വിപ്ലവത്തിന്റെ ഹൃദയത്തിൽ വസിച്ചവൾ : റോസാ ലക്സംബർഗ്

ഡോ. പ്രിയാ വർഗീസ്

 

പ്രിയ വർഗീസ്

പോളണ്ടിൽ ജനിച്ചെങ്കിലും പിന്നീട് ജർമ്മൻ പൗരത്വം സ്വീകരിച്ച റോസാ ലക്സംബർഗ്, ഇരുപതാംനൂറ്റാണ്ടിലെ പ്രമുഖമാർക്സിസ്റ്റ്‌സൈദ്ധാന്തികയും പോളണ്ടിലെയും ജർമ്മനിയിലെയും മാത്രമല്ല ലോകമാകമാനമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കു ദിശാബോധം നൽകിയ വിപ്ലവകാരിയുമായിരുന്നു. റോസയുടെ റഷ്യൻ റവല്യുഷൻ എന്ന പുസ്തകം ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ബെർട്രം ഡി വൂൾഫെ റോസയെക്കുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്. “ഒരു ജനനേതാവോ ഒരു ദുരന്തനായികയോ ആയിത്തീരുമെന്ന് തോന്നിക്കുന്ന ശരീരപ്രകൃതിയായിരുന്നില്ല റോസയെന്ന ഈ പെൺകുട്ടിയുടേത്. കുട്ടിക്കാലത്തെ പിടികൂടിയിരുന്ന ഇടുപ്പിലെ അസുഖം മൂലം ഒരല്പം മുടന്തുള്ള നടത്തമായിരുന്നു അവളുടേത്. എന്നാൽ സംസാരിച്ചു തുടങ്ങിയാലോ അനുകമ്പാദ്യോതകമായ ആ കണ്ണുകൾ പ്രകാശമാനമാകുന്നു. വാക്കുകളിൽ നർമ്മോക്തികളുടെ മിന്നലാട്ടങ്ങൾ ഉയരാൻ തുടങ്ങുന്നു. പോരാട്ടവീറു കൊണ്ട് വാക്കുകൾ ആളിക്കത്താൻ തുടങ്ങുന്നു. പൊതുയോഗവേദികളിൽ അവളുടെ കൃശശരീരം ഔന്നത്യഭാവവും ആജ്ഞാശേഷിയും കൈവരിക്കുന്നു. അവളുടെ ശബ്ദം ഗാനാത്മകവും ഊഷ്മളവുമായി മാറുന്നു. ന്യായവാദങ്ങളാവട്ടെ സർവതലസ്പർശിയും ശ്രോതാക്കളുടെ ഹൃദയങ്ങളോട് എന്നതിനേക്കാൾ ബുദ്ധിയോട് സംവദിക്കുന്നതും…….”

റോസാ ലക്സംബർഗ്

1889ൽ ജർമ്മനിയിൽ എത്തുന്നതോടെ റോസ, അന്നത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് സംഘടനയായിരുന്ന ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ സജീവമായി. 1906-ൽ ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക്പാർട്ടി ബർലിനിൽ പാർട്ടി വിദ്യാഭ്യാസം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രപാർട്ടിസ്കൂൾ തുടങ്ങുകയുണ്ടായി. 1907ൽ റോസ ഈ സ്കൂളിൽ അധ്യാപികയായി. മാർക്സിയൻ തത്വസംഹിതകൾ ചർവിതചർവണം ചെയ്യുന്ന അധ്യാപിക മാത്രമായിരുന്നില്ല റോസ അവിടെ. മാർക്സിയൻ സാമ്പത്തികസിദ്ധാന്തങ്ങളെ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ഗവേഷക കൂടിയായിരുന്നു അവർ. അതേസമയം മാർക്സിന്റെ തനതുനിലപാടുകളെ അങ്ങേയറ്റം അർപ്പണബോധത്തോടെയും ആശയവ്യക്തതയോടെയും ഉൾക്കൊള്ളുന്ന കാര്യത്തിൽ ഒരു വീഴ്ചയും അവർ വരുത്തിയതുമില്ല.

