സംഘപരിവാർ ആക്രമണകാലത്ത് മോഹൻലാലിന്റെ താരപദവി

സജിത്ത് എം. എസ്

ലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരമാണ് മോഹൻലാൽ. ഒരേസമയം അഭിനേതാവ് എന്ന നിലയിലും താരശരീരം എന്ന നിലയിലും മോഹൻലാൽ തന്റെ കലാജീവിതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്. മലയാളികൾക്കിടയിൽ മോഹൻലാൽ എന്ന താരം ചെലുത്തുന്ന സ്വാധീനം ഏറെ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. നാൽപതു വർഷങ്ങളായി മലയാളികളുടെ വൈകാരിക ജീവിതത്തിലും അനുഭവങ്ങളിലും ആഴത്തിൽ പതിഞ്ഞു കിടക്കുന്ന വൈയക്തികമായ ഒരു അനുഭവം കൂടിയാണ് മോഹൻലാൽ എന്ന നടന്റെ തിരശീലയ്ക്ക് ഉള്ളിലും പുറത്തുമുള്ള ജീവിതം.

2000 ത്തിനു ശേഷം മോഹൻലാൽ തന്റെ താരസ്വരൂപത്തേ മലയാളികൾക്കിടയിൽ ‘ലാലേട്ടൻ’ എന്ന ബ്രാൻഡ് ആയി സ്വയം അഴിച്ചുപണിതു. മലയാളികളുടെ സാംസ്‌കാരികശീലങ്ങളുടെ ഭാഗം തന്നെയായി മാറിയ മോഹൻലാലിന്റെ താരപദവിയേ കേരളത്തിലെ വിനോദവിപണിയും ഏറെ ഉപയുക്തമാക്കിയിരുന്നു. മലയാള സിനിമാവ്യവസായത്തിലെ ഏറ്റവും വലിയ വിപണിമൂല്യമുള്ള താരമായി മാറാൻ പിന്നീടുള്ള പതിറ്റാണ്ടുകളിൽ മോഹൻലാലിനു സാധിച്ചു. ‘നരസിംഹം’ അടക്കമുള്ള സിനിമകൾ നേടിയ സാമ്പത്തികവിജയം പിന്നീടുള്ള പതിറ്റാണ്ടുകളിലെ താരം എന്ന നിലയിലുള്ള മോഹൻലാലിന്റെ വളർച്ചയുടെ തുടർച്ചയായിരുന്നു. 2016 ൽ മോഹൻലാൽ നായകനായ ‘പുലിമുരുകൻ’ എന്ന ചലച്ചിത്രം മലയാള സിനിമാവ്യവസായത്തിലെ ആദ്യ നൂറു കോടി കളക്ഷൻ നേടിയ സിനിമയായി ചരിത്രം സൃഷ്ടിച്ചു. പിന്നീട് 2019 ൽ ‘ലൂസിഫർ’ എന്ന സിനിമയിലൂടെ മോഹൻലാൽ 200 കോടി എന്ന വിപണിനേട്ടവും കൈവരിച്ചു.

തുടർച്ചയായ പരാജയചിത്രങ്ങളിലൂടെ മോഹൻലാൽ എന്ന നടൻ/താരം സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഏറെ ചർച്ചയായ സമയമായിരുന്നു മുൻവർഷങ്ങളിൽ ഉണ്ടായത്. മലയാള സിനിമാവിപണിയ്ക്ക് മേലുള്ള മോഹൻലാലിന്റെ താരപദവിയുടെ സ്വാധീനശേഷിയേക്കുറിച്ച് പോലും വലിയ ചോദ്യങ്ങൾ ഉയർന്നുവന്നു. എന്നാൽ 2025 പകുതിയാകുമ്പോൾ തന്റെ മൂന്ന് സിനിമകളിലൂടെ 500 കോടി വരുമാനം എന്ന സ്വപ്നനേട്ടം നേടിയിരിക്കുകയാണ് താരം. മോഹൻലാലിന്റെ പൊതുജീവിതത്തിൽ മുൻപെങ്ങുമുണ്ടാകാത്ത വിധം വ്യാപകമായ സംഘപരിവാർ സൈബർ ആക്രമണവും അദ്ദേഹത്തിന്റെ സിനിമകൾക്ക് മേലുള്ള ബഹിഷ്കരണാഹ്വാനങ്ങളും (സാമൂഹ്യ മാധ്യമങ്ങളിലെ പ്രൊഫൈലുകൾ വഴി) നിലനിൽക്കേ മോഹൻലാൽ നേടിയ വിപണിവിജയത്തെയും സംഘപരിവാർ ശത്രുതയെയും അന്വേഷിക്കുകയാണ് ലേഖനം.

