
ലൂസി ഇറിഗറെയുടെ സ്പെക്കുലം ഓഫ് ദ അദർ വുമൺ (അപര സ്ത്രൈണ പ്രതിബിംബം) എന്ന കൃതി , മനോവിശ്ലേഷണ സിദ്ധാന്തത്തിലും,തത്വചിന്തയിലും നിലനിൽക്കുന്ന സ്ത്രീകർതൃത്വത്തിന്റെ അസമമിതിയെക്കുറിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ്. ഫെമിനിസ്റ്റ് തത്വചിന്തയുടെ ചരിത്രത്തിലെ ഒരു നിർണായക കാൽവെപ്പാണ് ഈ ഗ്രന്ഥം . പുരുഷാധിപത്യ ചട്ടക്കൂടിനുള്ളിൽ സ്ഥാപിതമായ സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുകയാണ് ഈ കൃതിയിലൂടെ ഇറിഗറെ ചെയ്തത്. പാശ്ചാത്യദർശനവും മന:ശാസ്ത്രവും എങ്ങനെയാണ് സ്ത്രീയെ നിരന്തരം അപരത്വത്തിലേക്ക് തള്ളിയിട്ടു കൊണ്ടിരുന്നതെന്ന് തെളിയിക്കാനാണ് ഇറിഗറെ ശ്രമിച്ചത്. പാശ്ചാത്യ തത്ത്വചിന്തയിലെയും മനോവിശ്ലേഷണ സിദ്ധാന്തത്തിലെയും ആൺകേന്ദ്രിതവാദത്തെ ( ഫാലോസെൻട്രിസം) ഇറിഗറെ സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. പുരുഷാധിപത്യാശയങ്ങളിലൂടെ സ്ത്രീകൾ എങ്ങിനെ വാർത്തെടുക്കപ്പെടുന്നുവെന്നും യഥാർത്ഥ സ്വത്വത്തിൽ നിന്ന് അവൾ എപ്രകാരം തള്ളി മാറ്റപ്പെടുകയും ചെയ്യുന്നു എന്നതിൻറെ സാംസ്കാരിക – ദാർശനിക വിശകലനമാണ് ഈ കൃതിയിലൂടെ അവർ നിർവ്വഹിച്ചിരിക്കുന്നത്.പുസ്തകത്തിലെ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെട്ട ലേഖനമായ “ദി ബ്ലൈൻഡ് സ്പോട്ട് ഓഫ് ആൻ ഓൾഡ് ഡ്രീം”, ഫ്രോയിഡിന്റെ സ്ത്രീത്വത്തെക്കുറിച്ചുള്ള പ്രഭാഷണത്തെ നിശിതമായി വിമർശിക്കുന്നു. സ്ത്രീയെ അപൂർണ്ണതയായി കണക്കാക്കുന്ന പുരുഷാധിപത്യ ഘടനയിൽ നിന്നാണ് ഫ്രോയ്ഡ് ഈ സിദ്ധാന്തം രൂപപ്പെടുത്തിയതെന്നും ഇറിഗറെ വിമർശിക്കുന്നുണ്ട്.
1932 ൽ ബെൽജിയത്തിലാണ് ഇറിഗറെയുടെ ജനനം. 1960 ൽ ഫ്രാൻസിലേക്ക് താമസം മാറ്റിയ ഇറിഗറെ ഭാഷാശാസ്ത്രത്തിലും സൈക്കോളജിയിലും ബിരുദം നേടി.അവിടുത്തെ നാഷണൽ സെൻറർ ഫോർ സയൻറിഫിക് റിസർച്ചിൽ ഗവേഷണ സഹായിയായി തന്റെ കരിയർ ആരംഭിച്ചു. പാരീസിലെ ഒരു ഹോസ്പിറ്റലിലെ ന്യൂറോളജി ,സൈക്യാട്രി എന്നീ വിഭാഗങ്ങളുമായി സഹകരിച്ചു കൊണ്ടായിരുന്നു ഗവേഷണം മുന്നോട്ടു കൊണ്ടുപോയത്. ന്യൂറോ ലിംഗ്വിസ്റ്റിക് പാരമ്പര്യത്തിൽ അധിഷ്ഠിതമായ പഠനം ആയിരുന്നു ആദ്യത്തെ ഡോക്ടറൽ തീസിസ്.തലച്ചോറിന്റെ ചില ഭാഗങ്ങളിൽ ഉണ്ടാകുന്ന തകരാറുകൾ മൂലം വരുന്ന ഭാഷാ വൈകല്യമായ അഫാസിയയെ കുറിച്ചായിരുന്നു പഠനം .
