
ബാഹുൽ രമേശിന്റ തിരക്കഥയിൽ ദിൻജിത്ത് അയ്യതൻ സംവിധാനം നിർവഹിച്ച ചലച്ചിത്രമാണ് ‘എക്കോ’. 2024ൽ പുറത്തിറങ്ങിയ ഏറെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ ‘കിഷ്കിന്ധകാണ്ഡം’ എന്ന സിനിമയ്ക്ക് ശേഷം അതേ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടി ഈ ചലച്ചിത്രത്തിനുണ്ട്. മൃഗസാന്നിധ്യങ്ങളെ കേന്ദ്ര കഥാതന്തുവാക്കി ബാഹുൽ രമേശ് രചിച്ച ‘Animal Trilogy’ എന്ന തിരക്കഥത്രയങ്ങളുടെ കൂട്ടത്തിലെ അവസാന ചലച്ചിത്ര ഭാഗം കൂടിയാണ് ‘എക്കോ’ (2025). ‘കിഷ്കിന്ധകാണ്ഡം’(2024), ‘കേരള ക്രൈം ഫയൽ-സീസൺ 2 : സേർച്ച് ഫോർ സി. പി. ഒ അമ്പിളി രാജു’(2025) എന്നിവയാണ് ‘Animal Trilogy’ യിലെ മറ്റു തിരയാഖ്യാനങ്ങൾ. ഹൈ റേഞ്ച് പശ്ചാത്തലത്തിൽ കഥ പറയുന്ന ‘എക്കോ’ യുടെ ഛായാഗ്രഹണം നിർവഹിച്ചതും ബാഹുൽ രമേശ് തന്നെയാണ്.
സ്പോയിലർ Ahead*
ബാഹുൽ രമേശിന്റെ ‘മൃഗ കഥകൾ’
‘കിഷ്കിന്ധാകാണ്ഡം’ മുതൽ ആരംഭിച്ച ‘Animal Trilogy’ യിലെ മൂന്നാമത്തെ ചലച്ചിത്രമാണ് എക്കോ. ‘കിഷ്കിന്ധാകാണ്ഡ’ത്തിന്റെ സംവിധായകനായ ദിൻജിത്ത് തന്നെയാണ് ‘എക്കോ’യുടെയും സംവിധാനം നിർവഹിച്ചിരിക്കുന്നത്. ‘കിഷ്കിന്ധാകാണ്ഡം’ കാടിനോട് ചേർന്ന് നിൽക്കുന്ന ഒരു വീട്ടിൽ വസിക്കുന്ന ഒരു കുടുംബത്തിൽ സംഭവിച്ച ഒരു കുട്ടിയുടെയും കുരങ്ങന്റെയും ആകസ്മിക മരണത്തെയും അതിന്റെ പിന്നിലുള്ള ദുരൂഹതകളും കുട്ടിയുടെ തിരോധാവും തേടുന്ന സിനിമയാണ്.
ആദ്യ ചിത്രത്തിൽ കുരങ്ങന്മാരുടെ സാന്നിധ്യം നിറഞ്ഞ ഒരിടം തെരഞ്ഞെടുത്ത ശേഷം തന്റെ മൃഗകഥകളിൽ ബാഹുൽ രമേശ് എന്ന തിരക്കഥകൃത്ത് പിന്നീടുള്ള രണ്ട് ഭാഗങ്ങളിലും തെരഞ്ഞെടുത്ത മൃഗം നായയാണ്. നായകളെ കേന്ദ്രമാക്കിയാണ് ‘കേരള ക്രൈം ഫയൽ-സീസൺ 2 : സേർച്ച് ഫോർ സി. പി. ഒ അമ്പിളി രാജു’ എന്ന സീരീസും ‘എക്കോ’ എന്ന സിനിമയും കഥ പറയുന്നത്. സീരീസ് ഒരു ഡോഗ് സ്‌കോഡ് നായയോടുള്ള ട്രെയിനറായ ഉദ്യോഗസ്ഥന്റെ തീവ്രമായ സ്നേഹത്തിന്റെ കഥ പറഞ്ഞപ്പോൾ ‘എക്കോ’ മനുഷ്യരുടെ വന്യതയുടെയും പകയുടെയും കൂടി ആവിഷ്കാരമായി മാറുന്നുണ്ട്.
