
കെ സരസ്വതിയമ്മ എന്ന എഴുത്തിലെ പെൺ പോരാളിയുടെ 51-ാം ചരമവാർഷിക ദിനമാണ് 2025 ഡിസംബർ 26. സമൂഹത്തിലും സാഹിത്യത്തിലും കൊടികുത്തി വാണിരുന്ന പുരുഷമേധാവിത്വത്തിനെതിരെ അക്ഷരത്തിന്റെ പടവാൾ കൊണ്ടു പൊരുതി മുന്നേറിയ യോദ്ധാവ്. 1919 മുതൽ 1975 വരെയുള്ള 56 വർഷത്തെ അവരുടെ ജീവിതത്തിന് കടുത്ത ശിക്ഷയാണ് സമൂഹം നൽകിയത്. അസഹനീയമായ ഏകാന്ത ജീവിതം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ട് കൊണ്ട് കൈപ്പേറിയ കാഴ്ചകളെയും അനുഭവങ്ങളെയും ഒരു കൂസലുമില്ലാതെ അക്ഷരലോകത്തേക്ക് തൊടുത്തു വിട്ടുകൊണ്ട് എഴുത്തിന്റെ ലോകത്ത് ഒരു വിസ്മയമായി അവർ മാറി.
12 കഥാസമാഹാരങ്ങളിലായിവന്ന 80ലേറെ കഥകൾ ‘ പ്രേമഭാജനം’ എന്നൊരു നോവൽ, ‘ദേവഭൂതി’ എന്ന നാടകം തുടങ്ങി ‘ പുരുഷന്മാർ ഇല്ലാത്ത ലോകം’ ഇന്ന് ലേഖന സമാഹാരം തുടങ്ങി സവിശേഷമായ ഒരു രചനാലോകമാണ് സരസ്വതിയമ്മ സൃഷ്ടിച്ചത്. ഈ അര നൂറ്റാണ്ടുകാലവും അവരെ അക്ഷരലോകം ഓർമ്മിക്കുന്നുവെങ്കിൽ വീക്ഷണമായ ആ എഴുത്തിന്റെ വൈവിധ്യം കൊണ്ട് തന്നെയാണത്.
1930 കളിൽ ഇന്ത്യയിൽ പുരോഗമന സാഹിത്യ രചയിതാക്കളായ സ്ത്രീകൾ ഫെമിനിസ്റ്റ് ആശയങ്ങൾ ഉൾപ്പെടുന്ന കഥകളും നാടകങ്ങളും രചിച്ചു തുടങ്ങിയിരുന്നു. 1938 ൽ പത്തൊമ്പതാം വയസ്സിൽ “ സീതാഭവനം” എന്ന കഥയുമായുള്ള കെ സരസ്വതി അമ്മയുടെ വരവ് അന്നത്തെ മലയാളസാഹിത്യ ലോകത്തിലെ പുരുഷ മേധാവിത്വത്തെ തെല്ലൊന്ന് ഞെട്ടിക്കുക തന്നെ ചെയ്തു.
