നവാൽ എൽ സആദാവി: തടവറയിൽ നിന്നൊരു സ്ത്രീപക്ഷസാക്ഷ്യം 

ഹൃദ്യ ദിവാകരൻ

രു എഴുത്തുകാരി എപ്പോഴാണ് ഭരണകൂടത്തിന് ഏറ്റവും അപകടകാരിയാവുന്നത്? അവൾ നുണ പറയാതിരിക്കുമ്പോൾ എന്നതാണ് ഉത്തരം. അറബ് ലോകം കണ്ട ഏറ്റവും നിർഭയയായ എഴുത്തുകാരികളിൽ ഒരാളായ നവാൽ എൽ സആദാവിയുടെ ജീവിതം ഈ ഉത്തരത്തിന്റെ തീവ്രമായ ദൃഷ്ടാന്തമാണ്. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന ആ ജീവിതം, ഈജിപ്തിന്റെ ചരിത്രത്തോടും മാറിമാറി വന്ന അധികാരവ്യവസ്ഥകളോടും സങ്കീർണ്ണമായി ഇഴചേർന്നു കിടക്കുന്നു.

പുരുഷാധിപത്യ ലോകത്തിലേക്കുള്ള ജനനം സആദാവിയെ സ്വാഭാവികമായിത്തന്നെ ഒരു വിമതയാക്കി മാറ്റി. ചൂഷണങ്ങളോടും അനീതികളോടും ഒരിക്കലും ഒത്തുതീർപ്പിലെത്താത്ത അവർ, ജീവിതത്തിലുടനീളം വിട്ടുവീഴ്ചയില്ലാത്ത വിപ്ലവകാരിയായിരുന്നു. കുടുംബത്തിലും സമൂഹത്തിലും, എന്തിനേറെ ദൈവസങ്കൽപ്പത്തിൽപ്പോലും പ്രതിഫലിച്ച ലിംഗപക്ഷപാതം ബാല്യത്തിൽത്തന്നെ അവരെ അസ്വസ്ഥയാക്കിയിരുന്നു.

വ്യക്തിഗതമായ എഴുത്തോ ഒറ്റയാൾ പോരാട്ടങ്ങളോ അല്ല, മറിച്ച് സ്ത്രീകൾ സംഘടിക്കുന്നതാണ് ഭരണകൂടത്തെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നത് എന്ന് സ്വന്തം അനുഭവംകൊണ്ട് അവർ തിരിച്ചറിഞ്ഞു. സംഭവബഹുലമായ ആ ജീവിതത്തിനിടയിൽ, മാതൃരാജ്യത്തിലെ ജയിലറയ്ക്കുള്ളിലും അവർക്ക് കഴിയേണ്ടി വന്നു. ആ സംഭവബഹുലമായ  ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ, സ്വന്തം രാജ്യത്തിന്റെ ജയിലറയിൽ അവർ എത്തിപ്പെട്ടു. ആ കയ്പേറിയ അനുഭവങ്ങളെ ആസ്പദമാക്കി അവർ രചിച്ച ആത്മകഥാപരമായ കൃതിയാണ് ‘മെമ്മോയേഴ്സ് ഫ്രം ദി വുമൺസ് പ്രിസൺ’.

കോളനിവാഴ്ചയുടെ ഈജിപ്തിൽ ഒരു ബാല്യം

1931-ൽ കൈറോയ്ക്കടുത്തുള്ള കഫർ തഹ്‌ല എന്ന ഗ്രാമത്തിലാണ് നവാൽ എൽ സആദാവി ജനിക്കുന്നത്. അക്കാലത്ത് ഈജിപ്ത് ഔപചാരികമായി ഒരു രാജവാഴ്ചയായിരുന്നെങ്കിലും യഥാർത്ഥ അധികാരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൈകളിലായിരുന്നു. ബ്രിട്ടീഷ് പട്ടാളം രാജ്യത്ത് തുടർന്നു, സാമ്പത്തികനയങ്ങൾ ലണ്ടനിലെ താൽപ്പര്യങ്ങൾക്കനുസരിച്ചു നിശ്ചയിക്കപ്പെട്ടു, നാട്ടിലെ ഭൂപ്രഭുക്കന്മാരും കൊട്ടാരവും കോളനിശക്തിയോട് ഒത്തുതീർപ്പിലായിരുന്നു. വിദേശാധിപത്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഇരട്ട ആധിപത്യത്തിന്റെ, ഏറ്റവും ക്രൂരമായ അനുഭവം സആദാവിക്ക് ആറാം വയസ്സിൽത്തന്നെ നേരിടേണ്ടിവന്നു: കുടുംബം അവരെ ചേലാകർമ്മത്തിന് വിധേയയാക്കി. ഈ അനുഭവം പിന്നീട് അവരുടെ എഴുത്തിന്റെ കേന്ദ്രബിന്ദുവായി മാറി. അതേസമയം, പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നിട്ടും ബ്രിട്ടീഷ് വിരുദ്ധ ദേശീയപ്രസ്ഥാനത്തോട് അനുഭാവം പുലർത്തിയിരുന്നു എന്നത്, കുട്ടിക്കാലം മുതൽക്കേ അധികാരത്തെ ചോദ്യം ചെയ്യാനുള്ള ഒരു ബോധം അവരിൽ വളർത്തി.

