കാഴ്‌ചയിലെ അപൂർവ നിമിഷങ്ങൾ

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

പ്രകൃതിയും മനുഷ്യനും മറ്റ്‌ ജീവജാലങ്ങളുമൊക്കെച്ചേരുന്ന രൂപങ്ങളിൽ പ്രകാശനിർണയത്തിലൂടെ ലഭ്യമാകുന്ന വർണസങ്കലനത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കുവാൻ ക്യാമറക്കണ്ണുകൾ അനിവാര്യമാണ്‌. മനുഷ്യന്റെ കണ്ണുകൾ പോലെ തുറന്നടയുന്ന സാങ്കേതികത്വത്തിലൂടെയാണ്‌ ക്യാമറക്കണ്ണുകളും പ്രവർത്തിക്കുന്നത്‌ (തുറന്നടയുന്നത്‌). പ്രകാശസംവേദനങ്ങളായ പദാർഥങ്ങളുപയോഗിച്ച്‌ വസ്‌തുക്കളുടെ ദൃശ്യബിംബം സൃഷ്ടിക്കുന്ന സങ്കേതമാണ്‌ ഫോട്ടോഗ്രഫി എന്ന്‌ നിശ്ചലഛായാഗ്രഹണത്തെ അടയാളപ്പെടുത്തുന്നു. പ്രകാശം വരുന്നവഴി പ്രകാശസംവേദനക്ഷമതയെ ആശ്രയിച്ചുള്ള നിഴലിന്റെയും വെളിച്ചത്തിന്റെയും വ്യതിയാനങ്ങൾ, പ്രകൃതിയുടെ ഭാവങ്ങൾ ഇവയിലൂടെ ലഭ്യമാകുന്ന കാഴ്‌ച നമ്മുടെ നിത്യജീവിതത്തിൽ ഛായാഗ്രഹണകലയ്‌ക്ക്‌ നിർണായക സ്ഥാനമാണ്‌ സമ്മാനിക്കുന്നത്‌. പുതിയ സാങ്കേതികവഴിയിലെ അത്ഭുതങ്ങൾ ഈ രംഗത്ത്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

പ്രകൃതിയെക്കുറിച്ചുള്ള പഠനങ്ങൾക്കും കലാവിഷ്‌കാരങ്ങൾക്കുമൊപ്പം മനുഷ്യേന്ദ്രീയങ്ങളെക്കുറിച്ചും അവയുടെ സഞ്ചാരവഴികളെക്കുറിച്ചുമുള്ള പഠനപ്രക്രിയ കാലങ്ങളായി പുരോഗമിക്കുന്നു, പുതിയ മാനങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. കാഴ്‌ചയുടെ പൂർണതയാണ്‌ ക്യാമറക്കണ്ണുകളെന്ന്‌ ശാസ്‌ത്രജ്ഞനും ഛായാഗ്രഹണകലയിലെ വിദഗ്‌ധനുമായ അലക്‌സാണ്ടർ സൈൻവെൽസ്‌ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ പിൻബലത്തിലാണ്‌ ഛായാഗ്രഹണകലയുടെ നാൾവഴികളെക്കുറിച്ച്‌ നാമറിയുന്നത്‌‐ ഒപ്പം മഴവില്ലിന്റെ നിറവൈവിധ്യങ്ങളും വർണക്കാഴ്‌ചകളും വർണസങ്കലനവുമൊക്കെ തിരിച്ചറിയുന്നതും. എ ഡി 1038ൽ ജീവിച്ചിരുന്ന അറേബ്യൻ ശാസ്‌ത്രജ്ഞൻ അബു അലി അൽഹസനിൽ നിന്നാണ്‌ പ്രകാശശാസ്‌ത്രത്തെക്കുറിച്ചുള്ള ഉൾക്കനമുള്ള പഠനം ആരംഭിക്കുന്നത്‌. ആ ശാസ്‌ത്രബോധത്തിന്റെ തുടർച്ചയാണ്‌ നൂറ്റാണ്ടുകൾക്കുശേഷം പ്രകാശത്തെ സ്‌ഫടികത്തിലൂടെ കടത്തിവിട്ട്‌ രൂപത്തെ പകർത്തിയെടുക്കാനുള്ള ശ്രമം. വിശ്വോത്തര കലാകാരരായ ലിയനാർഡോ ഡാവിഞ്ചിയും റോജർ ബേക്കണുമടക്കം നടത്തിയ ശ്രമങ്ങൾക്ക്‌ പൂർണതയുണ്ടായത്‌ 1837ലാണ്‌. ഫോട്ടോഗ്രഫിയുടെ കണ്ടുപിടുത്തവുമായി ബന്ധപ്പെട്ട്‌ നിരവധി പേരുകളുണ്ടെങ്കിലും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌ ഫ്രഞ്ചുകാരായ ജോസ്‌ നിസ്‌ഫോർ നീപ്‌സി, ചിത്രകാരൻ ലൂയിസ്‌ ജാക്വിസ്‌ മാൻഡേ ഡാഗ്വിറി എന്നീ കലാകാരരുടെ കണ്ടുപിടുത്തങ്ങളാണ്‌. 1839ൽ പാരീസിൽവച്ച്‌ ഇതുസംബന്ധിച്ച ഔദ്യോഗിക അംഗീകാരം അവർക്ക്‌ നൽകുകയുണ്ടായി. മനുഷ്യനിലെ ആത്മനിഷ്‌ഠമായ ദൃശ്യസാക്ഷാത്‌കാരത്തിന്റെ പൂർണത കൂടിയായിരുന്നു ഈ കണ്ടുപിടുത്തങ്ങളിലൂടെ സാധ്യമായത്‌. ഇവിടെ മുന്പിലുള്ള വസ്‌തുവിന്റെ കാഴ്‌ചയിലൂടെ പ്രകാശസിദ്ധാന്തവും വർണമേളനവുമൊക്കെച്ചേരുന്ന ഒരു മുഹൂർത്തമാണ്‌/ഒരു നിമിഷമാണ്‌ ക്ലിക്ക്‌ ചെയ്യപ്പെടുന്നത്‌. ഉണർവും വ്യക്തതയുമുള്ള കാഴ്‌ചയുടെ ലാവണ്യാനുഭവമാണ്‌ ഛായാഗ്രാഹകൻ ലക്ഷ്യമാക്കുക.

