
മനുഷ്യജീവിതത്തിലും മനുഷ്യസംസ്‌കാരത്തിലും ഇടപെടുന്ന സർഗാത്മകവഴികൾ നിരവധിയാണ്. സാമൂഹ്യജീവിതത്തിനുവേണ്ടിയുള്ള ഒരുമിക്കലും ഒത്തുതീർപ്പുകളുമാണ് ഒരു പരിധിവരെ സംസ്‌കാരത്തെ നിയന്ത്രിക്കുന്നതും വളർച്ചയിലേക്ക് നയിക്കുന്നതും. കലയുടെയും സാഹിത്യത്തിന്റെയും പ്രകടനപരമായ ആവിഷ്‌കാകരങ്ങളിലൂടെ സംസ്‌കാരം വേരൂന്നുകയും പടർന്നുപന്തലിക്കുകയും ചെയ്യുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ടുകൊണ്ട് നിർമിക്കപ്പെടുന്ന കല സാംസ്‌കാരികമായ നവീകരണത്തിന് വഴിയൊരുക്കുന്നുമുണ്ട്. ഇവിടെ ചിത്ര‐ശിൽപകലയാണ് പരാമർശം. ചിത്ര‐ശിൽപകലാരംഗവുമായി ഇണങ്ങുന്ന കാലാവസ്ഥയിലേക്ക് കലാവിഷ്‌കാരങ്ങൾ പരിവർത്തനം ചെയ്യപ്പെടുകയും കലയിലെ പുതിയ പ്രവണതകളെയും പ്രത്യയശാസ്‌ത്ര നിലപാടുകളെയും ധൈര്യപൂർവം അവതരിപ്പിക്കുകയും ചെയ്യുന്ന കാലത്തിലൂടെയാണ് സമകാലിക കല കടന്നുപോകുന്നത്. കലയും കലാസ്ഥാപനങ്ങളും ഉയർന്ന മാനങ്ങൾ തേടുംവിധമാണ് കലാകാരരും കലാസൃഷ്ടികളും ശ്രദ്ധേയമാകുന്നത്. നവീനമായ കാഴ്‌ചയുടെയും പഠനത്തിന്റെയും സംവേദനത്തിന്റെയും വഴിതുറക്കുന്നു ചിത്രശിൽപരചനകൾ. കലയുടെ ലാവണ്യ പഠനവഴികളിലൂടെയുള്ള രൂപവിശകലന പദ്ധതികൾ ചിത്രതലങ്ങളിലും ശിൽപകലയിലും പുതിയ കാഴ്‌ചകളായി‐ തുടർച്ചയായി ആസ്വാദകരിലേക്കെത്തുന്നു. പാരമ്പര്യവും പൈതൃകവും ശാസ്‌ത്രവുമൊക്കെച്ചേർന്ന സമഗ്രമായ കലാവിഷ്‌കാരങ്ങളാൽ സമ്പന്നമാകുന്ന ചിത്ര‐ശിൽപ പ്രദർശനങ്ങൾ‐ അത്തരമൊരു പ്രദർശനമാണ് ചിത്രകാരൻ ടി ആർ ഉദയകുമാർ ക്യൂറേറ്റ് ചെയ്‌ത് കോട്ടയം ആർട്ട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. ഫൗണ്ടേഷന്റെ എട്ടാമത് പതിപ്പാണ് നൂറ്റിയമ്പതോളം ചിത്ര‐ശിൽപകാരരുടെ പങ്കാളിത്തത്തോടെ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ട്‌സ് ഗ്യാലറിയിലും മൗവ് ഗ്യാലറിയിലുമായി അരങ്ങേറിയത്.
നിരവധി ഏകാംഗ ചിത്രപ്രദർശനങ്ങളും സംഘ ചിത്രപ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുള്ള ടി ആർ ഉദയകുമാറിന് ഈ പ്രദർശനവും മികവുറ്റ രീതിയിൽ ഡിസ്‌പ്ലേ അടക്കം അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രമുഖരായ കലാകാരർ മൺസൂൺ ആർട്ട് ഫെസ്റ്റിൽ പങ്കെടുക്കുന്നു. നവീന കലാശൈലിയുടെയും കലാസങ്കേതങ്ങളുടെയും പരിച്ഛേദമാകുന്ന പ്രദർശന കലാവിഷ്‌കാരങ്ങളിൽ അതിജീവനവും കലയിലെ പരിശുദ്ധിയുമാണ് ദൃശ്യമാകുന്നത്. പാശ്ചാത്യ കലാസങ്കേതങ്ങളുടെ പിൻബലത്തിനപ്പുറം നമ്മുടെ കലയും സാഹിത്യവുമായുള്ള ഇഴയടുപ്പംപോലെ അതുവഴി രൂപപ്പെടുത്തുന്ന സാംസ്‌കാരികാവബോധത്തിന്റെ ഉൾക്കരുത്തും ഇവിടെ തെളിഞ്ഞുകാണാം.
