കേരള വിരുദ്ധ സംഘ് അജൻഡയുടെ ജെഎസ്‌കെ

കെ എ നിധിൻ നാഥ്‌

കേരളത്തിനെതിരെ സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ വിദ്വേഷ പ്രചാരണത്തിന്റെ തുടർച്ചയാണ്‌ ‘ജാനകി vs സ്‌റ്റേറ്റ്‌ ഓഫ്‌ കേരള’. ആളുകളെ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന കലയെന്ന നിലയിൽ സിനിമയെ രാഷ്‌ട്രീയ ആയുധമാക്കാറുണ്ട്‌. ഹിറ്റ്‌ലർ അടക്കമുള്ളവർ ഇത്‌ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്‌. ഈ ശൈലിയുടെ ചുവടുപിടിച്ച്‌ സംഘപരിവാർ നടത്തുന്ന അജൻഡയുടെ ഭാഗമായാണ്‌ പ്രവീൺ നാരായണൻ സുരേഷ്‌ ഗോപിയെ കേന്ദ്രകഥാപാത്രമായി പ്രതിഷ്‌ഠിച്ച്‌ സിനിമയൊരുക്കിയത്‌. 2014ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ആരംഭിച്ച വിശാലമായ ഹിന്ദുത്വരാഷ്‌ട്രീയ പ്രോജക്ടിന്റെ തുടർച്ചയാണിത്‌. ​

ആദ്യ ഘട്ടത്തിൽ തങ്ങളുടെ രാഷ്‌ട്രീയത്തിന്‌ വിരുദ്ധമായ സിനിമകളെ എതിർക്കുകയായിരുന്നു ഇവരുടെ രീതി. സെൻസർ ബോർഡിനെയും ഹിന്ദുത്വ ഭീകരവാദ സംഘടനകളെയും ഇതിനായി നിരുപാധികം ഉപയോഗിച്ചു. 2014ൽ ബിജെപി അധികാരത്തിൽ വന്നതിനു പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട സകല ഇടങ്ങളും തങ്ങൾക്കെതിരെ ശബ്ദിക്കില്ലെന്ന്‌ ഉറപ്പാക്കാനുള്ള നീക്കങ്ങൾ തുടങ്ങി. ആമീർ ഖാൻ നായകനായ പികെ പ്രദർശിപ്പിച്ച തിയറ്ററുകൾ സംഘപരിവാർ ആക്രമിച്ചു. എന്നാൽ, ജനാധിപത്യസമൂഹം പികെയെ പിന്തുണച്ചു. തുടർന്നാണ്‌ അധികാരം ഉപയോഗിച്ചുള്ള നീക്കങ്ങളിലേക്ക്‌ കടന്നത്‌.

2014ൽ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി ‘ഹർ ഹർ മോദി, ഘർ ഘർ മോദി’ എന്ന വീഡിയോ ഒരുക്കിയ മോദിഭക്തനായ പഹ്ലാജ് നിഹലാനിയെ സെൻസർ ബോർഡ്‌ തലവനായി നിയമിച്ചായിരുന്നു തുടക്കം. ഇതോടെ തങ്ങളുടെ നിലപാടിനോട്‌ ചേർന്നുപോകാത്ത സിനിമാ ഉള്ളടക്കങ്ങളിൽ ഇടപെടലുകൾ രൂക്ഷമായി. ഉട്‌താ പഞ്ചാബിനെതിരെയായിരുന്നു ആദ്യ നീക്കം. 94 ഇടത്താണ്‌ സെൻസറിങ്‌ നിർദേശിച്ചത്‌. കോടതി വിധിയുമായാണ്‌ സിനിമ തിയറ്ററിലെത്തിയത്‌. 2015 ജൂണിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി ബിജെപിക്കാരൻ ഗജേന്ദ്രചൗഹാനെ നിയമിച്ചു. സെൻസറിങ്ങിലെ അനാവശ്യ ഇടപെടലിനെതിരെ വ്യാപക പരാതിയുയർന്നപ്പോൾ സെൻസർ ബോർഡിന്റെ നടപടികളിൽ പരാതി ഉന്നയിക്കാനുള്ള ഫിലിം സർട്ടിഫിക്കറ്റ് അപ്പീൽ ട്രിബ്യൂണൽ കേന്ദ്രം നിർത്തലാക്കി. തുടർന്ന്‌ പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ്‌, ബീഫ്‌ തുടങ്ങിയ വാക്കുകൾ വ്യാപകമായി ഒഴിവാക്കാൻ നിർദേശിച്ചു. പത്താനിൽ ദീപിക പദുകോൺ ധരിച്ച കാവി നിറമുള്ള വസ്‌ത്രംവരെ സെൻസർ ചെയ്യപ്പെട്ടു.

