
(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ മറിയം ധവ്ളെയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം)
?? മുംബൈയിലെ ഒരു മധ്യവർഗകുടുംബത്തിൽ ജനിച്ച
മറിയം ബൂട്ട് വാല എങ്ങനെയാണ് പൂർണസമയ സിപിഐഎം പ്രവർത്തകയായി മാറിയത് ?
♠ ഒരു മലയാളിയാണ് അതിനു കാരണക്കാരൻ എന്ന് പറയാം. ഞാൻ മുംബൈ വിൽസൺ കോളേജിൽ പഠിക്കുമ്പോൾ അവിടെ അദ്ധ്യാപകനായിരുന്ന പ്രൊഫസർ കിഷോർ തെക്കേടത്ത് ആണ് എന്നെ സ്വാധീനിച്ചത്. അദ്ദേഹം ബോംബെ യൂണിവേഴ്സിറ്റി ആൻഡ് ടീച്ചേഴ്‌സ് യൂണിയന്റെ (BUCTU) സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. അദ്ദേഹം പിന്നീട് സിപിഐഎം മഹാരാഷ്ട്ര സംസ്ഥാനസെക്രട്ടെറിയറ്റംഗമായി.

അദ്ദേഹമാണ് എന്നെ പ്രീഡിഗ്രിക്ക് കണക്ക് പഠിപ്പിച്ചത്. പ്രൊഫസർ കിഷോറുമായുള്ള സംഭാഷണങ്ങളും ചർച്ചകളുമാണ് ഞങ്ങളെ എസ എഫ് ഐയിൽ എത്തിച്ചത്. അദ്ദേഹം പാർട്ടി അംഗമായിരുന്നുവെങ്കിലും അതൊന്നും ഞങ്ങളന്നു മനസ്സിലാക്കിയിരുന്നില്ല. 1979 ലാണിത്. അന്ന് കോളേജിൽ എസ എഫ് ഐക്ക് യൂണിറ്റ് ഉണ്ടായിരുന്നില്ല. ഞങ്ങൾ ആണ് തുടങ്ങിയത്. വിദ്യാർഥിസംഘടന പ്രവർത്തനത്തിലൂടെ പാർട്ടിയിലേക്ക് എത്തുകയായിരുന്നു.
?? അച്ഛനമ്മമാരും കുടുംബത്തിലെ മറ്റുള്ളവരും
വിദ്യാർഥിസംഘടനാപ്രവർത്തനങ്ങൾ അംഗീകരിച്ചിരുന്നോ ? കുടുംബാന്തരീക്ഷം എങ്ങനെയുള്ളതായിരുന്നു ?
♠ഞങ്ങളുടെ കുടുംബം ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയോട് അനുഭാവം പുലർത്തിയിരുന്നവരല്ല.
എന്റെ അച്ഛൻ ലുക്മാൻജി ബൂട്ട് വാല അഭിഭാഷകനായിരുന്നു. അമ്മ ദായം ബൂട്ട് വാല കുടുംബിനിയും ഞങ്ങൾ നാലു മക്കൾ ആണ് . മൂന്ന് പെൺകുട്ടികളും ഒരു സഹോദരനും- രുക്‌സാന ,ശബ്നം, കരിം . ഞങ്ങളെ സ്വാതന്ത്രചിന്താഗതിക്കാരായാണ് ഞങ്ങളുടെ രക്ഷിതാക്കൾ വളർത്തിയത്. കൂടാതെ പാവപ്പെട്ടവരോട് അനുഭാവം പുലർത്തുന്ന കുടുംബമായിരുന്നു . മതവിശ്വാസികൾ ആണെങ്കിലും അന്ധമായ വിശ്വാസവും ആചാരങ്ങളും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും വയറ്റിൽ ഒരു ഭാഗം ഒഴിഞ്ഞു കിടക്കണമെന്ന് അമ്മ പറഞ്ഞിരുന്നു. ഭക്ഷണം ഇല്ലാത്തവരെ ഓർക്കാൻ അത് വേണമെന്നാണ് അമ്മ പറയുന്നത്.