നാസറിന്റെ കാലം: വൈദ്യശാസ്ത്രവും ദേശീയസോഷ്യലിസവും

1952-ൽ ജമാൽ അബ്ദുന്നാസറിന്റെ നേതൃത്വത്തിലുള്ള “ഫ്രീ ഓഫീസേഴ്‌സ്” രാജവാഴ്ചയെ അട്ടിമറിച്ചപ്പോൾ സആദാവിക്ക് ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കൈറോ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ചുകൊണ്ടിരുന്ന അവർ, ബ്രിട്ടീഷ് സ്വാധീനത്തിൽനിന്ന് മോചിതമായ ഒരു ഈജിപ്തിന്റെ പിറവിക്ക് സാക്ഷിയായി. നാസർ കൊണ്ടുവന്ന ഭൂപരിഷ്കരണവും വ്യവസായവൽക്കരണവും സൗജന്യ വിദ്യാഭ്യാസവും, 1956-ൽ സൂയസ് കനാൽ ദേശസാൽക്കരിച്ചതും, പാൻ-അറബ് ദേശീയതയുടെ ഉയർച്ചയും, സആദാവിയുടെ തലമുറയിലെ പലർക്കും പ്രതീക്ഷയുടെ കാലമായിരുന്നു. 1955-ൽ ഡോക്ടറായി ബിരുദമെടുത്ത അവർ ഗ്രാമങ്ങളിലും നഗരങ്ങളിലും ചികിത്സ നടത്തി. ഗ്രാമീണ ഈജിപ്തിലെ ദാരിദ്ര്യവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും നേരിട്ടു കണ്ട ആ അനുഭവങ്ങളാണ് അവരെ എഴുത്തിലേക്ക് നയിച്ചത്. 1966-ൽ ആരോഗ്യമന്ത്രാലയത്തിലെ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ ജനറലായി; 1968-ൽ “ഹെൽത്ത്” എന്ന പേരിൽ ഒരു മാസിക സ്ഥാപിച്ചു. എന്നാൽ നാസറിന്റെ സോഷ്യലിസ്റ്റ് ദേശീയത, സ്ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഒരു യാഥാസ്ഥിതികതയും നിലനിർത്തിയിരുന്നു എന്ന് സആദാവി തിരിച്ചറിഞ്ഞു. ദേശീയവിമോചനം സ്ത്രീവിമോചനത്തിന് സ്വയമേവ വഴിവെക്കില്ല എന്ന ഈ തിരിച്ചറിവ്, അവരുടെ പിൽക്കാല രാഷ്ട്രീയചിന്തയുടെ അടിസ്ഥാനമായി.

1967-നു ശേഷം: തിരിച്ചടിയും തുറന്നിടലും

1967-ലെ ആറുദിന യുദ്ധത്തിലെ ദയനീയമായ പരാജയം അറബ് ദേശീയതയുടെ ആത്മവിശ്വാസത്തിന് കനത്ത ആഘാതമേൽപ്പിച്ചു. 1970-ൽ നാസർ മരിച്ച് അൻവർ സാദത്ത് അധികാരത്തിലെത്തിയതോടെ ഈജിപ്ത് പുതിയൊരു ദിശയിലേക്കു നീങ്ങി. “ഇൻഫിതാഹ്” (open-door policy) എന്ന പേരിലുള്ള സാമ്പത്തിക ഉദാരവൽക്കരണം, വിദേശമൂലധനത്തിന് വാതിലുകൾ തുറന്നു, നാസറിന്റെ സോഷ്യലിസ്റ്റ് പദ്ധതികളെ പതിയെ അഴിച്ചുവിട്ടു, അതേസമയം സാമ്പത്തിക അസമത്വം രൂക്ഷമാക്കി. ഇതോടൊപ്പം, ഇടതുപക്ഷത്തെയും മതേതര പ്രതിപക്ഷത്തെയും തളർത്താൻ സാദത്ത് ഇസ്‌ലാമിക യാഥാസ്ഥിതികശക്തികളെ പ്രോത്സാഹിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെതന്നെ ജീവനെടുത്ത ഒരു തീരുമാനം. ഈ പശ്ചാത്തലത്തിലാണ് 1969-ൽ എഴുതി 1972-ൽ വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ട “വുമൺ ആൻഡ് സെക്സ്” എന്ന കൃതി സആദാവിയെ ഭരണകൂടത്തിന്റെയും മതസ്ഥാപനങ്ങളുടെയും കണ്ണിലെ കരടാക്കിയത്. ഈ പുസ്തകത്തിന്റെ പേരിൽ അവർ ആരോഗ്യമന്ത്രാലയത്തിൽ നിന്ന് പുറത്താക്കപ്പെട്ടു, “ഹെൽത്ത്” മാസിക പൂട്ടിക്കപ്പെട്ടു. എന്നാൽ ജോലി നഷ്ടപ്പെട്ടതുകൊണ്ട് അവരുടെ തൂലിക നിശ്ശബ്ദമായില്ല; അത് കൂടുതൽ മൂർച്ചയേറിയതായി. “വുമൺ അറ്റ് പോയിന്റ് സീറോ”, “ദ ഹിഡൻ ഫേസ് ഓഫ് ഈവ്” പോലുള്ള കൃതികളിലൂടെ, പുരുഷാധിപത്യവും മതസ്ഥാപനവും ഭരണകൂടവും ചേർന്ന് സ്ത്രീശരീരത്തെ എങ്ങനെ ഒരു യുദ്ധക്കളമാക്കി മാറ്റുന്നു എന്ന് അവർ കാണിച്ചുതന്നു.

