
മോദിയും മാധ്യമങ്ങളും
കോടതി വിചാരണകൾ പോലെയാണ് ഇപ്പോൾ മാധ്യമവിചാരണകളും നടക്കുന്നത്. പലപ്പോഴും മാധ്യമവിചാരണകളാണ് കൂടുതൽ തീഷ്ണമാവുന്നത്. പ്രധാനമന്ത്രി മോദിക്ക് കോടതി വിചാരണകളെക്കാളുപരി നേരിടേണ്ടിവന്നിട്ടുള്ളത് മാധ്യമവിചാരണകളെയാണ്. അദ്ദേഹത്തിന് ആരാധകരുണ്ട് ഒപ്പം ശക്തരായ വിമർശകരുമുണ്ട്. ഇന്ത്യയെ മഹത്തായ ഒരു ഭാവിയിലേക്ക് നയിക്കാൻ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പ്രാപ്തനായ നേതാവാണ് മോദി എന്ന് കരുതുന്നവരാണ് ആരാധകർ. എല്ലാവരുടെയും ആഗ്രഹങ്ങൾ നിറവേറ്റുന്ന, എല്ലാവർക്കും തുല്യാവസരങ്ങൾ നൽകുന്ന, ഒന്നായിരിക്കും പുതിയ ഇന്ത്യ എന്നാണ് മോദിയുടെ വാഗ്ദാനം. സമാധാനവും സാഹോദര്യവും ഐക്യവും വിളയാടുന്ന ഒന്നായിരിക്കും പുതിയ ഇന്ത്യ എന്ന വാഗ്ദാനവും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഇന്ത്യയുടെ മതനിരപേക്ഷത, ബഹുസ്വരത, ജനാധിപത്യം എന്നിവ തകർക്കാനാണ് മോദി നിലകൊള്ളുന്നതെന്ന് വിമർശകർ വിശേഷിപ്പിക്കുന്നു. 2002ലെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശകർ മോദിയെ കാണുന്നത്. അതുകൊണ്ടാണ് അയാൾ ഹിറ്റ്ലറെ പോലെയാണെന്നും ഫാസിസ്റ്റ് ആണെന്നും ജനാധിപത്യവിരുദ്ധനാണെന്നും മറ്റും മോദിയെ വിമർശകർ വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ വിഭജിക്കുന്ന മുഖ്യൻ എന്നാണ് അമേരിക്കയിൽ നിന്നിറങ്ങുന്ന ടൈംസ് പത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒപ്പം ‘‘ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണത്തിന്റെ പ്രതീക്ഷ’’ എന്നും അവർ വിശേഷിപ്പിച്ചു.
മോദി ഇന്ത്യയിലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാവുന്ന ഒരാളായി വളർന്നുവന്നത് ആരാലും അറിയപ്പെടാത്ത ആർഎസ്എസിലെ പ്രചാരക് എന്ന സ്ഥാനത്ത് നിന്നായിരുന്നു. ആർഎസ്എസിന്റെ പ്രചാരക് സ്ഥാനത്തുനിന്ന് അദ്ദേഹം ഗുജറാത്തിലെ ബിജെപിയുടെ ഓർഗനൈസിംഗ് സെക്രട്ടറി സ്ഥാനത്തേക്ക് വളർന്നു. തുടർന്നാണ് ദേശീയതലത്തിൽ നേതാവായി മാറുന്നത്. പരമ്പരാഗതമായി പ്രചാരക്മാരും സംഘടനാ സെക്രട്ടറിമാരും ഒക്കെ മാധ്യമങ്ങളിൽനിന്ന് വിട്ടുനിൽക്കുകയാണ് പതിവ്. എന്നാൽ മോദിക്ക് ചെറുപ്പത്തിൽ തന്നെ മാധ്യമങ്ങളുടെ പ്രാധാന്യം അറിയാമായിരുന്നു. മാധ്യമങ്ങളുമായുള്ള ബന്ധം ഉപയോഗിച്ച് ബിജെപി പ്രസിഡന്റ് അദ്വാനി 1990ൽ രഥയാത്ര നടത്തുമ്പോൾ അതിന് പ്രചാരവേല നടത്തി. നൂറുകണക്കിന് പത്രപ്രവർത്തകരാണ് ഒരു മാസം യാത്ര റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി തയ്യാറായത്. മാധ്യമങ്ങളെ മോഡി ഫലപ്രദമായി ഉപയോഗിച്ചതിന്റെ ഉദാഹരണമായിരുന്നു അത്. സംഘടനപരമായി ഗുജറാത്തിന്റെ ചുമതലയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് എന്നതുകൊണ്ട് രഥയാത്രയിൽ അദ്ദേഹം സോമനാഥ ക്ഷേത്രം മുതൽ മുംബൈ വരെ സഞ്ചരിച്ചു. മാധ്യമങ്ങൾക്ക് രഥയാത്ര കവർ ചെയ്യുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് മോഡി ആയിരുന്നു എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞിട്ടുണ്ട്.
