പി എ സെയ്തു മുഹമ്മദ് എന്ന ചരിത്രാന്വേഷി

ഡോ. കെ. ബീന

പി എ സെയ്തു മുഹമ്മദ്

കേരള മുസ്ലിം ഡയറക്ടറി ആദ്യമായി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയത്
പി എ സെയ്തു മുഹമ്മദ് എന്ന പേരുള്ള ഒരു ചരിത്രാന്വേഷിയായിരുന്നു. 45 വർഷത്തെ ജീവിതത്തിനിടയിൽ തന്റേതായ ഇടം മലയാളികൾക്കിടയിൽ ഉറപ്പിച്ച് കടന്നുപോയിട്ട് 2025 ഡിസംബർ 20ന് 50 വർഷം പൂർത്തിയാകുന്നു.

1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിൽ രക്തസാക്ഷിയായ ഹെമുകലാനിയുടെ ജീവചരിത്രമാണ് സെയ്തു മുഹമ്മദ് ആദ്യമായി എഴുതിയ കൃതി. കേരളത്തിലെ മുസ്ലിംകളുടെ സ്ഥിതി വിവരക്കണക്ക് ആദ്യമായി ഒരു ഡയറക്ടറി രൂപത്തിൽ കേരള മുസ്ലിം ഡയറക്ടറി എന്ന പേരിൽ ഇദ്ദേഹം പ്രസിദ്ധീകരിച്ചു.

സംസ്കൃതത്തിൽ സാഹിത്യവിശാരദ് പരീക്ഷ പാസാവുകയും ഭാഷാ അധ്യാപകനായി ജോലി നോക്കുകയും ചെയ്തെങ്കിലും പത്രപ്രവർത്തന മേഖലയിലേക്ക് സ്വയം കാലെടുത്തുവയ്ക്കുകയായിരുന്നു.

അന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്ന പൊതുപ്രവർത്തനമേഖലയിൽ മാസികാ പ്രവർത്തനവും പത്രപ്രവർത്തനവും ആത്മാർത്ഥമായി നിർവഹിക്കുന്ന തിരക്കിനിടയിലും ചരിത്രത്തിലേക്കുള്ള ഒരു ചായ്‌വ് ഉള്ളിൽ നിറഞ്ഞുനിന്നിരുന്നു. ജനശക്തി എന്ന മാസികയുടെ പത്രാധിപരായിരിക്കുകയും അതേസമയം ഗ്രന്ഥാലോകം, സാഹിത്യലോകം, ചരിത്രം ത്രൈമാസിക എന്നിവയുടെ പത്രാധിപസമിതി അംഗമായിരിക്കുകയും ചെയ്തത് പത്രാധിപർക്കുള്ളിലെ ചരിത്രാന്വേഷി കൂടിയായിരുന്നു. 1949 ൽ ദക്ഷിണാഫ്രിക്കയിൽ ലോകയുവജന സാംസ്കാരിക സമ്മേളനം നടന്നപ്പോൾ ഇന്ത്യൻ പ്രതിനിധികളിൽ ഒരാളായി പങ്കെടുക്കാൻ വെറും 19 വയസ്സുകാരനായ സെയ്ദ് മുഹമ്മദിന് അവസരമുണ്ടായി എന്നത് അദ്ദേഹത്തിൻ്റെ സാംസ്കാരിക പ്രവർത്തനങ്ങളിൽ മുന്നോട്ടുവച്ച ആശയങ്ങൾക്കുള്ള അംഗീകാരമായി കരുതണം.

പത്രപ്രവർത്തന മേഖലയിൽ സജീവമായിരുന്ന കാലഘട്ടത്തിലാണ് കേസരി ബാലകൃഷ്ണപിള്ളയുമായി സൗഹൃദം സ്ഥാപിക്കുന്നത്. അതോടുകൂടി തികഞ്ഞ ചരിത്രാന്വേഷിയായി പി എ സെയ്ദ് മുഹമ്മദ് മാറുകയായിരുന്നു. ചരിത്രത്തിൻ്റെ ജനകീയതയ്ക്കായി ചരിത്ര സെമിനാറുകൾ സംഘടിപ്പിക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ചു.

