ഫെമിനിസങ്ങൾ

 ജയാ ജി നായർ

ജയാ  ജി നായർ

ഡോ. അർപ്പിതാ മുഖോപാധ്യായ എഴുതിയ ‘ഫെമിനിസംസ്’ (Feminisms – ഫെമിനിസങ്ങൾ) എന്ന ഇംഗ്ലീഷിലുള്ള പുസ്‌തകം പരിചയപ്പെടാം. പശ്ചിമ ബംഗാളിലുള്ള ബർദ്വാൻ സർവകലാശാലയിലെ ഇംഗ്ലീഷ് / കൾച്ചറൽ സ്റ്റഡീസ് ഡിപ്പാർട്ടുമെന്റിൽ   പ്രൊഫസറാണ് ഡോ. അർപ്പിത.

എന്തു കൊണ്ട് തലക്കെട്ടിൽ ‘ഫെമിനിസം’ എന്നു പറയാതെ ബഹുവചനം ഉപയോഗിച്ചിരിക്കുന്നു എന്നത് ലേഖിക ആദ്യംതന്നെ വിശദമാക്കുന്നുണ്ട്. വ്യത്യസ്തവും  സങ്കീർണവും വിവിധ അടരുകൾ ഉള്ളതും പലപ്പോഴും എതിർചേരികളിൽ നിൽക്കുന്നതുമായ ആശയങ്ങളുടെ കൂടിച്ചേരലാണ് ഫെമിനിസം. ഏകമായ ഒന്നിൽ അതിനെ തളച്ചിടാൻ സാധിക്കില്ല. ബഹുവചനത്തിൽ തന്നെയാണ് അതു മനസ്സിലാക്കപ്പെടേണ്ടത്. അതുകൊണ്ട്, വിവിധങ്ങളായ ഫെമിനിസങ്ങളെ കണ്ടെത്തി തിരിച്ചറിയുന്നതാണ് സാധുവായ രീതി. സ്ത്രീകൾക്ക് സമൂഹത്തിലുള്ള താഴ്ന്ന നില എന്ന പ്രശ്നത്തെപ്പറ്റി ചിന്തിച്ച് സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ വിവേചനങ്ങൾ ഇല്ലാതാക്കാനുള്ള  വഴികൾ അന്വേഷിക്കുക എന്നതാണ് ഫെമിനിസങ്ങൾ ചെയ്യുന്നത്. ഈ കാതലായ വിഷയം  കൈകാര്യം ചെയ്യുന്ന രീതിയിലുള്ള വ്യത്യാസങ്ങളാണ്  പ്രസ്ഥാനങ്ങൾ തമ്മിൽ സങ്കീർണമായ വൈവിധ്യങ്ങൾ ഉണ്ടാക്കുന്നത്. ഇങ്ങനെ പറഞ്ഞിട്ട്, ആ പല ഫെമിനിസങ്ങളിലൂടെ ഒരേസമയം ആഴവും പരപ്പുമുള്ള നോട്ടത്തിലേക്കാണ് ലേഖിക നമ്മെ കൊണ്ടുപോകുന്നത്.

ഡോ .അർപ്പിത മുഖോപാധ്യായ

രണ്ടു നൂറ്റാണ്ടിലേറെ വർഷങ്ങൾ പുറകോട്ടു സഞ്ചരിച്ച് ഫെമിനിസ്റ്റ് ചിന്താപദ്ധതിയുടെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഫെമിനിസം എന്ന വാക്കിന്‍റെ ഉറവിടം, ഉപയോഗത്തിന്‍റെ നാൾവഴികൾ, എപ്പോൾ / എവിടെയൊക്കെ / എങ്ങനെയൊക്കെയാണ് ചിന്താഗതികൾ ഉരുത്തിരിഞ്ഞു വന്നത് – ഇതൊക്കെ അവതാരികയിൽ വിശദീകരിക്കുന്നുണ്ട്. ഒരു പ്രസ്ഥാനമെന്ന  രീതിയിൽ ഫെമിനിസത്തിന്‍റെ തുടക്കം തന്നെ വളരെ വ്യത്യസ്തങ്ങളായ   സ്ഥല/ കാലങ്ങളിലൂടെയാണ് ഉണ്ടായിട്ടുള്ളത് എന്നത് കാണിച്ചുതരുന്നു. വിവിധ ‘തരംഗങ്ങൾ’ എന്ന രീതിയിലും, ചരിത്രപരമായും,   സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയും ഫെമിനിസങ്ങളെ  എങ്ങനെയൊക്കെ തരംതിരിച്ചിരിക്കുന്നു എന്ന് വിശദീകരിക്കുന്നു.  വലിയ വിഭാഗങ്ങളുടെ ഒപ്പം ഉരുത്തിരിഞ്ഞ മറ്റു  ചിന്താപദ്ധതികൾ ഏതൊക്കെയാണ് എന്നും എണ്ണമിട്ടു പറയുന്നുണ്ട്.