മുതിർന്ന ടി വി മാധ്യമപ്രവർത്തകനായ രാജീവ് സർദേശായി മോദിയെക്കുറിച്ച് ഓർക്കുന്നത് ഇങ്ങനെയാണ്. ‘‘എല്ലാ വിശദാംശങ്ങളിലേക്കും അദ്ദേഹത്തിന്റെ കണ്ണ് ചെല്ലും. എല്ലാ ദിവസവും വൈകിട്ട് യാത്ര റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെല്ലാം അടുത്ത ദിവസത്തെ പരിപാടി സംബന്ധിച്ച് അച്ചടിച്ച ഒരു റിപ്പോർട്ട് അദ്ദേഹം കൊടുത്തിരിക്കും. യാത്ര കവർ ചെയ്യുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നത് മോദിയായിരിക്കും. വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ യാത്രാവഴിയിൽ തന്നെ തയ്യാറാക്കിയിരിക്കും. ബിജെപിയുടെ പ്രാദേശിക ആപ്പീസുകളാണ് ഇതിന്റെയൊക്കെ ചെലവ് വഹിക്കുക. ചിലപ്പോൾ വാർത്തയുടെ തലവാചകം ഇന്നതായിരിക്കണം എന്ന് നിർദ്ദേശം പോലും അദ്ദേഹം മാധ്യമങ്ങൾക്ക് നൽകും. സൂക്ഷ്മതല മാനേജ്മെന്റിന്റെ കാര്യത്തിൽ അപാര കഴിവാണ് മോദിക്കുണ്ടായിരുന്നത്’’.
1991ൽ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ നടന്ന ഏകതായാത്രയിൽ അദ്ദേഹം മോഡിയെയും കൂടെ കൂട്ടിയിരുന്നു. 1991 ഡിസംബറിൽ കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഏകതായാത്രയുടെ ലക്ഷ്യം 1992 ജനുവരി മാസത്തിലെ റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറിലെ ലാൽചൗക്കിൽ ദേശീയപതാക ഉയർത്തുക എന്നതായിരുന്നു. ഈ ജാഥയ്ക്ക് വലിയതോതിലുള്ള മാധ്യമ പിന്തുണയാണ് ലഭിച്ചത്. മീഡിയയെ കൈകാര്യം ചെയ്യാനുള്ള മോഡിയുടെ കഴിവിനെ ഉയർന്ന നേതാക്കളടക്കം അഭിനന്ദിച്ചു. വാർത്താമൂല്യം മണത്തറിയാനുള്ള കഴിവ് മോദിക്കുണ്ടെന്നായിരുന്നു അവരുടെ വിലയിരുത്തൽ. 2019ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പി എം നരേന്ദ്രമോദി എന്ന ഒരു സിനിമ റിലീസ് ചെയ്തിരുന്നു. അതിൽ ഏകതാ യാത്രയിൽ മോദി വഹിച്ച പങ്കിനെ ഉയർത്തിക്കാണിക്കുന്നുണ്ട്.
മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് കൂടാതെ പാർട്ടിയുടെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ മോദി വഹിച്ച പങ്കിനെക്കുറിച്ചും മാധ്യമങ്ങൾ ഇപ്പോൾ ഉയർത്തിക്കാണിക്കുന്നുണ്ട്. 1998ൽ ബിജെപിയുടെ അഖിലേന്ത്യാ തലത്തിലുള്ള ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനുശേഷം മോദി ഡൽഹിയിലേക്ക് യാത്രയായി. ദേശീയ തലസ്ഥാനത്തിൽ എത്തിയതിനുശേഷം മോദി പത്രാധിപന്മാരും ലേഖകന്മാരും ഒക്കെയായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുകയും അവരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തു. അന്നത്തെ ബിജെപി നേതാക്കളുടെ വാർത്തകൾ മാധ്യമങ്ങൾ കൊടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് മോദിയുടെ ചുമതലയായിരുന്നു. അദ്ദേഹം അന്ന് സ്ഥിരമായി പത്രസമ്മേളനങ്ങൾ വിളിച്ചുചേർത്തിരുന്നു. പ്രധാനമന്ത്രി ആയതിനുശേഷം നടത്തിയ ഒരു യോഗത്തിൽ അദ്ദേഹം ഇക്കാര്യം ഓർത്തെടുക്കുന്നുണ്ട്. ‘‘നിങ്ങളെ കാത്തുകൊണ്ട് ഞാൻ ഇവിടെ കസേരകൾ തയ്യാറാക്കിയിട്ടിരുന്നു. നമ്മൾ സ്വതന്ത്രമായി ആശയവിനിമയം നടത്തിയ ആ കാലം മറ്റൊന്നായിരുന്നു. വളരെ മനോഹരമായ ഒരു ബന്ധമാണ് എനിക്ക് നിങ്ങളുമായി ഉണ്ടായിരുന്നത്. ഗുജറാത്തിൽ എന്നെ അത് സഹായിച്ചിട്ടുണ്ട്’’ എന്നാണ് അവിടെ കൂടിയ പത്രാധിപന്മാരോടും റിപ്പോർട്ടർമാരോടും ഒക്കെ അദ്ദേഹം പറഞ്ഞത്. 2014ലെ ദീപാവലിയോട് അനുബന്ധിച്ച് ആയിരുന്നു ഈ കൂടിച്ചേരൽ. ഇങ്ങനെ മാധ്യമപ്രവർത്തകരുമായി നല്ല ബന്ധം ഉണ്ടാക്കിയെങ്കിലും അവർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഉത്തരം പറയാൻ അദ്ദേഹം തയ്യാറായില്ല.
ഡൽഹിയിലെ താമസം തന്റെ രാഷ്ട്രീയ കാഴ്ചപ്പാടും പ്രത്യയശാസ്ത്രവും ഉയർത്തി കാണിക്കുന്നതിന് മോഡിയെ സഹായിച്ചു. 1999 ൽ നടന്ന കാർഗിൽ യുദ്ധകാലത്ത് ബിജെപി പ്രസിഡണ്ടിന് പകരം മാധ്യമങ്ങളെ കാണുന്നതിനുള്ള ചുമതല മോദിക്കായിരുന്നു. അദ്ദേഹം നിരവധി മാധ്യമങ്ങളിൽ മാറിമാറി പ്രത്യക്ഷപ്പെടാൻ തുടങ്ങി. കാർഗിൽ യുദ്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു “നാം അവർക്ക് ചിക്കൻ ബിരിയാണി കൊടുക്കില്ല;അവർ ബുള്ളറ്റ് പ്രയോഗിക്കുമ്പോൾ അതിനെ ബോംബ് കൊണ്ട് പ്രതിരോധിക്കും” എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള ഉത്തരം.
1999 ഓടെ മോദിക്ക് വാജ് പേയിയുടെ പൂർണ്ണ വിശ്വാസം പിടിച്ചുപറ്റാൻ കഴിഞ്ഞു. 2011 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ആഗ്ര ഉച്ചകോടിക്കുശേഷം പാക്കിസ്ഥാൻ പ്രസിഡണ്ടായിരുന്ന പർവേസ് മുഷാറിനൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് മോദിയായിരുന്നു. ആ കടമ അദ്ദേഹം ഭംഗിയായി നിർവഹിച്ചു.
2001 സെപ്റ്റംബർ 11ന് അമേരിക്കയിൽ ഇരട്ട ടവറുകൾ ആക്രമിക്കപ്പെട്ട ശേഷം നടത്തിയ ഒരു മാധ്യമ ചർച്ചയിൽ ഇന്ത്യയിലെ വൻകിട മാധ്യമങ്ങളിൽ ഒരു വിഭാഗം വ്യാജ മതേതരത്വവാദികൾ ആണെന്ന ആക്ഷേപം അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതിനുശേഷം ആണ് ചില ബിജെപി നേതാക്കൾ എല്ലാ മുസ്ലിങ്ങളും ഭീകരവാദികളല്ല;എന്നാൽ എല്ലാ ഭീകരവാദികളും മുസ്ലിങ്ങളാണ് എന്ന് പ്രചരിപ്പിക്കാൻ തുടങ്ങിയത്. വ്യാജ മതേതരത്വവാദികൾ എന്ന പ്രയോഗം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം സ്ഥിരമായി നടത്താറുണ്ട്. മാധ്യമങ്ങളെയാണ് മോദി അങ്ങനെ ആക്രമിക്കാറുള്ളത്. അവർക്ക് ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുണ്ട് എന്നതായിരുന്നു കാരണം.
