സാമ്പത്തിക ശാസ്ത്ര നോബേൽ 2026 : തിരിച്ച് നവ-ലിബറലിസത്തിലേക്ക്

അഭിനവ് സൂര്യ എൽ. ടി , ഋത്വിക് എം. എസ്

മാർക്സിന്റെ പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട്!

“It is not the consciousness of men that determines their being, but, on the contrary, their social being that determines their consciousness.”

അതായത്, നമ്മുടെ ചുറ്റുപാടുകളും നാം ജീവിക്കുന്ന സാമൂഹിക വ്യവസ്ഥയുമാണ് നാം എങ്ങനെ ചിന്തിക്കുന്നു എന്നും പെരുമാറുന്നു എന്നും നിർണയിക്കുന്നത്; സാഹചര്യം മനുഷ്യരുടെ ചിന്തയെ രൂപപ്പെടുത്തുന്നു. ഒരു ലളിതമായ ഉദാഹരണം നോക്കാം. പാവപ്പെട്ടവർ പാവപ്പെട്ടവരായി തുടരുന്നത് പണം കൃത്യമായി കൈകാര്യം ചെയ്യാനും നിക്ഷേപിക്കാനും അറിയാത്തതുകൊണ്ടാണ് എന്ന് ചിലർ വാദിക്കാറുണ്ട്. എന്നാൽ ദിവസക്കൂലി കൊണ്ട് അന്നത്തെ ആഹാരത്തിനും വാടകയ്ക്കും മരുന്നിനും പോലും തികയാതെ വീർപ്പുമുട്ടുന്ന ഒരാൾക്ക് നിക്ഷേപിക്കാൻ എവിടെയാണ് മിച്ചമുള്ളത്? സമൂഹത്തിൽ പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ഉണ്ടാകുന്നത് മുതലാളിത്ത ചൂഷണവും ലാഭത്തിൽ മാത്രം ഊന്നിയ ഉത്പാദന വ്യവസ്ഥയും നിലനിൽക്കുന്നതുകൊണ്ടാണെന്ന് മാർക്സിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ദാരിദ്ര്യത്തിൻ്റെ കാരണം ജനങ്ങളുടെ ശീലങ്ങളോ ചിന്താഗതിയോ അല്ല; മറിച്ച് ദാരിദ്ര്യം, നിലനിൽക്കുന്ന സാമ്പത്തിക വ്യവസ്ഥയുടെ അനിവാര്യമായ ഫലമാണ്.എന്നാൽ, ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം നേടിയ റോബർട്ട് ഇ. ഹാളിന്റെയും മൈക്കൽ വുഡ്‌ഫോർഡിൻ്റെയും ഗവേഷണങ്ങൾ സഞ്ചരിക്കുന്നത് ഇതിന് നേർവിപരീതമായ ദിശയിലാണ്. വ്യക്തികളുടെ ശീലങ്ങൾ, തീരുമാനങ്ങൾ, പ്രതീക്ഷകൾ എന്നിവയെ അടിസ്ഥാനമാക്കി സമ്പദ്വ്യവസ്ഥയെ വിശദീകരിക്കുന്ന ‘മൈക്രോ-അടിത്തറ’ (microfoundations) വികസിപ്പിച്ചതിനാണ് അവർ ആദരിക്കപ്പെട്ടിരിക്കുന്നത്. സർക്കാരുകളുടെ രാഷ്ട്രീയമായ വിവേചനാധികാരങ്ങൾക്ക് പകരം, കർശനമായ “ചട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള” (rule-based) പണ-ധന നയങ്ങളിലേക്ക് തളച്ചിടാനും, ഭാവി പ്രഖ്യാപനങ്ങളിലൂടെ (forward guidance) വ്യക്തികളുടെ പ്രതീക്ഷകളെയും, വിപണിയിലെ നിക്ഷേപത്തെയും നിയന്ത്രിച്ചു നിർത്താനും കഴിയുമെന്ന വാദമാണ് ഇവർ മുന്നോട്ടുവെച്ചത്. സാമ്പത്തിക സ്ഥിരത കൈവരിക്കാനെന്ന പേരിൽ ഇവർ മുന്നോട്ടുവെച്ച ഈ “മൈക്രോ-അടിത്തറകൾ” ഇന്ന് ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെയും നവലിബറൽ സാമ്പത്തിക നയങ്ങളുടെയും ആണിക്കല്ലായി മാറിയിരിക്കുന്നു. ‘ന്യൂ കെയ്നീഷ്യൻ’ (New Keynesian) ചിന്താധാരയിൽ ഉൾപ്പെടുന്ന ഇവരുടെ കണ്ടെത്തലുകൾ എങ്ങനെയാണ് തൊഴിലാളിവിരുദ്ധവും മൂലധനപക്ഷപാതിത്വവുമുള്ള നവലിബറൽ നയങ്ങലുടെ ഉപകരണമായി മാറിയതെന്നും, കെയ്ൻസിൻ്റെ യഥാർത്ഥ ആശയങ്ങളിൽ നിന്നുള്ള വ്യതിയാനമായി ഇത് പരിണമിച്ചതെന്നും മനസ്സിലാക്കാൻ നാം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലേക്ക് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

