
സ്ത്രീകളുടെ ജീവിതത്തിൽ വഴിത്തിരിവുകൾ പോലെ ചിലത് സംഭവിക്കുന്നുണ്ട്. അടയാളപ്പെടുത്താൻ മാത്രം അവ മുഖ്യധാരയുടെ ശ്രദ്ധയിൽ വരുന്നുണ്ടോ എന്നറിയില്ല. 2025 ആഗസ്റ്റിൽ പുറത്തിറങ്ങിയ ചന്ദ്രമതിയുടെ ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവൽ കൈകാര്യം ചെയ്ത വിഷയം ശ്രദ്ധേയമായിരുന്നു. വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ ഭാര്യ സോഫിയ ടോൾസ്റ്റോയ് മുഖ്യ കഥാപാത്രമായി രചിക്കപ്പെട്ട ഈ നോവൽ അതിന്റെ ഉള്ളടക്കം കൊണ്ട് സമൂഹത്തെ അമ്പരപ്പിക്കുകയുണ്ടായി. എന്നാൽ അത് വേണ്ടത്ര നിരൂപണം ചെയ്യാൻ സാഹിത്യലോകം തന്റേടം കാണിച്ചില്ല. ചിലരെങ്കിലും ടോൾസ്റ്റോയ് എന്ന മഹാപ്രതിഭയെ ഇകഴ്ത്തുന്ന എഴുത്തായി ഇതിനെ വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്. സോഫിയയുടെ തുറന്നു പറച്ചിൽ ലോകത്ത് ഒരു സ്ത്രീ നടത്തുന്ന ആദ്യത്തെ കാര്യമല്ല. പക്ഷേ, അതത്ര സാധാരണമല്ലതാനും. പ്രത്യേകിച്ചും അതി പ്രശസ്തരെപ്പറ്റി അവരുടെ ജീവിതപങ്കാളി തുറന്നെഴുതുക എന്നത് കഠിനമായ പ്രവർത്തിയാണ്. ഒന്ന് അതിപ്രശസ്തരുടെ പ്രഭാവലയം ഭേദിച്ച് ഈ പറച്ചിലുകൾ പുറത്തേക്ക് വരുക എന്നത് അസാധ്യം. മറ്റൊന്ന് അതിന് മുതിരുന്ന സ്ത്രീയെ പുറത്ത് കാത്തിരിക്കുന്ന അതിഭീകര സാമൂഹ്യ ഓഡിറ്റിങ്, കടന്നാക്രമണം.
മലയാളത്തിൽ ഇത്തരത്തിലുള്ള എഴുത്തുകൾ വിരളമാണ്. സോഷ്യൽ മീഡിയയുടെ വരവോടെ സ്ത്രീകളുടെ തുറന്നെഴുത്തുകൾ പലതട്ടിൽ സംഭവിക്കുന്നുണ്ട്. അതിന് മുൻപ് മാധവിക്കുട്ടി ‘എന്റെ കഥ’ എഴുതിയപ്പോൾ അത് സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥത ചെറുതായിരുന്നില്ല. എഴുത്തിൽ ആത്മാംശം വന്നുപോയതിന്റെ പേരിൽ രാജലക്ഷ്മി എന്ന എഴുത്തുകാരിക്ക് എഴുത്തും ജീവിതവും തന്നെ അവസാനിപ്പിക്കേണ്ടി വന്നു. എച്ചുമുക്കുട്ടി എഴുതിയ ‘ഇതെന്റെ രക്തമാണിതിന്റെ മാംസമാണിതെടുത്തു കൊൾക’ എന്ന ആത്മകഥ വെളിപ്പെടുത്തിയ സത്യങ്ങൾ പല വമ്പന്മാരുടെയും മുഖംമൂടി അനാവരണം ചെയ്യുകയുണ്ടായി.
