
ഡച്ച് കലയുടെ സുവർണ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചിത്രകാരനായിരുന്നു റംബ്രാന്റ് (റംബ്രാന്റ് വാൻജിൻ) 1606 ജൂലൈ 15ന് ഒരു മില്ലുടമയുടെ ഇളയ മകനായിട്ടാണ് ഹോളണ്ടിൽ റംബ്രാന്റ് ജനിച്ചത്. അഭിഭാഷകനാകുക എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാൽ കുട്ടിക്കാലം മുതൽ ചിത്രകലയിൽ തൽപരനായ അദ്ദേഹം നോട്ടുപുസ്‌തകത്താളുകളിൽ ചിത്രംവരച്ചു തുടങ്ങിയായിരുന്നു ബാല്യം പിന്നിട്ടത്. കോളേജ് വിദ്യാഭ്യാസത്തിനിടയ്‌ക്ക് പഠനമുപേക്ഷിച്ച് ചിത്രകല പഠിക്കാൻ റംബ്രാന്റ് ആംസ്റ്റർഡാമിലേക്ക് പോവുകയുണ്ടായി. ആറുവർഷക്കാലത്തെ കലാപഠനശേഷമാണ് ചിത്രകാരനായി അദ്ദേഹം തിരിച്ചെത്തുന്നത്.
വിശ്വോത്തര ചിത്രകാരരുടെ നിരയിലേക്കുയർന്ന റംബ്രാന്റിന്റെ കലയുടെ സവിശേഷതകളും പ്രത്യേകതകളും എക്കാലവും പഠനാർഹമാണ്. അക്കാലത്ത് നിലനിന്നിരുന്ന ബറോക്ക് ശൈലിയിലുള്ള ഇരുണ്ടതും ഒഴുകിനടക്കുന്ന ചലനാത്മകമായ മേഘക്കീറുകളും പ്രകൃതിയുമൊകെക ചേർന്ന ചിത്രണരീതിയിൽനിന്നു മാറിയ സമീപനമായിരുന്നു റംബ്രാന്റ് സ്വീകരിച്ചിരുന്നത് . സൂര്യവെളിച്ചത്തിന്റെ പ്രഭാവം ചിത്രങ്ങളിൽ വേണ്ടുവോളം പകർത്തിക്കൊണ്ട് പുതിയ രചനാശൈലിയിലേക്ക് അദ്ദേഹം കടക്കുകയായിരുന്നു. മറ്റൊരർഥത്തിൽ നിഴലിനും വെളിച്ചത്തിനും നവീനമായൊരു കാഴ്‌ചാനുഭവം ആവിഷ്‌കരിക്കുകയായിരുന്നു റംബ്രാന്റ്. പകലിന്റെയും രാത്രിയുടെയും ദൃശ്യചാരുത പകർത്തുമ്പോഴും അതിന്റെ സൗന്ദര്യശാസ്‌ത്രപരമായ ബോധ്യമായിരുന്നു റംബ്രാന്റിന്റെ ചിത്രങ്ങൾ ആസ്വാദകരുമായി പങ്കുവച്ചത്. ബൈബിൾ കഥകളെ ആസ്‌പദമാക്കിയ ചിത്രങ്ങളാണ് അദ്ദേഹം വരച്ചുതുടങ്ങിയത്. അമ്മയുടെ മടിയിലിരുന്ന് ബൈബിൾ കഥകൾ കേട്ടുതുടങ്ങിയ കുട്ടിയായ റംബ്രാന്റ് തന്റെ മനോമുകുരത്തിൽ ബൈബിൾ കഥാപാത്രങ്ങളെ മായാത്ത ബിംബങ്ങളായി പ്രതിഷ്‌ഠിക്കുകയായിരുന്നു. മുതിർന്നപ്പോൾ ബൈബിൾ കഥകൾ അമ്മയിൽനിന്നുതന്നെ ഹൃദിസ്ഥമാക്കി, പല ദൃശ്യങ്ങളും രേഖാചിത്രങ്ങളാക്കുകയും ചെയ്‌തുതുടങ്ങി. ആംസ്‌റ്റർഡാമിൽനിന്ന് കലാപഠനം കഴിഞ്ഞെത്തിയ കാലത്ത് അതിൽനിന്നൊരു ചിത്രം വരയ്‌ക്കുകയും ചെയ്‌തു. ‘പോൾ പുണ്യവാളൻ കാരാഗൃഹത്തിൽ’ എന്ന ആദ്യ ബൈബിൾ ചിത്രം നിരവധി അംഗീകാരങ്ങൾ നേടിക്കൊടുത്തു. ബൈബിൾ കഥകളിൽ കൂടുതൽ പഠനം നടത്തുന്നതോടൊപ്പം വിഖ്യാത കലാകാരരുടെ രചനകളും ശൈലീസങ്കേതങ്ങളും അദ്ദേഹം പഠനവിധേയമാക്കിയിരുന്നു. ഒപ്പം സ്വന്തം ശൈലിയിലൂടെ നിഴലിനും വെളിച്ചത്തിനും പുതിയൊരു ചിത്രഭാഷയും നൽകിയിരുന്നു. ചിത്രങ്ങളിലെ കഥാപാത്രനിർമിതിയിലുൾപ്പെടെ നിഴലിനെയും വെളിച്ചത്തെയും യഥോചിതം സമന്വയിപ്പിച്ച് ചിത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചിരുന്നു. അത്തരത്തിലുള്ള രചനാരീതിയിലൂടെയാണ് അദ്ദേഹം വെളിച്ചത്തെ കീഴടക്കിയ ചിത്രകാരനെന്ന പേരിലൂടെ വിശ്വോത്തര കലാകാരനിരയിലേക്കുയർന്നത്. ഇരുളിലേക്ക് വീഴുന്ന പ്രകാശത്തെ വ്യാഖ്യാനിക്കുന്ന രചനാപ്രക്രിയയിൽ വർണങ്ങൾ തമ്മിൽ ലയിച്ചുചേരുമ്പോഴുള്ള ഒബ്‌ജക്ടിന്റെ യഥാതഥമായ നിറങ്ങളും ഇഴചേരുന്നതായി കലാനിരൂപകർ വിലയിരുത്തുന്നു. പലകയിലും തുണിയിലും എച്ചിങ്ങിലൂടെയും അദ്ദേഹത്തിന്റെ സർഗസഞ്ചാരവും രചനകളും വിശ്വോത്തരങ്ങളായി. എച്ചിങ്ങിൽ റംബ്രാന്റ് പ്രത്യേക കഴിവ് പ്രകടമാക്കിയിരുന്നു (ചെമ്പുതകിടിൽ കോറിയിട്ട വരകളിൽ നിറംപുരട്ടി പ്രിന്റുകളെടുക്കുന്ന രീതിയാണത്. കൂടുതൽ പരിഷ്‌കൃത മാതൃകകളിലൂടെ ഇന്നും ‘എച്ചിങ്ങ്’ രചനാസങ്കേതം പ്രചാരത്തിലുണ്ട്).
സ്വന്തം ഛായാചിത്രങ്ങളടക്കം കൂടുതൽ ചിത്രങ്ങൾ വരച്ചിട്ടുള്ള ചിത്രകാരിലൊരാളാണ് റംബ്രാന്റ്. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് തുറക്കുന്ന വാതായനം പോലെയുള്ള അദ്ദേഹത്തിന്റെ ഛായാചിത്രങ്ങളും വിഖ്യാതങ്ങളാണ്. മിന്നാമിനുങ്ങിന്റെ വെളിച്ചംപോലെ അദ്ദേഹത്തിന്റെ ഛായാചിത്രങ്ങൾ സ്വയം പ്രകാശിച്ചുകൊണ്ടിരിക്കുന്നു. ലോകം മുഴുവനുമത് എത്തിയിരിക്കുന്നുവെന്നത് യാഥാർഥ്യം. മനുഷ്യമുഖങ്ങളിൽ മിന്നിമറയുന്ന വികാരഭാവങ്ങൾ സൂക്ഷ്‌മമായി പഠിക്കുകയും സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ചെയ്‌തശേഷമാണ് അദ്ദേഹം ഛായാചിത്രങ്ങൾ വരച്ചിരുന്നത്. മനസ്സിൽ തൊട്ട അനുഭവങ്ങളുടെ ഉൾക്കരുത്തിലൂടെ സഞ്ചരിച്ചുകൊണ്ട് നിരവധി സ്വന്തം ഛായാചിത്രങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.