1960 കളോടെ അക്കാദമികരംഗത്ത് സജീവമാവുകയും , പ്രശസ്ത മനോവിശ്ലേഷണ സൈദ്ധാന്തികനായ ഴാക് ലക്കാൻ്റെ നിരവധി സെമിനാറുകളിൽ പങ്കെടുത്തു കൊണ്ട് തൻ്റെ പ്രാഗൽഭ്യം തെളിയിക്കുകയുമുണ്ടായി. എഴുപതുകളുടെ ആരംഭത്തിൽ എക്കോൾ ഫ്രോയിഡിയിനിൽ അംഗമായി. 1973 ലാണ് രണ്ടാമത്തെ ഡോക്ടറൽ തീസിസ് ആയ ‘സ്പെക്കുലം ഓഫ് അദർ വുമൺ ‘ പ്രസിദ്ധീകരിച്ചത്. പുരുഷാധിപത്യ അടിത്തറയിൽ വാർത്തെടുത്ത തത്വചിന്താവ്യവസ്ഥകളെ ഇറിഗറെ തിരസ്കരിക്കുകയും , സ്ത്രീയെ അപരമായി (the Other) പ്രതിനിധീകരിക്കുന്ന സൈദ്ധാന്തിക രീതികൾ തുറന്നുകാട്ടുകയും ചെയ്തു. ഫ്രോയിഡിന്റെ ലൈംഗിക സിദ്ധാന്തങ്ങളിലെ , സ്ത്രീപുരുഷനിർമ്മിതികളുടെ ആശയത്തോട് ഇറിഗറെയ്ക്ക് യോജിക്കാനായില്ല. സിഗ്മണ്ട് ഫ്രോയിഡിൻ്റെ സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിർത്തു കൊണ്ടുള്ള മറുവാദങ്ങൾ ഇറിഗറെ ‘അപരസ്ത്രൈണപ്രതിബിംബത്തിൽ ‘ കൃത്യമായി രേഖപ്പെടുത്തി. തുടർന്നുണ്ടായ കോലാഹലത്തിൽ , നേരത്തേ അടിയുറച്ചു പോയ ആൺകോയ്മസിദ്ധാന്തങ്ങൾ വേരോടെ പിഴുതെറിയപ്പെട്ടു. എന്നാൽ ഇതിൻറെ ഫലമായി ഇക്കോളിലെ അദ്ധ്യാപകജോലി ഇറിഗറെക്ക് നഷ്ടമായി.
ഈ കൃതിയെ സാമാന്യേന മൂന്ന് വിഭാഗങ്ങളായി തിരിക്കാം.
ആദ്യഘട്ടത്തിൽ പ്ലേറ്റോ, അരിസ്റ്റോട്ടിൽ ,ഡെക്കാർട്ട് , ഫ്രോയിഡ് ,ലക്കാൻ എന്നിവരുടെ തത്വചിന്തയിലും മനോവിശ്ലേഷണസിദ്ധാന്തത്തിലും അടങ്ങിയിരിക്കുന്ന പുരുഷാധിപത്യ ക്രമീകരണങ്ങളിലൂടെ,അപരവൽക്കരിക്കപ്പെടുന്ന സ്ത്രീത്വത്തെ അവർ തുറന്നു കാണിക്കുന്നു.
