നല്ല സിനിമ, നല്ല നാളെ – കേരള ഫിലിം പോളിസി കോൺക്ലേവ് എന്തിന്, എന്തുകൊണ്ട് ?

വിധു വിൻസന്റ്

മലയാള സിനിമയുടെ ചരിത്രവും സിനിമാ തൊഴിലാളികളുടെ പരിണാമവും

മലയാള സിനിമയുടെ ചരിത്രം 1930-കളിൽ ആരംഭിച്ച് ഇന്ന് നാം കാണുന്ന രൂപത്തിലേക്ക് എത്തുന്നതുവരെ ഒരു നീണ്ട പരിണാമ പ്രക്രിയയയിലൂടെയാണ് കടന്നുപോയത്. 1928-ലെ “വിഗതകുമാരൻ” എന്ന നിശ്ശബ്ദ ചലച്ചിത്രവും 1938-ലെ “ബാലൻ” എന്ന ആദ്യത്തെ സംഭാഷണ ചിത്രവും ഈ മേഖലയിലെ ആദ്യകാല ശ്രമങ്ങളായി കണക്കാക്കപ്പെടുന്ന ചിത്രങ്ങളാണ്. വിഗതകുമാരനിൽ അഭിനയിച്ച റോസി എന്ന ദളിത് സ്ത്രീ നേരിടേണ്ടി വന്ന സംഘർഷങ്ങൾ സിനിമാ ചരിത്രങ്ങളിലൊന്നും ഇല്ലാതെ പോയതും വളരെക്കാലത്തിനുശേഷം മാത്രം കണ്ടെടുക്കപ്പെട്ടതുമൊക്കെ നമുക്ക് ഇന്ന് അറിയുന്ന യാഥാർഥ്യങ്ങളാണ്.

ഈ പ്രാരംഭ കാലഘട്ടത്തിൽ, സിനിമാ നിർമ്മാണം ഒരു കലാരൂപമായും വിനോദ മാധ്യമമായും മാത്രമേ കണക്കാക്കപ്പെട്ടിരുന്നുള്ളൂ. “സിനിമാ തൊഴിലാളി” എന്ന ആശയംതന്നെ അപ്പോൾ രൂപപ്പെട്ടിരുന്നില്ല. സിനിമയിൽ പ്രവർത്തിക്കുന്നവരെ കലാകാരന്മാർ, സാങ്കേതിക വിദഗ്ധർ, അല്ലെങ്കിൽ സഹായികൾ എന്നീ നിലകളിൽ മാത്രമേ കണ്ടിരുന്നുള്ളൂ.

1960-കളിലാണ് മലയാള സിനിമ വ്യാവസായിക രൂപം പൂണ്ടുതുടങ്ങിയത്. ഈ കാലഘട്ടത്തിൽ പൊതുവെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അവസ്ഥ പരിതാപകരമായിരുന്നു. സിനിമയിൽ ജോലി ചെയ്യുന്നവർ – ക്യാമറാമാൻ, ലൈറ്റ് ബോയ്, എഡിറ്റർ, സൗണ്ട് എൻജിനീയർ, മേക്കപ്പ് ആർട്ടിസ്റ്റ്, കോസ്റ്റ്യൂം ഡിസൈനർ, സ്റ്റണ്ട് ആർട്ടിസ്റ്റ്, ജൂനിയർ ആർട്ടിസ്റ്റ് എന്നിവരെല്ലാം അവരുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ഏറെക്കുറേ അജ്ഞരായിരുന്നു.

തൊഴിൽ സാഹചര്യങ്ങളുടെ യാഥാർത്ഥ്യം

A, അപകടസാധ്യതകൾ

സിനിമാ സെറ്റുകളിൽ നിരവധി അപകടസാധ്യതകൾ നിലനിന്നിരുന്നു. വലിയ ലൈറ്റുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഉയർന്ന സ്ഥലങ്ങളിൽ നിന്നുള്ള ഷൂട്ടിംഗ്, അപകടകരമായ സ്റ്റണ്ടുകൾ എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഇതിനെതിരെ യാതൊരു സുരക്ഷാ സംവിധാനങ്ങളും നിലവിലുണ്ടായിരുന്നില്ല.

B, അനിശ്ചിതത്വം

സിനിമാ മേഖലയിലെ ജോലി അനിശ്ചിതത്വത്തിന്റെ പര്യായമായിരുന്നു. ഒരു സിനിമ പൂർത്തിയാക്കിയാൽ അടുത്ത ജോലി എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലായിരുന്നു. ഈ അനിശ്ചിതത്വം അവരുടെ സാമ്പത്തിക സുരക്ഷയെ വലിയ രീതിയിൽ ബാധിച്ചിരുന്നു.

