കല ഫാസിസത്തെ വിചാരണ ചെയ്യും

സജു കോച്ചേരി

ലാതിവര്‍ത്തിയാണ് കല. മനുഷ്യന്‍ കണ്ടെത്തിയ കലാരൂപങ്ങളില്‍ ഏറ്റവും ജനപ്രിയവും സ്വാധീനശേഷിയുള്ളതുമായ കലാരൂപമാണ് സിനിമ. ഇരുപതാം നൂറ്റാണ്ടിന്‍റെ കല എന്നാണ് ലെനിന്‍ സിനിമയെ വിശേഷിപ്പിച്ചത്. ​സിനിമ കേവലം വിനോദമല്ല. മറിച്ച് ശക്തമായ രാഷ്ട്രീയ ബോധ്യങ്ങളുടെ ആവിഷ്കാരവുമാണ്. കലയെയും സർഗാത്മകതയെയും ഭരണകൂടം നിശ്ചയിക്കുന്ന ചട്ടക്കൂടിനുള്ളിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നത് എല്ലാ കാലത്തും ഫാസിസ്റ്റുകള്‍ പരീക്ഷിച്ച് പരാജയപ്പെട്ട തന്ത്രമാണ്. ഇനിയും അത് അങ്ങനെതന്നെയായിരിക്കും.

കേരളത്തിന്‍റെ രാജ്യാന്തര ചലച്ചിത്രമേള ലോകത്തിലെ തന്നെ മികച്ച മേളകളിലൊന്നാണ്. പിന്നിട്ട മുപ്പത് വര്‍ഷങ്ങള്‍ കൊണ്ട് ഐ.എഫ്.എഫ്.കെ നിര്‍മ്മിച്ച സിനിമാവബോധം കേരളത്തിന്‍റെ പൊതുസമൂഹത്തെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഫിലിം സൈസൈറ്റി പ്രസ്ഥാനവും സ്കൂള്‍, കോളേജ് ഫിലിം ക്ലബ്ബുകളും, മലയാളം സബ് ടൈറ്റിലുകളും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമാവബോധം ലോകസിനിമയെ സ്വന്തം സിനിമയാക്കി പരിവര്‍ത്തിപ്പിച്ചിട്ടുണ്ട്. ലോകസിനിമയുടെ വൈവിധ്യങ്ങളെ നെഞ്ചേറ്റുന്ന മലയാളിക്ക് ഡിസംബർ മാസമെന്നാൽ ഒരു ഉത്സവകാലമാണ്. മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള (IFFK) ഇത്തവണ വാർത്തകളിൽ നിറയുന്നത് സിനിമകളുടെ മികവിനേക്കാൾ ഉപരി കേന്ദ്ര സർക്കാരിന്‍റെ സെൻസർ നടപടികൾ സൃഷ്ടിച്ച വിവാദങ്ങളിലൂടെയാണ്.

രാജ്യാന്തര ചലച്ചിത്ര മേളകൾക്ക് സാധാരണയായി സെൻസർ സർട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം ‘സെൻസർ എക്സംപ്ഷൻ’ (Censor Exemption) എന്ന അനുമതി മാത്രമാണ് വേണ്ടത്. മുൻകാലങ്ങളിൽ ഇത്തരം അനുമതികൾ ഒരു സാങ്കേതിക നടപടി മാത്രമായിരുന്നെങ്കിൽ, ഇന്ന് അതൊരു രാഷ്ട്രീയ ആയുധമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ലോകപ്രശസ്ത ചലച്ചിത്രകാരൻ സെർജി ഐസൻസ്റ്റീന്റെ 100 വർഷം പഴക്കമുള്ള ‘ബാറ്റിൽഷിപ്പ് പോട്ടംകിൻ’ (Battleship Potemkin) എന്ന ക്ലാസിക് സിനിമയ്ക്ക് പോലും അനുമതി നിഷേധിക്കപ്പെട്ടു എന്നത് ആശ്ചര്യകരവും പ്രതിഷേധാർഹവുമാണ്. ​​സിനിമയിലെ ‘മോണ്ടേജ്’ (Montage) എന്ന സങ്കേതം ഉപയോഗിച്ച് ദൃശ്യങ്ങളെ കൂട്ടിയിണക്കി പ്രേക്ഷകരിൽ വികാരം ജനിപ്പിക്കാൻ കഴിയുമെന്ന് ഐസൻസ്റ്റീൻ ഈ ചിത്രത്തിലൂടെ തെളിയിച്ചു.