മനുഷ്യപരിണാമ ചരിത്രത്തിൽ തന്നെ കൃത്രിമ നിർദ്ധാരണങ്ങളുടെ (Artificial Selection) ഏറ്റവും വലിയ ഉദാഹരണങ്ങളാണ് നായ്ക്കൾ എന്ന് കാൾ സാഗൻ അദ്ദേഹത്തിന്റെ ‘കോസ്മോ’ എന്ന പുസ്തകത്തിൽ പറയുന്നു. മനുഷ്യൻ അവന്റെ പലതരം ആവശ്യങ്ങൾക്കായി കൃത്രിമ ബ്രീഡിങിലൂടെയും പരിശീലനങ്ങളിലൂടെയും വേട്ടനായ്ക്കളായും വളർത്തുനായ്ക്കളായും അനേകം നായ് വംശങ്ങളെ ഇങ്ങനെ സൃഷ്ടിച്ചു.
അത്തരത്തിൽ ദൈനംദിന ജീവിതത്തിൽ മാത്രമല്ല, ആദിമ ഗുഹാചിത്രങ്ങൾ മുതൽ ആധുനിക ചലച്ചിത്രങ്ങളിൽ വരെ നമുക്കൊപ്പമുള്ള ഒരു സഹജീവിയെ കേന്ദ്രത്തിൽ നിർത്തിയാണ് ബഹുൽ രമേശ് അദ്ദേഹത്തിന്റെ ‘Animal Trilogy’ സിനിമകളിലെ അവസാന കഥ കൂടിയായ ‘എക്കോ’യെ അവതരിപ്പിച്ചത്.
കുര്യച്ചൻ എന്ന ക്രൂരനായ ഡോഗ് ട്രെയിനറും കച്ചവടക്കാരനുമായ കഥാപാത്രവും അയാളോട് പല തരത്തിൽ പകയുള്ള മനുഷ്യർ അയാളെ തേടിവരുകയും ചെയ്യുന്ന കേരള – കർണാടക ബോർഡറിലുള്ള ഒരു മലയോരമാണ് ‘എക്കോ’ സിനിമയുടെ ടെറൈൻ. ‘Animal Trilogy’ യിലെ മറ്റു സിനിമ/സീരിസ് നെ അപേക്ഷിച്ചു എക്കോ എന്ന സിനിമ അവസാനിക്കുമ്പോൾ ഈ കഥയിലെ ‘മൃഗം’ വാസ്തവത്തിൽ മനുഷ്യൻ തന്നെയാണെന്ന് പ്രേക്ഷകർക്ക് വ്യക്തമാകുന്നുണ്ട്. മനുഷ്യർ അവരുടെ വന്യതയാണ് ഇണക്കി വളർത്തുന്ന ജീവികൾക്കു പോലും കൈമാറുന്നത് എന്ന നിലയിൽ മനുഷ്യന്റെ മൃഗീയ ചോദനകളെ ബാഹുൽ തന്റെ തിരക്കഥയ്ക്കുള്ളിൽ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.
വന്യതയുടെ ചലച്ചിത്രാവിഷ്കാരം
‘എക്കോ’ അതിന്റെ ഓപ്പണിങ് രംഗത്തിലൂടെ തന്നെ പ്രേക്ഷകരെ പൂർണ്ണമായും സിനിമയുടെ കഥ സംഭവിക്കുന്ന ഭൂതകാലത്തിലേക്ക് കൊണ്ട് പോകുന്നുണ്ട്. 80 കളുടെ ഒടുക്കത്തിലാണ് സിനിമയുടെ കഥാകാലം. എന്നാൽ സിനിമ ഫ്ലാഷ് ബാക്കിലൂടെ രണ്ടാം ലോക മഹായുദ്ധകാലത്തിലെ ബ്രിട്ടീഷ് മലയയിലേക്കും (ഇന്നത്തെ മലേഷ്യ) അടിയന്തരാവസ്ഥ കാലത്തെ കക്കയം ക്യാമ്പിലേക്കും കൂടി കടന്നുചെല്ലുന്നുണ്ട്. മൂടൽ മഞ്ഞു പുതഞ്ഞു കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിലാണ് എക്കോയുടെ കഥ നടക്കുന്നത്.
