
1950 കാലഘട്ടത്തിലെ മദ്രാസിലെ സിനിമാമേഖലയാണ് കാന്തയുടെ പശ്ചാത്തലം. തമിഴ് സിനിമയിലെ താരമായ ടി കെ മഹാദേവനും അദ്ദേഹത്തിന്റെ ഗുരുവുമായ അയ്യയും തമ്മിലുള്ള തൻപോരിന്റെ കഥയാണ് കാന്ത. ഗുരുവായി സമുദ്രകനിയും മഹാദേവനായി ദുൽഖർ സൽമാനുമാണ് എത്തിയത്. പോര് തുടരുന്നതിനിടയിൽ നിന്നുപോയ സിനിമയുടെ ചിത്രീകരണം പുനഃരാരംഭിക്കുന്നു. ആ സിനിമയിലേക്ക് നായികയായി അയ്യ തന്റെ പുതിയ ശിഷ്യയായ കുമാരിയെ കൊണ്ടുവരുന്നു. ഭാഗ്യശ്രീ ബോസെയാണ് കുമാരിയായി അഭിനയിച്ചത്. ഇതിനകത്തേക്ക് ഒരു കുറ്റകൃത്യവും എത്തുന്ന ഒരു ഷേക്‌സ്‌പിയറീയൻ ആഖ്യാനമാണ് സംവിധായകൻ സെൽവമണി സെൽവരാജ് കാന്തയ്‌ക്ക് നൽകിയത്.
നേട്ടങ്ങൾക്കായുള്ള രണ്ടു മനുഷ്യരുടെ ത്വര, അതിനിടയിൽ ഉടലെടുക്കുന്ന പ്രണയം, ഇൗഗോ, അഹങ്കാരം, ആഗ്രഹം, വിശ്വാസവഞ്ചന, നൈരാശ്യം ഇങ്ങനെ മനുഷ്യ ചിന്തകളുടെ വിവിധ തലങ്ങളിലൂടെയാണ് കാന്തയുടെ വികാസം. താൻ താരമാക്കി മാറ്റിയ മഹാദേവൻ തന്നെ തള്ളിപറയുന്നതോടെ അയ്യയുമായി വേർപിരിയുന്നു. ഒരു ബയോപിക്കിന്റെ ഘടനയാണ് സിനിമയ്‌ക്ക് ആദ്യത്തിൽ അധികവും. അതേസമയം തകർന്ന നിർമാണ കമ്പനിയെ തിരിച്ചുകൊണ്ടുവരാൻ പാതിയിൽ നിലച്ച സിനിമ പൂർത്തിയാക്കാൻ അയ്യയും മഹാദേവനും ഒന്നിക്കുന്നു. ശാന്ത എന്ന പേരിൽ ഒരുക്കുന്ന സിനിമയിലൂടെ നായികയായി കുമാരിയെ അയ്യ കൊണ്ടുവരുന്നു. മഹാദേവന്റെ ‘അഹന്ത’ തകർക്കാൻ കുമാരിക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. എന്നാൽ കുമാരിയും മഹാദേവനും തമ്മിൽ പ്രണയത്തിലാകുന്നു. ഇത് മൂന്ന് പേർക്കിടയിൽ സൃഷ്ടിക്കുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് കാന്തയുടെ പ്രധാനഘട്ടം.

രണ്ടു പേർ തമ്മിലുണ്ടാകുന്ന സംഭവങ്ങളും അതിന്റെ സംഭാഷണങ്ങളും കേന്ദ്രീകരിച്ച് നിൽക്കുന്ന സിനിമയ്‌ക്ക് ഉണ്ടാകാൻ സാധ്യതയുള്ള കാഴ്‌ചാ ബുദ്ധിമുട്ടുകളെ സൂക്ഷ്‌മമായി സംവിധായകൻ മറികടക്കുന്നുണ്ട്. അഭിനേതാക്കളുടെ അസാധ്യ പ്രകടനത്തിനൊപ്പം ശബ്ദ– ദൃശ്യ സാധ്യതയെ കൃത്യമായി ചേർക്കുന്ന കാഴ്ചയാണ് കാന്ത. ഒരു പീരിയഡ് ഡ്രാമ എന്ന നിലയിൽ തന്നെയാണ് കാന്തയുടെ വേഗവും താളവും. പതിഞ്ഞ താളത്തിൽ പോകുന്ന സിനിമയുടെ കാഴ്‌ചയും പ്രേക്ഷകനും തമ്മിൽ വിട്ട് പോകാതെ സൂക്ഷിക്കുന്നതിൽ സാങ്കേതിക മേഖലയും കഥാപാത്രങ്ങളുടെ പ്രകടനങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
രണ്ടു പുരുഷന്മാരുടെ ഇൗഗോ ക്ലാഷിലേക്ക് പ്രണയത്തിന്റെയും വഞ്ചനയുടേയും ദുരൂഹതയുടെയും ട്രാക്ക് കൂടി വരുന്നതിലൂടെ സിനിമ അടുത്ത തലത്തിലേക്ക് ഉയരുന്നുണ്ട്. ബയോ പിക്കിന്റെ സ്വഭാവത്തിലുള്ള കഥപറച്ചിൽ രണ്ടാം പാതിയിൽ ഒരു കുറ്റാന്വേഷണ സ്വഭാവം കൈവരിക്കുന്നുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റിലാണ് സിനിമയുടെ കുറേ കാഴ്‌ചകൾ. കാലം അടയാളപ്പെടുത്താൻ കറുപ്പും വെളുപ്പും മാത്രമുള്ള കാഴ്‌ച സഹായിക്കുന്നുണ്ട്. സിനിമയ്‌ക്കുള്ളിലെ സിനിമ എന്ന രീതിയിലും കഥപറച്ചിൽ മാറുന്നുണ്ട്. ഇങ്ങനെ പല അടരുകളായും പല രീതിയിലും കഥപറച്ചലിൽ ഉപയോഗിക്കുന്നത് ഒരേസമയം പുതുമയും ചിലയിടത്തിൽ ഇൗ മാറ്റം കാഴ്‌ചയുടൈ രസച്ചരട് മുറിക്കുകയും ചെയ്യുന്നുണ്ട്.