സിനിമ വെറും വിനോദമല്ലെന്നും മറിച്ച് വിപ്ലവത്തിന്റെ തീപ്പൊരിയാണെന്നും ലോകത്തിന് കാണിച്ചുകൊടുത്ത ചലച്ചിത്രമാണ്’ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’. ജർമ്മനിയില്‍ നാസി കാലഘട്ടത്തിൽ ഹിറ്റ്‌ലറുടെ ഭരണകൂടം ഈ സിനിമ നിരോധിച്ചു. ജർമ്മൻ സൈനികർക്കിടയിൽ കലാപമുണ്ടാക്കാൻ ഈ ചിത്രം കാരണമാകുമെന്ന് അവർ ഭയപ്പെട്ടു. ​ബ്രിട്ടനില്‍ ക്രൂരമായ സൈനിക നടപടികൾ കാണിക്കുന്നത് ക്രമസമാധാന നിലയെ ബാധിക്കുമെന്ന് പറഞ്ഞ് വർഷങ്ങളോളം ബ്രിട്ടൻ ഈ സിനിമ പ്രദർശിപ്പിക്കാൻ അനുവദിച്ചില്ല. ​ഫ്രാൻസില്‍ കലാപങ്ങൾക്ക് പ്രേരിപ്പിക്കുന്നു എന്ന പേരിൽ അവിടെയും നിരോധനം നേരിട്ടു. ലോകസിനിമയിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഈ ചലച്ചിത്രം ഫാസിസ്റ്റ് ഭരണകൂടങ്ങൾ ഇന്നും ഭയക്കുന്നു എന്നതില്‍ ആശ്ചര്യമില്ല.

വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ലിന്‍റെ ദി ഗ്രേറ്റ് ഡിക്ടേറ്ററാണ് അനുമതി നിഷേധിച്ച മറ്റൊരു ചിത്രം. ലോകം കണ്ട ഏറ്റവും ഭീകരനായ ഫാസിസ്റ്റ് ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്ലറേയും ലോകമെമ്പാടുമുള്ള സ്വേച്ചധിപതികളേയും കണക്കറ്റ് പരിഹസിച്ച ഈ സിനിമയെ ഇന്നും ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ ഭയപ്പെടുന്നുണ്ട്. ​പലസ്തീൻ ജനതയുടെ അതിജീവനവും പോരാട്ടവും അടയാളപ്പെടുത്തിയ നാല് സിനിമകളാണ് പ്രദശിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. ‘ഒലിവ് മരത്തിന് താഴെ നിന്ന്’ (From Under the Olive Tree) എന്ന പേരില്‍ ഇത്തവണ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36, ദി സീ, ഓള്‍ ദാറ്റ്സ് ലഫ്റ്റ് ഓഫ് യു, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ എന്നിവ. കൂടാതെ 22 -ാമത് ഐ.എഫ്.എഫ്.കെയില്‍ സുവര്‍ണ ചകോരം കരസ്ഥമാക്കി വാജിബ് എന്ന ചിത്രവും ഈ പട്ടികയില്‍പ്പെടുന്നു. അനുമതി തടയുന്നതിലൂടെ അധിനിവേശ വിരുദ്ധ ശബ്ദങ്ങളെ അടിച്ചമർത്താനാണ് അധികാരികൾ ശ്രമിക്കുന്നത്. മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത ക്ലാഷ് എന്ന ചലച്ചിത്രം 2016 ല്‍ ഐ.എഫ്.എഫ്.കെയില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ്. ആ വര്‍ഷത്തെ സുവര്‍ണ ചകോരം പ്രസ്തുത ചിത്രം നേടി. 2013-ല്‍ ഈജിപ്തില്‍ നടന്ന ആഭ്യന്തരപ്രക്ഷോഭങ്ങളേയും രാഷ്ട്രീയ വിപ്ലവത്തെയും ചര്‍ച്ച ചെയ്യുന്ന ഈ സിനിമ ഒറ്റഷോര്‍ട്ടിലാണ് പൂര്‍ത്തിയാക്കിയത്.

