കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത് ആശയവിനിമയമാണ്. ഭാഷയുടെ അതിരുകൾ സാഹിത്യത്തെ വേർതിരിച്ചു നിർത്തുമ്പോഴും ചിത്ര‐ശിൽപകലയും ദൃശ്യകലകളും സാർവദേശീയ ആശയവിനിമയ ഭാഷ ഉൾക്കൊള്ളുന്ന കലാരൂപങ്ങളാണ്. ഒപ്പം സാർവജനീനമായ സത്ത ഉൾക്കൊള്ളുന്നതും ഒരു നാടിന്റെ അല്ലെങ്കിൽ ഒരു രാജ്യത്തിന്റെയുമൊക്കെ സംസ്‌കാരത്തിന്റെ കണ്ണാടിയാണ് അവിടത്തെ കല‐ അവിടത്തെ ജീവിതചര്യകൾ. ഭാഷ, വേഷം, ആചാരാനുഷ്‌ഠാനങ്ങൾ, ജീവിതവീക്ഷണം ഇവയെല്ലാം ചേരുന്ന ജീവിതശൈലിയുടെ ഭാവതലങ്ങളിൽ നമ്മുടെ സംസ്‌കാരത്തിന്റെ ഛായ വീണിട്ടുണ്ടാകും, ആശയവിനിമയത്തിനുമത് സഹായിക്കുന്നു. കലയിലുടെയുള്ള ആശയവിനിമയം ആദിമമനുഷ്യൻ മുതലാരംഭിക്കുന്നു. (വന്യമൃഗങ്ങൾ വരുന്നയിടങ്ങൾ, നദി, അപകടമേഖലകൾ ഇവയൊക്കെ ആദിമമനുഷ്യൻ അറിയിച്ചിരുന്നത് അതത് സ്ഥലങ്ങളിലുള്ള മരങ്ങളിൽ കൊത്തിയുണ്ടാക്കിയ രൂപമാതൃകകളിൽ നിന്നാണ്). സംശുദ്ധമായ ആശയവിനിമയമാണിവിടെ സംഭവിക്കുക. കലയിൽനിന്ന് ലഭിക്കുന്ന ഊർജം മറ്റൊരു മനസ്സിലേക്ക് വ്യാപരിക്കുക കൂടിയാണ് കലയുടെ ധർമം.
കലാസൃഷ്ടികളിലെ ഇത്തരം ഇന്ദ്രിയാനുഭവവാദത്തെയും സൗന്ദര്യശാസ്‌ത്രത്തെയും സമന്വയിപ്പിച്ചുകൊണ്ട് നൂതനമായ ചിന്താധാരകൾക്ക് തുടക്കം കുറിച്ച പാശ്ചാത്യ ചിന്തകനായ ഇമ്മാനുവൽ കാന്റിന്റെ വാക്കുകൾക്ക് ഏക്കാലവും പ്രസക്തിയുണ്ട്. ‘നിസ്വാർഥതയുടെ ഉന്നതദർശനങ്ങൾ കലയിൽ അടങ്ങിയിരിക്കുന്നു. അത്തരം കലാസൃഷ്ടികൾ നേരിട്ട് സംവദിക്കുന്നു. കലയുടേത് സൗന്ദര്യത്തിന്റെ അനുഭൂതിയാണ്. ഇന്ദ്രിയസുഖത്തിനപ്പുറമുള്ള ഒരു ആശയലോകത്തേക്ക് തുറക്കുന്ന വാതിലാണ് കലയെന്ന് നമുക്കറിയാം’. സ്വന്തം ജീവിതസുരക്ഷിതത്വം കൊണ്ട് എല്ലാവരും സ്വാർഥരാണെന്ന സങ്കുചിതത്വം പൊളിച്ചുമാറ്റി അതിനതീതമായ ചിന്താഗതിയിലേക്കും വിനിമയമാർഗത്തിലേക്കും മനുഷ്യരെ ചേർത്തുപിടിക്കുന്നത് കലയിലൂടെയാണെന്ന് ഇമ്മാനുവൽ കാന്റ് കൂട്ടിച്ചേർക്കുന്നു. ഒപ്പം ജീവിതവീക്ഷണത്തിന്റെ പൂർണതയും മനുഷ്യനെ സ്രഷ്ടാവാക്കുകയാണ് കലയുടെ ലക്ഷ്യമെന്ന് മാർക്‌സിസ്റ്റ് സൗന്ദര്യശാസ്‌ത്ര ചിന്തകനായ റോഷേർ ഗരോദി പറയുന്നു. ‘‘കലാസൃഷ്ടിയെ അതിന്റെ പ്രത്യയശാസ്‌ത്രപരമായ ഘടകങ്ങൾ മാത്രമായി വെട്ടിച്ചുരുക്കുന്നത് കലയുടെ സവിശേഷ സ്വഭാവത്തെ വിസ്‌മരിക്കലാണ്. കലാസൃഷ്ടിക്കുള്ള ആപേക്ഷികവും സ്വതന്ത്രവുമായ നിലനിൽപിനെ അവഗണിക്കുന്നതിന് തുല്യമാണ്. കല വളരുന്നത് സമൂഹത്തിന്റെ വളർച്ചയ്‌ക്ക് സമാന്തരമായിട്ടല്ല എന്ന വസ്‌തുതയെ ഈ ചിന്താഗതി വിസ്‌മരിക്കുന്നു’’.