ഇത്തരത്തിൽ സംഘപരിവാറിന്‌ ഇഷ്ടമില്ലാത്ത സിനിമകൾക്കെതിരെ നീക്കം നടത്തുന്ന അതേ ഘട്ടത്തിൽ ഹിന്ദുത്വ ദേശീയതയിൽ ഊന്നുന്ന സിനിമകൾ വ്യാപകമായി നിർമിക്കപ്പെടാൻ തുടങ്ങി. മലയാളത്തിൽ എമ്പുരാൻ വരെ ഇ‍ൗ വേട്ടയുടെ ഇരയായി. ​

മണികർണിക, പാനിപ്പട്ട്, കേസരി, തൻഹാജി, സാമ്രാട്ട് പ്രിഥ്വിരാജ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലായിരുന്നു വേട്ടയാടലിന്റെ തുടക്കം. 2019ൽ രാജ്യം തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ‘ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്‌’ എന്ന മോദി വാഴ്‌ത്തുപാട്ട്‌ സിനിമ പ്രദർശനത്തിന്‌ എത്തി. ഉറിയടക്കമുള്ളവയെ കേന്ദ്ര സർക്കാർ അവാർഡ്‌ നൽകിയാണ്‌ പിന്തുണച്ചത്‌. കേരള സ്‌റ്റോറിയ്‌ക്കും ദേശീയ അവാർഡ്‌ നൽകി കേന്ദ്ര സർക്കാർ നിലപാട്‌ വ്യക്തമാക്കി. ബോളിവുഡിലെ നീക്കം പ്രാദേശിക സിനിമകളിലേക്കും വളർന്നു. തെലുങ്കിൽ രാജമൗലി ബാഹുബലികളും ആർആർആറും ഒരുക്കി. കന്നഡയിൽ റിഷബ്‌ ഷെട്ടിയുടെ കാന്താര വന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പൊരുതുന്ന രണ്ടു പേരുടെ കഥയാണ്‌ ആർആർആർ. എന്നാൽ, നിർണായക ഘട്ടത്തിൽ ബ്രിട്ടീഷുകാരെ നേരിടുന്ന നായകൻ രക്ഷകനായി അവതരിക്കുന്നത്‌ കാവിധരിച്ച്‌ രാമവേഷത്തിലാണ്‌. സംഘപരിവാർ രാമരാജ്യ മുദ്രാവാക്യം ഉയർത്തുന്ന ഘട്ടത്തിൽ ഈ അടയാളങ്ങൾ നിഷ്‌കളങ്കമല്ല. ബിജെപിയുടെ രാമജന്മഭൂമി രാഷ്‌ട്രീയത്തിന്‌ ദൂരദർശൻ സംപ്രേഷണംചെയ്‌ത രാമായണം സീരിയൽ നൽകിയ ഊർജം ചരിത്രത്തിലുണ്ട്‌. മതനിരപേക്ഷമായി ഇന്ത്യൻ സിനിമ നിലനിൽക്കില്ലെന്ന സൂചനയാണ്‌ ബാഹുബലികൾ സൃഷ്ടിക്കുന്നത്‌. രാജഭരണത്തെയും ബ്രാഹ്മണാധിപത്യത്തെയും വാഴ്‌ത്തുന്നവ നിരന്തരം സൃഷ്ടിക്കപ്പെടുകയാണ്‌. ​

ആർഎസ്‌എസ്‌ 100 വർഷത്തിലേക്കെത്തുന്ന ഘട്ടത്തിലാണ്‌ സംഘടനയെക്കുറിച്ച്‌ സിനിമയൊരുക്കുന്നതിനെപ്പറ്റി രാജമൗലി ചിന്തിക്കുന്നത്‌. അച്ഛൻ വിജേന്ദ്ര പ്രസാദ്‌ എഴുതിയ തിരക്കഥ വായിച്ച്‌ കരഞ്ഞുപോയെന്നാണ്‌ രാജമൗലി പറഞ്ഞത്‌. ബാഹുബലിയുടെ കഥയും ആർആർആറിന്റെ തിരക്കഥയും വിജേന്ദ്രയുടേതായിരുന്നു. കാന്താരയിലെ തെയ്യമെന്ന കീഴാളകലയെ ഹിന്ദുത്വവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിന്‌ ബലമേകുന്നതായിരുന്നു റിഷബ് ഷെട്ടിയുടെ പരാമർശം. കാന്താരയിൽ കാണിക്കുന്ന ഭൂതക്കോലമായ പഞ്ചുർളി ഹിന്ദുത്വത്തിന്റെ ഭാഗമാണെന്നാണ്‌ റിഷബ്‌ പറഞ്ഞത്‌. ​

അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ കന്നട സിനിമയായിരുന്നു നടേശ്‌ ഹെഡ്‌ഗെ സംവിധാനംചെയ്‌ത പെട്രോ. ബുസാൻ മേളയിൽ പ്രദർശിപ്പിച്ച ചിത്രം സംഘപരിവാർ ഇടപെടലിനെത്തുടർന്ന്‌ കർണാടക ചലച്ചിത്ര അക്കാദമി ബംഗളൂരു മേളയിൽ നിന്ന്‌ ഒഴിവാക്കി. പശുവിനെ കൊല്ലുന്ന രംഗമുണ്ടെന്നായിരുന്നു കാരണം പറഞ്ഞത്‌. ഗോവൻ മേളയിലും അവഗണിക്കപ്പെട്ടു. ഈ ഘട്ടത്തിൽത്തന്നെയാണ്‌ സംഘപരിവാറിന്റെ അജൻഡ നിർമിതിയായ ‘ദി കശ്‌മീർ ഫയൽസ്‌’ ഗോവയിൽ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത്‌. കശ്‌മീർ മുസ്ലിങ്ങൾ പാകിസ്ഥാൻ അനുകൂലികളാണെന്ന ആഖ്യാനം സൃഷ്ടിക്കുന്ന സിനിമയ്ക്കെതിരെ മേളയുടെ ജൂറി ചെയർമാൻ നദാവ്‌ ലാപിഡ്‌ രംഗത്തു വന്നു.

തങ്ങൾ രാജ്യസ്‌നേഹികളാണെന്ന്‌ ഭരണകൂടത്തിനു മുന്നിൽ തെളിയിക്കേണ്ടി വരുന്ന കശ്‌മീരിലെ മുസ്ലീങ്ങളുടെ ജീവിതമാണ്‌ പ്രഭാഷ്‌ ചന്ദ്ര ഒരുക്കിയ ‘ഐ ആം നോട്ട്‌ റിവർ ഝലം’. കശ്‌മീരിൽ സിനിമ ചിത്രീകരിക്കുമ്പോൾ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ്‌ സംവിധായകൻ പ്രഭാഷ്‌ ചന്ദ്ര പറഞ്ഞത്‌. ഗുജറാത്ത്‌ കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിലക്കിയ ബിജെപി സർക്കാർ കശ്‌മീർ ഫയൽസിനെയും കേരള സ്‌റ്റോറിയെയും പിന്തുണച്ചു. ഇവയുടെ പ്രചാരകരായി മോദിയടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി.​ ഇ‍ൗ സംഘപരിവാർ ഇടപെടലിന്റെ തുടർച്ചയായാണ്‌ സുദീപ്‌തോ സെൻ ‘കേരള സ്റ്റോറി’ ഒരുക്കിയത്‌. കേരളത്തിൽ 32,000 സ്‌ത്രീകളെ മതംമാറ്റി മുസ്ലിമാക്കി അഫ്ഗാനിസ്ഥാൻ, ഇറാഖ്‌, സിറിയ എന്നിവിടങ്ങളിലേക്ക്‌ കടത്തി ഐഎസിൽ ചേർത്തുവെന്ന സംഘപരിവാർ പ്രചാരണമാണ്‌ കേരള സ്റ്റോറി. ഈ വിവരത്തിന്റെ അടിസ്ഥാനം നിയമസഭയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ കണക്കാണെന്നാണ്‌ സുദീപ്‌തോ പറഞ്ഞത്‌. അങ്ങനെയൊരു രേഖയേ ഇല്ല. 2018ൽ ഇറങ്ങിയ സുദീപ്‌തോയുടെ ഡോക്യുമെന്ററി ‘ഇൻ ദ നെയിം ഓഫ്‌ ലൗ’ ‘ലൗജിഹാദി’നെക്കുറിച്ചായിരുന്നു. എന്നാൽ, ലൗജിഹാദ്‌ എന്നൊന്ന്‌ ഇല്ലെന്നാണ്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി 2020 ഫെബ്രുവരിയിൽ പാർലമെന്റിൽ പറഞ്ഞത്‌. രാജ്യത്ത്‌ ലൗജിഹാദ്‌ എന്ന പ്രചാരണത്തിന്‌ തുടക്കമിട്ടത്‌ 2009 ഒക്‌ടോബർ അഞ്ചിന്‌ ‘പ്രണയക്കുരുക്കുമായി റോമിയോ ജിഹാദുകൾ’ എന്ന പേരിൽ കേരള ക‍ൗമുദി പത്രം പ്രസിദ്ധീകരിച്ച വാർത്തയാണ്‌. തുടർന്ന്‌, ഹിന്ദു ജനജാഗൃതി സമിതിയുടെ പ്രസിദ്ധീകരണത്തിലൂടെ സംഘപരിവാറിന്റെ സോഷ്യൽ എൻജിനിയറിങ്‌ ഉപയോഗിച്ച്‌ രാജ്യം മൊത്തം പടർത്തി. ആ കാലത്തുതന്നെ ഹൈക്കോടതി നിർദേശത്തിൽ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലുള്ള വാർത്തയും പ്രചാരണങ്ങളും വ്യാജമാണെന്ന്‌ കണ്ടെത്തി. ​

