
ദിലീപ് കേസ് എന്നറിയപ്പെടുന്ന കൊട്ടേഷൻ ബലാത്സംഗസംഭവം നിയമ ,സാമൂഹ്യ,ലിംഗനീതി,മനുഷ്യാവകാശ ചരിത്രത്തിൽ പല നിലകളിൽ സ്ഥാനം നേടിയിരിക്കുന്നു. ഇന്ത്യയിൽ തന്നെ ആദ്യത്തെ കൊട്ടേഷൻ ബലാത്സംഗമാണ് തെന്നിന്ത്യയിലെ പ്രമുഖതാരത്തിനു നേരെ 2017 ഫെബ്രുവരി 17 ന് നടന്നത്. ഗോപാലകൃഷ്ണൻ അഥവാ ദിലീപ് എന്ന നടൻ പ്രതികാരം തീർക്കുന്നതിനായി ഗുണ്ടകളെ ഉപയോഗിച്ച് നടിയെ ബലാത്സംഗം ചെയ്യിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
സംഭവം
ഫെബ്രുവരി 17 ന് തൃശൂരിൽ നിന്നും മാർട്ടിൻ എന്ന ഡ്രൈവറുമായി നടി എറണാകുളത്തേക്ക് കാറിൽ പോകുന്നു. അങ്കമാലിക്കടുത്തു വച്ച് കാറിൽ മറ്റൊരു വാഹനം ഇടിക്കുന്നു. മാർട്ടിൻ വണ്ടി നിർത്തി പുറത്തിറങ്ങുന്നു. ഡ്രൈവർമാർ തമ്മിൽ അപകടത്തെ കുറിച്ചുള്ള തർക്കമെന്ന ഭാവത്തിൽ മാർട്ടിൻ കാറിൽ നിന്നും മാറുന്നു . പൾസർ സുനിൽ എന്നറിയപ്പെടുന്ന സുനിൽകുമാർ ഉൾപ്പടെ നാലുപേർ കാറിൽ കയറി നടിയെ ലൈംഗികമായി ആക്രമിക്കുകയും ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്യുന്നു. അവർ സ്വന്തം വാഹനത്തിൽ കയറി സ്ഥലം വിടുന്നു. നടി എറണാകുളത്ത് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിൽ പോയി താൻ നേരിട്ട അതിക്രമം വിവരിക്കുന്നു. ലാൽ വേഗത്തിൽ കാര്യങ്ങൾ നീക്കുന്നു. ഡിജിപി ലോക് നാഥ് ബഹ്റയെ വിളിച്ചു വിവരം പറയുന്നു. കേസെടുക്കുന്നു . പോരാട്ടം തുടങ്ങുന്നു.
നടി = പോരാട്ടം
സാധാരണഗതിയിൽ ലൈംഗികാതിക്രമത്തെ ചൂഴ്ന്നു നിൽക്കാറുള്ള നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് നീതിക്കു വേണ്ടി പോരാടാൻ നടി തയാറായി എന്നതാണ് ഈ കേസിന്റെ സുപ്രധാനമായ സവിശേഷത. വിവാഹനിശ്ചയം കഴിഞ്ഞ ഉടൻ ആയതിനാൽ നടി ഈ സംഭവം ഒരുകാരണവശാലും പുറത്തുപറയാൻ സാധ്യതയില്ലെന്ന് പ്രതികൾ കരുതിയിരിക്കാം. ഇതിനുമുൻപ് ലാലിൻറെ തന്നെ ഒരു സിനിമയുടെ ഷൂട്ടിങ്ങ് ഗോവയിൽ നടന്നപ്പോൾ പൾസർ സുനിയും നടിയും അവിടെ ഉണ്ടായിരുന്നു. അന്നത്തെ പരിചയം മൂലമാണ് തന്നെ ആക്രമിച്ചത് ഇതേ വ്യക്തിയാണെന്ന് നടി തിരിച്ചറിഞ്ഞത്. തന്നെ തിരിച്ചറിയുമെന്ന ധാരണ സുനിക്കും ഉണ്ടായിരുന്നു. എന്നിട്ടും ഈ അതിക്രമത്തിന് മുതിർന്നത് സംഭവം രഹസ്യമായിരിക്കുമെന്ന ഉറച്ച തോന്നൽ കൊണ്ടാകാം. അവിടെയാണ് പ്രതികൾക്ക് തെറ്റ് പറ്റിയത്. നടി നീതിലഭിക്കും വരെ പോരാടുമെന്ന് ഉറപ്പിച്ചു. ആ നിശ്ചയദാർഢ്യത്തിൽ കേരളം നടുങ്ങി. ഒരുപാട് വിഗ്രഹങ്ങൾ തകർന്നു.