ജോൺ മെയ്നാർഡ് കെയ്ൻസ്

സാമ്പത്തിക ശാസ്ത്ര ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോൺ മെയ്നാർഡ് കെയ്ൻസ്. അദ്ദേഹത്തിന്റെ ആശയങ്ങളെ ‘കെയ്നീഷ്യൻ വിപ്ലവം’ എന്ന് പിൽക്കാലത്ത് വിശേഷിപ്പിച്ചുവെങ്കിലും, മുതലാളിത്ത വ്യവസ്ഥിതിയെ അടിമുടി മാറ്റിമറിക്കാൻ ആഗ്രഹിച്ച ഒരു വിപ്ലവകാരിയായിരുന്നില്ല അദ്ദേഹം, മറിച്ച് അതിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച ഒരു പരിഷ്കർത്താവായിരുന്നു. കെയ്ൻസിന് മുൻപ് നിലനിന്നിരുന്ന മുഖ്യധാര/മാർജിനലിസ്റ്റ് ധനശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നത് കമ്പോളങ്ങൾ സ്വയം കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും മുതലാളിത്തത്തിന് വലിയ ആന്തരിക പ്രതിസന്ധികൾ നേരിടേണ്ടി വരില്ലെന്നുമായിരുന്നു. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ഭരണകൂടങ്ങൾ ഇടപെടരുതെന്ന നിലപാടാണ് (ലെയ്സെ-ഫെയർ) പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നത്.
എന്നാൽ 1930-കളിലെ ‘മഹാമാന്ദ്യം’ (Great Depression) ഈ ധാരണകളെ പാടേ തകിടം മറിച്ചു. ഉൽപ്പാദനം കുത്തനെ ഇടിയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്ത ആ ഘട്ടത്തിൽ, വിപണി തനിയെ ശരിയാകില്ലെന്നും മുതലാളിത്തത്തിൽ ഘടനാപരമായ അസ്ഥിരതകളുണ്ടെന്നും കെയ്ൻസ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രതിസന്ധികളിൽ വിപണിയിലെ ‘ഡിമാൻഡ്’ ഉയർത്താനും നിക്ഷേപകരുടെ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം അഥവാ ‘അനിമൽ സ്പിരിറ്റ്സ്’ (animal spirits) വീണ്ടെടുക്കാനും സർക്കാർ ഇടപെടലുകളും ഉയർന്ന പൊതുചെലവുകളും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വാദിച്ചു. സർക്കാരിന്റെ ഈ ചെലവഴിക്കൽ സമ്പദ്‌വ്യവസ്ഥയിൽ ഒരു ‘മൾട്ടിപ്ലയർ ഇഫക്ട്’ (multiplier effect) ഉണ്ടാക്കുകയും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ട് ജനങ്ങളുടെ കൈയിൽ വരുമാനമെത്തുകയും, വിപണിയിലെ ഡിമാൻഡ് വീണ്ടും കുതിച്ചുയരുകയും ചെയ്യുന്നു. ഇങ്ങനെ എല്ലാവർക്കും തൊഴിൽ ലഭിക്കുന്നതിലൂടെ പ്രതിസന്ധി മറികടക്കപ്പെടുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽ, സമ്പദ്വ്യവസ്ഥയ്ക്ക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതിലും അപ്പുറത്തേക്ക് വിപണിയിലെ ഡിമാൻഡ് വർധിക്കുകയും, ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ് മൂലം അത് അതിരൂക്ഷമായ പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യാം. ഈ ആശയത്തിൻറെ വികാസമാണ് 1958-ൽ പ്രശസ്തമായ ‘ഫിലിപ്സ് കർവ്’ (Phillips Curve) എന്ന സിദ്ധാന്തത്തിലേക്ക് വഴിതുറന്നത്. തൊഴിലില്ലായ്മ കൂടുമ്പോൾ വിപണിയിലെ ഡിമാൻഡ് കുറവായതിനാൽ പണപ്പെരുപ്പം കുറയുമെന്നും, തൊഴിലില്ലായ്മ കുറയുമ്പോൾ വർധിച്ച ഡിമാൻഡ് കാരണം പണപ്പെരുപ്പം ഉയരുമെന്നും ഉള്ള ഒരു പരസ്പര വിനിമയം (trade-off) ഇത് വരച്ചുകാട്ടി.