കുര്യച്ചൻ എന്ന ദുരൂഹനായ ഒരു വ്യക്തിയും, അയാളെ വേട്ടയാടിപ്പിടിക്കാൻ വേണ്ടി എത്തുന്ന അയാൾ ഭൂതകാലജീവിതം കൊണ്ട് സൃഷ്‌ടിച്ച അനേകം ശത്രുക്കളും അയാൾ ഒളിവിൽ കഴിയുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ബ്രഹ്മഗിരിയിലെ ഒരു മലമ്പ്രദേശവും അവിടെ കഴിയുന്ന അയാളുടെ മലേഷ്യക്കാരിയായ ഭാര്യ മ്ലാത്തിയും അവരുടെ സഹായി പീയുസും അപ്പൂട്ടിയുമൊക്കെ ചേർന്ന ഒരു ലോകത്തേക്കാണ് ‘എക്കോ’ പ്രേക്ഷകരെ കൊണ്ട് പോകുന്നത്. എന്നാൽ വളരെ കുറച്ചു സമയം കൊണ്ട് പ്രേക്ഷകരിലേക്ക് സിനിമയിലെ കേന്ദ്രമായി നിലകൊള്ളുന്ന നായ്ക്കളുടെ സാന്നിധ്യം കടന്നുവരുന്നു. അടിവാരത്തു നിന്ന് മലയുടെ മുകളിലേക്ക് മ്ലാത്തിച്ചേടത്തിയെ തേടിപ്പോകുമ്പോൾ ഓരോ നൂറടി ദൂരം പിന്നിടുമ്പോഴും നായകൾ വട്ടം നിൽക്കുന്ന ‘ചെക്പോസ്റ്റുകൾ’ താണ്ടണം.
ഒരു കുപ്രസിദ്ധ ഡോഗ് ട്രെയിനർ കൂടിയായ കുര്യച്ചൻ ഇപ്പോഴും മലമുകളിൽ ആർക്കുമാറിയാത്ത ഒരിടത്ത് ഒളിവിൽ കഴിയുകയാണെന്നതിന് അയാളുടെ ശത്രുകൾക്കുള്ള തെളിവ് അയാൾ തന്നെ മുമ്പ് പലരോടും പറഞ്ഞിട്ടുള്ള ഒരു ഒളിവ് ജീവിതകഥയും ഒപ്പം ആ പ്രദേശത്തു മുഴുവൻ കാവൽ നിൽക്കുന്ന നായ്ക്കളുമാണ്. ഒറ്റ യജമാനന്റെ കർക്കശമായ ഉത്തരവ് ഒന്നുകൊണ്ട് മാത്രം മറ്റൊരിനത്തിൽപ്പെട്ട പെൺനായയുമായി ഇണചേരാൻ പോലും തയാറാവാത്ത അത്രയും അനുസരണ പാലിക്കുന്ന നായ്ക്കളാണ് അവരുടെ യജമാനനായ കുര്യച്ചന്റെ സാന്നിധ്യം അവിടെ ഉറപ്പിക്കുന്നത്. മലേഷ്യയിൽ നിന്നും ‘കലർപ്പില്ലാത്ത’ ബ്രീഡിങ് നടത്തി കുര്യച്ചൻ കൊണ്ട് വന്ന ഇതേ നായ്ക്കളുടെ തലമുറയാണ് ഇപ്പോഴും മ്ലാത്തിച്ചേടത്തിയ്ക്ക് കാവലായി നിൽക്കുന്ന നായകൾ.