ചരിത്രകേരളം, സഞ്ചാരികൾ കണ്ട കേരളം, കുട്ടികളുടെ കേരളചരിത്രം, കേരളം നൂറ്റാണ്ടുകൾക്കു മുമ്പ് , ചരിത്രം ഒരു കണ്ണാടി, ചരിത്രത്തിലെ ശിലാ കുസുമങ്ങൾ, കേരള മുസ്ലിം ചരിത്രം, ആദിവാസികൾ ചരിത്രവും സംസ്കാരവും എന്നീ കൃതികൾ ഇദ്ദേഹത്തിൻ്റെ ചരിത്രാന്വേഷണത്തിന്റെ ഭാഗമാണ്.

ആർക്കിയോളജി എന്ന വിഭാഗം ഏതുവിധം ചരിത്ര നിർമ്മിതിയെ സഹായിക്കുന്നുവെന്ന ഉപന്യാസം ഉൾക്കൊള്ളുന്ന ചരിത്രത്തിലെ ശിലാ കുസുമങ്ങൾ എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമായ സൃഷ്ടിയാണ്. ഈ ഗ്രന്ഥം കൗമുദി, തനിനിറം, നവജീവൻ, ജനയുഗം, മലയാള രാജ്യം തുടങ്ങിയ പത്രങ്ങളിൽ വിശേഷാൽ പ്രതികളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായാണ് പ്രസിദ്ധീകരിച്ചത്.

മൂന്നു കാലഘട്ടങ്ങളായി കേരള ചാരിത്രത്തെ ഭാഗിച്ചു പഠനം നടത്തണം. ബ്രാഹ്മണാധിപത്യത്തിന്നു മുമ്പു ജാതികളും വർണ്ണബന്ധങ്ങളുമില്ലാതെ അധിവസിച്ചിരുന്ന കാലം, രണ്ടാമത്തേതു ആത്മീയ വാദികളായ ബ്രാഹ്മണരുടെ കാലം. ഈ കാലഘട്ടത്തിലുണ്ടായ പരിവർത്തനങ്ങളുടെ സ്വാധീനശക്തി യാണ് ഇന്നു നമ്മുടെ ചരിത്രഗ്രന്ഥങ്ങളിൽ കാണുന്നത്. മൂന്നാമത്തെ കാലഘട്ടം ബുദ്ധമതം, വൈദേശികമതങ്ങൾ തുടങ്ങിയവയുടെ മുന്നേറ്റത്തിൻ്റെ ചരിത്രം ഉൾക്കൊള്ളുന്നത്. കേരളത്തിൻ്റെ യഥാർത്ഥ ജീവിതരീതിയെ പഠിക്കണമെങ്കിൽ ഇങ്ങനെ മൂന്നായി അപഗ്രഥിച്ചു ഗവേഷണം നടത്ത ണ്ടിയിരിയ്ക്കുന്നു എന്ന് കേരളം നൂറ്റാണ്ടുകൾക്ക് മുമ്പ് എന്ന ഗ്രന്ഥത്തിൽ ആമുഖമായി ഗ്രന്ഥകാരൻ പറയുന്നുണ്ട്.

1965 മുതൽ കേരള ഹിസ്റ്ററി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. അക്കാലയളവിൽ മഹാരാജാസ് കോളേജിൽ നടന്ന ഹിസ്റ്ററി കൺവെൻഷൻ, കൊച്ചി ജൂതപ്പള്ളിയുടെ നൂറാം വാർഷികം, കൊടുങ്ങല്ലൂരിൽ നടന്ന ആർക്കിയോളജിക്കൽ സെമിനാർ, കൊച്ചിയിൽ സംഘടിപ്പിച്ച ഓറിയൻറൽ റിസർച്ച് സെമിനാർ, എറണാകുളത്ത് നടന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി സെമിനാർ, മട്ടാഞ്ചേരിയിൽ സംഘടിപ്പിച്ച മഹാവീരന്റെ 2500 ആം നിർവഹണ ആഘോഷ സെമിനാർ എന്നീ വേദികളിൽ എല്ലാംതന്നെ തന്റേതായ കയ്യൊപ്പ് പതിപ്പിക്കാൻ ഗവേഷണപരമായ ബുദ്ധിയോടുകൂടി അദ്ദേഹം ഇടപെടുകയുണ്ടായി. കേരള ഹിസ്റ്ററി അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായും കേരള സമസ്ത സാഹിത്യ പരിഷത്തിന്റെ വൈസ് പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായും പ്രവർത്തിക്കാനും ഇക്കാലയളവിൽ അദ്ദേഹത്തിന് കഴിഞ്ഞു.

