
മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം (ഐ എഫ് എഫ് കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്) ആഫ്രിക്കൻ ചലച്ചിത്രകാരനായ അബ്ദെറഹിമാൻ സിസ്സാക്കെയ്ക്ക്.
സിസ്സാക്കെയുടെ സിനിമകളെക്കുറിച്ച് പ്രിയ സുഹൃത്ത് മുഹമ്മദ് ശമീം എഴുതിയ സൊക്കൊളോ മുതൽ തിംബുക്തു വരെ- ഒരു സഹാറൻ യാത്ര എന്ന പുസ്തകത്തിന് അവതാരിക എഴുതാനുള്ള അവസരം എനിക്ക് ലഭിച്ചു. ആ അവതാരികയിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
ആഫ്രിക്കയിലെ ഏറ്റവും ശ്രദ്ധേയനായ രണ്ടാം തലമുറ സംവിധായകനാണ് അബ്ദറഹ്മാൻ സിസ്സാക്കോ. അദ്ദേഹത്തിന്റെ സിനിമകൾ, 1960കളിലെ ആദ്യകാല ആഫ്രിക്കൻ സംവിധായകരുടെ ധീരമായ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. തീർച്ചയായും ആദ്യകാല സിനിമകളിൽ നിന്ന് അവ ഒരു പാട് മുന്നോട്ടു പോയിട്ടുണ്ട്. പുതിയ കാലത്ത് പ്രസക്തമാവുന്ന ഇതിവൃത്തമുള്ള ബമാക്കോ ഇരുത്തം വന്ന ഒരു സംവിധായകന്റെ കൈയൊതുക്കമുള്ള സൃഷ്ടിയാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, കോളനിവൽക്കരണത്തിനെതിരായ ചെറുത്തു നിൽപ്, പുതിയ ഭാഷ കണ്ടെത്താനുള്ള ശ്രമം – നിരാസത്തിന്റെ സിനിമയുടെ വക്താക്കൾക്കുണ്ടായിരുന്ന ഊർജ്ജം സിസാക്കോയിലൂടെയും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലൂടെയും നമുക്ക് കണ്ടെത്താനാവും. പ്രാദേശിക ചരിത്രഗാഥകൾ അടുത്ത തലമുറക്ക് കൈമാറിയിരുന്ന ഗോത്രഗായകരെപ്പോലെ, തന്റെ കാലത്തെ അടയാളപ്പെടുത്തുകയാണ് ചലച്ചിത്രകാരന്റെ കടമ എന്ന ചിന്താഗതിയാണ് അക്കാലത്തുണ്ടായിരുന്നത്.
ആഫ്രിക്കൻ സിനിമയിലെ ഒരു സ്ഥിരം ഘടകമാണ് പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷം. ആഫ്രിക്കയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അടുപ്പമായും അകലമായും വ്യാഖ്യാനിക്കാവുന്ന ഈ ഘടകം സിസാക്കോയുടെ ചിത്രങ്ങളിലും സജീവമാണ്. ആഫ്രിക്കയിൽ നിന്ന് പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള ദൂരം ഇക്കാലത്ത് വളരെ കുറഞ്ഞിട്ടുണ്ട്. ആഫ്രിക്ക കൂടി പങ്കുചേരാൻ നിർബന്ധിതമായ ആഗോളീകരണത്തിന്റെ പരിണതഫലമായി വേണമെങ്കിൽ ഇതിനെക്കാണാം. പക്ഷെ, ആഫ്രിക്കയെ ഇതര ലോകത്തിന് പിന്നിലാക്കുന്ന സംഗതികൾ ഇപ്പോഴും അവിടെത്തന്നെ ധാരാളമുണ്ട്. ലൈഫ് ഓൺ എർത്തിൽ ഈ അന്തരം വാർത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയായി അവതരിപ്പിക്കുന്നു. ടെലിഫോൺ വിളിച്ചു കിട്ടാനും ഒരു ഭാഗ്യം വേണം എന്നാണ് ചിത്രത്തിലെ പബ്ലിക് ടെലിഫോൺ ഓപ്പറേറ്റർ പറയുന്നത്. സഹസ്രാബ്ദത്തിന്റെ അവസാനമാണ് ഈ ചിത്രം നിർമിച്ചത്. പുതിയ സഹസ്രാബ്ദത്തിലേക്ക് ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന ലോകത്തെ മുഴുവനായി വരച്ചുകാട്ടാനായി ആർട്ടെ ടെലിവിഷൻ ചാനൽ പണം മുടക്കി ആരംഭിച്ച ചലച്ചിത്ര സംഘാതത്തിൽ പ്രകോപന സ്വഭാവമുള്ള ലൈഫ് ഓൺ എർത്ത് നിർമ്മിച്ചുകൊണ്ടാണ് സിസാക്കോ പങ്കു ചേർന്നത്. തന്റെ അച്ഛന്റെ വീടു സ്ഥിതി ചെയ്യുന്ന മാലിയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് സിസാക്കോ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സഹസ്രാബ്ദം അവസാനിക്കുന്നതോ തുടങ്ങുന്നതോ അവിടത്തെ ജീവിതങ്ങളെ ബാധിക്കുന്നതേയില്ല. അന്നും പതിവുപോലെ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങിത്തിരിക്കുന്ന ഗ്രാമീണരെ സംബന്ധിച്ചിടത്തോളം സഹസ്രാബ്ദാഘോഷം അപ്രസക്തമാണ്. അവിടെ ടെലിവിഷൻ ദൃശ്യങ്ങളോ ഉത്സവാലങ്കാരങ്ങളോ ആഹ്ളാദപ്രകടനങ്ങളോ ഇല്ല. ഫ്രാൻസിലെ ആഘോഷങ്ങളുടെ മാറ്റൊലി, ഏക മാധ്യമമായ റേഡിയോയിലൂടെ നാട്ടുകാർക്ക് താൽപര്യമില്ലെങ്കിലും അവിടെ എത്തുന്നുണ്ടായിരുന്നു. പുതിയ സഹസ്രാബ്ദത്തിലേക്ക് ആഫ്രിക്ക കടന്നത് പ്രത്യേകിച്ചൊരു മാറ്റവും കൂടാതെയാണെന്ന് അതിശക്തമായി അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഫ് ഓൺ എർത്ത്.
ലൈഫ് ഓൺ എർത്തിലേതിന് സമാനമായ അടയാളങ്ങൾ വെയിറ്റിംഗ് ഫോർ ഹാപ്പിനെസിലും വരുന്നുണ്ട്. അൽപം വ്യത്യസ്തമായ രീതിയിൽ, ഇവിടെ ഒരു ഇലക്ട്രിക് ബൾബാണ് പടിഞ്ഞാറിനെ പ്രതിനിധീകരിക്കുന്നത്. വ്യവസായവത്കൃത സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായ വൈദ്യുതി, മനുഷ്യനും പകൽവെളിച്ചവും തമ്മിലുള്ള ബന്ധത്തെ വരെ മാറ്റിമറിച്ചു. ചിത്രത്തിൽ ആരും കാണാനില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷൻ നോക്കി മാതാ എന്ന പ്രായമായ ഇലക്ട്രീഷ്യൻ ചോദിക്കുന്നത് അവർക്ക് ശരിക്കും വൈദ്യുതി ആവശ്യമുണ്ടോ എന്നാണ്. അതേ സമയം സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ മുദ്രകൾ ചിത്രത്തിൽ പലയിടത്തും കാണാം. പുത്തൻ ഉൽപന്നങ്ങൾ വിൽക്കുന്ന ചൈനീസ് വഴിയോരക്കച്ചവടക്കാരൻ, കരോക്കെകൾ തുടങ്ങിയവ ഉദാഹരണങ്ങൾ. ആഫ്രിക്കയുടെ രണ്ടു മുഖങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഒരു വശത്ത് ആഗോളീകരണത്തിന്റെ ചിഹ്ന വ്യവസ്ഥ സമൂഹത്തെ ഗ്രസിക്കുമ്പോൾ മറുവശത്ത് ആഫ്രിക്കയിലെ ഗ്രാമീണരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. പാശ്ചാത്യ അധിനിവേശം പുതിയൊരു സമയക്രമം പോലും ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയും പടിഞ്ഞാറൻ ജിവിതവും തമ്മിലുള്ള ദൂരം, സിസാക്കോയുടെ ചിത്രങ്ങളിൽ ഇപ്രകാരം വ്യക്തമായും ശക്തമായുമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ഇവിടെ ഭൂഖണ്ഡാന്തര സംവാദമാകുകയാണ് സിസാക്കോയുടെ സിനിമ.
