
2025ൽ ചുമയ്‌ക്കുള്ള കഫ് സിറപ്പ് കുടിച്ച 23 കുട്ടികളാണ് മധ്യപ്രദേശിൽ മരിച്ചത്. കോൾഡ് റിഫ് എന്ന മരുന്ന് കഴിച്ച ഒരു കുട്ടിക്ക് ആദ്യ ജീവൻ നഷ്ടമായി. പിന്നീട് ഇതേ ലക്ഷണങ്ങളോടെ 22 പേർ കൂടി മരിച്ചു. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ അധികൃതര്‍ നടത്തിയ അന്വേഷണത്തിൽ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കടുത്ത പാർശ്വഫലങ്ങൾ ഉള്ള മരുന്നുകൾ നിർമിക്കുകയും അത് വിൽപന നടത്തുകയും ചെയ്യുന്ന ഫാർമസ്യൂട്ടികൽ കമ്പനികൾ നടത്തുന്ന ക്രിമിനൽ കുറ്റകൃത്യങ്ങളുടെ നേർ കാഴ്‌ചയാണ് ‘ഫാർമ’ എന്ന വെബ് സീരീസിന്റെ ഇതിവൃത്തം.
രണ്ട് വർഷം ഫാർമ മേഖലയിൽ ജോലി ചെയ്ത പി ആർ അരുണാണ് വെബ് സീരിസ് ഒരുക്കിയത്. ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ മാഫിയയും അഴിമതിയും പ്രമേയമാക്കിയുള്ള ചിത്രം ഒരു മെഡിക്കൽ ത്രില്ലർ എന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. നിവിൻ പോളി, രജിത് കപൂർ, ശ്രുതി രാമചന്ദ്രൻ, നരേൻ, ബിനു പപ്പു, വീണ നന്ദകുമാർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ജിയോ ഹോട്ട്സ്റ്റാറിൽ സ്‌ട്രീം ചെയ്യുന്ന ഫാർമയിൽ 8 എപ്പിസോഡുകളാണുള്ളത്. മരുന്ന് കമ്പനികളുടെ കമ്പോള നേട്ടത്തിനായുള്ള ബിസിനസ് രീതികൾക്കൊപ്പം ഇൗ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിതവും ഒരേ സമയം അനാവരണം ചെയ്യുന്നുണ്ട് ചിത്രം. മനുഷ്യർ ഏറ്റവും പ്രതീക്ഷയോടെ കാണുന്ന ആരോഗ്യ രംഗത്ത് നടക്കുന്ന, ലാഭം മാത്രം ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളുടെ കാഴ്‌ചയാണ് ഫാർമ. വിപണി മത്സരം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കൊപ്പം മരുന്ന് വിൽക്കാനായി ബാഗും തൂക്കി വരുന്ന തൊഴിലാളികളുടെ കാഴ്‌ച കൂടിയാണ് ചിത്രം. ഇവിടെയാണ് ഫാർമ അതിന്റെ രാഷ്‌ട്രീയ അനാവരണം പൂർണതയിലെത്തുന്നത്.
ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുന്ന രോഗികൾക്കിടയിൽ വലിയ ബാഗുകൾ നിറയെ മരുന്നുമായി ഡോക്ടർമാരെ കാണാൻ കാത്തിരിക്കുന്ന മെഡിക്കൽ റെപ്പുമാരായ തൊഴിലാളികളുടെ കാഴ്‌ചയിലൂടെയാണ് ഫാർമ അതിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക ഭദ്രത നേടാനും അമ്മയുടെ ഡയാലിസിസിന് ആവശ്യമായ മെഡിക്കൽ കവറേജ് കിട്ടാനുമാണ് കെ പി വിനോദ് എന്ന നിവിൻ പോളി കഥാപാത്രം ഇൗ മേഖലയിലേക്ക് വരുന്നത്. 2008 മുതൽ 2026 വരെയുള്ള കാലഘട്ടത്തിലായാണ് ഫാർമയുടെ കഥ നടക്കുന്നത്.