അറസ്റ്റ്, ജയിൽ, മോചനം

1970-കളുടെ അവസാനത്തിൽ സാദത്ത് ഇസ്രായേലുമായി ക്യാമ്പ് ഡേവിഡ് സമാധാനക്കരാറിലേർപ്പെട്ടതോടെ (1978) ഈജിപ്തിലെ രാഷ്ട്രീയാന്തരീക്ഷം കൂടുതൽ ഞെരുക്കമുള്ളതായി. ഈ കരാറിനെ അറബ് ലോകത്തിന്റെ പൊതുനിലപാടിനെതിരായ ഒറ്റപ്പെടലായി കണ്ട സആദാവി, സാദത്തിന്റെ നയങ്ങളെ പരസ്യമായി വിമർശിച്ചു. ജനാധിപത്യമുണ്ടെന്നും വിമർശിക്കാമെന്നും സാദത്ത് പറഞ്ഞതു വിശ്വസിച്ചാണ് താൻ എഴുതിയതെന്നും, അതിന്റെ ഫലമായാണ് ജയിലിലായതെന്നും അവർ പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. 1981 സെപ്റ്റംബറിൽ, തന്റെ എതിരാളികൾക്കെതിരെ സാദത്ത് നടത്തിയ കൂട്ട അറസ്റ്റിന്റെ ഭാഗമായി എഴുത്തുകാരും മതേതരവാദികളും ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷക്കാരും ഒരുപോലെ ജയിലിലടയ്ക്കപ്പെട്ട ആ കാലത്ത് സആദാവിയും അറസ്റ്റ് ചെയ്യപ്പെട്ടു. “ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങൾ” എന്ന അവ്യക്തമായ ആരോപണം ചുമത്തി അവരെ കൈറോയ്ക്കടുത്തുള്ള ഖനാതിർ വനിതാ ജയിലിലേക്ക് കൊണ്ടുപോയി. പേനയും കടലാസും നിഷേധിക്കപ്പെട്ട അവർ, ഒരു കണ്മഷിപ്പെൻസിലും ടോയ്‌ലറ്റ് പേപ്പറും ഉപയോഗിച്ചാണ് ജയിലിനുള്ളിലെ അനുഭവങ്ങൾ കുറിച്ചുവെച്ചത്. രണ്ട് മാസത്തോളം അവർ അവിടെ കഴിഞ്ഞു. സാദത്ത് വധിക്കപ്പെട്ടതിനെത്തുടർന്നാണ് അവർ മോചിതയായത്. ഒരു സ്വേച്ഛാധിപതിയുടെ മരണം മറ്റൊരാളുടെ സ്വാതന്ത്ര്യമായി മാറിയ വിചിത്രമായ യാദൃച്ഛികത.

ജയിലിനുള്ളിൽത്തന്നെ ഒരു സംഘടനയുടെ വിത്ത്

ജയിലിൽ വെച്ചുതന്നെ, മറ്റു തടവുകാരികളുമായി സംസാരിച്ചും ആശയങ്ങൾ പങ്കുവെച്ചും, ഒരു പാൻ-അറബ് സ്ത്രീ ഐക്യദാർഢ്യസംഘടനയെക്കുറിച്ചുള്ള ചിന്ത സആദാവിയിൽ രൂപപ്പെട്ടു. മോചിതയായി ഒരു വർഷത്തിനുള്ളിൽ, 1982-ൽ അവർ “അറബ് വിമൻസ് സോളിഡാരിറ്റി അസോസിയേഷൻ” (AWSA) സ്ഥാപിച്ചു.

