
‘Education is the most powerful weapon which you can use to change the world.’ – Nelson Mandela
മഴ പെയ്താൽ ചോരുന്ന ക്ലാസ് മുറികൾ, കാലൊടിഞ്ഞ ബെഞ്ചുകൾ മാറ്റിയിടാൻ തക്കം നോക്കിയിരുന്ന ബ്രേക്ക് സമയങ്ങൾ, ഓണമെത്തിയാലും ലഭ്യമാകാതെയിരുന്ന പാഠപുസ്തകങ്ങൾ, സ്‌കൂൾ ഓർമ്മകൾ പൂർത്തിയാകുന്നത് ഇത്തരം അനുഭവങ്ങൾ കൂടി കൂട്ടി ചേർക്കുമ്പോളാണ്. വരി വരിയായി നിരത്തിയിട്ടിരിക്കുന്ന ബെഞ്ചുകൾ, സ്ഥിരം ചോക്കിന് ഏറുകൊള്ളുന്ന സുഹൃത്ത്, അങ്ങനെ എത്ര ഓർമ്മകൾ ഓർത്തെടുത്തലാണ് ഒരു സ്‌കൂൾ കാലഘട്ടം പൂർത്തിയാകുന്നത്?
ജീവിതത്തിലെ സുവർണ്ണ കാലങ്ങളിൽ ഏറെയും നമ്മൾ ചിലവഴിക്കുന്നത് സ്‌കൂളിൽ തന്നെയാണ്. വലുതാകുമ്പോൾ ആരാകണം? എന്ന ടീച്ചറുടെ ചോദ്യം മുതൽ ചുറ്റുമുള്ള സുഹൃത്തുക്കൾ വരെ ഒരു വിദ്യാർഥിയുടെ ജീവിതത്തെ സ്വാധിനിക്കും. ഓർമ്മകളുടെ ചൂരും തണുപ്പും പേറി ഇപ്പോഴും നമ്മുടെയൊക്കെ ഉള്ളിൽ നിലനിൽക്കുന്നത് ഓടിട്ട, ചുവന്ന വാകമരങ്ങളുള്ള, വരാന്തയിൽ തൂക്കിയിട്ടിരിക്കുന്ന ബെല്ലുള്ള സ്‌കൂളാണ്. മഴ പെയ്താൽ പോകുന്ന കറന്റ് കാരണം ആഴ്ചയിലൊരിക്കൽ മാത്രം കിട്ടുന്ന ലാബ് ക്ലാസ്സുകൾ മുടങ്ങും. എന്നാൽ ഇപ്പോൾ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഓർമ്മകളുടെ ക്‌ളീഷേ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി. 2014 ൽ പത്താം ക്ലാസിൽ നിന്നും പഠിച്ചിറങ്ങുമ്പോൾ ഉണ്ടായിരുന്ന സ്‌കൂളിൽ നിന്നും നാട്ടിലെ സ്‌കൂളുകൾ ബഹുദൂരം വികസിച്ചിരിക്കുന്നു.

10 വർഷങ്ങൾക്കിപ്പുറം കേരളത്തിലെ വിദ്യാലയങ്ങൾ എത്രത്തോളം മാറിയെന്നു കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നത്. സ്‌കൂളുകൾ അടച്ചു പൂട്ടുകയും, പുസ്തകങ്ങൾ ലഭ്യമല്ലാതിരിക്കുകയും ചെയ്തിരുന്ന കാലത്തിൽ നിന്നും പൊതുവിദ്യാഭാസ മേഖലയിപ്പോൾ മുന്നോട്ട് കുതിക്കുകയാണ്. പഠിച്ച സ്‌കൂളിലേക്ക് ഒന്നുകൂടി ചെന്നാൽ അറിയാൻ സാധിക്കും, “നമ്മൾ പഠിച്ചിറങ്ങി കഴിഞ്ഞപ്പോൾ സ്‌കൂൾ അങ്ങ് നന്നായല്ലോ” എന്ന ഡയലോഗ് പൂർണ്ണമായും സത്യമാണെന്നു തോന്നിപോകും. മാറ്റങ്ങൾ വലിയ രീതിയിൽ പ്രകടമാണ്.
