
വാക്കുകൾക്കതീതമായ രൂപവർണങ്ങളിലൂടെ പ്രമേയവൈവിധ്യവും നവീനമായ സൗന്ദര്യശാസ്‌ത്രചിന്തകളും ആഴത്തിൽ സ്വാധീനിച്ചിരുന്ന കലാകാരന്മാരാൽ സമ്പന്നമാണ് നമ്മുടെ ചിത്രകലാരംഗം. ചിന്തനീയവും ഭാവനാസാന്ദ്രവും അനുഭവതീവ്രവുമായ ചിത്രതലങ്ങളാണ് അവർ സംഭാവന ചെയ്‌തിട്ടുള്ളത്, പ്രകൃതിയെയും മനുഷ്യനെയും ചേർത്തുപിടിക്കുന്ന രചനകൾ. അവിടെ തമസ്‌കരിക്കപ്പെട്ടുപോയതോ വിട്ടുപോയതോ ആയ സംസ്‌കാരത്തിന്റെ, ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളും ദൃശ്യമാകുന്നു. ജനിച്ചുവളർന്ന നാടിന്റെ സാംസ്‌കാരിക ഇടപെടലുകളിലൂടെ/നാടൻ‐അനുഷ്‌ഠാന കലാരൂപങ്ങളിലൂടെ കടന്നുപോകുന്ന കലാകാരർ. എഴുത്തും ജീവിതവും ഓർമയും യാത്രകളും സാഹിത്യവും കലയും ദർശനങ്ങളുമൊക്കെ തന്റെ കലാസൃഷ്ടികളിൽ ഉൾച്ചേർക്കുന്ന കലാകാരർ. ഇങ്ങനെ സമ്പന്നമായ കലാജീവിതവും സാമൂഹിക കാഴ്‌ചപ്പാടുകളും ചിത്രശിൽപകലയിലെ പുതുവഴികളുമെല്ലാം ചേർന്ന സർഗാത്മക സഞ്ചാരമാണ് പ്രമുഖ ചിത്രകാരനായ ജി രാജേന്ദ്രന്റേത്. തന്റെ കലയിലെ നിലപാടുകളേയും ഓർമകളേയും പൊതുസംവേദനതലത്തിലേക്ക് അദ്ദേഹം ആവിഷ്‌കരിക്കുകയാണ്. സാമൂഹ്യാനുഭവമാകുന്ന കലയുടെ രൂപപരിണാമങ്ങളിലേക്കാണ് ഘട്ടംഘട്ടമായി ജി രാജേന്ദ്രന്റെ കല രൂപംപ്രാപിച്ചത്. ചിത്രകല സമൂഹത്തിൽ ആവർത്തിക്കപ്പെടുന്ന ഒരു അനുഷ്‌ഠാന/നാടൻ കലാരൂപനിർമിതിയായി, പുതിയൊരു കാഴ്‌ചാനുഭവമായി ഒരു തലമുറയിൽനിന്നുതന്നെ കൈമാറ്റം ചെയ്യപ്പെടുകയാണെന്ന ബോധ്യത്തിൽ അദ്ദേഹം തന്റെ എൺപതാം വയസ്സിലും വരച്ചുകൊണ്ടിരിക്കുന്നു.
