
സാമ്പ്രദായിക രീതിയിൽനിന്ന് മാറി ടാഹിറ്റിയിലെ കറുത്ത മനുഷ്യരെ ചേർത്തുപിടിക്കുകയും അവരുടെ ജീവിതവഴികളോടൊപ്പം സഞ്ചരിച്ചുകൊണ്ട് തന്റെ ചിത്രങ്ങളിൽ പുതിയൊരു ചിത്രലോകം സൃഷ്ടിച്ച് യൂറോപ്പിലെ ജനങ്ങൾക്ക് കാണിച്ചുകൊടുക്കുകയും ചെയ്‌ത ചിത്രകാരനാണ് പോൾ ഗോഗിൻ. വിഖ്യാത നാടകാചാര്യനായ സ്റ്റിൻബർഗ്, പോൾ ഗോഗിന്റെ കലയെ ഇങ്ങനെ വിലയിരുത്തുന്നു: ‘‘ഒരു സസ്യശാസ്‌ത്രജ്ഞന് കണ്ടുപിടിക്കാൻ കഴിയാത്ത വൃക്ഷങ്ങളെയും ഭാവനയിൽപോലും കാണാൻ കഴിയാത്ത മൃഗങ്ങളെയും നിങ്ങൾക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന മനുഷ്യരെയും ചിത്രത്തിൽ ധാരാളമായി ഞാൻ കണ്ടിട്ടുണ്ട്. ഒരു അഗ്നിപർവതത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒരു സമുദ്രം, ഒരു ദേവനും സൃഷ്ടിക്കാൻ സാധിക്കാത്ത ഒരാകാശം. ഞാനും താങ്കളുടെ ചിന്തയിൽ ലയിച്ചുകൊണ്ട് പറയട്ടെ‐ അങ്ങ് ഒരു പുതിയ ഭൂമിയും പുതിയ സ്വർഗവും സൃഷ്ടിച്ചിരിക്കുന്നു. എന്നെപ്പോലെ വെളിച്ചവും നിഴലും ഇഷ്ടപ്പെടുന്ന ഒരാൾക്ക് അത് വളരെയധികം അഭൗമ പ്രകാശമുള്ളതായി തോന്നുന്നു. നിഴലും ഇവിടെ പ്രകാശമാനമാവുന്നു’’. പോൾ ഗോഗിന്റെ രചനകളിലെ വേറിട്ട കാഴ്‌ചാനുഭവവും മൗലികതയുമാണ് ഇങ്ങനെ പറയാൻ സ്റ്റിൻബർഗിനെ പ്രേരിപ്പിച്ചത്. പാശ്ചാത്യകലയിൽ ഒരു പുതിയ കലാപ്രസ്ഥാന (പോസ്റ്റ് ഇംപ്രഷണിസം)ത്തിന് തുടക്കംകുറിക്കുകകൂടിയായിരുന്നു പോൾ ഗോഗിൻ. രൂപങ്ങൾക്ക് അലങ്കാരപ്രധാനമായ പരിഷ്‌കരണങ്ങളോടെ പരന്ന വർണത്തേപ്പുകൾക്ക് പ്രാധാന്യം നൽകി പുതിയൊരു ചിത്രഭാഷയാണ് പോൾ ഗോഗിൻ വരച്ചുകാട്ടിയത്.
