്ടുള്ള കാവ്യഭാഷയും വായനക്കാർ മുന്നറിവ് വഴി നേടിയിട്ടുള്ള അനുഭവജ്ഞാനവും ചേർന്നുള്ള അർത്ഥമാണ് കൃതിയ്ക്ക് ലഭിക്കുന്നത്.
കാവ്യഭാഷയും വ്യവഹാരവും
കൃതി പാഠമാണ് എന്ന ആശയം വായനക്കാരുടെ പക്ഷത്താണ് നിലകൊള്ളുന്നത്. അവിടെ വായനക്കാർക്ക് അർത്ഥനിർമ്മിതിയിൽ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നു. മറ്റൊരു രീതിയിലും കൃതിയെ സമീപിക്കാവുന്നതാണ്. കൃതിയെ വ്യവഹാരമെന്ന നിലയിൽ പരിഗണിക്കുന്നത് കൂടുതൽ അർത്ഥസാധ്യതകൾ നൽകുന്നുണ്ട്. ഭാഷാശാസ്ത്രത്തിലെ സാങ്കേതികാർത്ഥത്തിലുള്ള വ്യവഹാരം അല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഭാഷാശാസ്ത്രത്തിൽ ഭാഷാഖണ്ഡമായും ഭാഷാപ്രയോഗത്തിലെ അർത്ഥോപകരണമായും വ്യവഹാരത്തെ മനസ്സിലാക്കുന്നുണ്ട്. കാവ്യഭാഷയെ മുൻനിർത്തിയുള്ള ഈ സന്ദർഭത്തിൽ വ്യവഹാരത്തിന് ഭാഷാശാസ്ത്രത്തിലെ അർത്ഥമല്ല ഉള്ളത്. മറിച്ച് ഒരു കൃതി എന്നത് ഒരു രചയിതാവ് താൻ ജീവിക്കുന്ന കാലഘട്ടത്തിൽ പ്രത്യേകവിഷയത്തെ മുൻനിർത്തി സൃഷ്ടിക്കുന്ന ഒരു വ്യവഹാരമാണ് എന്ന അർത്ഥത്തിലാണ് ഇവിടെ വ്യവഹാരം എന്ന് ഉപയോഗിക്കുന്നത്. അതായത് കൃതിയെ ഒരു പ്രത്യേക കാലത്ത് രചയിതാവ് സൃഷ്ടിച്ച ഒരു വ്യവഹാരം മാത്രമായി കാണുന്നു. ആ കാലത്തിൻ്റെ പശ്ചാത്തലം കൃതിയുടെ പശ്ചാത്തലമായി നിൽക്കുന്നു. ആ കാലത്തിൻ്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ സാഹചര്യങ്ങൾ കൃതിയുടെ നിർമ്മിതിയിൽ സ്വാധീനിക്കുന്നു. ആ പ്രത്യേക കാലഘട്ടത്തിലെ ജീവിതം വഴി രചയിതാവ് ആർജ്ജിച്ച അനുഭവജ്ഞാനം കൃതിയിൽ പ്രവർത്തിക്കുന്നുണ്ട്. രചയിതാവിൻ്റെ പ്രത്യയശാസ്ത്രവും സാമൂഹികബോധവും എല്ലാം കൃതിയിൽ പ്രതിഫലിക്കും. രചയിതാവിൻ്റെ മനോഭാവത്തെക്കൂടി ഈ സമീപനം കാണിച്ചുതരുന്നുണ്ട്. കൃതിയെ ഒരു വ്യവഹാരമായി കാണുന്നത് ഈ നിലയിലുള്ള ധാരാളം സാധ്യതകളിലേക്ക് വഴിതുറക്കുന്നുണ്ട്.