വെളിച്ചം കീഴടക്കിയ കലാവഴികൾ
വെളിച്ചം ഒരു നാടകീയ ഘടകമായിരുന്നു റംബ്രാന്റിന്റെ രചനകളിൽ. ജാൻവെർമീർ അടക്കമുള്ള അക്കാലത്തെ വിശ്രുത ചിത്രകാരന്മാർ നിഴലിനും വെളിച്ചത്തിനും പ്രാധാന്യം നൽകുന്ന രചനകളിലേർപ്പെട്ടിരുന്നുവെങ്കിലും ധ്യാനാത്മക വഴികളിലൂടെ നിറങ്ങൾക്ക് സഞ്ചരിക്കാനാവുമെന്നും ചലനാത്മകമാക്കാമെന്നും തെളിയിച്ച ചിത്രകാരനായിരുന്നു റംബ്രാന്റ്. നിറസംയോജനങ്ങളിലൂടെ വെളിച്ചം ചിത്രങ്ങളിൽ കൊണ്ടുവരുകയും പുതിയൊരു കാഴ്‌ചാനുഭവമൊരുക്കി അസാമാന്യവും അനിതരസാധാരണവുമായ സന്ദർഭങ്ങളും ചിത്രതലത്തിലൊരുക്കിയിരുന്നതായി അദ്ദേഹത്തിന്റെ സമകാലിക കലാകാരരും അഭിപ്രായപ്പെടുന്നു. വെളിച്ചത്തിന് വെളുപ്പുനിറത്തിനപ്പുറം മറ്റ് നിറങ്ങളിലുമുള്ള വെളിച്ചമാണ് (വെളുപ്പ്) അദ്ദേഹം ആവാഹിച്ചവതരിപ്പിച്ചത്. ഒരു നിറത്തിന്റെ തന്നെ വൈവിധ്യമാർന്ന ടോണുകളിലൂടെ കലാസന്ദർഭത്തിന്റെ ഭാവതലങ്ങളൊരുക്കുന്നതും പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു. വർണങ്ങളുടെയും രൂപകൽപനയുടെയും പൂർണതയുടെ ശക്തിയായിരുന്നു അദ്ദേഹത്തിന്റെ രചനകൾക്ക്.
റംബ്രാന്റിന്റെ ചിത്രങ്ങളിലെ സവിശേഷമായ ഇരുളും വെളിച്ചവും അദ്ദേഹത്തിന്റെ ജീവിതത്തിലും പ്രതിഫലിച്ചിരുന്നു എന്നത് മറ്റൊരു വസ്‌തുതയാണ്. ജീവിതത്തിലുടനീളം ഇരുൾവീണ അവസ്ഥയായിരുന്നു അദ്ദേഹത്തിന്റേത്. ഇടയ്‌ക്ക് വീഴുന്ന വെളിച്ചത്തിന്റെ ശക്തി അദ്ദേഹത്തെ ഉന്മേഷവാനും ആഹ്ലാദഭരിതനുമാക്കിയിരുന്നു. ആ വെളിച്ചം കെടാതെ എക്കാലവും അദ്ദേഹം തന്റെ കലയിൽ സൂക്ഷിച്ചിരുന്നു എന്നത് ഇന്നും കലാസ്വാദകരുടെ ഭാഗ്യമായി കരുതാം. യഥാതഥമായ കാഴ്‌ചയും ഭാവനയും ഇഴചേരുന്ന ദൃശ്യസമ്പന്നതയായിരുന്നു അദ്ദേഹത്തിന്റെ കലയുടെ കരുത്തും വെളിച്ചവും.
1632ൽ കോടീശ്വരിയും സുന്ദരിയുമായ സാസ്‌കിയ എന്ന യുവതിയുടെ ഛായാചിത്രം വരയ്‌ക്കുവാനായി റംബ്രാന്റ് നിയുക്തനാവുകയും സാസ്‌കിയയുമായ നീണ്ടനാളത്തെ സൗഹൃദം പ്രണയത്തിലെത്തുകയും ഒടുവിൽ 1634ൽ ഇരുവരും വിവാഹിതരാവുകയും ചെയ്‌തു. റംബ്രാന്റിന്റെ ജീവിതത്തിന് വെളിച്ചംപകർന്ന വർണാഭമായ ദിനങ്ങളായിരുന്നു അത്. ജീവിതസഖിക്കുവേണ്ടി അവരുടെ നിരവധി ഛായാചിത്രങ്ങൾ അദ്ദേഹം വരയ്‌ക്കുകയും അവർക്കായി വിലപിടിപ്പുള്ള ആഡംബരവസ്‌തുക്കൾ വാങ്ങുകയും ചെയ്‌തിരുന്നു. 