സംഗ്രഹം
സർഗ്ഗാത്മക സ്വപ്നമെന്ന നിലയിൽ ‘മിത്ത്’ കാലത്തിന്റെ തൃപ്തികരമായ ആവശ്യകതയെ പൂരിപ്പിക്കുന്ന സങ്കല്പമാണ്. വാമൊഴി സാഹിത്യത്തിന്റെ ശാഖയായ പുരാവൃത്തങ്ങൾ വരമൊഴിയിലെ വ്യത്യസ്ത വ്യവഹാര രൂപങ്ങളിലേയ്ക്കും ഓരോ കാലഘട്ടത്തിലും വായനയിലും വ്യാഖ്യാനങ്ങൾ കൊണ്ടുവരുന്ന കടമ നിറവേറ്റുന്നുണ്ട്. കോഴിക്കോട്, പേരാമ്പ്ര തിരുവള്ളൂർ എന്ന സ്ഥലത്ത് പ്രചാരത്തിലുള്ള വീരപുരാവൃത്തമാണ് ‘തേവർവെള്ളൻ’ പുരാവൃത്തം. പി. എം ചന്ദ്രൻ തേവർവെള്ളൻ പുരാവൃത്തത്തെ അവലംബമാക്കിക്കൊണ്ട്, ‘തേവർവെള്ളൻ’ എന്ന പേരിൽ തന്നെ ഒരു നോവൽ രചിച്ചിട്ടുണ്ട്. പുരാവൃത്തവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ നോവലിൽ എങ്ങനെ സ്വീകരിച്ചുവെന്നും ഏതെല്ലാം തരത്തിലുളള മാറ്റങ്ങൾ വരുത്തിയെന്നും പുനരാഖ്യാന ഘടകങ്ങളെ അടിസ്ഥാനമാക്കി നോവലിനെ വിശകലനം ചെയ്യുന്നു.
താക്കോൽ വാക്കുകൾ
1.പുരാവൃത്തം 2.ആഖ്യാനം 3.നോവൽ 4.പുനരാഖ്യാനം 5.സംസ്കാരം 6.സമൂഹം അമാനുഷികരായ കഥാപാത്രങ്ങളെ ഉൾക്കൊള്ളുന്നതും പ്രകൃതി പ്രതിഭാസങ്ങളെയും മറ്റും സംബന്ധിച്ച ജനകീയ ആശയങ്ങളുടെ തീർത്തും സാങ്കൽപ്പികവുമായ അവതരണമാണ് പുരാവൃത്തം. വാമൊഴി കഥകളിലെ തനിമയാർന്ന കഥാസവിശേഷതകൾ ഓരോ പുരാവൃത്ത കഥകളെയും വ്യത്യസ്തമാക്കുന്നു. കഥ പറച്ചിലുകൾ അതത് സമയത്തിനും കാലഘട്ടത്തിനും സ്ഥലാവസ്ഥയിലെ മാറ്റങ്ങൾക്കുമനുസരിച്ച് പ്രതികരണങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. പുരാവൃത്തങ്ങളുടെ പരിണമിക്കാനുള്ള അടിസ്ഥാന സ്വഭാവം സാഹിത്യരൂപങ്ങളിലേയ്ക്കും ഇവ കലരുന്നതിന് തെളിവേകുന്നു. ആധുനിക കാലഘട്ടത്തിൽ വരമൊഴി സാഹിത്യത്തിലേക്ക് കടന്നു വന്ന നവീനവും ജനപ്രിയവുമായ വ്യവഹാര രൂപമാണ് നോവൽ. പല കഥകളുടെയും സമാഹാരം നോവൽ എന്ന സാഹിത്യരൂപത്തിൽ അടങ്ങിയിട്ടുണ്ട്. പുരാവൃത്തം മെനഞ്ഞ് കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ അടിസ്ഥാനമാകുന്നത് വിശ്വാസമാണ്. എന്നാൽ സാഹിത്യത്തിൽ എഴുത്തുകാരുടെ ഭാവന നിറഞ്ഞ സർഗാത്മകതയിലൂടെയാണ് അവ പുന:സൃഷ്ടിക്കപ്പെടുന്നത്.
