ദിൻകർ മേത്ത

ഗിരീഷ്‌ ചേനപ്പാടി

മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ നിന്നുള്ള ദിൻകർ മേത്ത എന്ന കമ്യൂണിസ്റ്റ്‌ നേതാവ്‌ ഇന്ത്യയൊട്ടാകെ ശ്രദ്ധേയനായി. രാഷ്‌ട്രീയത്തിനതീതമായി എല്ലാവരുടെയും ആദരവ്‌ പിടിച്ചുപറ്റിയ നേതാവായിരുന്നു അദ്ദേഹം.

ഗുജറാത്തിലെ സൂറത്ത്‌ ജില്ലയിലെ ചിക്‌ലി ഗ്രാമത്തിൽ ഒരു ധനിക ബ്രാഹ്മണ കുടുംബത്തിൽ 1907ൽ ആണ്‌ ദിൻകർ മേത്ത ജനിച്ചത്‌. ദിൻകർ കുട്ടിയായിരിക്കുമ്പോൾ തന്നെ പിതാവ്‌ മരിച്ചു. തുടർന്ന്‌ മാതൃസഹോദരന്റെ സംരക്ഷണയിലാണ്‌ ദിൻകർ വളർന്നത്‌. സൂറത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂൾ വിദ്യാഭ്യാസം. പഠിത്തത്തിൽ വളരെ സമർഥനായിരുന്നു ദിൻകർ.

സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനവും മഹാത്മാഗാന്ധിയും ദിൻകറിനെ ഏറെ സ്വാധീനിച്ചു. നിസ്സഹകരണ പ്രസ്ഥാനവും വിദേശവസ്‌ത്ര ബഹിഷ്‌കരണവുമൊക്കെ ഏറെ ആവേശമാണദ്ദേഹത്തിനുണ്ടാക്കിയത്‌. ദിൻകറിന്‌ കേവലം പന്ത്രണ്ടുവയസ്സ്‌ ഉള്ളപ്പോഴാണ്‌ ജാലിയൻവാലാബാഗ്‌ കൂട്ടക്കൊലയുണ്ടായത്‌. ലോക മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ച ജാലിയൻവാലാബാഗ്‌ കൂട്ടക്കൊലയിൽ 379നും ആയിരത്തിനുമിടയിൽ ആളുകളാണ്‌ രക്തസാക്ഷികളായത്‌.

1919 മാർച്ചിൽ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ റൗലറ്റ്‌ ആക്ട്‌ പാസാക്കി. വാറന്റ്‌ കൂടാതെ ആരെയും അറസ്റ്റ്‌ ചെയ്യാനും വിചാരണ കൂടാതെ ജയിലിലടയ്‌ക്കാനും ഗവൺമെന്റിന്‌ അധികാരം നൽകുന്ന കരിനിയമമാണ്‌ റൗലറ്റ്‌ നിയമം. ഈ നിയമത്തിനെതിരെ പോരാടാൻ ഗാന്ധിജി ആഹ്വാനം ചെയ്‌തു. ഇതിനെതിരെ ഇന്ത്യയൊട്ടാകെ പ്രക്ഷോഭങ്ങൾ നടന്നു. 1919 ഏപ്രിൽ 10ന്‌ അമൃത്‌സറിൽ ഹർത്താലാചരിച്ചു. ഡെപ്യൂട്ടി കമ്മീഷണറുടെ വീട്ടിലേക്ക്‌ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസ്‌ വെടിവെച്ചു. ജനക്കൂട്ടം അക്രമാസക്തരായി. ബാങ്കുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ അവർ ആക്രമണം നടത്തി. പൊലീസ്‌ വെടിവെപ്പിൽ 20 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ആക്രമണങ്ങളിൽ അഞ്ച്‌ യൂറോപ്യന്മാരും. ഏപ്രിൽ 13ന്‌ പഞ്ചാബിൽ പട്ടാളഭരണം ഏർപ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും സർക്കാർ നിരോധിച്ചു.

