വർഗസമരവും മാധ്യമങ്ങളും‐ 18

കെ എ വേണുഗോപാലൻ

കറുത്ത ദശകം

തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാർട്ടികളുടെ നിലപാടുകളെയും സ്ഥാനാർത്ഥികളെയുമൊക്കെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കാണ് മാധ്യമങ്ങൾ നിർവഹിക്കുന്നത്. അതിൽ തന്നെ നവമാധ്യമങ്ങൾക്ക് ഇന്ന് വലിയ പങ്കുവഹിക്കാൻ ആവുന്നുണ്ട്. 2019ലെ തിരഞ്ഞെടുപ്പിന്റെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. അന്ന് 900 ടെലിവിഷൻ ചാനലുകളാണ് പൊതുവായി പ്രവർത്തിച്ചു കൊണ്ടിരുന്നത്. അതിൽ തന്നെ 400 എണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയായിരുന്നു. ഇതുകൂടാതെ 20 ഭാഷകളിലായി ഒരു ലക്ഷം ദിനപത്രങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. 900 ദശലക്ഷം വരുന്ന സമ്മതിദായകരിൽ എത്തിച്ചേരുന്നതിനുവേണ്ടി സ്ഥാനാർത്ഥികൾ പരസ്യവും നൽകാറുണ്ട്. 2014 ൽ ചെലവഴിച്ചതിന്റെ ഇരട്ടി പണമാണ് അതായത് 60,000 കോടി രൂപയാണ് 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ് സംവിധാനമായി നമ്മുടേത് മാറിയിരിക്കുന്നു. മാധ്യമപ്രചാരണത്തിന്റെ ഫലപ്രദമായ പ്രയോഗത്തിലൂടെയാണ് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാനായത്. ഇലക്ട്രോണിക് മാധ്യമങ്ങളിൽ 90%ത്തിലേറെ കയ്യടക്കിവെച്ചിരിക്കുന്നത് വൻകിട കോർപ്പറേറ്റുകളാണ്. അവരുമായുള്ള അടുത്ത ബന്ധമാണ് മോദിയെ വിജയത്തിലേക്ക് നയിച്ചത്.

2019ലെ ഒരു സവിശേഷത പ്രധാനമന്ത്രി ഒരു പത്രസമ്മേളത്തെയും അഭിമുഖീകരിക്കാൻ തയ്യാറായില്ല എന്നതാണ്. തന്റെ മുൻഗാമിയായ മൻമോഹൻ സിംഗിനെ പത്രസമ്മേളനം നടത്തുന്നില്ല എന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നയാളാണ് മോദി എന്നത് ഓർക്കേണ്ടതുണ്ട്. എന്നാൽ നവമാധ്യമങ്ങളിൽപെട്ട ട്വിറ്ററിന്റെ പ്രയോഗ സാധ്യത നന്നായി മനസ്സിലാക്കിയ മോദി അത് നല്ലതുപോലെ ഉപയോഗിച്ചു. മോദിക്ക് തന്റെ അനുയായികളോട് ആശയവിനിമയം നടത്തണം, എന്നാൽ തന്നോട് ചോദിക്കുന്ന ചോദ്യങ്ങളെ ഒഴിവാക്കുകയും വേണം. അതിന് അനുയോജ്യമായ മാധ്യമമാണ് ട്വിറ്റർ. ഇതുകൂടാതെ ആകാശവാണിയിലൂടെ നടത്തിയ മൻകി ബാത്തിന്റെ സൗകര്യവും ഇതുതന്നെയായിരുന്നു. പറയാനുള്ളതെല്ലാം ജനങ്ങളോട് പറയാം എന്നാൽ തന്നോട് ആരും ഒന്നും ചോദിക്കില്ല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ബാധ്യതയുമില്ല. പലരും കരുതുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാധ്യമപ്രവർത്തകരിൽ നിന്ന് വന്ന ചോദ്യങ്ങളും അതിനോട് ഫലപ്രദമായി പ്രതികരിക്കുന്നതിൽ പരാജയപ്പെട്ട തന്റെ അനുഭവവുമായിരിക്കാം ഇതിനു കാരണം എന്നാണ്. 2002ലെ ഗുജറാത്ത് കലാപത്തിന് താനാണ് ഉത്തരവാദിയെന്ന് പല മാധ്യമങ്ങളും കുറ്റപ്പെടുത്തിയെന്ന് മോദി നിരവധി പൊതുവേദികളിൽ പറഞ്ഞിട്ടുണ്ട്. ഈ അനുഭവമായിരിക്കാം പത്രസമ്മേളനങ്ങളിൽ നിന്നും ഒളിച്ചോടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