2001 ഒക്ടോബർ ഏഴിനാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ ഇതിന് വ്യാപകമായ പ്രചാരമാണ് നൽകിയത്. ആർഎസ്എസിന്റെ പ്രചാരകായി പ്രവർത്തിച്ചിരുന്ന ഒരാൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത് ഇതാദ്യമായിട്ടായിരുന്നു. പക്ഷേ 2002 ഫെബ്രുവരിയിൽ ഗുജറാത്ത് കലാപം നടന്നതോടെ ഈ ബന്ധത്തിന്റെ ഊഷ്മളത കുറയാൻ തുടങ്ങി. ലഹളയിൽ ഹിന്ദുക്കൾ മാത്രമല്ല മുസ്ലീങ്ങളും പങ്കെടുത്തിരുന്നു. രണ്ടുഭാഗത്തും ധാരാളം മരണങ്ങളും നടന്നിട്ടുണ്ട്. ദേശീയ സർവദേശീയ മാധ്യമങ്ങൾ വിശദമായി ഈ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഗുജറാത്ത് ഗവൺമെന്റിന്റെ പങ്കെന്ത് എന്ന കാര്യം അവർ നിരന്തരം ചോദിച്ചു കൊണ്ടിരുന്നു. രൂക്ഷമായ ഇത്തരം ആക്രമണങ്ങൾ തടയാൻ കഴിയാതെ പോയതിന് മുഖ്യമന്ത്രിയെ അവർ കുറ്റപ്പെടുത്തി.ഹിന്ദു സംഘടനകൾക്ക് വർഗീയ ലഹളകളുമായി ബന്ധമൊന്നുമില്ല എന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി എൽകെ അധ്വാനി പരസ്യമായി പ്രസ്താവന ഇറക്കി.
2002ലെ ലഹളകൾക്ക് ശേഷം മാധ്യമങ്ങൾ മോദിയുടെ പ്രതിഛായ ഉയർത്തിക്കാണിക്കുന്നതിൽ രണ്ടു ചേരിയായി തിരിഞ്ഞു. ഒരു കൂട്ടർ മോദിയെ കണ്ടത് വർഗീയ ധ്രുവീകരണത്തിന് നേതൃത്വം കൊടുക്കുന്നയാൾ എന്ന നിലയിലായിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി ഒന്നും ചെയ്യാത്ത ആളാണ് മോദി എന്നതായിരുന്നു അവരുടെ ആക്ഷേപം. എന്നാൽ ഗുജറാത്തിലെ പ്രാദേശികമാധ്യമങ്ങൾ മോദിക്ക് പിന്നിൽ ഉറച്ചുനിന്നു. അവർ മോദിയുടെ വികസന മാതൃക ലോകോത്തരം എന്ന് പുകഴ്ത്തി പാടി. സബർമതി എക്സ്പ്രസ്സിന്റെ ഏതാനും കോച്ചുകൾ കത്തിച്ച സമയത്ത് എടുത്ത നിലപാടിനെ മോദി സ്വയം ന്യായീകരിച്ചു.