ദേശീയതയുടെയും ആണധികാരത്തിന്റെയും വിമർശക

1912ൽ നടന്ന ജർമ്മൻ പൊതുതെരഞ്ഞെടുപ്പിൽ സോഷ്യൽ ഡെമോക്രാറ്റുകൾ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കിയെങ്കിലും പിന്നീട് സാർവദേശീയ സോഷ്യലിസ്റ്റ്  ഐക്യത്തെ ജർമ്മൻപാർട്ടി തള്ളിപ്പറയാനും സങ്കുചിതദേശീയവാദം പ്രചരിപ്പിക്കാനും തുടങ്ങി. ജർമ്മൻ പാർലിമെന്റിൽ സോഷ്യൽ ഡെമോക്രാറ്റിക് എം.പിമാർ ജർമ്മനിയുടെ സാമ്രാജ്യത്വവിദേശനയത്തെ പുകഴ്ത്തി സംസാരിക്കാൻ ആരംഭിച്ചപ്പോൾ അപകടം കണ്ടറിഞ്ഞ റോസയും സഖാക്കളും ഈ നിലപാടുകൾ തിരുത്താൻ ശ്രമിച്ചെങ്കിലും നേതൃത്വം അവരെ അരാജകവാദികളെന്നും റഷ്യൻ ഏജന്റുമാർ എന്നും മറ്റും കുറ്റപ്പെടുത്താനാണ് തുനിഞ്ഞത്. ഒന്നാം ലോകയുദ്ധത്തിനെതിരെയും കടുത്തനിലപാടാണ് റോസ ലക്സംബർഗ് സ്വീകരിച്ചത്. ഒറ്റലക്കം കൊണ്ടു തന്നെ ശ്രദ്ധ പിടിച്ചുപറ്റി പെട്ടെന്ന് തന്നെ നിരോധിക്കപ്പെട്ട ‘ദി ഇന്റർ നാഷണലിലും’ തുടർന്ന് സ്പാർട്ടക്കസ് ലെറ്റേഴ്സിലും കൂടി കടുത്ത ഭാഷയിൽ യുദ്ധവിരുദ്ധ നിലപാടുകൾ പ്രചരിപ്പിക്കാൻ റോസക്കു സാധിച്ചു. 1915 ൽ ജയിലിൽ അടക്കപ്പെട്ടെങ്കിലും ‘ജൂനിയസ്’ എന്ന അപരനാമത്തിൽ എഴുതി  ‘ജൂനിയസ് പാംഫ് ലെറ്റ്സ് ‘എന്ന പേരിൽ പ്രസിദ്ധീകൃതമായ ലേഖനങ്ങൾ മാർക്സിയൻ വിജ്ഞാനശാഖയിലെ എക്കാലത്തെയും ശ്രദ്ധേയമായ രചനകളായി പരിഗണിക്കപ്പെടുന്നവയാണ്.

“വിമോചനപ്പോരാട്ടങ്ങളും വിപ്ലവങ്ങളും തൊഴിലാളിവർഗ്ഗത്തെ ചരിത്രമേൽപ്പിക്കുന്ന ദൗത്യങ്ങളാണ് .അത് സമൂഹത്തെ ക്രിയാത്മകതയിലേക്കും പുരോഗതിയിലേക്കും സമ്പൂർണ വികസനത്തിലേക്കും നയിക്കും. എന്നാൽ മുതലാളിത്തയുദ്ധങ്ങൾ സമൂഹത്തെ സർവനാശത്തിലേക്കാണ് നയിക്കുക എന്ന കാര്യത്തിൽ സന്ദേഹമേയില്ല” റോസാ ലക്സംബർഗ് യുദ്ധത്തെക്കുറിച്ച് അവതരിപ്പിച്ച ആശയങ്ങൾ ഇന്നും പ്രസക്തമാണെന്ന് കാണാം. സാമ്രാജ്യത്വത്തിന്റെയും സൈനികവൽക്കരണത്തിന്റെയും അപകടങ്ങൾ കൃത്യമായി തിരിച്ചറിയാൻ റോസക്ക് സാധിച്ചിരുന്നു.

