
18-ാം നൂറ്റാണ്ടിലെ സ്വീഡിഷ് സസ്യശാസ്ത്രജ്ഞനായ Carl Linnaeus (1707–1778), 200-ലധികം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ‘കൊമ്മെലിന’ (Commelina) എന്ന ജനുസ്സിന് ആ പേരിട്ടത് സസ്യശാസ്ത്രരംഗത്തു പ്രശസ്തി നേടിയ രണ്ടു ഡച്ചു സസ്യശാസ്ത്രജ്ഞരെ സ്മരിക്കാനാണ്: Jan Commelijn നും അദ്ദേഹത്തിന്റെ സഹോദരപുത്രനായ Caspar Commelijn നും. ഈ പൂവിലെ രണ്ടു വലിയ ദളങ്ങളെ അവരുടെ ഓർമ്മയുണർത്തുന്നവയായി അദ്ദേഹം സങ്കല്പിച്ചു.

എന്റെ ചിത്രത്തിൽ കാണുന്ന കൊമ്മെലിന ജനുസ്സിൽപ്പെട്ട ഒരു സസ്യമാണ് Bengal dayflower, tropical spiderwort, Wandering Jew എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കാനവാഴ അഥവാ അടുക്കവെറ്റില (Commelina benghalensis). ഈ സസ്യത്തെയും ആദ്യമായി രേഖപ്പെടുത്തിയത്. Carl Linnaeus തന്നെയാണ്. വളരെ വേഗത്തിൽ പടർന്നുപിടിക്കാനും, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും ഇതിനുള്ള കഴിവു കാരണം ഇതിന് ‘അലഞ്ഞുതിരിയുന്ന ജൂതൻ’ (Wandering Jew ) എന്ന പേരു ലഭിച്ചു. കുരിശുമരണത്തിലേക്ക് നയിക്കപ്പെടുന്ന വഴിയിൽ യേശുവിനെ പരിഹസിച്ച ഒരു ജൂതൻ, എന്നെന്നേക്കുമായി അലഞ്ഞുതിരിയാൻ ശപിക്കപ്പെട്ടു എന്ന പഴയ യൂറോപ്യൻ ക്രിസ്തീയ ഐതിഹ്യവുമായി ഈ നാമകരണത്തിനു ബന്ധമുണ്ട്.
ചിലയിടങ്ങളിൽ ഇതൊരു ഉപയോഗശൂന്യമായ കളയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഏഷ്യയുടെയും ആഫ്രിക്കയുടെയും പല ഭാഗങ്ങളിലും ആളുകൾ ഇതിനെ ഒരു ഇലക്കറിയായും കന്നുകാലികൾക്കുള്ള തീറ്റയായും, പ്രകൃതിദത്തമായ ചായം നിർമ്മിക്കാനുള്ള വസ്തുവായും ഉപയോഗിക്കുന്നുണ്ട്. ചൈനയിൽ, മൂത്രവർദ്ധകമായും (diuretic), പനി കുറയ്ക്കാനും (febrifuge), വീക്കം തടയുന്നതിനും (anti-inflammatory) ഇതുപയോഗിക്കുന്നു. പാകിസ്ഥാനിൽ, മലബന്ധം അകറ്റാനും, ത്വക്ക് രോഗങ്ങൾ, കുഷ്ഠരോഗം എന്നിവ ഭേദമാക്കാനും ഇതുപയോഗിക്കുന്നു. നേപ്പാളിൽ, പൊള്ളലേറ്റ ഭാഗങ്ങളിൽ പുരട്ടാൻ ഈ ചെടി അരച്ചെടുത്ത മിശ്രിതവും, ദഹനക്കേട് മാറ്റാൻ ഇതിന്റെ വേരിൽ നിന്നെടുത്ത നീരും ഉപയോഗിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, ഒറീസ്സ പ്രവിശ്യകളിൽ ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ, 1943-ലെ മനുഷ്യനിർമ്മിതമായ ബംഗാൾ ക്ഷാമ കാലത്ത്, ഇന്ത്യയിൽ ഇതൊരു ക്ഷാമകാലഭക്ഷണമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്.