സോവിയറ്റ് യൂണിയൻ്റെ വളർച്ചയോടു കൂടി, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ നാടുകളിൽ കമ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം പരിമിതപ്പെടുത്താനുള്ള വഴികൾ തേടി. ജനങ്ങളെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ നിന്ന് അകറ്റിനിർത്താൻ മുതലാളിത്ത ഭരണകൂടങ്ങൾ ജനക്ഷേമപദ്ധതികൾക്കായി വൻതോതിൽ പണം ചെലവഴിക്കാൻ നിർബന്ധിതരായി. ഈ ഉയർന്ന സർക്കാർ ചെലവുകളെയും നയങ്ങളെയും സൈദ്ധാന്തികമായി ന്യായീകരിക്കാൻ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രജ്ഞർ കൂട്ടുപിടിച്ചത് കെയ്ൻസിൻ്റെ ആശയങ്ങളെയായിരുന്നു. സമ്പദ്വ്യവസ്ഥയിലെ ഡിമാൻഡ് നിയന്ത്രിക്കാനും മുതലാളിത്ത പ്രതിസന്ധികളെ മറികടക്കാനും സർക്കാരുകളുടെ പൊതുചെലവ് ഒരു ഉപകരണമായി ഉപയോഗിക്കാമെന്ന് അവർ വാദിച്ചു.1970-കൾ വരെ കാര്യങ്ങളെല്ലാം സുഗമമായി പോകുന്നുവെന്ന് തോന്നിച്ചെങ്കിലും, ആ ദശകത്തിൽ മുതലാളിത്ത വ്യവസ്ഥയെ പിടിച്ചുകുലുക്കിയ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ‘സ്റ്റാഗ് ഫ്ലേഷൻ’ (Stagflation) എന്ന പുതിയ പ്രതിഭാസത്തിന് വഴിതുറന്നു. ഉയർന്ന തൊഴിലില്ലായ്മയും അതിരൂക്ഷമായ പണപ്പെരുപ്പവും ഒരുമിച്ച് അനുഭവപ്പെട്ട ഈ സാഹചര്യത്തെ വിശദീകരിക്കാൻ കെയ്നീഷ്യൻ ചിന്തകർക്ക് സാധിച്ചില്ല. ഇതോടെയാണ് നവ-ലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞർ കളം പിടിക്കുന്നത്. പ്രതിസന്ധിക്ക് കാരണം മുതലാളിത്തത്തിൻ്റെ ആന്തരിക വൈകല്യങ്ങളല്ല, മറിച്ച് വിപണിയിലെ “അമിതമായ സർക്കാർ ഇടപെടലുകൾ” മാത്രമാണെന്ന് അവർ വാദിച്ചു. ഭരണകൂടങ്ങൾ സമ്പദ്വ്യവസ്ഥയിൽ ഇടപെടുന്നത് നിർത്തിയാൽ കമ്പോളം ആ ഗോള സമതുലിതാവസ്ഥ വീണ്ടെടുക്കുമെന്നുമുള്ള പ്രഖ്യാപനവും അവർ നടത്തി. അതോടെ കെയ്നീഷ്യൻ സങ്കല്പങ്ങൾ ‘നവ-ലിബറലിസം’ സാമ്പത്തിക നയങ്ങളുടെ കേന്ദ്രബിന്ദുവായി മാറുകയും ചെയ്തു. എന്നാൽ അപ്പോഴും, പ്രതിസന്ധിയുടെ യഥാർത്ഥ ഉറവിടം പാർശ്വവൽക്കരിക്കപ്പെടുകയും മുതലാളിത്ത ചൂഷണവും അതിൻ്റെ വൈരുദ്ധ്യാത്മക ഉത്പാദന ബന്ധങ്ങളുമാണെന്ന വസ്തുത മുഖ്യധാരാ സാമ്പത്തിക ചർച്ചകളിൽ നിന്ന് ബോധപൂർവം തമസ്കരിക്കപ്പെടുകയാണുണ്ടായത്.