സ്ത്രീകളുടെ വോട്ടവകാശത്തിനും സ്ത്രീസമത്വത്തിനും വേണ്ടി ചരിത്രത്തിലാദ്യമായി ശബ്ദമുയർത്തിയവരിൽ പ്രമുഖയാണ് റോസാലക്സംബർഗ്. വനിതകളുടെ രാഷ്ട്രീയാവകാശത്തെക്കുറിച്ച് റോസക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. “തൊഴിലാളിവനിതക്ക് രാഷ്ട്രീയാവകാശം ആവശ്യമായി വരുന്നത്, സമൂഹത്തിലെ എല്ലാ പ്രവർത്തനങ്ങളിലും അവൾ  പുരുഷനൊപ്പം തുല്യപങ്കാളിയാകുന്നതു കൊണ്ടാണ്. സ്ത്രീയും പുരുഷനും ഒരേ താല്പര്യങ്ങളുടെ ഉടമസ്ഥരാണ്. ചൂഷകവർഗത്തെ ചൂഷിതവർഗ്ഗത്തിൽനിന്ന് വ്യത്യസ്തരാക്കുന്ന സാമൂഹ്യയഥാർത്ഥ്യത്തിന്റെ അഗാധമായ അടിത്തട്ടിൽ തന്നെയാണ് അവളുടെ രാഷ്ട്രീയാവശ്യങ്ങളും ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള പോരിലല്ല, അതിന്റെ വേരുകളുള്ളത്, മറിച്ച് മൂലധനവും അധ്വാനവും തമ്മിലുള്ള പോരിലാണ്” എന്ന് കൃത്യമായി റോസ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1902ൽ റോസാ ലക്സംബർഗ് എഴുതിയ തന്ത്രപരമായ ചോദ്യം (A Tactical Question) എന്ന ലേഖനത്തിൽ ബെൽജിയൻ സോഷ്യലിസ്റ്റ് നേതാവായിരുന്ന എമിൽ വൻഡർ വെൽഡിന്റെ, ലിബറലുകളുമായുള്ള തെരഞ്ഞെടുപ്പ് ഐക്യത്തെ റോസ നിശിതമായി വിമർശിക്കുന്നുണ്ട്. ബൂർഷ്വാലിബറലുകൾ ‘ഒരു പുരുഷൻ ഒരു വോട്ട്’ എന്ന രീതിയിൽ തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച ചെയ്യുന്നതിനു പകരമായി സോഷ്യൽ ഡെമോക്രാറ്റുകൾ സ്ത്രീവോട്ടവകാശം എന്ന തങ്ങളുടെ സുപ്രധാനമായ ഡിമാന്റ് ഉപേക്ഷിക്കണമെന്ന ലിബറലുകളുടെ ഉപാധി ബെൽജിയൻ വർക്കേഴ്‌സ് പാർട്ടി അംഗീകരിച്ചു എന്നതാണ് റോസയുടെ വിമർശനത്തിനിടയാക്കിയത്.

‘ബൂർഷ്വാ വിഭാഗത്തിലെ സ്ത്രീകളുടെ വോട്ടിന്റെ  കാര്യം മാത്രമായിരുന്നെങ്കിൽ മുതലാളിത്ത ഭരണകൂടത്തിന് എതിർപ്പൊന്നുമുണ്ടാകുമായിരുന്നില്ല. അത് യഥാർത്ഥത്തിൽ അവരുടെ പ്രതിലോമ പ്രവർത്തനങ്ങൾക്ക് പിന്തുണയാകുമായിരുന്നു. പുരുഷമേധാവിത്വത്തിനെതിരെ ഗർജ്ജിക്കുന്ന ആ ബൂർഷ്വാ പെൺസിംഹങ്ങൾ  വോട്ടവകാശം സിദ്ധിച്ചു കഴിഞ്ഞാൽ യാഥാസ്ഥിതികരുടെ ക്യാമ്പുകളിലെ വെറും ആട്ടിൻകുട്ടികളായി മാറും’ . എന്ന് കൂടി അവർ നിരീക്ഷിക്കുന്നുണ്ട്.