മെഡിക്കൽ റെപ്പായി അതിജീവിക്കാൻ കഷ്ടപ്പെടുന്ന വിനോദിൽ നിന്ന് കമ്പനിയിലെ പ്രധാനിയായുള്ള വളർച്ചയാണ് ചിത്രം. അതിനൊപ്പം തന്നെ ഇൗ മേഖലയിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ കാഴ്‌ചയുമായാണ് ഫാർമ വികസിക്കുന്നത്. കമ്പനി ഗർഭിണികൾക്കായി ഒരു പ്രത്യേക മരുന്ന് പുറത്തിറക്കുന്നു. ഇതിന്റെ വിൽപന നടത്തിക്കുന്നതിൽ വിനോദ് വിജയിക്കുകയും ജീവിതം മാറുകയും ചെയ്യുന്നു. എന്നാൽ മരുന്ന് പുറത്ത് ഇറക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ പാലിക്കാതെയുള്ള ഇൗ മരുന്നിന്റെ നിർമാണവും വിതരണവും ഒരുപാട് ജീവിതങ്ങളെ ബാധിക്കുന്നു. ഇൗ കുറ്റകൃത്യത്തിൽ താൻ കൂടി ഭാഗമാണെന്ന തിരിച്ചറിവിൽ വിസിൽ ബ്ലോവറായി മാറുകയാണ് വിനോദ്.
ഉള്ളടക്കത്തിന്റെ കരുത്തുള്ള ചിത്രം പക്ഷെ അവതരണത്തിലെ അലസതയിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോകുന്നുണ്ട്. ഫാർമ മേഖലയിൽ ജോലി ചെയ്‌ത സംവിധായകൻ അരുൺ തന്റെ അനുഭവം കൂടി ചേർത്താണ് സിനിമയെ ഡിസൈൻ ചെയ്‌തിട്ടുള്ളത്. എന്നാൽ പലപ്പോഴും ഒരു ഡോക്യൂമെന്ററിയുടെ സ്വഭാവം കൈവരിക്കുന്നുണ്ട്. ഇതിനെ ബോധപൂർവം മറികടക്കാനായി നടത്തുന്ന സിനിമാറ്റിക് ഗിമ്മിക്കുകൾ പക്ഷെ സിനിമയെ കൂടുതൽ മോശമാക്കുകയാണ് ചെയ്യുന്നത്. എഴുത്തിൽ സൃഷ്ടിക്കാൻ കഴിയുമായിരുന്ന സാധ്യതകളെ അപ്പാടെ തള്ളി വളരെ ഫ്ലാറ്റായ പരിചരണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇൗ സാഹചര്യങ്ങളിൽ സിനിമ/ വെബ് സീരിസിനെ പിടിച്ച് നിർത്തുക പ്രകടനങ്ങളാണ്. നിവിൻ പോളി ഭൂരിപക്ഷം രംഗങ്ങളിലുമുള്ള സിനിമയിൽ പക്ഷെ അതിനുള്ള പരിശ്രമങ്ങൾ നിവിനിൽ നിന്നുണ്ടാകുന്നില്ല. ബിനു പപ്പു, മുത്തുമണി, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ തുടങ്ങി നല്ല താര നിരയുണ്ടായിട്ടും പ്രകടനങ്ങളിൽ മികവ് ഇല്ലാതെ പോയത് എഴുത്തിലെ പോരായ്‌മ കാരണമാണ്.
വിദേശ ഭാഷാ വെബ് സീരിസുകൾ പുലർത്തുന്ന ഒരു മുറുക്കവും ഒതുക്കവും ഇന്ത്യൻ ഭാഷാ സീരിസുകളിലുണ്ടാകാറില്ല. അത് ഇവിടെയും ആവർത്തിക്കുന്നുണ്ട്. പറഞ്ഞ് പോകുക, അതിനൊപ്പം കാഴ്‌ച സൃഷ്ടിക്കുക എന്ന രീതയാണ് ഫാർമയിലുമുള്ളത്. അതിന് ഇടയിലേക്ക് വൈകാരിക രംഗങ്ങൾ സന്നിവേശിപ്പിക്കുകയാണ് ചിത്രം ചെയ്‌തിട്ടുള്ളത്. അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണമാണ് എടുത്ത് പറയാനുള്ള ഫാർമയുടെ മികവ്. സിങ്കിൾ ഷോട്ടുകൾ കാഴ്‌ചയെ വളരെ സ്വാഭാവിക നിറയ്‌ക്കുന്നുണ്ട്. തുടക്കത്തിൽ ആശുപത്രിയുടെ ലോകം വിനോദിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന രംഗം അത്തരത്തിൽ മികച്ചു നിൽക്കുന്ന ഒന്നാണ്. മരുന്ന് കമ്പനികളുടെ കോർപറേറ്റ് ലോകവും ക്രിമിനൽ സ്വഭാവവും തുറന്ന് കാണിക്കുന്നു എന്നതിൽ ഒതുങ്ങി പോകുകയാണ് ഫാർമ.





