സ്ഥിരം ശൈലി പടങ്ങളിൽനിന്ന് തമിഴ് സിനിമയ്‌ക്ക് മാറ്റമുണ്ടായത് പുതു തലമുറ സംവിധായകരിലൂടെയാണ്. തമിഴ് സിനിമയുടെ നവതരംഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇൗ വരവ് മാസ്– മസാല ഫോർമുല സിനിമകളിൽ നിന്ന് മാറ്റം സൃഷ്ടിച്ചു. നളൻ കുമാരസ്വാമി, വെട്രിമാരൻ, പാ രഞ്ജിത്, മാരി സെൽവരാജ്, എച്ച് വിനോദ്, എം മണികണ്ഠൻ, കാർത്തിക് സുബ്ബരാജ്, റാം, മിസ്‌കിൻ, രാജു മുരുകൻ, വിജയ് കുമാർ, കാർത്തിക് നരേൻ, സെൽവരാഘവൻ, പുഷ്‌കർ– ഗായത്രി, ത്യാഗരാജൻ കുമാരരാജ തുടങ്ങിയ സംവിധായകർ തമിഴ് സിനിമയുടെ ഉള്ളടക്കവും കാഴ്‌ചാ പരിസരവും സ്വഭാവവുമെല്ലാം നവീകരിച്ചു. തമിഴ് നവ തരംഗത്തിന്റെ വക്താക്കളുടെ പട്ടികയിൽ പ്രധാനിയാകുമെന്ന് വിലയിരുത്തപ്പെട്ടയാളാണ് ലോകേഷ് കനകരാജ്. നോർ ലീനിയർ നരേറ്റീവിൽ ഒരുക്കിയ സിനിമകളിൽ ബെഞ്ച്‌മാർക്കായിരുന്നു മാനനഗരം. അതിനുശേഷം ഒരുക്കിയ കൈതി തമിഴ് സിനിമയിൽ പുതിയ സിനിമാപരിസരത്തിലേക്കാണ് വാതിൽ തുറന്നത്. മയക്കുമരുന്ന് സിൻഡിക്കേറ്റിനെതിരെ പോരാടുന്നവരിൽ കേന്ദ്രീകരിച്ചാണ് ലോകേഷ് കനകരാജ് യൂണിവേഴ്‌സ് പിറന്നത്. അത് കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി വിക്രമിലേക്ക് വളർന്നു. ഫഹദ് ഫാസിലും അതിഥി വേഷത്തിൽ സൂര്യയും എത്തിയതോടെ യൂണിവേഴ്‌സിന്റെ വലുപ്പവും പ്രതീക്ഷയും വളർന്നു. അതിലേക്കാണ് ലിയോയിലുടെ വിജയ് കൂടി എത്തിയത്. ലോകേഷ് യൂണിവേഴ്‌സിലേക്ക് രജനി കൂടി എത്തുമോ എന്ന ചർച്ചയ്‌ക്കു കൂടി തുടക്കമിട്ടാണ് കൂലി പ്രഖ്യാപിക്കപ്പെട്ടത്.