ഞങ്ങളെ ധാരാളം വായിക്കാനും അച്ഛൻ പ്രേരിപ്പിച്ചിരുന്നു. കളിപ്പാട്ടങ്ങൾക്ക് പകരം പുസ്തകങ്ങൾ ആണ് അദ്ദേഹം ഞങ്ങൾക്ക് വാങ്ങിത്തരുന്നത്. വളരെ വ്യത്യസ്തമായാണ് ഞങ്ങളെ വളർത്തിയത്. അച്ഛൻ സൗജന്യമായി പാവപ്പെട്ടവരുടെ കേസുകൾ വാദിച്ചിരുന്നു. ഞങ്ങൾക്ക് യാതൊരു ആഡംബരവും ഉണ്ടായിരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബം ആയിരുന്നില്ലെങ്കിലും മിനിമം ആവശ്യങ്ങളുമായി ജീവിക്കാൻ മാതാപിതാക്കൾ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു.
?? രാഷ്ട്രീയ പ്രവർത്തനത്തെ അവർ അംഗീകരിച്ചിരുന്നോ ?
♠ ആദ്യഘട്ടത്തിൽ അവർക്കൊന്നും മനസ്സിലായില്ല. ഇപ്പോൾ സുപ്രീം കോടതിയിലെ അഭിഭാഷകയായ എന്റെ സഹോദരി രുക്‌സാനയും ഞാനുമാണ് എസ് എഫ് ഐയിൽ പ്രവർത്തിച്ചിരുന്നത്. നിരന്തരം സമരവും പ്രശ്നങ്ങളുമായിരുന്നു അന്ന് .
ഒരിക്കൽ ഒരു സമരത്തിൽ പങ്കെടുത്ത ചിത്രം പത്രത്തിൽ വന്നു. അന്ന് അച്ഛൻ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു ,”നിന്റെ പെണ്മക്കൾ എന്തൊക്കെയാണീ ചെയ്യുന്നതെന്ന് ” . പക്ഷേ പിന്നീട് അവർ ഞങ്ങൾക്കൊപ്പം നിന്നു .
?? അന്നത്തെ സംഘടനാപ്രവർത്തനം എങ്ങനെയായിരുന്നു ?
♠ അന്ന് എൻ എസ് യു ഞങ്ങളുടെ കോളേജിൽ ഉണ്ടായിരുന്നില്ല. ക്യാമ്പസ്സിൽ സജീവമായിരുന്നത് ശിവസേനയുടെ വിദ്യാർത്ഥി വിഭാഗമായ ഭാരതീയ വിദ്യാർത്ഥി സേനയായിരുന്നു. അതൊരു ഗുണ്ടാസേനയായിരുന്നു. വലിയതോതിലുള്ള ഭീഷണിയും അതിക്രമങ്ങളുമാണവർ നടത്തിയിരുന്നത്. തെരഞ്ഞെടുപ്പിന്റെ സമയങ്ങളിൽ കത്തിയുമായാണു വിദ്യാർഥികൾ വരുന്നത് . ഒരിക്കൽ വിദ്യാർത്ഥി സേനയുടെ ദക്ഷിണമേഖലാ സെക്രട്ടറിക്കെതിരെയാണ് ഞാൻ മത്സരിച്ചത്. അന്നവർ കത്തിയുമായി വന്ന് പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു പെൺകുട്ടി ,പ്രത്യേകിച്ചും മുസ്ലിം പെൺകുട്ടി അവർക്കെതിരെ മത്സരിക്കുന്നുവെന്നത് അവർക്ക് സഹിക്കാനാവുമായിരുന്നില്ല. വലിയ സംഘര്ഷത്തിനിതിടയാക്കി. ഒടുവിൽ അവരെ കോളേജിൽ നിന്നും പുറത്താക്കി. എസ എഫ് ഐ പാനൽ വിജയിക്കുകയും ചെയ്തു. പ്രൊഫസർ തെക്കേടത്ത് ഉൾപ്പടെയുള്ള അധ്യാപക സംഘടന അന്ന് ശക്തമായിരുന്നു. അവരുടെ പിന്തുണ ഞങ്ങൾക്ക് ലഭിച്ചു. പാർട്ടിക്കാർ അല്ലാത്ത അധ്യാപകർക്കും സേനയുടെ ഗുണ്ടായിസത്തിൽ കടുത്ത അതൃപ്തി ഉണ്ടായിരുന്നു. അന്ന് ഞങ്ങൾക്ക് കോളേജിൽ നിന്നും നല്ല പരിശീലനമാണ് ലഭിച്ചത്. നിരന്തരം സമരമായിരുന്നു. പോലീസിന്റെ മർദനവും പീഡനവും പതിവായിരുന്നു. ഒരുപാട് കേസുകൾ ഞങ്ങൾക്കെതിരെ ഉണ്ടായി.