“മുതലാളിത്തവും കൂലിസമ്പ്രദായവും തുടരുന്നേടത്തോളം കാലം, മിച്ചമൂല്യം ഉദ്പാദിപ്പിക്കുന്ന, മൂലധനം വർദ്ധിപ്പിക്കുന്നതരം പ്രവർത്തനങ്ങൾ മാത്രമാണ്  ഉത്പാദനാധിഷ്ഠിതം. ഈ കാഴ്ചപ്പാടനുസരിച്ച്, തന്റെ തൊഴിലുടമയുടെ പോക്കറ്റിലേക്ക് തന്റെ കാലുകളുടെ ചലനം കൊണ്ട് ലാഭം തട്ടിയിട്ടു കൊടുക്കുന്ന നൃത്തശാലയിലെ നർത്തകി ഉദ്പാദനപ്രക്രിയയിലേർപ്പെട്ട തൊഴിലാളിയാണ്. അതേസമയം തൊഴിലാളിസ്ത്രീകളുടെ, അമ്മമാരുടെ, ഗാർഹികജോലികൾ ഉദ്പാദനപരമായി കണക്കാക്കുന്നില്ല. മുതലാളിത്തസമ്പദ് വ്യവസ്ഥയുടെ നിഷ്ഠൂരതക്കും ഭ്രാന്തിനും അനുരൂപമായിത്തന്നെ ഈ കാഴ്ചപ്പാടും തീർത്തും നിഷ്ഠൂരവും ഭ്രാന്തവുമാണ്. ഈ നിഷ്ഠൂരയാഥാർത്ഥ്യത്തെ വ്യക്തമായും കർക്കശമായും കണ്ടെത്തുക എന്നതാണ് തൊഴിലാളിവനിതകളുടെ പ്രഥമകർത്തവ്യം” എന്നാണ് റോസയുടെ ഉറച്ചനിലപാട്.

റോസയുടെ  ഉറ്റസ്‌നേഹിത കൂടിയായിരുന്ന ക്ലാര സെത്കിൻ പത്രാധിപ ആയിരുന്ന, സമത്വം എന്ന് അർഥം വരുന്ന ‘ഡി ഗ്ലെയ്ഷെ ‘ എന്ന പ്രസിദ്ധീകരണത്തിന് അക്കാലത്ത് ഒരു ലക്ഷത്തിൽപ്പരം വരിക്കാരുണ്ടായിരുന്നു എന്നതിൽ നിന്നുതന്നെ ഈ പ്രതിഭകൾ  നടത്തിയ സ്ത്രീവിമോചന പോരാട്ടങ്ങളുടെയും ആശയപ്രചരണത്തിന്റെയും ആഴമറിയാം. തൊഴിലാളിവനിതാ ദിനം  ആചരിച്ചു കൊണ്ട് സോഷ്യൽ  ഡെമോക്രാറ്റിക് പാർട്ടി  വനിതകൾക്കായി ചില പ്രത്യേക കർമ്മപരിപാടികൾ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് റോസാ ലക്സംബർഗ് എഴുതിയ ലേഖനമാണ് ‘തൊഴിലാളി വനിത’.

“സ്വത്തുടമയായ ബൂർഷ്വാ സ്ത്രീയ്ക്ക് അവളുടെ വീടാണ് ലോകം. എന്നാൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് മുഴുവൻ ലോകവും വീടാണ്. തൊഴിലാളി സ്ത്രീ, തുരങ്കനിർമ്മാണ ത്തൊഴിലാളികൾക്കൊപ്പം ഇറ്റലിയിൽ നിന്ന് സ്വിറ്റ്സർലാന്റിലേക്ക് നീങ്ങുന്നു. ബാരക്കുകളിൽ കഴിച്ചുകൂട്ടുന്നു. തുരങ്കനിർമ്മാണത്തിലെ എല്ലാ കഠിനതകളോടും പൊരുത്തപ്പെടുന്നു. ഒരു കർഷകത്തൊഴിലാളി സ്ത്രീ അവളുടെ ഉത്പന്നങ്ങളുമായി തലയിൽ ഒരു തൂവാലയും കെട്ടി നാടുതോറും സഞ്ചരിക്കുന്നു… “ഒരു ബൂർഷ്വാസ്ത്രീക്ക് രാഷ്ട്രീയാവകാശങ്ങളിൽ യാതൊരു താല്പര്യവും ഉണ്ടാവുകയില്ല. കാരണം അവൾ സമൂഹത്തിൽ ഒരു സാമ്പത്തിക പ്രവർത്തനവും നടത്തുന്നില്ല. അധീശവർഗ്ഗത്തിന്റെ അവകാശങ്ങൾ അവൾ പൂർണമായി ആസ്വദിക്കുന്നു. അവളെ സംബന്ധിച്ചിടത്തോളം സ്ത്രീസമത്വത്തിനുള്ള ആഹ്വാനം എന്നത്, ഏതാനും അവശവിഭാഗങ്ങളുടെ ഭൗതികാടിസ്ഥാനമില്ലാത്ത വെറും ആശയസംഹിതയാണ്. പുരുഷനും സ്ത്രീയും തമ്മിലുള്ള പോരിന്റെ ഭാഗമായുള്ള ഭ്രാന്തൻ ചിന്ത. ഒരു വെറും തട്ടിപ്പ്. ദരിദ്രരിലും ദരിദ്രരായ, അവകാശരഹിതരിലും അവകാശരഹിതരായ, തൊഴിലാളിവർഗവനിതകൾ മുതലാളിത്തഭീകരതയുടെ മേധാവിത്വത്തിൽ നിന്നും മനുഷ്യവർഗ്ഗത്തെ മൊത്തത്തിലും സ്ത്രീസമൂഹത്തെ പ്രത്യേകിച്ചും മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ  അണിചേരാൻ വെമ്പുകയാണ്” എന്നാണ് റോസലക്സംബർഗ് പറയുന്നത്.