ലോകരാജ്യങ്ങളിലെ യുദ്ധങ്ങളടക്കമുള്ള ദുരന്തങ്ങൾ‐ അത്തരം കാഴ്‌ചാനുഭവങ്ങളുടെ ആവിഷ്‌കാരമാണ് പ്രദീപ് പുത്തൂരിന്റെ ‘ദി ഡിവൈൻ കോമഡി’. ആസ്വാദകരോട് സംവദിക്കുന്ന നവീന രൂപമാതൃകകളിലൂടെയുള്ള വർണപ്രയോഗവും എടുത്തുപറയേണ്ടത്. മനുഷ്യരൂപ നിർമിതികളിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ഇരുണ്ട കാഴ്‌ചകളിലേക്കാണ് ശ്രീജ പള്ളത്തിന്റെ ചിത്രങ്ങൾ വരച്ചിടുന്നത്. യഥാതഥമായ കാഴ്‌ചയിലൂടെ കാലത്തെ ആവിഷ്‌കരിക്കുന്നു ഷിജോ ജേക്കബിന്റെ ചിത്രം. ചില സൂചനകളിലൂടെയാണ് പോയകാലത്തിന്റെ മങ്ങിയ നിറക്കാഴ്‌ചകൾ അദ്ദേഹം സൂക്ഷ്‌മമായി ആവിഷ്‌കരിക്കുന്നത്. പ്രകൃതിയുടെ ഉൾക്കരുത്ത് ആവാഹിക്കുന്നു പ്രീതി വടക്കത്തിന്റെ ചിത്രങ്ങൾ.
സ്വപ്‌നാത്മക ദൃശ്യമൊരുക്കി ബൊട്ടാണിക്കൽ ഫാന്റസിയിലൂടെ പ്രകൃതിയെ അറിയുകയാണ് ബി ഡി ദത്തൻ. പ്രകൃതിയുടെ വൈവിധ്യങ്ങളെയും സവിശേഷതയെയും വ്യത്യസ്‌ത അനുഭവമായി ആസ്വാദകരെ തൊട്ടുണർത്തുന്നു പ്രൊഫ. കാട്ടൂർ നാരായണപിള്ളയുടെ രണ്ടു ചിത്രങ്ങൾ. സാംസ്‌കാരിക‐ചരിത്ര പശ്ചാത്തലത്തിന്റെ ഏടുകളിലേക്കുള്ള സഞ്ചാരവഴി തുറക്കുന്ന ചിത്രലോകമാണ് അജയകുമാറിന്റെ ചിത്രം. അട്ടിമറിക്കപ്പെടുന്ന നിയമവാഴ്‌ചയുടെ സൂചനകളാണ് നേമം പുഷ്‌പരാജിന്റെ ചിത്രം നമ്മോട് പറയുന്നത്. വനനശീകരണത്തിന്റെ പശ്ചാത്തലത്തിൽ കാടും ജീവജാലങ്ങളും ഉൾച്ചേർന്ന പ്രകൃതിയുടെ ഉത്‌കണ്‌ഠയാണ് ടെൻസിംഗ് ജോസഫിന്റെ ഇൻസ്റ്റലേഷൻ രചന. ചിന്തകൾ പലതായി തിരിയുന്ന മനുഷ്യന്റെ ശരീരവും മനസും ഇഴപിരിയുന്ന കാഴ്‌ചയാണ് ബി എസ് സുമേഷിന്റെ ശിൽപം സമ്മാനിക്കുന്നത്. ഒപ്പം ചില സ്‌നേഹമുദ്രകളും. വലവിരിക്കുന്ന രേഖകളിലൂടെ, അതിജീവനത്തിന്റെ പുതുചക്രവാളം വരച്ചിടുകയാണ് യാമിനി മോഹൻ. നാട്ടിൻപുറത്തിന്റെ തെളിമയിലൂടെയുള്ള യഥാതഥമായ കാഴ്‌ചയാണ് മനോജ് വെയ്‌ലൂരിന്റെ ചിത്രം. ഷിബുചന്ദ്, വത്സൻ കൂർമ്മ കൊച്ചേരി, ടി ആർ ഉദയകുമാർ, തോലിൽ രാമദാസ്, ജയ പി എസ്, സക്കീർ ഹുസൈൻ, ഓംസൂര്യ, അലക്‌സാണ്ടർ ഡി, ബാലമുരളീകൃഷ്‌ണൻ, സുനിൽ എ പി, ഷജിത് ആർ ബി, മനീഷ ദേവശർമ തുടങ്ങിയ ശ്രദ്ധേയ കലാകാരരും പ്രദർശനത്തിൽ പങ്കാളികളായി. വൻവിജയമായി മാറിയ മൺസൂൺ ആർട്ട് ഫെസ്‌റ്റ് കാണാൻ നഗരത്തിലെ സ്‌കൂൾ വിദ്യാർഥികളും നിരവധി കലാസ്വാദകരും സാമാന്യജനങ്ങളും എത്തി എന്നതും ശ്രദ്ധേയമായി. സിപിഐ എം ജനറൽ സെക്രട്ടറിയും മുൻ സാംസ്‌കാരികമന്ത്രിയുമായ എം എ ബേബി, മുൻമന്ത്രി കെ സി ജോസഫ് അടക്കമുള്ള രാഷ്‌ട്രീയ, സാംസ്‌കാരികരംഗത്തെ പ്രമുഖരും പ്രദർശനം കാണാനെത്തിയിരുന്നു. സമാപനദിവസം കലാനിരൂപകൻ ജോണി എം എല്ലുമായി കലാസംവാദവും സംഘടിപ്പിച്ചിരുന്നു. മൂർത്തവും അമൂർത്തവുമായ ശൈലീസങ്കേതങ്ങൾ ഉൾച്ചേർന്ന ചിത്ര‐ശിൽപകലയുടെ സമഗ്രമായ കാഴ്‌ചയായി മാറി കോട്ടയം ആർട്ട് ഫൗണ്ടേഷന്റെ ‘മൺസൂൺ ആർട്ട് ഫെസ്റ്റ്’. l




