സംഘപരിവാർ ശത്രുത
വളരെ അപൂർവമായി മാത്രം തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയുന്ന വ്യക്തിയാണ് മോഹൻലാൽ. ചലച്ചിത്രസംഘടനയായ A. M. M. A യും തിലകനുമായി അസ്വാരസ്യങ്ങൾ ഉണ്ടായ കാലത്ത് സുകുമാർ അഴീക്കോടുമായി ഉണ്ടായ വിവാദങ്ങൾ മാറ്റി നിർത്തിയാൽ സമൂഹത്തിൽ ഏറെ ചർച്ചയാവുകയും വിമർശനവിധേയമാവുകയും ചെയ്ത വിവാദങ്ങളിൽ നിന്നും പലപ്പോഴും മോഹൻലാൽ തന്റെ താരജീവിതത്തിൽ വിട്ടുനിന്നു. കേരളത്തിലെ എല്ലാ കക്ഷിരാഷ്ട്രീയ നേതാക്കളുമായും അടുത്ത വ്യക്തിബന്ധം പുലർത്തുകയും പല ഗവണ്മെന്റ് പ്രൊജക്റ്റുകളുടെ ബോധവൽക്കരണത്തിന്റെ മുഖമായി മാറുകയും കൂടി ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

എന്നാൽ 2014 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബി.ജെ. പി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മോഹൻലാൽ സ്വീകരിച്ച ചില നിലപാടുകൾ അദ്ദേഹത്തെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വക്താവ് എന്ന നിലയിൽ വലതുപക്ഷ സംഘപരിവാർ അനുകൂല രാഷ്ട്രീയം പറയുന്നവർ ഏറ്റെടുത്തു. 2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തേ അനുകൂലിച്ചു കൊണ്ട് മോഹൻലാൽ എഴുതിയ ബ്ലോഗ് ഏറെ വിവാദങ്ങൾക്കും അദ്ദേഹത്തിന്റെ ബ്ലോഗിനെ എതിർത്തും അനുകൂലിച്ചുമുള്ള പല അഭിപ്രായങ്ങൾക്കും വഴിതെളിച്ചു. മോഹൻലാൽ എന്ന താരത്തിന്റെ രാഷ്ട്രീയവിശ്വാസങ്ങൾ മുൻപെങ്ങുമുണ്ടാകാത്ത വിധം ചർച്ചയായ ആദ്യ സംഭവമായിരുന്നു അത്. പിന്നീട് പ്രാധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എഴുതിയപ്പോഴും  കോവിഡ് കാലത്ത് പാത്രം കൊട്ടാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അനുകൂലിച്ചു കൊണ്ട് പ്രസ്താവന നടത്തിയപ്പോഴും  സമാനമായ വിവാദങ്ങളും വിമർശനങ്ങളും മോഹൻലാൽ നേരിട്ടു. ഇതെല്ലാം സംഘപരിവാർ കേന്ദ്രങ്ങൾക്ക് മോഹൻലാൽ തങ്ങളുടെ പക്ഷത്തു നിൽക്കുന്നയാളാണ് എന്ന പ്രതീതിയുണ്ടാക്കുകയും ചെയ്തു.