1642ൽ മകന്റെ പിറവിയോടെ സാസ്‌കിയ നിര്യാതയായി. ജീവിതത്തിലെ ദുഃഖപൂർണമായ അവസ്ഥയിൽ അദ്ദേഹം എത്തിയെങ്കിലും ചിത്രരചനയിലൂടെ മനസ്സിന് വെളിച്ചംകണ്ടെത്തുകയായിരുന്നു. പ്രകൃതിദൃശ്യ രചനകളായിരുന്നു അക്കാലത്ത് അദ്ദേഹം വരച്ചിരുന്നത്. പ്രകൃതിയുടെ വൈവിധ്യ ഭാവങ്ങളെ നാടകീയത വരുത്തി മേഘക്കീറുകൾക്കിടയിലൂടെ വീഴുന്ന പ്രകാശത്തിന് പുതിയൊരു വർണചാരുതയാണ് ചിത്രതലങ്ങളിലദ്ദേഹം സ്വീകരിച്ചത്. വീണ്ടും ദുരന്തങ്ങൾ അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. പുനർവിവാഹം ചെയ്‌തിരുന്ന ജിസ്‌റ്റോഫെൽസ് പെട്ടെന്ന് നിര്യാതയായി. വൈകാതെയുള്ള, പതിനാറുവയസ്സുള്ള മകന്റെ വേർപാട് അദ്ദേഹത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ദുഃഖാർത്തനായിരിക്കുമ്പോഴും മകന്റെ ഛായാചിത്രത്തിലൂടെ അദ്ദേഹം ചിത്രരചന തുടർന്നു. മൂന്നുവർഷങ്ങൾക്കു ശേഷം നാഷണൽ ഗ്യാലറിയിലേക്ക് രണ്ടു ചിത്രങ്ങൾ അദ്ദേഹം സമർപ്പിക്കുകയുണ്ടായി. കലാചാര്യന്മാരുടെ രചനകളും പൗരാണിക കലാസൃഷ്ടികളും വലിയ വിലയ്‌ക്കുവാങ്ങി സൂക്ഷിച്ചിരുന്ന റംബ്രാന്റിന്റെ ജീവിതസായാഹ്നം, സ്വന്തം വീടുപോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ സാമ്പത്തിസ്ഥിതി മോശമാക്കി. 1669 ഒക്ടോബർ 4ന് ഹോളണ്ടിൽ വച്ച് റംബ്രാന്റ് കലാലോകത്തോട് വിടപറഞ്ഞു. ആംസ്റ്റർഡാം മ്യൂസിയത്തിൽ പ്രധാന ചിത്രങ്ങളെല്ലാം ഇപ്പോഴും പ്രദർശിപ്പിച്ചുവരുന്നു. ഹോളണ്ടിലെ പ്രധാന നഗരവീഥി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.
റംബ്രാന്റ് കണ്ടെത്തിയ നിഴലിന്റെയും വെളിച്ചത്തിന്റെയും സാധ്യതകൾ പിൽക്കാലത്ത് ചിത്രകാരർക്ക് മാത്രമല്ല ഛായാഗ്രാഹകർ, സിനിമ‐നാടക പ്രവർത്തകർക്കുമൊക്കെ അനുഗ്രഹമായി മാറിയിരുന്നു‐ അവരും റംബ്രാന്റിന്റെ പഠനങ്ങൾക്ക് വിധേയമാക്കിയിരുന്നു.
ഛായാചിത്രങ്ങളടക്കം, ദീനദയാലുവായ ധർമിഷ്‌ഠൻ, കൊടുങ്കാറ്റ്, കൽപനകളുമായി മോസസ്, എബ്രഹാമിന്റെ ആത്മാർപ്പണം, ജയിലിലടച്ച പത്രോസ് തുടങ്ങി നിരവധി ചിത്രങ്ങളും റംബ്രാന്റിന്റേതായി പ്രശസ്‌തങ്ങളായിട്ടുണ്ട്.
ഒരാളുടെ മനോഭാവത്തെയും മനോനിലയെയും മാറ്റിമറിക്കാൻ പോന്നതാണ് കലയെന്നും മനസ്സിന് ശാന്തത പകരാനും പക്വത നേടാനും വൈകാരികവികാസത്തിനും കല ഉപകരിക്കുമെന്നും പ്രത്യേകിച്ച് മനസ്സിനെ സന്തോഷിപ്പിക്കുവാൻ പ്രകാശമാനമായ നിറങ്ങൾക്ക് കഴിയുമെന്നും റംബ്രാന്റടക്കമുള്ള ചിത്രകാരരെ ഉദ്ധരിച്ചുകൊണ്ട് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ തെറാപ്പി ത്രൂ ആർട്ടി’ന്റെ പഠനങ്ങൾ പറയുന്നു. റംബ്രാന്റിനെപോലെയുള്ള വിഖ്യാത കലാകാരരുടെ കലാവിഷ്‌കാരങ്ങൾ മനസ്സിനെ സ്വാധീനിക്കാൻ പോന്ന, മനസ്സിന് വെളിച്ചം പകരുന്ന രചനകളത്രെ‐ കാലാതിവർത്തിയായ രചനകൾ. l