കോഴിക്കോട് വടകര, പേരാമ്പ്ര എന്നീ സ്ഥലങ്ങളിൽ മാത്രം പ്രചാരത്തിലുള്ള ഒരു മിത്താണ് തേവർവെളളൻ. ഫോക്‌ലോർ അന്വേഷകരുടെ അന്വേഷണത്തിൽ വേണ്ടത്ര ശ്രദ്ധ പതിയാതെ പോയ ഈ വീരപുരാവൃത്തം, കാലം മുന്നോട്ട് സഞ്ചരിക്കുന്നതിനനുസരിച്ച് പുതിയ ആവിഷ്‌കാരങ്ങളിലേക്ക് രൂപംമാറുന്നുണ്ട്. ഈ പുരാവൃത്തത്തെ അടിസ്ഥാനമാക്കി ‘വെള്ളൻദൈവം’ എന്ന പേരിൽ മുണ്ട്യാടി ദാമോദരൻ 2018ൽ ഒരു നോവൽ രചിക്കുകയുണ്ടായി. തുടർന്ന് 2023ൽ ‘തേവർവെളളൻ’ എന്ന പേരിൽ തന്നെ ചന്ദ്രൻ പി.എം ഒരു നോവൽ എഴുതിയിട്ടുണ്ട്. “തേവർവെള്ളൻ: പുരാവൃത്തത്തിന്റെ പുനരാഖ്യാനം” എന്ന പ്രബന്ധത്തിൽ പി.എം.ചന്ദ്രന്റെ നോവലിനെയാണ് വിശകലനം ചെയ്യുന്നത്. തേവർവെള്ളൻ പുരാവൃത്തം നോവലിൽ എങ്ങനെ ആഖ്യാനം ചെയ്തിരിക്കുന്നു എന്നും പുരാവൃത്തവുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ നോവലിൽ എങ്ങനെ സ്വീകരിച്ചു എന്നും ഏതെല്ലാം തരത്തിലാണ് മാറ്റങ്ങൾ വരുത്തിയതെന്നുമുള്ള പഠനമാണ് ഈ പ്രബന്ധം. അതോടൊപ്പം ആഖ്യാനത്തിന്റെ സന്ദർഭ വിശകലനം അന്വേഷിക്കുകയും വാമൊഴി മാധ്യമത്തിൽ നിന്നും കേട്ടറിഞ്ഞ പുരാവൃത്ത കഥ നോവൽ എന്ന മറ്റൊരു മാധ്യമത്തിലേക്ക് പകർത്തപ്പെടുമ്പോൾ പുനരാഖ്യാനം എങ്ങനെ സംഭവിക്കുന്നു എന്നും ഇവിടെ പരിശോധിക്കുന്നു.
പുരാവൃത്ത പരിചയം
ധാരാളം പ്രദേശിക വകഭേദങ്ങൾ കൂടിച്ചേർന്ന പുരാവൃത്തമാണ് തേവർവെള്ളൻ പുരാവൃത്തം. പുരാവൃത്തങ്ങളുടെ വർഗീകരണക്രമത്തിൽ വീരപുരാവൃത്തങ്ങളിൽ ഇത് ഉൾപ്പെടുന്നു. ഇത്തരം പുരാവൃത്തത്തിൽ പിറവി മുതൽ മരണാനന്തര ജീവിതം അടക്കമുള്ള ആഖ്യാനങ്ങളിൽ അലൗകികമോ അത്ഭുതകരമോ ആയ ആശയങ്ങൾ കലർന്നു വരും. തേവർവെള്ളൻ പുരാവൃത്തത്തിന്റെ ഒരു ഭാഗം ഫോക്ക്‌ലോർ പണ്ഡിതനായ ഡോ. എം വി വിഷ്ണു നമ്പൂതിരി രേഖപ്പെടുത്തിയിരിക്കുന്നത്, ഇങ്ങനെയാണ്. “കോഴിക്കോട് ജില്ലയിൽ പ്രത്യേകിച്ചും വടകര താലൂക്കിലെ പുലയരുടെ ഒരു ആരാധ്യ പുരുഷനാണ് തേവർവെള്ളൻ. നാട്ടിൽ നിന്നും വിദ്യകളെല്ലാം പഠിച്ച ശേഷം ചോയി (യോഗി) കളരിയിൽ പഠിക്കുവാൻ പോയി. ഒരിക്കൽ പുഴ കടക്കുവാൻ തോണിയില്ലാതെ വന്നപ്പോൾ മന്ത്രം ജപിച്ച് മുതലയെ വരുത്തുകയും അതിന്റെ പുറത്ത് കയറി വെള്ളയൻ പുഴ കടക്കുകയും ചെയ്തു. നാട്ടുകോയ്മയായ ഒരു നായരുടെ ഭവനത്തിൽ തിറ ഉത്സവത്തിന് പോയ വെള്ളയനെ ശിക്ഷിക്കുവാൻ നാട്ടുകോയ്മ ആജ്ഞാപിച്ചു. വെട്ടുകളൊന്നും അവനേറ്റില്ല. സംക്രമത്തിനും ഓണത്തിനും മറ്റും തമ്പുരാൻ കൊടുത്തു വന്നിരുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. അപ്പോൾ വെള്ളയൻ തമ്പുരാന്റെ വയലിൽ ചെന്ന് നെല്ല് കൊയ്തെടുത്തു. വെള്ളയനെ അമർച്ച ചെയ്യുവാൻ തമ്പുരാൻ തച്ചോളി ഉദയനെ വരുത്തിയെങ്കിലും വെള്ളയനെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. വെള്ളയന്റെ പുരാവൃത്തം തിറപ്പാട്ടുകളിലും വടക്കൻ പാട്ടുകളിലും ആഖ്യാനം ചെയ്യുന്നുണ്ട് (എം വി വിഷ്ണു നമ്പൂതിരി, 133:2014).
