കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ ജോഗപ്പയായി മാറിയ മഞ്ചമ്മയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ഹൈദർ ഖാൻ സംവിധാനം ചെയ്ത ‘മഞ്ജുനാഥ് ടു മഞ്ചമ്മ: ക്രോണിക്കിൾസ് ഓഫ് എ ട്രാൻസ്ജെൻഡർ’. ജീവിതത്തിലെ പലതരം കഷ്ടപ്പാടുകൾ മറികടന്ന് പിന്നീട് കർണാടക ഫോക്ക്ലോർ അക്കാദമിയുടെ പ്രസിഡന്റുമായി മാറിയ മഞ്ചമ്മ എന്ന ട്രാൻസ്ജെൻഡർ ഫോക്ക് കലാകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ ഷോർട് ഡോക്യുമെന്ററി മത്സര വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
മഞ്ചമ്മയുടെ ജീവിതത്തിലെ സംഘർഷങ്ങളെയും പ്രതിസന്ധികളെയും ചിത്രം തുറന്നു കാട്ടുന്നു. തടസ്സങ്ങളെ മറികടന്ന് സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയേണ്ടതിന്റെയും അതിനെ അഭിമാനത്തോടെ കാണേണ്ടതിന്റെയും ആവിശ്യകതയെകുറിച്ചും ചിത്രം പറയുന്നു. ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച് വളർന്ന മഞ്ചമ്മക്ക് ചെറുപ്പകാലത്തുതന്നെ ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ തന്റെ ഇഷ്ടങ്ങളെ ഒരിക്കലും ഉള്ളിലൊതുക്കി ജീവിക്കാൻ അവർ തയ്യാറായിരുന്നില്ല. പരമ്പരാഗത ആദർശങ്ങളെ പൊളിച്ചടുക്കി സ്ത്രീത്വത്തോട് ചേർന്ന് നിൽക്കുന്ന വസ്ത്രധാരണം നടത്താനും തന്റേതായ കാഴ്ചപാടുകളിൽ ജീവിക്കാനും അവർ തീരുമാനിച്ചു. എന്നാൽ സമൂഹത്തിൽ നിന്ന് വലിയ രീതിയിലുള്ള ആക്ഷേപങ്ങൾ മഞ്ചമ്മയ്ക്ക് നേരിടേണ്ടതായി വന്നു. അടിച്ചമർത്തലുകളിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ കഥയാണ് മഞ്ചമ്മയ്ക്ക് പറയാനുള്ളത്.
തന്നെ പോലെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു കൂട്ടം മനുഷ്യരിലേക്ക് എത്തിയപ്പോഴാണ് മഞ്ചമ്മയുടെ ജീവിതത്തിൽ പുതുയൊരു വഴിതുറന്നത്. മഞ്ജുനാഥിൽ നിന്ന് ജോഗതി നൃത്തത്തിലെ പ്രശസ്തയായ കലാകാരി മഞ്ചമ്മയായി മാറിയ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. രേണുക യെല്ലമ്മ എന്ന ദേവിക്ക് വേണ്ടി ജീവിതം സമർപ്പിച്ച പുരാതനമായ ഒരു ട്രാൻസ്ജെൻഡർ സമൂഹമാണ് ജോഗപ്പ. ഒരു വ്യക്തി ജോഗിണിയായി മാറിക്കഴിഞ്ഞാൽ ദേവിയുമായി വിവാഹത്തിലേർപ്പെടുക എന്നതാണ്. പിന്നീട് ജോഗപ്പയ്ക്ക് തിരിച്ച് തങ്ങളുടെ വീടുകളിലേക്ക് പോകാൻ കഴിയില്ല. ശിഷ്ടകാലം സമൂഹത്തെ സേവിച്ച് ജീവിക്കണം. ഒരു ട്രാൻസ്ജെൻഡർ സ്ത്രീയായി ജീവിക്കാനും ഭയമില്ലാതെ തന്റെ ഇഷ്ടങ്ങളെ തുറന്ന് കാട്ടാനുമുള്ള ധൈര്യം അവർക്ക് ലഭിച്ചത് ഈ കൂട്ടത്തിന്റെ ഭാഗമായതിനു ശേഷമാണ്. പിന്നീട് മാനസികവും ശാരീരികവും സാമൂഹ്യമായ മാറ്റങ്ങളുടെ യാത്രയായിരുന്നു. അതിജീവനത്തിന്റെയും വിജയത്തിന്റെയും സാക്ഷ്യപത്രമാണ് അവരുടെ ജീവിതം.
തന്റെ ജീവിതം ഇരുട്ടിന്റെ മുറികളിൽ കഴിയുന്ന അനേകം മനുഷ്യർക്ക് വെളിച്ചം പകരുമെന്ന് അവർ വിശ്വസിക്കുന്നുണ്ട്. തനിക്ക് നേരിട്ട ശാരീരികവും മാനസികവുമായ പീഡനങ്ങളുടെ കഥ പറയുമ്പോഴും അതിജീവനത്തിന്റെ ഒടുവിലത്തെ അനുഭവം കാണികൾക്ക് പ്രത്യാശയുടെ വാക്കുകൾ നൽകുന്നുണ്ട്. മഞ്ചമ്മ തന്റെ ജീവിതം പങ്കുവയ്ക്കുമ്പോൾ ഇന്ത്യയിലെ ട്രാൻസ് മനുഷ്യർ അനുഭവിക്കുന്ന സംഘർഷങ്ങളുടെ വലിയൊരു ഭൂമിക പ്രേക്ഷകർക്ക് മുന്നിൽ തുറക്കപ്പെടുകയാണ്.
2010-ൽ കർണാടക സർക്കാരിന്റെ രാജ്യോത്സവ പുരസ്‌കാരം മഞ്ചമ്മയെ തേടിയെത്തി. തുടർന്ന് 2019-ൽ കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റായി നിയമിക്കപ്പെട്ടു. അതോടെ ആ സ്ഥാനത്തേക്ക് എത്തുന്ന ചരിത്രത്തിലെ ആദ്യ ട്രാൻസ്ജെൻഡറായി അവർ മാറി. 2021-ൽ അവർ പദ്മ പുരസ്‌കാരത്തിന് അർഹയായി. ട്രാൻസ്‍ജെൻഡർ സമൂഹത്തിൽ നിന്ന് പദ്മ പുരസ്‌കാരം ലഭിച്ച രണ്ടാമത്തെ വ്യക്തി കൂടിയാണ് മഞ്ചമ്മ. 2019-ൽ തമിഴ് നാട്ടിൽ നിന്നുള്ള നർത്തകി നടരാജ് ആണ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ട്രാൻസ്‍ജെൻ്റർ.