ടോസ്റ്റോയിയുടെ ഭാര്യ സോഫിയയുടെ ജീവിതത്തെപ്പറ്റി ആഴത്തിൽ പഠിച്ച ശേഷമാണ് ചന്ദ്രമതി ‘ഒഴുകാതെ ഒരു പുഴ’ എഴുതിയത്. ടോൾസ്റ്റോയ് എന്ന വിഗ്രഹം ഉടഞ്ഞുപോകുന്നതായിരുന്നു സോഫിയയുടെ വെളിപ്പെടുത്തലുകൾ. എഴുത്തിലും ജീവിത വീക്ഷണത്തിലും ടോൾസ്റ്റോയ് പ്രകടിപ്പിച്ച പുരോഗമന മനുഷ്യമുഖം സ്വജീവിതത്തിൽ കണ്ടില്ലെന്ന് മാത്രമല്ല അവയ്ക്ക് കടകവിരുദ്ധമായ ഒരു മനുഷ്യനെയാണ് സോഫിയ അടയാളപ്പെടുത്തുന്നത്. അതിനേക്കാൾ വലിയ വെളിപ്പെടുത്തൽ എഴുത്തിന്റെ മേഖലയിലാണ് ഉണ്ടായത്. ടോൾസ്റ്റോയിയുടെ വിഖ്യാത രചനകളിൽ പലതിലും സോഫിയയുടെ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് എന്നുമാത്രമല്ല അവയെല്ലാം തന്നെ പ്രസിദ്ധീകൃതമായതിനു പിന്നിൽ സോഫിയയുടെ മാത്രം അധ്വാനവുമായിരുന്നു ഉണ്ടായിരുന്നത്. ചുരുക്കത്തിൽ ടോൾസ്റ്റോയ് എന്ന സാഹിത്യ പ്രതിഭയെ വാർത്തെടുത്തത് സോഫിയ എന്ന ജീവിത പങ്കാളിയാണ്. സോഫിയ ഇല്ലായിരുന്നെങ്കിൽ ടോൾസ്റ്റോയ് ഇന്ന് ലോകമറിയുന്ന പ്രതിഭയാകില്ലായിരുന്നു. ഇതിനുവേണ്ടി സോഫിയ എന്ന സ്ത്രീക്ക് നേരിടേണ്ടി വന്ന കടമ്പകൾ, പ്രതിബന്ധങ്ങൾ അസഹനീയവും മനുഷ്യ വിരുദ്ധം പോലുമായിരുന്നു. ലോകത്തിനു മുൻപിൽ നിന്ന് പക്ഷേ സോഫിയയെ മറച്ചു പിടിക്കാൻ ജീവിതാവസാനം വരെ ടോൾസ്റ്റോയ്ക്ക് സാധ്യമായി. അതൊരു പ്രിവിലേജ് ആണ്. അതിന് പിന്നിൽ ഒരു സാമൂഹ്യബോധമുണ്ട്. അത് പുരുഷാധിപത്യ അധികാര ക്രമത്തിൽ അന്തർലീനമാണ്. ആ പ്രിവിലേജ് സ്ത്രീ സമൂഹത്തിന് ഇല്ല എന്നുള്ളത് കൊണ്ടാണ് സോഫിയ എഴുതിയ ജീവിതം ലോകം തിരസ്കരിച്ചത്. സോഫിയയുടെ ഡയറിക്കുറിപ്പുകളും ഫോട്ടോകളും അടങ്ങിയ ‘മൈ ലൈഫ്’ എന്ന പുസ്തകം 100 വർഷം മുമ്പ് എഴുതപ്പെട്ടതാണ്. അത് റഷ്യൻ ഭാഷയിൽ പുസ്തകരൂപത്തിലാകുന്നത് 1978 ൽ മാത്രം. ഇംഗ്ലീഷ് പരിഭാഷ വരുന്നത് 1985ലും.
18 വയസ്സിൽ 36 കാരനായ ടോൾസ്റ്റോയിയുടെ ഭാര്യയായി 16 കുട്ടികളെ പ്രസവിച്ച സോഫിയ വീടിന്റെ പൂർണ്ണചൂർമതല നിർവഹിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കൃതികൾ എഡിറ്റിംഗ് ചെയ്തും തിരുത്തി എഴുതിയും ലോകത്തിനു മുമ്പിൽ വിശ്വവിഖ്യാതനായ എഴുത്തുകാരനായി ടോൾസ്റ്റോയിയെ അവതരിപ്പിക്കുകയാണ് ഉണ്ടായത്. ‘ യുദ്ധവും സമാധാനവും’ എന്ന നോവൽ ഏഴു തവണയാണ് സോഫിയ തിരുത്തി എഡിറ്റ് ചെയ്തത്.