പൂർണമാവാത്ത ഈ പുരാവൃത്ത കഥ പൂർണമായി ചൊല്ലുന്നത് വ്യത്യസ്ത കാവുകളിലായ് വെള്ളന്റെ തിറ കെട്ടിയാടുന്ന സമയങ്ങളിലെ തോറ്റങ്ങളിലാണ്. കൂടാതെ വെള്ളനുമായി ബന്ധപ്പെട്ട് നീണ്ടുകിടക്കുന്ന ഇത്തരം കഥാ വൈവിധ്യങ്ങൾ പേരാമ്പ്രയ്ക്ക് ചുറ്റുമുള്ള പ്രദേശവാസികളിൽ ചിലർക്കും പരിചിതമാണ്. അവയെക്കുറിച്ചുള്ള വിവരശേഖരണം നോവലിസ്റ്റ് നടത്തിയതായി നോവലിന്റെ മുഖക്കുറിപ്പിൽ അടയാളപ്പെടുത്തുന്നുണ്ട്. അതിനാൽ നോവലിൽ തേവർവെള്ളൻ പുരാവൃത്ത സ്വാധീനം പ്രത്യക്ഷതലത്തിൽ നിന്നുതന്നെ വെളിവാകുന്നു. എത്തനോഗ്രാഫിക് ഫീൽഡ് പഠനത്തിന്റെ മാർഗം സ്വീകരിച്ച് രചിക്കപ്പെട്ട കൃതിയായും നോവലിനെ ഈ കാരണത്താൽ കണക്കാക്കാവുന്നതാണ്.
പുനരാഖ്യാന വിശകലനം
നോവൽ പഠനങ്ങൾ പൊതുവെ ആഖ്യാന പഠനങ്ങൾക്ക് പ്രാധാന്യം നൽകുന്നവയാണ്. എല്ലാവർക്കും പരിചിതമായ പ്രമേയം എങ്ങനെ വീണ്ടും ആവർത്തിക്കപ്പെട്ട് പുതുമ സൃഷ്ടിക്കുന്നു എന്ന ആരായലാണ് ഇവിടെ കൗതുകമായി വർത്തിക്കുന്നത്. ‘തേവർവെള്ളൻ നോവലിലെ കഥന സമ്പ്രദായം ഒരു സ്യൂഡോ-റിയലിസ്റ്റിക് ആഖ്യാനരീതി സ്വീകരിച്ചുകൊണ്ട് തിരക്കഥാ പശ്ചാത്തലത്തിലാണ് രചിച്ചിരിക്കുന്നത്. പുരാവൃത്തങ്ങളിൽ പൊതുവായി കാണുന്ന യാഥാർത്ഥ്യവും അയഥാർത്ഥ്യവും കൂടി കുഴയുന്ന സങ്കല്പ ലോകസൃഷ്ടി രീതി നോവലും തെരഞ്ഞെടുത്തത് സമാന പ്രതീതിതന്നെ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. നിരവധി കഥകൾ നോവലിൽ പ്രതിപാദിച്ചുകൊണ്ട് പുരാവൃത്തത്തിലൂടെയുള്ള നോവലിസ്റ്റിന്റെ സഞ്ചാരമാണ് ‘തേവർവെള്ളൻ’ എന്ന വീരപുരാവൃത്ത സൃഷ്ടിക്കും ആഖ്യാനത്തിനും പ്രചോദനമായത്. അടിസ്ഥാന ജനവിഭാഗത്തിന്റെ അവസര നിഷേധത്തിനെതിരെ പ്രതിഷേധിച്ച പോരാളിയായിരുന്നു തേവർവെള്ളൻ. മിത്തിന്റേതായ വിശ്വാസവലയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഈ ദളിത് പ്രതിനിധാനത്തെ പുറംലോകത്തിലേക്ക് ആവിഷ്‌കരിക്കുക എന്നതും നോവലിലൂടെ സാധിക്കുന്നു. പുരാവൃത്തങ്ങളിൽ നിന്നും ലഭിച്ച വസ്തുതകളുടെ പിൻബലത്തിൽ ‘തേവർവെള്ളൻ’ എന്ന സാങ്കല്പികരൂപത്തെക്കുറിച്ചു തയ്യാറാക്കിയ നോവലും ഭാവനാത്മകമായ പുന:സൃഷ്ടിയായി കണക്കാക്കാം. നോവൽ ആരംഭിക്കുന്നത് തന്നെ രണ്ടുവരി ഉദ്ധരണിയോടു കൂടിയാണ്,
“നല്ലൊന്നാഞ്ചേല് എണ്ണക്കറപ്പ്! ഈന്തിന്റെ തുടുപ്പ്!