?? ഇന്ത്യയിൽ തന്നെ ആദ്യത്തെ വനിതാ എസ് എഫ് ഐ സംസ്ഥാനസെക്രട്ടറി ആയിരുന്നല്ലോ അല്ലെ ?
♠ അതെ. കോളേജ് യൂണിറ്റ് സെക്രട്ടറിയായിരുന്നു , പിന്നെ കോളേജിന് പുറത്തേക്ക് പ്രവർത്തനം ആരംഭിച്ചു. 1988 ൽ മഹാരാഷ്ട്രസംസ്ഥാനസെക്രട്ടറിയാ യി .അന്ന് കേരളത്തിൽ പലവട്ടം വരുകയും കേരളത്തിലുടനീളം യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.

?? എന്നാണ് പൂർണസമയ പാർട്ടിപ്രവർത്തകയാകാൻ തീരുമാനിച്ചത് ?
♠ 1979 ൽ ഞാൻ പാർട്ടിയുടെ കാൻഡിഡേറ്റ് അംഗമായിരുന്നു. പിന്നീട് എസ് എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയാകുന്നതിനു മുൻപ് ഞങ്ങളുടെ ചുമതലക്കാരനായ സഖാവ് പി ബി രംഗനേക്കർ എന്നെ വിളിച്ചിട്ട് പറഞ്ഞു ‘ഞങ്ങൾ സംസ്ഥാന സെക്രട്ടറിയായി നിന്നെ പരിഗണിക്കുകയാണ് , പക്ഷേ പൂര്ണസമയപ്രവർത്തകയാകണം ‘.അപ്പോൾ ഞാൻ ചോദിച്ചു എന്ന് പറഞ്ഞാൽ എന്താണർത്ഥം എന്ന് ? അപ്പോൾ അദ്ദേഹം വളരെ വ്യക്തമായി ചിലകാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. ഇപ്പോൾ നമ്മൾ അങ്ങനെ ചെയ്യാറില്ലെന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു പൂർണസമയ പ്രവർത്തകയുടെ ജീവിതം ഒട്ടും എളുപ്പമല്ല. ഒരുപാട് ജീവിതസൗകര്യങ്ങൾ നഷ്ടമാകും. യാതൊരുവിധ ആർഭാടങ്ങളും സാധ്യമല്ല. സാധാരണയാളുകളെ പോലെ ഒരിക്കലും നിങ്ങൾക്ക് ജീവിക്കാനാവില്ല. കാരണം നിങ്ങൾക്ക് അതിനുള്ള പണം ഉണ്ടാവില്ല. ഞാൻ സമ്മതിച്ചു.അങ്ങനെ ഞാൻ പൂർണസമയം പാർട്ടി പ്രവർത്തനം ആരംഭിച്ചു.
യഥാർത്ഥത്തിൽ ഞാൻ അക്കാലത്ത് ട്യൂഷൻ എടുത്ത് പണം ഉണ്ടാക്കിയിരുന്നു. അച്ഛൻ ഉണ്ടായിരുന്നെങ്കിലും ഞാൻ അപ്പോൾ തന്നെ സ്വന്തമായി വരുമാനം ഉണ്ടാക്കി തുടങ്ങിയിരുന്നു. മാസം 3000 രൂപ ഞാൻ അങ്ങനെ സമ്പാദിച്ചിരുന്നു. പൂർണസമയം പാർട്ടി പ്രവർത്തനമായപ്പോൾ പാർട്ടി അലവൻസ് 250 രൂപയാണ് എനിക്ക് കിട്ടിയത്.
