ദുരൂഹതകളുടെ ചുരുളഴിയാതെ ധർമ്മസ്ഥല; അന്വേഷണത്തിന് ചരമക്കുറിപ്പോ ?

സിജു കണ്ണൻ 

കൈരളി ടിവി കാസര്‍കോഡ് ബ്യുറോ ചീഫ് സിജു കണ്ണൻ എഴുതുന്നു
       ദുരുഹമായ ധർമസ്ഥലയിൽ നേരിൽ കണ്ട വിവരങ്ങൾ.

 

ധർമ്മസ്ഥല മഞ്ജുനാഥക്ഷേത്രം

കാസര്‍കോഡ് നിന്ന് ദൂരമധികമില്ലെങ്കിലും ധർമസ്ഥല പലരും  പറഞ്ഞുമാത്രം കേട്ട കാഴ്ചയ്ക്കപ്പുറമുള്ള ദേശമായിരുന്നു. ജൂലൈ ആദ്യം ധർമസ്ഥലയിൽ നിന്ന് പുറത്തുവന്ന വെളിപ്പെടുത്തലിൻ്റെ ഞെട്ടൽ മാറാതെയാണ് നെല്ലും പതിരും  തേടി ക്യാമറാമാൻ ഷൈജു പിലാത്തറയോടൊപ്പം കാസർകോഡ് നിന്ന് യാത്രതിരിച്ചത്. നഗരത്തിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ട് ദക്ഷിണ കന്നഡയിലെ  ധർമസ്ഥലയെന്ന ക്ഷേത്രനഗരിയിലെത്താൻ. 800 വർഷം പഴക്കമുള്ള മഞ്ജുനാഥക്ഷേത്രമാണവിടെയുള്ളത്.
മൂന്ന് മണിക്കൂർ നീണ്ട യാത്രയിലുടനീളം സംസാരിച്ചതത്രയും നൂറുകണക്കിന് പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ സമാനതകളില്ലാത്ത വെളിപ്പെടുത്തലിനെക്കുറിച്ച് മാത്രമായിരുന്നു.

ദക്ഷിണ കന്നഡയിലെ ബെല്‍ത്തങ്ങാടി താലൂക്കിലെ പ്രധാന കേന്ദ്രമാണ് ധർമസ്ഥല. അതിര്‍ത്തി കടന്ന് നിരവധി മലയാളികളെത്തുന്ന ഇടമെന്നതിനൊപ്പം മലയാളികള്‍ക്ക് ആഴത്തില്‍ വേരുകളുകളുണ്ടെന്ന പ്രത്യേകതകൂടി ധര്‍മസ്ഥലയുള്‍പ്പെടുന്ന മേഖലയ്ക്കുണ്ട്. എൺപതും നൂറു വര്‍ഷത്തിനുമുമ്പ്    കേരളത്തില്‍ നിന്ന് തുടങ്ങിയ കുടിയേറ്റയാത്ര ബെല്‍ത്തങ്ങാടിയിലും ഉജിറെയിലുമെല്ലാം  ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. ബെല്‍ത്തങ്ങാടിയിൽ പരിചിതരായ ചിലരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചില വിവരങ്ങളും മുന്നറിയിപ്പുകളും കിട്ടി. വിവാദം കത്തിത്തുടങ്ങിയ സമയമായതിനാൽ മാധ്യമപ്രവർത്തകർ എന്ന പേരിൽ സ്ഥലത്തെത്താൻ കഴിയില്ലെന്ന് മുന്നറിയിപ്പ് തന്നത് ബെല്‍ത്തങ്ങാടിയിലെ പരിചയക്കാരനായ ഒരു മലയാളിയായിരുന്നു. ചുരുക്കം മലയാള ദൃശ്യ,പത്ര  മാധ്യമങ്ങളും കർണാടകയിലെ ചില വ്ലോഗ്ഗർമാരും യുട്യൂബ് ചാനലുകളും, ചില ദേശീയ മാധ്യമങ്ങളും മാത്രമാണ് വെളിപ്പെടുത്തലിന് പിന്നിലെ  വസ്തുത തേടി യാത്ര തുടങ്ങിയിരുന്നത്.