പ്രത്യാഘാതം ,പ്രഭാവം
നടിയുടെ പോരാട്ടം കേരളത്തിൽ വലിയ അലയൊലികൾ സൃഷ്ട്ടിച്ചു. സിനിമാമേഖലയുടെ ശുചീകരണത്തിന് തുടക്കം കുറിക്കാൻ ദിലീപ് കേസ് ഇടയാക്കി. ഒരു വലിയ വിഭാഗം സ്ത്രീകളും അനേകം പുരുഷന്മാരും നടിക്ക് പിന്തുണയുമായി മുന്നോട്ടുവന്നു. നടി ഒറ്റക്കല്ലെന്ന് അവർ പ്രഖ്യാപിച്ചു. ഇന്ത്യയുടെ,എന്നല്ല ലോകസിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി സിനിമയിലെ സ്ത്രീകൾ സംഘടിച്ചു. നടിമാരും സംവിധായകരും ടെക്നിഷ്യന്മാരും ആയ സ്ത്രീകൾ ഒത്തുചേർന്ന് വിമൻ ഇൻ സിനിമ കളക്റ്റിവ് ( WCC)രൂപീകരിച്ചു. ഇവർ നൽകിയ നിവേദനം അനുഭാവപൂർണം പരിഗണിച്ചു കൊണ്ട് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജസ്റ്റിസ്ഹേമകമ്മിറ്റി രൂപീകരിച്ചു. സിനിമ എന്ന തൊഴിൽ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായിരുന്നു ജസ്റ്റിസ് ഹേമ , കെ ബി വത്സല കുമാരി , ശാരദ എന്നിവർ അടങ്ങിയ കമ്മിറ്റി ശ്രമിച്ചത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കമ്മിറ്റി കണ്ടെത്തിയത്. സിനിമാവ്യവസായത്തിൽ സ്ത്രീകൾ ക്രൂരമായ ലൈംഗികചൂഷണത്തിനും അതിക്രമത്തിനും ഇരയാകുന്നുണ്ടെന്ന് സർക്കാരിനും കേരള സമൂഹത്തിനും ബോധ്യപ്പെട്ടു. നിയമപരമായി നീങ്ങാൻ തയാറായവരെ സർക്കാർ പിന്തുണച്ചു. സിനിമയിൽ ഇതുണ്ടാക്കിയ തുടർചലനങ്ങൾ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു.