‘ബീഫ്’ (Beef) എന്ന സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയത് പേര് കണ്ട് ഭയന്നാണ് എന്നത് മറ്റൊരു വസ്തുത. ഇത് വെറുമൊരു സാങ്കേതിക പ്രശ്നമല്ല. ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണകൂടം ജനഹിതത്തേയും പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളേയും തെല്ലൊന്നുമല്ല ഭയക്കുന്നത്. വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് സാംസ്‌കാരിക രംഗത്തെ ഓരോ ഇടപെടലും.​കേന്ദ്ര നടപടിക്കെതിരെ ചലച്ചിത്ര അക്കാദമിയും കേരള സർക്കാരും ഡെലിഗേറ്റുകളും ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അനുമതി നിഷേധിച്ച ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുമെന്ന സർക്കാരിന്റെ തീരുമാനം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നൽകുന്ന പിന്തുണയാണ്. മേളയുടെ വേദിയിൽ ഡെലിഗേറ്റുകൾ നടത്തിയ പ്രതിഷേധങ്ങൾ സൂചിപ്പിക്കുന്നത് കേരളം ഇത്തരം സെൻസർഷിപ്പ് നടപടികളെ കൈയും കെട്ടി നോക്കി നിൽക്കില്ല എന്നുതന്നെയാണ്. ചലച്ചിത്ര മേളകൾ സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും ഇടങ്ങളാണ്. അവിടെ കാഴ്ചകളെ തടയാൻ ശ്രമിക്കുന്നത് ഇരുളടഞ്ഞ കാലത്തേക്കുള്ള മടക്കയാത്രയാണ്. സിനിമാ പ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഐക്യത്തോടെയുള്ള പ്രതിഷേധങ്ങൾ ഇത്തരം അടിച്ചമർത്തലുകൾക്കെതിരെയുള്ള താക്കീതാണ്. കല സ്വാതന്ത്ര്യത്തിന്റേതാകണം, സെൻസർ കത്രികയുടേതല്ല.

IFFKയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച കേന്ദ്ര ഐ ബി മന്ത്രാലയത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ടാഗോർ തീയറ്ററിൽ നടന്ന പ്രതിഷേധം

