മെനോ ഡിവോഴ്‌സ്‌ അറിയേണ്ട ചിലത്

അഞ്ജു എം എസ്

എ ഐ ചിത്രം

‘മെനോ ഡിവോഴ്‌സ്‌’ എന്നത്‌ സാധാരണ സമൂഹത്തിൽ വളരെ പരിചിതമായ ഒരു വാക്കല്ല. ‘ഡിവോഴ്‌സ്‌’ എന്ന വാക്ക്‌ സാധാരണമാണെങ്കിലും ‘മെനോ ഡിവോഴ്‌സ്‌’ അധികം ഉപയോഗിച്ചു കാണാറില്ല.
‘മെനോ ഡിവോഴ്‌സി’നെപ്പറ്റി ലളിതമായി പറഞ്ഞാൽ:‐ മെനോപോസ്‌ (ആർത്തവ വിരാമം) കാലഘട്ടവുമായി ബന്ധപ്പെട്ട്‌ ദാമ്പത്യബന്ധത്തിൽ ഉണ്ടാകുന്ന വേർപിരിയലുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്‌ മെനോ ഡിവോഴ്‌സ്‌. ആരോഗ്യമേഖല, ഗവേഷണരംഗം എഡന്നിവയിൽ മാത്രം ഒതുങ്ങിപ്പോയതും, എന്നാൽ സമൂഹം വളരെയധികം മനസ്സിലാക്കേണ്ടതുമായ ഒന്നാണ്‌ മെനോ ഡിവോഴ്‌സ്‌.