ആൺകേന്ദ്രീകൃതമായ സാഹിത്യ പ്രസ്ഥാനങ്ങളെ അവർ എതിർത്തു. പ്രണയത്തെയും വിവാഹത്തെയും അവർ തിരസ്കരിച്ചു. അവയൊക്കെ സ്ത്രീകളെ ആസ്വതന്ത്രരാക്കുന്നവയാണെന്ന് അവർ വിശ്വസിച്ചു. പുരുഷാധികാരത്തിന്റെ പ്രയോഗ മാതൃകകളായി പ്രണയത്തെയും ലൈംഗികതയെയും അവർ കണ്ടു. കുടുംബം എന്ന സ്ഥാപനത്തിന്റെ കള്ളത്തരങ്ങളും, അത് എത്രമാത്രം സ്ത്രീവിരുദ്ധവുമാണെന്നും തന്റെ കൃതികളിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളിലൂടെ അവർ ചൂണ്ടിക്കാട്ടി. പ്രേമത്തിന്റെ പിന്നിലെ ചതിക്കുഴികൾ വിശദമാക്കുന്ന “ഡബിൾ ആക്ട്”, “ പ്രേമംഫലം”, “ ചുവന്ന പൂക്കൾ”, “ചോല മരങ്ങൾ” തുടങ്ങി ഒട്ടേറെ കഥകൾ വ്യത്യസ്ത രീതികളിലൂടെ വിമർശനാത്മകമായി തന്നെ തുറന്നെഴുതിയിട്ടുണ്ട്. വിവാഹത്തിലൂടെ സ്ത്രീ ചൂഷണ വ്യവസ്ഥയുടെ ഇരയായി മാറുന്നത് “ഇടിവെട്ട് തൈലം” “ സ്വാതന്ത്ര്യവാദക്കാരി’’ തുടങ്ങിയ കഥകളിലൂടെ വെളിവാക്കുന്നു. പുരുഷാദിപത്യ മൂല്യവ്യവസ്ഥകളുടെ ഇരകളോ ഉപകരണങ്ങളോ ആകുന്ന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് എഴുതിയ കഥകൾ “ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറാണെന്നു” പറയുന്ന പുതിയ കാലത്തെ മുദ്രാവാക്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നതാണ്. ‘പുതിയ മാതൃകകൾ’ എന്ന കഥ കാലത്തിന്റെ പൊരുത്തക്കേടുകളോട് കലഹിച്ചു വിജയിക്കുന്നവളെ സൃഷ്ടിക്കുമ്പോൾ ‘ ഭർതൃത്വം’ ‘വൈവിധ്യം വേണ്ടേ’, ‘ അച്ഛനെവിടെ’ തുടങ്ങിയ കഥകൾ വിവാഹാനന്തരം സാധ്യമാകാത്ത സ്വപ്നങ്ങളുടെ നീറ്റലുകളാണ് നമ്മിൽ ഉണർത്തുന്നത്. എക്കാലവും ഏറെ ചർച്ച ചെയ്യപ്പെടുന്ന കപട സദാചാര വിഷയത്തിലും സ്ത്രീകൾ തന്നെയാണ് ഇരകൾ. പുരുഷന്മാർ പലപ്പോഴും സമൂഹത്തെ ബോധിപ്പിക്കാൻ സദാചാരം നടിക്കുകയും രഹസ്യമായി അതിനെതിരെ പ്രവർത്തിച്ചു സായൂജ്യമടയുകയും ചെയ്യുന്നു. ഇങ്ങനെ കപട സദാചാരവാദികളായ പുരുഷന്മാരെ തുറന്നു കാണിച്ച രചനകൾ സരസ്വതി അമ്മയെ സമുദായത്തിന്റെയും സമൂഹത്തിന്റെയും കണ്ണിലെ കരടാകാനിടയാക്കി. സമൂഹം അവരെ ഒറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും അകറ്റിനിർത്തുകയും ചെയ്തു. “ വൈസ്രോയി സന്ദർശനം” “ പുതിയ മാതൃകകൾ” എന്നീ കഥകൾ ശക്തമായ രാഷ്ട്രീയ സാമൂഹ്യ വിമർശനം ഉള്ളവയാണ്. പൊൻകുന്നം വർക്കിയുടെ “ അമേരിക്കൻ മോഡൽ” എന്ന കഥയെ അനുസ്മരിപ്പിക്കുന്നവയാണ് ഇവ എന്ന നിരൂപകന്മാർ വിലയിരുത്തിയിട്ടുണ്ട്.
സാഹിത്യത്തിന്റെ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം എഴുത്തുകാരികൾ നമുക്കുണ്ട്. സ്ത്രീയുടെ മാത്രമായ സവിശേഷ നിലപാടുകളും അനുഭവങ്ങളുടെ ചൂരും ചൂടും ഉൾക്കൊണ്ട് ഏറ്റവും തീവ്രവും, ഏകാഗ്രവുമായി ആ പ്രത്യയശാസ്ത്രം കൈകാര്യം ചെയ്യുന്ന കഥകൾ പുറത്തുവന്നത് സരസ്വതി അമ്മയുടെ കഥകളിലൂടെയാണ്. സങ്കൽപ്പങ്ങളോ കാല്പനികതയോ സരസ്വതി അമ്മയെ കഥ എഴുത്തിന് പ്രലോഭിപ്പിച്ചിട്ടില്ല. പുരുഷാധിപത്യ വ്യവസ്ഥയുടെ ഭാഗമായി നിൽക്കുന്ന സ്വത്വബോധം ആർജിച്ചിട്ടില്ലാത്ത സ്ത്രീകൾ മുതൽ, റാഡിക്കൽ ഫെമിനിസത്തിന്റെ പ്രയോക്താക്കൾ എന്ന് കരുതാവുന്നവർ വരെയുള്ള വ്യത്യസ്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് അവർ ഈ പ്രതിബോധം രൂപീകരിച്ചത്. ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പ്രതിഫലനം സ്വന്തം ജീവിതത്തിലും പുലർത്തിയിരുന്നു.
