ഴും അധികാരപരമായ നേതൃത്വം സോഫ്റ്റ്‌വെയർ നിർമ്മാതാവിനാണ്. അവരുടെ ജീവിതത്തെയും തൊഴിൽപരമായ അസ്തിത്വത്തെയും നയിക്കുന്നത് അവരുടെ കമ്പനിയുടെ വിപണി സാധ്യതയാണ്. ആ അർത്ഥത്തിൽ അവർ EYES ഉപയോഗിച്ച് ലാഭം കൊയ്യാനാഗ്രഹിക്കുന്ന ഒരു മുതലാളിയാണ്. അവരുടെ ജീവിതപ്രശ്നങ്ങളിൽ വിപണിയിലെ വിജയം അത്രത്തോളം അനിവാര്യമാണ്. മൂലധനപ്രേരണകളാണ് അവരെ നയിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ EYES എന്ന സോഫ്റ്റ്‌വെയറിന്റെ വിജയം അവസാനഘട്ടത്തിലെത്തുമ്പോൾ കേവലം ഒരു അന്വേഷണവിജയമല്ല, ഒരു ബിസിനസ് വിജയം കൂടിയാണ്. രണ്ടാമത്തെ ഘടകത്തിനുള്ള പ്രാധാന്യമാണ് EYES നിർമ്മാതാവിനെ എല്ലാവരും അഭിനന്ദിക്കുന്നതിലൂടെ പുറത്തുവരുന്നത്.

ഈ ഒരു രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് EYESഇലേക്ക് ഒന്നുകൂടി നോക്കിയാൽ വ്യക്തമാകുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമത്, പോലീസുകാർ അന്വേഷണസംഘത്തിലുള്ളപ്പോഴും നേതൃത്വം വിപണിശക്തിയുടെ താത്പര്യങ്ങള്ക്കാണ്. രണ്ടാമത്, EYESഇന്റെ വിജയം അത്തരം ഒരു ഘടനയുടെ സാധൂകരണമായിട്ട് പ്രേക്ഷകർക്ക് അനുഭവപ്പെടും. മൂന്നാമത്, ഇത്തരം സാങ്കേതികവിദ്യയുപയോഗിക്കാത്ത അന്വേഷണം ഒരു പഴഞ്ചൻ രീതിയായി നമുക്ക് തോന്നിയേക്കാം. നീതിന്യായവ്യവസ്ഥയിലേക്കുള്ള വിപണിശക്തിയുടെ കടന്നുവരവ് സാധാരണവൽക്കരിക്കുന്നത് ഒരു പ്രധാന പൊതുമേഖലാധർമ്മത്തിന്റെ ആന്തരികമായ സ്വകാര്യവൽക്കരണത്തിനുള്ള ഒരു സാക്ഷ്യപത്രമായി വായിക്കാം.

EYES ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുറ്റാന്വേഷണത്തിലാണെങ്കിലും ഇത്തരം സ്വകാര്യവൽക്കരണപ്രവണതകൾ സർക്കാർ മേഖലയിൽ ഏറിവരുന്ന ഒരു കാലത്ത് അതിനെ വിമർശനപരമായി സമീപിക്കാൻ മടിച്ചുനിൽക്കുന്ന പൊതുസമൂഹത്തിന് നേരെയുള്ള ഒരു കണ്ണാടി കൂടിയാണ് EYES.

ഉപസംഹാരം 

EYES എന്ന വെബ് സീരീസ് ആകർഷകമായ ആഖ്യാനരീതികളാൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പാകത്തിൽ നിർമ്മിച്ചിട്ടുള്ള ഒന്നാണ്. അതേസമയം അത് ഇന്നത്തെ സമൂഹത്തിലെ വലതുപക്ഷവൽക്കരണത്തിന്റെ ഒരു നേർകാഴ്ച കൂടിയാണ്. അത്യന്തം വ്യക്തിവൽകൃതമായ ചിന്താരീതികൾ, എല്ലാവരെയും സംശയത്തോടെ കാണുന്ന അവസ്ഥ, സ്വയം കേന്ദ്രീകൃത ചിന്ത (narcissism/ആത്മാരാധന), സ്വന്തംപങ്കാളിയെ നിരീക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ സാധാരണവൽക്കരണം, സാമ്പ്രദായിക പോലീസിങ്ങിനോടും നിയമപരിപാലനരീതിയോടുമുള്ള അവജ്ഞ, പൊതുമേഖലയോടുള്ള അവമതിപ്പ് എന്നിങ്ങനെ കേരളത്തിന് ചരിത്രപരമായി ഏറെ പരിചിതമല്ലാത്ത പല പ്രവണതകളും EYES കൃത്യമായി നമുക്ക് മുന്നിലേക്ക് തുറന്നിടുന്നുണ്ട്. സാങ്കേതികവിദ്യയുടെ വ്യക്തിഗതപ്രയോഗത്തിലും വ്യവസ്ഥാപിതപ്രയോഗത്തിലും വലതുപക്ഷ മൂല്യങ്ങൾ ഉൾച്ചേരുന്ന അവസ്ഥ EYES നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നു.

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന മൂർത്തമായ സാമൂഹികപ്രശ്നങ്ങളിലേക്ക് പരോക്ഷമായി വിരൽചൂണ്ടുന്നു ഒരു ചിത്രമാണ് EYES. ഇത് കേവലമായ ഒരു വിനോദ സീരീസ് എന്നതിനപ്പുറം ഒരു സമൂഹം എന്ന നിലയ്ക്ക് നമ്മെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. EYES ഇന്റെ കഥ ഒരു ഫിക്ഷൻ മാത്രമായി അനുഭവപ്പെടുന്ന ഒരു സാമൂഹികക്രമമാണ് നമുക്ക് അഭികാമ്യം, പക്ഷെ ദൗർഭാഗ്യകരമെന്ന് പറയട്ടെ, EYES കാണുന്ന പ്രേക്ഷകർക്ക് അതിലെ ചില സന്ദർഭങ്ങളോടെങ്കിലും ചേർന്നുനിൽക്കുന്ന അനുഭവങ്ങൾ ഓർത്തെടുക്കാൻ കഴിയേണ്ടതാണ്. EYES കേവലം ഒരു ഫിക്ഷൻ ആയി തോന്നാത്തത് നമ്മുടെ സമൂഹത്തിന്റെ അപചയത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് നിസ്സംശയം പറയാം.