അവതാരികക്ക് ശേഷം 11 അധ്യായങ്ങളാണ് 141 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിൽ ഉള്ളത്. ആദ്യകാല ഫെമിനിസ്റ്റുകൾ, സിമോൺ ദി ബോവറും റാഡിക്കൽ ഫെമിനിസവും, കൾച്ചറൽ ഫെമിനിസവും ഗൈനോക്രിട്ടിസിസവും, മാർക്സിസ്റ്റ്/ സോഷ്യലിസ്റ്റ് ഫെമിനിസം, പോസ്റ്മോഡേൺ ഫെമിനിസം, ഫ്രഞ്ച് ഫെമിനിസ്റ്റ് ചിന്ത, ബ്ലാക്ക് ഫെമിനിസം, പോസ്റ്റ് കൊളോണിയൽ /  മൂന്നാം ലോക ഫെമിനിസം, എക്കോഫെമിനിസം, ലെസ്ബിയൻ ഫെമിനിസം, ഫെമിനിസ്റ്റ് വിമർശനം പ്രയോഗത്തിൽ എന്നിവയാണ് ഈ അധ്യായങ്ങളിൽ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങൾ.

ഓരോ  വിഷയത്തെപ്പറ്റിയും ഹ്രസ്വമെങ്കിലും പ്രധാന കാര്യങ്ങൾ വിട്ടുപോകാതെയും അപഗ്രഥനാത്മകവുമായ വിവരണമാണ്  ഉൾപ്പെടുത്തിയിട്ടുള്ളത്. എങ്ങനെയാണ് ഓരോ ചിന്താപദ്ധതിയും ഉരുത്തിരിഞ്ഞു വന്നത്   എന്നു വ്യക്തമാക്കുന്നുണ്ട്. കാതലായ ആശയങ്ങൾ,  പ്രധാനമായി കണക്കാക്കിയ പ്രശ്നങ്ങൾ, ലക്ഷ്യങ്ങൾ, ഏറ്റവും സ്വാധീനം ചെയ്ത ചിന്തകർ, സാഹിത്യകൃതികൾ, ഏറ്റെടുത്ത പ്രവർത്തനങ്ങൾ, മുൻനിരയിൽ നിന്ന് നയിച്ച / നയിക്കുന്ന ആൾക്കാർ ഇതൊക്കെ വിശദീകരിക്കുന്നു. ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങൾ ഏതൊക്കെയാണ്, ലോകത്തിൽ ഏതു രീതിയിലൊക്കെയാണ് ഫെമിനിസം മുന്നോട്ടു പോകുന്നത് ഇങ്ങനെയുള്ള കാര്യങ്ങളും വിവരണത്തിൽ കടന്നു വരുന്നുണ്ട്.

എന്തൊക്കെയാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്? കാച്ചിക്കുറുക്കിയ വാചകങ്ങൾ. ഒരു വരിപോലും ആവർത്തനമോ ഒഴിവാക്കാവുന്നതോ ആയി തോന്നുകയില്ല. ഒഴുക്കും വ്യക്തതയുമുള്ള ഭാഷ, വാക്കുകൾ പ്രയോഗിക്കുന്നതിൽ കാണിച്ചിട്ടുള്ള ശ്രദ്ധ ഇവയും എടുത്തു പറയേണ്ടതാണ്. ഓരോ അധ്യായത്തിന്‍റെയും അവസാനഭാഗത്ത്   അതിലെ വിഷയത്തോട്  ബന്ധപ്പെട്ട ചില പ്രത്യേക അറിവുകളെയും ചിന്താപദ്ധതികളെയും പ്രവർത്തകരെയും കുറിച്ച് ചില ചെറുകുറിപ്പുകൾ കൊടുത്തിട്ടുള്ളത് വിവരണത്തെ കൂടുതൽ പുഷ്ടിപ്പെടുത്തുന്നുണ്ട്. ഉപയോഗിച്ച പ്രധാന പ്രമാണങ്ങളുടെ വിവരം എല്ലാ അധ്യായത്തിലും   ഉൾപ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിൽ അവസാനമായി ചേർത്തിരിക്കുന്ന പദശേഖരം (ഗ്ലോസ്സറി) തന്നെ നല്ലൊരു റഫറൻസ് ആണ്. സിദ്ധാന്തങ്ങളിൽ ഉപയോഗിച്ചിരിരിക്കുന്ന പദങ്ങളുടെ കൃത്യമായ അർഥവും പ്രയോഗവും അറിയേണ്ടത് ഇത്തരം വിഷയങ്ങൾ  മനസ്സിലാക്കുന്നതിൽ വളരെ പ്രധാനമാണല്ലോ. കൂടുതൽ വായനക്കുള്ള നിർദേശങ്ങളും നൽകിയിരിക്കുന്നു.