ഈജിപ്തിലെ ആദ്യത്തെ നിയമപരവും സ്വതന്ത്രവുമായ ഫെമിനിസ്റ്റ് സംഘടന. ദേശീയാതിർത്തികൾക്കപ്പുറം അറബ് സ്ത്രീകളെ പരസ്പരം ബന്ധിപ്പിക്കുക, സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനും രാഷ്ട്രീയപങ്കാളിത്തത്തിനും ശരീരസ്വാതന്ത്ര്യത്തിനുംവേണ്ടി പ്രവർത്തിക്കുക എന്നിവയായിരുന്നു ലക്ഷ്യം. അഞ്ഞൂറോളം പ്രാദേശിക അംഗങ്ങളും രണ്ടായിരത്തിലധികം അന്താരാഷ്ട്ര അംഗങ്ങളും ഉണ്ടായിരുന്ന ഈ സംഘടന, “നൂൻ” എന്ന പേരിൽ ഒരു മാസികയും പ്രസിദ്ധീകരിച്ചു, അന്താരാഷ്ട്ര സമ്മേളനങ്ങൾ സംഘടിപ്പിച്ചു, ഗ്രാമീണ സ്ത്രീകൾക്കുവേണ്ടി വരുമാനദായക പദ്ധതികളും ആരംഭിച്ചു. പാശ്ചാത്യ സാമ്രാജ്യത്വത്തെയും അറബ് പുരുഷാധിപത്യത്തെയും ഒരുപോലെ ചോദ്യം ചെയ്യുന്ന ഒരു വേദിയായി ഇത് മാറി. 1983-ൽ, മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ “അറബ് അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ്” എന്ന സംഘടനയും അവർ സഹസ്ഥാപിച്ചു.

മുബാറക്കിന്റെ കാലം: നിരോധനവും പ്രവാസവും

സാദത്തിന്റെ കൊലപാതകത്തിനുശേഷം അധികാരമേറ്റ ഹുസ്നി മുബാറക്ക്, മൂന്നു പതിറ്റാണ്ടോളം നീണ്ട സ്വേച്ഛാധിപത്യത്തിലൂടെ ഈജിപ്തിനെ ഭരിച്ചു. അടിയന്തരാവസ്ഥാ നിയമങ്ങൾ സ്ഥിരമായി തുടർന്നു, നവലിബറൽ സാമ്പത്തികനയങ്ങൾ ശക്തിപ്പെട്ടു, അതേസമയം ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ സാമൂഹ്യജീവിതത്തിൽ കൂടുതൽ സ്വാധീനം നേടി. 1991-ലെ ഗൾഫ് യുദ്ധകാലത്ത്, അമേരിക്കൻ സൈനിക ഇടപെടലിനെ എതിർത്തുകൊണ്ടും ഈ പ്രശ്നം അറബ് രാജ്യങ്ങൾക്കിടയിൽത്തന്നെ പരിഹരിക്കപ്പെടണമെന്ന് വാദിച്ചുകൊണ്ടും സആദാവി പരസ്യമായി രംഗത്തിറങ്ങി. ഈ നിലപാട് സർക്കാരിനെയും അമേരിക്കൻ താൽപ്പര്യങ്ങളെയും ചൊടിപ്പിച്ചു; അതേ വർഷംതന്നെ AWSA-യും അതിന്റെ “നൂൻ” മാസികയും സർക്കാർ ഉത്തരവിലൂടെ നിരോധിക്കപ്പെട്ടു, സംഘടനയുടെ ഫണ്ട് കണ്ടുകെട്ടപ്പെട്ടു. ഇതോടൊപ്പം, “ദ ഫാൾ ഓഫ് ദ ഇമാം” (1987) പോലുള്ള കൃതികൾ ഇസ്‌ലാമിക തീവ്രവാദ സംഘങ്ങളുടെ ഭീഷണികൾക്കും ഇടയാക്കി; അവരുടെ പേര് ഒരു വധപ്പട്ടികയിൽ ഉൾപ്പെട്ടതായി അറിഞ്ഞു. സുരക്ഷാ കാരണങ്ങളാൽ വീടിനുപുറത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയെങ്കിലും, സ്വന്തം ജീവനുതന്നെ ഭീഷണിയാണെന്ന് ബോധ്യപ്പെട്ട സആദാവി 1993-ൽ ഭർത്താവിനൊപ്പം ഈജിപ്ത് വിട്ടു. മതനിന്ദയുടെ പേരിൽ നിയമനടപടികൾ നേരിടേണ്ടിവന്നിട്ടും, അമേരിക്കയിലെ ഡ്യൂക്ക് സർവകലാശാലയിലും വാഷിംഗ്ടൺ സ്റ്റേറ്റ് സർവകലാശാലയിലും അധ്യാപികയായി മൂന്നു വർഷത്തിലധികം പ്രവാസജീവിതം നയിച്ച ശേഷം, 1996-ൽ അവർ ഈജിപ്തിലേക്കു തിരിച്ചെത്തി.