ചെറുകഥാ പ്രസ്ഥാനം എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ എംപി പോൾ രേഖപ്പെടുത്തിയിട്ടുള്ളത് തകഴി, ദേവ്, പൊൻകുന്നം വർക്കി, ബഷീർ, പൊറ്റക്കാട്, ലളിതാംബിക അന്തർജനം എന്നീ എഴുത്തുകാർക്കൊപ്പം ചേർത്തുവയ്ക്കാവുന്ന പേരാണ് സരസ്വതി അമ്മയുടേത് എന്നാണ്. അവരുടെ എഴുത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മൂല്യവും കണക്കിലെടുത്തു കൊണ്ടുതന്നെയാണ് കഥാകൃത്ത് ടി പത്മനാഭനും ഇതേ അഭിപ്രായത്തോട് യോജിക്കുന്നതായി രേഖപ്പെടുത്തുന്നത്.
ഏത് സാമൂഹിക വ്യവസ്ഥകളാണ് ഇരുപതാം നൂറ്റാണ്ടിൽ അവരെ നിശബ്ദനാക്കിയത് അതേ സാമൂഹിക അവസ്ഥയ്ക്ക് ഇന്ന് രൂപത്തിലും ഭാവത്തിലും ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും സമസ്ത മേഖലയിലെയും സ്ത്രീകൾ സമാനമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. നവോത്ഥാനത്തിന്റെയും ജനാധിപത്യവൽക്കരണത്തിന്റെയും ഫലമായി ഉന്നത വിദ്യാഭ്യാസം നേടാനും ജോലി സമ്പാദിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും കഴിഞ്ഞ സ്ത്രീകളുടെ തലമുറ കേരളത്തിൽ വളർന്നുവന്ന കാലത്താണ് സരസ്വതി അമ്മ രൂപപ്പെട്ടത്. പുരുഷനോടൊപ്പം സമൂഹത്തിൽ സ്ത്രീയും അംഗീകരിക്കപ്പെടുക എന്നതായിരുന്നു അവരുടെ രചനകളുടെ ലക്ഷ്യം തന്നെ. സ്ത്രീക്കും പുരുഷനും കഴിയുന്നത്ര സ്വാതന്ത്ര്യത്തോടെ ജീവിക്കാനും, സാമൂഹ്യ ഇടപെടലുകളിൽ പങ്കാളികളാകാനുമുള്ള അവസ്ഥയെ സ്വപ്നം കണ്ടിരുന്ന എഴുത്തുകാരിയാണ് അവർ. ആ സ്വപ്നങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്രകണ്ട് സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട് എന്ന് നമ്മൾ പരിശോധിക്കേണ്ടതാണ്.