ഒരു വ്യക്തിയുടെ സൗന്ദര്യബോധം ആ വ്യക്തിയുടെ ആശയമണ്ഡലത്തിന്റെയും ജീവിതാവബോധത്തിന്റെയും പ്രതിഫലനമാണ്. കലാകാരന്റെ നിലപാടുകൾ കലാസൃഷ്ടിയുടെ പൂർണതയ്‌ക്ക് ഘടകമാവുന്നു. പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിച്ചുകൊണ്ടുമാത്രമേ സാമൂഹിക ജീവിതത്തിൽ ജനജീവിതത്തെ, ജീവിതമുഹൂർത്തങ്ങളെ ഗൗരവമായി ആവിഷ്‌കരിക്കുവാൻ കഴിയൂ. കാലത്തെ അടയാളപ്പെടുത്തുന്നതാവണം കലയെന്ന് കലാനിരൂപകർ ഓർമപ്പെടുത്തുന്നു. ജനജീവിതത്തെ ഗൗരവപൂർണമായി പ്രതിഫലിപ്പിക്കുകയും സാമുഹിക സംഭവങ്ങളെയും സാമൂഹിക കലാപ്രസ്ഥാനങ്ങളെയും പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ കലകൾക്ക് കാലഘട്ടത്തെ പ്രതിനിധീകരിക്കാനാവൂ.
കലാനുഭവങ്ങളിൽ കാല‐ദേശ പ്രത്യേകതകളെ രൂപവർണ പ്രയോഗങ്ങളിലൂടെ രേഖപ്പെടുത്തുന്നതോടൊപ്പം അവയുടെ സൗന്ദര്യശാസ്‌ത്രത്തിനും പ്രാധാന്യമുണ്ട്. ശരീരത്തിന്റെ വ്യവഹാരമായാണ് രൂപങ്ങളുടെ കണ്ടെത്തലിനെ വിശദീകരിക്കുന്നത്. ഇന്ദ്രിയാധിഷ്‌ഠിത വികാരങ്ങളുമായി കാഴ്‌ച, കേൾവി, രുചി, സ്‌പർശം, മണം തുടങ്ങിയ ശാരീരികാനുഭവങ്ങളെ സാംസ്‌കാരികബന്ധവുമായി ചേർത്തുവെയ്‌ക്കാവുന്ന ലാവണ്യബോധ്യമായാണ് പാശ്ചാത്യ കലാസിദ്ധാന്തങ്ങളവതരിപ്പിക്കുന്നത്. ഈയൊരുദാഹരണം ഇവിടെ പ്രസക്തമാണ്. ഒരു പൂവ് നമ്മുടെ കാഴ്‌ചയിൽ സുന്ദരമാണ്. എല്ലാ പൂക്കളും സുന്ദരവുമാണ്. പൂക്കളെ നാം ഉപയോഗിക്കുന്നത് വ്യത്യസ്‌തമായ മാനസിക ചിന്തകളോടെയാണ്. ആരാധനയ്‌ക്ക് ഉപയോഗിക്കുന്നതുപോലല്ല മരണ സമയങ്ങളിൽ ഉപയോഗിക്കുക. ആഹ്ലാദകരമായ സന്ദർഭങ്ങളിൽ പൂക്കളുടെ സ്വഭാവം തന്നെ മറ്റൊരു രീതിയിലാവാം. പൂവിന്റെ സൗന്ദര്യമെന്നത് സ്വീകരിക്കുന്ന ആളിന്റെ മനോവ്യാപാരമനുസരിച്ച് വ്യത്യസ്‌ത കാഴ്‌ചാനുഭവമാണുണ്ടാക്കുക. മരണത്തിന്റെയും പ്രണയത്തിന്റെയും ആഹ്ലാദത്തിന്റെയും പ്രതീകങ്ങളായി പൂവ് മാറിക്കൊണ്ടിരിക്കുന്നു; സുഗന്ധമായും ദുർഗന്ധമായും അനുഭവപ്പെടുന്നു. ഇത്തരത്തിൽ, ഒരു വസ്‌തുവിൽ തന്നെ വിവിധതരം കാഴ്‌ചപ്പാടുകൾ പ്രതിഫലിപ്പിക്കപ്പെടുകയും കലാവിഷ്‌കാരങ്ങളിലൂടെ ആസ്വാദകരുടെ കാഴ്‌ചാനുഭവങ്ങളിലും അവ സന്നിവേശിപ്പിക്കപ്പെടുകയും ചെയ്യുന്നു. കലാവിഷ്‌കാരങ്ങളിലെ സൗന്ദര്യശാസ്‌ത്രത്തിന് ആസ്വാദകമനസിൽ ഇത്തരത്തിലുള്ള വൈവിധ്യവും സവിശേഷവുമായ ആശയതലങ്ങൾ സൃഷ്ടിച്ചെടുക്കാനാകുന്നു. അപ്പോഴും കല സത്യസന്ധമായിട്ടാണ് നമ്മോട് സംവദിക്കുന്നതെന്ന കാര്യവും ശ്രദ്ധേയം. രാജാരവിവർമയുടെ കലയും ജാക്‌സൺ പൊള്ളാക്കിന്റെ കലയും നാം ആസ്വദിക്കുന്നതും ഈയൊരു ചിന്തയുടെ പിൻബലത്തിലാണ്. l