തിരിച്ചുവരവും തുടർച്ചയായ ചെറുത്തുനിൽപ്പും

ഈജിപ്തിൽ തിരിച്ചെത്തിയശേഷം സആദാവി തന്റെ ആക്ടിവിസം തുടർന്നു. ചേലാകർമ്മത്തിനെതിരെയും സ്കൂളുകളിലെ മതബോധനത്തിനെതിരെയും ശബ്ദമുയർത്തി. 2004-ൽ മുബാറക്കിനെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അവർ പ്രഖ്യാപനം നടത്തി. യാഥാർത്ഥ്യബോധത്തോടെ പിന്നീട് പിൻവലിച്ചെങ്കിലും, അത് മുബാറക് ഭരണത്തിന്റെ ജനാധിപത്യരാഹിത്യത്തിനെതിരായ ഒരു പ്രതീകാത്മക വെല്ലുവിളിയായിരുന്നു. 2009-ൽ “ഗ്ലോബൽ സോളിഡാരിറ്റി ഫോർ സെക്യുലർ സൊസൈറ്റി”യുടെ ഈജിപ്ഷ്യൻ ശാഖ അവർ സ്ഥാപിച്ചു. 2011-ൽ, എൺപതാം വയസ്സിനടുത്ത്, തഹ്‌രീർ സ്ക്വയറിൽ മുബാറക്കിനെ അധികാരഭ്രഷ്ടനാക്കിയ ആ വിപ്ലവത്തിൽ പ്രക്ഷോഭകർക്കൊപ്പം അവർ നിലയുറപ്പിച്ചു. എന്നാൽ വിപ്ലവാനന്തരം അധികാരത്തിലെത്തിയ മുസ്‌ലിം ബ്രദർഹുഡ് സർക്കാരിനെയും പിന്നീട് അൽ-സീസിയുടെ സൈനിക ഭരണത്തെയും അവർ ഒരുപോലെ വിമർശിച്ചു. മതാധിഷ്ഠിത അധികാരവും സൈനിക സ്വേച്ഛാധിപത്യവും ഒരേ പുരുഷാധിപത്യ-അധികാരഘടനയുടെ രണ്ടു മുഖങ്ങൾ മാത്രമാണെന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട്.

ഫെമിനിസം, കോളനിവാഴ്ച, മുതലാളിത്തം, കമ്യൂണിസം: സആദാവിയുടെ ചിന്താലോകം

സആദാവിയുടെ ഫെമിനിസം ഒരിക്കലും ഒറ്റപ്പെട്ട ഒരു ആശയമായിരുന്നില്ല. പുരുഷാധിപത്യം, മതമൗലികവാദം, കോളനിവാഴ്ച, മുതലാളിത്തം എന്നിവയെല്ലാം പരസ്പരം കെട്ടുപിണഞ്ഞ ഒരൊറ്റ അധികാരവ്യവസ്ഥയാണെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. ബ്രിട്ടീഷ് കോളനിവാഴ്ച ഈജിപ്തിനെ സാമ്പത്തികമായി ചൂഷണം ചെയ്യുക മാത്രമല്ല ചെയ്തതെന്നും, നാട്ടിലെ പുരുഷാധിപത്യ വരേണ്യവർഗവുമായി ഒത്തുതീർപ്പിലേർപ്പെട്ട് സ്ത്രീകളെ ഇരട്ടി കീഴടക്കിയെന്നും അവർ വാദിച്ചു. കോളനിവാഴ്ചയും പുരുഷാധിപത്യവും ചേർന്ന ഈ “ഇരട്ട അധിനിവേശം” അവരുടെ എഴുത്തിലുടനീളം കാണാം. അതേസമയം, മുതലാളിത്തത്തെയും അവർ വിമർശനവിധേയമാക്കി. പ്രത്യേകിച്ച് അതിന്റെ ആഗോളവൽക്കരിക്കപ്പെട്ട സൗന്ദര്യവ്യവസായത്തെയും സ്ത്രീശരീരത്തെ ചരക്കാക്കി മാറ്റുന്ന രീതികളെയും. ഹിജാബ് ധരിക്കാനുള്ള മതപരമായ നിർബന്ധത്തെയും, പാശ്ചാത്യ ഫാഷൻ വ്യവസായത്തിന്റെ സൗന്ദര്യമാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്ന അതേ യുക്തിയുടെ മറ്റൊരു രൂപമായാണ് അവർ കണ്ടത് . രണ്ടും സ്ത്രീശരീരത്തിന്മേലുള്ള ബാഹ്യനിയന്ത്രണങ്ങൾ തന്നെ.