സ്ത്രീ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുത കേരളത്തിൽ അതിശക്തമാണെന്ന് സമകാലീന സംഭവങ്ങളിൽ നിന്നും മനസ്സിലാക്കാം. മനുഷ്യബന്ധങ്ങളിൽ ഉണ്ടായ വിള്ളലുകൾ, സ്നേഹം നിരസിക്കപ്പെട്ട് യാന്ത്രികമാകുന്ന കുടുംബ ബന്ധങ്ങളൊക്കെ ശ്രദ്ധിക്കുമ്പോൾ ഇതുവരെ നമ്മുടെ നാട്ടിലുണ്ടായ സാംസ്കാരിക മുന്നേറ്റങ്ങൾക്ക് സാഹിത്യം എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് പരിശോധിക്കുകയും വിമർശനങ്ങൾക്ക് വിധേയമാക്കുകയും വേണം. ജനങ്ങളുടെ സാംസ്കാരിക ബോധത്തിൽ അവ ചെലുത്തിയ സ്വാധീനത്തെ വികലമാക്കുന്ന പ്രവണതകൾ വളർന്നു വരുന്നതിന്റെ ഫലമായി അങ്ങേയറ്റം സ്ത്രീവിരുദ്ധതയും മനുഷ്യവിരുദ്ധതയും എങ്ങനെ വന്നുപെട്ടെന്ന് നാം ചിന്തിക്കണം. അതെ ഹിംസയെ ഉത്സവമാക്കുന്ന എന്തോ ഒന്ന് നമ്മുടെ മനസ്സുകളെയും കീഴടക്കി കഴിഞ്ഞിരിക്കുന്നു. സ്ത്രീപുരുഷ സമത്വത്തെ ഭയപ്പെടുന്ന മധ്യകാല മൂല്യങ്ങളെ സ്വാംശീകരിച്ച എല്ലാ ഫാസിസ്റ്റ് പ്രത്യേയ ശാസ്ത്രങ്ങളും സ്ത്രീയുടെ സാമൂഹ്യമായ ഇടപെടലുകളെയും പുരുഷനോട് ഒപ്പം തുല്യതയോടെ പൊതുയിടങ്ങളിലേക്കുള്ള കടന്നു വരവിനെയും അസഹിഷ്ണുതയോടെയാണ് കാണുന്നത്. പുതുതലമുറയിലെ കുറച്ചു പേരെങ്കിലും ധൈര്യത്തോടെ മുന്നോട്ട് വരുന്നുണ്ട് എന്ന ഒരു ആശ്വാസമുണ്ടെങ്കിലും ആ വരവിനെ ശക്തമായ തിരിച്ചടി കൊണ്ട് നേരിടാൻ ദുഷിച്ചൊരു സാമൂഹിക വ്യവസ്ഥ രൂപപ്പെടുന്നതിന് മാധ്യമങ്ങളും ചില നിയമവൃത്തങ്ങളും കൂട്ടുനിൽക്കുന്നു എന്നത് ഏറ്റവും ദുഃഖകരമാണ്.
തിരുവനന്തപുരത്ത് കുന്നപ്പുഴ എന്ന ഗ്രാമത്തിൽ ജനിച്ച 9 വയസ്സ് മുതൽ പാൽക്കുളങ്ങരയിൽ കുടുംബസമേതം താമസിച്ച സരസ്വതി അമ്മ പഠനത്തിന്റെ മികവുകൊണ്ട് മെട്രിക്കുലേഷൻ പരീക്ഷയിൽ ഒന്നാമതായി ഗവൺമെന്റ് വിമൻസ് കോളേജിൽ ഇന്റർ മീഡിയറ്റിനു പഠിച്ചു. തുടർന്ന് ആർട്സ് കോളേജിൽനിന്ന് ബി എ പാസ്സായി. എസ് ഗുപ്തൻ നായർ അന്ന് സഹപാഠിയായിരുന്നു. വീട്ടിലെ ഏകാന്തതയും ഒറ്റപ്പെടലുമാണ് അവരുടെ കഥയെഴുത്തിന് കാരണമായതെന്ന് പറയുമ്പോൾ ആ പഠനകാല ത്ത് തന്നെയാണ് തന്റെ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിച്ചു കൊണ്ടുള്ള അവരുടെ കൂസലില്ലായ്മ എഴുത്തിൽ പ്രകടിപ്പിച്ചിരുന്നുവെന്നതും സാക്ഷ്യപ്പെടുത്തുന്നു. ആൺകുട്ടികളോട് സംസാരിക്കാനും