നവലിബറലിസം പിടിമുറുക്കിയതോടെ കെയ്നീഷ്യൻ രീതിശാസ്ത്രത്തിലും അത്തരം ആശയങ്ങളുടെ കടന്നുകയറ്റം പ്രകടമായി. വ്യക്തികളുടെ “പ്രതീക്ഷകൾ” (expectations), “മുൻഗണനകൾ” (preferences), “പെരുമാറ്റരീതികൾ” (behavior) എന്നിവ മൊത്തം സമ്പദ്‌വ്യവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന തരത്തിലുള്ള മൈക്രോ-അടിത്തറകളിലേക്ക് (microfoundations) മുഖ്യധാരാ സാമ്പത്തിക വിശകലനങ്ങൾ പൂർണ്ണമായും പരിണമിച്ചു. ജനങ്ങളുടെ പണപ്പെരുപ്പ പ്രതീക്ഷകളെ (inflationary expectations) ഉൾപ്പെടുത്തിക്കൊണ്ട് അവർ യഥാർത്ഥ ‘ഫിലിപ്സ് കർവി’നെ പരിഷ്കരിച്ചു.മുൻപ് സൂചിപ്പിച്ചതു പോലെ, സാമ്പത്തിക-സാമൂഹിക വ്യവസ്ഥ മനുഷ്യരുടെ ചിന്താരീതിയെയും ജീവിതത്തെയും എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് മനസ്സിലാക്കുന്നതിനു പകരം, മനുഷ്യരുടെ വ്യക്തിഗത ചിന്തകളും പ്രതീക്ഷകളും എങ്ങനെ വ്യവസ്ഥയെ രൂപപ്പെടുത്തുന്നു എന്ന തലതിരിഞ്ഞ വിശകലനരീതിയാണ് അവർ മുന്നോട്ടുവെച്ചത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദാർശനികമായി അവർ കേവലമായ ‘ആശയവാദ’ത്തെ (idealism) പിന്തുടരുകയും ‘ഭൗതികവാദ’ത്തെ (materialism) പാടെ തള്ളിക്കളയുകയും ചെയ്തു. കെയ്നീഷ്യൻ പദാവലികളുടെ മേമ്പൊടിയോടെ എത്തിയ ഈ നവലിബറൽ ധാര സ്വയം ‘ന്യൂ-കെയ്നീഷ്യൻസ്’ എന്ന് വിശേഷിപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ, വിപണിയിലെ അനിശ്ചിതത്വങ്ങളെയും ഘടനാപരമായ വൈരുദ്ധ്യങ്ങളെയും കുറിച്ചുള്ള കെയ്ൻസിന്റെ മൗലിക നിലപാടുകൾക്ക് പോലും കടകവിരുദ്ധമായിരുന്നു ഇവരുടെ സിദ്ധാന്തങ്ങൾ എന്നതാണ് യാഥാർത്ഥ്യം.

1990-കളിൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങൾ വികസ്വര രാജ്യങ്ങളുടെ മേൽ നവലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കാൻ തുടങ്ങി. കൃത്രിമമായി സൃഷ്ടിക്കപ്പെട്ട കടക്കെണികളിൽ മൂന്നാം ലോകരാജ്യങ്ങൾ അകപ്പെട്ടു, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടുത്ത നിബന്ധനകളോടെ കടമെടുക്കാൻ അവർ നിർബന്ധിതരായി. അതോടെ ഈ രാജ്യങ്ങളുടെ ആഭ്യന്തര വിപണികൾ അന്താരാഷ്ട്ര കുത്തകകൾക്കും വൻകിട പാശ്ചാത്യ മൂലധനത്തിനുമായി പൂർണ്ണമായി തുറന്നുകൊടുക്കപ്പെട്ടു. വരുമാനത്തിനപ്പുറം സർക്കാരുകൾ അമിതമായി കടമെടുക്കരുതെന്നും, സബ്സിഡികളും പൊതുവിതരണവുമടക്കമുള്ള ജനക്ഷേമപദ്ധതികൾക്ക് പണം ചെലവഴിക്കരുതെന്നും സാമ്രാജ്യത്വ ധനകാര്യ സ്ഥാപനങ്ങൾ കർശന നിർദേശം നൽകി. ഇതിനെ അവർ “ധനകാര്യ അച്ചടക്കം” (fiscal discipline) എന്ന് വിളിച്ചു.