ചരിത്രമെന്നാലെന്ത്? ഈ ചോദ്യത്തിന്നുത്തരം ഗ്രീക്കുകാരും റോമാക്കാരും പലതരത്തിലാണ് പറഞ്ഞിട്ടുള്ളത്. സുന്ദരമായ നുണയാണെന്ന് ഒരു കൂട്ടർ, യഥാർഥമായ സംഭവവിവരണമാണെന്ന് മറെറാരു കൂട്ടർ. രാഷ്ട്രങ്ങൾ, സമുദായങ്ങൾ, പ്രസ്ഥാനങ്ങൾ, ശാസ്ത്രങ്ങൾ തുടങ്ങിയവയുടെ പരിണാമം, അവയെ സംഘടിപ്പിയ്ക്കുകയും ആവിഷ്ക്കരിയ്ക്കുകയും ചെയ്ത വ്യക്തികൾ, അവയേയും അവരേയും സംബന്ധിച്ചുണ്ടായ സംഭവങ്ങൾ മുതലായവ സത്യസന്ധതയോടെ വിവരിയ്ക്കുന്നതാണ് യഥാർഥത്തിൽ ചരിത്രം. ഭൂതകാലസംഭവങ്ങളെ ആധുനികയുഗത്തിൻ്റ സ്വഭാവത്തിനനുസരിച്ച് സമുദായത്തിന്റെ ജ്ഞാനപ്രബുദ്ധതയെ ലാക്കാക്കി പരിശോധിക്കുകയാണ് ചരിത്രം ചെയ്യുന്നത് എന്ന് കേരളം നൂറ്റാണ്ടുകൾക്ക് മുമ്പ് എന്ന ഗ്രന്ഥത്തിൽ സെയ്തുമുഹമ്മദ് പ്രഖ്യാപിക്കുന്നു.

1964-ൽ കോതപറമ്പ് അജന്താ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ ക്രിസ്ത്വാബ്ദം 70-ൽ ജറുസലം ആക്രമിക്കപ്പെടുന്നതിനു മുമ്പുതന്നെ ജൂതന്മാർ കേരളത്തിലുണ്ടായിരുന്നുവെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു. അറക്കൽ രാജവംശത്തിലെ കൈയെഴുത്തു രേഖകളെ അടിസ്ഥാനമാക്കി അറേബ്യയിൽ നിന്ന് ഇസ്‌ലാമിക സന്ദേശവും വഹിച്ചു കേരളത്തിലെത്തിയ ആദ്യകാല ഇസ്‌ലാമിക പരിഷ്‌കർത്താക്കളായ മാലിക്ബ്നു ദീനാറിന്റെയും ശറഫ്ബ്നു മാലിക്കിൻ്റെയും കാലത്ത് തന്നെ രൂപീകൃതമായ രാജവംശമായി അറക്കലിനെ ഈ കൃതിയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്.