കൈതപ്പൂവിന്റെ മണം! നെലാ ഉദിക്കണ കണ്ണ്!’ (ചന്ദ്രൻ.പി.എം, 9:2023)
ആരെ വർണ്ണിച്ചുകൊണ്ടുള്ളതാണ് ഈ വരികൾ എന്ന സംശയം നോവലിന്റെ തുടർ വായനയിൽ നിന്നും വെള്ളനെ വിശേഷിപ്പിക്കുകയാണെന്ന വ്യക്തത നൽകുന്നു. നല്ലൊന്നാഞ്ചേല് എണ്ണക്കറപ്പ് എന്ന വിശേഷണം തന്നെ നോവലിസ്റ്റ് പുനർനിർമ്മിച്ചതാണ്. പുരാവൃത്തങ്ങളിലെല്ലാം വെള്ളന്റെ നിറം വെളുപ്പായി പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും കറുപ്പ് നിറത്തിലേക്കുള്ള നോവലിലെ നിർമ്മാണം വ്യത്യസ്തത പുലർത്തുന്നു. ആഖ്യാന മികവിലൂടെയാണ് നോവൽ മുഖ്യധാരയിലേക്ക് കടന്നുചെല്ലുന്നത്. നോവൽ വ്യവഹാരത്തിൽ പുരാവൃത്തം അവതരിപ്പിക്കുന്നതിനായി കാര്യകാരണബന്ധത്തോടെയുള്ള സംഭവങ്ങൾ ക്രമീകരിക്കുന്നു. പേടിച്ചു വിറച്ചുകൊണ്ട് അദ്രൈമാൻ പീടിക വരാന്തയിലേക്ക് കയറുന്നതും അവിടെ ഉണ്ടായിരുന്ന കൂട്ടത്തോട് താൻ പേടിക്കാനുണ്ടായ കാരണം വിശദമാക്കിയാണ് നോവൽ ആരംഭിക്കുന്നത്. “കാവിലെ തറേമ്മല് തീ കത്തും പോല്യൊരു വെളിച്ചം. ആകാശത്തേക്ക് തീപ്പൊരി പറക്കും പോലെ, വെളിച്ചത്തില് ഒരു വെള്ത്ത മുറിമുണ്ടുടുത്ത് ഒരാള് വെറ്ങ്ങനെങ്ങനെ ന്ക്ക്ന്ന്. ഒന്ന് കണ്ണ് ചിമ്മിത്തൊറന്നപ്പോ പിന്ന കാണ്ന്നില്ല’. കാവിൽ വിളക്ക് തെളിയിക്കുന്ന ആണ്ടി, അദ്രൈമാന്റെ സംശയനിവാരണത്തിനായ് അത് വെള്ളൻ തന്നെ എന്ന് ഉറപ്പിക്കുന്നു. പീടിക കോലായിലെ കളിയിലേർപ്പെട്ടവരും പരിസരത്ത് ഇരിപ്പ് ഉറപ്പിച്ചവരും ആണ്ടിയുടെ ഉത്തരത്തിനു ശേഷം വെള്ളനെ കുറിച്ച് നാട്ടിൽ പ്രചാരത്തിലുള്ള കഥകൾ പരസ്പരം ചർച്ചയ്ക്ക് വിധേയമാക്കുന്നു. ഒടുവിൽ നോവലിലെ പ്രധാന ആഖ്യാതാവിനെ വെളിപ്പെടുത്താനായി നോവലിസ്റ്റ് “എല്ലാം ഒരു കൗതുകം പോലെ കേട്ടുകൊണ്ട് കടവരാന്തയിൽ മാറിനിൽക്കുകയായിരുന്നു ഞാൻ’ എന്നതിൽ ആഖ്യാതാവിനെ അവതരിപ്പിക്കുന്നു. കഥയിൽ ആഖ്യാതാവിനെക്കുറിച്ച് ജിജ്ഞാസ തോന്നിപ്പിക്കുകയും തേവർവെള്ളനെക്കുറിച്ച് അറിയുന്നതിനായ് എന്ന മാർഗത്തിൽ, ജനസാമാന്യത്തിലേക്ക് പൂർവാധികം ലോകപരിചയം തേവർവെള്ളനെ അവതരിപ്പിക്കാനുള്ള ശ്രമവുമാണ്, ഇനിയുള്ള നോവൽ ഭാഗങ്ങളിലൂടെ എഴുത്തുകാരൻ നടത്തുന്നത്. സാധാരണ വാമൊഴി കഥാന്വേഷണത്തിനായി ആവേദകരെ സമീപിക്കുന്ന അതേരീതി നോവലിൽ ആഖ്യാതാവും പിൻതുടരുന്നു. വെള്ളനെക്കുറിച്ച് കൂടുതലറിയാനായി ആണ്ടിയേട്ടനെ സമീപിക്കുന്നു. ആണ്ടിയേട്ടനിലൂടെ തേവർവെള്ളനെ വീണ്ടും അല്പാല്പമായി പരിചയപ്പെടുന്നു.