1960കളിലും 70കളിലുമൊക്കെ തിരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ഉണ്ടാക്കിയിരുന്നത് വൻതോതിലുള്ള റാലികളിലൂടെയും പൊതുയോഗങ്ങളിലൂടെയുമൊക്കെയായിരുന്നു. എന്നാൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ ഇത് പടിപടിയായി സാമൂഹ്യ മാധ്യമങ്ങളിലൂടെയായി മാറി. പൊതുയോഗങ്ങൾ നടത്തുന്നത് പഴഞ്ചനായി പരിഹസിക്കപ്പെട്ടു. എന്നാൽ മോദി പിന്നെയും പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങി. ഇത് തന്റെ മുന്നിൽ കേട്ടിരിക്കുന്നവരെ മാത്രമല്ല നവമാധ്യമങ്ങൾ വഴി കേൾക്കാൻ താല്പര്യമുള്ളവരെ കൂടെ ഉദ്ദേശിച്ചായിരുന്നു. മോദിയുടെ പ്രസംഗങ്ങൾ വൻതോതിലാണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. ഒപ്പം മതപരമായ ദേശീയത അവർ ഫലപ്രദമായി ഉപയോഗപ്പെടുത്തി. മോദിയെ വികസനനായകനായി ഉയർത്തിക്കാണിക്കാനും ബിജെപിക്ക് കഴിഞ്ഞു.

പാക്കിസ്ഥാനുനേരെ വ്യോമസേനയെ ഉപയോഗിച്ചതോടെ മോദിയുടെ ജനസമ്മതി വൻതോതിൽ കുതിച്ചുയർന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു ഈ പരിപാടി നടത്തിയത്. മോദി ദേശീയ സുരക്ഷയുടെയും അഴിമതിവിരുദ്ധതയുടെയും നായകനായി ഉയർത്തിക്കാണിക്കപ്പെട്ടു. 2019 മാർച്ച് 8 ന് യുപിയിലേക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം പുതിയൊരു മുദ്രാവാക്യം കൂടെ ജനങ്ങൾക്ക് സമ്മാനിച്ചു. “മോദിയുടെ കൂടെ നിന്നാൽ സാധ്യമാവാത്തതൊന്നുമില്ല’ എന്നായിരുന്നു ആ മുദ്രാവാക്യം. തന്റെ വികസന നേട്ടങ്ങളെയും പാക്കിസ്ഥാനെതിരായ ആക്രമണത്തെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ മുദ്രാവാക്യം അദ്ദേഹം സാധൂകരിച്ചത്.

പാക്കിസ്ഥാൻ ആക്രമിച്ചാൽ താൻ വെറുതെ ഇരിക്കണമോ എന്ന് അദ്ദേഹം ജനങ്ങളോട് ആവർത്തിച്ചു ചോദിച്ചു. 26/11 കാലത്ത് നടന്ന ആക്രമണത്തിനെതിരായി കോൺഗ്രസ് വെറുതെ ഇരുന്നതുപോലെ താൻ ഇരിക്കാൻ തയ്യാറില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ഖാസിയബാദിൽ വൻ ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു “മുമ്പത്തെ സർക്കാരിന്റെ കാലത്തേതു പോലെയായിരിക്കണം കാര്യങ്ങൾ എങ്കിൽ ജനങ്ങൾ എനിക്ക് വോട്ട് ചെയ്ത് എന്തിന് അധികാരത്തിൽ കയറ്റണം? എല്ലാ ഇന്ത്യക്കാരും പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ലേ? ഭീകരവാദികൾക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി കൊടുക്കേണ്ടതില്ലേ? എനിക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ ഉണ്ടെങ്കിൽ ഞാൻ ഇതേപോലെതന്നെ ഭാവിയിലും പ്രവർത്തിക്കും?’

തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മോദി ഏറെ വൈകാരികമായ ഭാഷയാണ് ഉപയോഗിക്കുക. മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭ്യർത്ഥനകളും പുറത്തുവന്നുകൊണ്ടിരിക്കും. വാചകമടിയും രാഷ്ട്രീയമായ വിറ്റഴിക്കലും നന്നായി ഉപയോഗിക്കുവാൻ അറിയാവുന്ന നേതാവാണ് മോഡി. അതിനാൽ നവമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ചെറിയ ചെറിയ കഷണങ്ങളാക്കി വൻതോതിൽ പ്രചരിപ്പിക്കാൻ കഴിയും. സമ്മതിദായകരുമായി മാനസിക ഐക്യം സൃഷ്ടിക്കാനും എളുപ്പത്തിൽ കഴിയും. ഇന്ത്യയിലെ വൻകിട കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ മോഡിയെ സർവാത്മനാ പിന്തുണയ്‌ക്കുകയും അദ്ദേഹത്തിനെ മിസ്റ്റർ ക്ലീൻ ആക്കി ഉയർത്തിക്കാണിക്കുകയും ചെയ്തു. 130 കോടി ജനങ്ങളെ ഭയരഹിതനായി നയിക്കാനുള്ള ബുദ്ധിമാനായ നേതാവായി മോദിയെ മാധ്യമങ്ങൾ വാഴ്ത്തിപ്പാാടി. ഒപ്പം രാഹുൽഗാന്ധിയുടെ പോരായ്മകളെയും അവർ ഉയർത്തിക്കാണിച്ചു. മോദി സാധാരണ പൊതുയോഗങ്ങളിൽ ഇംഗ്ലീഷിൽ പ്രസംഗിക്കാറില്ല. എന്നാൽ മധ്യവർഗ്ഗത്തിനെ ആകർഷിക്കുന്നതിനായി അതിനും തയ്യാറായി.

പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിലൂടെ രാഷ്ട്രീയത്തെയും പൗരത്വത്തെയും സമന്വയിപ്പിക്കുന്ന പ്രക്രിയയെയാണ് മധ്യസ്ഥ ജനാധിപത്യമെന്ന് വിളിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ഇതിന് തുടക്കം കുറിച്ചത്. 2019ൽ അത് കൂടുതൽ ശക്തമായി. ചില വൻ മാധ്യമങ്ങളെയും ടിവി ചാനലുകളെയും വിലയ്ക്കെടുത്തുകൊണ്ട് ബിജെപി മാധ്യമ മാനേജ്മെന്റ് ഭംഗിയായി സംഘടിപ്പിക്കുകയും അതുവഴി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും ചെയ്തു. വൻതോതിൽ പണം സംഭരിക്കാനും അത് തെരഞ്ഞെടുപ്പുരംഗത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും അവർക്കു കഴിഞ്ഞു. മാധ്യമരംഗത്ത് ഉയർത്തിക്കാണിക്കപ്പെട്ട ഏക നേതാവ് മോദിയായിരുന്നു. ഇത് കോൺഗ്രസിൽ പ്രതിഷേധത്തിനിടയാക്കുകയും പ്രധാനമന്ത്രിയല്ല പബ്ലിസിറ്റി മന്ത്രിയാണ് മോദി എന്ന് രാഹുൽ ഗാന്ധി വിമർശിക്കുകയും ചെയ്തു.

പൊതുവിൽ നോക്കിയാൽ ഏറ്റവും നന്നായി മാധ്യമങ്ങളെ ഉപയോഗിക്കാൻ അറിയാവുന്ന പാർട്ടി ബിജെപി തന്നെയാണ്. ബിജെപിയുടെ പരമ്പരാഗത വോട്ടർമാർ വിദ്യാസമ്പന്നരും മേൽ ജാതിക്കാരും സമ്പന്നരും നഗരവാസികളും ഉന്നതവർഗ്ഗത്തിലും മധ്യവർഗത്തിൽപെട്ടവരും ഒക്കെ ആണെന്നതിനാൽ മാധ്യമങ്ങളെ അവർക്ക് നന്നായി ഉപയോഗപ്പെടുത്താൻ കഴിയും. മാധ്യമങ്ങളെ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഉണ്ടെന്നും അവർ മാധ്യമങ്ങൾ പറയുന്നതിനനുസരിച്ചാണ് വോട്ട് ചെയ്യുകയെന്നും പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പും അതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. മാത്രവുമല്ല 2014ലെ തെരഞ്ഞെടുപ്പിൽ പ്രകടമായ മധ്യവർഗത്തിന്റെ കോൺഗ്രസ് വിരുദ്ധ വികാരത്തിന് കാരണം സാമ്പത്തിക വളർച്ചയിൽ ഉണ്ടായ മാന്ദ്യവും അവകാശാധിഷ്ഠിതമാക്കി മാറ്റിയ ക്ഷേമപദ്ധതികളുമായിരുന്നു. കോൺഗ്രസ് ഭരണത്തിന്റെ പത്തുവർഷക്കാലത്തെക്കുറിച്ച് കറുത്ത ദശകം എന്ന പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയിരുന്നു. അത് ഉപയോഗപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ നിരന്തരം നഷ്ടപ്പെടുത്തിയ ഒരു ദശകം എന്ന് പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. l

Hot this week

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

Topics

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

പി എ സെയ്തു മുഹമ്മദ് എന്ന ചരിത്രാന്വേഷി

കേരള മുസ്ലിം ഡയറക്ടറി ആദ്യമായി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയത് പി എ സെയ്തു മുഹമ്മദ്...

യക്ഷഗാനം

ദക്ഷിണ കന്നഡ യുടെയും കാസർകോടിന്റെയും ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് യക്ഷഗാനം. പതിനഞ്ചാം...

ഹിന്ദുത്വത്തിന് മണ്ണൊരുക്കുന്നവരും താമരക്കുളത്തിന് വെള്ളമൊഴിക്കുന്നവരും ആരാണ്?

കോഴിക്കോട് കോർപ്പറേഷനിലെ നികുതി അപ്പീൽ സമിതി അധ്യക്ഷപദവി ബിജെപിക്ക് എത്തിച്ചുകൊടുത്തത് ആരാണ്?...
spot_img

Related Articles

Popular Categories

spot_imgspot_img