1919 ഏപ്രിൽ 13 സിഖുകാരുടെ ഉത്സവദിവസമായിരുന്നു. അന്ന്‌ അമൃത്‌സറിനടുത്തുള്ള ജാലിയൻവാലാബാഗ്‌ മൈതാനത്ത്‌ പൊലീസ്‌ അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു. യോഗം ആരംഭിച്ച്‌ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ അന്ന്‌ അമൃത്‌സർ സൈനിക കമാൻഡറായിരുന്ന ജനറൽ ഡയർ സായുധസേനയുമായി മൈതാനം വളഞ്ഞു. ജാലിയൻവാലാബാഗ്‌ മൈതാനത്തിനു ചുറ്റും മതിലുകളുണ്ട്‌. അതിന്റെ വാതിലുകളാകട്ടെ വളരെ ഇടുങ്ങിയതുമായിരുന്നു. യാതൊരു മുന്നറിയിപ്പും നൽകാതെ ജനക്കൂട്ടത്തിനുനേരെ വെടിവെപ്പു നടത്താൻ ജനറൽ ഡയർ ഉത്തരവിട്ടു. വെടിവെപ്പിൽ 379 പേർ കൊല്ലപ്പെട്ടു എന്നാണ്‌ ഔദ്യോഗിക കണക്ക്‌. എന്നാൽ 1,800 ഓളം പേർ കൊല്ലപ്പെട്ടതായാണ്‌ കോൺഗ്രസ്‌ നടത്തിയ ഒരു പഠനം വെളിവാക്കിയത്‌.

ജാലിയൻവാലാബാഗ്‌ സംഭവം കൗമാരക്കാരനായിരുന്ന ദിൻകറിനെ ഏറെ വേദനിപ്പിച്ചു. ബ്രിട്ടീഷ്‌ ഭരണാധികാരികളോടുള്ള പകയും ആ കുട്ടിയിൽ വളർന്നു. തൊട്ടടുത്ത ദിവസം ഗാന്ധിത്തൊപ്പി ധരിച്ചാണ്‌ സ്‌കൂളിൽ ദിൻകറും കൂട്ടുകാരനും ഹാജരായത്‌. ബ്രിട്ടീഷ്‌ ഭക്തനായ സ്‌കൂൾ പ്രിൻസിപ്പലിനെ ഇത്‌ അരിശം കൊള്ളിച്ചു. ദിൻകർ മാപ്പുപറയണമെന്ന്‌ പ്രിൻസിപ്പൽ ശഠിച്ചു. എന്നാൽ ഈ ആവശയം അംഗീകരിക്കാനോ അനുസരിക്കാനോ ദിൻകർ കൂട്ടാക്കിയില്ല. കൂട്ടുകാരൻ ക്ഷമ ചോദിച്ച്‌ ക്ലാസിൽ കയറി. ദിൻകറിനെ ധിക്കാരിയായി മുദ്രകുത്തി പ്രിൻസിപ്പൽ ക്രൂരമായി മർദിച്ചു. എന്നാൽ മർദനങ്ങൾക്കോ സാരോപദേശങ്ങൾക്കോ ഒന്നും ദിൻകറിന്റെ സമരാവേശത്തെ തെല്ലും കുറയ്‌ക്കാൻ കഴിഞ്ഞില്ല. അദ്ദേഹം വീറോടെ പോരാട്ടരംഗത്ത്‌ ഉറച്ചുനിന്നു.

സ്‌കൂൾ പഠനകാലത്ത്‌ നിസ്സഹകരണ പ്രസ്ഥാനത്തിലും വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിലും ദിൻകർ സജീവമായി പങ്കെടുത്തു.

ബോംബെയിലെ വിൽസൺ കോളേജിലാണ്‌ അദ്ദേഹം ഇന്റർമീഡിയറ്റിന്‌ ചേർന്നത്‌. എന്നാൽ അപ്രതീക്ഷിതമായുണ്ടായ അനാരോഗ്യം മൂലം അദ്ദേഹത്തിന്‌ അവിടെ പഠനം തുടരാൻ കഴിഞ്ഞില്ല. തുടർന്നദ്ദേഹം സൂറത്തിലേക്ക്‌ മടങ്ങി. സൂറത്തിലെ എംടിബി കോളേജിൽ ചേർന്നാണ്‌ ഇന്റർമീഡിയറ്റിന്‌ പഠിച്ചത്‌.