ആഗോളവൽക്കരണം ആഫ്രിക്കൻ സമൂഹത്തിൽ സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ പ്രതീകാത്മകമായ വിചാരണയ്ക്ക് വിധേയമാക്കുകയാണ് ബമാക്കോയിൽ. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയുമാണ് ഈ വിചാരണയിൽ പ്രതി ചേർക്കപ്പെടുന്നത്. മാലിയുടെ തലസ്ഥാനമായ ബമാക്കോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടുമുറ്റത്താണ് പ്രതീകാത്മക വിചാരണ നടക്കുന്നത്. രംഗത്തുള്ള അഭിഭാഷകരെ സിസാക്കോ രണ്ടു ഗ്രൂപ്പാക്കിയിരിക്കുന്നു. ഒരു കൂട്ടർ ആഫ്രിക്കൻ ജനതക്കു വേണ്ടിയും മറ്റൊരു കൂട്ടർ പ്രതികൾക്കു വേണ്ടിയും വാദിക്കുന്നു. ആഫ്രിക്കയെ തകർത്തതിൽ ഈ രണ്ടു സംഘടനകൾക്കുമുള്ള പങ്ക് വിചാരണ ചെയ്യപ്പെടുമ്പോൾ സാധാരണ ജീവിതം അഭംഗുരം തുടരുന്നു. സങ്കൽപനത്തേയും യാഥാർത്ഥ്യത്തെയും ചെറിയ അതിർവരമ്പിട്ട് വേർതിരിക്കുന്ന സിസാക്കോയുടെ പതിവുരീതി തന്നെയാണിവിടെയുമുള്ളത്. പലപ്പോഴും യഥാർത്ഥജീവിതത്തിൽ നിന്നുള്ളവർ ഈ ചെറിയ അതിർവരമ്പ് ലംഘിച്ച് ഈ വിചാരണയിൽ പങ്കെടുക്കുന്നു. പ്രതികൾക്കെതിരെ തെളിവു നൽകാൻ പലപ്പോഴും ഗ്രാമീണർ സാങ്കൽപികമായ കോടതിമുറിയിലേക്ക് ക്ഷണിക്കപ്പെടുകയാണ്. റെയിൽ സർവീസ് നിർത്തലാക്കിയതോടെ പൂർണ്ണമായും ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ ഈ വിചാരണയിൽ പങ്കെടുക്കുന്നു. റെയിൽഗതാഗതം സ്വകാര്യവൽക്കരിച്ചതോടെ ഇത് സാധാരണക്കാർക്ക് അപ്രാപ്യമാവുന്നത് ആഫ്രിക്കയിലെ സാമൂഹ്യ യാഥാർത്ഥ്യമാണ്. പൊതു ഗതാഗതസംവിധാനം ഇല്ലാതാക്കിക്കൊണ്ട് എങ്ങനെ ഒരു സമൂഹത്തിന് വികസനപാതയിലെത്താൻ കഴിയുമെന്നാണ് ബമാക്കോയിലെ സാങ്കൽപികകോടതിയിൽ ഉയരുന്ന ഒരു പ്രധാന ചോദ്യം. ആഫ്രിക്കൻ വൻകരയുടെ ദുരിതങ്ങൾ ലോകത്തിന് ഏറെ പരിചിതമാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ഈ വൻകരയെ ചിത്രീകരിക്കുന്നത് ദുരിതങ്ങളിലൂടെ മാത്രമാണ്. എന്നാൽ, പാശ്ചാത്യ ലോകവുമായി നടക്കുന്ന സംവാദങ്ങളുടെ കർതൃസ്ഥാനത്ത് ആഫ്രിക്കയെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു വഴിത്തിരിവുണ്ടാക്കുകയാണ് സിസാക്കോയുടെ സിനിമ. കൃത്യമായ നിലപാടുകൾ വെച്ചുപുലർത്തുന്ന രാഷ്ട്രീയ സിനിമകളുടെ നിരാശാഭരിതവും വേദനിപ്പിക്കുന്നതുമായ ഭാവമല്ല. മറിച്ച് സംവേദനാത്മകമായ ആഹ്ളാദമാണ് ബമാക്കോയുടെ സവിശേഷത.