കമ്യൂണിസത്തോടും മാർക്സിസ്റ്റ് ചിന്തയോടും സആദാവിക്ക് അടുപ്പമുണ്ടായിരുന്നു. മൂന്നാമത്തെ ഭർത്താവായ ഷെരീഫ് ഹത്താത്ത, കമ്യൂണിസ്റ്റ് പ്രവർത്തനത്തിന്റെ പേരിൽ പതിമൂന്നു വർഷം ഈജിപ്ഷ്യൻ ജയിലുകളിൽ കഴിഞ്ഞ ആളായിരുന്നു, അദ്ദേഹമാണ് അവരുടെ പല കൃതികളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. വർഗചൂഷണവും ലിംഗചൂഷണവും വേർതിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന മാർക്സിസ്റ്റ് ഉൾക്കാഴ്ച അവർ പങ്കുവെച്ചു. എന്നാൽ യാഥാസ്ഥിതിക ഇടതുപക്ഷ പാർട്ടിരാഷ്ട്രീയത്തോട് അവർക്ക് ഒരു വിമർശനാത്മക അകലവുമുണ്ടായിരുന്നു. വർഗ്ഗവിശകലനം മാത്രം മതിയാവില്ലെന്നും, ലിംഗാധിഷ്ഠിത അധികാരഘടനകളെ പ്രത്യേകമായി അഭിസംബോധന ചെയ്യാതെ ഒരു വിപ്ലവവും സ്ത്രീകളെ യഥാർത്ഥത്തിൽ മോചിപ്പിക്കില്ലെന്നും അവർ ഉറച്ചു വിശ്വസിച്ചു. മുതലാളിത്തമോ കമ്യൂണിസമോ മതമൗലികവാദമോ ഒറ്റയ്ക്ക് ഒരു പരിഹാരമല്ലെന്നും, വർഗ്ഗവിശകലനത്തെയും ലിംഗവിശകലനത്തെയും സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തെയും കൂട്ടിയിണക്കുന്ന ഒരു സമഗ്രവീക്ഷണമാണ് വേണ്ടതെന്നും അവർ വാദിച്ചു. “ആഗോള ഫെമിനിസം” എന്ന് അവർ സ്വയം വിശേഷിപ്പിച്ച ഈ നിലപാട്, സാമ്പത്തിക-രാഷ്ട്രീയ ഘടനകളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ഒരു പാശ്ചാത്യ ലിബറൽ ഫെമിനിസത്തിനെതിരായ വിമർശനം കൂടിയായിരുന്നു.

Memoir from the Women’s Prison (1986) : ജയിലിനുള്ളിലെ ജീവിതം

മോചിതയായതിനുശേഷം അറബിയിൽ എഴുതി 1983-ൽ പ്രസിദ്ധീകരിച്ച ഈ ഓർമക്കുറിപ്പ്, 1986-ൽ മെറിലിൻ ബൂത്തിന്റെ വിവർത്തനത്തിലൂടെയാണ് ഇംഗ്ലീഷ് വായനക്കാരിലെത്തിയത്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ വീട്ടുവാതിൽക്കൽ മുട്ടുന്നിടത്തുനിന്നാണ് പുസ്തകം തുടങ്ങുന്നത്. പിന്നീട് ജയിലിനുള്ളിലെ ജീവിതത്തിന്റെ വിശദവും അസംസ്കൃതവുമായ ചിത്രം. പഴകിയ മൂത്രത്തിന്റെ ഗന്ധം വമിക്കുന്ന റബ്ബർ മെത്തയിൽ, കാക്കപ്പൂച്ചകളും എലികളും മാത്രം ചലിക്കുന്ന ഒരു അറയിൽ, സ്വന്തം ബാഗ് തലയിണയാക്കി കിടക്കുന്ന സആദാവിയെ നാം കാണുന്നു. “സമയവും ചുവരും ഒന്നായി ലയിച്ചിരിക്കുന്നു” എന്ന അവരുടെ വാക്കുകൾ ആ ശ്വാസംമുട്ടിക്കുന്ന അനുഭവത്തെ കൃത്യമായി പിടിച്ചെടുക്കുന്നു.

എന്നാൽ ഈ പുസ്തകം കേവലം കഷ്ടപ്പാടിന്റെ വിവരണമല്ല. ജയിലിനുള്ളിൽ രൂപപ്പെട്ട സ്ത്രീസൗഹൃദമാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. മതേതര ചിന്തകരും ഇസ്‌ലാമിക പുനരുത്ഥാനവാദികളും ഒരേ ഇടുങ്ങിയ സെല്ലിൽ കഴിയേണ്ടിവന്നപ്പോൾ, തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് അവർ പരസ്പരം സഹായിക്കുകയും മെച്ചപ്പെട്ട സാഹചര്യങ്ങൾക്കുവേണ്ടി ഒരുമിച്ചു നിലകൊള്ളുകയും ചെയ്ത നിമിഷങ്ങൾ സആദാവി വിശദമായി എഴുതിവെക്കുന്നു. ഒപ്പം, രാഷ്ട്രീയത്തടവുകാരികൾക്കൊപ്പം കഴിഞ്ഞ സാധാരണ കുറ്റവാളികളായ സ്ത്രീകളുടെ കഥകളും അവർ പറയുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയ ഫതിയ്യയെപ്പോലുള്ളവരുടെ ജീവിതത്തിലൂടെ, ഈജിപ്തിലെ പുരുഷാധിപത്യസമൂഹം സ്ത്രീകളെ എത്ര ക്രൂരമായാണ് ഇരകളാക്കുന്നതെന്ന് അവർ കാണിച്ചുതരുന്നു. രാഷ്ട്രീയത്തടവുകാരിയെന്ന തന്റെ പദവിക്കപ്പുറം, ഈ പുറന്തള്ളപ്പെട്ട സ്ത്രീകളോടും സആദാവി ഐക്യദാർഢ്യം കാണിക്കുന്നു.