ലൂസി ഇറിഗനെ തൻറെ പുസ്തകത്തിൽ പ്ലേറ്റോയുടെ ഗുഹോപമ വിശകലനം ചെയ്യുന്നുണ്ട് .പ്ലേറ്റോയുടെ ഗുഹോപമ (Allegory of the cave) റിപ്പബ്ലിക് എന്ന കൃതിയുടെ ഏഴാം പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്ന ഒരു പ്രതീകാത്മക ദർശനമാണ്.ഇത് പരിചിതമായ യാഥാർത്ഥ്യത്തെയും അതിൻറെ പരിധികളെയും പ്രശ്നവൽക്കരിക്കുന്നു.അറിവിൻറെ സ്വഭാവത്തെ കുറിച്ചുള്ള തത്വചിന്താവ്യാഖ്യാ നങ്ങൾ ആണ് ഈ ഉപമയിലൂടെ ലഭിക്കുന്നത്.ലൂസി ഇറിഗരെ പ്ലേറ്റോയുടെ ഗുഹ ഉപമയെ ലിംഗബോധം, ഭാഷ, അറിവ് ,അധികാരം എന്നിവയുമായി ബന്ധപ്പെട്ടാണ് വിശകലനം ചെയ്യുന്നത്.ഒരു ഗുഹയ്ക്ക് അകത്ത് കവാടത്തിന് എതിർമുഖമായി ഇരിക്കുന്ന ഒരു കൂട്ടം ആളുകൾ പുറകിൽ കവാടത്തിന് പുറത്തുള്ള യഥാർത്ഥ ലോകത്തെ അറിയാതിരിക്കുകയും അതിൻറെ നിഴലുകൾ മാത്രം ഭിത്തിയിൽ കണ്ട് , അതാണ് യാഥാർത്ഥ്യമെന്ന് ധരിക്കുകയും ചെയ്യുന്നു.ഗുഹയ്ക്കകത്ത് ജന്മനാ ബന്ധിതരായവർ പുറത്തുനിന്ന് വരുന്ന വെളിച്ചത്തിന്റെ പ്രതിഫലനങ്ങൾ മാത്രമാണ് കാണുന്നത്.നിലനിൽക്കുന്ന ബന്ധനത്തിൽ നിന്ന് മോചിതനായി യാഥാർത്ഥ്യത്തെ തിരിച്ചറിയുകയും സത്യത്തിന്റെ ഉറവിടം സ്വയം മനസ്സിലാക്കുകയും ചെയ്യുന്നിടത്താണ് ജ്ഞാനം പ്രവർത്തിക്കുന്നതെന്ന് പ്ലേറ്റോ പറയുന്നു.ഇവിടെ ഇറിഗറെ ഈ ഉദാഹരണത്തെ സ്ത്രീകളുടെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഗുഹയെ സ്ത്രീശരീരത്തിന്റെ ആകൃതിയോടൊപ്പം സൂചിപ്പിക്കുന്നു. പുരുഷാധിപത്യഅറിവ് ഗുഹയെ ഇരുണ്ട, അജ്ഞതയുടെ തടവറയായി കണക്കാക്കുന്നു. പുരുഷാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തി ക്രമീകരിക്കപ്പെട്ട ഈ അറിവിൽ നിന്ന് മോചിതയാകുമ്പോഴേ സ്ത്രീ തൻറെ സ്വത്വത്തെ തിരിച്ചറിയുകയുള്ളൂവെന്ന് ഇറിഗറെ സമർത്ഥിക്കുന്നു.ഗുഹയെ ഇരുട്ടിന്റെയും അജ്ഞതയുടെയും പ്രതീകമായി അവതരിപ്പിക്കുന്നതിലൂടെ അകത്തളങ്ങളിൽ തന്നെ ഒതുക്കപെടുന്ന സ്ത്രീയുടെ ദുരവസ്ഥയെ കുറിച്ചും ഇത് മറികടക്കുന്നതിനായി സ്ത്രീകളുടെ ജ്ഞാനമണ്ഡലം പുന:നിർവചിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും ഇറിഗറെ ഈ കൃതിയിൽ വിശദമാക്കുന്നുണ്ട്.