എന്നാൽ ഈ സംഘപരിവാർ സ്നേഹത്തിന് ഇളക്കമുണ്ടായത് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നിട്ട് കൂടി മോഹൻലാൽ പങ്കെടുക്കാത്തതോടുകൂടിയാണ്. 1996 ലെ ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിൽ തുടങ്ങിയ സംഘപരിവാറിന്റെ ഒരു വലിയ വർഗീയ പ്രൊജക്റ്റിന്റെ ഭാഗമായി നടന്ന രാമക്ഷേത്രഉത്ഘാടനത്തിന് ഇന്ത്യയിലെ കലാ-കായിക രംഗത്തെ മുൻനിരതാരങ്ങൾ എല്ലാവരും പ്രത്യേക ക്ഷണിതാക്കളായി ഉണ്ടായിരുന്നു. ആ പരിപാടിയുടെ ഭാഗമാകുന്നതിൽ നിന്ന് മനഃപൂർവമോ അല്ലാതെയോ മലയാളത്തിലെ ഏറ്റവും വലിയ ജനകീയ താരം വിട്ടുനിന്നത് സംഘപരിവാർ കേന്ദ്രങ്ങൾക്ക് സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു.

ഈ അപ്രീതി പൂർണ്ണമായത് മോഹൻലാൽ നായകനായ മലയാളത്തിലെ ഏറ്റവും വലിയ മുടക്കുമുതലിൽ നിർമ്മിക്കപ്പെട്ട ‘എമ്പുരാൻ’ എന്ന സിനിമ തീയേറ്ററുകളിൽ എത്തിയതോടെയാണ്.പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത  ‘എമ്പുരാൻ’ സിനിമയുടെ ആരംഭരംഗങ്ങളാണ്  സംഘപരിവാർ അനുകൂലികളെ വിറളി പിടിപ്പിച്ചത്. ചില തീർത്ഥടകർ സഞ്ചരിക്കുന്ന ട്രയിനിനു തീ പിടിക്കുന്ന ഗ്രാഫിക് ടൈറ്റിൽ രംഗങ്ങൾക്ക് പുറമെ ഉത്തരേന്ത്യയിൽ സംഭവിച്ച ഒരു മുസ്ലിംവിരുദ്ധ കലാപത്തെയാണ് നിർഭയമായി സിനിമ ആവിഷ്കരിച്ചത്.

ഗോദ്ര സംഭവവത്തെയും  അതേത്തുടർന്നുണ്ടായ ഗുജറാത്ത്‌ കലാപത്തെയും അനുസ്മരിപ്പിക്കുന്ന ഈ രംഗങ്ങൾ വ്യപകമായ നിലയിൽ തീവ്രവലതുപക്ഷ വിശ്വസികളെ അലോസരപ്പെടുത്തും വിധം യഥാതഥമായാണ് സിനിമയുടെ ആദ്യ പതിപ്പിൽ ഉണ്ടായിരുന്നത്. അതിനെ അവർ നേരിടുന്നതാകട്ടെ സിനിമ കാണരുത് എന്ന സംഘടിത ബഹിഷ്കരണ ആഹ്വാനങ്ങൾ കൊണ്ടും മോഹൻലാൽ,പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കെതിരെ കേട്ടാലറയ്ക്കും വിധമുള്ള വിദ്വേഷങ്ങളും വെറുപ്പും സാമൂഹ്യമാധ്യമങ്ങളിൽ എഴുതിക്കൊണ്ടുമാണ്. മോഹൻലാൽ കടുത്ത നിലയിൽ സൈബർ അധിക്ഷേപങ്ങൾക്ക് ഇരയായി മാറുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. വ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്നു സിനിമയിൽ സെൻസറിംഗ് നടക്കുകയും മോഹൻലാൽ തന്നെ ആ വിഷയങ്ങൾ പറഞ്ഞു കൊണ്ട് ഒരു ഫേസ്ബുക് കുറിപ്പ് പോസ്റ്റ്‌ ചെയ്യുകയും ചെയ്തു.