നിലവിളികൾപോലും നിശബ്ദരാക്കപ്പെട്ട മനുഷ്യർ വർഷങ്ങളായി പരസ്പരം അടക്കിപറഞ്ഞിരുന്ന കാര്യങ്ങളാണ് വെളിപ്പെടുത്തലായി ഇപ്പോൾ പുറത്ത് വരുന്നതെന്ന് ബെല്‍ത്തങ്ങാടിയിൽ ജനിച്ചു വളർന്ന കുടിയേറ്റ മലയാളി പറഞ്ഞു.

ബെല്‍ത്തങ്ങാടിയില്‍ കടന്ന് ഉജിരെയിലെത്തിയാല്‍ ധര്‍മസ്ഥലയിലേക്കുള്ള കവാടം കാണാം. മാധ്യമപ്രവർത്തകരല്ലെന്ന മട്ടിൽ, ധർമസ്ഥല തേടിയെത്തുന്ന സാധാരണ മനുഷ്യരെപ്പോലെ ഞങ്ങൾ കവാടം കടന്നു. കേരളത്തില്‍ നിന്ന് ചെറിയ ദൂരം പിന്നിട്ട്  അതിര്‍ത്തി കടക്കുമ്പോൾ തന്നെ ബോധ്യപ്പെടുന്ന ചില കാര്യങ്ങളുണ്ട്. കാതങ്ങളില്‍ നിന്ന് കാതങ്ങള്‍ പിന്നിടുമ്പോള്‍ കേരളത്തിലെ സാമൂഹ്യസാഹചര്യത്തിൽ നിന്നും  നാലോ അഞ്ചോ പതിറ്റാണ്ട് പിന്നിലേക്കാണ്  നമ്മള്‍ ചെന്നെത്തുന്നതെന്ന്. കേരളം പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ കുടഞ്ഞെറിഞ്ഞ ഫ്യൂഡല്‍സംസ്‌ക്കാരത്തിൻ്റെയും സാമൂഹിക പിന്നോക്കാവസ്ഥയുടെയും കീഴാളജീവിതത്തിൻ്റെയും ശേഷിപ്പുകള്‍ ആധുനികവത്ക്കരിച്ച ജീവിത സാഹചര്യത്തിനടിയിൽ ഉറഞ്ഞിരിപ്പുണ്ടെന്ന് അല്‍പസമയം അവിടെ ചെലവഴിക്കുമ്പോള്‍തന്നെ  തൊട്ടറിയാന്‍ കഴിയും. പരിചിതരായ ചിലരുടെ നിർദേശപ്രകാരം സഹായത്തിന് ഒരു മലയാളിയെത്തി. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ പൊരുൾ തേടി ധർമസ്ഥലയിലെ മണ്ണിൽ ചവിട്ടി അവർക്കൊപ്പം യാത്ര തുടങ്ങി.

ജുലൈ 3ന് ധർമസ്ഥലയിൽ നിന്നുയർന്നുവന്ന തുറന്നുപറച്ചിൽ  കേട്ടവർ കേട്ടവർ നടുങ്ങി. സമാനതകളില്ലാത്ത, സിനിമാകഥകളെ പോലും വെല്ലുന്ന കഥകൾ.
1995നും 2014നുമിടയില്‍ കൊലപാതകത്തിനിരയായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്‍മാരുടേതുമുള്‍പ്പെടെ മൃതദേഹങ്ങള്‍ ധര്‍മസ്ഥലയില്‍ പലഭാഗങ്ങളിലായി കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലുമായെത്തിയത് പട്ടികജാതി വര്‍ഗ്ഗക്കാരനായ മുന്‍ ശുചീകരണ തൊഴിലാളിയാണ്.  ധര്‍മസ്ഥലയില്‍  വര്‍ഷങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടിരുന്ന സത്യങ്ങൾ, പലപ്പോഴും അടക്കി നിര്‍ത്തപ്പെട്ട നിലവിളികളാണ്  ശുചീകരണതൊഴിലാളിയിലൂടെ പുറത്ത് വന്നത്. ആധുനിക കാലത്തും അതിർത്തിക്കപ്പുറം കീഴാളജീവിതം അറിഞ്ഞോ അറിയാതെയോ പേറുന്ന മനുഷ്യരുടെ ശബ്ദം പ്രതിഫലിപ്പിക്കുന്നതാണ് വെളിപ്പെടുത്തലെന്ന്  തുടര്‍ചലനങ്ങള്‍ സാധൂകരിക്കുന്നു.