ഒരു പതിറ്റാണ്ടു മുമ്പ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയ പ്രചാരണം വീണ്ടും പൊടിതട്ടിയെടുത്താണ്‌ കേരള സ്റ്റോറി ഒരുക്കിയത്‌.ഒസാമ ബിൻലാദന്റെ ചുമർചിത്രമുള്ള കാസർകോട്ടെ കോളേജും ഷോപ്പിങ്‌ മാളിൽ സ്‌ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ നോക്കിനിൽക്കുന്ന മനുഷ്യരുമെല്ലാമായി ഭീകരവാദികൾ വാഴുന്ന നാടായാണ്‌ കേരളത്തെ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിന്റെ തുടർച്ചയായി ബോളിവുഡിൽ നിന്ന്‌ നിരവധി സിനിമകൾ എത്തി. ദി കശ്മീർ ഫയൽസ്, ദി വാക്സിൻ വാർ, ആർട്ടിക്കിൾ 370, ബസ്തർ – ദി നക്സൽ സ്റ്റോറി, സ്വാതന്ത്ര്യ വീർ സവർക്കർ, ജെഎൻയു: ജഹാംഗീർ നാഷണൽ യൂണിവേഴ്സിറ്റി, ദി സബർമതി റിപ്പോർട്ട് ഇങ്ങനെ നിരവധി സിനിമകൾ. കൊമേഴ്‌ഷ്യൽ സിനിമകളുടെ ചേരുവകൾ ചേർത്ത്‌ പാൻ ഇന്ത്യൻ റിലീസായാണ്‌ പല സിനിമകളും എത്തിയത്‌. ​

നേരിട്ട്‌ സംഘപരിവാർ രാഷ്‌ട്രീയം പറയുന്ന സിനിമകളിൽ നിന്ന്‌ അടുത്തപടിയായി അവരുടെ രാഷ്‌ട്രീയത്തിൽ പൊതിഞ്ഞ മുഖ്യധാരാ സ്വഭാവത്തിലുള്ള സിനിമകൾ എത്തി. തേജസ് (2023), ഫൈറ്റർ (2024), ഓപ്പറേഷൻ വാലന്റൈൻ (2024) തുടങ്ങിയ സിനിമകളിൽ രാജ്യസ്‌നേഹവും സൈനികശക്തിയുമെല്ലാമായിരുന്നു കഥാതന്തു. ബോളിവുഡിൽ തുടക്കമിട്ട്‌ ഇ‍ൗ ജനുസിലേക്കാണ്‌ ‘ജാനകി vs സ്‌റ്റേറ്റ്‌ ഓഫ്‌ കേരള’ അവതരിപ്പിച്ചത്‌. ബലാത്സംഗ അതിജീവിതയുടെ നിയമപോരാട്ടമാണ്‌ ചിത്രം. എന്നാൽ സിനിമയുടെ ആശയം ബലാത്സംഗത്തിന്‌ ഇരയായ പെൺകുട്ടിയ്‌ക്ക്‌ ജനിക്കുന്ന കുട്ടിയുടെ രക്ഷകർത്താവ്‌ സംസ്ഥാന മുഖ്യമന്ത്രിയാകണം എന്നാണ്‌. ഒരു തരത്തിലും യുക്തിയില്ലാത്ത, എന്നാൽ ആൾക്കൂട്ടത്തിന്റെ കൈയ്യടി നിറയെ കിട്ടുന്ന ആശയമാണിത്‌. കോടതി നടപടികൾ മുഖ്യകേന്ദ്രമാകുന്ന ചിത്രത്തിൽ അഭിഭാഷകനായ അഡ്വ. ഡേവിഡ് ആബേൽ ഡോണോവൽ എന്നതാണ്‌ സുരേഷ്‌ ഗോപിയുടെ കഥാപാത്രം. ​