ഛായചിത്രരചനയിലും പ്രകൃതിദശ്യരചനയിലും തിളങ്ങിനിന്ന ചിത്രകലയെ ഫോട്ടോഗ്രഫിയുടെ കടന്നുവരവ്‌ അൽപം പിന്നോട്ടടിച്ചുവെങ്കിലും പുതിയ കലാപ്രസ്ഥാനങ്ങളിലൂടെ ചിത്രകല സജീവമാകുകയായിരുന്നു. പിന്നീട്‌ ചിത്രകലയിൽ നവീകരിക്കപ്പെടുന്നതും നവീനമായ അർഥതലങ്ങളിലൂടെ സഞ്ചരിക്കുന്നതുമായ കലാപ്രസ്ഥാനങ്ങൾ ലോകമെങ്ങും പ്രചാരത്തിലാവുന്ന അവസ്ഥയും സൃഷ്ടിക്കപ്പെട്ടു. ഇപ്പോൾ ഫോട്ടോഗ്രഫിയിലും ഇത്തരത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. കാഴ്‌ചയ്‌ക്കപ്പുറമുള്ള കാഴ്‌ചകളെ യഥാതഥമായി അവതരിപ്പിക്കുന്ന സങ്കേതങ്ങൾ വിസ്‌മയപ്പെടുത്തുന്ന കലാവിഷ്‌കാരങ്ങളാകുന്നു. സംഭവങ്ങളെ/മുന്നിൽ കാണുന്ന ദൃശ്യത്തെ കൃത്യതയോടെ പകർത്തുന്ന ഫോട്ടോഗ്രഫി കൂടുതൽ ക്രിയാത്മകവും ലാവണ്യാത്മകവുമായി ആസ്വാദകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്ന കാലമാണിന്ന്‌‐ ശ്രദ്ധേയരായ അഭിമാനാർഹമായ പ്രവർത്തനം കാഴ്‌ചവെയ്‌ക്കുന്ന ഛായാഗ്രഹകരും നമുക്കുണ്ട്‌. അവരിലൊരാളാണ്‌ ചിത്രകാരൻ കൂടിയായ ദത്തൻ പുനലൂർ. വിഖ്യാത ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്‌ണൻ, ദത്തൻ പുനലൂരിന്റെ രചനകളെ ഇങ്ങനെ വിലയിരുത്തുന്നു. ‘‘ദത്തൻ പുനലൂരിന്റെ ക്യാമറക്കണ്ണുകൾ സഞ്ചരിക്കുന്നത്‌ പരിചിതമായ പൊതുശീലങ്ങൾക്കപ്പുറമുള്ള അപൂർവ കാഴ്‌ചകളിലേക്കാണ്‌, അനുവാചകനെ ഈ അനുഭവങ്ങളിലേക്ക്‌ നയിക്കുന്നത്‌ ഫോട്ടോഗ്രഫിയിലെ സാങ്കേതികത ലഭ്യമാക്കുന്ന സൗജന്യ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയല്ല എന്നത്‌ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്‌. ദത്തന്റെ ക്യാമറയ്‌ക്കും അതു പകർത്തുന്ന അപൂർവ കാഴ്‌ചകൾക്കുമിടയിൽ ആരും ഏതും ഒരുതരത്തിലും ഇടപെടുന്നില്ല. ആ അപൂർവത മൗലികമാണ്‌. വസ്‌തുവിന്റെ സ്വത്വത്തെ മാനിക്കുന്ന നിസ്വതയാണ്‌.’’ ഇങ്ങനെ തികച്ചും യാദൃച്ഛികമായി വീണുകിട്ടുന്ന ജീവിതനിമിഷങ്ങളിലാണ്‌ ദത്തന്റെ അപൂർവങ്ങളായ കലയും കാഴ്‌ചയും പൂത്തുലയുന്നത്‌.