സിജു കണ്ണൻ
സിജു കണ്ണൻ

“1995 നും 2014 നുമിടയില്‍ നിരവധി സ്ത്രീകളെയും പെണ്‍കുട്ടികളെയും കത്തിച്ച് കുഴിച്ച് മൂടി. പലരും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടവര്‍. ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. സ്‌കൂള്‍ യൂണിഫോമിലടക്കമുള്ള കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ട്. കല്ലേരി വനമേഖലയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ ഓരോന്നോരോന്നായി കുഴിച്ചിട്ടു. കുഴിച്ചു മൂടിയ മൃതദേഹങ്ങളില്‍ പുരുഷന്‍മാരുടേതുമുണ്ട്. നിരവധി സ്ഥലങ്ങളില്‍ ഇങ്ങനെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ട്. ഉന്നതരുടെ നിര്‍ദേശ പ്രകാരം സൂപ്പവര്‍വൈസര്‍മാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എല്ലാത്തിനും കൂട്ടുനിന്നത്. സംസ്‌കരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗികാതിക്രമത്തിനിരയായെന്നറിഞ്ഞതോടെ കുടുംബത്തോടൊപ്പം ഭയന്ന് നാടുവിട്ടതാണ്. വര്‍ഷങ്ങളോളം മറ്റു സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. കുറ്റബോധത്തെ തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷം നേരിടേണ്ടി വന്നപ്പോഴാണ് എല്ലാം തുറന്നുപറയുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ സഹായിക്കാം. തൻ്റെയും കുടുംബാംഗങ്ങളുടെയും ജീവന് ഭീഷണിയുണ്ട്. ” ധര്‍മസ്ഥല പൊലീസ് സ്‌റ്റേഷനിലെത്തി നല്‍കിയ പരാതിയിലെയും മൊഴിയിലെയും വിവരങ്ങള്‍ ഇങ്ങനെ നീളുന്നു.

വലിയ കുറ്റകൃത്യപരമ്പരയുടെ വിവരങ്ങള്‍ അതില്‍ പങ്കാളിയായ വ്യക്തിതന്നെ വെളിപ്പെടുത്തിയിട്ടും പൊലീസ് അനങ്ങിയില്ല. ഒടുവില്‍  ജുലൈ 11ന് സാക്ഷിയായ ശുചീകരണ തൊഴിലാളി അഭിഭാഷകരുടെ സഹായത്തോടെ ബെല്‍ത്തങ്ങാടി കോടതിയിലെത്തി. സ്വയം കുഴിച്ചെടുത്തത് എന്നവകാശപ്പെട്ട് മനുഷ്യാസ്ഥിഭാഗങ്ങളും തലയോട്ടിയും കോടതിയില്‍ ഹാജരാക്കി. കോടതി  നിര്‍ദേശം നല്‍കിയതിന് ശേഷമാണ് ധര്‍മസ്ഥല പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 211(അ) പ്രകാരം ധര്‍മസ്ഥല പൊലീസ്  കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ കാര്യമായി മുന്നോട്ടുപോയില്ല.