ധനകാര്യ അച്ചടക്കത്തോടൊപ്പം തന്നെ “പണനയ അച്ചടക്കവും” (monetary discipline) അടിച്ചേൽപ്പിക്കപ്പെട്ടു. പ്രത്യേകിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) പോലുള്ള കേന്ദ്ര ബാങ്കുകൾക്ക് എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിൽ കടുത്ത ചട്ടങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ് ഉണ്ടായത്. 1990-കൾക്ക് മുമ്പ്, പല രാജ്യങ്ങളിലെയും കേന്ദ്ര ബാങ്കുകൾ ‘വികസന ബാങ്കുകളായും” പ്രവർത്തിച്ചിരുന്നു. സമ്പദ്വ്യവസ്ഥയിലെ പ്രധാന മേഖലകളിലേക്ക് അവർ വായ്പ എത്തിച്ചു. ഉദാഹരണത്തിന്, ഇന്ത്യയിൽ വ്യാവസായിക, അടിസ്ഥാനസൗകര്യ വികസനത്തിന് വായ്പ നൽകാൻ സർക്കാരും RBI-യും IDBI, ICICI തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ ഉപയോഗിച്ചു.
എന്നാൽ 1990-കൾക്ക് ശേഷം വന്ന നവലിബറൽ നയങ്ങൾ ഇത്തരം വികസന ധനകാര്യ മാതൃകകളെ ഒന്നൊന്നായി പൊളിച്ചുകളഞ്ഞു. ഇതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് IDBI ബാങ്കിന്റെ ഭൂരിഭാഗം ഓഹരികളും (60.72%) കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് (Fairfax Financial Holdings) വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. രാജ്യപുരോഗതിക്കായി സ്ഥാപിച്ച ഒരു പൊതുമേഖലാ സ്ഥാപനത്തെ വിദേശ മൂലധനത്തിന് മുന്നിൽ പൂർണമായി അടിയറവ് വെച്ചിരിക്കുന്നു.

മറുവശത്ത്, കേന്ദ്ര ബാങ്കുകൾ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും “സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിലും മാത്രം കേന്ദ്രീകരിക്കണമെന്നും, മറ്റെല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കണമെന്നും നവലിബറലിസം ശഠിച്ചു. അതോടെ, പലിശ നിരക്കുകൾ ക്രമീകരിക്കുക, മുതലാളിത്ത താല്പര്യങ്ങൾക്ക് അനുസരിച്ച് ചട്ടങ്ങൾ മാറ്റുക, വിദേശനാണ്യ ശേഖരം കാത്തുസൂക്ഷിക്കുക എന്നീ കാര്യങ്ങളിലേക്ക് മാത്രമായി ആർ.ബി.ഐ. ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ ചുമതല ചുരുങ്ങി. യഥാർത്തിൽ, രാജ്യത്തിൻ്റെ വികസനത്തിൽ നേരിട്ടൊരു പങ്കും ഇപ്പോൾ കേന്ദ്ര ബാങ്കുകൾ വഹിക്കുന്നില്ല.

ഈ നവലിബറൽ നയങ്ങൾക്ക് സൈദ്ധാന്തിക അടിത്തറയൊരുക്കാനാണ് “ന്യൂ കെയ്നീഷ്യൻസ്” ശ്രമിച്ചത്. പുതിയ ഫിലിപ്സ് കർവ്, കേന്ദ്ര ബാങ്കുകളുടെ മേൽ ചുമത്തിയ ചട്ടങ്ങൾ, വ്യക്തികളുടെ “പെരുമാറ്റത്തെയും “പ്രതീക്ഷകളെ”യും കുറിച്ചുള്ള സങ്കല്പങ്ങൾ എന്നിവയെല്ലാം അവർ പരസ്പരം കൂട്ടിയിണക്കി. നവലിബറലിസം അടിച്ചേൽപ്പിച്ച ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ട്, ജനങ്ങളുടെ “പ്രതീക്ഷകളെ” കൃത്രിമമായി നിയന്ത്രിക്കുന്നതിൽ മാത്രമായിരിക്കണം പണനയത്തിൻ്റെ ശ്രദ്ധ എന്നാണ് അവരുടെ പ്രധാന വാദം.ഇവയോരോന്നും എങ്ങനെ നടപ്പിലാകുന്നുവെന്നും അതിൻ്റെ ഫലമെന്താണെന്നും സൂക്ഷമമായി പരിശോധിക്കേണ്ടതുണ്ട്.