കൃതിയെ വ്യവഹാരമായി കാണുകയാണെങ്കിൽ മുമ്പ് പറഞ്ഞ പാഠത്തെയും വ്യവഹാരമായി കാണാൻ കഴിയും. ഓരോ പാഠവും വായനക്കാർ സൃഷ്ടിക്കുന്ന ഓരോ വ്യവഹാരമാണ്. പക്ഷേ വായനക്കാർ പാഠവായന നടത്തുമ്പോൾ കൃതിയെ കൃതിയുണ്ടായ പശ്ചാത്തലത്തിൽ നിന്നും അടർത്തി മാറ്റാൻ പാടില്ല. കൃതിയുടെ സന്ദർഭമാണ് കൃതിയ്ക്ക് അർത്ഥം നൽകുന്നത്. സന്ദർഭമില്ലെങ്കിൽ കൃതിയില്ല. കൃതിയുടെ സാമൂഹികവും സാംസ്കാരികവുമായ ചരിത്രസന്ദർഭത്തെക്കുറിച്ചുള്ള ധാരണ വായനക്കാർക്ക് ഉണ്ടാകണം. താൻ വായിച്ച കൃതിയെപ്പറ്റി വായനക്കാർ നിരൂപണം ചെയ്യുന്നത് അവർ അനുഭവിച്ചറിഞ്ഞ വിവിധ ധാരണകളിലൂന്നിയാണ്. മുമ്പ് പറഞ്ഞ മുന്നറിവ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വായനക്കാർക്ക് അവരുടെ പ്രത്യയശാസ്ത്രത്തിനനുസരിച്ചും ലോകബോധ്യങ്ങൾക്കനുസരിച്ചും കൃതിയെ വായിക്കാനുള്ള സാധ്യതകൾ ഇവിടെയുണ്ട്. വായനക്കാർ ജീവിക്കുന്ന കാലത്തിൻ്റെ സവിശേഷതകളെക്കുറിച്ചുള്ള ബോധവും വായനക്കാരുടെ ഉള്ളിലുണ്ട്. ഇങ്ങനെ പല പല അടരുകളിൽനിന്നുകൊണ്ടാണ് വായനക്കാർ പാഠവായന നടത്തുന്നത്. അതുകൊണ്ട് ഓരോ പാഠവും ഓരോ വ്യവഹാരമാണ് എന്ന് പറയാൻ കഴിയും. ഒരു പ്രത്യേകകാലത്തുണ്ടായ കൃതിയെ മുൻനിർത്തി ഒരു പ്രത്യേക കാലത്ത് വിവിധ വായനക്കാർ സൃഷ്ടിക്കുന്ന ഓരോ വ്യവഹാരമാണ് ഓരോ പാഠവും.കൃതിയെന്നാൽ കൃതിയുടെ ഭാഷകൂടി ഉൾപ്പെട്ടതാണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. ആയതിനാൽ കൃതിയെ രചയിതാവ് സൃഷ്ടിക്കുന്ന ഒരു വ്യവഹാരമായി പരിഗണിക്കുമ്പോൾ കാവ്യഭാഷയും വ്യവഹാരം തന്നെയാണെന്ന് പറയേണ്ടിവരും. ഒരു കൃതിയിൽ രചയിതാവ് സ്വീകരിക്കുന്ന കാവ്യഭാഷ പ്രസ്തുത രചയിതാവിൻ്റെ മാത്രം കാവ്യഭാഷയാണ്. രചയിതാവ് തൻ്റെ തനതായ രചനാവിശേഷങ്ങൾ കാവ്യഭാഷയിൽ ഉള്ളടക്കിയിട്ടുണ്ടാവും. കാവ്യഭാഷയിലൂടെയാണ് രചയിതാവ് കൃതിയെ ആവിഷ്കരിക്കുന്നത്.