എന്നാൽ ‘തലൈവർക്കായുള്ള ചിത്രമാണ്’ എന്ന റിലീസിന് മുൻ ദിവസം ലോകേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത് ഒരുപരിധിവരെ ലോകേഷ് യൂണിവേഴ്‌സ് എന്ന ഭാരംകുറച്ചു. അതേസമയം തമിഴ് നവതരംഗത്തിന്റെ ഭാഗമായ പലർക്കും സംഭവിച്ച മാസ്– മസാല പടങ്ങളിലേക്കുള്ള തിരിച്ചിറക്കം ലോകേഷിന് സംഭവിക്കുന്നതിന് കൂലി വഴിയൊരുക്കി. ആദ്യ സിനിമ വലിയ വിജയമായതിനു പിന്നാലെ പുതുനിരയിലെ പല സംവിധായകർക്കും വലിയ അവസരങ്ങൾ ലഭിച്ചു. പലർക്കും സൂപ്പർ താര ചിത്രങ്ങൾ ലഭിച്ചു. എന്നാൽ തങ്ങളുടെ സിനിമാ ചിന്താഗതി വിട്ട് സൂപ്പർ താര ചിത്രം ഒരുക്കാൻ ഇറങ്ങി പരാജയപ്പെടുന്ന കാഴ്‌ച സമീപ വർഷങ്ങളിൽ സ്ഥിരമാണ്. ജയ് ഭീം ഒരുക്കിയ ജ്ഞാനവേലിന്റെ പരാജയം അത്തരത്തിലൊന്നാണ്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ വേട്ടയൻ എല്ലാ അർഥത്തിലും പരാജയമായി. ജയ് ഭീമിൽ ഉയർത്തിപ്പിടിച്ച രാഷ്‌ട്രീയത്തിനെ അപ്പാടെ തിരസ്‌കരിക്കുന്ന അധികാരത്തിന്റെ ഓരമാണ് ഈ പടം ചേർത്തുപിടിച്ചത്. ഏറ്റുമുട്ടൽ കൊലയുടെ ആഘോഷമായി പടം മാറി. ശങ്കർ, മണിരത്നം പോലെയുള്ള വലിയ സംവിധായകരാണെങ്കിൽ താരസാന്നിധ്യം കൊണ്ടുമാത്രം സിനിമ വിജയിപ്പിക്കാം എന്ന ‘ധാരണ’യിലാണ്. ഈ ചിന്തയും തുടർ പരാജയങ്ങളിലേക്ക് വഴിതുറക്കുകയാണ്. ലോകേഷിന് കൂലിയിലൂടെ സംഭവിച്ചത് മേൽപറഞ്ഞ രണ്ട് സാഹചര്യങ്ങളും ഉൾചേരുന്ന ഒന്നാണ്.
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ. ഒപ്പം നാഗാർജുന, അമീർഖാൻ, ഉപേന്ദ്ര. കൂലി എന്ന സിനിമയ്‌ക്ക് ആദ്യ ദിനം തിയറ്ററുകൾ നിറയ്‌ക്കാൻ ഇതിലധികം ഒന്നും ആവശ്യമില്ല. എന്നാൽ പ്രേക്ഷകനെ തൃപ്‌തിപെടുത്താൻ ഇതുമാത്രം പോരാ എന്ന് അരക്കിട്ടുറപ്പിക്കുകയാണ് കൂലി. സമ്പന്നമായ താരനിരയെ വമ്പൻ ബജറ്റിൽ, വലിയ കാൻവാസിലാണ് ചിത്രം ഒരുക്കിയത്. എന്നാൽ ഇൗ കെട്ടുക്കാഴ്‌ചയുടെമാത്രം പിൻബലത്തിൽ പ്രേക്ഷകരെ കബളിപ്പിക്കാനാകില്ല എന്ന് ഓർമപെടുത്തുന്ന സമീപകാല പ്രേക്ഷക തിരസ്‌കരണത്തിന്റെ പട്ടികയിലേക്കാണ് കൂലിയും എത്തിനിൽക്കുന്നത്. ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം 65 കോടി രൂപ നേടിയ ചിത്രം എട്ട് ദിവസം കൊണ്ട് നേടിയത് 229.75 കോടി രൂപയാണ്. ഒരു ദിവസത്തെ കളക്‌ഷൻ ശരാശരി ആറു കോടിയിൽ താഴെയായി. 