പ്രസാധകരായ ‘ഓറിയന്റ് ബ്ലാക്ക്സ്വാൻ’ പ്രസിദ്ധീകരിക്കുന്ന   വിവിധ സാഹിത്യ / സാംസ്കാരിക സിദ്ധാന്തങ്ങളെപ്പറ്റിയുള്ള പുസ്തകശൃംഖലയുടെ ഭാഗമാണ് 2016-ൽ പുറത്തു വന്ന ഈ പുസ്‌തകം. ചരിത്രപരവും വിമർശനാത്മകവുമായി ഫെമിനിസത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് പുസ്‌തകം ഏറ്റെടുത്തിരിക്കുന്നത് എന്ന് ശൃംഖലയുടെ എഡിറ്ററായ സുമിത് ചക്രബർത്തി ആമുഖത്തിൽ പറയുന്നുണ്ട്.  പുസ്തകത്തിന്‍റെ പേജുകളിൽ കൂടി കടന്നു പോയിക്കഴിയുമ്പോൾ, ആ ശ്രമത്തിൽ ലേഖിക നൂറു ശതമാനവും വിജയിച്ചു എന്നു നമ്മൾ സമ്മതിക്കും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നീട് എപ്പോൾ വേണമെങ്കിലും എടുത്തു നോക്കാവുന്ന ഒരു റഫറൻസ് ഗ്രന്ഥമായി ഈ ചെറിയ പുസ്‌തകം നിങ്ങളുടെ മേശയുടെ അരികിൽ ഉണ്ടെന്നു നിങ്ങൾ ഉറപ്പുവരുത്തും എന്നതും തീർച്ചയാണ്.

Feminisms by Arpita Mukhopadhyay, Edited by Sumit Chakraborti, Published by Orient BlackSwan, 2016.

 

 

 

——————————

Hot this week

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

Topics

വിവാഹാലോചനയുമായി റഷ്യയിലേക്ക്

ഇമിഗ്രേഷൻ കൗണ്ടറിലെ ക്യാമറയിൽ ഞാൻ നിസ്സഹായനായി നോക്കി നിന്നു. എന്റെ കൂടെവന്നവരെല്ലാം...

നിസ്വവർഗത്തോടൊപ്പം നിലയുറപ്പിച്ച സർഗവ്യക്തിത്വം

സ്കൂൾ ഓഫ് ഡ്രാമയുടെ താളം കൃഷ്ണൻ നമ്പൂതിരി മാഷായിരുന്നുവെങ്കിൽ അതിന്റെ സംഗീതം...

ആത്മനൊമ്പരങ്ങളുടെ നേർക്കാഴ്‌ചകൾ

സ്വയം എരിയാൻ കൂട്ടാക്കാത്ത കുറേ നോവുകളെ പുനരാവിഷ്കരിക്കുകയാണ് കാവ്യരചനയിലൂടെ പൊതുവേ കവികൾ...

അതിരുകൾക്കപ്പുറമുള്ള കലാലോകം

ചേർത്തുനിർത്തലിന്റെയും ഒഴിവാക്കലിന്റെയും അതിരുകൾ എങ്ങനെ രൂപപ്പെടുന്നുവെന്ന ചിന്ത പങ്കുവയ്‌ക്കുകയാണ്‌ ദർബാർ ഹാൾ...

ചോരചിന്തിയ കുട്ടംകുളം സമരവും സാമൂഹ്യ‐രാഷ്ട്രീയ മുന്നേറ്റങ്ങളും

ചരിത്രപ്രസിദ്ധമായ കുട്ടംകുളം സമരത്തിന്റെ 79-‐ാം വാർഷികദിനമായിരുന്നു ഈ ജൂലായ് 6. കൂട്ടംകുളത്ത്...

കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി...

ജാനകിvs ജാനകി വി : അപായമണിമുഴക്കം പ്രമുഖരുടെ പ്രതികരണം

ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമക്ക്   സെൻസർ ബോർഡ് ...

ഫാസിസവും നവഫാസിസവും‐ 12

അപരത്വം നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വരുത്തിയ മാറ്റങ്ങളും...
spot_img

Related Articles

Popular Categories

spot_imgspot_img