ഗോദ്ര കലാപം സംബന്ധിച്ച കോൺഗ്രസ് നിലപാടുകൾ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെയാണ് മോദിക്ക് മാധ്യമങ്ങളോട്, വിശിഷ്യാ ദൃശ്യമാധ്യമങ്ങളോട് ഉള്ള വെറുപ്പ് ആരംഭിക്കുന്നത്. ടിവി ചാനലുകൾ പലതും കലാപത്തിൽ ഉണ്ടായ ചില സംഭവങ്ങളുടെ വീഡിയോകൾ ആവർത്തിച്ചു കാണിച്ചു കൊണ്ടിരുന്നു. 2002 മാർച്ച് 1‐ന്റെ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രസിദ്ധ പത്രപ്രവർത്തകനായ സിദ്ധാർത്ഥ് വരദരാജൻ എഴുതിയത് താഴെപ്പറയും പ്രകാരമായിരുന്നു. ‘‘ഇപ്പോൾ നടക്കുന്ന ഉദ്യോഗിക അന്വേഷണം സബർമതി എക്സ്പ്രസിന് നേരെ നടന്ന ആക്രമണം എത്രമാത്രം മുൻകൂട്ടി തീരുമാനിച്ചതാണെന്ന് വ്യക്തമാക്കും. എന്നാൽ ഫെബ്രുവരി 28 വ്യാഴാഴ്ച ഗുജറാത്തിലെ മുസ്ലീങ്ങൾക്കെതിരായി നടന്ന അതിക്രമങ്ങൾ ആസൂത്രിത സ്വഭാവമുള്ളതായിരുന്നു എന്നതിൽ സംശയമില്ല.’’ എന്നായിരുന്നു. ഇതിനെക്കുറിച്ച് മോദി പറഞ്ഞത് ഇങ്ങനെ “മാധ്യമങ്ങൾ ഒന്നും തന്നെ സമാധാനം പാലിക്കണമെന്ന് അഭ്യർത്ഥിച്ചില്ല. ചില മുഖപ്രസംഗങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ സാധാരണ ജനങ്ങളൊന്നും തന്നെ മുഖപ്രസംഗങ്ങൾ വായിക്കാറില്ല.’ എന്നായിരുന്നു. സമാധാനം പാലിക്കണമെന്ന് ആവർത്തിച്ച മോഡിയുടെ അഭ്യർത്ഥനകൾ പലവട്ടം സംപ്രേക്ഷണം ചെയ്യപ്പെട്ടിരുന്നു. 2002 ഫെബ്രുവരി 28 നാണ് മോദിയുടെ പ്രസംഗം ദൂരദർശൻ സംപ്രേക്ഷണം ചെയ്തത്. എന്നാൽ അതിൽ ഒരിടത്തും അദ്ദേഹം കലാപത്തെക്കുറിച്ച് പരാമർശിച്ചിരുന്നില്ല, എന്നാൽ ഗോദ്രയെക്കുറിച്ച് പറയുന്നുമുണ്ട്.
ഡൽഹിയിൽ പ്രവർത്തിക്കുന്ന മറ്റു പാർട്ടികളുടെ ഔദ്യോഗിക വക്താക്കൾ ചെയ്യുന്നതുപോലെ മോദിയും ഗുജറാത്ത് കലാപത്തെയും ന്യൂയോർക്കിൽ നടന്ന 9/11 സംഭവത്തെയും താരതമ്യം ചെയ്തിരുന്നു. ഇരട്ട ടവറുകൾക്കെതിരായി നടന്ന ആക്രമണത്തിൽ മൃതദേഹങ്ങളുടെ ചിത്രങ്ങൾ അവിടത്തെ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നില്ല. ഇവിടെ അത് ചെയ്തിരുന്നു. ന്യൂയോർക്കിലെയും ഗുജറാത്തിലെയും സംഭവങ്ങൾ വ്യത്യസ്തമാണെന്ന കാര്യം മറച്ചു വയ്ക്കപ്പെടുകയാണ് ചെയ്തത്.
2002 മുതൽ അഭിമുഖം അനുവദിക്കണമെങ്കിൽ ചോദിക്കാൻ ഉദ്ദേശിക്കുന്ന ചോദ്യങ്ങൾ മുൻകൂട്ടി നൽകണമെന്ന് മോദിയുടെ ഓഫീസ് മാധ്യമങ്ങളോട് ആവശ്യപ്പെടാൻ തുടങ്ങി.