സിനിമ എന്ന മാധ്യമത്തിന്റെ ജനസ്വാധീനത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങൾ എക്കാലത്തും ഭയപ്പെട്ടിട്ടുണ്ട്. ചരിത്രപരമായ നുണകളിലും വംശീയ വിദ്വേഷത്തിലും കെട്ടിപ്പടുത്ത ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്ക് സിനിമ വെളിപ്പെടുത്തുന്ന പച്ചയായ യാഥാർത്ഥ്യങ്ങൾ വലിയ ഭീഷണിയാണ്. നാസി ജർമ്മനിയിൽ ഹിറ്റ്‌ലറും ഗീബൽസും സിനിമയെ പ്രൊപ്പഗണ്ടയ്ക്കായി ഉപയോഗിച്ചപ്പോൾ തന്നെ, വിയോജിപ്പുള്ള കലാരൂപങ്ങളെ ക്രൂരമായി അടിച്ചമർത്തിയിരുന്നു. ഇറ്റാലിയൻ ഫാസിസത്തിനെതിരെയുള്ള പ്രതിരോധമായിട്ടാണ് ‘നിയോ-റിയലിസം’ എന്ന ചലച്ചിത്ര പ്രസ്ഥാനം പോലും രൂപപ്പെട്ടത്. സമകാലിക ലോകത്തും ചരിത്രപരമായ സത്യങ്ങൾ പറയുന്ന സിനിമകളെ സെൻസർഷിപ്പിലൂടെയും ആൾക്കൂട്ട ആക്രമണങ്ങളിലൂടെയും തടയാൻ ശ്രമിക്കുന്നത് ഈ ഭയത്തിന്റെ തുടർച്ചയാണ്. കല സത്യം സംസാരിക്കുന്നു എന്നതുകൊണ്ട് തന്നെ, സ്വേച്ഛാധിപത്യം നിലനിൽക്കുന്നിടത്തോളം കാലം സിനിമ ആ വ്യവസ്ഥിതിക്ക് ഭീഷണിയായി തുടരും.

ഒരേസമയം ജനങ്ങളെ സ്വാധീനിക്കാനുള്ള ആയുധമായും, എന്നാൽ തങ്ങളുടെ അജണ്ടകൾക്ക് വിരുദ്ധമാകുമ്പോൾ ഭയപ്പെടേണ്ട ശത്രുവായുമാണ് ഫാസിസം സിനിമയെ കാണുന്നത്. ഇന്ത്യയില്‍ സംഘപരിവാര്‍ പ്രൊപ്പഗണ്ട സിനിമകള്‍ ചെയ്താണ് ജനങ്ങളില്‍ വര്‍ഗീയ വിദ്വേഷവും വേര്‍തിരിവുകളും സൃഷ്ട്രിക്കാന്‍ ശ്രമിക്കുന്നത്. മറുവശത്ത് സിനിമയെ കൂച്ച് വിലങ്ങിട്ട് നിയന്ത്രിക്കാനും കത്രിക വെച്ച് രാഷ്ട്രീയ വീക്ഷണങ്ങളെ മുറിച്ചു മാറ്റാനുമാണ് ശ്രമിക്കുന്നത്. മറ്റ് സാംസ്ക്കാരിക ഇടപെടലില്‍ നിന്ന് വ്യത്യസ്തമായ ഓട്ടധികം സാമ്പത്തിക മുതല്‍ മുടക്ക് ആവശ്യമുള്ള ഉല്പന്നമാണ് സിനിമ. രാഷ്ട്രീയം പറയുന്ന സിനിമകള്‍ ചെയ്യുന്ന സംവിധായരെയും നിര്‍മ്മാതാക്കളേയും ഭയപ്പെടുത്തി നിലയ്ക്ക് നിര്‍ത്തുക എന്നതും ഇത്തരം നിരോധനങ്ങള്‍ക്കും അനുമതി നിഷേധങ്ങള്‍ക്കും പിന്നിലുണ്ട്.