അഹമ്മദാബാദിലെ വിദ്യാപീഠിൽ ആണ്‌ അദ്ദേഹം ബിരുദപഠനം നടത്തിയത്‌. ഗാന്ധിജി സ്ഥാപിച്ച സ്ഥാപനമാണ്‌ വിദ്യാപീഠ്‌. ആചാര്യ ജെ ബി കൃപലാനി, ഗിദ്വാണി, കിഷോർലാൽ തുടങ്ങിയ പ്രമുഖ ഗാന്ധിയന്മാർ അവിടത്തെ അധ്യാപകരായിരുന്നു. ആഴ്‌ചയിലൊരിക്കൽ ഗാന്ധിജി വിദ്യാപീഠിൽ പ്രഭാഷണം നടത്തിയിരുന്നു. ഇതുമൂലം ഗാന്ധിജിയുമായി അടുത്തു പരിചയപ്പെടാൻ അവസരം ലഭിച്ചു. ഗാന്ധിയൻ ലാളിത്യം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ദിൻകർ വളരെ ലളിതമായ ജീവിതമാണ്‌ നയിച്ചത്‌. സമർഥനായ ഈ വിദ്യാർഥി ഗാന്ധിജിയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. വിദ്യാപീഠിൽ നിന്ന്‌ ഡിസ്റ്റിങ്‌ഷനോടെയാണ്‌ ദിൻകർ പാസായത്‌.

1928ൽ 21‐ാം വയസ്സിൽ ബർദോളിലെ കൃഷിക്കാരെ സംഘടിപ്പിക്കാൻ അദ്ദേഹം അവിടേക്കു പോയി. ബർദോളിലെ സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നതിന്‌ ആദ്യം അറസ്റ്റ്‌ ചെയ്യപ്പെട്ടവരിലൊരാൾ ദിൻകർ ആയിരുന്നു.

ബർദോളിൽനിന്ന്‌ അഹമ്മദാബാദിലെത്തിയ ദിൻകർ ഗുജറാത്ത്‌ വിദ്യാപീഠിൽ പ്രൊഫസറായി ജോലി ആരംഭിച്ചു. അധ്യാപക ജോലിയിൽ നന്നായി തിളങ്ങിയ ദിൻകറിന്‌ പക്ഷേ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. അപ്പോഴേക്കും സിവിൽ നിയമലംഘന പ്രസ്ഥാനം ശക്തിപ്രാപിച്ചു. ഉപ്പു സത്യാഗ്രഹത്തിന്റെ ആവേശം അദ്ദേഹത്തെ സമരോത്സുകനാക്കി. ഉപ്പ്‌ സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകരിലൊരാളായി അദ്ദേഹം മാറി. ഉപ്പ്‌ സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ അദ്ദേഹം ദണ്ഡിയിലേക്ക്‌ പോയി. അവിടെ സത്യാഗ്രഹത്തിൽ പങ്കെടുത്ത്‌ അറസ്റ്റ്‌ വരിച്ചു. 1931ൽ ഭഗത്‌ സിങ്ങിനെയും മറ്റു സഖാക്കളെയും തൂക്കിക്കൊന്ന സംഭവം ദിൻകറെ വല്ലാതെ ഉലച്ചു. ഭഗത്‌സിങ്ങിനെയും കൂട്ടരെയും രക്ഷിക്കാൻ ഗാന്ധിജിയും കോൺഗ്രസും ഒന്നും ചെയ്‌തില്ലെന്ന തോന്നൽ ദിൻകറിനെ അരിശംകൊള്ളിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ തന്ത്രങ്ങളെക്കുറിച്ച്‌ ഗാന്ധിജിയുമായി അദ്ദേഹം ചർച്ചചെയ്‌തു. പക്ഷേ അതുകൊണ്ടും അദ്ദേഹം തൃപ്‌തനായില്ല.

