ക്യൂബക്ക് യോഗിയോട് ചിലത് പറയാനുണ്ട്!

ബിന്നറ്റ് സി ജെ

യോഗി സർക്കാരിന്റെ കാലത്ത് ഉത്തർപ്രദേശിലെ ആരോഗ്യരംഗം ഏറെ വളർന്നുവെന്ന് അവകാശവാദം മുഴക്കുമ്പോഴാണ് യുപി യിലെ ഗോണ്ട സർക്കാർ മെഡിക്കൽ കോളേജിലെ അമ്പരിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഓർത്തോപീഡിക്‌ വാർഡിലെ കട്ടിലുകളിൽ രോഗികൾക്കൊപ്പം എലികൾ, ഓക്സിജൻ പൈപ്പ് ലൈനിലും, സമീപം വെച്ചിരിക്കുന്ന പാത്രങ്ങളിലുമൊക്കെ എലികൾ സ്വൈര്യവിഹാരം നടത്തുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു. ആശുപത്രി അധികൃതരോട് കേണപേക്ഷിച്ചിട്ടും ഒരു നടപടിയുമുണ്ടാകാതെ വന്നപ്പോൾ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ രംഗം പകർത്തി സാമൂഹ്യമാധ്യമത്തിലിടുകയായിരുന്നു. ഉത്തർപ്രദേശ്‌ മോഡലിനെ വാനോളം പുകഴ്ത്തുന്നവർക്ക് കനത്ത ആഘാതമാണ് ഇത് സമ്മാനിച്ചിരിക്കുന്നത്. ആരോഗ്യം സമ്പത്തുള്ളവന് മാത്രം റിസർവ്വ് ചെയ്യപ്പെട്ടതാണെന്നും, അത് ഒരു വിലകൂടിയ വിൽപ്പനച്ചരക്കാണെന്നും ഉത്തർപ്രദേശ് ഭരണകൂടം ഭംഗ്യന്തരേണ സൂചിപ്പിക്കുകയായിരുന്നു.