മുതലാളിത്തത്തിന്റെ ആന്തരികവൈരുധ്യങ്ങൾ കണ്ടറിഞ്ഞ  സാമ്പത്തിക ശാസ്ത്രജ്ഞ:

പോളണ്ടിന്റെ സാമ്പത്തികചരിത്രത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രമായ ഒന്നാണ് ‘പോളണ്ടിന്റെ സാമ്പത്തിക വികാസം (The industrial development of Poland) എന്ന റോസാ ലക്സംബർഗിന്റെ ഡോക്ടറൽ പ്രബന്ധം. 1897ൽ സൂറിച് യൂണിവേഴ്സിറ്റി ഈ പ്രബന്ധത്തിന് ‘ഡോക്ടർ ഓഫ് ലോ’ ബിരുദം നൽകി. റഷ്യൻഅധിനിവേശം പോളണ്ടിലെ തൊഴിലാളിവർഗതാല്പര്യങ്ങളെ എത്രമാത്രം പിന്നോട്ടടിപ്പിച്ചു എന്നതുൾപ്പടെയുള്ള സൂക്ഷ്മവിശകലനങ്ങൾ നിറഞ്ഞതാണ് പ്രസ്തുത പ്രബന്ധം. 1913ൽ പ്രസിദ്ധീകരിച്ച ‘മൂലധനത്തിന്റെ സമാഹരണം ‘(Accumulation of Capital) എന്ന പുസ്തകത്തിന്റെ ഉപശീർഷകം’ സാമ്രാജ്യത്തെ സംബന്ധിച്ച വിശദീകരണത്തിനൊരു സംഭാവന.’ (A contribution to an Explanation to Imperialism) എന്നതാണ്.

മുതലാളിത്തപൂർവസമൂഹത്തിന്റെ നാശവും സാമ്രാജ്യത്വത്തിന്റെ നിർമ്മാണവും ഒരു  ആകസ്മികതയല്ല. മറിച്ച്, മുതലാളിത്തത്തിന്റെ ബോധപൂർവമായ പ്രവർത്തനത്തിന്റെ ഫലമായും അതിനനുയോജ്യമായും തന്നെ സംഭവിക്കുന്ന സ്വാഭാവികമാറ്റമാണത്. തുടക്കം മുതലേ തന്നെ മുതലാളിത്ത ഉദ്പാദനനിയമങ്ങളും രീതികളും  ലക്ഷ്യമിടുന്നത് ഭൂഗോളത്തെ മൊത്തം, ഉത്പാദനശക്തികളുടെ ഒരു സൂക്ഷിപ്പ്കേന്ദ്രമാക്കുക എന്നതാണ്. ചൂഷണം ലക്ഷ്യംവെച്ചു കൊണ്ട് മുതലാളിത്തം ബന്ധപ്പെട്ട ഉദ്പാദനശക്തികളെ പ്രചോദിപ്പിക്കുകയും ലോകത്തെ മൊത്തം കൊള്ളയടിക്കുകയും ചെയ്യുന്നു. ഭൂമിയുടെ എല്ലാ കോണുകളിലുമുള്ള എല്ലാ സമൂഹങ്ങളിൽ നിന്നും എല്ലാ സംസ്കൃതികളിൽ നിന്നും അതിനാവശ്യമുള്ള ഉദ്പാദനോപകരണങ്ങളെ, വേണ്ടി വന്നാൽ ബലംപ്രയോഗിച്ചു പോലും കൈവശപ്പെടുത്തുകയും ചെയ്യുന്നു.

