എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല വിദ്യാഭ്യാസ സ്ഥാപനമാണ് സിഇടി. 1939ൽ പ്രവർത്തനമാരംഭിച്ച സിഇടിയിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് വിഭാഗങ്ങളിലായി 825 വിദ്യാർത്ഥികൾ ഒരു വർഷം പഠനം പൂർത്തിയാക്കുന്നു. ഇതിൽ ജോലി ലഭിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതിൽ 80% പേർക്കും പഠനം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ജോലി ലഭിക്കുന്നു. ഉന്നതപഠനം ലക്ഷ്യമാക്കിയിട്ടുള്ളവരും, കുടുംബം ജീവിക്കുന്ന രാജ്യത്ത് തന്നെ ജോലി ലഭിക്കണമെന്നുള്ളവരും, സ്വയം സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്നവരും, എല്ലാ പരീക്ഷകളും പാസായിരിക്കണം എന്ന വിധത്തിലുള്ള കമ്പനികളുടെ ചില നിബന്ധന മൂലം ക്യാമ്പസ് റിക്രൂട്ട്മെന്റിന് യോഗ്യത ലഭിക്കാത്ത ചെറിയൊരു വിഭാഗവും ഒഴികെയുള്ള 625 ബിടെക് വിദ്യാർത്ഥികളാണ് 2024‐25 അക്കാദമികവർഷത്തിൽ ക്യാമ്പസ് റിക്രൂട്ട്മെന്റിനായി രജിസ്റ്റർ ചെയ്തത്. ഇതിൽ 500 വിദ്യാർത്ഥികൾക്കും ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴി ജോലി ലഭിച്ചു. ലഭിച്ച വാർഷിക ശമ്പളത്തിൽ ഏറ്റവും കുറഞ്ഞത് 3 ലക്ഷവും ഏറ്റവും കൂടിയത് 32 ലക്ഷവും ശരാശരി 7 ലക്ഷവുമാണ്. വിജ്ഞാനകേരളം പദ്ധതിയിൽ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്താനാഗ്രഹിക്കുന്ന മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടി പകർത്താനായി തെരഞ്ഞെടുത്ത മാതൃക സിഇടിയുടേതാണ്.
രണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ 16 വിദ്യാർത്ഥികൾ നയിക്കുന്ന പ്ലെയിസ്‌മെന്റ് യൂണിറ്റാണ് ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ ചുമതല വഹിക്കുന്നത്. ഓരോ എഞ്ചിനീയറിംഗ് ശാഖയിൽ നിന്നും ഓരോ ക്ലാസിനെയും പ്രതിനിധീകരിച്ച് ഓരോ വിദ്യാർത്ഥി വീതമാണ് പ്ലെയിസ്‌മെന്റ് യൂണിറ്റിൽ ഉള്ളത്. പരമാവധി വിദ്യാർത്ഥികൾക്ക് ജോലി ലഭിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിച്ച് കൃത്യമായി നടപ്പാക്കുന്നതിലൂടെയാണ് ഇത്രയുമധികം വിദ്യാർത്ഥികൾക്ക് ജോലി ലഭ്യമാക്കാൻ പ്ലെയിസ്മെന്റ് യൂണിറ്റിന് സാധിക്കുന്നത്. സാങ്കേതിക വിഷയങ്ങളിലും, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ് പോലുള്ള വിഷയങ്ങളിലും, ഇംഗ്ലീഷ് ഭാഷയിലും, വ്യക്തിഗത നൈപുണി വികസനത്തിലും പരിശീലനം നൽകിയാണ് വിദ്യാർത്ഥികളെ ക്യാമ്പസ് റിക്രൂട്ട്മെന്റിനായി അണിനിരത്തുന്നത്. അവസാനവർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ നൈപുണിവികസന പരിശീലനങ്ങൾ പൂർത്തിയാക്കുന്ന രീതിയാണ് സ്വീകരിച്ച് വരുന്നത്. അതത് മേഖലയിൽ പുറത്തുനിന്നുള്ള വിദഗ്‌ധർ നൽകുന്ന പരിശീലനത്തോടൊപ്പം സാങ്കേതികവിഷയങ്ങളിൽ അധ്യാപകർ തന്നെ പ്രത്യേക പരിശീലനവും നൽകുന്നു. അതത് ശാഖകളിലെ അധ്യാപകർ നൽകുന്ന വിഷയതല പരിശീലനത്തിന് പുറമേ ഒരു വിദ്യാർത്ഥിക്ക് 4 ദിവസത്തെ പരിശീലനമാണ് 2024-‐25 അക്കാദമികവർഷം നൽകിയത്. ക്ലാസുകൾ നഷ്ടപ്പെടുന്നത് കുറയ്ക്കാൻ അവധിദിവസങ്ങളിലടക്കം പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നു. പരിശീലനം പൂർണമായും സൗജന്യമായാണ് നൽകുന്നത്. എല്ലാ പരിശീനക്ലാസുകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളെ മാത്രമേ ക്യാമ്പസ് റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതിന് അനുവദിക്കുകയുള്ളൂ.
