ഹിന്ദു കുടുംബങ്ങളിലെ പൂർവികസ്വത്തിൽ കേരളത്തിലെ പെൺമക്കൾക്ക് തുല്യാവകാശം ഉണ്ടെന്ന് ഹൈക്കോടതിയുടെ നിർണായക വിധി. 2005ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം അനുസരിച്ച് 2004 ഡിസംബർ 20ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ഇതിന് തടസമായി നിന്ന 1975ലെ കേരളകൂട്ടുകുടുംബവ്യവസ്‌ഥ (നിർത്തലാക്കൽ) നിയമത്തിന് പ്രാബല്യമില്ലെന്നും ജസ്‌റ്റിസ് എസ് ഈശ്വരൻ ഉത്തരവിൽ വ്യക്‌തമാക്കി. കോഴിക്കോട് സ്വദേശികളായ സഹോദരിമാരാണ് പിതാവിന്റെ സ്വത്തിൽ അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് .
എന്നാൽ ഇപ്പോഴും കൃസ്ത്യൻ , മുസ്ലിം ഉൾപ്പടെയുള്ള പല സമുദായങ്ങളിലും സ്ത്രീകൾക്ക് പിതൃസ്വത്തിൽ അവകാശമില്ല. നിയമങ്ങളും അനേകം കോടതി വിധികളും ഉണ്ടെങ്കിലും സ്ത്രീകൾക്ക് സ്വത്ത് നൽകുവാൻ ആചാരവും പാരമ്പര്യവും തടസ്സമാകുന്നു.
ഇതേ കുറിച്ചുള്ള പ്രമുഖരുടെ പ്രതികരണമാണ് ചുവടെ :
അഡ്വ.ടി ഗീന കുമാരി
ഹിന്ദുക്കളുടെ പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യഅവകാശമുണ്ടെന്ന കേരളാ ഹൈക്കോടതിയുടെ RSA NO. 436 OF 2018 നമ്പർ കേസിലുണ്ടായ വിധി ലിംഗസമത്വം, തുല്യത എന്നീ ആശയങ്ങൾക്ക് കരുത്തുപകരുന്നതാണ്. സാമൂഹ്യവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥയാണ് സ്ത്രീകളെ രണ്ടാംതരം പൗരരാക്കുന്നതെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല. അതുകൊണ്ട് തന്നെ അവരുടെ സാമൂഹ്യ സുരക്ഷിതത്വവും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പാക്കണമെന്നതും പൊതുവിൽ അംഗീകരിക്കപ്പെട്ടതാണ്. അതിൽ സ്വത്തവകാശം പ്രധാനമാണ്.
പൂർവികസ്വത്ത് ഭാഗിക്കുന്നത് സംബന്ധിച്ചുണ്ടായ കേസിലെ സെക്കൻഡ് അപ്പീൽ പരിഗണിക്കവെയാണ് ജസ്റ്റിസ് ഈശ്വരൻ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമം-2005 കേരളത്തിലെ പെൺമക്കൾക്കും ബാധകമാക്കികൊണ്ടുള്ള വ്യക്തത വരുത്തിയത്. കേരളാ കൂട്ടുകുടുംബം നിർത്തലാക്കൽ ( Joint hindu family Abolition Act)നിയമത്തിലെ മൂന്നാം വകുപ്പിൽ അവിഭക്ത പൂർവികസ്വത്തിൽ ജന്മംകൊണ്ടുമാത്രം ആർക്കും ജന്മാവകാശം ലഭിക്കുന്നില്ല (Birth in family not to give rise to rights in property) എന്നും, നാലാം വകുപ്പിൽ സ്വത്ത് തറവാട്ടിലെ താമസക്കാർക്കായിട്ടാണ് വീതം വയ്‌ക്കേണ്ടതെന്നുമുള്ള (Joint tenancy to be replaced by tenancy in common) വകുപ്പുകളുടെ അടിസ്ഥാനത്തിലായിരുന്നു നിലനിന്നിരുന്ന അവകാശ നിഷേധം. വിവാഹിതരായി തറവാട് വിട്ടുപോകുന്ന പെൺമക്കൾക്ക് ഈ നിയമപ്രകാരം നിലവിൽ പൂർവികസ്വത്ത് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഈ വകുപ്പുകൾ ഹിന്ദു പിന്തുടർച്ച നിയമത്തിൽ 2005ൽ കൊണ്ടുവന്ന ഭേദഗതിയോടെ അപ്രസക്തമായി എന്നതാണ് കോടതി നിരീക്ഷിച്ചത്. കേന്ദ്ര നിയമ ഭേദഗതിയുടെ ആറാം വകുപ്പ് പ്രകാരം ജന്മംകൊണ്ടുതന്നെ ഒരാൾ കുടുംബസ്വത്തിന് അവകാശിയാണ്. ഒരു വിഷയത്തിൽ കേന്ദ്രനിയമവും സംസ്ഥാനനിയമവും ഉണ്ടെങ്കിൽ കേന്ദ്ര നിയമമാണ് ബാധകമാകുക എന്ന വ്യവസ്ഥയാണ് നിലവിൽ വിധിക്ക് ആധാരം. പെൺമക്കൾക്ക് നിഷേധിക്കപ്പെട്ടിരുന്നതും ഔദാര്യമെന്ന നിലയിൽ പലർക്കും ലഭ്യമായിരുന്നതും ഇനി അവകാശമെന്ന നിലയിൽ തുല്യാവകാശം ഉറപ്പിച്ച വിധിയാണിത്.

