
ആന കരിമ്പിൻതോട്ടത്തിൽ കയറിയതുപോലെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ലോകരാഷ്ട്രീയത്തെ കാൽക്കീഴിലിട്ട് ചവുട്ടിയരക്കുകയാണ്. രണ്ടാംലോകയുദ്ധത്തിനുശേഷം ഇങ്ങനെയൊരു ഭ്രാന്തൻ ഭരണാധികാരിയെ ലോകം കണ്ടിട്ടില്ല. വായിൽതോന്നുന്നതെന്തും വിളിച്ചുപറയാനും, വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ, തോന്നുന്നതുപോലെ പ്രവർത്തിക്കാനും ട്രംപിനുമാത്രമേ കഴിയു. ഒരു സ്വതന്ത്രപരമാധികാര രാജ്യത്തിന്റെ പ്രസിഡന്റിനെയും ഭാര്യയേയും അവരുടെ വസതിയിൽ അതിക്രമിച്ചുകയറി പിടിച്ചുകൊണ്ടുപോകാനുള്ള തെമ്മാടിത്തരമാണ് അമേരിക്ക നടത്തിയത്. സ്വന്തംകാര്യംനേടാൻ നാഴികയ്ക്ക് നാല്പതുവട്ടം ചട്ടപ്രകാരമുള്ള ലോകക്രമം (Rules-based world order) എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കയാണ് എല്ലാ അന്തര്ദേശീയവും, ധാർമികവുമായ നിയമങ്ങളെയെല്ലാം കാറ്റിൽപറത്തി തെക്കൻ അമേരിക്കൻ രാജ്യമായ വെനസ്വേലയുടെ ഭരണാധികാരിയായ നിക്കോളാസ് മഡുറോയെയും അദ്ദേഹത്തിന്റെ ഭാര്യയേയും കടത്തിക്കൊണ്ടുപോയത്.

അമേരിക്കയുടെ ഈ കാടൻനടപടി തെക്കൻ അമേരിക്കൻ രാജ്യങ്ങൾക്ക് പുതിയ കാര്യമല്ല. 1823ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ജെയിംസ് മൺറോ, അമേരിക്കൻ അധിനിവേശപദ്ധതിയായ ‘മൺറോ സിദ്ധാന്തം’ (Monroe Doctrine) പ്രഖ്യാപിച്ചതോടെ ആ രാജ്യങ്ങളുടെ കാലക്കേട് തുടങ്ങിയിരുന്നു. കഴിഞ്ഞ ഇരുന്നൂറുവര്ഷമായി, ഫോർഡിനെപ്പോലുള്ള കുത്തകമുതലാളിമാരും, അമേരിക്കൻ രാഷ്ട്രീയ-സൈനിക നേതൃത്വവും അവരുടെ സാമ്പത്തിക-രാഷ്ട്രീയ താൽപര്യങ്ങൾക്കായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളെ കശക്കിയെറിയുകയായിരുന്നു. ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തെ സമഗ്രമായി പഠിച്ച ഗ്രെഗ് ഗ്രാൻഡിൻ അഭ്പ്രായപ്പെടുന്നത്, അമേരിക്ക ഇപ്പോൾ ലോകമാകെ പരീക്ഷിക്കുന്ന സാമ്രാജ്യത്വനയങ്ങൾ രാകിമിനുക്കിയത് തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണെന്നാണ്. അദ്ദേഹത്തിന്റെ ‘എമ്പയർസ് വർക് ഷോപ്’ എന്ന ഗ്രന്ഥം, അമേരിക്ക നടത്തിയ കിരാതനടപടികളെ വിശദമായി വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കൻ സാമ്രാജ്യത്വമാണ് ഇന്ന് ലാറ്റിൻ അമേരിക്കയിൽകാണുന്ന എല്ലാ പ്രതിസന്ധികൾക്കും കാരണം.
