
വെനീസ് ചലച്ചിത്രമേളയിൽ മികച്ച സംവിധായികയ്ക്കുള്ള ഒറിസോണ്ടി പുരസ്‍കാരം അനുപർണ റോയിക്ക് നേടിക്കൊടുത്ത ‘സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്’ എന്ന ചിത്രം, വ്യത്യസ്തമായ കഥപറച്ചിലുകൊണ്ടും ആഴത്തിലുള്ള വികാരങ്ങളെ അനായാസം അവതരിപ്പിച്ചും പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടി.
അടഞ്ഞ വാതിലുകൾക്കുള്ളിൽ നടക്കുന്ന കാര്യങ്ങളെ നിശ്ശബ്ദമായി നോക്കിക്കാണുന്ന ചിത്രം, നിരീക്ഷണത്തിന്റെയും അതിക്രമത്തിന്റെയും ഇടയിലുള്ള അതിരുകളിലേക്കാണ് കൈചൂണ്ടുന്നത്. മുംബൈ പശ്ചാത്തലമാക്കിയ സിനിമ, ഒരുമിച്ചുള്ള ജീവിതത്തിനിടയിലും മനസുകൊണ്ട് തമ്മിൽ അകന്ന് നിൽക്കുന്ന നഗരജീവിതത്തിലെ ഏകാന്തതയെയാണ് അവതരിപ്പിക്കുന്നത്. അഭിനേത്രിയാകാൻ ആഗ്രഹിക്കുന്ന തൂയയുടെയും കൂടെ താമസിക്കാൻ പുതുതായി വന്ന കോർപ്പറേറ്റ് ജീവനക്കാരിയായ ശ്വേതയുടെയും ബന്ധത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഒരേ ഇടങ്ങൾ പങ്കിടുമ്പോഴും അന്യരായി തുടരുന്ന മനുഷ്യരാണ് റോയിയുടെ മുംബൈയും അതിലെ കഥാപാത്രങ്ങളും. ശ്വാസംമുട്ടിക്കുന്ന ഗൃഹാന്തരീക്ഷത്തിലൂടെയും പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്. പുരുഷകാമനകളെ സാധ്യമാക്കി കൊടുക്കുന്ന തൂയയെയും, ഒരു കൂട്ടിനായി മനസ്സുകൊണ്ട് വെമ്പുന്ന ശ്വേതയെയും കഥയിൽ കാണാം.

ചിത്രത്തിലുടനീളം പറഞ്ഞുപോകുന്ന നിറങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ, കുട്ടിയായിരുന്നപ്പോൾ താൻ കാര്യങ്ങൾ ഓർത്തിരുന്നത് നിറങ്ങളിലൂടെയായിരുന്നെന്നും അത് ചിത്രത്തിൽ പ്രതിഫലിച്ചതാണെന്നും റോയ് വ്യക്തമാക്കി.
“തൂയയുടെ ചുവന്ന സാരി, അച്ഛന്റെ മെറൂൺ ഷർട്ട്, പച്ച സ്കൂട്ടർ എന്നിവയെല്ലാം എനിക്ക് വ്യക്തിപരവും ഓർമ്മയുമാണ്. തൂയയെ ചുറ്റിപ്പറ്റിയുള്ള ചുവപ്പ് നിറം അവളെ ബന്ധിക്കുന്ന ഒരു ശക്തിയായി മാറുന്നു. അമ്മയുടെ അടിച്ചമർത്തലിനെയും, അവളുടെ ജോലിയെ സമൂഹം ലൈംഗികവൽക്കരിക്കുന്ന കാഴ്ചപ്പാടിനെയും ഒരുപോലെ ചൂണ്ടികാട്ടുന്നതാണ്. ഈ സിനിമ മുഴുവൻ ഓർമ്മകളെക്കുറിച്ചാണ്. ആ ഓർമ്മകളിൽ ബൗദ്ധികപരമായ ഒന്നുമില്ല,” റോയ് പറയുന്നു.
തന്റെ ചിത്രത്തിലൂടെ ഒരുപാട് സംഭാഷണങ്ങളോ വിശദീകരണങ്ങളോ തുറന്ന് വിടാൻ അവർ തയ്യാറല്ല. അതിലൂടെ അവർ പ്രേക്ഷകർക്ക് സ്വന്തം വ്യാഖ്യാനങ്ങൾ കണ്ടെത്താനുള്ള ഇടം നൽകുകയാണ്.