‘എംറ്റിസ്‌പെയ്സ്’ എന്ന പുസ്തകമാണ് മറ്റൊരു അമ്പരപ്പിക്കുന്ന സത്യം വെളിപ്പെടുത്തുന്നത്. എം ടി എന്ന സാഹിത്യകുലപതിയുടെ ഞാനെന്ന ഭാവവും അതു ഉയർത്തിക്കെട്ടിയ പ്രതിഭാ കോട്ടകളും എത്ര പൊള്ളയായിരുന്നു എന്ന് ഈ പുസ്തകം തുറന്നു കാട്ടുന്നു. രണ്ടു സ്ത്രീകൾ രണ്ടിടത്തിരുന്ന് പരസ്പര ആലോചന പോലുമില്ലാതെ എംടിയുടെ ഭാര്യയും എഴുത്തുകാരിയുമായ പ്രമീളാ നായരെ അന്വേഷിച്ചറങ്ങുന്നു. എംടിയുടെ വിയോഗ ശേഷം ഉണ്ടായ വാർത്തകളിലെ സത്യസന്ധതയില്ലായ്മയാണ് ഈ ഒരു അന്വേഷണത്തിന് അവരെ പെട്ടെന്ന് പ്രചോദിപ്പിച്ചത് എന്നുവേണം കരുതാൻ. ഒറ്റ പുസ്തകത്തിൽ ദീദി ദാമോദരനും എച്ചുമകുട്ടിയും പ്രമീളയെ കണ്ടെത്തി അടയാളപ്പെടുത്തിയത് ലോക ചരിത്രത്തിലെ തന്നെ ഒരു സവിശേഷതയായി മാറി. വസ്തുതകളുടെയും യാഥാർത്ഥ്യങ്ങളുടെയും മനോഹര സങ്കലനം ഈ പുസ്തകത്തിന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നുണ്ട്. ടോൾസ്റ്റോയിക്കുണ്ടായിരുന്ന അതേ പ്രിവിലേജ് എംടിക്കുമുണ്ട്. തന്റെ ദൗർബല്യങ്ങളും ഈഗോയും ചില നേരങ്ങളിൽ അസൂയ കലർന്ന മത്സരമായി പ്രമീളനായർ എന്ന സ്ത്രീയിലെ ഭൗതിക ഔന്നിത്യത്തെയും ധിഷണയെയും നിരാകരിക്കുന്ന രീതി സമാനമാണ്. മഞ്ഞ് എന്ന എം ടിയുടെ നോവൽ പരിഭാഷപ്പെടുത്തിയ പ്രമീളയെ അവരിലെ സർഗ്ഗശേഷിയെ എം ടി ഭയന്നിരുന്നു. അതേസമയം തന്റെ പ്രത്യേക പ്രിവിലേജ് ഉപയോഗിച്ച് ആ സത്യത്തെ ഇരുട്ടിൽ നിർത്താൻ എം ടിക്ക് കഴിഞ്ഞു. അറിഞ്ഞുകൊണ്ട് കുലപതിയെ വെറുപ്പിക്കാൻ പുറംലോകം തയ്യാറാകില്ലല്ലോ.
അദൃശ്യമായ ഈ ഒളിച്ചുകളിയിൽ സ്ത്രീകൾ ചിലന്തിവലയ്ക്കുള്ളിൽ പെട്ടതുപോലെ ശ്വാസംമുട്ടി നിശബ്ദരാകുന്നു എന്നതാണ് ഇതിന്റെ വിജയം. സോഫിയ ടോൾസ്റ്റോയിയോടും പ്രമീളനായരോടും അതുകൊണ്ടു തന്നെ കാലം നീതി കാണിച്ചു. സ്ത്രീ സ്വകാര്യസ്വത്ത് മാത്രമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന പുരുഷ സമൂഹം അവരുടെ വ്യക്തി എന്ന നിലയിലുള്ള ഒന്നിനെയും അംഗീകരിക്കാനോ അനുവദിച്ചു കൊടുക്കാനോ ഈ ആധുനികയുഗത്തിലും തയ്യാറാകുന്നില്ല. അതൊരു അധികാരമായി കല്ലിച്ചു പോയതുകൊണ്ട് അവയുടെ കാണാഭിത്തികളും ചുമരുകളും അടിസ്ഥാനശില തന്നെയും പൊളിച്ചു മാറ്റുക എളുപ്പമല്ല. അവിടേക്കാണ് സ്ത്രീകളുടെ തുറന്നെഴുത്തുകൾ പോലും പ്രഹരമായി മാറുന്നത്. വിപ്ലവമായി വികസിക്കുന്നത്. തുറന്നുപറച്ചിലുകൾ മുഖ്യധാരയിലെത്താൻ വർഷങ്ങളും നൂറ്റാണ്ടുകളും എടുക്കുന്നു എന്നിടത്താണ് ചില സ്ത്രീകളുടെ തുറന്നെഴുത്തുകളും പറച്ചിലുകളും വിപ്ലവമാകുന്നത്.