ഫോട്ടോഗ്രാഫിക്കപ്പുറം കാഴ്‌ചയിലുള്ള വസ്‌തുക്കളെ/രൂപങ്ങളെ മാറ്റത്തിന് വിധേയമാക്കി, അവയുടെ സ്വഭാവം നഷ്ടപ്പെടുത്താതെ വരച്ചിടുകയാണ് ഇംപ്രഷണിസ്റ്റ് കലാകാരർ ചെയ്‌തുവന്നത്. ക്ലോഡ് മോനെ, കമിലി പിസാറോ, എദ്വാർ മാനെ തുടങ്ങിയ ചിത്രകാരന്മാരായിരുന്നു ഇംപ്രഷണിസ്റ്റ് കലാപ്രസ്ഥാനത്തിന്റെ സ്ഥാപകർ. പ്രകാശവിതാനത്തിന്റെ വ്യത്യാസങ്ങളെ ആധാരമാക്കി രൂപങ്ങളെ പുതുക്കിനിർമിക്കുക കൂടിയായിരുന്നു ഇക്കൂട്ടർ. അൽപംകൂടി മാറി ചിന്തിച്ചുകൊണ്ടാണ് പോൾ ഗോഗിനടക്കമുള്ള (പോൾ സെസാൻ, വിൻസന്റ് വാൻഗോഗ്), ഫ്രഞ്ച് ചിത്രകാരന്മാർ ചിത്രം വരയ്‌ക്കാൻ ശ്രമിച്ചത്. അനുഭവങ്ങൾക്കും കാഴ്‌ചകൾക്കുമപ്പുറം ഭാവനയ്‌ക്ക് പ്രാധാന്യം നൽകി മൗലികമായ രൂപനിർമിതിക്കാണ് പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാർ ശ്രമിച്ചത്. ഫ്രാൻസിലെ ഒരു സാധാരണ കുടുംബത്തിലാണ് 1848 ജൂൺ 7ന് പോൾ ഗോഗിൻ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നാവികസേനയിലും പിന്നീട് ബാങ്കിലും ജോലിനോക്കിയിയെങ്കിലും ചിത്രകലയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ് 1883 മുതൽ ചിത്രകലയിൽ സജീവമാകുകയായിരുന്നു. ഇംപ്രഷണിസ്റ്റ് ചിത്രകാരനായ പിസാറോയുടെ ശിഷ്യനായ പോൾ ഗോഗിൻ ആ ശൈലിയിൽ ഒതുങ്ങിനിൽക്കാൻ ആഗ്രഹിച്ചില്ല. ഡ്രോയിംഗിന്റെ സാധ്യതകൾ കൂടുതലറിഞ്ഞുകൊണ്ട് രേഖകളെയും രൂപങ്ങളെയും ലഘൂകരിക്കുവാനും അതിലേക്ക് ആലങ്കാരിക വർണമേളനത്തോടെ അർഥഗർഭമായ രൂപനിർമിതി നടത്തുവാനും എണ്ണച്ചായത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോ വികാരാനുഭത്തെയും അർഥതലങ്ങളെയും പ്രദർശിപ്പിക്കാനുള്ള നിറങ്ങളുടെ ധാരാളിത്തത്തെ ക്രമീകരിച്ച് തന്റെ ചിത്രങ്ങളിൽ അദ്ദേഹം ആവിഷ്‌കരിച്ചു. കടുംചുവപ്പിന്റെയും കറുപ്പുചേർന്ന നീലയുടെയും ഇരുണ്ട മഞ്ഞയുടെയും തെളിഞ്ഞ പച്ചയുടെയും നിറക്കൂട്ടുകൾ ചേർന്ന പുതുനിറങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാം. ജാപ്പനീസ് കലാശൈലിയുടെ ചില സ്വാധീനം പോൾ ഗോഗിന്റെ ആദ്യകാല രചനകളിൽ ദൃശ്യമായിട്ടുണ്ടെന്ന് കലാനിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
പോൾ ഗോഗിന്റെ ചിത്രങ്ങൾ, രൂപങ്ങൾകൊണ്ടും വർണങ്ങൾകൊണ്ടുമാണ് ശ്രദ്ധേയവും സവിശേഷവുമാകുന്നത്. നിറങ്ങൾ തമ്മിലുള്ള ഇഴചേരലും പുതിയ വർണങ്ങൾ സൃഷ്ടിക്കുന്നതിലെ പ്രത്യേകതയും വർണങ്ങളിലൂടെയുള്ള രൂപനിർമിതിയും ശ്രദ്ധേയം. പ്രകൃതിയിൽ ഋജുരേഖകളില്ലെന്ന് വാദിക്കുന്ന ഇംപ്രഷണിസ്റ്റ് കലാകാരന്മാരിൽനിന്ന് വിഭിന്നമായ രചനാസങ്കേതങ്ങൾ സ്വീകരിച്ചുകൊണ്ട് വരയ്‌ക്കുന്ന രൂപങ്ങൾക്ക് ചുറ്റും രേഖകൾ ഉണ്ടാവുക എന്ന ശൈലിയും പോസ്റ്റ് ഇംപ്രഷണിസ്റ്റ് ചിത്രകാരന്മാർ സ്വീകരിച്ചിരുന്നു.