2016 ൽ ആയിരത്തോളം സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. പൊതു വിദ്യാലങ്ങളിൽ നിന്നും അഞ്ച് ലക്ഷം വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സമയത്താണ് പൊതുവിദ്യാഭ്യാസ രംഗത്തു നിന്നും വിപ്ലവാത്മകമായാ നിലപാട് ഉണ്ടാകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സർക്കാർ തുടക്കം കുറിച്ചു. ഇതിന്റെ ഫലമായി ഇന്ത്യയിൽ നീതിആയോഗിന്റെ ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പൊതു വിദ്യാഭ്യാസ രംഗം എന്ന നിലയിലേക്ക് ഉയർന്നതിനൊപ്പം പത്തു ലക്ഷം വിദ്യാർത്ഥികളാണ് പൊതു വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയത്. 2016 മുതൽ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞവും, വിദ്യാകിരണവും കേരളത്തിലെ സ്‌കൂളുകളെ കുറിച്ചുള്ള പൊതുധാരണ മാറ്റി. ഗവണ്മെന്റ് സ്‌കൂളിലാണ് പഠിക്കുന്നത് എന്ന് പറയുമ്പോൾ ചുളിയുന്ന മുഖങ്ങൾ ഇന്ന് അപ്രത്യക്ഷമാണ്. ഗുണമേന്മയുള്ള വിദ്യാഭാസം ഉറപ്പുനൽകുന്ന മേഖലയായി പൊതുവിദ്യാഭാസം വികസിച്ചു. സമൂഹത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസവും, അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നത് കേരളത്തത്തിലാണ്.

വിദ്യാഭാസ മേഖലയെ 10 വർഷത്തിനുള്ളിൽ നവീകരിച്ചു. പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി, സാമൂഹിക പഠനമുറി എന്നിവ ലഭ്യമാക്കി. ഒരു പതിറ്റാണ്ടു കാലം, സാമൂഹിക സാമ്പത്തിക ഘടകങ്ങൾ മൂലം മുഖ്യ ധാരയിൽ നിന്നും മാറി നിൽക്കേണ്ടി വന്നിരുന്ന മനുഷ്യരെ വിദ്യാഭാസവും, മികച്ച തൊഴിൽ സാധ്യകൾ കൊണ്ടും മികവുറ്റ ഭാവിയിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന വിദ്യാഭാസ നയം കരുത്താകുന്നത് അനേകം കുടുംബങ്ങളുടെ പ്രതീക്ഷകൾക്ക് കൂടിയാണ്.
സമൂഹത്തിലെ എല്ലായിടങ്ങളിലും മഴ പെയ്താൽ നനയുന്ന ക്ലാസ് മുറികൾ ഇന്നൊരു നൊസ്റ്റാൾജിയ ഓർമ്മ മാത്രമായി പകരം 9000 കോടി രൂപ വിനിയോഗിച്ചു അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തി. ഹൈടെക്ക് ക്ലാസ് മുറികളും, ലാബും സജ്ജീകരിച്ചു. ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ള പാഠ്യ പദ്ധതി പരിഷ്ക്കരിച്ചു, കാലതാമസമില്ലാതെ സ്‌കൂൾ തുറക്കുന്നതിനു മുൻപ് 593 ടൈറ്റിൽ പുസ്തകങ്ങളാണ് വിദ്യാർഥികൾക്ക് ഉറപ്പാക്കിയത്. പഠനസാമഗ്രഹികളായ, ടീച്ചർ സഹായികൾ, രക്ഷിതാക്കൾക്കുള്ള കൈപുസ്തകങ്ങൾ, ഭിന്നശേഷി സൗഹൃദ പുസ്തകങ്ങൾ കലാകായിക പുസ്തകങ്ങൾ, തൊഴിൽ പഠന പുസ്തകങ്ങൾ എന്നിവ വകുപ്പ് ഉറപ്പാക്കി. സംസ്ഥാനത്ത് ആദ്യമായി ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ഹെൽത്തി കിഡ്സ് പദ്ധതി നടപ്പിലാക്കി. കുട്ടികളുടെ കായിക രംഗത്തെ മികവുറ്റതാക്കുവാൻ കായിക മേളയെ ഒളിമ്പിക്സ് മാതൃകയിലേക്ക് ഉയർത്തി.
Education is the key to unlock the golden door of freedom. – George Washington Carver
ഒരു വ്യക്തിയുടെ ജീവിതത്തെ രൂപപ്പെടുത്തുവാൻ അടിത്തറ ഉറപ്പിക്കുന്നത് പ്രാഥമികമായി അവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലൂടെയാണ്. കേരളം ഓരോ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നുണ്ട് എന്നതിനുറപ്പാണ് നമ്മളിന്ന് കാണുന്ന മാറ്റങ്ങൾ. ഭാവിയിലേക്കുള്ള നിക്ഷേപങ്ങൾ കൂടിയാണ് നമുക്ക് ലഭിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം, അതിനെ ഏറ്റവും മികച്ചതാക്കി തീർക്കുവാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഉയരങ്ങളിലേക്ക് ഉയരുവാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിയട്ടെ, മികച്ചതാകട്ടെ ഭാവിയിലേക്കുള്ള ഓരോ ചുവടും.