1972 മുതൽ തിരുവനന്തപുരം സ്‌കൂൾ ഓഫ് ആർട്‌സിലും പിന്നീട് കോളേജ് ഓഫ് ഫൈൻ ആർട്‌സിലും അധ്യാപകനായിരുന്ന അദ്ദേഹം ജോലിയിൽ നീണ്ട സർവീസ് ഉപേക്ഷിച്ചുകൊണ്ടാണ് സജീവമായി ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്നത്. കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പ്, അവാർഡുകൾ അടക്കം നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ജി രാജേന്ദ്രന്റെ ചിത്രകലാ പരമ്പരകൾ ശ്രദ്ധേയമാണ്. ഈ ലേഖകന്റെ കലാപഠനകാലത്താണ് അദ്ദേഹം തന്റെ ആദ്യപരമ്പര (അവസ്ഥ) വരച്ചുതുടങ്ങുന്നത്. സമൂഹത്തിലെ പ്രബലവും സവിശേഷവുമായ ചോദനകൾ മാത്രമാണ് ചിത്രകാരന്റെ ഉള്ളിൽ തറയ്‌ക്കേണ്ടതെന്ന വിശ്വാസത്തോടെയാണ് അദ്ദേഹം തന്റെ ചുറ്റുപാടുകളെയും ‘അവസ്ഥ’കളെയും നോക്കിക്കണ്ടത്. ചിത്രകലയുടെ സൗന്ദര്യശാസ്‌ത്രത്തോടൊപ്പം ചേരുന്ന നിത്യജീവിത ബന്ധങ്ങളെ നിർവചിക്കുക കൂടിയായിരുന്നു ചിത്രകാരൻ. കേരളീയ സംസ്‌കാരത്തിലധിഷ്‌ഠിതമായ രൂപവർണന സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള രൂപങ്ങളാണ് അദ്ദേഹത്തിന്റെ ‘അവസ്ഥ’ പരമ്പര. ജീവിതത്തിന്റെ അപൂർവതയിൽനിന്നും ജീവിതത്തിന്റെ ഉൾപ്പിരിവുകളെയും ആത്മസംഘർഷങ്ങളെയും ഉൾക്കാഴ്‌ചയോടെ, പൂർണതയോടെ അവതരിപ്പിച്ചിരിക്കുന്നു. രൂപങ്ങളെക്കാൾ നിറങ്ങൾക്ക് പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രപരമ്പരയാണ് ‘പാറയും പറവകളും’. പാറയുടെ രൂപത്തെ ലഘൂകരിച്ചുകൊണ്ടുള്ള ജാമിതീയ മാതൃകകളും പുതിയ ടെക്‌സ്‌ച്ചർ സ്വഭാവവും ചലനാത്മകമാകുന്നത് പക്ഷികളിലൂടെയാണ്. തന്റെ വർണക്കൂട്ടുകളിലേക്ക് അനുവാചകമനസ്സുകളെ പിടിച്ചടുപ്പിക്കാനും ശ്രേഷ്‌ഠമായ മാനങ്ങളിലൂടെ അവ ദർശിക്കാനുമുള്ള കരുത്ത് ഈ പരന്പര ചിത്രങ്ങൾക്കും കഴിയുന്നുണ്ട്. മങ്ങിയ പകൽവെളിച്ചത്തിൽ സംഘർഷങ്ങളുടെ നിഴൽ വീഴുന്ന മുഖങ്ങളുമായി പകച്ചുനിൽക്കുന്ന ‘കപ്പിൾസ്’ പരമ്പര പുതിയൊരു അർഥതലമാണ് സമ്മാനിക്കുക. ഇരുണ്ട വർണത്തേപ്പുകളുള്ള കാൻവാസിൽ നവീന രൂപാവിഷ്‌കാരത്തിന്റെയും സ്വതന്ത്രരചനയുടെയും സമീപനമാണ് ദർശിക്കുന്നതെങ്കിലും ‘സുഗന്ധി’ പരന്പരയിൽ നിറങ്ങളുടെ പ്രകാശമാനമായ രൂപനിർമിതികളാണ് കാണാനാവുക. സ്‌ത്രീരൂപ സൗന്ദര്യദർശനത്തിന് പുതിയൊരു ചിത്രഭാഷയാണ് ജി രാജേന്ദ്രൻ ആവിഷ്‌കരിക്കുന്നത്. കിളികളും പൂക്കളും ആടുകളുമൊക്കെച്ചേരുന്ന ജീവിതത്തിന്റെ ഭാഗമാകുന്ന ഒബ്‌ജക്ടുകളാൽ സമൃദ്ധമാണ് ഈ പരന്പര ചിത്രങ്ങൾ. മനുഷ്യരും പ്രകൃതിയും ജീവജാലങ്ങളും അന്യോന്യം കഥ പറയുകയാണിവിടെ.
പ്രായാധിക്യത്തിലും അദ്ദേഹം വരച്ചുകൊണ്ടിരിക്കുന്നു. പുതിയകാലത്തെ അടയാളപ്പെടുത്തുന്ന രൂപങ്ങളാൽ സന്പന്നമാണ് അദ്ദേഹത്തിന്റെ പുതിയ രേഖാചിത്രങ്ങൾ. യഥാർഥ കലാകാരൻ എന്ന നിലയ്‌ക്കുള്ള സാമൂഹിക ഉത്തരവാദിത്വം കൂടിയാണ് ജി രാജേന്ദ്രൻ നിർവഹിക്കുന്നത്.