C, താഴ്ന്ന വേതനം

മിക്കവരും ദിവസവേതനക്കാരായിരിക്കും . ഇവർക്ക് ലഭിച്ചിരുന്ന വേതനവും വളരെ കുറവായിരുന്നു, പലപ്പോഴും കാലതാമസത്തോടെ മാത്രമേ കിട്ടിയിരുന്നുള്ളൂ. ഓവർടൈം വേതനം, ബോണസ്, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കുകപോലും അക്കാലത്ത് അസാധ്യമായിരുന്നു

D,സാമൂഹിക സുരക്ഷയുടെ അഭാവം

സിനിമാ മേഖലയിലെ തൊഴിലാളികൾക്ക് ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികൾ ലഭ്യമല്ലായിരുന്നു. അസുഖം വന്നാലോ അപകടമുണ്ടായാലോ അവർ പൂർണ്ണമായും നിസ്സഹായരായിരുന്നു.

E, തൊഴിൽ ബോധത്തിന്റെ ഉദയം

1990-കൾ മുതലാണ് മലയാള സിനിമയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ തൊഴിലാളി ബോധം ക്രമേണ ഉടലെടുത്തുതുടങ്ങിയത്. സിനിമാ സാങ്കേതികവിദ്യയുടെ പുരോഗതിയും, വ്യവസായത്തിന്റെ വളർച്ചയും, മറ്റ് വ്യവസായങ്ങളിലെ തൊഴിലാളി സംഘടനകളുടെ സ്വാധീനവും ഈ മാറ്റത്തിന് കാരണമായി.

F, സംഘടനകളുടെ രൂപീകരണം

വിവിധ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്നവർ ക്രമേണ സംഘടിതരാകാൻ തുടങ്ങി. സിനിമാ തൊഴിലാളി സംഘങ്ങൾ, ടെക്നീഷ്യൻസ് യൂണിയനുകൾ, ആർട്ടിസ്റ്റുകളുടെ സമിതികൾ എന്നിവ രൂപീകരിക്കപ്പെട്ടു.

G, അവകാശങ്ങൾക്കായുള്ള സമരം

ഈ സംഘടനകൾ മുഖേന അവർ മെച്ചപ്പെട്ട വേതനം, തൊഴിൽ സുരക്ഷ, മെഡിക്കൽ സൗകര്യങ്ങൾ, ഇൻഷുറൻസ് എന്നിവയ്ക്കായി സമരം ചെയ്തു. ഇത് സിനിമാ മേഖലയിലെ തൊഴിൽ സംസ്കാരത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി.

ആധുനിക കാലഘട്ടത്തിലെ സ്ഥിതി

ഇന്ന് മലയാള സിനിമയിൽ “സിനിമാ തൊഴിലാളി” എന്ന ആശയം പൂർണ്ണമായും സ്വീകരിക്കപ്പെട്ടിരിക്കുന്നു. സിനിമയിൽ വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്നവരുടെ അവകാശങ്ങൾ, തൊഴിൽ സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവയെക്കുറിച്ച് കൂടുതൽ ബോധവത്കരണം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോഴും പല മേഖലകളിലും പ്രത്യേകിച്ചും സിനിമയിലെ സ്ത്രീയുടെ ഇടം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ചൊക്കെ കരുതലും മെച്ചപ്പെടുത്തലുകളും അടിയന്തര ആവശ്യമാണ് എന്ന അവസ്ഥയുണ്ട്.
തൊഴിലിടങ്ങളിലെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്ത്രീ സിനിമാ പ്രവർത്തകർ ഉയർത്തിയ ആവശ്യങ്ങൾ അങ്ങേയറ്റം പ്രസക്തവും ഈ മേഖലയുടെ മുന്നോട്ട് പോക്കിനെ സംബന്ധിച്ച് നിർണായകവുമാണ്.സിനിമ എന്ന കലാരൂപത്തിന്റെ മാത്രമല്ല സ്ത്രീകളും ട്രാൻസ്‌ജെന്റേഴ്സുടക്കമുള്ള സിനിമാ തൊഴിലാളികളുടെ അവകാശ ബോധത്തിന്റെയും   പരിണാമത്തിന്റെയും കൂടി ചരിത്രമാണ് ഇന്നലെ വരെയുള്ള സിനിമയുടെ ഭൂതകാലമായി പറയാനുള്ളത്.