‘ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്..’ എന്ന് അദ്ദേഹം എഴുതി.

ഈ വിവാദങ്ങളുടെയെല്ലാം ഗുണഭോക്താവാവുകയായിരുന്നു വാസ്തവത്തിൽ ‘എമ്പുരാൻ’ എന്ന വിനോദ ഉത്പന്നം. 240 കോടിയോളം നേടി  ‘എമ്പുരാൻ’ നിലവിൽ (2025 ലെ കണക്ക് പ്രകാരം) മലയാളത്തിലെ ഏറ്റവും വലിയ വിപണിവിജയം നേടിയ സിനിമയായി മാറി.

സംഘപരിവാർ പ്രൊഫൈലുകളിലൂടെയുള്ള മോഹൻലാൽ വെറുപ്പ് പിന്നീടും അക്കൂട്ടർ അവസാനിച്ചില്ല. 2025 ഏപ്രിൽ മാസം കശ്മീറിലെ പെഹൽഗാമിൽ ടുറിസ്റ്റുകൾക്ക് നേരേ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു ഭീകരക്രമണത്തിലെ ഞെട്ടലും വേദനയും അറിയിച്ചു കൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനുള്ള കമന്റ്‌ ബോക്സിൽ പോലും ഇരകളായ മനുഷ്യരോടും അവരുടെ പ്രിയപ്പെട്ടവരോടുമുള്ള അനുതാപവും ചേർത്തു പിടിക്കലും അല്ല കമന്റ്‌ ആയി കണ്ടത് – മുഴുവനും സംഘപരിവാർ വെറുപ്പ് ആയിരുന്നു, വിദ്വേഷവും തെറികളും ആയിരുന്നു.

തുടരുന്ന ‘മലയാളത്തിന്റെ മോഹൻലാൽ’
എമ്പുരാൻ സൃഷ്‌ടിച്ച വിവാദങ്ങളുടെയും സംഘപരിവാർ സൈബർ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന സിനിമ റിലീസായത്. വലിയ വിവാദങ്ങളുടെ പിന്നാലെയായത് കൊണ്ട് തന്നെ ഈ സിനിമയുടെ പ്രചരണത്തിനായിപ്പോലും മോഹൻലാൽ മാധ്യമങ്ങൾക്ക് മുന്നിൽ വരികയോ ഇന്റർവ്യൂകൾ അനുവദിക്കുകയോ ചെയ്തില്ല. പക്ഷേ ‘തുടരും’ വളരെയധികം പ്രശംസിക്കപ്പെടുകയും കുടുംബപ്രേക്ഷകർ അടക്കം വലിയൊരു വിഭാഗം പ്രേക്ഷകസമൂഹത്തെ ഏറെ കാലത്തിനു ശേഷം തീയേറ്ററുകളിൽ എത്തിച്ചു വലിയ സാമ്പത്തികവിജയം നേടുകയും ചെയ്തു.
കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം 118 കോടിയോളം സിനിമ കളക്ട് ചെയ്തു. 2023 ൽ പുറത്തിറങ്ങിയ ‘2018’ എന്ന സിനിമയുടെ നേട്ടമാണ് ‘തുടരും’ തിരുത്തിയത്. കേരളം പോലെ വളരെ ചെറിയൊരു സംസ്ഥാനത്ത് നിന്ന് 100 കോടിക്ക് മുകളിൽ വലിയ സാമ്പത്തിക വിജയം നേടാൻ മാത്രമുള്ള താരപദവി ഇപ്പോഴും തനിക്കുണ്ട് എന്നുള്ള മോഹൻലാലിന്റെ നേട്ടം കൂടിയാണ് അത്.