80കളിൽ അദ്ദേഹം ചെയ്‌തിരുന്ന പരന്പര ചിത്രങ്ങൾ വേറിട്ട സ്വഭാവമുള്ളവയായിരുന്നു. അനുഷ്‌ഠാന നാടൻകലാരൂപങ്ങളും സ്‌ത്രീയും (അമ്മ) പ്രകൃതിയും ഇഴചേരുന്ന ചിത്രങ്ങൾ അമൂർത്തമായ ദൃശ്യവിന്യാസമാണ്. ആത്മാവിഷ്‌കാരത്തിന്റെയും സ്വതന്ത്ര രചനയുടെയും യഥാർഥ മുഖമാണ് ആ ചിത്രങ്ങളിൽ കാണാൻ കഴിയുക. സർഗാത്മകതയും ആസ്വാദക ദർശനങ്ങളും തമ്മിൽ ഏകീഭവിച്ചുള്ള ലയം പ്രദാനംചെയ്യുന്നവയാണ് പൊതുവായി അദ്ദേഹത്തിന്റെ ചിത്രങ്ങളൊക്കെ. ആസ്വാദകർ ഇഷ്ടപ്പെടുന്ന വർണപ്രയോഗവും രൂപനിർമിതിയുമാണവയുടെ സവിശേഷത. നാടൻകലാ/സാംസ്‌കാരിക/സാമൂഹിക ബന്ധങ്ങളെയും സന്ദർഭങ്ങളെയും ധൈഷണികതയുടെ തെളിച്ചമുള്ള നിറച്ചാർത്തുകളിലൂടെയാണ് ജി രാജേന്ദ്രൻ സംവദിക്കുന്നത്. സാമാന്യ വായനയ്‌ക്കപ്പുറമുള്ള തലങ്ങളിലേക്ക് ആസ്വാദകരെ തന്റെ ചിത്രങ്ങളിലൂടെ ഇങ്ങനെ കൂട്ടിക്കൊണ്ടുപോകുമ്പോഴാണ് ചിത്രം വീണ്ടും വീണ്ടും വായിക്കപ്പെടുന്നതും അതിന്റെ ഉൾക്കരുത്ത് സാമാന്യജനങ്ങളിലേക്കെത്തുന്നതും. അതിന് സാധ്യമാകുന്നവയാണ് പ്രമുഖ ചിത്രകാരനായ ജി രാജേന്ദ്രന്റെ രചനകൾ, റിലീഫ് ശിൽപങ്ങളടക്കമുള്ള കലാസൃഷ്ടികൾ. ഇന്ത്യക്കകത്തും പുറത്തുമുള്ള ചിത്രശേഖരങ്ങളിലും കേന്ദ്ര‐സംസഥാന സർക്കാർ മന്ദിരങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ വരച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങളുടെ പ്രദർശനത്തെക്കുറിച്ചും അദ്ദേഹം ആലോചിക്കുന്നു. തന്റെ കലയുടെ കരുത്തിനെക്കുറിച്ച് അദ്ദേഹം വാചാലമാവുന്നതിങ്ങനെ: ‘‘എന്റെ ചിത്രങ്ങൾ ലാളിത്യമാർന്ന രൂപവർണപ്രയോഗമാണ് സ്വീകരിക്കുന്നതെങ്കിലും അമൂർത്തമായ ഭാവതലങ്ങളിലേക്ക് പലപ്പോഴും വഴിതുറക്കപ്പെടുകയാണ് ചെയ്യുക. അങ്ങനെ ലഘൂകരിക്കപ്പെടുന്ന രൂപങ്ങൾ ചിത്രതലങ്ങളിലേക്ക് ആവാഹിക്കപ്പെടുന്നു’’. അദ്ദേഹത്തിന്റെ വാക്കുകളുടെ പിൻബലമില്ലാതെതന്നെ നമുക്കത് ബോധ്യപ്പെടും. l