ദുൽഖറിന്റെ ഏറ്റവും മികച്ച പ്രകടനമാണ് സൂപ്പർസ്റ്റാർ ടി കെ മഹാദേവനായുള്ള പകർന്നാട്ടം. നടി സാവിത്രയുടെ ജീവിതം പറയുന്ന മഹാനടിയിലെ പ്രകടനമായിരുന്നു ഇതുവരെ ദുൽഖറിന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ചത്. ജെമിനി ഗണേശനായുള്ള ആ വേഷപ്പകർച്ചയോളമോ അതിനു മുകളിലോ നിൽക്കുന്ന ഒന്നാണ് കാന്തയിലേത്. നായകനായും പ്രതിനായകനായും മാറുന്ന കഥാപാത്രത്തിന്റെ എല്ലാ വൈകാരികതയും അമർഷവും വഞ്ചനയുമെല്ലാം ദുൽഖർ അനായാസം സ്‌ക്രീനിലെത്തിക്കുന്നുണ്ട്. ദുൽഖറിനൊപ്പം സ്‌ക്രീൻ ഏറിയ സമയവും പങ്കിടുന്ന സമുദ്രകനിയും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. ആത്മസംഘർഷങ്ങളും വഞ്ചിക്കപ്പെടുന്നയാളുടെ വികാരങ്ങളും അയ്യ എന്ന കഥാപാത്രത്തിന്റേതാക്കി മാറ്റുന്നത് സമുദ്രകനിയുടെ വേഷപകർച്ചയുടെ മികവിലാണ്. നടി എന്ന രീതിയിൽ സ്വയം അടയാളപ്പെടുത്തുന്നുണ്ട് ഭാഗ്യശ്രീ ബോർസെ. കുമാരിയെന്ന കഥാപാത്രം ഭാഗ്യശ്രീയുടെ സിനിമാ ജീവിതത്തിലെ സുപ്രധാന ചുവടുവയ്പാണ്. കാന്ത ഇറങ്ങുമ്പോൾ അഞ്ചു സിനിമകളുടെ ചെറുപ്പമാണ് ഭാഗ്യശ്രീ. തെന്നിന്ത്യൻ സിനിമയിലെ നായികമാർ ‘നായകനൊരു നായിക’ മാത്രമായി ചുരുങ്ങുന്നുവെന്ന വിമർശനങ്ങളോട് ഉശിരുള്ള പ്രകടനത്തിലൂടെ ഇവർ മറുപടിയുമാകുന്നുണ്ട്.
കാന്ത കണ്ടിറങ്ങുന്ന പ്രേക്ഷകരിൽ സ്വഭാവികമായി ഉയരുന്ന ചോദ്യം ദുൽഖർ സൽമാന്റെ മലയാള സിനിമ തെരഞ്ഞെടുപ്പുകളെക്കുറിച്ചാണ്. ഇതര ഭാഷാ സിനിമകളിൽ തിളങ്ങുന്ന ദുൽഖറിന് മലയാള സിനിമയിലെത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന സ്വാഭാവിക ചോദ്യം കാന്ത സമ്മാനിക്കുന്നുണ്ട്. ദുൽഖർ എന്ന നടനെ ഇപ്പോൾ ഉപയോഗിക്കുന്ന പോലെയല്ല മലയാള സിനിമ ഉപയോഗിക്കേണ്ടതെന്ന് കാന്തയിലെ ഓരോ രംഗങ്ങളും വിളിച്ചുപറയുന്നുണ്ട്. ഇതുപോലെയുള്ള സിനിമകളാണ് തെരഞ്ഞെടുക്കേണ്ടതെന്നും താരത്തിനപ്പുറം അഭിനേതാവിനാണ് പ്രധാന്യമെന്ന് ദുൽഖറിനെയും കാന്ത ഓർമപ്പെടുത്തും. കിങ് കോഫ് കൊത്തയും കുറുപ്പമല്ല, കാന്തയും ചുപ്പും പോലെയുള്ളവാണ് കാലം അടയാളപ്പെടുത്തുക.
അതിഭാവുകത്വവും അതിനാടകീയമായ കാഴ്‌ചകളുമായി ചുരുങ്ങി പോകാൻ സാധ്യതയുള്ള സിനിമാ പരിസരമാണ് കാന്തയുടേത്. എന്നാൽ അതിഗംഭീരമായി സെൽവമണി ഡിസൈൻ ചെയ്ത സിനിമയെ കിടിലൻ പെർഫോമൻസിലൂടെ ഒന്നുകൂടി ഉയർത്താൻ, ദുൽഖർ– സമുദ്രകനി– ഭാഗ്യശ്രീ എന്നീ പ്രധാന അഭിനേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ട്. കാലവും ദേശവും അതിന്റെ സാമൂഹിക അന്തരീക്ഷവും സൃഷ്ടിച്ച് അതിനോട് ഇണങ്ങുന്ന രീതിയിൽ കാന്തയ്‌ക്ക് പൂർണത ഉറപ്പിക്കാനായതിൽ പ്രധാനകാരണം സാങ്കേതിക പ്രവർത്തകരാണ്. ഇതെല്ലാം ചേരുന്ന അസാധ്യ കാഴ്‌ചാനുഭവം കാന്ത നൽകുന്നുണ്ട്.