ആരൊക്കെയാണ് കുര്യച്ചന്റെ ശത്രുക്കൾ, അയാളോട് കൂറ് പുലർത്തുന്ന നായ്ക്കളും മനുഷ്യരും ആരൊക്കെയാണ് എന്നിങ്ങനെ എക്കോ എന്ന സിനിമ അനേകം ദുരൂഹതകൾ തുടക്കം മുതൽ ഒളിപ്പിക്കുന്നുണ്ട്. ദുരൂഹത അഥവാ Mystery എന്നത് ഈ സിനിമ അതിന്റെ ഓരോ ഷോട്ടിലും കൃത്യമായി പ്രേക്ഷകരുമായി സംവദിക്കുന്നു. പതിയെ പതിയെ അവയുടെ ചുരുളുകൾ നിവർത്തപ്പെടുന്നതിലൂടെ സിനിമയുടെ കഥ അനാവൃതമാകുന്നു. ഈ ദുരൂഹത നിറഞ്ഞ കഥ പറച്ചിൽ രീതിയാണ് എക്കോയുടെ ഏറ്റവും വലിയ മേന്മ.
മ്ലാത്തിയെന്ന, മലേഷ്യൻ വേരുകളിൽ നിന്ന് ഒരു അതിർത്തി മലയോര ഗ്രാമത്തിൽ കുര്യച്ചനൊപ്പം എത്തിച്ചേർന്ന സ്ത്രീയാണ് എക്കോയിലെ ഏറ്റവും മികവാർന്ന കഥാപാത്രം. മലേഷ്യയിൽ തന്റെ മുൻഭർത്താവിന്റെ വളർത്തു നായ്ക്കളുടെ കാവൽ ഒരു തടവാണ് എന്ന തിരിച്ചറിവിൽ കുര്യച്ചനൊപ്പം ഇന്ത്യയിലേക്ക് എത്തപ്പെട്ട സ്ത്രീയാണ് അവർ. മലമുകളിൽ നായകൾക്കൊപ്പം കഴിയുന്ന മ്ലാത്തി എന്ന വിദേശവനിതയ്ക്ക് ഒരു മലേഷ്യൻ മന്ത്രവാദിനിയുടെ ഇമേജ് ആണ് ഗ്രാമവാസികൾ നൽകുന്നത്. തന്റെ ജീവിതത്തിൽ ഒരുപാട് ആൺപകകൾ നേരിടുന്ന കുര്യച്ചന് ഒടുവിൽ മ്ലാത്തിയെന്ന സ്ത്രീയോട് ചെയ്ത തെറ്റിനാണ് ശിക്ഷ ലഭിക്കുന്നത് എന്നതും ആ പകവീട്ടൽ അവർ എങ്ങനെ ചെയ്തു എന്നതും മ്ലാത്തിയെ ഒരു ശക്തമായ കഥാപാത്രമാക്കി മാറ്റുന്നു. ആൺ വന്യതകളെ എങ്ങനെയാണ് ഒരു സ്ത്രീ മൃഗങ്ങളോടുള്ള തന്റെ സ്നേഹം കൊണ്ട് പരാജയപ്പെടുത്തുന്നത് എന്ന് സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകരിലെത്തിക്കുന്നുണ്ട്.
സിനിമയിൽ ഏറ്റവും കൂടുതൽ അടരുകളുള്ള കഥാപാത്രമാണ് പീയുസ് എന്ന മ്ലാത്തിയുടെ കെയർ ടേക്കർ കഥാപാത്രം. ആരാണ് അയാൾ എന്നത് സിനിമയുടെ മുന്നോട്ട് പോക്കിൽ ഓരോയിടത്തും ഓരോന്നായി ചുരുളഴിയുകയാണ് ചെയ്യുന്നത്. നിഷ്കളങ്കനായ ഒരു കാവൽക്കാരനിൽ നിന്നും ഒറ്റുകാരനായും ഏറ്റവും കൂറുള്ള അടിമയായുമെല്ലാം മാറിമറിയുന്ന ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസങ്ങളും അവതരിപ്പിച്ചത് യുവതാരം സന്ദീപ് പ്രതീപാണ്. വളരെ പരുക്കനായ ഒരു വനസംഘട്ടനം അടക്കം എല്ലാ സീനിലും സന്ദീപ് തന്റെ പ്രകടനം വളരെ കയ്യടക്കത്തോടെ ചെയ്തു. മലയാള സിനിമാവ്യവസായത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന സന്ദീപിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും എക്കോയിലെ കേന്ദ്രകഥാപാത്രമായ പീയുസ്.