രണ്ടാമത്തെ ഘട്ടത്തിൽ ഭാഷയിലെ സ്ത്രീയുടെ അഭാവത്തെയും( linguistic dispossession) നിശ്ശബ്ദമാക്കപ്പെട്ട അവളുടെ ശബ്ദത്തെയും കുറിച്ച് ഇറിഗറെ തുറന്നു പറയുന്നു.സ്ത്രീക്ക് സംവേദനക്ഷമമായ ഭാഷയുണ്ടോ എന്നതു സംബന്ധിച്ചും ,പുരുഷാധിപത്യപരമായ ഭാഷാസംവിധാനങ്ങൾ സ്ത്രീയുടെ ആവിഷ്കാര സ്വാതന്ത്ര്യങ്ങളെ മാറ്റിതീർത്തതിനാൽ , സ്വന്തം വിവേക -വിചാരധാരകൾ തമസ്കരിക്കപ്പെട്ടതായും അവർ വിശദീകരിക്കുന്നു.
മൂന്നാംഘട്ടത്തിൽ, സാമൂഹ്യ- രാഷ്ട്രീയ -സാംസ്ക്കാരിക വ്യവഹാരത്തിൽ സ്ത്രീയുടെ പ്രതിനിധാനം പുനർനിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ഇറിഗറെ വിശദീകരിക്കുന്നത്.നിലവിലുള്ള അവസ്ഥയിൽ നിന്ന് സ്ത്രീയെ വിമോചിപ്പിക്കാൻ എത്രത്തോളം വൈജ്ഞാനിക , ദാർശനിക , രാഷ്ട്രീയ ഇടപെടലുകൾ അനിവാര്യമാണെന്നും സ്ത്രീയുടെ വാസ്തവികതയെ ഒരു പുതു ഭാഷയിലൂടെ, പുതുചിന്തയിലൂടെ, പുനർനിർവചിക്കേണ്ടതുണ്ടെന്നും അവർ കണ്ടെത്തുന്നു.
തൻറെ സിദ്ധാന്തരൂപീകരണത്തിൽ ഇറിഗറെ പ്രധാനമായും സിഗ്മെണ്ട് ഫ്രോയിഡിൻ്റെ മനോവിശ്ലേഷണസിദ്ധാന്തത്തെ പലവിധത്തിൽ വിമർശന വിധേയമാക്കുന്നുണ്ട്. അതിൽ പ്രധാനം ‘ലിംഗപക’യാണ് (Penis envy).Three essays on the theory of sexuality (1905)എന്ന കൃതിയിൽ സ്ത്രീലൈംഗികതയെ, ‘പുരുഷലിംഗത്തിന്റെ അഭാവത്താൽ നിർമ്മിതമായ ഒന്ന് ‘ എന്ന രീതിയിലാണ് ഫ്രോയിഡ് നിർവചിച്ചിരിക്കുന്നത്.ഈ അഭാവം നിമിത്തം പുരുഷന്റെ സമ്പൂർണ്ണത സ്ത്രീക്ക് ഒരിക്കലും സാധ്യമല്ലെന്ന് അദ്ദേഹം വാദിക്കുന്നു. അവളെ ‘കുറവുള്ള’ ‘അപൂർണ്ണമായ’ ഒരു ജീവിയായാണ് അദ്ദേഹം കണക്കാക്കുന്നത്.