‘മീറ്റൂ ക്യാമ്പയിൻ’ വന്ന സമയത്ത് പണ്ടെങ്ങാണ്ട് നടന്നതൊക്കെ പൊക്കിപ്പിടിച്ച് ഈ സ്ത്രീകൾ വരുന്നത് എന്തിനാണ്. ഇത് ബ്ലാക്മെയിലിങ്ങാണ്, കെട്ടിച്ചമച്ച് വ്യക്തി വൈരാഗ്യം തീർക്കുന്നതാണ് എന്നൊക്കെയുള്ള രൂക്ഷമായ ആക്രമണങ്ങൾ ഇവിടെയുണ്ടായി. കാലമല്ല കടന്നുപോയ സമയമാണ്, ആ മുറിവിൽ നിന്നും ഇപ്പോഴും വാർന്നു വരുന്ന ചോരയും നീറ്റലുമാണ് വിഷയം എന്ന് സമൂഹത്തോട് പറയേണ്ടി വരുന്നു. എന്നാൽ ആ അവസ്ഥയും തട്ടിമാറ്റിക്കൊണ്ട് ചലച്ചിത്ര നടി ഭാവനയും സിസ്റ്റർ റാണിറ്റും കൊടുങ്കാറ്റായി നിലകൊള്ളുന്നു. തൊഴിലിടത്ത് ഒരു സ്ത്രീ എത്ര അനായാസമായാണ് ആക്രമിക്കപ്പെട്ടത് എന്ന് നമ്മൾ കണ്ടതാണ്. പോലീസ് സ്റ്റേഷനിൽ നേരിട്ട് പോയി പരാതി കൊടുത്ത് പേര് പറഞ്ഞു തന്നെ പ്രതികളോട് പരസ്യമായി നിയമ യുദ്ധം നടത്തുന്ന ഭാവനയുടെ ധീരമായ സമീപനം ഡബ്ല്യൂ സി സി എന്ന വിപ്ലവമായി മാറി. സിസ്റ്റർ റാണറ്റ് തകർത്തത് മതാധിപത്യം നിയന്ത്രിക്കുന്ന പൗരോഹിത്യത്തിന്റെ സ്ത്രീവിരുദ്ധതയാണ്. ഫ്രാങ്കോ മുളയ്ക്കൽ എന്ന പാതിരിയച്ഛൻ ജലന്ധറിലെ ക്രിസ്തീയ മഠങ്ങളുടെ കിരീടം വെക്കാത്ത രാജാവായിരുന്നു. വിശ്വാസികളുടെ വിശ്വസ്തപുത്രൻ പക്ഷേ ചെയ്തതെല്ലാം പൊറുക്കാൻ കഴിയാത്ത പാപം. സിസ്റ്റർ റാണറ്റ് ഫ്രാങ്കോയുടെ ലൈംഗിക ക്രൂരതകൾ തുറന്നു പറഞ്ഞതോടെ സഭ ഇളകി മറിഞ്ഞു. റാണറ്റിന്റെ വെളിപ്പെടുത്തലുകൾ മറ്റ് പലർക്കും താക്കീതാകും എന്ന കാര്യത്തിൽ തർക്കമില്ല. തൊട്ടാൽ പൊള്ളും, ഇല്ലെങ്കിൽ പൊള്ളിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഒഴുകാതെ ഒരു പുഴ, എംറ്റിസ്പേയ്സ്, ചലച്ചിത്ര നടി ഭാവന, സിസ്റ്റർ റാണറ്റ്- പുതുവർഷത്തിൽ തിരിഞ്ഞുനോക്കുമ്പോൾ നോവേറ്റുവാങ്ങിയ സ്ത്രീകളുടെ പ്രതീക്ഷയുടെ തലവും, മാനവും വേറെ ലെവലിലോട്ട് പൊങ്ങി പോകുന്നു. പട്ടം പറത്തി അത് കൗതുകത്തോടെ നോക്കി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ മുഖത്ത് വിരിയുന്ന തുറന്ന ചിരിയുണ്ട് . ഇതൊക്കെ കാണുമ്പോൾ സ്ത്രീകളുടെ മുഖത്ത് വിരിയുന്നത് ആ ചിരിയാണ് .ആ മുഖങ്ങളിലേക്ക് നിയമത്തിന്റെയും നീതിയുടെയും പുകമറ കീറിമുറിച്ച് കൊണ്ട് ഒരു വെളിച്ചം ഊർന്നു വരുന്നുണ്ട്- ഊക്കോടെ.