മ്ലാത്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബയാനാ മോമിൻ, അതേ കഥാപാത്രത്തിന്റെ യൗവനകാലം അവതരിപ്പിച്ച സിം ഫെയ് എന്നിവരുടെ പെർഫോമൻസ് സിനിമയിലെ ഏറ്റവും പ്രധാന ഘടകമാണ്. മലയാക്കാരി മ്ലാത്തിച്ചേടത്തിയുടെ മലയാള സ്വരമായി മാറിയത് കെ. പി. എ. സി ലീലയാണ്. വിനീത്, സൗരവ് സച്ച്ദേവ, അശോകൻ, ബിനു പപ്പു എന്നിവരുടെ പ്രകടനമികവും സിനിമയെ മികച്ചതാക്കുന്നു. സിനിമ കാണുന്ന ഓരോ പ്രേക്ഷകരെയും അഡ്രിനാലിൻ റഷിൽ ആക്കുന്നത് സിനിമയിൽ ഉടനീളം സാന്നിധ്യമായി നിലകൊള്ളുന്ന നായ്ക്കളാണ്. മുരൾച്ച കൊണ്ടും ദംഷ്ട്ര കാണിച്ചുള്ള ഘോരമായ കുര കൊണ്ടുമൊക്കെ നായകൾ ഈ സിനിമയിൽ പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിർത്തും. നായകൾ നടത്തുന്ന ഒരു കൊലപാതകം പോലും ഈ സിനിമയിൽ കാണാം.
ദിൽജിത് അയ്യതന്റെ സംവിധാനമികവ് ഈ സിനിമയ്ക്ക് അത് ഡിമാൻഡ് ചെയ്യുന്ന മിസ്റ്ററി സ്വഭാവം പൂർണ്ണമായും നൽകുന്നുണ്ട്. തിരക്കഥകൃത്തായ ബാഹുൽ രമേശ് തന്നെയാണ് ഹൈ റേഞ്ച് ന്റെ മുഴുവൻ വന്യഭംഗിയുടെ സാധ്യതകളും പകർത്തിയെടുത്ത ഛായഗ്രഹണം നിർവഹിച്ചതും. ഒരു പിരീഡ് മൂവി കൂടിയായ സിനിമയ്ക്ക് സജീഷ് താമരശേരി കൊടുത്ത ആർട്ട് വർക്ക് ന്റെ പൂർണത എടുത്തു പറയേണ്ടതാണ്. സിനിമയുടെ മുഴുവൻ മൂഡും പ്രേക്ഷകർക്ക് നൽകുന്ന മുജീബ് മജീദ് ചെയ്ത പശ്ചാത്തല സംഗീതവും വേറിട്ടു നിന്നു.
ദുരൂഹത നിറഞ്ഞ ഒരു കഥ പൂർണമായ തീർപ്പുകൾക്ക് വിടാതെ പ്രേക്ഷകരുടെ ചിന്തയിലേക്ക് പൂർണമായും വിട്ടു നൽകുന്ന ചില വിടവുകൾ അവശേഷിക്കുന്ന സിനിമയാണ് ‘എക്കോ’. 2025 ൽ പുറത്തിറങ്ങിയ മികച്ച സിനിമാനുഭവങ്ങളിലൊന്നായ ഈ ചലച്ചിത്രം ഇനിയും സിനിമാപ്രേമികൾക്കിടയിൽ ഏറെനാൾ ചർച്ച ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. l