എന്താണ്‌ മെനോ ഡിവോഴ്‌സ്‌?
ആർത്തവവിരാമത്തിനു തൊട്ടുമുന്നേയുള്ള കാലഘട്ടത്തിലോ, ആർത്തവവിരാമത്തിനു ശേഷമോ ഒരു സ്‌ത്രീ തന്റെ ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതിനെയാണ്‌ മെനോ ഡിവോഴ്‌സ്‌ എന്നു പറയുന്നത്‌.
സ്‌ത്രീകളിൽ ആർത്തവവിരാമ ഘട്ടത്തിൽ, സംഭവിക്കുന്ന ഹോർമോൺ മാറ്റം, അവളുടെ ആകെയുള്ള ജീവിതശൈലിയിൽ പ്രതിഫലിക്കും. അമിതമായ ദേഷ്യം, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ എന്നിവ അവയിൽ ചിലതുമാത്രം. എന്നാൽ ഇക്കാരണങ്ങൾ കൊണ്ടല്ല വിവാഹമോചനങ്ങൾ ഉണ്ടാകുന്നത്‌.
പ്രധാനമായും 45നും 65നുമിടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ്‌ ആർത്തവവിരാമം സംഭവിക്കുന്നത്‌. ഒട്ടേറെ ഹോർമോൺ വ്യതിയാനങ്ങൾ സംഭവിക്കുന്നതിനോടൊപ്പം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടേറിയ സമയമാണ്‌ ഓരോ സ്‌ത്രീകളുടെയും ആർത്തവവിരാമ ഘട്ടം. പലപ്പോഴും തന്റെ അവസ്ഥ എന്താണെന്ന്‌ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ കഴിയണമെന്നില്ല. ഈ ബുദ്ധിമുട്ടുകൾ എങ്ങനെ പ്രകടിപ്പിക്കണമെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ അറിയാത്ത അവസ്ഥയിലാകും അവൾ. ഈ സമയം അവൾക്ക്‌ വേണ്ടത്‌, കൂടെനിന്ന്‌ മാനസിക പിന്തുണ നൽകുക, അവളെ കേൾക്കാൻ ശ്രമിക്കുക, പരിഗണിക്കുക ഒക്കെയാണ്‌. അത്‌ ഒരു ജീവിതപങ്കാളി‐ ഭർത്താവിന്‌ മാത്രം സാധിക്കുനന ഒന്നാണ്‌. അതിലുപരി ‘മെനോപോസ്‌’ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഏതൊരു സ്‌ത്രീയും ആഗ്രഹിക്കുന്നതും ഭർത്താവിന്റെ പിന്തുണ, സ്‌നേഹം, സാന്ത്വനം എന്നിവയാണ്‌. അവ കിട്ടാതെവരുമ്പോൾ സ്വാഭാവികമായും ഒരു വിള്ളൽ ഉണ്ടാകുന്നു. ഏതൊരു ദാമ്പത്യബന്ധത്തിലായാലും അർഹമായ പരിഗണന, സ്‌നേഹം, മനസ്സിലാക്കൽ എന്നിവയില്ലാതെ വരുമ്പോൾ അകൽച്ച തുടങ്ങും. ആ അകൽച്ചയുടെ തോത്‌ പ്രീ മെനോപോസ്‌, മെനോപോസ്‌, പോസ്റ്റ്‌ മെനോപോസ്‌ സ്‌റ്റേജുകളിൽ ഇരട്ടിയിലധികമായി സ്‌ത്രീകളെ ബാധിക്കുന്നു.
ആർത്തവവിരാമ ഘട്ടത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്‌ത്രീകളുടെ മാനസികാവസ്ഥയിൽ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്‌. തൽഫലമായി മൂഡ്‌ സ്വിംഗ്‌സ്‌, ഉത്‌കണ്‌ഠം അമിതമായ ദേഷ്യം, ഉറക്കക്കുറവ്‌, ഓർമക്കുറവ്‌, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്‌ ഇവയെല്ലാം ഉണ്ടാകാം. ഈസ്‌ട്രജന്റെ അളവിലുണ്ടാകുന്ന കുറവാണ്‌ ഇത്തരം മാറ്റങ്ങൾക്ക്‌ കാരണം. എന്നാൽ ഇതൊന്നുമല്ല ആർത്തവവിരാമത്തിലെ ഡിവോഴ്‌സിലേക്ക്‌ നയിക്കുന്നത്‌. ഈ സമയത്ത്‌ പങ്കാളിയിൽനിന്നു ലഭിക്കേണ്ട പിന്തുണയില്ലാതെ വരുമ്പോഴാണ്‌ ഭൂരിഭാഗം സ്‌ത്രീകളും വിവാഹമോചനം തെരഞ്ഞെടുക്കുന്നത്‌.
മധ്യവയസ്‌കരായ സ്‌ത്രീകളെ ശാക്തീകരിക്കാനായി രൂപീകരിച്ച ആഗോള പ്ലാറ്റ്‌ഫോം ‘നൂൺ’, 45നും 65നും ഇടയിൽ പ്രായമുള്ള 2000ത്തോളം സ്‌ത്രീകളിൽ നടത്തിയ പഠനം പറയുന്നത്‌:‐ മധ്യവയസ്‌കരായ സ്‌ത്രീകളിൽ മൂന്നിലൊരാൾ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്‌. ഇത്തരത്തിൽ വിവാഹബന്ധം വേർപെടുത്തിയവർ മുൻപത്തെക്കാൾ സന്തോഷവും സമാധാനപരവുമായ ജീവിതമാണ്‌ നയിക്കുന്നതും. അമേരിക്കയിലെ പ്രസിദ്ധ യൂണിവേഴ്‌സിറ്റികളായ ബൗളിംഗ്‌ ഗ്രീൻ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ പിറ്റ്‌സ്‌ബർഗ്‌, യൂണിവേഴ്‌സിറ്റി ഓഫ്‌ അരിസോണ എല്ലാം ഇതേ വിഷയത്തെപ അടിസ്ഥാനമാക്കി പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്‌. അവരുടെ റിപ്പോർട്ട്‌ പ്രകാരം 56% മെനോ ഡിവോഴ്‌സിന്റെയും കാരണം, തങ്ങളുടെ ജീവിതത്തിൽ വൈകാരികമായും, ശാരീരികമായും, മാനസികമായും ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ, ആവശ്യമായ പിന്തുണയോ പരിഗണനയോ പങ്കാളിയിൽനിന്ന്‌ ലഭിച്ചില്ല എന്നാണ്‌. തന്മൂലം മെനോ ഡിവോഴ്‌സിന്റെ എണ്ണവും ദിനംപ്രതി വർദ്ധിച്ചുവരുന്നു.