ഒന്നാമതായി ‘പുതിയ ഫിലിപ്സ് കർവ്’. സാമ്പത്തിക ശാസ്ത്രജ്ഞർ ഇതിൽ ഊന്നുന്നത് പണപ്പെരുപ്പം കുറയ്ക്കാൻ തൊഴിലില്ലായ്മ അനിവാര്യമാണെന്ന് സ്ഥാപിക്കാനാണ്. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകളും, യഥാർത്ഥ ഉത്പാദനവും സാധ്യമായ ഉത്പാദനവും തമ്മിലുള്ള വിടവും (output gap) ചേർന്നാണ് പണപ്പെരുപ്പത്തെ നിർണയിക്കുന്നത് എന്നാണ് ഇവരുടെ വാദം. അതിനാൽ പണപ്പെരുപ്പം ഉയർന്നാൽ പലിശ നിരക്ക് ഉയർത്താൻ കേന്ദ്ര ബാങ്കുകൾക്ക് നിർദേശം ലഭിക്കുന്നു. പലിശ നിരക്കുകൾ ഉയരുന്നതോടെ പുതിയ സംരംഭങ്ങൾക്കായി വായ്പയെടുക്കുന്നവരുടെ എണ്ണം തൊഴിലവസരങ്ങൾ ഇല്ലാതാവുന്നു; ജനങ്ങളുടെ കൈയിൽ ഉപഭോഗത്തിന് പണമില്ലാതാവുന്നു; ഒടുവിൽ പണപ്പെരുപ്പം താഴുന്നു. ഈ യുക്തിപ്രകാരം പണപ്പെരുപ്പം കുറയ്ക്കുക എന്നതിന്റെ അർത്ഥം ബോധപൂർവം വിപണിയിലെ ഡിമാൻഡ് തകർക്കുകയും ഉയർന്ന തൊഴിലില്ലായ്മ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. അതായത്, അതിൻ്റെ ഭാരം മുഴുവൻ ചുമക്കേണ്ടിവരുന്നത് അധ്വാനിക്കുന്ന ജനങ്ങളാണ്. ഇത് തികച്ചും ജനവിരുദ്ധമല്ലേ?

രണ്ടാമതായി, ‘ടെയ്‌ലർ നിയമം’ (Taylor’s rule). പണപ്പെരുപ്പത്തോടും ഉത്പാദന വിടവിനോടും (output gap) പ്രതികരിച്ച് പലിശ നിരക്ക് എത്രത്തോളം കൂട്ടണം അല്ലെങ്കിൽ കുറയ്ക്കണം എന്ന് കേന്ദ്ര ബാങ്കുകൾക്ക് നിർദേശം നൽകുന്ന ഒരു ഗണിത ഫോർമുലയാണിത്. ഇതിലൂടെ കേന്ദ്ര ബാങ്കുകളുടെ ശേഷിക്കുന്ന വിവേചനാധികാരങ്ങൾ പോലും നവലിബറൽ ചട്ടക്കൂടുകൾക്കുള്ളിൽ കൂടുതൽ പരിമിതപ്പെടുത്തപ്പെടുകയാണ് ചെയ്യുന്നത്.

മൂന്നാമതായി, ജനങ്ങളുടെ “പ്രതീക്ഷകൾ”. അവരുടെ യുക്തി പ്രകാരം, ഭാവിയിലെ പലിശ നിരക്കുകളെയും പണപ്പെരുപ്പത്തെയും കുറിച്ച് ജനങ്ങൾ എന്ത് പ്രതീക്ഷിക്കുന്നുവോ, അതാണ് ഇന്ന് അവർ എത്ര ചെലവഴിക്കണം, തൊഴിലാളികൾ എന്ത് വേതനം ആവശ്യപ്പെടണം, കമ്പനികൾ എന്ത് വില നിശ്ചയിക്കണം എന്നതിനെയെല്ലാം നിർണയിക്കുന്നത്. അതിനാൽ ഇന്നത്തെ തീരുമാനങ്ങൾ മാത്രമല്ല, ഭാവിയിൽ സ്വീകരിക്കാൻ പോകുന്ന നയപാത കൂടി കേന്ദ്ര ബാങ്കുകൾ മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന് ഇവർ വാദിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകളെ കേന്ദ്ര ബാങ്കിൻ്റെ ലക്ഷ്യങ്ങളുമായി മുൻകൂട്ടി ബന്ധിപ്പിച്ചാൽ വിപണിയിലെ ‘പരിഭ്രാന്തി’ കുറയ്ക്കാനും സമ്പദ്വ്യവസ്ഥയിൽ സ്ഥിരത കൈവരിക്കാനും കഴിയുമെന്നാണ് വാദം.