‘തുടരും’ സിനിമയ്ക്ക് പിന്നാലെ 2007 ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ  പുറത്തിറങ്ങിയ ‘ചോട്ടാ മുംബൈ’ എന്ന മോഹൻലാൽ സിനിമ റീ റിലീസ് ചെയ്യുകയും പുതിയ തലമുറയടക്കം (2007 ൽ ജനിച്ച കുട്ടികളുടെ തലമുറ അടക്കം) തീയറ്ററിൽ ഒരു കാർണിവലെന്ന പോലെ ആഘോഷിക്കുന്ന വിജയമായി ആ സിനിമ മാറുകയും ചെയ്തു. 90 കളുടെ ഒടുവിൽ ജനിച്ച മനുഷ്യർക്ക് അവരുടെ കുട്ടിക്കാലത്തെ ഓർമ്മകളുടെയും ആനന്ദാനുഭവങ്ങളുടെയും ഓർമ്മകളെ തിരികെപ്പിടിക്കാൻ ഉള്ള മാർഗം കൂടിയായി ‘ചോട്ടാ മുംബൈ’ എന്ന സിനിമയുടെ പുതിയ കാലത്തെ തിരശീലയനുഭവം. സിനിമ എന്ന കലാസ്വാദനത്തിനപ്പുറം ആൾക്കൂട്ടത്തിന്റെ ആഘോഷമായി മോഹൻലാൽ സിനിമകൾ തീയറ്ററിനുള്ളിൽ മാറുന്നു. ആ ആഘോഷദൃശ്യങ്ങൾ തന്നെ പിന്നീട് ഇൻസ്റ്റാഗ്രാമിലെ റീൽ ആയി അതിലധികം ആൾക്കാരെ ആഹ്ളാദിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു.

സംഘപരിവാർ ആക്രമണങ്ങൾ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക ബിംബ(Cultural Icon) മായ മോഹൻലാലിനെ ഒരു തരത്തിലും ബാധിച്ചില്ല എന്ന വസ്തുതയാണ്  മോഹൻലാൽ സിനിമകൾ കേരളമെന്ന ചെറിയ വിപണിയിൽ നിന്ന് നേടിയ സമാനതകളില്ലാത്ത സാമ്പത്തികവിജയം രേഖപ്പെടുത്തുന്നത്.

ഒരു അഭിനേതാവ് എന്ന നിലയിൽ മനുഷ്യരെ നിരന്തരം ആനന്ദിപ്പിക്കുക എന്നതാണ് തന്റെ കച്ചവട സിനിമകളിൽ മോഹൻലാൽ സ്വീകരിക്കുന്ന നിലപാട്. തന്റെ താരപദവിയുടെ യാതൊരു കെട്ടുമാറാപ്പുകളും അതിന് മോഹൻലാലിനു ഭാരമോ തടസ്സമോ ആകുന്നില്ല. ‘ചോട്ടാ മുംബൈ’ എന്ന സിനിമയിൽ ഒരുകാലത്ത് മലയാളത്തിലെ ബി. ഗ്രേഡ് സിനിമകളിൽ തിളങ്ങിയ നായികയായ ഷക്കീലയുമായുള്ള കോമ്പിനേഷൻ രംഗം ഷൂട്ട് ചെയ്യുന്നതിന് മുൻപ് മോഹൻലാലിനെപ്പോലെ ഒരു താരം ആ രംഗം ചെയ്യുന്നതിനെക്കുറിച്ച് ഷക്കീല സംശയവും ആശങ്കയും പ്രകടിപ്പിച്ചപ്പോൾ പോലും മോഹൻലാൽ യാതൊരു സംശയവും കൂടാതെ തന്നെ ആ രംഗം ചെയ്തു.