കേന്ദ്ര-സംസ്ഥാന ഭരണം കൈയാളുന്ന രാഷ്ട്രീയ പാർട്ടികളുടെ  നേതൃത്വത്തില്‍ സ്വാധീനവും അധികാരവും സമ്പത്തുമുള്ളവര്‍ക്കെതിരായ വെളിപ്പെടുത്തലില്‍ വലതുപക്ഷ രാഷ്ട്രീയ പാർട്ടികളെല്ലാം കുറ്റകരമായ മൗനം തുടര്‍ന്നു. ആദ്യഘട്ടത്തില്‍ സാമൂഹ്യമാധ്യമങ്ങളും, മലയാളമാധ്യമങ്ങളും, ഒറ്റപ്പെട്ട ദേശീയ മാധ്യമങ്ങളും വിഷയം ഗൗരവത്തില്‍ ഏറ്റെടുത്തതോടെയാണ് പൊതുസമൂഹത്തിന് മുന്നിലേക്ക് സംഭവമെത്തിയത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും നടപടികളൊന്നുമില്ലാതായതോടെ ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനിതാകമ്മീഷന്‍ അധ്യക്ഷനാഗലക്ഷ്മി ചൗധരിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതേണ്ടിവന്നു. അധികാരവും രാഷ്ട്രീയസ്വാധീനവുമുള്ള വ്യക്തികള്‍ കുറ്റകൃത്യം ചെയ്‌തെന്ന് പരാതി ഉയര്‍ന്നതിനാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിനായി പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി) രൂപീകരണിക്കണമെന്നടക്കമുള്ള ആവശ്യവുമായി അഭിഭാഷകസംഘം മുഖ്യമന്ത്രിയെകണ്ടു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ഇതേ ആവശ്യമുയര്‍ത്തി മുന്നോട്ട് വന്നു.

സമ്മര്‍ദ്ദങ്ങള്‍ക്കും മുറവിളികൾക്കുമൊടുവില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അതും വെളിപ്പെടുത്തല്‍ വന്ന് 16 ദിവസങ്ങള്‍ക്ക് ശേഷം. ആഭ്യന്തര കുറ്റാന്വേഷണ വിഭാഗം ഡിജിപി പ്രണവ് മൊഹന്തി ഐപിഎസിന്റെ നേതൃത്വത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥരായ എംഎന്‍ അനുചേത്, സൗമ്യലത ഐപിഎസ്, ജിതേന്ദ്രകുമാര്‍ ഐപിഎസ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം. ഡിസിപി സൗമ്യലത ഐപിഎസ്  വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണ സംഘത്തില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് പിന്‍മാറി. ദക്ഷിണകന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമംഗ്ലൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള വനിതാഉദ്യോഗസ്ഥരെയടക്കം ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷം ജുലൈ 25ന് അന്വേഷണസംഘം ധര്‍മസ്ഥലയിലെത്തി കേസ് ഏറ്റെടുത്തു.

പത്മലത, അനന്യ, സൗജന്യ.. ദുരൂഹതയുടെ താഴ്‌വര  

ധര്‍മസ്ഥലയിലെ ദുരൂഹമരണങ്ങളുടെയും കൊലപാതകങ്ങളുടെയും  തിരോധാനങ്ങളുടെയുമെല്ലാം ചരിത്രം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങുന്നു. നാല് പതിറ്റാണ്ടിനിടയിൽ ആയിരങ്ങൾ കൊലചെയ്യപ്പെട്ടുവെന്നാണ് ആക്ഷൻ കൗൺസിൽ പ്രവർത്തകരുടെ ആരോപണം. കൂട്ടക്കൊലപാതക വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അവയോരോന്നും ചര്‍ച്ചയായി ഉയര്‍ന്നു വരികയാണ്.