ജോലി ലഭിക്കുന്ന വിദ്യാർത്ഥികൾ അവർക്ക് ലഭ്യമാകുന്ന വാർഷിക ശമ്പളത്തിന്റെ ഒരു ശതമാനം എന്ന ക്രമത്തിൽ കുറഞ്ഞത് 5000 രൂപയും പരമാവധി 15000 രൂപയും എന്ന നിരക്കിൽ പ്ലെയ്സ്മെന്റ് യൂണിറ്റിന് നൽകുന്നതിലൂടെയാണ് നൈപുണിവികസന പരിശീലനങ്ങൾ നൽകുന്നതിനും ക്യാമ്പസ് റിക്രൂട്ട്മെന്റുകൾ നടത്തുന്നതിനും പ്ലെയിസ്‌മെന്റ് യൂണിറ്റിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമടക്കമുള്ള പണം കണ്ടെത്തുന്നത്. പഠനം പൂർത്തിയാക്കുന്നതിന് തൊട്ട് മുമ്പാണ് ഈ തുക നൽകുന്നത്. പ്ലെയിസ്‌മെന്റ് യൂണിറ്റിന് മറ്റ് ധനസഹായം ആവശ്യമില്ലാത്ത രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ പണം ഇത് വഴി ലഭിക്കുന്നു.
പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ജോലി ലഭിക്കാനാഗ്രഹിക്കുന്നതിൽ 80% പേർക്കും ക്യാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജോലി ലഭിക്കുന്നതും അവർക്ക് ലഭിക്കുന്ന ആകർഷണീയമായ ശമ്പളവും കണ്ട് ബോധ്യപ്പെടുന്നതിലൂടെ ജോലി നേടുന്നതിനുള്ള പ്രയത്നത്തിൽ നിരന്തരം ഏർപ്പെടുന്നതിന് വിദ്യാർത്ഥികൾ സ്വയം താൽപര്യമുള്ളവരാകുന്നു. സാങ്കേതിക വിഷയങ്ങളിൽ പ്രായോഗികജ്ഞാനം ഉണ്ടാക്കുന്നതിനും വ്യക്തിഗത നൈപുണി വികസന ക്ലാസുകളിൽ പങ്കെടുക്കുന്നതിനും അവ പ്രാക്ടീസ് ചെയ്യുന്നതിനും വിദ്യാർത്ഥികൾക്ക് ഇത് പ്രേരകമാകുന്നു. ക്യാമ്പസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ വസ്ത്രധാരണം, പെരുമാറ്റം, ഉൽസാഹം എന്നിവയെല്ലാം വിദ്യാർത്ഥികളിലെ ഈ താല്പര്യം വിളിച്ചറിയിക്കുന്നതാണ്. സാങ്കേതികവും വ്യക്തിഗതവുമായ കഴിവുകൾ ആർജ്ജിക്കുന്നതിൽ വിദ്യാർത്ഥികൾ അന്യോന്യം സഹായിക്കുകയും ചെയ്യുന്നു.
ജോലി ലഭിച്ച വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്നു എന്ന് ഉറപ്പാ