ഇതിനെയാണ് അവർ കെയ്നീഷ്യൻ സിദ്ധാന്തത്തിൻ്റെ “മൈക്രോഫൗണ്ടേഷൻസ്” എന്ന് വിശേഷിപ്പിക്കുന്നത്. അതായത്, സമ്പദ്വ്യവസ്ഥയെ മൊത്തത്തിൽ മനസ്സിലാക്കാൻ 630600 വ്യക്തിയുടെയും ഉപഭോക്താവിൻ്റെയും പെരുമാറ്റത്തെ പഠിക്കുക എന്ന രീതി. ഈ വർഷത്തെ ശാസ്ത്ര നൊബേൽ ജേതാക്കൾ ഉയർത്തിപ്പിടിക്കുന്നതും വാദിക്കുന്നതും ഈ സാമ്പത്തിക ആശയങ്ങളാണ്. ചോദ്യം ഇതാണ്: ആരെയാണ് അവർ ശാന്തരാക്കാനും പരിഭ്രാന്തിയിൽ നിന്ന് തടയാനും ശ്രമിക്കുന്നത്? പ്രധാനമായും വൻകിട മുതലാളിമാരെയും അന്താരാഷ്ട്ര ധനകാര്യ നിക്ഷേപകരെയും മാത്രമാണ്. നവലിബറലിസത്തിന് കീഴിൽ ഭയക്കാതെ യാതൊരു ആഘാതങ്ങളെയും തൊഴിലാളിവർഗ്ഗത്തെ നിരന്തരം ചൂഷണം ചെയ്യാൻ കഴിയും എന്ന് ഈ വൻകിടക്കാർക്ക് ഉറപ്പുനൽകാനാണ് ആർ.ബി.ഐ ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകൾ ശ്രമിക്കുന്നത്.

നവലിബറൽ, ന്യൂ-കെയ്തീഷ്യൻ പണ്ഡിതർ മുന്നോട്ടുവെച്ച “പണപ്പെരുപ്പ ലക്ഷ്യനയം” (inflation targeting) 2016-ൽ ആർ.ബി.ഐ ഔദ്യോഗികമായി സ്വീകരിച്ചു. പലിശ നിരക്ക് നിശ്ചയിക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനും ഈ നവലിബറൽ ചട്ടങ്ങൾ കർശനമായി പിന്തുടരണമെന്നും, യഥാർത്ഥ പണപ്പെരുപ്പവും ജനങ്ങളുടെ പ്രതീക്ഷകളും തമ്മിൽ പൊരുത്തപ്പെടാൻ ഈ തീരുമാനങ്ങൾ പരസ്യമായി പ്രഖ്യാപിക്കണമെന്നുമാണ് ഇത് വാദിക്കുന്നത്. എന്നാൽ യാഥാർത്ഥ്യത്തിൽ, ഭാവിയിലെ പണപ്പെരുപ്പത്തെക്കുറിച്ചുള്ള ജനങ്ങളുടെ പ്രതീക്ഷകൾ ഒരിക്കലും യഥാർത്ഥ പണപ്പെരുപ്പ നിരക്കുമായി ഒത്തുപോകാറില്ല-ജനങ്ങളുടെ പ്രതീക്ഷകൾ എപ്പോഴും കൂടുതലായിരിക്കും. അതായത്, പണപ്പെരുപ്പ ലക്ഷ്യനയം അതിൻ്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിൽ തന്നെ പൂർണ്ണമായി പരാജയപ്പെടുന്നു.

ഈ നയം ഫലപ്രദമല്ലെന്ന് അറിഞ്ഞിട്ടും ആർ.ബി.ഐ എന്തുകൊണ്ട് ഇത് തുടരുന്നു? കാരണം, ഈ ചട്ടങ്ങളും പണപ്പെരുപ്പ നിയന്ത്രണവും സാധാരണക്കാരായ തൊഴിലാളികൾക്ക് വേണ്ടിയുള്ളതല്ല, മറിച്ച് പണപ്പെരുപ്പം ഉയർന്നാൽ തങ്ങളുടെ ധനസമ്പത്തിൻ്റെ മൂല്യം ഇടിയുമെന്ന് ഭയക്കുന്ന വൻകിട മുതലാളിമാർക്കും ധനമൂലധന ശക്തികൾക്കും വേണ്ടിയുള്ളതാണ്. അവരുടെ സമ്പത്തിന്റെ മൂല്യം സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ആർ.ബി.ഐ പരസ്യമായി ഉറപ്പുനൽകുന്നതോടെ നിക്ഷേപകരുടെ ആശങ്കകൾ അകലുന്നു; അവർ യാതൊരു പരിഭ്രാന്തിയുമില്ലാതെ തങ്ങളുടെ ലാഭക്കൊതിയും ചൂഷണവും തുടരുകയും ചെയ്യുന്നു. ഈ ന്യൂ-കെയ്നീഷ്യൻ, നവലിബറൽ നയങ്ങൾക്കെതിരായി കൂടുതൽ സങ്കീർണ്ണമായ സൈദ്ധാന്തിക വാദങ്ങൾ നിലവിലുണ്ട്. വ്യക്തികൾക്ക് ശരിയായതെല്ലാം ആ വ്യക്തികളുടെ കൂട്ടമായ ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് ശരിയാകണമെന്നില്ലെന്നും, സമ്പദ്വ്യവസ്ഥയെ അതിൻ്റെ സമഗ്രതയിൽ (macro level) വേണം കാണേണ്ടതെന്നും വാദിച്ച ആളാണ് കെയ്ൻസ്. അതുകൊണ്ടു തന്നെ ഈ വർഷത്തെ നോബൽ സമ്മാനം കെയ്ൻസിൻ്റെ അടിസ്ഥാന ധാരണകൾക്ക് നേരെ കൂടിയുള്ള വെല്ലുവിളിയാണ്.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ സാമ്പത്തിക നൊബേൽ നൽകപ്പെട്ടത് “മുഖ്യധാരേതര” പണ്ഡിതർക്കായിരുന്നുവെങ്കിലും, സൂക്ഷ്മമായി പരിശോധിച്ചാൽ അവരും നവലിബറലുകൾ തന്നെയായിരുന്നുവെങ്കിലും, ഈ വർഷം വീണ്ടും തൊഴിലാളി വിരുദ്ധ നവലിബറൽ നയങ്ങൾക്ക് നേരിട്ട് പച്ചക്കൊടി കാണിക്കുന്നതിലേക്ക് അത് തിരിച്ചെത്തിയിരിക്കുകയാണ്.