ടാഹിറ്റിക്കാരുടെ ചിത്രങ്ങൾ
ടാഹിറ്റിയിലെ മനുഷ്യരെ ധാരാളമായി തന്റെ ചിത്രങ്ങളിൽ വരച്ചിട്ടിട്ടുണ്ട് പോൾ ഗോഗിൻ. കൂടുതലും സ്‌ത്രീരൂപങ്ങളാണ്. നദിക്കരയിലെ സ്‌ത്രീകൾ പ്രശസ്‌തമാണ്. രണ്ടു സ്‌ത്രീകളുള്ള ചിത്രത്തിൽ കൈകൊണ്ട് തലമുടി വിടർത്തി തിരിഞ്ഞുനിൽക്കുന്ന ഒരു സ്‌ത്രീരൂപം നഗ്നയാണ്. അടുത്തായി മറ്റൊരു സ്‌ത്രീ നദിയിലേക്ക് നോക്കിയിരിക്കുന്നു. കറുപ്പും നീലയും ചേർന്ന നിറത്തിലുള്ള നദി പരന്നൊഴുകുകയാണ്. പ്രകാശത്തിന്റെ തിളക്കം നദിയിൽ പ്രതിബിംബിക്കുന്നു. നദിക്കരയിലെ ഭൂമി ഇരുണ്ട പച്ചനിറത്തിലും നദിയുടെ മറുവശം മഞ്ഞയുടെ ടോണുകളിലൂടെയുമാണ് പോൾ ഗോഗിൻ അവതരിപ്പിക്കുന്നത്. ഓരോ നിറങ്ങളും ചേരുന്ന ഇടങ്ങളിൽ ഇവയ്‌ക്ക് അനുയോജ്യമായ മറ്റ് നിറങ്ങൾ ഉപയോഗിക്കുന്ന രീതിയും ഈ ചിത്രങ്ങളിൽ കാണാം. സ്‌ത്രീരൂപങ്ങൾക്ക് ഓറഞ്ച് നിറത്തോടുകൂടിയ ചാരനിറമാണ്. സ്‌ത്രീശരീരത്തിന്റെ വടിവുകൾ ഒഴിവാക്കി രേഖകളിലൂടെ ശരീരരൂപത്തെ ബലപ്പെടുത്തി വർണം കൊടുക്കുകയായിരുന്നു ഈ രചനകളിൽ പോൾ ഗോഗിൻ സ്വീകരിച്ചത്.
1903 മേയ് 8ന് ലോകത്തോട് വിടപറഞ്ഞ പോൾ ഗോഗിന്റെ ജീവിതത്തിൽ എടുത്തുപറയേണ്ട പേരാണ് വിഖ്യാതചിത്രകാരനായ വിൻസന്റ് വാൻഗോഗിന്റേത്. സുഹൃത്തുക്കളായ ഇരുവരും ഫ്രാൻസിൽ ഒരുമിച്ചുണ്ടായിരുന്നു. പോസ്റ്റ് ഇംപ്രഷണിസ്റ്റ് ചിത്രകലാപ്രസ്ഥാനത്തിന്റെ വക്താവായിരുന്ന വാൻഗോഗ് പിൽക്കാലത്ത് പോൾ ഗോഗിനുമായി അകൽച്ചയിലായതും കലാചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. l