ജയിലിനു പുറത്തും അതേ ചുവരുകൾ

സആദാവിയുടെ എഴുത്തിലെ ഏറ്റവും മൂർച്ചയേറിയ നിരീക്ഷണം, ജയിലും പുറംലോകവും തമ്മിലുള്ള അതിർത്തി അത്ര വ്യക്തമല്ല എന്നതാണ്. ഒരു പോലീസ് രാഷ്ട്രത്തിൽ ഓരോ പൗരനും ഏതു നിമിഷവും തടവുകാരനാവാമെന്നും, അനുവദനീയമായ അളവിലുള്ള സ്വാതന്ത്ര്യം മാത്രം ഇറ്റുവീഴാൻ അനുവദിക്കുന്ന ചുവരുകൾക്കുള്ളിൽ ചുവരുകൾ പണിതാണ് സമൂഹത്തെതന്നെ സംഘടിപ്പിച്ചിരിക്കുന്നതെന്നും അവർ വെളിപ്പെടുത്തുന്നു. ഇക്കാരണത്താൽ, ഈ ജയിൽ ഓർമക്കുറിപ്പ് സ്ത്രീകൾക്കുമേലുള്ള ഗാർഹികവും സാമൂഹികവുമായ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ഒരു വിശാലമായ പഠനം കൂടിയായി മാറുന്നു. മതിലുകൾക്കുള്ളിലെ ജീവിതം, മതിലുകൾക്കു പുറത്തുള്ള സ്ത്രീജീവിതത്തിന്റെ കടുപ്പിച്ച രൂപം മാത്രമാണെന്ന് അവർ പറയാതെ പറയുന്നു. “വെറുപ്പിന്റെ പാരമ്യംവരെ അടിച്ചമർത്തലിനെ വെറുത്തവർക്കും, മരണംവരെ സ്വാതന്ത്ര്യത്തെ സ്നേഹിച്ചവർക്കും” എന്നാണ് അവർ ഈ പുസ്തകം സമർപ്പിച്ചത്.

എന്തുകൊണ്ട് ഈ പുസ്തകം ഇന്നും വായിക്കപ്പെടണം

നാസറിന്റെയും സാദത്തിന്റെയും ഭരണകാലങ്ങളിൽ ജയിലിലടയ്ക്കപ്പെട്ട നിരവധി ബുദ്ധിജീവികൾ തങ്ങളുടെ അനുഭവങ്ങൾ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ അതിൽ ഏറെയും പുരുഷന്മാരുടെ കാഴ്ചപ്പെടിലൂടെയാണ്. ഒരു സ്ത്രീ, സ്ത്രീയുടെ കണ്ണിലൂടെ, ജയിലിലെ സ്ത്രീസമൂഹത്തെക്കുറിച്ചെഴുതിയ അപൂർവ്വം കൃതികളിലൊന്നാണ് ഇത്. റിഗോബർത്ത മെഞ്ചുവിനോടും നദീൻ ഗോർദിമറിനോടും താരതമ്യം ചെയ്യപ്പെടാറുള്ള സആദാവിയുടെ ഈ കൃതി, രാഷ്ട്രീയാടിച്ചമർത്തലിനെയും ബൗദ്ധികസ്വാതന്ത്ര്യത്തെയും വ്യക്തിഗരിമയെയും കുറിച്ചുള്ള ചോദ്യങ്ങൾ ഇന്നും ചോദിക്കുന്നു.

എന്നാൽ ഈ കൃതി വൈരുദ്ധ്യങ്ങളില്ലാത്തതല്ല. ഇസ്രായേലുമായുള്ള സാദത്തിന്റെ സമാധാനനയത്തെ എതിർത്തിരുന്ന സആദാവി, ദേശീയ ഐക്യത്തിനുവേണ്ടിയുള്ള സഖ്യകക്ഷികളായി ഇസ്‌ലാമിക തീവ്രവാദികളെപ്പോലും കണ്ട നിമിഷങ്ങളുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഇടതുപക്ഷ ദേശീയതയും ഫെമിനിസവും തമ്മിലുള്ള ഈ കുഴഞ്ഞുമറിഞ്ഞ ബന്ധം, അക്കാലത്തെ അറബ് ബുദ്ധിജീവിസമൂഹത്തിലെ സങ്കീർണ്ണതകളെക്കൂടി കാണിച്ചുതരുന്നു.