പ്രകൃതിയുടെ ഭാവങ്ങൾ എങ്ങനെയാണ്‌ മനുഷ്യജീവിതത്തിലേക്കും മറ്റ്‌ ജീവജാലങ്ങളിലേക്കും സന്നിവേശിക്കപ്പെടുന്നതെന്നും വഴിമാറുന്ന ഋതുക്കളുടെയും നിറക്കാഴ്‌ചകളുടെയും ഇഴചേരലുമൊക്കെ ഒരു പെയിന്റിംഗ്‌ കാണുന്ന ദൃശ്യചാരുതയോടെ ദത്തന്റെ ക്യാമറ വരച്ചുകാട്ടുന്നു. കാടിന്റെ താളവും ജീവജാലങ്ങളെയും സസ്യലോകത്തെയും അവയുടെ ആവാസവ്യവസ്ഥിതിയുമൊക്കെ ചേർത്തുപിടിക്കുന്ന സവിശേഷതയും വൈവിധ്യവും ഉൾച്ചേർന്ന ചിത്രങ്ങളാണ്‌ ദത്തൻ പുനലൂരിന്റേത്‌. അവയിൽ പലതും ദേശീയ/അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ പ്രകാശനം ചെയ്യപ്പെട്ടവയും അംഗീകാരങ്ങൾ നേടിയിട്ടുള്ളവയുമാണ്‌. ബട്ടർഫ്‌ളൈ ആർട്ട്‌ ഫൗണ്ടേഷൻ അവാർഡ്‌, പ്രവാസി ഭൂഷൺ പുരസ്‌കാർ, ഇന്റർനാഷണൽ ക്യാമറ ഫെയർ അവാർഡ്‌, സയൻസ്‌ ആന്റ്‌ ടെക്‌നോളജി അവാർഡ്‌, ടൂറിസം ഡിപ്പാർട്ട്‌മെന്റ്‌ അവാർഡ്‌, കാർഷിക ഫോട്ടോഗ്രഫി അവാർഡ്‌, ദേശീയ ദിനപത്രങ്ങളിൽ നിന്നുള്ള പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ദത്തൻ പുനലൂരിന്റെ കലാജീവിതത്തെ തൊട്ടറിയുന്ന ഇമേജ്‌ ബുക്ക്‌ മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ഗുരു നിത്യചൈതന്യ യതിയുടെ ജീവിതമുഹൂർത്തങ്ങൾ ചിത്രങ്ങളാക്കിയ ‘നിത്യദർശനം’ എന്ന ഫോട്ടോഗ്രഫി ഗ്രന്ഥം ദത്തന്റെ സംഭാവനകളിൽ ശ്രദ്ധേയമാണ്‌.