350 കോടിയാണ് ബജറ്റ്. നിലവിലെ സാഹചര്യത്തിൽ തിയറ്ററിൽ നിന്ന് കൂലിയ്‌ക്ക് മുടക്കുമുതൽ തിരിച്ചുപിടിക്കൻ പോലുമാകില്ല. രജനികാന്ത് ട്രിബ്യൂട്ട് എന്ന നിലയിൽ കൂലി സൃഷ്ടിച്ച പ്രതീക്ഷകൾ വളരെ വലുതായിരുന്നു. രജനിയെ ലോകേഷ് അവതരിപ്പിക്കുമ്പോൾ എന്ത് പുതുമയാണ് ഉണ്ടാകുക എന്ന ആകാംക്ഷയെ അപ്പാടെ ഇല്ലാതാക്കുകയാണ് ചിത്രം ചെയ്‌തത്. സ്ഥിരം രജനീകാന്ത് പാക്കേജ് മാത്രമായി സിനിമ ഒതുങ്ങി. അതിലേക്ക് വിവിധ ഭാഷകളിലെ താരങ്ങളെ ചേർത്ത് വെച്ചുവെങ്കിലും വലിയ മികവ് ഉണ്ടാക്കാനായില്ല. രജനിയുടെ സ്‌ക്രീൻ പ്രസൻസിന്റെ ആഘോഷമാണ് ഓരോ ചിത്രങ്ങളും. എന്നാൽ അതിലും പഴയ രീതിയിലുള്ള തലൈവർ വീര്യം സൃഷ്ടിക്കാനായില്ല. തിയറ്ററിനെ കോരിത്തരിപ്പിക്കുന്ന തലൈവർ ചിരിയെ പലയിടത്തും നാഗാർജുന കവച്ചുവെക്കുന്നുമുണ്ട്. ഒരു മുഴു നീള സിനിമ എന്ന നിലയിൽ പലയിടത്തും സിനിമ വീണുപോകുന്നുണ്ട്. ഓരോ രംഗങ്ങളുടെയും മാസ് അപ്പീലിൽ മാത്രമായി ചിത്രം ഒതുങ്ങുകയാണ്. വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഹൈ പാക്കേജ്ഡ് പ്രകടനങ്ങൾ കൂട്ടിച്ചേർത്ത മാഷ് അപ്പ് മാത്രമായി പോകുന്നത് വലിയ പോരായ്‌മയാണ്. വിക്രമിൽ സൂര്യയുടെ റോളക്‌സിലൂടെ സൃഷ്ടിച്ച ഒരു ഹൈവോൾട്ടേജ് കാമിയോ സൃഷ്ടിക്കാൻ അമീർ ഖാന്റെ ദാഹയ്‌ക്ക് കഴിഞ്ഞുമില്ല. അതേസമയം പഴയ രജനിയുടെ സ്വാഗും സ്റ്റയിലും ശബ്ദമായും ദൃശ്യമായും കടന്നുവരുന്നുണ്ട്. വിന്റേജ് രജനിയിസം പുനർനിർമിക്കാനുള്ള ശ്രമങ്ങൾ പക്ഷേ മുറുക്കമില്ലാത്ത എഴുത്തിൽ തട്ടിവീഴുകയാണ്.
കലാഭവൻ മണിക്കും വിനായകനുംശേഷം ദയാലിലൂടെ സൗബിൻ തമിഴിൽ തന്റെ വരവ് അറിയിക്കുന്നുണ്ട്. പ്രതിനായക വേഷം സൗബിന് ഇനിയും വലിയ അവസരങ്ങൾക്ക് വഴിതുറക്കും. സിനിമയുടെ രസച്ചരട് പലപ്പോഴും മുറിഞ്ഞുവീഴുമ്പോൾ അതിനെ പിടിച്ചുനിർത്തുന്നത് അനിരുദ്ധിന്റെ സംഗീതമാണ്. മാസ് മസാല പടത്തിനുവേണ്ട രീതിയിൽ സിനിമയുടെ പോരായ്‌മകളെ മറികടക്കാൻ അനിരുദ്ധിലൂടെ കഴിയുന്നുണ്ട്. രജനികാന്ത് സിനിമ കാണാൻ ആഗ്രഹിച്ചവർക്ക് തിയറ്ററിൽ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് കൂലി. ചില കിടിലൻ രംഗങ്ങളും വിന്റേജ് രജനിയുടെ നിഴലാട്ടവുമെല്ലാമായി പക്കാ മാസ്. ഇത്രയും താരങ്ങളെ സ്‌ക്രീനിൽ എത്തിച്ചു എന്നതിനപ്പുറം ഒന്നും അവകാശപ്പെടാൻ സിനിമയ്‌ക്കില്ല. അതിനാൽതന്നെ ലോകേഷ് കനകരാജിന്റെ സിനിമ കാണാൻ എത്തുന്നവരെ സംബന്ധിച്ചിത്തോളം കൂലി നിരാശയാണ്.