സമൂഹത്തിന്റെ കാഴ്‌ചപ്പാട്‌
സമൂഹം ഇന്നും ആർത്തവവിരാമം, ആ സമയത്ത്‌ സ്‌ത്രീകളിൽ സംഭവിക്കുന്ന മാറ്റം എന്നിവയെപ്പറ്റി ബോധ്യവാന്മാരല്ല എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു. മെനോപോസിലൂടെ കടന്നുപോകുന്ന സ്‌ത്രീക്ക്‌ വേണ്ട പരിഗണന, പിന്തുണ എന്നു പറയുമ്പോൾ പോലും ഉയർന്നുവരുന്ന മറുചോദ്യമാണ്‌:‐ ഒരു സ്‌ത്രീയിൽ ഏറ്റവുമധികം മാറ്റങ്ങൾ (ശാരീരികം, മാനസികം, വൈകാരികം) സംഭവിക്കുന്നത്‌ അമ്മയാകുന്ന സമയത്ത്‌ അല്ലേ? അന്ന്‌ ഇല്ലാത്ത എന്ത്‌ മാറ്റമാണ്‌ മധ്യവയസ്സിൽ സംഭവിക്കുന്നത്‌.
ഇവിടെയാണ്‌ നാം ഉൾപ്പെടുന്ന സമൂഹത്തിന്‌ സ്‌ത്രീശരീരത്തെക്കുറിച്ചും, അവളിലെ മാറ്റങ്ങളെക്കുറിച്ചും വേണ്ടത്ര അറിവില്ലെന്നു പറയുന്നത്‌. അമ്മയാകാൻ ഒരുങ്ങുന്ന സ്‌ത്രീക്കു ചുറ്റും എത്ര ആൾക്കാരാണ്‌? ഭർത്താവ്‌, കുടുംബം, ബന്ധുക്കൾ, ഡോക്ടർ തുടങ്ങി ഒരു സുരക്ഷിതവലയം എപ്പോഴും അവളെ ചുറ്റിപ്പറ്റി ഉണ്ടാകും. ഗർഭിണിയാണ്‌, മുലയൂട്ടുന്ന അമ്മയാണ്‌ എന്ന പരിഗണന മാർഗ്ഗനിർദേശങ്ങൾ, പിന്തുണയൊക്കെ ആ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്‌ത്രീക്ക്‌ ലഭിക്കുന്നുണ്ട്‌. എന്നാൽ ആർത്തവവിരാമത്തോട്‌ അടുക്കുന്ന സ്‌ത്രീക്ക്‌ നമ്മൾ എന്ത്‌ പരിഗണനയാണ്‌ നൽകുന്നത്‌? അവളിലെ മാറ്റങ്ങൾ എന്തെല്ലാമാണ്‌? അവൾക്കിപ്പോൾ വേണ്ടത്‌ എന്താണ്‌? ഇതൊക്കെ മനസ്സിലാക്കാൻ ആരെങ്കിലും ശ്രമിക്കാറുണ്ടോ? കുറഞ്ഞപക്ഷം ജീവിതപങ്കാളി എങ്കിലും? ഗർഭകാലത്തുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾക്കുപോലും ഗൈനക്കോളജിസ്റ്റിനെ കാണുന്ന സമൂഹത്തിൽ, ആർത്തവവിരാമത്തിന്റേതായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എത്രപേർ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടുന്നു? അതാണ്‌ പറയുന്നത്‌ ഇന്നും നമ്മുടെ സമൂഹം ആർത്തവവിരാമത്തിന്‌ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്‌ത്രീകൾക്ക്‌ നൽകേണ്ട കരുതൽ, സംരക്ഷണം, എന്നിവയെപ്പറ്റി പലരും ബോധവാന്മാരല്ല.
ആർത്തവവിരാമമെന്നത്‌ ഒരു രോഗമല്ല. തികച്ചും സ്വാഭാവികമായ പരിണാമമാണ്‌. ഇത്‌ ആദ്യം തിരിച്ചറിയേണ്ടത്‌ ജീവിതപങ്കാളിയാണ്‌. ഈ സമയത്ത്‌ സ്‌ത്രീകളിലുണ്ടാകുന്ന മാനസിക മാറ്റങ്ങളെ മനസ്സിലാക്കി, ശാരീരിക ബുദ്ധിമുട്ടുകളിൽ കൂടെനിൽക്കണം. അവരെ കുറ്റപ്പെടുത്തുന്നതിനും ദേഷ്യപ്പെടുന്നതിനും പകരം സ്‌നേഹത്തോടെ, ക്ഷമയോടെ പെരുമാറുക. ഈ പെരുമാറ്റത്തിലൂടെ സ്‌ത്രീകൾക്ക്‌ സുരക്ഷിതബോധം ഉണ്ടാകും. ഒപ്പം ആത്മവിശ്വാസം വളർത്താനും കഴിയും. കൃത്യമായ ആരോഗ്യസംരക്ഷണം, മെഡിക്കൽ സപ്ലിമെന്റുകൾ, ആവശ്യമെങ്കിൽ കൗൺസിലിംഗ്‌ എന്നിവയിലൂടെ പങ്കാളിയുടെ ആശങ്ക ലഘൂകരിക്കാം.