കാവ്യഭാഷാരൂപവത്ക്കരണം
ഒരു കൃതിയിൽ കാവ്യഭാഷ രൂപപ്പെടുന്ന പ്രക്രിയയെയാണ് കാവ്യഭാഷാരൂപവത്ക്കരണം എന്ന് പറയുന്നത്. രചയിതാവ് തൻ്റെ കൃതിയിലൂടെ നിർമ്മിക്കുന്ന ഭാഷയിൽ പല ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രത്യേകകാലത്താണ് ഓരോ കൃതിയും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ആ കാലഘട്ടത്തിൻ്റെ സവിശേഷതകൾ കൃതിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കാവ്യഭാഷയെ രൂപവത്ക്കരിക്കുന്നതിനും സഹായിച്ചിട്ടുണ്ട്. കാവ്യഭാഷാരൂപവത്ക്കരണം എന്ന പ്രക്രിയ കേവലം ഭാഷാപരമായ ഘടകങ്ങൾകൊണ്ടു മാത്രമല്ല നിർവ്വഹിക്കപ്പെടുന്നത്. കാവ്യത്തിലെ വാക്കുകളുടെ ചേർച്ചയോ ഉചിതമായ വിന്യാസമോ മാത്രമല്ല കാവ്യഭാഷ. കൃതിയുണ്ടാകുന്ന കാലത്തിൻ്റെ സാമൂഹികവും സാംസ്കാരികവുമായ സാഹചര്യം കൂടി കാവ്യഭാഷ രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. രചയിതാവിൻ്റെ മനസ്സിൽ താൻ സൃഷ്ടിക്കുന്ന കൃതിയെക്കുറിച്ച് ഉറച്ച ഉൾക്കാഴ്ചയും ബോധ്യങ്ങളും ഉണ്ടാവും. ഈ ഉൾക്കാഴ്ചയെ പരുവപ്പെടുത്തിയെടുക്കുന്നത് രചയിതാവ് കൃതിയിൽ ഉപയോഗിക്കുന്ന ഭാഷയിലൂടെയാണ്.ഏത് തരത്തിലുള്ള ഭാഷ സ്വീകരിക്കണം, അവ എങ്ങനെ കൃതിയുടെ ഏതേത് ഭാഗത്ത് വിന്യസിക്കണം, ഏതൊക്കെ സന്ദർഭത്തിൽ വ്യത്യസ്തമായ ഭാഷാരീതി കൈക്കൊള്ളണം, ഭാവത്തിനുയോജ്യമായ ഭാഷാരീതി എങ്ങനെ കൃതിയിൽ ചേർക്കണം എന്നീ കാര്യങ്ങളെയൊക്കെ സംബന്ധിച്ച് കൃത്യമായ ബോധം രചയിതാവിലുണ്ട്. ഈ ബോധത്തെ ആഖ്യാനമാക്കി മാറ്റുമ്പോൾ ഭാഷയെ നിർണയിക്കുന്ന ഭാഷേതരഘടകങ്ങളുണ്ട്. മാനുഷികവും സാമൂഹികവും സാംസ്കാരികവുമായ സന്ദർഭങ്ങൾ കാവ്യഭാഷാസ്വീകരണത്തിലും വിന്യാസത്തിലും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. താൻ സൃഷ്ടിക്കുന്ന കൃതിയിലെ ഓരോ ഭാഗവും വിനിമയം ചെയ്യുന്ന അർത്ഥത്തെ പൂർണമായി സംവേദനം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഭാഷാപ്രയോഗങ്ങളും ഭാഷാശൈലിയുമാണ് രചയിതാവ് സ്വീകരിക്കാറുള്ളത്. വിവിധ നിലയിലുള്ള കാവ്യഭാഷയ്ക്കുള്ളിൽ ഒരു ഭാഷാതിരഞ്ഞെടുപ്പ് തന്നെ രചയിതാക്കൾ നടത്താറുണ്ട്. മികച്ച രീതിയിൽ കൃതിയുടെ അർത്ഥം സംവേദനം ചെയ്യപ്പെട്ടാൽ മാത്രമേ കൃതി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യം സാർത്ഥകമാകുകയുള്ളൂ. ഈ ലക്ഷ്യപൂർത്തീകരണത്തിന് രചയിതാവിനെ സഹായിക്കുന്ന സുപ്രധാനഘടകം കാവ്യഭാഷയാണ് എന്നാണ് ഇവിടെ സ്ഥാപിക്കാൻ ശ്രമിച്ചത്.