സദസ്സിനു മുൻപിൽ സധൈര്യം പ്രസംഗിക്കാനുമുള്ള തന്റേടം ആവർ പ്രകടിപ്പിച്ചിരുന്നു. സ്‌കൂൾ അധ്യാപികയായി ജോലി നോക്കുകയും തുടർന്ന് ലോക്കൽ ഫണ്ട് ഓഡിറ്റിൽ സ്ഥിരനിയമനം ലഭിക്കുകയും ചെയ്തു. അതോടെ പാൽക്കുളങ്ങരയിൽ ഇരുനില വീട് പണിത് താമസിക്കുകയും ചെയ്തു. വീടിന്റെ മുകളിലത്തെ നിലയിൽ സ്ഥാപിച്ചിരുന്ന ലൈബ്രറി അക്കാലത്തെ വലിയ എഴുത്തുകാർക്കു പോലും ഉണ്ടായിരുന്നില്ലത്രേ. ഒറ്റയ്ക്ക് കടപ്പുറത്ത് പോയിരിക്കുക, റോഡിൽ അലഞ്ഞു നടക്കുക തുടങ്ങിയ സ്വഭാവങ്ങൾ അവരുടെ ശീലങ്ങൾ ആയിരുന്നുവെന്നും അതൊന്നും മാറ്റാൻ കഴിയില്ല എന്നും അവർ ഗുപ്തൻ നായർക്ക് എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം അവധിയെടുത്ത് മദിരാശിയിൽ താമസിക്കുമ്പോൾ “ ഉമ്മ” എന്നൊരു കഥയെഴുതുകയുണ്ടായി. അവസാനമായി എഴുതിയ കഥ അതായിരുന്നു. 1973ല്‍ ജോലിയിൽ നിന്നും സ്വയം വിരമിക്കുകയും പിന്നീട് ജീവിതത്തിൽ നിന്നും തന്നെ ഉൾവലിയുന്ന പ്രവണത പ്രകടിപ്പിച്ച് തനിക്ക് വരുന്ന കത്തുകളും പുസ്തകങ്ങളും എന്തിന് റേഡിയോയോ പത്രമോ പോലും വായിക്കാതെയായി. അത്രമാത്രം സാമൂഹികവും കുടുംബപരമായും അവർ അകപ്പെട്ടിരുന്നു.
1972 ടി എൻ ജയചന്ദ്രനുമായി നടത്തിയ അഭിമുഖത്തിൽ “ ഞാൻ ജീവിച്ചിരിക്കുന്നത് തന്നെ ഇനിയും എഴുതാനിരിക്കുന്ന കൃതികളെ ഓർത്തുകൊണ്ട് മാത്രമാണ്, എഴുതിയില്ലെങ്കിൽ എനിക്ക് ജീവിതമില്ലെ”ന്നും “ഒരു വലിയ നോവൽ എഴുതണം എന്നുണ്ട് അതെഴുതി എന്നു വരാം ഇല്ലെന്ന് വരാം” എന്നും സരസ്വതിയമ്മ പറയുന്നുണ്ട്. തീവ്രമായ എഴുത്താഗ്രഹങ്ങൾ ഉള്ളിൽ നിറയുമ്പോഴും ഒരു വരിപോലും എഴുതാനാവാത്തത്ര ഭയത്തിന്റേയും കുറ്റപ്പെടുത്തലുകളുടെയും ഇടയിൽ വീർപ്പുമുട്ടി തന്റെ 56 വയസ്സിൽ ലോകത്തോട് വിട പറഞ്ഞ സരസ്വതി അമ്മയുടെ കൃതികൾ ഇനിയും വായിക്കപ്പെടേണ്ടതുണ്ട്. അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ നമുക്ക് മുൻകൈയെടുക്കാം. ഒപ്പം സമൂഹത്തിലും കുടുംബത്തിലും പൊതുയിടങ്ങളിലും സ്ത്രീയുടെ സാന്നിധ്യം സമൃദ്ധമായി ഉണ്ടാകണമെന്ന് എഴുത്തിലെ കലാപകാരിയായ സരസ്വതി അമ്മയുടെ കഥകൾക്ക് മലയാള സാഹിത്യ ചരിത്രത്തിൽ സവിശേഷ സ്ഥാനം നൽകി നമ്മൾ അവരെ ആദരിക്കുന്നതിന് ഒരു സ്മാരകം തന്നെ നിർമ്മിച്ച് അവരുടെ പിന്നിൽ ഒരു പുരസ്കാരം ഏർപ്പെടുത്തേണ്ടതുമാണ്.