?? മഹിളാരംഗത്തേക്ക് എന്നാണ് എത്തിയത് ?
♠ 1994 ൽ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സ്ഥാനവും 1997 ൽ എസ് എഫ് ഐയുടെ ദേശീയ വൈസ് പ്രസിഡന്റ സ്ഥാനവും ഞാൻ ഒഴിഞ്ഞു. 1994 മുതൽ ജനാധിപത്യ മഹിളാ അസോസിയേഷനിൽ പ്രവർത്തിച്ചു തുടങ്ങി.
?? മഹാരാഷ്ട്രയിലെ ആദ്യകാല പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നു ?
♠ ഞാൻ താനേ ജില്ലയിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് താനെ ജില്ല വിഭജിച്ച് പൽഗർ ജില്ല കൂടി രൂപീകരിക്കപ്പെട്ടു. പാർട്ടി പക്ഷേ ഒരു ജില്ലയായി തന്നെ തുടർന്നു . പൽഗാർ ജില്ല ആദിവാസി മേഖലയാണ്. എന്റെ പ്രവർത്തനം പ്രധാനമായും അവിടെയായിരുന്നു. അന്നവിടെ സംഘടനക്ക് യൂണിറ്റ് ഉണ്ടായിരുന്നില്ല. അഹല്യ രംഗനേക്കർ ,സുശീല ഗോപാലൻ തുടങ്ങിയ നേതാക്കൾ വരുകയും യൂണിറ്റ് തുടങ്ങണമെന്ന തീരുമാനം എടുക്കുകയും ചെയ്തു. എന്നെയാണവർ അതിനായി ചുമതലപ്പെടുത്തിയത്.
ചരിത്രപ്രസിദ്ധമായ വർളി ആദിവാസി സമരം 1945 ൽ നടന്ന പ്രദേശമാണിത് . ഞാൻ സ്ത്രീകളെ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് ഞാൻ പോയിക്കൊണ്ടിരുന്നു. പത്തും പതിനഞ്ചും ദിവസങ്ങൾ തുടർച്ചയായി നടക്കും. കാൽനടയായി മാത്രമേ അവിടെ പോകാനാവൂ. അങ്ങനെ ഞങ്ങൾ ഒരു വൻവനിതാപ്രസ്ഥാനം പടുത്തുയർത്തി . ഏകദേശം 25 വർഷം ഞാൻ അവിടെ തുടർച്ചയായി പ്രവർത്തിച്ചു.
ഇന്ന് 9 താലൂക്കുകളിലായി ഏതാണ്ട് 200 ഓളം ആദിവാസി ഗ്രാമങ്ങളിലെ 30000 സ്ത്രീകൾ മഹിളാ അസോസിയേഷനിൽ അംഗങ്ങളാണ്.
?? എന്തൊക്കെ പ്രശ്നങ്ങളാണ് നിങ്ങൾ ഏറ്റെടുത്തിരുന്നത് ??
♠ എല്ലാ ജീവിതപ്രശ്നങ്ങളും ഞങ്ങൾ ഏറ്റെടുത്തു. രാത്രി വൈകും വരെ മരച്ചുവട്ടിൽ ഇരുന്നു സ്ത്രീകളുമായി സംസാരിക്കും. 1994 -95 കാലത്ത് വൈദ്യുതി ഇല്ലല്ലോ. ചെറിയ മണ്ണെണ്ണ വിളക്ക് കത്തിച്ചു വച്ചാണ് ഞങ്ങൾ യോഗംചേരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വനാവകാശം , സ്ത്രീകളുടെ അവകാശം തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ സംസാരിക്കും. കടുത്ത ദാരിദ്ര്യമാണവർ അനുഭവിക്കുന്നത്. കഠിനാധ്വാനികളാണ് ആദിവാസി സ്ത്രീകൾ.
?? ലൈംഗികാതിക്രമങ്ങൾ അവർ നേരിടുന്നുണ്ടോ ??