ഭരണകൂട അട്ടിമറി: അമേരിക്കൻ കൃഷി
ഏതെങ്കിലും ലാറ്റിൻ അമേരിക്കൻ രാജ്യത്ത് തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങക്ക് വിരുദ്ധമായ ഒരു ഭരണകൂടം വന്നാൽ അതിനെ ഏതുവിധേനയും അട്ടിമറിക്കുക, പകരം തങ്ങൾക്ക് വിധേയരായ പാവഭരണാധികാരികളെ പ്രതിഷ്ഠിക്കുക, അവരുടെ എല്ലാ അഴിമതിക്കും അടിച്ചമർത്തലുകൾക്കും കുടപിടിക്കുക എന്നതാണ് ഇപ്പോഴും അമേരിക്കയുടെ നയം. ഇന്ന് ലാറ്റിൻ അമേരിക്കൻ-കരീബിയൻ മേഖലയിൽ കാണുന്ന മയക്കുമരുന്നുവ്യാപാരം ഉൾപ്പെടെ പ്രോത്സാഹിപ്പിച്ചത് അമേരിക്കൻ അധിനിവേശരാഷ്ട്രീയമാണ്.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ രണ്ടാംലോക മഹായുദ്ധത്തിനുശേഷം അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന പ്രധാനപ്പെട്ട അട്ടിമറികളിലേക്കുമാത്രം നോക്കിയാൽ അവരുടെ ഹീനലക്ഷ്യങ്ങൾ മനസിലാകും. 1954ൽ ഗ്വാട്ടിമാലയിലെ ജക്കോബോ അർബൻസിനെ അട്ടിമറിച്ചു, 1959ൽ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ അധികാരത്തിൽവന്ന ക്യൂബയിലെ ഫിദൽ കാസ്ട്രോയുടെ ഭരണത്തെ അട്ടിമറിക്കാൻ 1961ൽ “ബേ ഓഫ് പിഗ്സ്” എന്നപേരിലുള്ള അട്ടിമറിശ്രമംനടത്തിയെങ്കിലും പരാജയപ്പെട്ടു. 1965ൽ പ്രസിഡന്റ് യുവാൻ ബോഷിന്റെ ഭരണത്തെ അട്ടിമറിച്ച്, തങ്ങളുടെ ഇഷ്ടക്കാരനെ അവരോധിച്ചു, 1964ൽ ജോയയോ ഗൗലാർട്ടിന്റെ ഭരണകൂട അട്ടിമറിക്കുശേഷം രണ്ടുദശാബ്ദത്തിലേറെ അവിടെ പട്ടാളഭരണമായിരുന്നു. 1971ൽ ബൊളീവിയയിലെ പ്രസിഡന്റ് യുവാൻ ജോസ് ടോറസിന്റെ ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഭരണം അടിച്ചെല്പിച്ചു. 1973ൽ ചിലിയിലെ സാൽവദോർ അലൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അട്ടിമറിച്ച് ജനറൽ പിൻഷെയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണത്തെ അവരോധിച്ചു. ആ വർഷംതന്നെ ഉറുഗ്വേയിലെ ഭരണത്തെ അട്ടിമറിച്ച് ഏകാധിപത്യ ഭരണം സ്ഥാപിച്ചു. 1976ൽ അർജന്റീനയിൽ ഇസബെൽ പെറോണിനെ അട്ടിമറിച്ചു. നിക്കാരാഗ്വയിൽ സാൻഡിനിസ്റ്റാ ഭരണകൂടത്തെ 1990ൽ പുറത്താക്കി. 1983ൽ ഗ്രെനാഡയിൽ അധികാരത്തിൽവന്ന ഇടതുപക്ഷഭരണത്തെ അട്ടിമറിച്ച അമേരിക്ക, 1989ൽ പാനമയുടെ പ്രസിഡന്റ് മാനുവൽ നോറിയേഗയെ അമേരിക്കൻസേന, തലസ്ഥാനമായ പാനമസിറ്റിയിലെത്തി അറസ്റ്റുചെയ്ത് അമേരിക്കൻ ജയിലിലടച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടാലും, തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭരണകൂടങ്ങളെ, അത് ലോകത്ത് എവിടെയാണെങ്കിലും, കള്ളക്കഥകൾ ചമച്ച് പുറത്താക്കുകയെന്നത് കലയായി വികസിപ്പിച്ചിരിക്കുന്ന സാമ്രാജ്യത്വ ഭീകരനാണ് അമേരിക്ക. വെനസ്വെലയിൽനടന്നത് അമേരിക്കൻ സാമ്രാജ്യത്വരാഷ്ട്രീയത്തിന്റെ തുടർച്ചമാത്രമാണ്.
ലോകത്തെ മയക്കാൻ പെരുംനുണ
ഓരോ കാലത്തും, അമേരിക്കയ്ക്ക് ഇഷ്ടമില്ലാത്ത ഭരണാധികാരികളെ പുറത്താക്കാൻ അവർ പെരുംനുണകൾ നിർമിച്ച്, പാദസേവകരായ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ലോകത്തിന്റെ അംഗീകാരം നേടാൻ ശ്രമിക്കും.

2003ൽ ഇറാക്കിന്റെ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസയ്‌നെ പുറത്താക്കിയത്, അദ്ദേഹം മനുഷ്യരെ കൂട്ടക്കൊലനടത്താനുള്ള രാസായുധങ്ങൾ കൂട്ടിവച്ചിരിക്കുന്നുവെന്ന കല്ലുവച്ചനുണ ലോകത്താകെ പ്രചരിപ്പിച്ചാണ്. സദ്ദാമിനെ അട്ടിമറിച്ചശേഷം, ഇറാഖിൽനിന്നും കടുകുമണിയുടെയത്രപോലും കൂട്ടക്കൊലനടത്താനുള്ള രാസായുധം കണ്ടെത്താൻ അമേരിക്കക്കായില്ല. അത്തരമൊരു നട്ടാൽക്കുരുക്കാത്ത നുണയുമായാണ് ട്രംപും ഇറങ്ങിയത്. ഇറാഖിനെ ആക്രമിക്കുന്നതിനുമുന്പ് ചില അന്വേഷണ പ്രഹസനങ്ങൾനടത്താൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് തയാറായെങ്കിലും, അതിനൊന്നും നിൽക്കാനുള്ള ക്ഷമ അഹന്തയുടെ ആൾരൂപമായ ട്രംപിനുണ്ടായിരുന്നില്ല.