മാവേലിക്കര രവിവർമ കോളേജ്‌ ഓഫ്‌ ഫൈനാർട്ട്‌സിൽ നിന്ന്‌ ചിത്രകലാപഠനവും പിന്നീട്‌ ഫോട്ടോഗ്രഫി പഠനവും കഴിഞ്ഞശേഷമാണ്‌ കുനൂരി (ഊട്ടി)ലെത്തുന്നത്‌. അമ്പതുവർഷക്കാലത്തെ തന്റെ ജീവിതം കുനൂരിലായിരുന്നെന്നും പ്രകൃതിസൗന്ദര്യത്തിന്റെ വൈവിധ്യമാർന്ന ആ ദൃശ്യങ്ങൾ വർണാഭമായി എന്നും മനസ്സിലുണ്ടെന്നും ദത്തൻ പുനലൂർ പറയുന്നു.

ഫോട്ടോഗ്രഫിയെക്കുറിച്ച്‌ ദത്തൻ പുനലൂരിന്റെ വാക്കുകൾ‐ ‘ഫോട്ടോഗ്രഫുകൾ ഒരിക്കലും കള്ളം പറയില്ലെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇന്ന്‌ ആ സ്ഥിതി മാറി. ഫോട്ടോഗ്രഫി അനുനുമിഷം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത്‌ ഗുണത്തെക്കാളേറെ ദോഷവും ചെയ്യുന്നുണ്ടെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാൻ‐ കൂടുതൽ വേഗത്തിലും അനായാസവുമായി ഫോട്ടോകൾ എടുക്കാൻ കഴിയുമെങ്കിലും അതിലുപരി ഫോട്ടോഗ്രഫിയുടെ വിശ്വാസ്യതയ്‌ക്ക്‌ കോട്ടംതട്ടുന്ന രീതിയിലേക്ക്‌ ഇന്ന്‌ കാര്യങ്ങൾ മാറിയിട്ടുണ്ട്‌. എ ഐ സാങ്കേതികവിദ്യയുടെ വരവോടെ യഥാർഥ ചിത്രത്തിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലുമൊക്കെ നടത്താനും വളരെ സൗകര്യമായി. എളുപ്പവഴിയിൽ ക്രിയചെയ്യാൻ താൽപര്യം കാണിക്കുന്ന സമൂഹം അതേറ്റെടുക്കുകയും ചെയ്യുന്നു. യഥാർഥ ഫോട്ടോകളും കൃത്രിമ ഫോട്ടോകളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി. താൻ എടുത്ത ചിത്രം ഒറിജിനലാണെന്ന്‌ ബോധ്യപ്പെടുത്തേണ്ട അധികബാധ്യത കൂടി ഫോട്ടോഗ്രാഫർക്ക്‌ വന്നിരിക്കുന്നു. എന്നുവച്ച്‌ മാറ്റങ്ങളെ സ്വീകരിക്കുന്നില്ലെന്നർഥമില്ല.

ദത്തൻ പുനലൂരിന്റെ വാക്കുകളുടെ പിൻബലത്തിൽ അദ്ദേഹത്തിന്റെ കുറേ ചിത്രങ്ങൾ വീണ്ടും വീണ്ടും കണ്ടു. ആസ്വാദകരിൽ അതിഭാവുകത്വം സൃഷ്ടിക്കാനും ഞെട്ടിക്കാനുമൊന്നുമുള്ള ശ്രമങ്ങൾ ഈ ചിത്രങ്ങൾക്കു പിന്നിലില്ലെന്ന്‌ തിരിച്ചറിയുമ്പോഴും ഒരത്ഭുതം അല്ലെങ്കിൽ ഒരു മാജിക്‌ ദത്തൻ പുനലൂരിന്റെ ചിത്രങ്ങളിൽ ദർശിക്കാനാവുന്നു. അതുതന്നെയാണ്‌ അദ്ദേഹത്തിന്റെ ക്യാമറ കൺതുറന്ന്‌ അടയുമ്പോൾ സംഭവിക്കുന്ന ‘മാജിക്‌’. l

Hot this week

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

Topics

വയനാട് ടു അഹമ്മദാബാദ് – റീൽ പോലെ കറങ്ങിയ സൈക്കിൾ

കേരള രാജ്യാന്തര ഡോക്യുമെൻ്ററി - ഹ്രസ്വചിത്രമേളയിൽ ശ്രദ്ധേയമായി മാറിയ 'എ ബ്രീഫ്...

അതിനാൽ പൊരുതുക, പൊരുതിക്കൊണ്ടേയിരിക്കുക

ലോകത്തെ ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത്...

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...
spot_img

Related Articles

Popular Categories

spot_imgspot_img