♠ ലൈംഗികാതിക്രമം ഇപ്പോൾ വല്ലതെ വർധിച്ചിരിക്കുന്നു. മുന്പതുണ്ടായിരുന്നില്ല. അവരുടെ ഇടയിൽ ബലാത്സംഗമെന്ന കാര്യമേ കേട്ടിട്ടില്ലായിരുന്നു. ഇന്ന് പക്ഷേ ആദിവാസി യുവാക്കൾ പോലും ഡിജിറ്റൽ ലോകത്താണ്. ഉപഭോഗസംസ്കാരത്തിന്റെ പ്രശ്നങ്ങൾ അവരും അനുഭവിക്കുന്നു. വെള്ളം എല്ലാവർക്കും കിട്ടുന്നില്ലെങ്കിലും മൊബൈൽ ഫോൺ എല്ലാവർക്കുമുണ്ട്. അതിന്റെതായ പ്രശ്നങ്ങളുമുണ്ട്.

??നിങ്ങളുടെ വിവാഹത്തെ കുറിച്ചുകൂടി പറയൂ.
♠ ഞങ്ങൾ എസ് എഫ് ഐക്കാലത്ത് പരിചയപ്പെട്ടതാണ്. ഞാൻ സംസ്ഥാന സെക്രട്ടറി ആകുന്നതിനു തൊട്ടു മുൻപ് അശോക്
ധവ്ളെ ആയിരുന്നു സംസ്ഥാന സെക്രട്ടറി. ഞങ്ങൾ 1994 ൽ വിവാഹം കഴിച്ചു. വളരെ ലളിതമായ പരിപാടിയായിരുന്നു. രജിസ്റ്റർ വിവാഹമായിരുന്നു. സഖാക്കളും എന്റെയും അശോകിനെയും കുടുംബാംഗങ്ങളും മാത്രം. എനിക്ക് 3000 രൂപയെ വിവാഹത്തിനാകെ ചിലവായുള്ളൂ. ഞങ്ങൾ രണ്ടുപേരും വിവാഹത്തിന് മുൻപ് തന്നെ മുഴുവൻ സമയ പ്രവർത്തകരായി കഴിഞ്ഞിരുന്നു. അതുകൊണ്ട് മക്കൾ വേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു. കാരണം മക്കൾ ആയാൽ ഒരാൾ എന്തായാലും വരുമാനത്തിനായി ജോലി ചെയ്യേണ്ടി വരും. പാർട്ടി അലവൻസ് മാത്രം വച്ച് മക്കളെ വളർത്താനാവില്ലല്ലോ.
?? മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനാണല്ലോ ഇപ്പോൾ കേരളത്തിലെത്തിയത്. കേരളത്തിൽ പോലും സംഘപരിവാർ പ്രവർത്തനങ്ങൾ ആശങ്ക ഉണ്ടാക്കുന്നുണ്ട് . രാജ്യത്തെ കാവിവത്കരിക്കുന്ന രാഷ്ട്രീയത്തെ കുറിച്ചുള്ള പ്രതികരണം എന്താണ് ? ഇപ്പോൾ കേരളത്തിൽ മാത്രമായി ഇടതുഭരണം ചുരുങ്ങുകയും ചെയ്തിരിക്കുന്നു.
♠ കേരളവും ഇന്ത്യയുടെ ഭാഗമാണല്ലോ. സംഘപരിവാർ സ്വാധീനം ഉണ്ടാകുന്നതിൽ അത്ഭുതമില്ല. രാഷ്ട്രീയത്തിൽ മതം കലർത്തുന്നതാണ് അവരുടെ രീതി. നമ്മുടെ നാട്ടിൽ കൂടുതൽ പേരും മതവിശ്വാസികളാണ്. അതുകൊണ്ടവരുടെ പ്രചാരണത്തിൽ ജനം പെട്ടുപോയെന്നു വരാം . എന്നാൽ കേരളത്തിലെ ശക്തമായ പുരോഗമനപ്രസ്ഥാനങ്ങൾ മൂലം ഇവിടെ ദളിതർ ആൾക്കൂട്ട ആക്രമണത്തിന് വിധേയരാകുന്നില്ല. മുസ്‌ലീങ്ങളുടെ വീടുകൾ തകർക്കപെടുന്നില്ല. ക്രിസ്ത്യാനികൾ ആക്രമിക്കപെടുന്നില്ല. എന്നാൽ രാജ്യത്ത് മറ്റിടങ്ങളിൽ ഇതല്ല സ്ഥിതി. ക്രിസ്തുമസിന് ക്രിസ്ത്യാനികൾ പലയിടങ്ങളിലും ആ ക്രമിക്കപെട്ടില്ലേ?കേരളത്തിലെ ന്യുനപക്ഷങ്ങൾ ഇത് തിരിച്ചറിയണം.