പത്മലതയുടെ സഹോദരിയും അമ്മയും

ധർമസ്ഥലയിൽനിന്ന് ഒന്നര കിലോമീറ്റർ പിന്നിട്ട് ബൊളിയാറിലെത്തി വാഹനം നിർത്തി റോഡിനോട് ചേർന്ന് എതിർവശത്തുള്ള ചെറിയ കൈത്തോട് കടന്നാണ് പത്മലതയുടെ വീട്ടിലെത്തിയത്. കാട് നിറഞ്ഞ ഇടവഴിയിലൂടെ നടന്ന് മുന്നോട്ട് പോവുന്നതിനിടെ സഹായിയായി ഒപ്പമുണ്ടായിരുന്ന കുടിയേറ്റ മലയാളിയായ ഓട്ടോ ഡ്രൈവർ ഓർത്ത് പറഞ്ഞതത്രയും ഭീതിദമായ പഴ കാലത്തെക്കുറിച്ചാണ്. ബന്ധുകൂടിയായ പത്മലതയെ കാണാതായതിനെക്കുറിച്ച് ഇന്നലെയെന്നപോലെ അയാൾ ഓർത്തെടുത്തു. ചെറിയ വീട്ടിനകത്തേക്ക് കയറിയപ്പോൾ പത്മലതയുടെ സഹോദരി ചന്ദ്രാവതി ഞങ്ങളെ  സ്വീകരിച്ചു . കട്ടിലിൽ ഓർമകൾ നഷ്ടപ്പെട്ട് ഏന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മ തങ്കമ്മ. വാർധക്യം ബാധിച്ച കണ്ണുകളിൽ ആർക്കും കണ്ടെടുക്കാൻ കഴിയും മാഞ്ഞുപോയ 17 വയസ്സുള്ള മകളെകുറിച്ചുള്ള ഒടുങ്ങാത്ത ദുഃഖത്തിൻ്റെ ആഴം.

1986 സിസംബര്‍ 22 ന് വൈകിട്ട് കോളേജില്‍ നിന്നും മടങ്ങിവരുന്നതിനിടെയാണ് 17 വയസുകാരി പത്മലതയെ കാണാതാവുന്നത്. ഉജിരെ എസ്ഡിഎം കോളേജില്‍ പിയുസി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. കോളേജില്‍ നിന്നിറങ്ങി ധര്‍മസ്ഥലക്കടുത്ത് ബസിറങ്ങിയത് കണ്ടവരുണ്ട്. പിന്നെ അവൾ  വീട്ടിലെത്തിയില്ല. 8 പതിറ്റാണ്ട് മുമ്പ് കോട്ടയത്തുനിന്ന് ധര്‍മസ്ഥലയിലേക്ക് കുടിയേറിയതായിരുന്നു പത്മലതയുടെ കുടുംബം. സിപിഐ എം ബെല്‍ത്തങ്ങാടി താലൂക്ക് കമ്മറ്റി അംഗവും കര്‍ഷകസംഘം നേതാവുമായിരുന്നു അച്ഛന്‍ എം കെ ദേവാനന്ദ്. ആദിവാസി വിഭാഗങ്ങളെയടക്കം കുടിയിറക്കുന്നതിനെതിരെ ദേവാനന്ദിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. ഇതിനിടെ മണ്ഡല്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏഴാം വാര്‍ഡിൽ  മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.  ധര്‍മസ്ഥലയിലെ പ്രമാണിമാര്‍ നിശ്ചയിക്കുന്നവരല്ലാതെ പഞ്ചായത്തിലെത്തുന്ന പതിവ് തെറ്റിച്ചാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതിനിടെയാണ് മകളെ കാണാതായത്.
മകള്‍ക്കായി തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍  നാമനിര്‍ദേശപത്രിക പിന്‍വലിക്കാന്‍ ചിലരില്‍ നിന്നും ഭീഷണിയെത്തി. പാർട്ടി നിര്‍ദേശപ്രകാരം നാമനിര്‍ദേശപ്രതിക പിന്‍വലിച്ചെങ്കിലും മകള്‍ പത്മലത വീട്ടിലെത്തിയില്ല. പത്മലത കോളേജില്‍ നിന്ന് വന്ന് ബസ്സിറങ്ങുന്നത് കണ്ടവരുണ്ട്. തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ആരൊക്കെയാണെന്ന് കണ്ട സാക്ഷികളുമുണ്ടായിരുന്നു. പക്ഷേ ബെല്‍ത്തങ്ങാടി പൊലീസ് പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുക്കാന്‍ മടിച്ചു. സിപിഐ എം ശക്തമായ പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെ കേസെടുത്തു. 58 ദിവസത്തിന് ശേഷം ഫെബ്രുവരി 17 ന് കുതിരായം പുഴയില്‍ കൈയും കാലും കെട്ടിയിട്ട നിലയിലാണ് പത്മലതയുടെ മൃതദേഹം  കണ്ടെത്തിയത്. കൈയില്‍ കെട്ടിയിരുന്ന  വാച്ചും വസ്ത്രങ്ങളും കണ്ട് മൃതദേഹം പത്മലതയുടെതെന്ന് കുടുംബം തിരിച്ചറിഞ്ഞു. കര്‍ണാടക സിഐ കേസ് ഏറ്റെടുത്ത് നടത്തിയെങ്കിലും നാളുകള്‍ക്ക് ശേഷം തെളിവില്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിച്ചു. മകള്‍ക്കായി നിയമപോരാട്ടം നടത്തിയ ദേവാനന്ദ് അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. തുടര്‍ന്ന് നിയമ പോരാട്ടം ഏറ്റെടുത്ത് നടത്തിയ ബാങ്കുദ്യോഗസ്ഥനായ സഹോദരന്റെ മകൻ  രവീന്ദ്രനെ ജോലി സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍  ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. നിയമപോരാട്ടത്തിനിടെ വലിയ സമ്മര്‍ദ്ദമാണ് ഉന്നതരില്‍ നിന്ന് കുടുംബത്തിന് നേരിടേണ്ടിവന്നത്.