മോദിയുടെ ഇമേജ് ഉയർത്തി കാണിക്കുന്നതിനായി അദ്ദേഹത്തിന്റെ മാധ്യമ മാനേജ്മെന്റ് വ്യത്യസ്തങ്ങളായ തന്ത്രങ്ങൾ പ്രയോഗിക്കാനാരംഭിച്ചു. അതുവരെ ഹിന്ദു ഹൃദയസാമ്രാട്ടായി അറിയപ്പെട്ടിരുന്ന മോഡി വികാസ് പുരുഷനായി ചിത്രീകരിക്കപ്പെടാൻ തുടങ്ങി. ഗുജറാത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി 2003 ൽ ആഗോള നിക്ഷേപക സംഗമം വിജയകരമായി വിളിച്ചു ചേർത്തു. സാമ്പത്തിക പരിഷ്കാരങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തി കാണിക്കുന്നതിനായി അപരിമിതമായ ഗുജറാത്ത്, ഉയർത്തെഴുന്നേൽക്കുന്ന ഗുജറാത്ത് എന്നീ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചു. 2019 ബിഗ് ബി അമിതാഭ് ബച്ചൻ ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയോഗിക്കപ്പെട്ടു. ഗുജറാത്തിൽ നിക്ഷേപം നടത്താൻ എത്തുന്ന എൻആർഐ ഗുജറാത്തികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി.
2002ലെ കലാപങ്ങളെ തടയുന്നതിൽ ഉണ്ടായ വീഴ്ച ദേശീയ മാധ്യമങ്ങൾ ഉയർത്തിക്കാണിച്ചതിലുള്ള പരാജയം മറികടക്കുന്നതിനായി അതിനെ ഹിന്ദുക്കൾക്കും ഗുജറാത്തികൾക്കും എതിരായ ബോധപൂർവ്വമായ പ്രചാരവേലയായി ചിത്രീകരിക്കാൻ ബിജെപിക്ക് കഴിഞ്ഞു. അത് അവരുടെ സാധ്യത വർദ്ധിപ്പിച്ചു. അനീതിക്കെതിരായി പോരാടാൻ ഗുജറാത്തികളെ പഠിപ്പിച്ചത് ഗാന്ധിജിയാണ് എന്നാണ് മോദി പ്രസ്താവിച്ചത്. 2002 സെപ്റ്റംബറിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൗരവ് യാത്ര എന്ന പേരിൽ പ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഗൗരവ് യാത്രയ്ക്ക് താൻ നേതൃത്വം കൊടുക്കുമെന്നും ഗുജറാത്ത് കൊലപാതകികളുടെയും ബലാത്സംഗ വീരന്മാരുടെയും വ്യാജ മതേതരവാദികളുടെയും നാടല്ലെന്ന് അഞ്ചു കോടി ഗുജറാത്തികളോട് പറയുമെന്നുമാണ് മോദി പത്രസമ്മേളനത്തിൽ പറഞ്ഞത്.
ഗോദ്ര കലാപത്തിൽ മോദിയുടെ പങ്ക് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉളവാക്കി. മാർച്ച് 2005ൽ അമേരിക്കൻ യാത്രയ്ക്കായി ഡിപ്ലോമാറ്റിക് വിസക്ക് നൽകിയ അദ്ദേഹത്തിന്റെ അപേക്ഷ അമേരിക്കൻ ഭരണകൂടം തള്ളിക്കളഞ്ഞു. അമേരിക്കൻ കോൺസുലാർ അദ്ദേഹത്തിന് ഡിപ്ലോമാറ്റിക് വിസ നിഷേധിച്ചത് 2002ലെ കലാപങ്ങൾക്ക് ഉത്തരവാദി മോദിയാണെന്ന ധാരണയിലായിരുന്നു. പിന്നീട് അത് മാറ്റിക്കിട്ടാൻ വേണ്ടി ലോക്‌സഭാ അംഗങ്ങൾ ബരാക് ഒബാമയ്ക്ക് പരാതി നൽകുന്നുണ്ട്.
2002‐2007 കാലത്തെ മോദി ഭരണം ഗുജറാത്തിന്റെ സാമ്പത്തിക രംഗത്ത് മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. 2007ലെ തെരഞ്ഞെടുപ്പ് കാലത്ത് താടിയുള്ള ദൈവമായിട്ടാണ് മാധ്യമങ്ങൾ മോഡിയെ പാടി പുകഴ്ത്തിയത്. മോഡി നടത്തിയ പവർ പോയിൻറ് പ്രസന്റേഷനുകൾ, വീഡിയോ കോൺഫറൻസുകൾ, ഈ ഗവേണൻസ്, ബ്രോഡ്ബാൻഡ് ടെലിഫോണി എന്നിവയൊക്കെ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തി. അതിന് അവർ വലിയ പ്രചാരവേല നൽകി. സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ പാക്കറ്റുകളിൽ അടക്കം മോഡിയുടെ പടം വയ്ക്കാൻ ആരംഭിച്ചു. സ്കൂളിൽ ഉപയോഗിക്കുന്ന നോട്ടുബുക്കുകളിലും മോഡിയുടെ പടം അച്ചടിച്ച് ചേർത്തു. സർക്കാർ പരിപാടികൾ ഒക്കെ മോദി പരിപാടികളായി വാഴ്ത്തപ്പെട്ടു.