റോസയുടെ തലമുറയിൽപ്പെട്ട വളരെക്കുറച്ചു മാർക്സിസ്റ്റ്ചിന്തകർക്കു മാത്രമേ പിൻനിരരാഷ്ട്രങ്ങൾക്കുമേൽ  സാമ്രാജ്യത്വം നടത്തികൊണ്ടിരുന്ന വിനാശകരമായ തേരോട്ടത്തെക്കുറിച്ച് യഥാർത്ഥ്യബോധത്തോടെ ചിന്തിക്കാൻ സാധിച്ചിരുന്നുള്ളൂ. ഫ്രഞ്ച്സാമ്രാജ്യത്വം അൾജീരിയയിലും ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിലും ചൈനയിലും അമേരിക്കൻസാമ്രാജ്യത്വം ദക്ഷിണാഫ്രിക്കയിലും നടത്തി വന്ന അതിക്രൂരമായ ചൂഷണം ദീർഘദർശിത്വത്തോടെ റോസ പഠനവിധേയമാക്കി.

‘റഷ്യൻ വിപ്ലവം’ എന്ന ലേഖനം റഷ്യൻവിപ്ലവത്തെക്കുറിച്ചുള്ള ആഴമേറിയതും സമഗ്രവുമായ പഠനമാണ്. ഒന്നാം ലോകയുദ്ധത്തിനെതിരെ അവർ നടത്തിയ വിപുലമായ ആശയപ്രചരണങ്ങളുടെ പേരിൽ ജയിലിലടക്കപ്പെട്ട കാലത്താണ് റോസ ഈ ലേഖനമെഴുതുന്നത്. പക്ഷേ അവരുടെ മരണശേഷം മാത്രമേ ഇത് പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ. റഷ്യൻവിപ്ലവത്തെ അങ്ങേയറ്റം ആവേശത്തോടെ ശ്ലാഘിക്കുകയും ബോൾഷെവിക്കുകൾ അതിൽ വഹിച്ച പങ്കിനെ വിലമതിക്കുകയും ചെയ്യുമ്പോഴും തൊഴിലാളിവർഗം അധികാരം പിടിച്ചെടുത്തു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് സോഷ്യലിസ്റ്റ് ജനാധിപത്യം സ്ഥാപിക്കേണ്ടതുണ്ട് എന്നവർ ഓർമിപ്പിക്കുന്നു. തൊഴിലാളിവർഗ്ഗത്തിന്റെ സർവാധിപത്യത്തോട് എതിർപ്പില്ലെങ്കിലും അത് തൊഴിലാളിവർഗത്തിന്റെ തന്നെ സർവാധിപത്യമായിരിക്കണമെന്നും ഏതെങ്കിലും ഒരു പാർട്ടിയുടെയോ ക്ലിക്കിന്റെയോ സർവാധിപത്യമായിരിക്കരുത് എന്നും റോസക്ക്‌ നിർബന്ധമുണ്ടായിരുന്നു.

ഉൾപ്പാർട്ടി ജനാധിപത്യത്തെ സംബന്ധിച്ച ലെനിന്റെ നിലപാടുകൾ റോസയുടെ ജനാധിപത്യമനസ്സിന് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. സോഷ്യലിസവും ജനാധിപത്യവും പരസ്പരബന്ധിതമാണെന്നും ഒന്നില്ലാതെ മറ്റേത് കൈവരിക്കാനാവില്ല എന്നും ആത്മാർത്ഥമായ ബോധ്യമുണ്ടായിരുന്ന വിപ്ലവകാരിയായിരുന്നു അവർ.

