
കെനിയയിലെ സാംബുരു വില്ലേജിൽ സ്ത്രീകൾ മാത്രമുള്ള ഒരു ഗ്രാമമുണ്ട്, ഉമോജ ഉവാസ. സ്ത്രീകൾ ഭരണം നിർവ്വഹിക്കുന്ന ഉമോജയിൽ ഇപ്പോൾ നഴ്സറി സ്കൂൾ, പ്രൈമറി സ്കൂൾ, സാംസ്കാരികകേന്ദ്രം എന്നിവയെല്ലാമുണ്ട്. കെനിയൻ സർക്കാരിന്റെ പൈതൃക സാമൂഹിക സേവനങ്ങളുടെയും സാംസ്കാരിക മന്ത്രാലയങ്ങളുടെയും സഹായവും ഉമോജയ്ക്ക് ലഭിക്കുന്നുണ്ട്.
പുരുഷാധിപത്യ സംസ്കാരമാണ് കെനിയയിൽ പൊതുവേയും സാംബുരുവിൽ വിശേഷിച്ചും നിലവിലുള്ളത്. സ്ത്രീകൾക്ക് സ്വന്തമായി ഭൂമിയോ കന്നുകാലികളോ മറ്റു സ്വത്തുകളോ ഒന്നുമുണ്ടാകാൻ പാടില്ല. ഭാര്യമാർതന്നെ ഭർത്താക്കന്മാരുടെ സ്വത്തായി കണക്കാക്കപ്പെടുന്നു.
പെൺകുട്ടികൾ ജനനേന്ദ്രിയച്ഛേദം പോലുള്ള ക്ലിഷ്ടമായ ഗോത്രാചാരങ്ങൾക്ക് നിർബന്ധിതരാകുന്നു. മുതിർന്നവരുമായുള്ള നിർബന്ധിതവിവാഹം, ബലാത്സംഗം, ഗാർഹികപീഡനം തുടങ്ങിയവയ്ക്കും വിധേയരാകേണ്ടിവരുന്നു. ഈ അന്യായങ്ങൾ സഹിക്കാനാവാതെ വീടുവിട്ടിറങ്ങിപ്പോരുന്ന സ്ത്രീകൾക്കുവേണ്ടി 1990ലാണ് 15 സ്ത്രീകൾ ചേർന്ന് ഉമോജ സ്ഥാപിച്ചത്.

2003ൽ ബ്രട്ടീഷ് ആർമിയിലെ അംഗങ്ങൾ കെനിയൻ സ്ത്രീകളെ വ്യാപകമായി ബലാത്സംഗം ചെയ്തിരുന്ന സാഹചര്യത്തിൽ സാംബുരുവിലെ ആയിരത്തിലേറെ സ്ത്രീകൾ സൈന്യത്തിനെതിരെ കേസ് ഫയൽ ചെയ്തു. എന്നാൽ കേസ് പിന്നീട് ഒഴിവാക്കപ്പെട്ടു. ഈ സ്ത്രീകൾ അശുദ്ധരാക്കപ്പെട്ടെന്ന കാരണത്താൽ ഭർത്താക്കന്മാർ അവരെ ഉപേക്ഷിച്ചു. മറ്റുള്ളവർ ഇവരെ വീട്ടിൽനിന്ന് പുറത്താക്കി. ആ നിസ്സഹായവസ്ഥയിൽ ജനനേന്ദ്രിയച്ഛേദത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ മർദ്ദനമേറ്റ റബേക്ക ലോലോ സോളി എന്ന സ്ത്രീവിമോചക പ്രവർത്തക സ്ത്രീകൾക്കൊരു ഗ്രാമം എന്ന ആശയം മുന്നോട്ടുവച്ചു. 1990ൽ സ്ഥാപിച്ച ഉമോജ ഒരു ഗ്രാമമായി മാറിയത് അങ്ങനെയാണ്. സ്ത്രീകൾക്ക് സ്വയംഭരണാവകാശമുള്ള അംഗീകൃതഗ്രാമമാണിന്ന് ഉമോജ.

ഗ്രാമത്തിലെ സ്ത്രീകൾ മുത്തുകൾകൊണ്ട് ആഭരണങ്ങളും കരകൗശലവസ്തുക്കളും നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. സാംബുരു ദേശീയ റിസർവ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കായി അവിടെ ക്യാമ്പിംഗ് സൈറ്റ് നടത്തുന്നുണ്ട്. ഭൂമിയും കന്നുകാലികളും ഗ്രാമത്തിന് ഇപ്പോൾ സ്വന്തമായുണ്ട്. ഓരോ സ്ത്രീയും വരുമാനത്തിന്റെ 10% ഗ്രാമത്തിന്റെ പൊതു ആവശ്യങ്ങൾക്കായി നൽകണം. ഗ്രാമത്തിൽ പുരുഷന്മാർക്ക് പ്രവേശനമില്ല. സ്ത്രീകളോടൊപ്പമുള്ള ആൺകുട്ടികൾ 18 വയസ്സു തികയുമ്പോൾ ഗ്രാമം വിട്ടുപോകണം എന്നതാണ് നിയമം.
ആരംഭഘട്ടത്തിൽ പുരുഷന്മാരിൽനിന്ന് അക്രമങ്ങളും മറ്റ് പ്രതിസന്ധികളും ഗ്രാമത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഗ്രാമത്തിലുള്ളവർക്ക് നിവർത്തിയില്ലാതെ പലായനം ചെയ്യേണ്ട സാഹചര്യം വരെയുണ്ടായി. അതെല്ലാം തരണം ചെയ്താണ് സ്ത്രീകളുടെ ഗ്രാമമായി ഉമോജ നിലകൊണ്ടത്.