ആദ്യഘട്ടത്തിൽ ഒരു കാവും പരിസരവും അതുമായ് ബന്ധപ്പെട്ട വെള്ളന്റെ വീരകൃത്യവും മാത്രമാണ് അവതരിപ്പിക്കുന്നത്. അവർണവിഭാഗങ്ങൾക്ക് ചാമുണ്ഡി ചാലിലെ ഗുരുശി കാണാനനുവദിക്കാത്തതുമായി ബന്ധപ്പെട്ട വെള്ളന്റെ പ്രതികരണമാണത്. എന്നാൽ അതിൽ നിന്നും വീണ്ടും കുറച്ചുദൂരം സഞ്ചരിച്ച് ചാമുണ്ഡിച്ചാലും സർപ്പക്കാവും കൽത്തറയും അവിടെ വളർന്ന കുറ്റിച്ചെടികൾ പിഴുതു മാറ്റിയപ്പോൾ കൃഷ്ണശിലയിൽ കൊത്തിയെടുത്ത ഒരു അർധകായ പ്രതിമ വരെ തേവർവെള്ളനാണെന്ന പുന:സൃഷ്ടി നോവലിൽ ചേർത്തിരിക്കുന്നു. ആഖ്യാതാവിൽ വെള്ളൻ ഭയത്തിന്റെ സൃഷ്ടികല്പന നടത്തുന്ന സന്ദർഭങ്ങളും ഈ ഭാഗത്തുണ്ട്. ഒന്നാമത് അദ്രൈമാന്റെ ഭയം നേരിട്ട വിവരണമാണ്. രണ്ടാമത്, ആണ്ടിയുടെ കീച്ചങ്കൈയിലെ ജാനുന കാഞ്ഞിരമുകളിൽ നിന്നും കിട്ടിയ വിശദീകരണമാണ്. ഇവ രണ്ടും അമാനുഷികതയെ ഉറപ്പിക്കാനുള്ളതും ഭയത്തിന്റെ വിത്തുകൾ പടർത്താനുമുള്ള ഉപരിതല സ്പർശനം മാത്രമായിപ്പോയ ഘടകങ്ങളായി നോവലിൽ നിൽക്കുന്നു.
പാത്രങ്ങളുടെ വ്യാപാരമാണ് കഥാവസ്തു. രണ്ടാംഘട്ടത്തിൽ ആണ്ടിയെ കൊണ്ട് തേവർവെള്ളനെക്കുറിച്ചുള്ള ജനനം മുതൽ പര്യാവസാനം വരെയുള്ള കഥ അവതരിപ്പിക്കുന്നു. കഥയിൽ പുലയ സമുദായത്തിന്റേതായ ഭാഷാവതരണം, ചടങ്ങുകൾ, തൊഴിൽ, കഥാപാത്രങ്ങൾക്ക് നൽകിയിരിക്കുന്ന പേരുകൾ എന്നിവ അനുയോജ്യമായ രീതിയിൽ ആവിഷ്‌കരിച്ചത് ശ്രദ്ധയാകർഷിക്കുന്നതാണ്. പുരാവൃത്ത സ്വാധീനം കൂടുതൽ കാണാൻ സാധിക്കുന്നത് ഈ ഭാഗത്താണ്.
പാശ്ചാത്തല വർണ്ണന:
വയറ്റാട്ടി ചിരുത, വെള്ളന്റെ അമ്മ ‘ആകി’യുടെ പ്രസവമെടുത്തതും ‘ദൈവേ ഇതാകി പെറ്റതോ?’ എന്ന് അദ്ഭുതം കൊള്ളുന്നു, മറ്റുള്ളവരോട് ആകി പെറ്റത് തേവര്യാ എന്നും മറ്റുള്ളവർ അത് രഹസ്യമായി കൈമാറുന്നതും തികച്ചും ഹീറോകളുടെ ജനനത്തെ ഓർമ്മിപ്പിക്കും വിധം ആഖ്യാനം ചെയ്തിരിക്കുന്നു. തലമുറയായ് പ്രത്യക്ഷത്തിൽ പറഞ്ഞു പോരുന്ന പുരാവൃത്തകഥയിൽ ചോയ്യന് മൂന്ന് മക്കളുണ്ടായിരുന്നെന്നും മൂത്തവൻ വെള്ളനായിരുന്നു എന്നു മാത്രമാണ്. എന്നാൽ നോവലിലാവട്ടെ ജനനം പുനരവതരിക്കപ്പെടുമ്പോൾ അത് കൂടുതൽ ആസ്വാദനതലത്തിലേക്ക് പരിവർത്തിപ്പിക്കുന്നു.
പുലയ സമുദായത്തിന്റെ ജീവിതാവിഷ്‌കാര സാധ്യതകൾ, സംസ്കാരം തുടങ്ങിയവയോടൊപ്പം തന്നെ വടകര, പേരാമ്പ്ര ഭാഗത്തെ പ്രാദേശിക സ്വത്വാവതരണങ്ങളുടെ പ്രത്യേകതയും നോവലിൽ അടയാളപ്പെടുത്തുന്നുണ്ട്. മരുത്വം വിളി, അയ്യൻ വിളി, വയലിലെ ജോലി, ഭാഷാ രൂപങ്ങൾ കൂടാതെ കൈതോലയുടെ സാമുദായിക പ്രതീക പ്രസക്തിയും നോവലിൽ കാണുന്ന ഇടങ്ങളുണ്ട്. കൈതപ്പൂ പരിസര സൃഷ്ടി കൈതോല കൊണ്ട് കുട്ടയും പായയും ഉണ്ടാക്കൽ ഒരു കുലത്തൊഴിലായി പുലയർ തുടർന്ന് പോന്നിരുന്നതിന്റെ അടയാളങ്ങളുടെ പരിസര സൃഷ്ടിയാണ്.