കലയ്ക്ക് ജനങ്ങളെ തെരുവിലിറക്കാൻ ശേഷിയുണ്ടെന്ന തിരിച്ചറിവാണ് ഇന്നും ഫാസിസ്റ്റ് ശക്തികളെ സിനിമയിൽ നിന്നും അകറ്റി നിർത്താൻ പ്രേരിപ്പിക്കുന്നത്. ഫാസിസ്റ്റ് ഭരണകൂടങ്ങൾ എപ്പോഴും ആദ്യം ഭയപ്പെടുന്നത് സ്വതന്ത്രചിന്തയെയും കലയെയുമാണ്. കാരണം, കല സത്യം വിളിച്ചുപറയുന്നു. ഹിറ്റ്‌ലറുടെ നാസി ജർമ്മനിയിൽ ‘നശിച്ച കല’ (Degenerate Art) എന്ന് വിളിച്ചുകൊണ്ട് ആധുനിക ചിത്രങ്ങളെ അവർ നിരോധിച്ചു. പുസ്തകങ്ങൾ ചുട്ടെരിച്ചു. എന്നാൽ ഇതിലൂടെ കലയെ ഇല്ലാതാക്കാൻ അവർക്കായില്ല. മറിച്ച്, കല കൂടുതൽ കരുത്തോടെ ഫാസിസത്തെ വിചാരണ ചെയ്യാൻ തുടങ്ങി.​ വംശീയത, അമിത ദേശീയത, വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുത എന്നിവയാണ് ഫാസിസത്തിന്റെ മുഖമുദ്രകൾ. എന്നാൽ, ഈ അധികാര ഗർവിനെതിരെ എക്കാലത്തും ഏറ്റവും ശക്തമായി നിലകൊണ്ടിട്ടുള്ളത് കലയാണ്. ആയുധങ്ങളെക്കാൾ മൂർച്ച കലാകാരന്റെ ക്യാമറയ്ക്കും ബ്രഷിനും തൂലികയ്ക്കുമുണ്ടെന്ന് ചരിത്രം നമുക്ക് കാണിച്ചുതരുന്നു. കലയും ഫാഷിസവും തമ്മിലുള്ള പോരാട്ടം ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ്. ഫാഷിസം ഏകപക്ഷീയമായ അധികാരത്തിലും അടിച്ചമർത്തലിലും വിശ്വസിക്കുമ്പോൾ, കല സ്വതന്ത്രമായ ചിന്തയിലും വൈവിധ്യത്തിലും ഊന്നുന്നു.​ കല ഫാസിസത്തെ വിചാരണ ചെയ്യുന്നു.

Hot this week

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും...

കുഞ്ഞുവേടൻ തെയ്യം

കർക്കിടകത്തിന്റെ ദുരിതം അകറ്റുവാനായി കെട്ടിയാടുന്ന തെയ്യമാണ് കുഞ്ഞുവേടൻ തെയ്യം. മഹാഭാരതം കഥയിൽ...

സിസ്സാക്കെ : പ്രതിരോധ സിനിമയുടെ വക്താവ്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (ഐ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

Topics

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും...

കുഞ്ഞുവേടൻ തെയ്യം

കർക്കിടകത്തിന്റെ ദുരിതം അകറ്റുവാനായി കെട്ടിയാടുന്ന തെയ്യമാണ് കുഞ്ഞുവേടൻ തെയ്യം. മഹാഭാരതം കഥയിൽ...

സിസ്സാക്കെ : പ്രതിരോധ സിനിമയുടെ വക്താവ്

മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (ഐ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 11

ലെനിന്റെ വിപ്ലവപദ്ധതിയും ഇസ്‌ക്രയും ‘‘1905ൽ ലെനിന്റെ ആദ്യകാല സഹപ്രവർത്തകനും പിൽക്കാലത്തെ കടുത്ത...

മല്ലു സ്വരാജ്യം

തെലങ്കാന സമരനായികയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവുമായിരുന്നു മല്ലു...

ദിലീപ്  കേസിന്റെ പ്രാധാന്യവും  നൈതികപ്രശ്നങ്ങളും

ദിലീപ് കേസ്‌  എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ  ചരിത്രത്തിൽ പല...

കതിർക്കനമുള്ള പെണ്ണുങ്ങളുടെ ലോകം

കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ്...

ജീവിതവും കുറ്റാന്വേഷവും ഉൾച്ചേരുന്ന കാന്ത

1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ്‌ കാന്തയുടെ പശ്ചാത്തലം. തമിഴ്‌ സിനിമയിലെ താരമായ...
spot_img

Related Articles

Popular Categories

spot_imgspot_img