അതിനിടയിൽ കോൺഗ്രസിലെ ഇടതുപക്ഷക്കാരുമായി പരിചയപ്പെടാനും ആശയവിനിമയം നടത്താനും അദ്ദേഹത്തിന്‌ പല അവസരങ്ങളും ലഭിച്ചു. അവരിൽനിന്ന്‌ സോഷ്യലിസത്തെക്കുറിച്ച്‌ നിരവധി കാര്യങ്ങൾ അദ്ദേഹം ഗ്രഹിച്ചു. സോഷ്യലിസ്റ്റ്‌ രാജ്യമായ സോവിയറ്റ്‌ യൂണിയന്റെ നേട്ടങ്ങൾ അദ്ദേഹം ആദരവോടെ വീക്ഷിച്ചു. ക്രമേണ സോഷ്യലിസത്തോടുള്ള ആഭിമുഖ്യം അദ്ദേഹത്തിൽ വളർന്നു.

1933 അവസാനം മീറത്ത്‌ ഗൂഢാലോചന കേസിലെ പ്രതികൾ മോചിപ്പിക്കപ്പെട്ടുു. അവർ കൽക്കത്തയിൽ സമ്മേളിച്ച്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പുതിയ ഒരു കേന്ദ്രകമ്മിറ്റി രൂപീകരിച്ചു. കമ്യൂണിസ്റ്റ്‌ നേതാക്കളായ മിറാജ്‌കർ, ബ്രാഡ്‌ലി, എച്ച്‌ ആർ ഭരദ്വാജ്‌ എന്നിവർ പാർട്ടി കെട്ടിപ്പടുക്കാൻ കൂടെക്കൂടെ ഗുജറാത്ത്‌ സന്ദർശിച്ചിരുന്നു. ദിൻകർ അവരെ പതിവായി സന്ദർശിച്ച്‌ ആശയവിനിമയം നടത്തി. ഭരദ്വാജുമായുള്ള കൂടിക്കാഴ്‌ചകളാണ്‌ ദിൻകറിനെ ഏറെ സ്വാധീനിച്ചത്‌.

1934 മേയിൽ പാറ്റ്‌നയിൽ ചേർന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാൻ സോഷ്യലിസ്റ്റ്‌ ആശയത്തോടാഭിമുഖ്യമുള്ള നിരവധി നേതാക്കൾ എത്തി. എഐസിസി യോഗത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ കൂട്ടായ നിലപാടെടുക്കുക, അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു സോഷ്യലിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതകൾ ആരായുക എന്നീ ലക്ഷ്യങ്ങളോടെ സോഷ്യലിസ്റ്റ്‌ ആശയഗതിക്കാർ പ്രത്യേക സമ്മേളനം ചേർന്നു.

വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റുകാരെയും സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരെയും ഏകോപിപ്പിച്ച്‌ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി രൂപീകരിക്കാൻ അവർ തീരുമാനിച്ചു. അതിനു മുന്നോടിയായി ബോംബെയിൽ ഒരു സമ്മേളനം ചേരാൻ തീരുമാനിച്ചു. സമ്മേളനത്തിന്റെ നടത്തിപ്പിനായി ജയപ്രകാശ്‌ നാരായൺ കൺവീനറായി ഒരു താൽക്കാലിക കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

ബോംബെയിൽ ചേർന്ന സമ്മേളനത്തിൽ ദിൻകർ മേത്ത ഒരു പ്രതിനിധിയായിരുന്നു. ആ സമ്മേളനത്തിലാണ്‌ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി (സിഎസ്‌പി) രൂപീകരിക്കപ്പെട്ടത്‌. ആചാര്യ നരേന്ദ്രദേവ്‌, ജയപ്രകാശ്‌ നാരായൺ, രാംമനോഹർ ലോഹ്യ, അച്യുത്‌ പട്‌വർധൻ, അശോക്‌ മേത്ത, മീനു മസാനി, യൂസർ മെഹർ ഹലി തുടങ്ങിയവരായിരുന്നു സ്ഥാപക നേതാക്കൾ. 21 പേരുമടങ്ങിയ എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയിൽ ദിൻകർ മേത്തയും ഉൾപ്പെട്ടിരുന്നു.