മണിപ്പാലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്ന അനന്യ ഭട്ട് 2003ലാണ് ധര്‍മസ്ഥലയിലെ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തെത്തിയത്. പിന്നീട് അനന്യയെന്ന പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നുമുണ്ടായില്ല. അവൾ മാഞ്ഞുപോയി. സിബിഐയില്‍ സ്റ്റെനോഗ്രാഫറായിരുന്ന അമ്മ സുജാത ഭട്ട് മകളെ അന്വേഷിച്ച് ധര്‍മസ്ഥലയിലെത്തിയെങ്കിലും വലിയ ഭീഷണിയും അധിക്ഷേപവും നേരിടേണ്ടി വന്നു. മുറിയില്‍ അടച്ചിട്ട് ചിലര്‍ മര്‍ദ്ദിച്ചതോടെ മകള്‍ക്കു വേണ്ടിയുള്ള അന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് ഓടി രക്ഷപ്പെടേണ്ടിവന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മകള്‍ക്കായി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സുജാത ഭട്ട് ധര്‍മസ്ഥലയില്‍ തിരിച്ചെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മകളെക്കുറിച്ച് അന്വേഷിച്ച് നീതി തേടിയിറങ്ങി ഒടുവില്‍ നിരാശയോടെ മടങ്ങേണ്ടിവന്ന വഴികളിലൂടെ വീണ്ടും ആ അമ്മ ഉണങ്ങാത്ത കണ്ണീരുമായി എത്തുകയാണ്. അന്ത്യകർമങ്ങൾക്കായി മകളുടെ ശേഷിപ്പുകളെങ്കിലും ലഭിക്കുമോയെന്ന പ്രതീക്ഷയിൽ…