സിഗ്മണ്ട് ഫ്രോയിഡിന്റെ ലൈംഗികതയുടെ വികസനസിദ്ധാന്തത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് ‘penis envy’ എന്ന ആശയം.പെൺകുട്ടി പുരുഷന്റെ ലിംഗത്തെ തിരിച്ചറിയുന്നതോടെ, തനിക്കിത് ഇല്ലല്ലൊ എന്ന അഭാവബോധത്തെയാണ് ഫ്രോയിഡ് നിർവ്വചിക്കുന്നത്. ഈ അഭാവബോധം അവളെ അനന്തമായി ആത്മമൂല്യഹീനതയിലേക്കും പുരുഷനെ അന്ധമായി ആശ്രയിക്കുന്ന നിലയിലേക്കും നയിക്കുന്നു. ഈ ഘടനയിൽ സ്ത്രീയുടെ ഭൗതികതയ്ക്ക് പ്രാതിനിധ്യമില്ല; അവൾ പുരുഷൻ എന്ന ചിന്താക്രമത്തിന്റെ പ്രതിഫലനം മാത്രമാകുന്നു . അതിനാൽ, ഇറിഗറെയുടെ പ്രോജക്റ്റ് സ്ത്രീയുടെ വൈഷമ്യങ്ങളെ ഭാഷാരൂപത്തിൽ തന്നെ പുനർവ്യാഖ്യാനം ചെയ്ത്, അഭാവമല്ല സാന്നിധ്യമാണ് സ്ത്രീയെ നിർവ്വചിക്കുന്നതെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു.
പാരമ്പര്യതത്ത്വചിന്തയിൽ സ്ത്രീയെ “ അപര” (The Other)എന്ന നിലയിൽ നിരന്തരം ക്രമപ്പെടുത്തി സ്ഥിരപെടുത്തുന്നതിനെയാണ് ഇറിഗറെ ചോദ്യം ചെയ്യുന്നത്. സ്ത്രീയെ സംബന്ധിച്ച സൈദ്ധാന്തികാഖ്യാനങ്ങൾ പലപ്പോഴും പുരുഷന്മാരുടെ ശ്രാവ്യതയിലൂടെയും അനുഭവങ്ങളിലൂടെയും ആണ് രൂപം കൊണ്ടത്. ഈ സാഹചര്യത്തിൽ സ്ത്രീയുടെ ആന്തരികതയും അനുഭവങ്ങളുമെല്ലാം “അഭാവം” എന്നതിലേക്കാണ് സംക്ഷിപ്തമാകുന്നത്. ഇറിഗറെ ഈ അധിഷ്ഠിത സങ്കല്പനങ്ങളെ വിമർശിക്കുകയും, സ്ത്രീയുടെ സ്വതന്ത്രകർതൃത്വത്തിനായുള്ള (Subjectivity) ആ വശ്യം ഉയർത്തുകയും ചെയ്യുന്നു. (“She is neither one nor two. She resists all adequate definition. Further, she has no ‘proper’ name’).
Speculum എന്നത് രണ്ട് അർത്ഥങ്ങൾ വഹിക്കുന്നു. ആദ്യത്തെത്, ഗൈനക്കോളജിക്കൽ ഉപകരണമായ ‘സ്പെക്യൂളം’, സ്ത്രീശരീരത്തെ “അന്വേഷിക്കുവാൻ” അല്ലെങ്കിൽ പരിശോധിക്കുവാൻ ഉപയോഗിക്കപ്പെടുന്നത്. രണ്ടാമത്തേത്, ദാർശനിക ചിന്തയിലുള്ള “മിറർ” അല്ലെങ്കിൽ പ്രതിബിംബം എന്ന നിലയിൽ . സ്ത്രീയെ പുരുഷന്റെ ദൃശ്യവൽക്കരണത്തിലൂടെ മാത്രം തിരിച്ചറിയുന്ന രീതി. ഇതിന്റെ പശ്ചാത്തലത്തിൽ, ഇറിഗാറെ ചിന്തയുടെ പ്രതിനിധീകരണ ഘടനകളെ തന്നെ ഉഴുത് മറിക്കാൻ ശ്രമിക്കുന്നു. പുരുഷാധിപത്യചിന്തയിൽ സ്ത്രീയെ എപ്പോഴും ഒരു അപൂർണ്ണതയായി, അതിനാൽ തന്നെ പുരുഷന് പിന്നിൽ നിൽക്കേണ്ടവളായി ചിത്രീകരിക്കുന്നതായി ഇറിഗറെ കണ്ടെത്തുന്നു.