സ്ത്രീകൾ കൊടുത്ത വില
ഈ സാംസ്കാരികപോരാട്ടം സ്ത്രീകൾക്ക് അനായാസമായ ഒന്നായിരുന്നില്ല. എങ്കിലും കരുത്തരായ ഒരു കൂട്ടം സ്ത്രീകൾ തങ്ങളുടെ നിലപാടിൽ അചഞ്ചലമായി ഉറച്ചു നിന്നു . സൈബർ ആക്രമണം മുതൽ തൊഴിലിൽ നിന്നും മാറ്റി നിർത്തലും ഭ്രഷ്‌ട്ടും വരെ ഇവർ അനുഭവിച്ചു. പാർവതി തെരുവോത്ത് ,രമ്യ നമ്പീശൻ തുടങ്ങിയ അനുഗ്രഹീത കലാകാരികൾക്ക് അവസരം നഷ്ടമായി. സ്ത്രീകൾ കാരണം മലയാളസിനിമ തകർന്നുവെന്ന് പലരും വിലപിച്ചു. എല്ലാ ലൈംഗികാക്രമണങ്ങളും കെട്ടിച്ചമച്ച കഥകൾ ആണെന്ന ആഖ്യാനം പലരും പടച്ചു വിട്ടു. പക്ഷേ ചലച്ചിത്രമെന്ന തൊഴിലിടത്തിൽ നിർണായകമായ മാറ്റം പ്രകടമായി .മലയാള സിനിമയുടെ ശുദ്ധീകരണത്തിന് അങ്ങനെ നടിയുടെ നിയമ പോരാട്ടം ഇടയാക്കി.

മഞ്ജു വാര്യർ എന്ന പടക്കുതിര
ദിലീപ്‌കേസും അനുബന്ധസംഭവങ്ങളും മഞ്ജു വാര്യർ എന്ന സൂപ്പർ താരത്തിന്റെ മടങ്ങിവരവിന് കളം ഒരുക്കി എന്നത് സവിശേഷമായി ചൂണ്ടികാണിക്കേണ്ടതുണ്ട്. മഞ്ജുവിന്റെ ഭർത്താവായിരിക്കുമ്പോൾ തന്നെ ദിലീപ് കാവ്യ മാധവൻ എന്ന മറ്റൊരു നടിയുമായി ബന്ധം പുലർത്തുന്നുവെന്ന് അതിജീവിത തെളിവ് സഹിതം മഞ്ജുവിനെ അറിയിച്ചതിന്റെ വൈരാഗ്യമാണ് കൊട്ടേഷൻ ബലാത്സംഗത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ഈ വാദം ശരിയാണെങ്കിൽ മഞ്ജുവിന്റെ ഗംഭീരമായ മടങ്ങിവരവ് മധുരപ്രതികാരം ആണെന്ന് കാണാം., കാലാതിലകപട്ടവുമായി നർത്തകിയായ മഞ്ജു 14 വയസ്സിൽ മലയാള സിനിമയിലെത്തുകയും ഒട്ടും കാലതാമസം കൂടാതെ മുൻനിര നായികമാരിൽ ഒരാളാകുകയും ചെയ്ത പ്രതിഭയാണ്. ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു. 15 വർഷം ഭാര്യയും മീനാക്ഷിയുടെ അമ്മയും മാത്രമായി മഞ്ജു ചുരുങ്ങി. തന്റെ കഴിവുകൾ മുഴുവൻ അട്ടത്തു വച്ചു ( മലയാള സിനിമയിലെ ഒരുനിര നായികമാർക്ക് ഈ ഗതിയാണെന്ന കാര്യം വിസ്മരിക്കുന്നില്ല ).