കാവ്യഭാഷയും സ്വത്വവും
ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷ ആ വ്യക്തിയുടെ സ്വത്വത്തെ പ്രകാശിപ്പിക്കുന്നുണ്ട്. സ്വത്വത്തിൻ്റെ പ്രതിനിധാനമാണ് ഭാഷ. ഭാഷ ഉണ്മയുടെ പാർപ്പിടമാണെന്നാണ് മാർട്ടിൻ ഹൈദഗർ അഭിപ്രായപ്പെട്ടത്. ഭാഷയെന്നത് കേവലം ഭാഷാഘടകങ്ങൾ കൊണ്ടു മാത്രം നടത്തുന്ന പ്രയോഗങ്ങൾ മാത്രമല്ല. അത് ആത്മാവിഷ്കരണം കൂടിയാണ്. ഒരു വ്യക്തിയുടെ ഭാഷ ആ വ്യക്തിയുടെ ചിന്തകൾ, മനോഭാവം, ലോകത്തോടുള്ള സമീപനം എന്നിവയെയൊക്കെ അടയാളപ്പെടുത്തുന്നുണ്ട്. കാവ്യഭാഷയിലും ഇത് കാണാം. ഒരു കൃതിയെ രൂപപ്പെടുത്തുന്ന ഇതിവൃത്തം, പ്രമേയം തുടങ്ങിയ ഘടകങ്ങളിൽ നിന്നും വ്യത്യസ്തമായ സ്വകീയത കാവ്യഭാഷയ്ക്കുണ്ടെന്ന് പറയുന്നത് കാവ്യഭാഷവഴി രചയിതാവിൻ്റെ സ്വത്വം ആവിഷ്കരിക്കപ്പെടുന്നു എന്നതുകൊണ്ടാണ്. ഒരു വ്യക്തിയുടെ ചിന്തയെയും കാഴ്ചപ്പാടിനെയും വ്യക്തി ജീവിക്കുന്ന കാലം സ്വാധീനിക്കുന്നുണ്ട്. ഈ കാലബോധം കൂടി ചേർന്നതാണ് വ്യക്തിയുടെ ഭാഷ. വ്യക്തിയുടെ ഭാഷ വ്യക്തി രചിക്കുന്ന കാവ്യത്തിൻ്റെ ഭാഷകൂടിയായിത്തീരുന്നു. രചയിതാവ് തന്നെ കാവ്യത്തിൽ അടയാളപ്പെടുത്തുന്നത് കാവ്യഭാഷവഴിയാണ് എന്ന് അതുകൊണ്ടാണ് പറയുന്നത്. ഈ പ്രക്രിയ നടക്കുന്നതിന് ബോധപൂർവ്വമായ പരിശ്രമം ആവശ്യമില്ല. രചയിതാവ് അറിയാതെ തന്നെ രചയിതാവ് ഉപയോഗിക്കുന്ന ഭാഷവഴി കാവ്യത്തിലും രചയിതാവ് അടയാളപ്പെടും.
നിഗമനങ്ങൾ
1)ഒരു കൃതിയെന്നത് ഒരു പ്രത്യേകകാലത്ത് എഴുത്താൾ സൃഷ്ടിക്കുന്ന ഒരു വ്യവഹാരമാണ്.ഒരു എഴുത്താളിൻ്റെ കാവ്യഭാഷയും അതുപോലെ തന്നെ പ്രത്യേക കാലത്തെ ഒരു വ്യവഹാരമാണ്.
2) ഒരു കൃതിയുടെ അർത്ഥനിർമ്മിതിയിൽ കൃതി നിർമ്മിക്കപ്പെട്ട കാലത്തെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ സന്ദർഭങ്ങൾ പ്രവർത്തിക്കുന്നതുപോലെ കാവ്യഭാഷയിലും അവ പ്രവർത്തിക്കുന്നു.
3) കൃതിയെ പാഠമെന്ന നിലയിൽ പരിഗണിക്കുമ്പോൾ വായനക്കാർ വ്യത്യസ്ത പാഠങ്ങൾ സൃഷ്ടിക്കുന്നതുപോലെ കാവ്യഭാഷയെ സംബന്ധിച്ചും വ്യത്യസ്തപാഠങ്ങൾ ഉണ്ടാകുന്നു. ഈ പാഠനിർമ്മിതിയിൽ വായനക്കാരുടെ മുന്നറിവ് പ്രധാന പങ്കുവഹിക്കുന്നു.
4). കാവ്യഭാഷയിലൂടെ രചയിതാവിൻ്റെ സ്വത്വം വെളിപ്പെടുന്നു.
ആധാരസൂചി
1).ഗിരീഷ് പി.എം, അധികാരവും ഭാഷയും, ഐ ബുക്സ് കേരള, കോഴിക്കോട്,2017.
2).പ്രഭാകരവാരിയർ കെ.എം.ഡോ, കാവ്യഭാഷാശൈലിയുടെ അപഗ്രഥനം: സമീപനരീതികൾ (ലേഖനം), കാവ്യഭാഷയിലെ പ്രശ്നങ്ങൾ ( അവതാരകൻ : ഡോ. ദേശമംഗലം രാമകൃഷ്ണൻ), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2004.
3).സച്ചിദാനന്ദൻ, കാവ്യഭാഷ : ഒരു വിശകലനം (ലേഖനം),കാവ്യഭാഷയിലെ പ്രശ്നങ്ങൾ ( അവതാരകൻ : ഡോ. ദേശമംഗലം രാമകൃഷ്ണൻ), കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2004.