സ്ത്രീയുടെ ആഗ്രഹം, ശരീരം, സംസാരരീതി—ഇവയെല്ലാം പുരുഷാധിപത്യത്തിന്റെ ഭാഷയിൽ തന്നെ വ്യാപൃതമാകുന്നത്, സ്ത്രീയുടെ യഥാർത്ഥസ്വത്വത്തെ തന്നെ അപ്രസക്തമാക്കുന്നു. ഇറിഗാറെ ഈ അപ്രസക്തതയ്ക്കെതിരായി സ്ത്രീയുടെ അർത്ഥവത്തായ സാന്നിദ്ധ്യത്തിനായി പുത്തൻ ഭാഷാനിർമ്മാണത്തെ ആവിഷ്കരിക്കുന്നു.
സ്ത്രീയുടെ ഭാഷയും സംസാരശൈലിയുമെല്ലാം പുരുഷാധിപത്യസങ്കേതങ്ങൾക്കുള്ളിൽനിന്ന് ഇറങ്ങി വരുമ്പോൾ, ആ ഭാഷയിൽ സ്ത്രീയുടെ യഥാർത്ഥ അഭിരുചിക്ക് ഇടമില്ല. അതിനാൽ, സ്ത്രീകൾക്കായി പുതിയ ഭാഷാസങ്കേതങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. അതിനായി ഇറിഗാറെ “പുതിയ എഴുത്ത്” (ecriture feminine) എന്ന ആശയം ഉയർത്തുന്നു, അത് സ്ത്രീയുടെ ശരീരത്തിന്റെയും അനുഭവങ്ങളുടെയും ലയനത്തിലൂടെയാണ് പ്രകടമാകുന്നത്.
അർത്ഥത്തിന് ഏകാധിപത്യരൂപം നൽകുന്ന ഭാഷാരീതികളെ ചോദ്യം ചെയ്യുകയും, സ്ത്രീയുടെ അനുഭവശാസ്ത്രത്തെ ഭാഷയിലേക്കു കൊണ്ടുവരികയും ചെയ്യുക എന്ന രീതിയിലൂടെയാണ് écriture féminine പ്രവർത്തിക്കുന്നത്. ദെറിദയുടെ différance എന്ന ആശയത്തിന്റെ പ്രകാശത്തിൽ, ഈ എഴുത്ത് അർത്ഥത്തിന്റെ അനിശ്ചിതത്വം തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രവർത്തിക്കുന്നത്. അതിനാൽ écriture féminine ഒരു ലിംഗവൈശിഷ്ട്യപൂർണമായ ഭാവാത്മക എഴുത്ത് രൂപമാണ് — അത് സ്ത്രീയെ കേന്ദ്രസമൂഹത്തിലേക്ക് മാറ്റുന്നതല്ല, മറിച്ച് അവളുടെ ശാരീരിക-ആന്തരികാനുഭവങ്ങളെ ഭാഷയിൽ പ്രത്യക്ഷമാക്കുന്ന വിമർശനാത്മക വ്യാഖ്യാനമായാണ് പ്രവർത്തിക്കുന്നത്.
സ്ത്രീ – സ്വത്വത്തെ പ്രതിനിധീകരിക്കേണ്ടത്, നിലനിൽക്കുന്ന തത്ത്വചിന്തയുടെ പരിധികൾക്കുള്ളിൽനിന്നുമല്ല, മറിച്ച് അവയെ തന്നെ പുനരാവിഷ്കരിച്ചുകൊണ്ടാവണമെന്ന് ഇറിഗറെ കരുതി. ഇതിനായി പുതിയ സ്ത്രീപക്ഷ സിദ്ധാന്തങ്ങളും ഭാഷകളും നിർമ്മിച്ചെടുക്കേണ്ടതിൻ്റെ ആവശ്യകതയെയാണ് ഇറിഗറെ ഈ കൃതിയിലൂടെ വരച്ച് കാട്ടിയത്.