പൂർണമായി ഒരു ഗൃഹസ്ഥയായ മഞ്ജുവിന്റെ ജീവിതം ദിലീപ്‌സംഭവം ഉണ്ടാകും വരെ ആരും അറിഞ്ഞില്ല. ഫെബ്രുവരി 17 ന് നടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം എറണാകുളത്ത് സിനിമാപ്രവർത്തകരുടെ പ്രതിഷേധ യോഗം ചേർന്നു . എല്ലാവരും പറഞ്ഞ അഭിപ്രായങ്ങളിൽ നിന്നും വ്യത്യസ്തമായി മഞ്ജു വാര്യർ പറഞ്ഞത് സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നാണ് . ഈ യോഗത്തിൽ ദിലീപും തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
2014 ൽ ദിലീപ് വിവാഹമോചനത്തിന് കേസ് കൊടുത്തു. കാവ്യയുമായുള്ള ബന്ധം കുറച്ചു വർഷങ്ങളായി തങ്ങളുടെ ജീവിതം സംഘർഷഭരിതമാക്കിയതായി മഞ്ജു കോടതിയിൽ വ്യക്തമാക്കി. 2015 ൽ വിവാഹമോചനം നടന്നു. ദിലീപുമായി അകന്നതോടെ ” ഹൗ ഓൾഡ് ആർ യു ” എന്ന ബ്ളോക് ബസ്റ്ററിലൂടെ മഞ്ജുവിന്റെ രണ്ടാം അങ്കത്തിനു തുടക്കം കുറിച്ചു .അതുവരെ വീടിനുള്ളിൽ അടഞ്ഞിരുന്ന മഞ്ജുവിന്റെ അശ്വമേധമായിരുന്നു പിന്നീട് മലയാളികൾ കണ്ടത്. സിനിമയും നൃത്തവും പാട്ടും പ്രസംഗവും ആയി മഞ്ജു കേരളത്തിന്റെ പ്രിയങ്കരിയായി.
ഇതിനിടയിൽ ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും മഞ്ജുവിന്റെ ആരോപണങ്ങൾ ശരിയാണെന്ന് വരുകയും ചെയ്തു. നടിയുടെ നിയമപോരാട്ടം ശക്തമായി മുന്നോട്ടു പോയി. മഞ്ജു അരങ്ങിൽ തിളങ്ങിയപ്പോൾ ദിലീപ് പോലീസ് സ്റ്റേഷനും കോടതിയും കേസും ആയി വട്ടം ചുറ്റുകയായിരുന്നു . കുടുംബവും പണവും സ്വത്തും എല്ലാം നഷ്ടപെട്ട മഞ്ജു തോൽക്കാൻ തയ്യാറായില്ല . പണവും പ്രശസ്തിയും അംഗീകാരവും മഞ്ജുവിനെ തേടി വന്നു. ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി കണ്ണടച്ച് തുറക്കുന്ന വേഗതയിൽ മഞ്ജു നേടിയെടുത്തു.
ഇത് ദിലീപിനെ തകർത്തു തരിപ്പണം ആക്കിയെന്നത് വെളിപ്പെട്ടത് വിധി വന്ന ഡിസമ്പർ 8 ന് ആയിരുന്നു. സെഷൻസ് കോടതി ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളെ മാത്രമേ കുറ്റക്കാരായി കാണുന്നുള്ളൂ എന്നറിഞ്ഞ ആദ്യ നിമിഷം ദിലീപിന്റെ വായിൽ നിന്നും വന്ന ആദ്യ വാക്ക് ‘മഞ്ജു’ എന്നായിരുന്നു. ദിലീപിന്റെ ഉള്ളിൽ എന്താണ് തിളക്കുന്നതെന്ന് വ്യക്തമായ നിമിഷമായിരുന്നു അത്.
മഞ്ജു വാര്യരുടെ വിജയഗാഥ തുടർന്നുകൊണ്ടിരിക്കുന്നു. പ്രതികാരത്തിന്റെ കുന്തമുന ദിലീപ് മഞ്ജു വാര്യർക്ക് നേരെ തിരിച്ചു വച്ചിരിക്കുന്നതിൽ ലേശംപോലും കൂസാതെ മഞ്ജു ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചു : ‘കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിഷിക്കപ്പെട്ടിട്ടുള്ളൂ .ഇത് ആസൂത്രണം ചെയ്തവർ ,അത് ആരായാലും ,പുറത്ത് പകൽ വെളിച്ചത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ് . അവർ കൂടി ശിഷിക്കപ്പെട്ടാലേ അതിജീവിതക്കുള്ള നീതി പൂര്ണമാകുകയുള്ളൂ.”