സൗജന്യയുടെ അമ്മ

ധർമസ്ഥല റോഡിൽ നിന്ന് പാങ്കള റോഡിലേക്ക് രണ്ട്  കിലോമീറ്റർ യാത്ര ചെയ്തു വേണം സൗജന്യയുടെ വീട്ടിലെത്താൻ. പാങ്കള റോഡിലേക്ക് തിരിഞ്ഞപ്പോൾ തന്നെ വഴിയിൽ ബോർഡ് കണ്ടു. കൊല്ലപ്പെട്ട സൗജന്യയുടെ ചിത്രം പതിച്ച് ‘സൗജന്യയുടെ വീട്ടിലേക്കുള്ള വഴി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ ഉമ്മറത്തും സ്വീകരണ മുറിയിലുമെല്ലാം നിറയെ മകളുടെ ചിത്രങ്ങൾ. ഒരു ചിത്രത്തിന് മുന്നിൽ ഒരിക്കലും കെടാതെ തെളിച്ചുവെച്ച വിളക്ക്. തോരാത്ത കണ്ണീരുമായി അമ്മ കുസുമവതി മകളുടെ ചിത്രങ്ങൾക്കിടയിൽ ഇവിടെയുണ്ട്.

പതിമൂന്ന് വര്‍ഷംമുമ്പ് ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടതാണ് 17 വയസ്സുകാരി സൗജന്യ.
ഉജിരെ എസ്ഡിഎം കോളേജില്‍ പിയുസി വിദ്യാര്‍ഥിയായിരുന്നു സൗജന്യ. 2012 ഒക്ടോബര്‍ ഒമ്പതിന് കോളേജിൽ നിന്ന് വീട്ടിലേക്കിറങ്ങിയ സൗജന്യയെ കാണാതായി. മകളെ കാണാതെ തേടിയിറങ്ങിയ അച്ഛന്‍ ചന്ദ്രപ്പ ഗൗഡയും അമ്മ കുസുമവതിയും പിറ്റേന്നാണ് മകളെ കണ്ടെത്തുന്നത്.
നേത്രാവതി ഘട്ടിനരികിലുള്ള കുറ്റിക്കാട്ടില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍. ശരീരം പാതി നഗ്‌നമായ നിലയിലായിരുന്നു.
സൗജന്യയുടെ ക്രൂരമായ കൊലപാതകത്തിൽ കർണാടകയെ ഇളക്കി മറിച്ച പ്രക്ഷോഭം നടന്നെങ്കിലും അന്വേഷണം കാര്യക്ഷമമായി നടന്നില്ല. പൊലീസ് ശാസ്ത്രീയമായ തെളിവുകൾ ഒന്നു പോലും ശേഖരിച്ചില്ല. സിബിഐ അന്വേഷണത്തിന് എത്തിയെങ്കിലും മറ്റു കേസുകളെപ്പോലെ സൗജന്യ കേസും തെളിവില്ലാതെ അവസാനിച്ചു. ധര്‍മസ്ഥലയിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിഷേധിക്കപ്പെട്ട നീതിയുടെ വേദനയില്‍ നീറി കഴിയുന്ന അമ്മ കുസുമവതി ചോദിക്കുകയാണ്… മകൾക്ക് നീതി ലഭിക്കുമോ ?

ഒപ്പം വന്ന ഓട്ടോ ഡ്രൈവറാണ് വഴിയിൽ കണ്ട സൗജന്യയുടെ ബോർഡിന് പിന്നിലെ കഥ പറഞ്ഞത്. മകളുടെ കൊലപാതകത്തിന് പിന്നാലെ  നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് സൗജന്യയുടെ
കുടുംബത്തിന് ഊരുവിലക്ക് ഏർപ്പെടുത്തിയതാണ്.
നേത്രാവതിയിലെത്തി ആരെങ്കിലും സൗജന്യയുടെ വീടെവിടെയെന്ന് ചോദിച്ചാല്‍ വഴി പറഞ്ഞു കൊടുക്കുന്നതിനും ഓട്ടോറിക്ഷ വരുന്നതിനുമെല്ലാം വിലക്കുണ്ട്.
ഇതോടെയാണ് വഴിയിലുടനീളം കുടുംബം മകളുടെ ചിത്രം പതിച്ച് സൗജന്യയുടെ വീട്ടിലേക്കുള്ള വഴിയെന്ന് രേഖപ്പെടുത്തിയത്. മകളുടെ കൊലയാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും നാടിന് നേരെയുയർത്തിയ പ്രതിഷേധം പോലെ ഈ ചൂണ്ടുപലകകൾ.