സ്‌ക്രീനിലുള്ള കഥാപാത്രത്തെ പലപ്പോഴും ജീവിതത്തിലേക്ക്‌ പകർത്തുന്ന കാഴ്‌ചകൾ നമ്മൾ പലകുറി കണ്ടിട്ടുണ്ട്‌. എന്നാൽ സുരേഷ്‌ ഗോപിയുടെ ‘ഓഫ്‌ സ്‌ക്രീൻ ഷോ’കൾ സ്‌ക്രീനിലേക്ക്‌ എത്തിക്കുക കൂടി ചിത്രം ചെയ്‌തിട്ടുണ്ട്‌. ഏറെ വിമർശനങ്ങളേറ്റളുവാങ്ങിയ മാധ്യമ പ്രവർത്തകരോട്‌ മോശമായി പെരുമാറുന്ന സുരേഷ്‌ ഗോപിയുടെ ‘ഭരത്‌ചന്ദ്രൻ’ ഷോയെ ന്യായികരിക്കൽ തുടങ്ങി സുരേഷ്‌ ഗോപിയുടെ വ്യക്തിജീവിതത്തെ വെള്ളപൂശുന്ന രംഗങ്ങൾ കുത്തിക്കേറ്റുക കൂടി ചെയ്‌തിട്ടുണ്ട്‌. കേരളത്തെ കുറ്റകൃത്യങ്ങളുടെ നാടായി ചിത്രീകരിക്കാൻ അഭിഭാഷകൻ ഡേവിഡ് ആബേൽ സിനിമയിലുടനീളം പരിശ്രമിക്കുന്നുണ്ട്‌.

സംഘപരിവാറിന്‌ കേരളത്തിനെ വരുതിയിലാക്കാൻ കഴിയാത്തതിനാൽ കേരളത്തിന്റെ നേട്ടങ്ങളെ തകർക്കുന്ന എന്ന അജൻഡയെയാണ്‌ അവർ പിൻപറ്റുന്നത്‌. അതിനായി കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്താനായി വഴിവിട്ട എല്ലാശ്രമങ്ങളും നടത്തുന്നുണ്ട്‌. കേരളത്തിൽ സമീപകാലത്തുണ്ടായ വ്യാവസായിക വളർച്ചയെ പരിഹസിക്കാനും സിനിമ സമയം ചെലവഴിക്കുന്നുണ്ട്‌. പാലങ്ങളും റോഡുമല്ല വികസനമെന്ന്‌ പറയുന്ന ചിത്രം, കേരളത്തിൽ അതിവേഗ റെയിൽപദ്ധതിയ്‌ക്ക്‌ എതിരായ ബിജെപി നിലപാടിനെയും പിന്തുണയ്‌ക്കുന്നുണ്ട്‌. ‘ജനങ്ങളുടെ നെഞ്ചിലടിച്ച മഞ്ഞക്കുറ്റി’ എന്ന സംഭാഷണമടക്കം സമാനമായ ഒരുപാട്‌ രാഷ്‌ട്രീയതാൽപര്യങ്ങൾ നിറച്ചാണ്‌ ‘ജാനകി vs സ്‌റ്റേറ്റ്‌ ഓഫ്‌ കേരള ഒരുക്കിയിട്ടുള്ളത്‌. സംഘപരിവാർ തുടരുന്ന രാഷ്‌ട്രീയ അജൻഡ പ്രകാരമുള്ള സിനിമാ യൂണിവേഴ്‌സിലേക്ക് മലയാളത്തിൽ നിന്ന്‌ ഒരു പങ്കാളിത്തം മാത്രമാണ്‌ ചിത്രം. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img