ചുരുക്കത്തിൽ മധ്യവയസ്സിലെത്തിയ ഒരു സ്‌ത്രീയുടെ അവസ്ഥ എന്നത്‌ വർഷങ്ങളോളം സ്വയം പരിഗണിക്കാതെ, കുടുംബം, ജോലി, കുട്ടികൾ എന്ന്‌ മാത്രം ചിന്തിച്ച്‌, യാന്ത്രിക ജീവിതത്തിന്‌ നിർബന്ധിതമായി വിധേയരായവരാണ്‌. മുപ്പതുകളിൽ ഈ സമ്മർദ്ദങ്ങളെല്ലാം തരണം ചെയ്യുമെങ്കിലും നാൽപ്പതുകളുടെ മധ്യത്തെത്തുമ്പോൾ നമ്മൾ സ്‌ത്രീകൾ തളർന്നു തുടങ്ങും. ഏകദേശം ഇതേ സമയത്തുതന്നെയാണ്‌ സ്‌ത്രീ ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥയ്‌ക്കും തുടക്കമിടുന്നത്‌.
വർഷങ്ങളായി മനസ്സിൽ ചുറ്റിത്തിരിയുന്ന അവഗണന, അസംതൃപ്‌തി എല്ലാം ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം കെട്ടുപൊട്ടിച്ച്‌ പുറത്തുവരും. ഈ സമയത്ത്‌ തനിക്ക്‌ ആരുമില്ല, എന്നെ ആരും മനസ്സിലാക്കുന്നില്ല, എനിക്ക്‌ എന്തൊക്കെയോ കുറവുകളുണ്ട്‌, ഞാൻ ഒറ്റയ്‌ക്കാണ്‌ എന്നൊക്കെ തോന്നാം. ഇവയെല്ലാം മനസ്സിലാക്കി ചേർത്തുപിടിക്കലാണ്‌ ഓരോ സ്‌ത്രീക്കും തന്റെ പങ്കാളിയിൽനിന്ന്‌ വേണ്ടത്‌. അമ്മയുടെ അവസ്ഥയെപ്പറ്റി മക്കൾക്കും പറഞ്ഞ്‌ മനസ്സിലാക്കിക്കൊടുക്കണം. ഭർത്താവിന്റെയും മക്കളുടെയും പിന്തുണ, ആവശ്യമായ മെഡിക്കൽ സപ്പോർട്ട്‌ എന്നിവയിലൂടെ, ആർത്തവവിരാമമെന്ന അവസ്ഥ തരണംചെയ്യാൻ സാധിക്കും.
മേൽപറഞ്ഞവ ഒന്നും ലഭ്യമല്ലാതെ വരുമ്പോൾ, പങ്കാളിയുടെ നിരന്തരമായ അവഗണന, കുറ്റപ്പെടുത്തൽ, ഒക്കെ അഭിമുഖീകരിക്കുമ്പോഴാണ്‌, കുടുംബത്തോടുള്ള തന്റെ കടമകൾ അവസാനിച്ചുവെന്നും, താൻ തീർത്തും ഏകയാണെന്നും, ഇനി തുടർന്നുള്ള ജീവിതവും ഒറ്റയ്‌ക്കു മതിയെന്നും അവൾ ചിന്തിക്കുന്നത്‌. അവിടംമുതലാണ്‌ ഒരു സ്‌ത്രീ മാറിത്തുടങ്ങുന്നതും. പിന്നീടുള്ള ജീവിതം അവൾ അവൾക്കുവേണ്ടി മാത്രമാക്കുന്നു. അതിന്റെ ആദ്യപടിയാണ്‌ ‘മെനോ ഡിവോഴ്‌സ്‌’.
ആ അവസ്ഥയിലേക്ക്‌ അവളെ എത്തിക്കാതെ നോക്കേണ്ട കടമ തീർച്ചയായും ജീവിതപങ്കാളിക്കുന്നുണ്ട്‌. അവളിലെ ശാരീരിക‐മാനസിക മാറ്റങ്ങളെ ബഹുമാനിക്കാനും, പിന്തുണയ്‌ക്കാനും നാം ഉൾപ്പെടുന്ന സമൂഹം ബാദ്ധ്യസ്ഥരാണ്‌.
ദമ്പത്യം എന്നത്‌ വെറുതെ ഒരു ഒപ്പുകൊണ്ടോ ചടങ്ങുകൾ കൊണ്ടോ നിർവചിക്കേണ്ട ഒന്നല്ല. ജീവിതയാത്രയിൽ ഇത്തരം പ്രതിസന്ധികളിൽ പരസ്‌പരം താങ്ങായി മാറുമ്പോഴാണ്‌ വിജയകരമായ ദാമ്പത്യം ഉണ്ടാകുന്നത്‌.

Hot this week

ഇതാണ് മോദി നാരീ ശക്തി. ‘🔥🔥

"തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ലെനിൻ രക്തദാഹിയായിരുന്നില്ല  ‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം...

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

Topics

ഇതാണ് മോദി നാരീ ശക്തി. ‘🔥🔥

"തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 36

ലെനിൻ രക്തദാഹിയായിരുന്നില്ല  ‘‘1905ലെ വിപ്ലവത്തിനുശേഷം, 15 കോടി ജനങ്ങൾക്കെതിരെ നിരന്തരം അക്രമം...

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img