മയക്കുമരുന്നിനെതിരായ നടപടിയാണ് വെനസ്വേലൻ പ്രസിഡന്റിനെതിരായി താൻ നടത്തുന്നതെന്നാണ് ട്രംപ് പറയുന്നത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനുശേഷം ഇതുവരെ അദ്ദേഹത്തിനെതിരായ ഒരു തെളിവും അമേരിക്കൻ ഭരണകൂടം ലോകത്തിനുമുന്നിൽ വച്ചിട്ടില്ല. എന്നുമാത്രമല്ല, ട്രംപിന്റെ ലക്‌ഷ്യം, ലോകത്ത് ഏറ്റവുംകൂടുതൽ എണ്ണനിക്ഷേപമുള്ള രാജ്യത്തെ, തന്റെ വരുതിയിൽകൊണ്ടുവരുകയെന്ന സൃഗാലതന്ത്രമാണ്. അതിൽമാത്രം ഒതുങ്ങുന്നതല്ല, അമേരിക്കൻ നടപടി. ക്യൂബയിലേക്കും ചൈനയിലേക്കും, വെനസ്വേലയുടെ എണ്ണ കയറ്റുമതി അവസാനിപ്പിക്കലും അമേരിക്കയുടെ ലക്ഷ്യമാണ്. തങ്ങളുടെ ചൊല്പടിക്കുനിൽക്കാത്ത കൊളംബിയ, മെക്സിക്കോ, മുതലായ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പും ഈ അട്ടിമറിയുടെ ലഷ്യങ്ങളാണ്.
അമേരിക്കയിൽ മയക്കുമരുന്നുകഴിച്ച് ആയിരങ്ങൾ എല്ലാവർഷവും മരിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. ഫെന്റനിൽ എന്ന വീര്യംകൂടിയ മയക്കുമരുന്നാണ് വ്യാപകമായ മരണത്തിനുകാരണം. ഫെന്റനിൽ എന്ന മയക്കുമരുന്ന് അനധികൃതമായി അമേരിക്കയിലെത്തുന്നത് മെക്സിക്കോ, കൊളംബിയ, പെറു, മുതലായ രാജ്യങ്ങളിലൂടെയാണ്. ഫെന്റനിലിനെതിരായ നടപടി ആത്മാർഥമാണെങ്കിൽ, ട്രംപ് ചെയ്യേണ്ടത്, അമേരിക്കയിൽനിന്നു 4500കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന വെനസ്വേലയെ ആക്രമിക്കുകയല്ല, അമേരിക്ക-മെക്സിക്കോ അതിർത്തിയുടെ ഒരു കിലോമീറ്റർ അകലെ പ്രവർത്തിക്കുന്ന അനധികൃത മയക്കുമരുന്നുശാലകളെ തകർത്താൽമതി. പക്ഷെ, അമേരിക്കയുടെ കണ്ണ്, വെനസ്വേലയുടെ എണ്ണസമ്പത്തിലാണല്ലോ. മയക്കുമരുന്നിനെതിരായ ട്രംപിന്റെ നടപടി ആത്മാർഥതയില്ലാത്തതാണെന്നതിന്റെ ഏറ്റവുംവലിയതെളിവ്, അമേരിക്കയിലേക്ക് 400 ടൺ കൊക്കയ്ൻ കള്ളക്കടത്തുനടത്തിയതിന് തെളിവുകളുടെ അടിസ്ഥാനത്തിൽ 45 വർഷത്തേക്ക് ശിക്ഷിച്ച ഹോണ്ടുറാസിന്റെ മുൻപ്രസിഡന്റ് യുവാൻ ഹെർണാണ്ടസിന് പൂർണമായും ശിക്ഷ ഇളവുനൽകാനുള്ള ട്രംപിന്റെ തീരുമാനമാണ്.
തളരുന്ന ആഗോള ആധിപത്യം ഉറപ്പിക്കാനുള്ള അമേരിക്കയുടെ സാമ്രാജ്യത്വ വിദേശനയത്തിന്റെ ഭാഗമാണ് വെനസ്വേലയിലെ നടപടി. അത് അവസാനത്തേതുമല്ല. ഇത്തരം കിരാതനടപടികൾ അമേരിക്ക തുടരും, ട്രംപിന്റെ കാലത്ത്, അത്തരം നടപടികൾ ഭീകരമായിത്തന്നെ തുടരും. ലോകം ചങ്ങലപൊട്ടിച്ചുവരുന്ന, എന്തിനുംശേഷിയുള്ള ഒരു രാക്ഷസ ഭരണാധികാരിയുടെ കാൽച്ചുവട്ടിലാണിപ്പോൾ. വിശ്വഗുരുക്കന്മാർ ഇപ്പോൾ നല്ല ഉറക്കത്തിലാണുതാനും. ലോകത്തെ ആര് കാക്കും?