1917ൽ റോസയുടെ താല്പര്യപ്രകാരം രൂപീകൃതമായ സ്പാർട്ടക്കസ് ലീഗ് കേന്ദ്രമാക്കിയാണ് ജർമ്മൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വികസിക്കുന്നത്. ജയിൽവാസവും വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയിട്ടുള്ള വിപ്ലവപ്രവർത്തനങ്ങളും മാത്രമല്ല, രണ്ടാം ഇന്റർ നാഷണലിനെ തുടർന്നുള്ള കാലഘട്ടത്തിലെ   മാർക്സിസ്റ്റ് ചിന്തകളിലും നിർണായകമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു റോസ. സഹജമായ ആഭ്യന്തര വൈരുധ്യങ്ങൾ കൊണ്ട് മുതലാളിത്തം, വിപ്ലവപ്രസ്ഥാനങ്ങളുടെ ഇടപെടലുകളില്ലാതെ, താനേ തകരുമെന്ന ആശയം അംഗീകരിക്കാൻ റോസ തയ്യാറായിരുന്നില്ല. പരിഷ്കരണവാദികളായ ബേൺസ്റ്റൈനും പിന്തുടർച്ചക്കാരും മുന്നോട്ടുവെച്ച ‘ലക്ഷ്യമല്ല പ്രസ്ഥാനമാണ് പ്രധാനം’ എന്ന ആശയത്തെ നിശിതമായി അവർ എതിർത്തു. ‘അന്തിമലക്ഷ്യവുമായി ബന്ധപ്പെടുത്താത്ത പ്രസ്ഥാനം എനിക്ക് ഒന്നുമല്ല, അന്തിമലക്ഷ്യമാണ് പരമപ്രധാനം’ എന്ന ബദൽ ആശയം മുന്നോട്ടു വെച്ചു. തൊഴിലാളികൾ താൽക്കാലികലാഭത്താൽ പ്രലോഭിതരാകുമെന്ന ആപത്ത് പരിഷ്കരണവാദത്തിൽ റോസക്ക്‌ കാണാൻ കഴിഞ്ഞിരുന്നു. റോസയുടെ പുസ്തകങ്ങളുടെ വായനയും പുനർവായനയും സമകാലികഇന്ത്യൻ സാഹചര്യങ്ങളിലും ഏറെ പ്രസക്തമാണ്.

‘റോസാ ലക്സംബർഗിന്റെ ജീവിതവും പ്രവർത്തനങ്ങളും’ എന്ന ഗ്രന്ഥത്തിൽ പോൾ ഫ്രോലിക് ഇങ്ങനെ എഴുതുന്നു: “ലീബ്നീഷിനെ കസ്റ്റഡിയിലെടുത്ത് അല്പം കഴിഞ്ഞ് റോസയെ അതുവരെ പാർപ്പിച്ച ഹോട്ടലിൽ നിന്ന് പുറത്തേക്കു കൊണ്ടുവന്നു. ഫസ്റ്റ് ലഫ്റ്റനന്റ് വോഗലിന്റെ നിർദ്ദേശാനുസരണം വാതിലിന് പുറത്തു കാത്തുനിന്ന പട്ടാളക്കാരൻ അയാളുടെ തോക്കിന്റെ പാത്തികൊണ്ട് ആ ധീരയായ കമ്മ്യൂണിസ്റ്റ്‌കാരിയുടെ തലക്ക് രണ്ടുവട്ടം ശക്തിയായി ഇടിച്ച് തലയോട്ടി തകർത്തുകളഞ്ഞു”. ലീഷ്ടെൻസ്റ്റെയിൻ പാലത്തിനു മുകളിൽ നിന്നും വോഗലിന്റെ നിർദ്ദേശാനുസരണം ആ ധീരരക്തസാക്ഷിയുടെ ജീവനറ്റ ശരീരം പട്ടാളക്കാർ ലാന്റ് വേർ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഏതാണ്ട് സമാനമായിരുന്നു ലിബ്നീഷിന്റെ അന്ത്യവും.

“സോഷ്യലിസ്റ്റ് ആശയങ്ങൾ റോസാ ലക്സംബർഗിനെ സംബന്ധിച്ചിടത്തോളം അവരുടെ മനസ്സിലും ബുദ്ധിയിലും ഒരുപോലെ നിലനിന്ന ശക്തമായ വികാരമായിരുന്നു, ഒരു സൃഷ്ട്യുന്മുഖമായ വികാരം. അളവറ്റ മനോബലവും നിസ്വാർത്ഥ നിലപാടുകളും അർപ്പണ ബോധവും സ്വായത്തമാക്കിയ അവർ തനിക്കുണ്ടായിരുന്നതെല്ലാം സോഷ്യലിസത്തിനു സമർപ്പിച്ചു” എന്നാണ് സന്തതസഹചാരിയായിരുന്ന ക്ലാരാ സെത്കിൻ അവരെപ്പറ്റി എഴുതുന്നത്.