താമസിയാതെ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ ഘടകം ഗുജറാത്തിൽ രൂപീകരിക്കപ്പെട്ടു. രൂപീകരണകാലം മുതൽ പ്രധാന ഭാരവാഹികളിലൊരാളായി അദ്ദേഹം മാറി. 1939 വരെ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടിയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിമാരിലൊരാളായിരുന്നു അദ്ദേഹം.

1934ൽ തന്നെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഗുജറാത്ത്‌ ഘടകം രൂപീകരിക്കപ്പെട്ടു; സെക്രട്ടറിയായി ദിൻകർ മേത്തയാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. സംസ്ഥാനത്തൊട്ടാകെ കമ്യൂണിസ്റ്റ്‌ പാർട്ടിക്കും വർഗ‐ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കാൻ അദ്ദേഹം പരമാവധി പരിശ്രമിച്ചു.

1936ൽ രണ്ടാംലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യുദ്ധം ബ്രിട്ടീഷ്‌ സർക്കാർ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചതാണെന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടി നിരീക്ഷിച്ചു. അതേത്തുടർന്ന്‌ യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തുന്ന പ്രവർത്തനങ്ങളിൽ കമ്യൂണിസ്റ്റുകാർ വ്യാപൃതരായി. അതോടെ കമ്യൂണിസ്റ്റ്‌ പാർട്ടിയെ സർക്കാർ നിരോധിച്ചു. ദിൻകർ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും ഒളിവിൽ പോയി. 1942ൽ പാർട്ടിക്കുമേലുള്ള നിരോധനം സർക്കാർ നീക്കുന്നതുവരെ അദ്ദേഹം ഒളിവിലാണ്‌ പ്രവർത്തിച്ചത്‌.

1943ൽ ബോംബെയിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഒന്നാം കോൺഗ്രസിൽ ദിൻകർ പ്രതിനിധിയായി പങ്കെടുത്തു. 1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ തുടർന്ന്‌ അദ്ദേഹം അറസ്റ്റിലായി. സബർമതി ജയിലിലാണ്‌ ഒരുവർഷക്കാലം അദ്ദേഹത്തെ പാർപ്പിച്ചത്‌. 1949ൽ അവിടെനിന്ന്‌ യർവാദ ജയിലിലേക്ക്‌ കൊണ്ടുപോകുന്ന വഴി അദ്ദേഹം പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ടു. 1952 വരെ ഒളിവിൽ കഴിഞ്ഞു.

1953 ഡിസംബർ 27 മുതൽ 1954 ജനുവരി 4 വരെ മധുരയിൽ ചേർന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ മൂന്നാം കോൺഗ്രസ്‌ ദിൻകർ മേത്തയെ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു. 1958ലെ അമൃത്‌സർ കോൺഗ്രസിലും 1961ലെ വിജയവാഡ കോൺഗ്രസിലും അദ്ദേഹം ദേശീയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ ആശയസമരം നടന്നപ്പോൾ റിവിഷനിസത്തിനെതിരെ ശക്തമായ നിലപാടാണ്‌ അദ്ദേഹമെടുത്തത്‌. 1964ൽ നാഷണൽ കൗൺസിൽ യോഗം ചേർന്ന സമയത്ത്‌ ദിൻകറിന്‌ അനാരോഗ്യം മൂലം അതിൽ പങ്കെടുക്കാൻ സാധിച്ചില്ല. പിന്നീട്‌ നടന്ന തെനാലി കോൺഗ്രസിലും കൽക്കത്തയിൽ നടന്ന ഏഴാം പാർട്ടി കോൺഗ്രസിലും അദ്ദേഹത്തിന്‌ അനാരോഗ്യം മൂലം പങ്കെടുക്കാനായില്ല. എങ്കിലും സിപിഐ എമ്മിന്റെ പ്രഥമ കേന്ദ്രകമ്മിറ്റിയിലേക്ക്‌ അദ്ദേഹത്തെ ഏഴാം പാർട്ടി കോൺഗ്രസ്‌ തിരഞ്ഞെടുത്തു.