2007 അവസാനത്തോടെ മോദി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ തന്റെ ആദ്യത്തെ അഞ്ചുവർഷം പൂർത്തീകരിച്ചു. ഇതിനിടയിൽ അദ്ദേഹം മാധ്യമങ്ങളെ രണ്ടായി വേർതിരിച്ചിരുന്നു. തന്നോട് അനുകമ്പ കാണിക്കുന്നവരും അല്ലാത്തവരും എന്നതായിരുന്നു ആ വിഭജനം. അല്ലാത്തവരെയൊക്കെ അദ്ദേഹം വ്യാജ മതേതരവാദികളായാണ് മുദ്രകുത്തിയത്.അക്രമോത്സുകമായിരുന്നു അവരോടുള്ള പെരുമാറ്റം. 2007ൽ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മോദിയും പ്രമുഖ മാധ്യമപ്രവർത്തകനായ കരൺ ഥാപ്പറുമായുള്ള ഒരു മൂന്നു മിനിറ്റ് അഭിമുഖം നടന്നു. സി എൻ എൻ /ഐ ബി എൻ ചാനലിൽ ഡെവിൾസ് അഡ്വക്കേറ്റ് എന്ന അഭിമുഖ പരിപാടി നടത്തിയിരുന്നത് ഥാപ്പറായിരുന്നു. മോദിയുടെ കഴിഞ്ഞ കാലഭരണത്തിന് രാജീവ് ഗാന്ധി ഫൗണ്ടേഷൻ സദ് ഭരണം എന്ന അംഗീകാരം കൊടുത്തിരുന്നു. ഇന്ത്യ ടുഡേ മാഗസിനും നല്ല ഭരണാധികാരി എന്ന അംഗീകാരം മോദിക്ക് നൽകിയിരുന്നു. ഇത് രണ്ടും എടുത്തു പറഞ്ഞു പുകഴ്ത്തിയതിനു ശേഷം ഇത്രയും പ്രഗൽഭനായ ഭരണാധികാരിയായിരുന്നിട്ടും കൂട്ടക്കൊലപാതകി എന്ന് താങ്കൾ അറിയപ്പെടുന്നത് എന്തുകൊണ്ട്? എന്ന ചോദ്യം ഉന്നയിച്ചു. 2003‐2004 വർഷങ്ങളിൽ സുപ്രീംകോടതി വിധികളിൽ നിന്ന് വന്ന പരാമർശങ്ങൾ അടക്കം എടുത്തുപറഞ്ഞു കൊണ്ടായിരുന്നു ഥാപ്പർ ചോദ്യം ചോദിച്ചത്. “താങ്കൾ ഇവിടം വരെ വന്നതിൽ ഞാൻ സന്തോഷവാനാണ്. താങ്കൾക്ക് നന്ദി. എനിക്ക് ഈ അഭിമുഖത്തിൽ പങ്കെടുനാവില്ല. അവ താങ്കളുടെ ആശയങ്ങളാണ്. താങ്കൾ സംസാരിച്ചു കൊള്ളൂ… എനിക്ക് താങ്കളുമായുള്ള സ്നേഹബന്ധം തുടർന്നു കൊണ്ടുപോകണം എന്നാണ് ആഗ്രഹം.’എന്ന് പറഞ്ഞ് അഭിമുഖം അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയാണ് മോദി ചെയ്തത്.
2014 കേന്ദ്രത്തിൽ ഭരണാധികാരത്തിൽ വന്നപ്പോഴും ബിജെപി മന്ത്രിമാരും നേതാക്കളും വാക്താക്കളും ഒന്നും തന്നെ കരൺ ഥാപ്പർക്ക് അഭിമുഖം അനുവദിക്കാൻ പോലും തയ്യാറായില്ല എന്നതാണ് ഇതിനോട് ബിജെപി സ്വീകരിച്ച സമീപനം. l