ക്യൂബൻ ആരോഗ്യരംഗം
ആരോഗ്യം ഒരു വിൽപ്പനച്ചരക്കല്ലെന്നും അത് മൗലികാവകാശങ്ങളുടെ പട്ടികയിലാണ് വരികയെന്നും തിരിച്ചറിവുള്ള രാഷ്ട്രത്തിൽ നേരത്തെ സൂചിപ്പിച്ച രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകില്ല. ആഗോളതലത്തിൽ തന്നെ ആരോഗ്യരംഗം ബഹുരാഷ്ട്ര കുത്തകകളുടെ ധൃതരാഷ്ടഗാലിംഗനത്തിൽ അമരുമ്പോൾ, തങ്ങളുടെ പൗരരെ ഈ നൃശംസതയ്‌ക്ക് വിട്ടുകൊടുക്കാതെ നെഞ്ചോടു ചേർത്ത് പിടിക്കുന്ന ഒരു രാഷ്ട്രമുണ്ട്… അതാണ് ക്യൂബ. ക്യൂബൻ വിപ്ലവം വിജയപ്രദമായപ്പോൾ അവരുടെ വികസനപരിപ്രേക്ഷ്യം രൂപപ്പെടുത്തിയതിൽ സുപ്രധാനമായി കണ്ടത് സുശക്തമായ ആരോഗ്യ സംവിധാനമായിരുന്നു. പ്രകൃതിവിഭവങ്ങളുടെ കാര്യത്തിൽ തീരെ അപര്യാപ്തമായ സാഹചര്യത്തിലും, അമേരിക്കയുടെ ഉപരോധം ഡമോക്ലീസിന്റെ വാൾ കണക്കെ ശിരസ്സിനു മുകളിൽ തൂങ്ങി കിടക്കുമ്പോഴുമാണ് തങ്ങളുടെ ജനതയെ നെഞ്ചോടു ചേർത്തു പിടിക്കുന്ന, ലോകത്തിനു തന്നെ മാതൃകയായ ഒരു പൊതുജനാരോഗ്യരംഗം രൂപപ്പെടുത്താൻ ക്യൂബ തയ്യാറായത്. ഒരു ഡോക്ടറെ കാണുന്നതുമുതൽ സങ്കീർണമായ ശസ്ത്രക്രിയ വരെയുള്ള മുഴുവൻ ചെലവുകളും രോഗികൾക്ക് സൗജന്യമായി നൽകുന്ന രാജ്യമാണത്. രോഗപ്രതിരോധത്തിന് ഊന്നൽ നൽകുന്ന ഈ സംവിധാനത്തിൽ മാതൃ‐ശിശുസംരക്ഷണം പ്രതിരോധ കുത്തിവെയ്പുകൾ ആരോഗ്യകരവും ശുചിത്വ പൂർണവുമായ ജീവിതരീതിക്കുള്ള നിർദ്ദേശങ്ങൾ, പൊതുജനങ്ങൾക്കുള്ള ആരോഗ്യപരിശീലനങ്ങൾ എന്നിവ അനിവാര്യഘടകങ്ങളാണ്. പൗരാവലിക്ക് മുഴുവൻ കുടുംബഡോക്ടറുടെയും നേഴ്സിന്റെയും സേവനം സൗജന്യമായി ലഭ്യമാക്കുന്ന മറ്റൊരു രാജ്യമുണ്ടോയെന്ന് സംശയമാണ്. പ്രസവപൂർവ്വ പരിചരണത്തിന്റെ കാര്യമായാലും, വാർദ്ധക്യകാല രോഗികളുടെ ശുശ്രൂഷ സംബന്ധിച്ച വിഷയമായാലും മാതൃകാപരമായ സേവനമാണ് ക്യൂബൻ ആരോഗ്യസംവിധാനം ദൈനംദിനം നൽകിവരുന്നത്. കിടപ്പുരോഗികളെ കൃത്യമായി സന്ദർശിക്കാനും, പരിചരിക്കാനുമുള്ള സന്നദ്ധത ഈ സംവിധാനത്തിന്റെ സവിശേഷതയാണ്. അതിനാൽ തന്നെ അടിയന്തരമായി ആശുപത്രികളിലേക്ക് ചികിത്സാർത്ഥം എത്തുന്ന രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ കഴിയുന്നുണ്ട്. പകർച്ചാവ്യാധികളെ പ്രതിരോധിക്കുന്ന മേഖലയിലും ക്യൂബ നമ്പർവൺ തന്നെയാണ്. ഏതൊരു വികസിത രാഷ്ട്രത്തിലെയും സമ്പന്നരായ പൗരർക്ക്‌ ലഭിക്കുന്ന ചികിത്സയേക്കാൾ ഒരു പടി മേന്മയേറിയ ചികിത്സ പ്രദാനം ചെയ്യാൻ ക്യൂബയിലെ ആരോഗ്യരംഗത്തിന് കഴിയുന്നുണ്ട്. ലോകബാങ്കിന്റെ 1960 മുതൽ 2020 വരെയുള്ള ഡാറ്റ അനുസരിച്ച് പ്രതീക്ഷിത ആയുർദൈർഘ്യം, ശിശു മരണനിരക്ക് എന്നീ മാനദണ്ഡങ്ങൾ പരിശോധിച്ചാൽ ക്യൂബ അമേരിക്കയെ പിന്നിലാക്കിയിട്ടുണ്ടെന്ന് കാണാൻ കഴിയും. കോവിഡ് മഹാമാരിയെ ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാനും ക്യൂബയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നത് നിസ്തർക്കമായ സംഗതിയാണ്. കോവിഡ്‌ മഹാമാരിക്കെതിരെ അവർ വികസിപ്പിച്ചെടുത്ത വാക്‌സിൻ ഏറ്റവും ഫലപ്രദമായിരുന്നു.