“ചിലപ്പോൾ പ്രേക്ഷകർ ഞാൻ ഒരിക്കലും ചിന്തിക്കാത്ത അർത്ഥങ്ങൾ എന്റെ സിനിമയിൽ കണ്ടെത്താറുണ്ട്. അതിൽ നിന്ന് എനിക്കും പഠിക്കാൻ ഒരുപാട് കാര്യങ്ങൾ കിട്ടാറുണ്ട്,” റോയ് പരാമർശിച്ചു.

നിശ്ശബ്ദതയാണ് തന്റെ ചിത്രത്തിന്റെ ഒരു പ്രധാന ഘടകമെന്നും റോയ് പറയുന്നുണ്ട്.
“നിശ്ശബ്ദതയെ ഞാൻ വളരെ ഗൗരവമായി കാണുന്നു. ദൃശ്യങ്ങളെ പ്രേക്ഷകരുടെ മനസിലൂടെ വേഗത്തിൽ ഓടിക്കാതെ കഥക്കും കഥാപാത്രങ്ങൾക്കും ശ്വസിക്കാൻ ഇടം നൽകണം. കൂടെ ചുറ്റുപാടും കേൾക്കുന്ന ശബ്ദങ്ങളും അതിനെ അലങ്കരിക്കും. ഈ സിനിമയിൽ കഥാപാത്രങ്ങൾ ചിന്തിക്കുന്നത് കാണാം, എന്നാൽ എന്താണവർ ചിന്തിക്കുന്നതെന്ന് പ്രേക്ഷകരെ അറിയിക്കുന്നില്ല. ഒരേസമയം പ്രേക്ഷകരെ കഥയിലേക്ക് അടിപ്പിക്കുകയും അവർക്ക് ഒരകലത്ത് നിന്ന് വിഷയത്തെ വ്യാഖാനിക്കാനും ഇതിലൂടെ സാധിക്കുന്നു,” റോയ് പറയുന്നു.
ദൃശ്യത്തിലൂടെയും ശബ്ദത്തിലൂടെയും ഒരുപോലെ രൂപപ്പെടുന്ന ഒരു കഥാപാത്രമായി മുംബൈ നഗരം തന്നെ മാറുന്നു. അനുമതിയില്ലാതിരുന്നതിനാൽ ഗറില്ല രീതിയിൽ ഒളിഞ്ഞിരുന്ന് പകർത്തിയ ചിത്രത്തിന്റെ പല ഭാഗങ്ങളും റോയിയുടെ ഓർമ്മയായി പങ്കുവെച്ചു. സിനിമയിലെ ചില കഫേ രംഗങ്ങൾ പകർത്താൻ ടാക്സികളിൽ ഒളിച്ചിരുന്ന അനുഭവം ഓർത്തെടുത്തപ്പോൾ സ്വതന്ത്ര ചലച്ചിത്രകാരരുടെ പോരാട്ടങ്ങളും കഷ്ടപ്പാടുകളും മനിസിലാക്കാൻ സാധിച്ചുവെന്ന് റോയ് പറഞ്ഞു.
സിനിമയിലെ ശബ്ദ രൂപകൽപ്പനയും റോയ് വ്യക്തമാക്കുന്നുണ്ട്. “കാടിന്റെ ഓർമ്മകളിൽ നിന്നുള്ള പക്ഷികളുടെ ശബ്ദങ്ങൾ നഗരത്തിലെ ഒച്ചപ്പാടുകളെ കടന്നുകയറണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ആസ്സാമിലെ വംശനാശത്തിന്റെ വക്കിലുള്ള ഒരു പക്ഷിയുടെ ആവർത്തിക്കുന്ന ചിലപ്പ്, കുടിയേറ്റം എന്ന വിഷയത്തെ സൂക്ഷ്മമായി സിനിമയിലേക്കെത്തിക്കുന്നു. വെള്ളത്തിന്റെ ശബ്ദങ്ങൾ മറഞ്ഞുപോയ ഓർമ്മകളെ തിരികെ കൊണ്ടുവരാനും സഹായിക്കുന്നുണ്ട്,” റോയ് പങ്കുവെച്ചു.
ഓർമ്മകളെയും ഏകാന്തതയെയും കുറിച്ചുള്ള ശക്തമായ ഒരു വിവരണമാണ് ചിത്രം പറഞ്ഞുവെക്കുന്നത്.