‘തുടരും’ എന്ന സിനിമയിൽ സിനിമയുടെ കഥാപശ്ചാത്തലത്തിന്റെ ഭാഗമായി തീയറ്ററിൽ പോലുമില്ലാത്ത ഒരു ഗാനരംഗമുണ്ട്. ആ ഗാനത്തിൽ മോഹൻലാൽ ചെയ്യുന്ന നൃത്തചുവടുകൾ ഇൻസ്റ്റാഗ്രാം റീലുകളിലൂടെയും മറ്റും യുവാക്കൾക്കിടയിൽ വളരെയധികം സ്വീകാര്യത നേടി. തന്റെ സിനിമകളിലൂടെ ഓരോ വിഭാഗം പ്രേക്ഷകരെയും ആനന്ദിപ്പിക്കുക എന്ന ബോധ്യം മോഹൻലാൽ പുലർത്തുന്നു. തന്റെ താരപദവിയിലൂടെ ഒരു രംഗം പുറത്ത് വരുമ്പോൾ അത് എത്രത്തോളം സ്വാധീനം സമൂഹത്തിൽ ഉണ്ടാക്കുമെന്ന് മോഹൻലാൽ എന്ന നടന് ഉറപ്പുണ്ട്.  ഇതാണ് മോഹൻലാൽ സിനിമകൾക്ക് ഒരു ഉത്സവപ്രതീതി (Carnival) മലയാളി മധ്യവർഗ സമൂഹത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. ‘നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം’ എന്ന പ്രശസ്തമായ പരസ്യവാചകത്തിലൂടെ മലയാളി മധ്യവർഗ സാംസ്‌കാരിക ശീലങ്ങളുടെ ഭാഗമായി ചേർന്ന് നിൽക്കാനുള്ള മോഹൻലാലിനുള്ള കഴിവും അദ്ദേഹത്തിന്റെ സിനിമകൾ നേടുന്ന  വിപണിവിജയത്തിന്റെ അടിത്തറയാണ്. ‘ബിഗ്‌ബോസ്’ എന്ന റിയാലിറ്റി ഷോയിലൂടെ ടെലിവിഷന്റെ സാധ്യതകൾ കൂടി ഉപയുക്തമാക്കി മലയാളികളുടെ സ്വീകരണമുറികളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ട് കുടുംബപ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയ ഇഴയടുപ്പവും പുതിയ കാലത്തെ അദ്ദേഹത്തിന്റെ താരസ്വീകാര്യതയുടെ ഒരു ഘടകമാണ്.

‘തുടരും’ എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഷണ്മുഖം എന്ന കഥാപാത്രം 2010 ന് ശേഷം അദ്ദേഹം സ്വീകരിക്കുകയും ‘ദൃശ്യം’ അടക്കമുള്ള സിനിമകളിലൂടെ വലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിയതുമായ  സംരക്ഷകനായ കുടുംബനാഥനെന്ന ബിംബത്തെ പിന്തുടരുന്നതാണ്. സാധാരണ മധ്യവർഗ മലയാളിയ്ക്ക് ഏറെ വേഗത്തിൽ താദാത്മ്യം ചെയ്യാൻ പറ്റുന്ന ഒരു സങ്കല്പമാണ് അത്. അധികാരമില്ലാത്ത സാധാരണക്കാരനെ ഒരു വശത്ത് നിർത്തി പോലീസ് എന്ന ഭരണകൂടമർദ്ദകബിംബത്തെ എതിർപക്ഷത്ത് നിർത്താൻ കഴിഞ്ഞു എന്നതും സിനിമയേ ഏറെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. ദുരഭിമാന കൊലപാതകം എന്ന വൈകാരികവിഷയത്തെ ആവിഷ്കരിച്ചതും സിനിമയുടെ സ്വീകാര്യതയ്ക്ക് ആക്കം കൂട്ടി.