ക്ഷേത്രത്തിലെ ആനപ്പാപ്പാനായിരുന്ന  നാരായണയും സഹോദരി യമുനയും 2012ൽ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സ്ഥലം വിട്ടു നൽകാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. സ്കൂളിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ച വേദവതി ടീച്ചർ. 2018 ൽ വാഹനമിടിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളിയായ കെ എ ജോയി.

സ്വന്തമായിരുന്ന 20 സെന്റ് ഭൂമി വിട്ടുനൽകാത്തതാണ് ജോയി ഈ ഭൂമിയിൽ ഇല്ലാതാവാൻ കാരണമെന്ന പരാതിയുമായി നിയമ പോരാട്ടത്തിലാണ് മകൻ അനീഷിന്റെ നേതൃത്വത്തിൽ കുടുംബം. ഇങ്ങനെ ഇതിനൊപ്പം ഓരോന്നോരോന്നായി കണ്ണി ചേർക്കപ്പെട്ട് തെളിവില്ലാതെ അവസാനിച്ചുപോയ അനേകം  കേസുകൾ… പരാതിപോലും നൽകാനാവാതെ വിസ്മൃതിയിലേക്ക് മറഞ്ഞു പോയവ അതിലേറെ…
                                                                                                      (തുടരും)

Hot this week

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

Topics

ഡെന്മാർക്കിലെ ജനിതകപഠനം ഉയർത്തുന്ന നൈതികപ്രശ്നങ്ങൾ

ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി...

കലയുടെ സൗന്ദര്യാനുഭവങ്ങൾ

കല ഏതുവിഭാഗമായാലും സാഹിത്യമായാലും സംഗീതമായാലും ചിത്രകലയായാലുമൊക്കെ അവയുടെ അന്തർധാരയായി വർത്തിക്കുന്നത്‌ ആശയവിനിമയമാണ്‌....

കെട്ടുകാഴ്ചയായി ചുരുങ്ങുന്ന കൂലി

സ്ഥിരം ശൈലി പടങ്ങളിൽനിന്ന്‌ തമിഴ്‌ സിനിമയ്‌ക്ക്‌ മാറ്റമുണ്ടായത്‌ പുതു തലമുറ സംവിധായകരിലൂടെയാണ്‌....

അതിജീവനത്തിന്റെ വിജയഗാഥ : മഞ്ജുനാഥ് മഞ്ചമ്മയായി മാറിയ കഥ

കർണാടകയിലെ ബെല്ലാരി ജില്ലയിൽ മഞ്ജുനാഥ ഷെട്ടിയായി ജനിച്ച്, പിന്നീട് പതിനാറാം വയസ്സിൽ...

ബദൽ

ഇന്ത്യയിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവൺമെന്റ് നവ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നു...

തൊഴിൽ ഉറപ്പിക്കാൻ ആലപ്പുഴ വഴി

2024 ഒക്ടോബറിൽ ഡോ. ടി എം തോമസ് ഐസക് വിളിച്ചു ചേർത്ത...

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ട്രിവാൺഡ്രം (സിഇടി) ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ മാതൃക

എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശനം ലഭിക്കാനായി പരിഗണിക്കുന്ന ഒന്നാമത്തെ സംസ്ഥാനതല...

ദിൻകർ മേത്ത

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ കാര്യമായ വേരോട്ടമുണ്ടാക്കാൻ സാധിച്ച സംസ്ഥാനമല്ല ഗുജറാത്ത്‌. എങ്കിലും ഗുജറാത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img