സ്ത്രീകളുടെ ഐക്യം അഥവാ സഹോദരീത്വം
സ്ത്രീകൾ തമ്മിലുള്ള സുന്ദരവും കരുത്തുറ്റതുമായ ബന്ധത്തിന്റെ പരിണിതഫലം കൂടിയാണ് ദിലീപ്‌കേസ് . പൊതുവിൽ ആണാധിപത്യബോധം പൊതുബോധമായി നിൽക്കുന്ന സാമൂഹ്യസാഹചര്യത്തിൽ പൊരുതാനുള്ള ഊർജവുമായി ഒരു പറ്റം സ്ത്രീകൾ മുന്നിട്ടിറങ്ങിയെന്നു കാണാം. അതിജീവിതയും മഞ്ജു വാര്യരും തമ്മിലുള്ള ആത്മബന്ധം എല്ലാ പ്രതിസന്ധിഘട്ടത്തിലും ഇരുവർക്കും താങ്ങും തണലുമായി. അവർ പരസ്പരം കൈകോർത്തുപിടിച്ചു നിൽക്കുമ്പോൾ ഒപ്പം നില്ക്കാൻ റീമ കല്ലിങ്കലും രമ്യ നമ്പീശനും പാർവതി തേരോത്തും സംയുക്ത വർമയും തയാറായി. wcc എന്ന പെൺകൂട്ടായ്മ തരിമ്പും വിട്ടു കൊടുക്കാതെ ഇപ്പോഴും പൊരുതുന്നു. കെഎസ്ആര്ടിസി ബസ്സിൽ ദിലീപിന്റെ സിനിമ വച്ചപ്പോൾ പ്രതിഷേധിച്ച സാധാര ണക്കാരിയായ ലക്ഷ്മി ഉൾപ്പടെയുള്ള സ്ത്രീകൾ അതിജീവിതക്കും മഞ്ജുവിനും പിന്തുണ നൽകുന്നു.

വിധി നിരാശാജനകം
സെഷൻസ് കോടതി വിധി കേരളത്തിലെ നീതിബോധമുള്ള സമൂഹത്തെ കടുത്ത നിരാശയിലാഴ്ത്തി .
ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എന്ന ഗോപാലകൃഷ്ണൻ എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് ആറു പേർ പ്രതികളാണെന്ന് വിധിച്ചത്. ഒന്നാം പ്രതി സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ് അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഏഴാം പ്രതി ചാര്‍ളി തോമസ്, ഒൻപതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് എട്ടാം പ്രതി ദിലീപിനൊപ്പം കോടതി വെറുതെവിട്ടത് . ഗൂഢാലോചന തെളിയിക്കപ്പെട്ടില്ല എന്നാണ് വിശദീകരണം .
സ്ത്രീകൾ കേരളത്തിൽ പലയിടങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുകയും അതിജീവിതക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. 1600 പേജുള്ള വിധിയെ കുറിച്ച് വിശദമായ വിശകലനം ആവശ്യമാണ്. അത് ഈ കുറിപ്പിൽ ഒഴിവാക്കുന്നു.

ഇടതുപക്ഷജനാധിപത്യസർക്കാർ
സർക്കാർ ആദ്യം മുതൽ അതിജീവിതക്കൊപ്പം നിന്നു . കേസ് നീതിപൂർവം നടപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊണ്ടു . ദിലീപ് ഉൾപ്പടെയുള്ളവരുടെ പണവും സെലിബ്രിറ്റി പദവിയും അവരെ അറസ്റ്റ് ചെയ്യുന്നതിന് സർക്കാരിന് തടസ്സമായില്ല . കോടതിനടപടികളിൽ ഉണ്ടായ വീഴ്ചകൾ പലരും ചൂണ്ടികാണിക്കുമ്പോഴും സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നില്ല.
സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും അതിജീവിതക്കൊപ്പം ആണെന്നും മുഖ്യമന്ത്രി ഉൾപ്പടെ വ്യക്തമാക്കിയിട്ടുണ്ട്.