വീണ്ടെടുപ്പുകൾ:
സ്വന്തം അച്ഛനായ ചോയ്യനെ അധികാരികൾ എന്തു ചെയ്തെന്ന തിരിച്ചറിവില്ലാതെ വൈകാരികമായി ദുർബ്ബലപ്പെടുന്ന വെള്ളനെ അവതരിപ്പിക്കുന്ന നോവൽ ഭാഗം, കൂടുതൽ ഹൃദ്യമാണ്. “എഞ്ചാ.. ഏനിതാ വിദ്യ തേടി തിരിച്ചു പോകുന്നു. ആ സങ്കടം ബാക്കിണ്ട്’ ചോയ്യന് കിട്ടിയ മൺകുടത്തിലെ പൊന്ന് തിരിച്ചേൽപ്പിക്കാത്തതിനാൽ വധശിക്ഷയ്ക്ക് വിധിക്കുമ്പോൾ പുഴയിൽ ചാടി രക്ഷപ്പെട്ട് ചോയ്യൻ മരിച്ചു എന്നും മരിച്ചില്ലെന്നുമുള്ള കഥ ഇപ്പോഴും നാട്ടിൽ പരക്കുമ്പോൾ നോവലിലൂടെ കാലം തേവർവെള്ളന്റെ വീണ്ടെടുപ്പ് നടത്തുന്നു. ദൈവമായി തേവർവെള്ളൻ പരിണമിക്കുന്നതിന് മുമ്പ് മിത്തിലൂടെ സംവേദനം ചെയ്യുന്ന അടിസ്ഥാനവർഗത്തിന്റെ മനുഷ്യന്റെ അന്നത്തെ ദയനീയാവസ്ഥ തിരിച്ചറിയാൻ നോവലിലൂടെ കഴിയുന്നു. വിദ്യയഭ്യസിച്ച് തിരിച്ചു വരുന്ന വെള്ളനെ കുലത്തിന്റെ കാവൽനായകനായി നോവലിൽ പ്രതിഷ്ഠിക്കുന്നു. ഇവയോടെപ്പം തന്നെ വിട്ടുപോകാതെ നോവലിൽ ചേർത്ത ഭാഗമാണ്, ഒതേനനുമായുള്ള വെള്ളന്റെ സൗഹൃദ സമ്പർക്കങ്ങൾ. ഒതേനനേക്കാൾ വിദ്യയിൽ മുൻഗാമിയായതിനാൽ ഒതേനനെ വിദ്യപഠിപ്പിച്ചു, എന്ന് പറയുമ്പോഴും ഇരിക്കാനൊരു ഇടം വെള്ളൻ ആവശ്യപ്പെടുന്നു. പുരാവൃത്തം പരിശോധിക്കുമ്പോൾ വെള്ളൻ തന്റെ സാഹസിക പ്രവൃത്തികൾകൊണ്ട് ഭൂമി സ്വന്തമാക്കിയത് വ്യക്തമാകും. നോവലിലും ഈ ഒരു സന്ദർഭത്തിൽ അതാണ് തെളിയുന്നത്.
അഭ്യാസ പരിശീലനം കഴിഞ്ഞ് പുലയർ കണ്ടി തറവാട്ടിലെത്തിയ വെള്ളൻ സുഹൃത്ത് ഒതേനനോടും മറ്റും വിട പറഞ്ഞ് തറക്കല്ലിൽ ഇരുന്ന് അന്ത്യവിശ്രമം കൊണ്ടെന്നും സുഹൃത്തിന്റെ ഓർമയ്ക്ക് ഒതേനൻ പുലയർ കണ്ടിയിൽ വെള്ളിയിൽ തീർത്ത വെള്ളന്റെ അർധകായ പ്രതിമ തീർക്കുന്ന വിവരണത്തോടു കൂടി നോവലിലെ വെള്ളൻ പുരാവൃത്തം അവസാനിക്കുന്നു. നിലവിൽ പ്രചാരത്തിലുള്ള പുരാവൃത്തത്തിന്റെ വൈരുദ്ധ്യം നോവലിൽ പ്രകടമായ് തെളിയുന്നത് ഈ സന്ദർഭത്തിലാണ്.