സി എസ് ചന്ദ്രിക
വോട്ടവകാശത്തിനു വേണ്ടി കൂട്ടത്തോടെ സ്ത്രീകൾ പ്രക്ഷോഭം നടത്തിയത് പോലെ സ്വത്തവകാശത്തിനു വേണ്ടി നിർണായകമായ കൂട്ടപ്രക്ഷോഭങ്ങൾ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല. ഇതിനു കാരണം ഒന്ന് ഭരണകൂടത്തോട് നടത്തുന്ന പ്രക്ഷോഭമാണ്. സ്ത്രീകൾക്ക് വൈകാരികതയില്ലാതെ വീട്ടിൽ നിന്നിറങ്ങി പോയി സമരം ചെയ്യാനുള്ള സാധ്യതയുണ്ട് . എന്നാൽ സ്വത്തവകാശത്തിനുള്ള സമരം വേണ്ടി വരുന്നത് സ്വന്തംകുടുംബത്തോടാണ് . അതിൽ വലിയതോതിൽ വൈകാരിക അംശമുണ്ട്. അതുകൊണ്ടുതന്നെ നീതിബോധവും അവകാശബോധവുമുള്ള സ്ത്രീകൾ ചരിത്രത്തിൽ നടത്തിയ സമരങ്ങളാണ് സ്വത്തവകാശ സമരങ്ങളായി നമുക്ക് മുന്നിൽ ഉള്ളത്. മേരി റോയ് കേസായാലും അടുത്തകാലത്ത് ഹിന്ദു സ്വത്തവകാശത്തിനു വേണ്ടി നടത്തിയ നിയമപോരാട്ടമായാലും അങ്ങനെയാണ്.
വോട്ടവകാശത്തിനു വേണ്ടി കൂട്ടത്തോടെ സ്ത്രീകൾ പ്രക്ഷോഭം നടത്തിയത് പോലെ സ്വത്തവകാശത്തിനു വേണ്ടി നിർണായകമായ കൂട്ടപ്രക്ഷോഭങ്ങൾ നമുക്ക് ചരിത്രത്തിൽ കാണാൻ കഴിയില്ല. ഇതിനു കാരണം ഒന്ന് ഭരണകൂടത്തോട് നടത്തുന്ന പ്രക്ഷോഭമാണ്. സ്ത്രീകൾക്ക് വൈകാരികതയില്ലാതെ വീട്ടിൽ നിന്നിറങ്ങി പോയി സമരം ചെയ്യാനുള്ള സാധ്യതയുണ്ട് . എന്നാൽ സ്വത്തവകാശത്തിനുള്ള സമരം വേണ്ടി വരുന്നത് സ്വന്തംകുടുംബത്തോടാണ് . അതിൽ വലിയതോതിൽ വൈകാരിക അംശമുണ്ട്. അതുകൊണ്ടുതന്നെ നീതിബോധവും അവകാശബോധവുമുള്ള സ്ത്രീകൾ ചരിത്രത്തിൽ നടത്തിയ സമരങ്ങളാണ് സ്വത്തവകാശ സമരങ്ങളായി നമുക്ക് മുന്നിൽ ഉള്ളത്. മേരി റോയ് കേസായാലും അടുത്തകാലത്ത് ഹിന്ദു സ്വത്തവകാശത്തിനു വേണ്ടി നടത്തിയ നിയമപോരാട്ടമായാലും അങ്ങനെയാണ്.
ഇത് വിരൽചൂണ്ടുന്നത് സ്ത്രീകൾക്ക് ഒറ്റക്കെട്ടായി നിന്ന് സമരം നടത്താനുള്ള അപ്രായോഗികതയിലേക്കാണ്. പ്രത്യേകിച്ചും മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ കാര്യം തികച്ചും ദയനീയമാണ്.പിതാവ് മരിച്ചാൽ സ്വത്തവകാശം ഇല്ലാത്ത പെൺകുട്ടികൾക്ക് വീടുവിട്ടിറങ്ങേണ്ടി വരുന്ന അവസ്ഥയുണ്ട്. ഇത് നമ്മുടെ കുടുംബങ്ങളിലെ ജനാധിപത്യവിരുദ്ധതയും നീതിരാഹിത്യവുമാണ് വെളിപ്പെടുത്തുന്നത്.