ഇതേവരെ ഉണ്ടായിട്ടുള്ള ചരിത്രാതീതഗവേഷണത്തെ പഠനത്തിനായി പാകപ്പെടുത്തുമ്പോൾ ഒമ്പതു മാർഗ്ഗങ്ങൾ അതിൽ കാണാമെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു. ഭാഷാശാസ്ത്രപരമായ മാക്സ് മുള്ളറുടെ മാർഗ്ഗം, മിസ്റ്റിക് മതപരമായ അർവിന്ദഘോഷിന്റെ വീക്ഷണം, ജ്യോതിശ്ശാസ്ത്രപരമായി ഡോ: ശ്യാമശാസ്ത്രിയുടേതു്, ഭൂഗർഭശാസ്ത്രപരമായ ശ്രീ പരമശിവയ്യരുടേതു’, നരവംശശാസ്ത്ര പരമായ ഫ്രേഡറുടേത്, തനി ചരിത്രശാസ്ത്രപരമായ പാർ ജിററരുടേത്, ഭൂമിശാസ്ത്രപരമായ ഡോ: കിർഫലിന്റേത്, പുരാതനസ്ഥലഖനനത്തെ ആസ്പദിച്ചുള്ള ഫിലിൻഡേഴ് സ്പെട്രിയുടേത്, കല്പകാലഗണിതശാസ്ത്രപ്രകാരമുള്ള കേസരി എ ബാലകൃഷ്ണപിള്ളയുടേത്. ഈ മാർഗ്ഗങ്ങൾ മനസ്സിലാക്കി ഗവേഷണം നടത്തിയാൽ പല കണ്ടുപിടുത്തങ്ങൾക്കും അത് കാരണമാകും എന്ന് അക്കാലത്തേ നിരീക്ഷിച്ച ആളാണ് സെയ്ദ് മുഹമ്മദ്. പിടികിട്ടാത്ത ആദികാല ചരിത്രം തന്നെയാണ് ആദ്യമായി ഗവേഷണം നടത്തി സമ്പാദിക്കേണ്ടത്. അടിത്തറയില്ലാത്ത കെട്ടിടം പണിയുന്ന സ്വഭാവം ഇനി ആവർത്തിക്കരുത്. ശാസ്ത്രീയ വീക്ഷണം ഇക്കാര്യത്തിൽ ഉണ്ടായാൽ അതൊരു നേട്ടമായിരിക്കും എന്ന് 1960 കളിൽ ഈ ചരിത്രന്വേഷി നമ്മോട് പറഞ്ഞിട്ടുണ്ട്.

ഇന്നത്തെ ഭാരതം, ഇന്നത്തെ കേരളം ആവശ്യപ്പെടുന്ന, ഉറക്കെയുറക്കെ ആവശ്യപ്പെടുന്ന ശാസ്ത്രീയമായചരിത്രാന്വേഷണത്തിന് അന്നേ മഹാമനീഷിയായ ഈ മനുഷ്യൻ തൂലിക ചലിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ഏറെ ആദരവോടെ നോക്കിക്കാണുന്നു.

 

Hot this week

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

Topics

വിഷയത്തിൻ്റെ ഉൾക്കനം, അവതരണത്തിലെ അലസത

2025ൽ ചുമയ്‌ക്കുള്ള കഫ്‌ സിറപ്പ്‌ കുടിച്ച 23 കുട്ടികളാണ്‌ മധ്യപ്രദേശിൽ മരിച്ചത്‌....

കേരളത്തിലെ മാറുന്ന സമരമുഖങ്ങൾ

  സ്‌ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ...

സിപിഐ എം മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ബഹുജന റാലി

എന്നെ കമ്മ്യുണിസ്റ്റാക്കിയത് ഒരു മലയാളി : മറിയം ധവ്ളെ  

(സിപിഐഎം പോളിറ്റ് ബ്യുറോ അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ  ജനറൽ...

യക്ഷഗാനം

ദക്ഷിണ കന്നഡ യുടെയും കാസർകോടിന്റെയും ഭാഗങ്ങളിൽ അവതരിപ്പിക്കുന്ന കലാരൂപമാണ് യക്ഷഗാനം. പതിനഞ്ചാം...

വർഗസമരവും മാധ്യമങ്ങളും‐ 18

കറുത്ത ദശകം തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപാർട്ടികളുടെ നിലപാടുകളെയും സ്ഥാനാർത്ഥികളെയുമൊക്കെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വലിയ...

ഹിന്ദുത്വത്തിന് മണ്ണൊരുക്കുന്നവരും താമരക്കുളത്തിന് വെള്ളമൊഴിക്കുന്നവരും ആരാണ്?

കോഴിക്കോട് കോർപ്പറേഷനിലെ നികുതി അപ്പീൽ സമിതി അധ്യക്ഷപദവി ബിജെപിക്ക് എത്തിച്ചുകൊടുത്തത് ആരാണ്?...
spot_img

Related Articles

Popular Categories

spot_imgspot_img