Hot this week

ലൈറ്റു മരിച്ചേ ഒരു തുടർനാടകം

(കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾ ലൈറ്റ് മരിച്ചേ എന്ന നാടകം കളിച്ചതിന്...

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...

ഭാഷയ്ക്കും അക്ഷരങ്ങൾക്കും ഒരു മ്യൂസിയം

“മനുഷ്യ ജീവിതത്തിന്റെ ഒരംശത്തിന്റെ വ്യാഖ്യാനമാണ് കഥ”എന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മനോഹരമായ വരിയാണ്...

കാഴ്‌ചയും കാഴ്‌ചക്കപ്പുറവും

തുടർച്ചയായി നടക്കുന്ന സ്റ്റോക്കിങ്‌ കൊലപാതകങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും തടയാൻ പൊലീസും മാനസികാരോഗ്യ...

പ്രകൃതിയിലെ വിസ്മയങ്ങൾ -എഴുത്താണിപ്പച്ച

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന...

Topics

ലൈറ്റു മരിച്ചേ ഒരു തുടർനാടകം

(കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾ ലൈറ്റ് മരിച്ചേ എന്ന നാടകം കളിച്ചതിന്...

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...

ഭാഷയ്ക്കും അക്ഷരങ്ങൾക്കും ഒരു മ്യൂസിയം

“മനുഷ്യ ജീവിതത്തിന്റെ ഒരംശത്തിന്റെ വ്യാഖ്യാനമാണ് കഥ”എന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മനോഹരമായ വരിയാണ്...

കാഴ്‌ചയും കാഴ്‌ചക്കപ്പുറവും

തുടർച്ചയായി നടക്കുന്ന സ്റ്റോക്കിങ്‌ കൊലപാതകങ്ങളെയും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും തടയാൻ പൊലീസും മാനസികാരോഗ്യ...

പ്രകൃതിയിലെ വിസ്മയങ്ങൾ -എഴുത്താണിപ്പച്ച

Acanthaceae സസ്യകുടുംബത്തിൽപ്പെട്ട, പടർന്നു വളരുന്നതും എന്നാൽ അടിഭാഗം കാഷ്ഠനിർമ്മിതവു (woody) മായിരിക്കുന്ന...

നിറങ്ങൾ തൻ നൃത്തം – ബദ്രി നാരായണൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം 1929...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം-നാല്

1840-കളുടെ അവസാന പകുതിയിൽ മാർക്‌സും ഏംഗത്സും മുതലാളിത്ത സമൂഹത്തിൻ്റെ സാമ്പത്തിക ചരിത്രവും...

ഒരു പ്രകാശ ദിവസം പിന്നിടുന്ന താരാപഥ സഞ്ചാരി – വോയജർ 1

ബഹിരാകാശ ചരിത്രത്തിൽ ആദ്യമായാണ് മനുഷ്യ നിർമിതമായ ഒരു സ്പേസ്ക്രാഫ്റ്റ് സൗരയൂഥത്തിന്ന് പുറത്ത്...
spot_img

Related Articles

Popular Categories

spot_imgspot_img