സിനിമയുടെ വർത്തമാനം

സിനിമ ഒരു വ്യവസായമാണ് എന്ന് പരക്കെ ധരിക്കുമ്പോഴും യഥാർത്ഥത്തിൽ വ്യവസായത്തിന്റെ നിർവചനത്തിൽപ്പെടുന്നില്ല ഈ മേഖല എന്നതാണ് ഒരു വസ്തുത. ഒരു വ്യവസായം എന്ന നിലയിൽ പാലിക്കേണ്ട ചട്ടങ്ങൾ, നിയമങ്ങൾ തുടങ്ങിയവയൊന്നും സിനിമക്ക് അത്രകണ്ട് ബാധകമല്ല. കാരണം, അങ്ങനെ സിനിമ നിർവചിക്കപ്പെട്ടിട്ടില്ല. ഏത് തരത്തിലാണ് വ്യവസായം എന്ന നിർവചനത്തിലേക്ക് സിനിമയെ ഉൾക്കൊളളിക്കാൻ പറ്റുക എന്നത് ദീർഘകാലമായുള്ള ആലോചനാ വിഷയമാണ്. വിനോദ വ്യവസായം എന്ന നിലയ്‌ക്കോ ക്രിയേറ്റിവ് ഇൻഡസ്ട്രി [creative Industry] എന്ന നിലയ്‌ക്കോ ഈ മേഖലയെ കണ്ടുകൊണ്ട് ഇതിനാവശ്യമായ നയരൂപീകരണവും നിയമനിർമ്മാണവും നടത്തുകയാണ് വേണ്ടത് എന്ന തരത്തിലുള്ള നിർദ്ദേങ്ങളുണ്ട്.
സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുക, കൾച്ചറൽ ക്രിയേറ്റീവ് ഇൻഡസ്ട്രിയുടെ സാധ്യത പരിശോധിക്കുക, തൊഴിൽ നിയമങ്ങൾ ബാധകമാക്കുക തുടങ്ങി കാലങ്ങളായുള്ള ആവശ്യങ്ങൾ ഈ മേഖലയുമായി ബന്ധപ്പെട്ടുണ്ട്. ഒരു നയരൂപീകരണത്തിലൂടെയേ അത് സാധ്യമാകൂ എന്നുകണ്ടുകൊണ്ടാണ് കേരള ഫിലിം പോളിസി എന്ന ആശയത്തിലേക്ക് എത്തുന്നത്.
സിനിമയുടെ സമഗ്രമേഖലകളെയും സ്പർശിച്ചു കൊണ്ടുണ്ടായ അടൂർകമ്മറ്റി റിപ്പോർട്ടിലും (2014) പിന്നീട് വന്ന ഹേമ കമ്മറ്റി റിപ്പോർട്ടിലും  ഒരു നയത്തിന്റെ ആവശ്യകതയെ ഊന്നി പറഞ്ഞിരുന്നു. നയരൂപീകരണം എന്ന ആവശ്യകതക്ക് ഈ പശ്ചാത്തലങ്ങൾ കൂടുതൽ ബലം നല്കി.

എന്താകണം  ഫിലിം പോളിസി?

സിനിമാനയം എന്നത് സിനിമാ വ്യവസായത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന സമഗ്രമായ നയരൂപീകരണ രേഖയാണ്. ഇത് കേവലം നിയമനിർമ്മാണം മാത്രമല്ല, മറിച്ച് സിനിമാ വ്യവസായത്തിന്റെ സർഗാത്മകത, വാണിജ്യ വിജയം, സാമൂഹിക ഉത്തരവാദിത്തം എന്നിവയ്ക്കിടയിൽ സന്തുലനം കൈവരിക്കാനുള്ള വിശാലമായ ചട്ടക്കൂടാണ്.

സിനിമാനയത്തിന് വേണ്ട പ്രധാന ഘടകങ്ങൾ

തൊഴിൽ അവകാശങ്ങൾ – സുരക്ഷ, വ്യക്തമായ കരാറുകളും സമയബന്ധിതമായ വേതനവും, പ്രവർത്തന സമയവും വിശ്രമവും, ലിംഗനീതിയും സമത്വവും, ലൈംഗിക ഉപദ്രവ പ്രതിരോധ സംവിധാനങ്ങൾ, അപകടകരമായ രംഗങ്ങളിലെ ശാരീരിക സുരക്ഷാ നിയമങ്ങൾ, സൈബർ സുരക്ഷ, സ്വകര്യതാ സംരക്ഷണം,
നിർമ്മാതാക്കൾക്ക് വേണ്ട സാമ്പത്തിക നിയമങ്ങളും സബ്സിഡി അടക്കമുള്ള പ്രോത്സാഹനങ്ങളും, സാങ്കേതിക നവീകരണം, ഉല്പാദനത്തിനും വിതരണത്തിനുമുള്ള സഹായം, പ്രാദേശിക സിനിമാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് മാർക്കറ്റ് ഒരുക്കുന്നതിനുമുള്ള പരിപാടികൾ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും സ്പർശിച്ചുകൊണ്ടുളള ഒരു സമഗ്രനയ ചട്ടക്കൂടാണ് വേണ്ടത്.

സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള വ്യവസായം വികസിപ്പിക്കുന്നതും ഒപ്പം
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന വ്യവസായം കെട്ടിപ്പടുക്കുന്നതും കലാകാരന്മാരുടെ സർഗാത്മക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും നയത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളാണെങ്കിൽ നിലവിലുള്ള പ്രധാന പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുക, തൊഴിലിടങ്ങളിലെ സുരക്ഷ വർധിപ്പിക്കുക, നിലവിലുള്ള നിയമങ്ങളെ കുറേ കൂടി കാര്യക്ഷമമാക്കുക എന്നിവയാകും സിനിമാ നയത്തിന്റെ സത്വര ലക്ഷ്യങ്ങൾ.

ഫിലിം പോളിസി കോൺക്ലേവ്

ജനാധിപത്യപരമായ സിനിമാനയരൂപീകരണത്തിനുളള ശ്രമം ലോകസിനിമാ ചരിത്രത്തില്‍ തന്നെ ഒരുപക്ഷേ ഇതാദ്യമായിരിക്കും. സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിച്ചുകൊണ്ടും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുമുള്ള ഒരു സിനിമാനയത്തിലേക്കാണ് കേരളം എത്തിച്ചേരാന്‍ ശ്രമിക്കുന്നത്.

സിനിമയെ സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ സമഗ്രവും വികസനോന്മുഖവുമായ കാഴ്ച്ചപ്പാടിനെ പിന്‍പറ്റിയാണ് സിനിമാനയ രൂപീകരണം എന്ന ആശയം ഉടലെടുത്തത്. ഇതിനായി 2023 ജൂണില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കെഎസ്എഫ്ഡിസി ചെയര്‍മാനായിരുന്ന ഷാജി എന്‍ കരുണിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുമായി ഏകോപനം നടത്തിയും ഇരുപതോളം കൂടിക്കാഴ്ചകളിലൂടെ സമവായം രൂപീകരിച്ചുമാണ് സിനിമാ നയ രൂപീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത്.

ഇന്ത്യയില്‍ ഇതിനോടകം സിനിമാനയം രൂപീകരിച്ച വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍, നാഷണല്‍ ഫിലിം ഡെവലപ്പ്മെന്റ്  കോര്‍പ്പറേഷന്‍, വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികള്‍, ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍, അന്താരാഷ്ട്ര സിനിമയിലെ പ്രമുഖര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ സിനിമാ സംഘടനകള്‍, തൊഴില്‍-നിയമ രംഗങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവർ പങ്കെടുത്ത സെഷനുകൾ, അവിടെ നടന്ന വിശദമായ ചര്‍ച്ചകള്‍, ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ – ഇവ ക്രോഡീകരിച്ചാവും സിനിമാ നയരൂപീകരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുക.

ആഗസ്ത് 2,3 ദിവസങ്ങളിലായി കേരള നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിലും ഇതര വേദികളിലുമായി നടന്ന ഒമ്പതു സെഷനുകൾ, ഓരോ ചര്‍ച്ചാവേദികളില്‍ നിന്നുമുള്ള മോഡറേറ്റര്‍മാര്‍ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച പ്ലീനറി സെഷനുകൾ, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടിട്ടുള്ള ചോദ്യങ്ങള്‍ പ്രതിനിധികള്‍ക്ക് ചോദിക്കാൻ അവസരമൊരുക്കിയ ഓപ്പൺ ഫോറങ്ങൾ തുടങ്ങി ജനാധിപത്യപരമായ ചര്‍ച്ചയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിയായിരുന്നു കോൺക്ലേവ് സമാപിച്ചത്.
ഒരു സമഗ്രമായ ഫിലിം പോളിസി കേവലം വ്യവസായത്തിന്റെ  നിയന്ത്രണമല്ല ലക്ഷ്യമാക്കുന്നത്, മറിച്ച് അതിന്റെ  വികസനത്തിനും സംരക്ഷണത്തിനുമുള്ള ഒരു റോഡ് മാപ്പാണ്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, സ്ത്രീകളുടെയും ഇതര ലിംഗ സമൂഹത്തിന്റെയും സുരക്ഷിതത്വത്തിനും അവസരസമത്വത്തിനും കളമൊരുക്കുകയും ഒപ്പം സർഗാത്മകതയ്ക്ക് പരമാവധി പ്രോത്സാഹനം നൽകുകയും, സാങ്കേതിക വികസനം ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഒരു പോളിസി മലയാള സിനിമയെ ആഗോള തലത്തിൽ മത്സരാർഹമായ ഒരു വ്യവസായമാക്കി മാറ്റും എന്നതിൽ തർക്കമില്ല.
കേരള ഫിലിം പോളിസി കോൺക്ലേവിൽ നിന്ന് ഉരുത്തിരിയുന്ന നയം ഇത്തരമൊരു സമഗ്രമായ ചട്ടക്കൂട് നൽകുമെന്ന പ്രതീക്ഷയിലാണ് മുഴുവൻ സിനിമാസമൂഹവും.

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img