?? പാർട്ടി എങ്ങനെയാണ് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത് ?
♠ നമ്മുടേത് ജനകീയാടിത്തറയുള്ള ഒരു വിപ്ലവപാർട്ടിയാണ്. നമ്മുടെ ശക്തി ജനങ്ങളാണ്. നമ്മൾ അവരിലേക്കിറങ്ങി ചെല്ലണം. അവരോട് സംസാരിക്കണം. ബിജെപി- ആർ എസ് എസ് ഭരണം ഉണ്ടാക്കുന്ന അപകടം അവരെ ബോധ്യപ്പെടുത്തണം. ഇത് സാധ്യമാണ് .കാരണം പാവപ്പെട്ട മനുഷ്യർ തിരിച്ചറിയും,അവർക്കൊപ്പം ആരാണെന്ന്. മഹാരാഷ്ട്രയിൽ ചില തെരഞ്ഞെടുപ്പുകളിൽ ബി ജെ പി പണം കൊടുത്ത് വോട്ട് ചെയ്യിക്കാറുണ്ട്. എന്നാൽ തൊട്ടടുത്ത ദിവസം ഒരു പ്രശ്നം വന്നാൽ അവർ വരുന്നത് ഞങ്ങളുടെ അടുത്തേക്കാണ്. കാരണം ഞങ്ങൾ ആണ് അവർക്കു വേണ്ടി പോരാടുക എന്നവർക്ക് ഉറപ്പുണ്ട്. തെരെഞ്ഞെടുപ്പിൽ ജയവും തോൽവിയും സംഭവിക്കും. ജനത്തെ ഒപ്പം നിർത്തുക എന്നതാണ് പ്രധാനം.
ആദിവാസി മേഖലയിൽ വനവാസി കല്യാൺ യോജനയുടെ പേരിൽ സംഘപരിവാർ അവർക്ക് ചില സഹായങ്ങൾ ഒക്കെ ചെയ്തു കൊടുക്കുന്നുണ്ട്. പക്ഷെ അവരുടെ ദാരിദ്യം മാറുന്നില്ലല്ലോ . അതവർക്ക് ചെയ്യാനാവില്ല. അവിടെയാണ് നമ്മുടെ പ്രസക്തി.
?? സിപിഐ എമ്മിന്റെ സ്ത്രീവീക്ഷണത്തെ രൂപപ്പെടുത്തുന്നതിൽ
പാർട്ടിക്കുള്ളിലെ സ്ത്രീകൾക്ക് എത്രമാത്രം കഴിയുന്നുണ്ട് ?
♠ പാർട്ടിയുടെ നേതൃനിരയിൽ വളരെയധികം സ്ത്രീകൾ ഇന്നുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾ പാർട്ടിയുടെ വ്യത്യസ്ത വേദികളിൽ ഉയർത്തിക്കൊണ്ടുവരാൻ സ്ത്രീനേതാക്കൾക്ക് സാധ്യമാകുന്നുണ്ട്. ഇതിലും വളരെ കൂടുതൽ ചെയ്യേണ്ടതുണ്ട് എന്നത് സത്യമാണ്. പക്ഷേ തീർച്ചയായും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. സിപിഐ എം മറ്റു ബൂർഷ്വ പാർട്ടികളിൽ നിന്നും വ്യത്യസ്തമാകുന്നത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ചെറുക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ച്ച കാണിക്കുന്നില്ല എന്നതിലാണ്. എന്നാൽ മറ്റു പാർട്ടികൾ സ്ത്രീകളെ ചരക്കായി കാണുന്നു. നമ്മുടെ കാഴ്ചപാടിൽ ഒരു വനിത സഖാവ് വ്യക്തിത്വമുള്ള ആദരിക്കപ്പെടേണ്ട തുല്യാവകാശമുള്ള മനുഷ്യനാണ്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള സമിതി ഉള്ള ഏക രാഷ്ട്രീയ പാർട്ടി സി പി ഐ എമ്മാണ് . നമുക്കതിനെ ആവശ്യം ഉള്ളത് കൊണ്ടല്ല. നമ്മൾ സ്ത്രീകൾക്കൊപ്പം ആണെന്ന സന്ദേശം നൽകാനാണ്.
?? സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് പറയുമ്പോൾ മതം,ജാതി,ഭൂമിശാസ്ത്രപരമായ സവിശേഷതകൾ തുടങ്ങിയതെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. എങ്ങനെയാണ് ഇന്ത്യൻസ്ത്രീസമൂഹത്തിന്റെ പ്രശ്നങ്ങളെ നോക്കികാണുന്നത് ?
♠ തീർച്ചയായും ജാതിയും മതവും സ്ത്രീകളോടുള്ള വിവേചനം വർധിപ്പിക്കുന്നു.ഒരു സ്ത്രീ ശാക്തീകരിക്കപ്പെട്ടവ്യക്തി ആകണമെങ്കിൽ സ്ത്രീകളുടെ അടിസ്ഥാനാവകാശങ്ങൾ സംരക്ഷിക്കപ്പെടണം .വിദ്യാഭ്യാസം ആരോഗ്യം,തൊഴിൽ എന്നീ അവകാശങ്ങൾ അവൾക്കു ലഭിക്കണം. മാത്രമല്ല ഭരണാധികാരികൾ സ്ത്രീകൾക്ക് അതിക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിന് സഹായിക്കുന്ന നയങ്ങളും പദ്ധതികളും നിയമങ്ങളും കൊണ്ടുവരണം.ഉദാഹരണത്തിന് ഗാർഹികാതിക്രമം. സ്ത്രീകൾക്ക് പോകാൻ വേറെ ഇടമില്ലാത്ത കൊണ്ടാണവർ വീട്ടിനുള്ളിലെ അതിക്രമങ്ങൾ സഹിച്ചു ജീവിക്കുന്നത്.സ്വത്തവകാശം , പ്രത്യേകിച്ചും വൈവാഹികസ്വത്തവകാശം സംബന്ധിച്ചുമുള്ള നിയമങ്ങൾ സ്ത്രീകൾക്കനുകൂലമാകണം. വൈവാഹിക ബലാത്സംഗത്തെ ബലാത്സംഗത്തിന്റെ നിർവചനത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതിനെതിരെ ഞങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ഇതുവരെ എടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ നിലപാട് സ്ത്രീകൾ നിയമം ദുരുപയോഗം ചെയ്യുമെന്നും അങ്ങനെ കുടുംബങ്ങൾ തകരുമെന്നുമാണ്. ഇതിനെ ആണ് ഞങ്ങൾ ചോദ്യം ചെയ്തിരിക്കുന്നത്. ബിജെപിയുടെ അഭിപ്രായത്തിൽ സ്ത്രീ എന്നത് ഭർത്താവിന്റെ ഉപകരണം മാത്രമാണെന്നാണ്. ഇത് മനുവാദത്തിൽ അധിഷ്ഠിതമായ സനാതനധർമവീക്ഷണമാണ്. സംഘപരിവാറിന് സ്ത്രീ സ്വന്തമായ വ്യക്തിത്വമുള്ള ഒരു മനുഷ്യനല്ല. ആരുടെയെങ്കിലും മകളോ ഭാര്യയോ സഹോദരിയോ മാത്രമാണ്. മഹിളാ അസോസിയേഷൻ നിരന്തരം നിയമമേഖലയിൽ ഇടപെടുന്നുണ്ട്. അഡ്വ കീർത്തി സിംഗിന്റെ മുൻകൈയിൽ പല കോടതികളിലും കേസ് കൊടുക്കുന്നുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ഏകീകൃത സിവിൽ കോഡിനെതിരെ ഞങ്ങൾ കേസ് നൽകിയിട്ടുണ്ട്.