ക്യൂബയെ ആശ്രയിക്കുന്ന ആഗോള ആരോഗ്യരംഗം
ക്യൂബ സ്വന്തമായി ശാസ്ത്രീയഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത നൂറുകണക്കിന് മരുന്നുകൾ അറുപതോളം രാഷ്ട്രങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. കോവിഡ് കാലത്ത് ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളാണ് ക്യൂബൻ വാക്സിനുകളുടെ ഉപഭോക്താക്കളായത്. ക്യാൻസറിനെയും, ഹെപ്പറ്റൈറ്റിസ് ബി എന്നീ രോഗങ്ങളെയും പ്രതിരോധിക്കുന്ന ക്യൂബയുടെ ഔഷധം അമ്പതിലേറെ രാഷ്ട്രങ്ങളാണ് വാങ്ങിയത്. കോവിഡ് പിടിമുറുക്കിയപ്പോൾ, അതിനെ നേരിടാൻ 59 രാഷ്ട്രങ്ങളിലായി 28,000 ക്യൂബൻ ഡോക്ടർമാരാണ് എന്തിനും സന്നദ്ധരായി ഉണ്ടായിരുന്നത്. ഇതിനു പുറമെയാണ് 2600 ഡോക്ടർമാർ വരുന്ന സംഘത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 40 രാഷ്ട്രങ്ങളിലേക്ക് ക്യൂബ അയച്ചത്. തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി മറ്റു രാഷ്ട്രങ്ങളെ ഭസ്മീകരിക്കാൻ തയ്യാറായി നിൽക്കുന്ന അമേരിക്കൻ ഭീകരതയെ പ്രതിരോധിക്കേണ്ടത് മനുഷ്യജീവന് സംരക്ഷണമേകുന്ന കാവൽ മാലാഖകളുടെ രൂപത്തിലാണെന്ന് ക്യൂബ തങ്ങളുടെ ആതുര ശുശ്രൂഷരംഗത്തെ പ്രവർത്തനങ്ങൾ കൊണ്ട് അടിവരയിടുകയാണ്. ആഗോളതലത്തിൽ 76 രാഷ്ട്രങ്ങളിലായി 50,000 ത്തിലേറെ ആരോഗ്യപ്രവർത്തകരെ സംഭാവന ചെയ്യുന്ന രാഷ്‌ട്രമാണ്‌ ക്യൂബ. അമേരിക്കയുടെ എല്ലാവിധത്തിലുള്ള ഉപരോധങ്ങളെയും മറികടന്നാണ് ഇത്തരം പ്രവർത്തനങ്ങളിൽ ക്യൂബ ഏർപ്പെടുന്നതെന്ന് നാം തിരിച്ചറിയണം. ആരോഗ്യരംഗമെന്നത് സമ്പന്നർക്ക് മാത്രം വിപണിയിൽ നിന്ന് പണം കൊടുത്തുവാങ്ങാവുന്ന കച്ചവടച്ചരക്കല്ലെന്നും, അത് മാനവരാശിക്ക് മുഴുവൻ അവകാശപ്പെട്ടതാണെന്നും ക്യൂബ ആവർത്തിച്ചുറപ്പിക്കുകയാണ്. ഉത്തർപ്രദേശിനെ നെഞ്ചേറ്റുന്ന നമ്മുടെ കേന്ദ്രഭരണീയർക്ക് ക്യൂബയെ മാതൃകയാക്കാൻ കഴിയുന്ന ഒരു കാലം വരുമോ? l

 

Hot this week

വർഗസമരവും മാധ്യമങ്ങളും‐ 19

മോദിയും മാധ്യമങ്ങളും കോടതി വിചാരണകൾ പോലെയാണ് ഇപ്പോൾ മാധ്യമവിചാരണകളും നടക്കുന്നത്. പലപ്പോഴും...

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

Topics

വർഗസമരവും മാധ്യമങ്ങളും‐ 19

മോദിയും മാധ്യമങ്ങളും കോടതി വിചാരണകൾ പോലെയാണ് ഇപ്പോൾ മാധ്യമവിചാരണകളും നടക്കുന്നത്. പലപ്പോഴും...

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

പി എ സെയ്തു മുഹമ്മദ് എന്ന ചരിത്രാന്വേഷി

കേരള മുസ്ലിം ഡയറക്ടറി ആദ്യമായി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയത് പി എ സെയ്തു മുഹമ്മദ്...

യക്ഷഗാനം

ദക്ഷിണ കന്നഡ യുടെയും കാസർകോടിന്റെയും ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് യക്ഷഗാനം. പതിനഞ്ചാം...
spot_img

Related Articles

Popular Categories

spot_imgspot_img