“ചുകന്ന റോസയും അപ്രത്യക്ഷയായി.

അവൾ കിടക്കുന്നയിടം കാഴ്ചക്കപ്പുറമാണ്.

അവൾ പാവങ്ങൾക്ക്‌ ജീവിതമെന്താണെന്ന് പറഞ്ഞു കൊടുത്തു.

അതുകൊണ്ട് പണക്കാർ അവളെ തൂത്തു മായ്ച്ചുകളഞ്ഞു”.

എന്ന ബെർതോൾഡ് ബ്രെഹ്ത്തിന്റെ കവിത തന്നെയാണ് ആ ധീരരക്തസാക്ഷിയെ സംബന്ധിച്ച സത്യം.

Hot this week

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

Topics

മൈക്കിൾ ജാക്‌സനും അനേകായിരം ‘മൈക്കിൾ ജാക്‌സന്മാ’ർക്കും

ഒരു തലമുറയിലേക്ക്‌ മൈക്കിൾ ജാക്‌സനും അതിലൂടെ ബ്രേക്ക്‌ ഡാൻസും കൊണ്ടുവന്ന ആവേശം...

ദ്വീപിന്റെ സൗന്ദര്യത്തിൽനിന്ന്‌ സർറിയലിസത്തിലേക്ക്‌

അതീന്ദ്രീയ യാഥാർഥ്യവാദം റിയലിസത്തിനും അപ്പുറം എന്നൊക്കെ അർഥമാക്കുന്ന സർറിയലിസം, ദാദായിസത്തിനുശേഷം ശക്തിയായി...

നിർവാഹകയുടെ ചരിത്രാഖ്യാനം

‘തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം. കുറ്റമൊന്നും ചെയ്തിട്ടില്ല എന്ന്...

എൻ പ്രസാദറാവു

ആന്ധ്രയിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളാണ്‌ എൻ പ്രസാദറാവു. കമ്യൂണിസ്റ്റ്‌ പാർട്ടിയും കിസാൻസഭയും...

ഫാസിസം പ്രതിസന്ധി ഇല്ലാതാക്കിയോ?

ഫാസിസവും നവഫാസിസവും 8 "ഭാഗ്യവശാൽ ഇറ്റാലിയൻ ജനത ഒരു ദിവസം നിരവധി തവണ ഭക്ഷണം കഴിച്ചു ശീലിച്ചിട്ടില്ല. അവരുടെ ജീവിത നിലവാരം വളരെ താഴെയാണ്.അവർ ദൗർലഭ്യവും കഷ്ടപ്പാടും അനുഭവിക്കുന്നു" (മുസോളിനി 1930 ഡിസംബർ 18ന് നടത്തിയ പ്രസംഗം)തന്റെ ഭരണകാലത്തും ഇറ്റാലിയൻ ജനത കഷ്ടപ്പെട്ടാണ് ജീവിച്ചു വന്നിരുന്നത് എന്ന് മുസോളിനി തന്നെ സമ്മതിക്കുന്ന പ്രസംഗമാണിത്. സ്ഥിരം ഉയർത്തുന്ന വൈകാരികമായ സങ്കുചിത ദേശീയവാദവും ആത്മീയ...

സ്പോർട്സ് ജിനോമിക്സ് കായിക പ്രതിഭാനിർണ്ണയത്തിൽ നിർണായകമാകുമ്പോൾ

പുരാതനകാലം മുതൽ മനുഷ്യൻ വിവിധ കായിക പ്രവർത്തനങ്ങളിലും കളികളിലും ആരോഗ്യ പരിപാലനത്തിന്റെ...

നെഹ്‌റൂവിയൻ ആശയങ്ങളും നിയോഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടവും

ഇന്ന് ജവഹർലാൽ നെഹ്‌റുവിന്റെ 61-‐ാം ചരമവാർഷികദിനമാണ്. 1964 മെയ് 27-നാണ് ആ...

അനുഭവൈക വാദം (എംപെരിസിസം)

മനുഷ്യൻ അറിവുകൾ ആർജിക്കുന്നത് എങ്ങിനെയാണ് ? തനിക്കു ചുറ്റുമുള്ള വസ്തുക്കളെക്കുറിച്ചുള്ള ധാരണ...
spot_img

Related Articles

Popular Categories

spot_imgspot_img