?? മഹിളാ അസോസിയേഷന്റെ ഇത്തരം പ്രവർത്തനങ്ങളോടുള്ള സംഘപരിവാറിന്റെ സമീപനം എങ്ങനെയാണ് ?
♠ അവർ ഉറപ്പായും ഞങ്ങളോട് ശത്രുതയിലാണല്ലോ. ഞങ്ങൾ യോഗങ്ങളും സമരങ്ങളും നടത്തുമ്പോൾ സംഘപരിവാർ സംഘടനകൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവാണ്. ബജ്‌റംഗ്‌ദൾ , വിശ്വഹിന്ദു പരിഷദ് പ്രവർത്തകർ കടന്നുവന്നു യോഗം നിർത്തിവെക്കാനാവശ്യപ്പെടുകയും സ്ത്രീകളെ ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവാണ് . പക്ഷേ നമ്മുടെ സ്ത്രീകൾ പേടിച്ചു പിന്മാറുകയല്ല ചെയ്യുന്നത്, അവരെ സധൈര്യം നേരിടുകയാണ് ചെയ്യാറുള്ളത്.
?? കഴിഞ്ഞ നാലു പതിറ്റാണ്ടായിരാഷ്ട്രീയപ്രവര്തനം നടത്തുകയാണല്ലോ. സ്ത്രീകളിൽ കാണുന്ന മാറ്റം എന്താണ് ??
♠ വലിയ മാറ്റം ഉണ്ട്. പ്രത്യേകിച്ചും പുതിയ തലമുറ സ്ത്രീകൾ. അവർ കൂടുതൽ അവകാശബോധമുള്ളവരാണ്. അവർക്കെന്താണ് വേണ്ടതെന്നവർക്കറിയാം. ജീവിതം മുഴുവൻ യാതന അനുഭവിക്കാനവർ തയാറല്ല. അവസരം ലഭിച്ചാൽ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ അവർ തയാറാകുന്നുണ്ട്.
പക്ഷേ തൊഴിലില്ലായ്മയാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. സ്വന്തമായി വരുമാനം ഇല്ലെങ്കിൽ അവർക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടി വരുമല്ലോ.
?? കേരളത്തിലെ ജനങ്ങളോട് എന്താ പറയാനുള്ളത് ??
♠കേരളത്തിലെ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ ! ഇടതുപക്ഷപ്രസ്ഥാനത്തിനു മാത്രമേ കേരളത്തെ എന്നല്ല, രാജ്യത്തെയും നമ്മുടെ ഭരണഘടനയെയും സംരക്ഷിക്കാൻ കഴിയൂ എന്നവർ മനസ്സിലാക്കണം.
മധ്യപ്രദേശ്,ബീഹാർ,യുപി,മഹാരാ ഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുമ്പോഴേ തങ്ങൾ എത്രമാത്രം ഭാഗ്യമുള്ളവരാണെന്ന് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുകയുള്ളൂ . സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടണമെങ്കിൽ ,ഇന്ത്യ മതേതരവും ജനാധിപത്യപരവുമായി തുടരണമെങ്കിൽ ഒരൊറ്റ വഴിയേയുള്ളൂ, അത് ഇടതുപാതയിലൂടെ മുന്നേറുക എന്നതാണ്.
കേരളം രാജ്യത്തിനാകെ തന്നെ പ്രതീക്ഷ നൽകുന്ന വെളിച്ചമാണ്. ഇവിടെ ബദൽനയങ്ങൾ നടപ്പാക്കുന്നു,ജനപക്ഷമായ സർക്കാരാണിവിടെയുള്ളത്. പാവങ്ങളുടെ അവകാശങ്ങൾ സർക്കാർ കവർന്നെടുക്കുന്നില്ല. കേരളത്തിന്റെ മുഖഛായ മാറ്റിയ സർക്കാരാണിവിടെയുള്ളത്. ഇത്തരത്തിലൊരു സർക്കാരിനോട് യഥാർത്ഥത്തിൽ കേരളജനതക്ക് നന്ദിയുണ്ടാകേണ്ടതാണ്.