നവാൽ എൽ സആദാവിയുടെ “മെമ്വാർസ് ഫ്രം ദ വിമൻസ് പ്രിസൺ” ഒരു ആത്മകഥ എന്നതിലുപരി  കൊളോണിയൽ ഈജിപ്തിൽ ജനിച്ച്, നാസറിന്റെ ദേശീയസോഷ്യലിസത്തിലൂടെയും സാദത്തിന്റെ വിപണിതുറന്നിടലിലൂടെയും മുബാറക്കിന്റെ ദീർഘസ്വേച്ഛാധിപത്യത്തിലൂടെയും 2011-ലെ വിപ്ലവത്തിലൂടെയും കടന്നുപോയ ഒരു ജീവിതത്തിന്റെ സാക്ഷ്യമാണ്. ഭരണകൂടവും പുരുഷാധിപത്യവും കോളനിവാഴ്ചയും മുതലാളിത്തവും ചേർന്ന് സ്ത്രീശരീരത്തെയും സ്ത്രീബുദ്ധിയെയും എങ്ങനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു എന്നതിന്റെയും, ആ നിയന്ത്രണങ്ങൾക്കിടയിലും സ്ത്രീകൾ എങ്ങനെ പരസ്പരം കൈപിടിച്ച് സംഘടിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു എന്നതിന്റെയും സാക്ഷ്യം. 2021 മാർച്ചിൽ, തൊണ്ണൂറാം വയസ്സിനടുത്ത് കൈറോയിൽ അന്തരിച്ച സആദാവി, എഴുത്തിനെ ഒരു അപകടകരമായ പ്രവൃത്തിയായാണ് കണ്ടത്: “തൂലിക കയ്യിലെടുത്ത നിമിഷം മുതൽ അപകടം എന്റെ ജീവിതത്തിന്റെ ഭാഗമായി; നുണ പറയുന്ന ഒരു ലോകത്ത് സത്യത്തെക്കാൾ അപകടകരമായി മറ്റൊന്നുമില്ല” എന്ന് അവർ എഴുതി. ആ അപകടത്തെ ഭയക്കാതെയാണ് അവർ തടവറയ്ക്കുള്ളിലും പുറത്തും തന്റെ ശബ്ദം കാത്തുസൂക്ഷിച്ചത്.

ഹൃദ്യ ദിവാകരൻ

Hot this week

നിറങ്ങൾ തൻ നൃത്തം :ക്ലോഡ് മൊനെ 

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി 'നിറങ്ങൾ തൻ നൃത്തം ' ചിത്രകലയുടെ കളിതൊട്ടിൽ...

വ്യത്യസ്തമുന്നതം ഗ്രന്ഥം :കേരളത്തിൻ്റെ ദർപ്പണം

  ഓരോ പ്രഭാതത്തോടുമൊപ്പം വന്നുചേരുന്ന മാധ്യമവാർത്തകൾ വിശ്വവിജ്ഞാനകോശസമം തന്നെ. ഈ പ്രപഞ്ചത്തിൻ്റെ ഏതു...

ഫിദൽ – ചെ: വിമോചനത്തിന്റെ വഴിയിൽ കാത്തുവച്ച സൗഹൃദം

മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം....

പ്രകൃതിയുടെ വിസ്മയങ്ങൾ – തൂക്കണാംകുരുവി

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

Topics

നിറങ്ങൾ തൻ നൃത്തം :ക്ലോഡ് മൊനെ 

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി 'നിറങ്ങൾ തൻ നൃത്തം ' ചിത്രകലയുടെ കളിതൊട്ടിൽ...

വ്യത്യസ്തമുന്നതം ഗ്രന്ഥം :കേരളത്തിൻ്റെ ദർപ്പണം

  ഓരോ പ്രഭാതത്തോടുമൊപ്പം വന്നുചേരുന്ന മാധ്യമവാർത്തകൾ വിശ്വവിജ്ഞാനകോശസമം തന്നെ. ഈ പ്രപഞ്ചത്തിൻ്റെ ഏതു...

ഫിദൽ – ചെ: വിമോചനത്തിന്റെ വഴിയിൽ കാത്തുവച്ച സൗഹൃദം

മനുഷ്യ വിമോചനത്തിനുള്ള പോരാട്ടങ്ങൾക്ക്, കാലമിത്രയും വിളിച്ച മുദ്രാവാക്യങ്ങൾക്ക് കൂട്ടിരുന്ന സമര സഖാത്വം....

പ്രകൃതിയുടെ വിസ്മയങ്ങൾ – തൂക്കണാംകുരുവി

Baya weaver എന്ന തൂക്കണാം കുരുവി (Ploceus philippinus). ആറ്റകുരുവി, കൂരിയാറ്റ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം...

എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു....

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...
spot_img

Related Articles

Popular Categories

spot_imgspot_img