സ്ത്രീകൾക്ക് സ്വത്തവകാശം കൊടുക്കാൻ പുരുഷമേധാവിത്വവ്യവസ്ഥ വിസമ്മതിക്കുന്നതെന്തു കൊണ്ടാണെന്നത് വ്യക്തമാണ്. സ്വത്തുണ്ടെങ്കിലാണ് അധികാരം ഉണ്ടാകുക, സ്വാതന്ത്ര്യം ഉണ്ടാകുക. ഇത് രണ്ടും ഇല്ലാത്ത സ്ത്രീകളെ കുടുംബത്തിൽ രണ്ടാംതരമാക്കി വക്കുക,അടിമയാക്കി വക്കുക ,ആശ്രിതയാക്കി വക്കുക എന്ന ആൺകോയ്മയുടെ ലക്ഷ്യം സാധ്യമാക്കുന്നതിനാണ് സ്വത്തിനുള്ള അവകാശം നൽകാൻ കുടുംബവ്യവസ്ഥ സമ്മതിക്കാത്തത്.
കുടുംബവ്യവസ്ഥ താങ്ങിനിർത്തുന്നത് മതവും പുരുഷാധിപത്യവും ഭരണകൂടവും കൂടി ചേർന്നാണ് . അതിനാൽ വലിയ പോരാട്ടം നടത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. സ്ത്രീകളുടെ സ്വത്തവകാശപോരാട്ടം യഥാർത്ഥത്തിൽ തുല്യപൗരാവകാശത്തിനുള്ള പോരാട്ടം ആയി കണക്കാക്കണം.ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടെങ്കിലും കുടുംബത്തിനുള്ളിൽ തുല്യപൗരത്വം ഇല്ല എന്നതിന്റെ ഉദാഹരണമാണ് സ്വത്തവകാശം ഇല്ലായ്മ. ഇത് മാറുവാൻ സർക്കാരുകൾ മുൻകൈ എടുക്കണം . കാരണം ഭരണഘടനാപരമായ അവകാശം സ്ഥാപിക്കേണ്ടത് സർക്കാരുകളുടെ ഉത്തരവാദിത്വമാണ് .

അഡ്വ സി ഷുക്കൂർ
1948 ലെ അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെയാണ് അടിസ്ഥാനപരമായി തുല്യത ലോകം അംഗീകരിക്കുന്നത്. തുടർന്ന് 1949 ൽ നാം അംഗീകരിച്ച ഭരണഘടനയിലെ അകക്കാമ്പ് തന്നെ ജാതി മത,വർണ്ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരായി കാണുക എന്നതാണ്.
നിർഭാഗ്യവശാൽ 1937 ലെ ശരീഅത്ത് അപ്ലിക്കേഷൻ ആക്ട് ഇന്ത്യയിലെ സുന്നി മുസ്ലീം സ്ത്രീകളുടെ അനന്തരാവകാശ തർക്കങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനമായി നിലകൊള്ളുകയാണ്. വിശുദ്ധ ഖുർആനും പ്രവാചകചര്യയും മുന്നോട്ട് വെക്കുന്ന മാനവികാദർശനങ്ങൾക്ക് കടകവിരുദ്ധമാണ് ഈ കാഴ്ചപ്പാട്.
അല്ലാഹുവിന്റെ സൃഷ്ടിയിൽ എല്ലാവരെയും തുല്യരായി കാണുവാനും, തുല്യ ബോധത്തോടെ മനുഷ്യരെ ഉണർത്തുക എന്നതുമാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാട്.നമ്മുടെ രാജ്യത്ത് നിലവിൽ ഉണ്ടായിരുന്ന മറ്റനേകം നിയമങ്ങൾ ഭരണഘടനയുടെ ഈ കാഴ്ചപ്പാടിന് വിരുദ്ധമായത് കൊണ്ട് തന്നെ നിയമനിർമാണം വഴിയും കോടതിവിധികൾ വഴിയും നിരന്തരം നവീകരിക്കപെടുകയും തിരുത്തപെടുകയും ചെയ്യുന്നു എന്നത് ആശ്വാസകരമാണ്.
തുല്യത എന്നത് എല്ലാ നിലയിലും അടിസ്ഥാന മനുഷ്യാവകാശമാണ്. അതിനെതിരെയുള്ള ഏത് നിയമവും മനുഷ്യാവകാശ ലംഘനവുമാണ്. കാലം ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുക തന്നെ ചെയ്യും.
(ടി ഗീന കുമാരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ നിന്നും)