“കഥ, വ്യവഹാരം കൂടാതെ പാഠം (text) എന്നൊരു വിഭാഗത്തെ കൂടി നരേറ്റിവിന്റെ വിശലനത്തിന് അവതരിപ്പിക്കുന്നു. ഒരു കഥയെ ഭാഷ ചിഹ്നങ്ങളിലേക്ക് പരിവർത്തിപ്പിച്ചിരിക്കുന്നതിനെയാണ് ബാൽ പാഠം എന്നത് കൊണ്ട് വിവക്ഷിക്കുന്നത് “(ദിവ്യ ധർമ്മദത്തൻ, 16:2017) ആണ്ടിയെ കൊണ്ട് പറയിപ്പിക്കുന്ന ഈ കഥപറച്ചിലുകളിലെല്ലാം പുരാവൃത്തത്തിന്റെ പുനരാഖ്യാന പാഠങ്ങളെയാണ് നോവലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. നോവലവസാനിക്കുന്നത് ആഖ്യാതാവിന് തുടക്കത്തിൽ തേവർവെള്ളനോടുണ്ടായിരുന്ന ഭയപ്പാട് മാഞ്ഞു എന്നത് പ്രകാശിപ്പിച്ചു കൊണ്ടാണ്. “ചാമുഡി ചാലിലെ കൽത്തറക്കു സമീപം ആകാശത്തേക്കുയർന്നു പൊങ്ങുന്ന തീപ്പൊരി വെളിച്ചം കണ്ട് ഞാൻ പുഞ്ചിരിച്ചു’ (ചന്ദ്രൻ പി.എം, 36: 2023). തിരക്കഥാ പാശ്ചാത്തലത്തിലുള്ള രചന ചലിപ്പിക്കുന്ന ചിത്രങ്ങളെ നോവലിലെ ആദ്യ ഭാഗങ്ങളിൽ ദൃശ്യമാകുന്നുണ്ടെങ്കിലും അവസാന ഭാഗമെത്തുമ്പോഴേക്ക് കേവലം കഥാ വിവരണം മാത്രമായ് നോവൽ പലയിടങ്ങളിലും ചുരുങ്ങി പോകുന്നുണ്ട്.
ദളിത് രാഷ്ട്രീയവും പ്രതിരോധവും
വീരനായകനായ് തേവർവെള്ളൻ പുരാവൃത്തം നിശ്ചിത ദേശങ്ങളിൽ നിലനിന്നിട്ടും പുലയനായതിനാൽ താഴ്ത്തപ്പെട്ട വെള്ളൻപുരാവൃത്തം പുലയ സമുദായത്തിൽ മാത്രം ഒതുങ്ങി. നോവൽ എന്ന ജനുസിൽ പുരാവൃത്തം വീണ്ടും പ്രതിപാദിക്കുമ്പോൾ അതിജീവനത്തിന്റെ പ്രതിരോധമാണ് ഇനിയും മാറേണ്ട സമൂഹത്തിനായി നോവൽ വഴി തീർത്തിരിക്കുന്നത്. തച്ചോളി ഒതേനനേയും പുത്തൂരം വീടിനെയും വടക്കൻപാട്ടുകളെയും പരിലാളിക്കുന്ന വരേണ്യ അക്ഷര നിർമ്മിതികൾക്കൊപ്പമെത്താൻ വൈകിയെങ്കിലും’ തേവർവെളളൻ’ രചനയ്ക്കും കഴിയുന്നു. എഴുത്തിലെ കർതൃത്വം ദളിത് സമൂഹങ്ങൾക്കുള്ളിലും ആരംഭിച്ചിരിക്കുന്നു, എന്ന ആഹ്വാനത്തിന്റെ അടയാളപ്പെടുത്തലാണ് നോവൽ. വാമൊഴി പാരമ്പര്യത്തിന്റെ ഭാഗമായതിനാൽ തന്നെ കൈമാറുന്നതിനനുസരിച്ച് നിരന്തരം പരിഷ്കാരങ്ങൾ വരുന്നതാണ്. നോവലിൽ പുനരാഖ്യാനം ചെയ്യുമ്പോൾ നടക്കുന്നതും ഒരു തരത്തിൽ തുടർച്ചയാണ്. എഴുത്തു പാരമ്പര്യത്തിലൂടെ ധാരാളം വായനക്കാരിലേക്ക് പുരാവൃത്തം പകരുന്നു. വാമൊഴിയിൽ നാടിന്റെതായതും സമുദായപരമായതുമായ അതിർത്തികളിൽ കുടുങ്ങിക്കിടക്കുമ്പോൾ നോവലിൽ അവയെ വിശാലമാക്കാൻ വേണ്ടുന്ന സാധ്യതകളാണ് തുറന്നിടുന്നത്.
അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ സാംസ്കാരിക ഉല്പപ്പന്നമെന്ന നിലയിലും പുരാവൃത്തം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കീഴാള ജനതയ്ക്ക് വരമൊഴിയുടെ ആധികാരിക രേഖകൾ ഇല്ലാത്തതിനാൽ മുഖ്യധാര സാഹിത്യം അവരുടെ രചനകളെ പിൻതള്ളിയിട്ടുണ്ട്. പുലയ വിഭാഗക്കാരുടെ ആരാധ്യ പുരുഷനായ വെള്ളനും ബന്ധപ്പെട്ട കഥാ വ്യവഹാരങ്ങളും പ്രതീകങ്ങളുടെ പ്രതിനിധാനമായി പരിചയപ്പെട്ടുകൊണ്ട് സാംസ്കാരികചരിത്രരചനയുടെ ഭാഗമായി തീരുന്നത് വലിയ പ്രധാന്യം നൽകുന്നു. പുലയ സമുദായത്തിന്റെ ഐക്കണായ അയ്യങ്കാളിയെക്കുറിച്ചറിഞ്ഞ അറിവ് പോലെ തേവർവെള്ളനും നോവലിലൂടെ അറിഞ്ഞുകൊണ്ട് അറിവിന്റെ പ്രതിരോധം തീർക്കുന്ന കർതൃത്വമാകുന്നു.