തമിഴ് ബോക്‌സോഫീസിൽ സൂപ്പർ താരങ്ങൾ മുതൽ പുതുനിര വരെ എത്തി ഹിറ്റുകൾ തീർക്കുന്നത് ഇന്ത്യൻ സിനിമാ വ്യവസായം അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. കോവിഡിനുശേഷവും വ്യവസായമെന്ന നിലയിലും കോളിവുഡ് നേട്ടം കൊയ്‌തു. 2023 വിജയങ്ങളുടെ വർഷമായിരുന്നു. എന്നാൽ ബോക്‌സോഫീസിൽ വമ്പിച്ച നേട്ടം പ്രതീക്ഷിച്ച സിനിമകൾക്ക് വലിയ തിരിച്ചടിയാണ് 2024ൽ സംഭവിച്ചത്. 3000 കോടി രൂപയാണ് തമിഴ് സിനിമാ വ്യവസായം കഴിഞ്ഞ വർഷം ചെലവിട്ടത്. എന്നാൽ 1000 കോടി രൂപ നഷ്ടമായി എന്നാണ് കണക്കുകൾ. 241 സിനിമകൾ റിലീസായതിൽ 223 എണ്ണവും പരാജയപ്പെട്ടു. 18 സിനിമകൾ മാത്രമാണ് വിജയിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം വർഷമായാണ് 2024നെ കണക്കാക്കുന്നത്. കോളിവുഡിന്റെ പരാജയകാലം 2025ലും തുടരുകയാണ്.
ഷങ്കർ ഒരുക്കിയ പാൻ ഇന്ത്യൻ സിനിമ ഗെയിം ചേഞ്ചർ തകർന്നടിഞ്ഞു. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഒരു ചലനവും ഉണ്ടാക്കിയില്ല. തമിഴ് നവതരംഗ സിനിമാ ശ്രേണിയിൽ പ്രധാനിയായ കാർത്തിക് സുബ്ബരാജും തിരിച്ചടി നേരിട്ടു. സൂര്യ നായകനായ റെട്രോയെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ കൈവിട്ടു. ഇന്ത്യൻ–2വിന്റെ പരാജയത്തിൽനിന്ന് കരകയറാനെത്തിയ കമൽഹാസന് തഗ് ലൈഫിൽ വീണ്ടും കാലിടറി. മണിരത്നമായിരുന്നു സംവിധായകൻ. കമൽ–മണിരത്നം കൂട്ടുക്കെട്ട് എന്ന കാത്തിരിപ്പിനെ അപ്പാടെ നിരാശപ്പെടുത്തുന്നതായിരുന്നു സിനിമ. പ്രേക്ഷകരുടെ യുക്തിയെ പരിഹസിക്കുന്ന രീതിയിലായിരുന്നു സിനിമ. മഗിഴ് തിരുമേനിയുടെ അജിത് പടം വിടാമുയർച്ചിയും പ്രേക്ഷകർ തിരസ്‌കരിച്ചു. ഇൗ ശ്രേണിയിലേക്കുള്ള കൂട്ടിചേർക്കലായി മാറി കൂലിയും. l