സൂക്ഷ്മരാഷ്ട്രീയത്തിന്റെയും നേരനുഭവങ്ങളുടെയും ദൃശ്യ കാഴ്ചകളൊരുക്കുന്ന 17ാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളയുടെ സംഘാടകർ. മലയാളിയുടെ ദൃശ്യസൗന്ദര്യത്തിന് പുതിയ ഭാവുകത്വം നൽകിയ ചലച്ചിത്രോത്സവമാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ആൻ്റ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള.

അനുഭവങ്ങളുടെയും സത്യത്തിന്റെയും തെളിച്ചമാണ് ഡോക്യുമെൻ്ററികളുടെ പ്രത്യേകത. പലപ്പോഴും ഫിക്ഷണലായ ആഖ്യാന രീതി സ്വീകരിക്കാതെ ചരിത്രത്തെ അപ്പാടെ സമകാലിക ജീവിതത്തിൽ അടയാളപ്പെടുത്താൻ അവയ്ക്ക് സാധിക്കുന്നുണ്ട്. ഹ്രസ്വചിത്രങ്ങൾ സിനിമയുടെ നവ്യമായ സാധ്യതകൾക്കുള്ള അന്വേഷണമാണ്. ചെറിയ സമയംകൊണ്ട് വലിയൊരു ആശയം പങ്കുവയ്ക്കാൻ അവയ്ക്ക് സാധിക്കുന്നുണ്ട്. പലപ്പോഴും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലോ ഒറ്റപ്പെട്ട സ്ക്രീനിംഗുകളോ മാത്രം ലഭിച്ച് ഒതുങ്ങിപ്പോകുന്ന ഡോക്യുമെൻ്ററികളെയും ഷോർട്ട് ഫിലിമുകളെയും വലിയ സ്ക്രീനിൽ കാണാനും ചർച്ച ചെയ്യാനും കഴിയുന്ന ഏറ്റവും വലിയ വേദിയായാണ് ഐ.ഡി.എസ്.എഫ്.എഫ്.കെ ഒരുക്കുന്നത്.

ആറു ദിവസങ്ങളിലായി നടക്കുന്ന ഇത്തവണത്തെ മേളയില്‍ 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളില്‍നിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളുള്ള ചിത്രങ്ങളും പാക്കേജുകളും ഇത്തവണത്തെ മേളയിലുമുണ്ട്. മേളയുടെ ഉദ്ഘാടന ചിത്രമായ 22 പലസ്തീന്‍ സംവിധായകരുടെ സംരംഭമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ എന്ന ചിത്രം ഗാസയില്‍ നടന്നുവരുന്ന വംശഹത്യക്കു പിന്നിലെ അറിയപ്പെടാത്ത കഥകള്‍ പകര്‍ത്തുന്നു.
മത്സര വിഭാഗത്തിലെ ഡോക്യുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോംഗ് ഡോക്യുമെന്ററി, ഫോക്കസ് ഷോര്‍ട്ട് ഫിക്ഷന്‍, ഇന്റര്‍നാഷണല്‍ ഫിലിംസ്, ഫെസ്റ്റിവല്‍ വിന്നേഴ്‌സ്, ജൂറി ഫിലിംസ് തുടങ്ങിയ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകള്‍ക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടര്‍, ഫേസ് റ്റു ഫേസ്, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് രാകേഷ് ശര്‍മ്മയ്ക്ക് സമ്മാനിക്കും. സമകാലിക ഇന്ത്യയിൽ അരങ്ങേറുന്ന വിദ്വേഷത്തിൻ്റെ വിഭജനത്തിൻ്റെയും രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന ചിത്രങ്ങളുടെ സംവിധായകനാണ് രാകേഷ് ശർമ്മ. രണ്ടു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ‘ഫൈനൽ സൊല്യൂഷൻ’ ഉൾപ്പെടെ രാകേഷ് ശര്‍മ്മയുടെ നാല് ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗല്‍, ഷാജി എന്‍ കരുണ്‍, സുലൈമാന്‍ സിസെ, തപന്‍കുമാര്‍ ബോസ്, തരുണ്‍ ഭാര്‍ട്ടിയ, പി.ജയചന്ദ്രന്‍, ആര്‍.എസ് പ്രദീപ് എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയില്‍ ഉണ്ടായിരിക്കും.
യാഥാര്‍ഥ്യവും സ്വപ്നങ്ങളും കെട്ടുപിണഞ്ഞ സര്‍റിയലിസ്റ്റ് സിനിമകളിലൂടെയും പരീക്ഷണചിത്രങ്ങളിലൂടെയും ലോക സിനിമാചരിത്രത്തില്‍ സവിശേഷമായ ഒരിടം നേടിയെടുത്ത ഡേവിഡ് ലിഞ്ചിന്റെ 21 ഹ്രസ്വചിത്രങ്ങള്‍ മേളയിൽ പ്രദർശിപ്പിക്കും. 2024ലെ ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ആറ് ഡോക്യുമെന്ററികള്‍ മേളയുടെ മറ്റൊരു ശ്രദ്ധേയമായ പാക്കേജാണ്. ‘ഇലക്ഷന്‍ ഡയറീസ് 2024’ എന്ന ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ജര്‍മ്മനിയിലെ ഗോട്ടിന്‍ജന്‍ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേറ്റ് ആന്റ് ഡെമോക്രസി ഗവേഷണവിഭാഗം തലവയായ ശ്രീരൂപ റോയ്, ഡോക്യുമെന്ററി സംവിധായകന്‍ ലളിത് വചാനി എന്നിവര്‍ ചേര്‍ന്നാണ്. പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികളുടെ ഓര്‍മ്മകള്‍ പകര്‍ത്തുന്ന 13 ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിപ്പിക്കും. ‘എ റൂം ഓഫ് അവര്‍ ഓണ്‍’ എന്ന ഈ പാക്കേജ് ക്യുറേറ്റ് ചെയ്തിരിക്കുന്നത് എഡിറ്റര്‍ ബീനാപോള്‍, ഡോക്യുമെന്ററി സംവിധായകരായ റീന മോഹന്‍, സുരഭി ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ്. ഇന്ത്യന്‍ സിനിമയ്ക്ക് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വനിതാ ബിരുദധാരികള്‍ നല്‍കിയ സംഭാവനകളെ അടയാളപ്പെടുത്തുന്ന പാക്കേജ് ആണിത്.
ആഗസ്റ്റ് 27 ബുധനാഴ്ച വൈകിട്ട് ആറു മണിക്ക് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ മല്‍സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച ലോംഗ് ഡോക്യുമെന്ററിക്ക് രണ്ടു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപയും മികച്ച രണ്ടാമത്തെ ചിത്രത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. കേരളത്തില്‍ നിര്‍മ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്‌കാരത്തുക.
പൊതുവിഭാഗത്തിന് 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീ. registration.iffk.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയും കൈരളി തിയേറ്റര്‍ കോംപ്‌ളക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്‍ വഴി നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.