ഉപസംഹാരം
വാമൊഴിയായ് ജനമനസ്സുകളിൽ പ്രതിഷ്ഠ നേടിയ പുരാവൃത്തം നോവലിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ സംഭവിക്കുന്ന മാധ്യമ മാറ്റം പ്രത്യക്ഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യമാണ്. ധാരാളം മനുഷ്യരുടെ തലമുറകളായുളള കൈമാറ്റമാണ് പുരാവൃത്തത്തിനാധാരം. അവയെ ഉപജീവിച്ച് നിർമ്മിക്കപ്പെട്ട എല്ലാ രൂപങ്ങളും പുനരാഖ്യാനം നടത്തുകയാണ്. മിത്തിനെ പിൻതുടരൽ അവയുടെ അടിസ്ഥാന സ്വഭാവമായ് തീരുന്നു. തേവർവെള്ളൻ നോവലിലും തേവർ വെള്ളനുമായ് ബന്ധപ്പെട്ട പുരാവൃത്തങ്ങൾ വിനിമയം ചെയ്യുന്നു. നോവലിൽ പല ഇടങ്ങളിലും പുനരാഖ്യാനം എന്നത് മുഖ്യ ആഖ്യാനത്തെ മറച്ചുപിടിച്ചുകൊണ്ട് നടത്തുന്നതല്ല. പകരം മിത്തിനെ നോവലിലേക്ക് പകർത്തുമ്പോഴുണ്ടാകുന്ന സ്വീകാര്യതയും പരിമിതിയും മുൻനിർത്തിക്കൊണ്ട് ആഖ്യാനം നടത്തുകയാണ്. കീഴാള പ്രതിരോധ പരമ്പര്യത്തിന്റെ സന്ദേശമുൾക്കൊള്ളുന്ന പുരാവൃത്തമാണ് തേവർ വെള്ളൻപുരാവൃത്തം. ഇവിടെ വിജ്ഞാന വിതരണം ആഖ്യാനതലത്തിൽ കൂട്ടിയിണക്കുകകൂടിയാണ് ചെയ്യുന്നത്. ഒരു ദേശത്തിന്റെ പരിസരങ്ങളിൽ ഉറങ്ങിക്കിടക്കുന്ന കഥകളിൽ നിന്നും തോറ്റങ്ങളിൽ നിന്നും ഉയിർകൊണ്ട ചിത്രങ്ങളെ നോവലിലേക്ക് വിശകലനം ചെയ്ത് പുന:സൃഷ്ടിച്ചു കൊണ്ട്, പുതിയ കാലത്തിന് പരിചയപ്പെടുത്തുകയാണ്.
വരമൊഴിയിലൂടെ മനുഷ്യ ഭാവനയുടെ സൃഷ്ടിയായ പുരാവൃത്തങ്ങളും മറ്റും ഭാഷയിലേക്ക് എത്തിച്ചേരുന്നത് വഴി സംസ്കാരത്തെ മാറ്റി തീർക്കുന്ന രചനകൾ ഉണ്ടാകുന്നു. പ്രാദേശിക മിത്തായ തേവർവെള്ളനെ, ഇത്തരം ആഖ്യാനങ്ങളിലൂടെ പുനവതരിപ്പിക്കുന്നത് ഉത്തരാധുനിക സാഹിത്യ ലോകത്തെ പ്രതിരോധ സങ്കല്പമായി നോക്കി കാണാൻ കൂടി സാധിക്കുന്നു. സാമാന്യ ജനങ്ങളുടെ ബോധമായ പുരാവൃത്തം നോവലിലും രേഖപ്പെടുത്തപ്പെടുന്നത് കാലത്തെ അതിജീവിക്കുന്ന, മനുഷ്യരുടെ കൂട്ടായ്മയുടെ കഴിവാണ്. l
സഹായക ഗ്രന്ഥങ്ങൾ
1.ആൻസി സെബാസ്റ്റ്യൻ, 2013, പാരമ്പര്യവും ആഖ്യാനവും, കൈരളി ബുക്സ്, കണ്ണൂർ. 2. ചന്ദ്രൻ പി.എം, 2023, തേവർവെള്ളൻ, ബുക് പ്ലസ്, മലപ്പുറം.
3. ദാമോദരൻ മുണ്ട്യാടി, 2018, വെളളൻദൈവം,ഗ്രീൻ ബുക്സ്, തൃശ്ശൂർ.
4. ദിവ്യ ധർമ്മദത്തൻ, 2017, ആഖ്യാനവും രാഷ്ട്രീയവും എൻ.എസ്.മാധവൻ്റെ കഥകളിൽ, കൈരളി ബുക്സ്, കണ്ണൂർ.
5. വിഷ്ണുനമ്പൂതിരി. എം.വി, 2014, പുരാവൃത്ത പഠനം, മാതൃഭൂമി ബുക്സ്, കോഴിക്കോട്.
ആവേദക സൂചി
1.തെയ്യൻ – 65 വയസ്, പുലയർ കണ്ടി, പേരാമ്പ്ര. 2. ബാലകൃഷ്ണൻ – 73 വയസ്, ചെറുവണ്ണൂർ, പേരാമ്പ്ര.