മോഹൻലാൽ എന്ന താരത്തിന്റെ എല്ലാ സാധ്യതകളും ഉപയുക്തമാക്കിയ സിനിമയാണ് ‘തുടരും’. അതിൽ അദ്ദേഹത്തിന്റെ മറ്റു സിനിമകളിലെ ജനകീയമായ സംഭാഷണശകലങ്ങൾ ഉൾപ്പെടെയുണ്ട്. മോഹൻലാൽ നേടിയ വിപണിവിജയം ഒരു വ്യവസായം എന്ന നിലയിൽ മലയാള സിനിമയ്ക്ക് ഏറെ പ്രത്യാശകൾ നൽകുന്നതാണ്. തങ്ങളുടെ പക്ഷം ചേർന്നു നിന്നില്ല എന്നതിന്റെ പേരിൽ മോഹൻലാൽ എന്ന നടനോട് തീവ്രവലതുപക്ഷവാദികൾ പുലർത്തുന്ന ശത്രുതയും വെറുപ്പും താരം എന്ന നിലയിൽ മലയാളി മനസ്സുകളിൽ അദ്ദേഹത്തിന്റെ സ്വാധീനത്തെ തെല്ലും ബാധിച്ചിട്ടില്ല എന്ന വിളംബരം കൂടിയാണ് മോഹൻലാൽ സിനിമകൾ നേടിയ വമ്പിച്ച സാമ്പത്തിക വിജയങ്ങൾ.

എല്ലാവിധ വെറുപ്പുകളെയും അതിജീവിച്ചു കൊണ്ട് മലയാളത്തിന്റെ ഏറ്റവും വലിയ താരമായി മോഹൻലാൽ മലയാള സിനിമാവ്യവസായത്തിൽ ഇനിയും തുടരും എന്ന് അദ്ദേഹം തന്റെ സിനിമകളിലൂടെ തെളിയിച്ചു. വ്യവസായം എന്ന നിലയിൽ ഏതൊരു സിനിമാ മേഖലയുടെയും നിലനിൽപ് അവിടുത്തെ താരങ്ങളെ ആശ്രയിച്ചായിരിക്കും. ആ നിലയിൽ മലയാള സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ വിപണിമൂല്യമുള്ള താരം മോഹൻലാൽ ആണ്. കൂടുതൽ വലിയ സാമ്പത്തിക നേട്ടങ്ങൾ നേടാൻ ഈ വ്യവസായത്തിന് മോഹൻലാലിലൂടെ കഴിയും. എല്ലാവിധ ബഹിഷ്കരണാഹ്വാനങ്ങളെയും മറികടന്ന് മലയാളത്തിന്റെ മോഹൻലാൽ നിസ്സംശയം ഇവിടെ തുടരും.

റഫറൻസ്

സിനിമകളുടെ സാമ്പത്തിക വിവരങ്ങൾ – വിക്കിപീഡിയ, Highest Grossing Malayalam Film Lists.

Hot this week

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

Topics

ലോറ മൾവി: ദൃശ്യാനന്ദവും സിനിമാഖ്യാനവും

ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന...

ഫാസിസവും നവഫാസിസവും‐ 10

സൈനികവൽക്കരണം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിന് ഒരു പുനർജന്മം നൽകുക എന്നതാണ് ഫാസിസം ഉദ്ദേശിക്കുന്നത്...

അടിയന്തരാവസ്ഥ: പോസ്റ്റ്‌ കൊളോണിയൽ ഇന്ത്യയിലെ ആദ്യ സ്വേച്ഛാധിപത്യ വാഴ്‌ചയുടെ സാമൂഹിക, സാമ്പത്തിക മാനങ്ങൾ‐ 1

ഇക്കണോമിക്‌ നോട്ട്‌ബുക്ക്‌‐ 88 1975‐77 കാലയളവിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണകൂടം നടപ്പിലാക്കിയ...

റോന്തിലെ ‌ഉള്ളുല‌യ്‌ക്കുന്ന കാഴ്ചകൾ

കാഴ്‌ച പരിസരത്തിലേക്ക്‌ പ്രേക്ഷകനെ ഉൾച്ചേർക്കുന്ന ആഖ്യാനഘടനയാണ്‌ ഓരോ ഷാഹി കബീർ സിനിമകളും....

ഡി വെങ്കിടേശ്വര റാവു

1917 ജൂൺ ഒന്നിന്‌ ആന്ധ്രപ്രദേശിലെ വാറംഗൽ ജില്ലയിലെ ഇംഗുർത്തി ഗ്രാമത്തിലാണ്‌ ദേവുലപ്പള്ളി...

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി
spot_img

Related Articles

Popular Categories

spot_imgspot_img