അവിഭക്ത കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ ഗുജറാത്ത്‌ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1972 വരെ അദ്ദേഹം ആ സ്ഥാനത്ത്‌ തുടർന്നു.

1952ൽ അഹമ്മദാബാദിലെ ഷാപ്പൂർ മണ്ഡലത്തിൽ നിന്ന്‌ നിയമസഭയിലേക്ക്‌ ദിൻകർ മത്സരിച്ചു. 1957ൽ മൊറാർജി ദേശായിക്കെതിരെ അദ്ദേഹം മത്സരിച്ചു.

1958ൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ഡലത്തിൽനിന്ന്‌ ബോംബെ നിയമസഭയുടെ ഉപരിസഭയിലേക്ക്‌ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

1965ൽ അഹമ്മദാബാദ്‌ മുനിസിപ്പൽ കോർപറേഷൻ മേയറായി ദിൻകർ തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രന്മാരുടെ കൂടി പിന്തുണ നേടാൻ അദ്ദേഹത്തിന്‌ സാധിച്ചു.

1950കളിൽ ഭാഷാസംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട്‌ നടന്ന പ്രക്ഷോഭത്തിന്റെ മുൻനിരയിൽ ദിൻകർ ഉണ്ടായിരുന്നു. പഴയ ബോംബെ സംസ്ഥാനത്തുനിന്ന്‌ വേർപെടുത്തി ഗുജറാത്തി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ദിൻകറിന്റെ നേതൃത്വത്തിലാരംഭിച്ച സമരം 1956 ആഗസ്‌ത്‌ മാസത്തോടെ നാട്ടിലാകെ പടർന്നു. ആഗസ്‌ത്‌ 9ന്‌ അഹമ്മദാബാദിൽ പൊലീസ്‌ വിദ്യാർഥികൾക്കുനേരെ വെടിവെച്ചു. മൂന്ന്‌ വിദ്യാർഥികൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു.

അടിച്ചമർത്തൽ നടപടികൾക്കൊന്നും പ്രക്ഷോഭകാരികളെ പിന്തിരിപ്പിക്കാനായില്ല. ദിൻകറുൾപ്പെടെയുള്ളവർ ഭാഷാ സംസ്ഥാനത്തിനുവേണ്ടി ഉറച്ചുനിന്നു. 1960 മെയ്‌ ഒന്നിന്‌ ഗുജറാത്ത്‌ സംസ്ഥാനം രൂപീകരിക്കപ്പെട്ടു. അന്നുതന്നെ മഹാരാഷ്‌ട്ര സംസ്ഥാനവും നിലവിൽ വന്നു.

നിരവധി രോഗങ്ങൾമൂലം കഷ്ടപ്പെടേണ്ടിവന്നപ്പോഴും ദിൻകർ പാർട്ടി പ്രവർത്തനം തന്നാലാവുംവിധം തുടർന്നു. 1983ൽ അനാരോഗ്യം മൂലം അദ്ദേഹം തീരെ അവശനായി. 1989 ആഗസ്‌ത്‌ 30ന്‌ ദിൻകർ മേത്ത അന്തരിച്ചു.

പാർട്ടി പ്രവർത്തകയായിരുന്ന നളിനി ബഹനെയാണ്‌ അദ്ദേഹം വിവാഹം കഴിച്ചത്‌. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നളിനി നിരവധി പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ പലതവണ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ദിൻകറിന്റെ വ്യക്തിജീവിതത്തിലും രാഷ്‌ട്രീയ ജീവിതത്തിലും എന്നും താങ്ങും തണലുമായിരുന്നു നളിനി. l

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

കലാമണ്ഡലം ഹൈദരാലി : തിരസ്‌കാരങ്ങളില്‍ നിന്നും കരുത്താര്‍ജിച്ച മഹാപ്രതിഭ

ആർക്കും ആവശ്യമില്ലാത്ത ഒരു ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു ഉമ്മ...
spot_img

Related Articles

Popular Categories

spot_imgspot_img