തുടരുന്ന പോരാട്ടം
ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് ഉണ്ടാകുന്ന വൈരാഗ്യം ഒരാളെ കൊല്ലുന്നത് വരെ എത്തുന്നത് കാണാറുണ്ട്. എന്നാൽ കൊലപാതകത്തേക്കാൾ ഹീനവും നിന്ദ്യവും ക്രൂരവുമായ കുറ്റകൃത്യമാണ് നടിക്ക് നേരെ ഉണ്ടായത്. ക്രൂരതയുടെയും മനുഷ്യത്വഹീനതയുടെയും ഏറ്റവും അശ്ലീലമായ മുഖമാണ് ദിലീപ്‌കേസിൽ കാണാൻ കഴിയുന്നത്. ഒരു സ്ത്രീയായതു കൊണ്ട് മാത്രം സംഭവിക്കുന്ന ആക്രമണം. തട്ടിക്കൊണ്ടുപോയി വാഹനത്തിൽ കയറ്റി നഗ്നയാക്കി ലൈംഗികമായി ആക്രമിച്ചു വിഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തുക എന്ന തന്ത്രം ആണ് പയറ്റിയത്. പണം കൊടുത്താൽ എന്തും ചെയ്യാൻ തയാറായവരെ അതിന് ഏർപ്പാട് ചെയ്യുന്നു. ഇത് കേരളം മുഴുവൻ ഏറ്റെടുക്കേണ്ട പോരാട്ടമാണ് . ഇതിനു പിന്നിൽ പൾസർ സുനിയാണെന്ന് പച്ചരി കഴിക്കുന്ന ആർക്കും വിശ്വസിക്കാനാവില്ല. ആസൂത്രിതമായഗൂഢാലോചന പുറത്തുകൊണ്ടുവന്നേ കഴിയൂ. പരമോന്നതകോടതി വരെയും ചിലപ്പോൾ പോകേണ്ടി വന്നേക്കും. ഇപ്പോഴത്തെ എട്ട് വര്ഷത്തിനും അപ്പുറം നിയമപോരാട്ടം നീണ്ടേക്കാം.
അതിജീവിത അതിനുള്ള തയാറെടുപ്പ് നടത്തുമ്പോൾ കേരളം അവൾക്കൊപ്പം നിക്കേണ്ടതുണ്ട്. മനസ്സുകൊണ്ടും ശരീരം കൊണ്ടും പണം കൊണ്ടും പിന്തുണക്കണം. കേരളത്തിലെ പകുതി മനുഷ്യർ ഒരു രൂപ കൊടുത്താലും ഒന്നര കോടി രൂപയാകും. അത് ചെയ്യേണ്ടി വരും. സൈബർ ലോകത്തും അല്ലാതെയും അതിജീവിതയെ സംരക്ഷണ വലയത്തിൽ നിർത്തേണ്ടതുണ്ട്. മഞ്ജു വാര്യർക്കും ഒപ്പം നിൽക്കുന്നവർക്കും ജീവന് ഭീഷണിയുണ്ടാകാം. ജാഗ്രത ആവശ്യമാണ്. പ്രതികൾക്കൊപ്പം നിൽക്കുന്നവരെ പൂർണമായും ഒറ്റപ്പെടുത്തുക എന്നതും പ്രധാനമാണ്. കേരളത്തിന്റെ മനുഷ്യാവകാശ ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായമായി നമുക്ക് ഈ കേസ് പരിഗണിക്കാം.
(സംഭവം നടന്ന് അഞ്ചു വർഷങ്ങൾക്ക് ശേഷം അതിജീവിത പുറത്തേക്ക് വരുകയും ബർഖ ദത്തിന് അഭിമുഖം നല്കാൻ തയാറാക്കുകയും ചെയ്തു. ലിങ്ക് ചുവടെ 🙂





