
“തോക്കുപുരകൾ നിർമ്മിക്കാനും തൂക്കുമരങ്ങൾ ഉണ്ടാക്കാനും കമ്പിയഴികൂടുകളുടെ വ്യാസം ചുരുക്കി പഞ്ചതന്ത്രം കഥകൾ മെനയാനും
ഭരണകൂടത്തിന് കഴിഞ്ഞെന്നുവരും.
എന്നാൽ പെറ്റു വീണ ചിന്തയ്ക്ക് ഒരു പുൽക്കൊടി തടയിടാൻ പോലും
ആകാശമുള്ളിടത്തോളം ആർക്കും സാധ്യമല്ല.”
1975-ൽ “ഇന്ത്യൻ തടവറയിൽ
അഞ്ചു വർഷങ്ങൾ ” എന്ന
മേരി ടെയ്ലറുടെ ജീവിത കഥയിലെ
അഗ്നി സമാനമായ
വരികളാണിത്.
ആ വാക്കുകളെ ഓർമ്മപ്പെടുത്തി
ഇന്ത്യൻ യുവത്വം വിണ്ടുമിവിടെ
ഉയർത്തെഴുന്നേൽക്കുന്നു.
അതാണ് ജന്തർ മന്ദിറിൽ
ഇപ്പോൾ നാം കാണുന്നത്.
നാണം കുണുങ്ങികളും
നമ്രശിരസ്കരുമായ
കുലസ്ത്രീകളെ
സ്വപ്നം കണ്ടു നടക്കുന്ന
ആർഷഭാരതീയ
സദാചാരികളുടെ
മുന്നിൽ തലയുയർത്തിയും
കൈ ചുരുട്ടിയും
കരൾ തുടിച്ചും
ജനാധിപത്യ
ധ്വംസനത്നെതിരേ
രോഷ കൊടുങ്കാറ്റായി മാറിയ പെൺപുലികളെ കണ്ടപ്പോൾ
സത്യത്തിൽ അഭിമാനം തോന്നി.
സഖി, ശരണ്യ, ഗോപിക,
നേഹ ബോറ,ഐഷി ഘോഷ്,
പവിത്ര തുടങ്ങിയ
പേരുകൾ ഭരണസിരാകേന്ദ്രങ്ങളിൽ
അലയടിക്കുകയാണ്.
ഇന്ത്യയെന്ന ബഹുസ്വര
ജനാധിപത്യത്തെ
ഹിന്ദുവെന്ന ഏക
സ്വരാധിപത്യമാക്കി
മാറ്റുന്ന ഭരണകൂട
നെറികേടിൽ നിശബ്ദമായിരിക്കാനവർക്കാവില്ല.
കാരണം ആത്മാഭിമാനമുള്ള
കുട്ടികളാണവർ.
മാതൃത്ത്വത്തിന്റെ മഹത്വം പറഞ്ഞോ
മാനത്തിന് വിലയിട്ടോ
അകത്തളങ്ങളിൽ
അടയിരിക്കുന്നവരല്ലവർ.
കുമ്പിട്ടും കുറിയിട്ടും
കുരിശു വരച്ചും ആരധാനാലയങ്ങളിൽ
മുട്ടിലിഴഞ്ഞ് രക്ഷ യാചിക്കുന്നവരുമല്ല.
വസ്ത്രാലങ്കാരങ്ങളിലും ആഭരണ തിളക്കങ്ങളിലും അടിപൊളി
ജീവിതങ്ങളിലും
അർത്ഥം കാണുന്നവരുമല്ല.
ജ്വലിക്കുന്ന മാനവികതയും
ഉറപ്പുള്ള നിലപാടുകളുമാണവരുടെ മുഖമുദ്രകൾ .
അതിനായുള്ള അടങ്ങാത്ത പോരാട്ടമാണവരുടെ
പ്രാർത്ഥനകൾ .
നിശിതമായ ചോദ്യങ്ങളും
നിർഭയമായ
സാന്നിധ്യവുമാണവരുടെ
അലങ്കാരങ്ങൾ.
ഭരണ നിർവ്വഹണ
കേന്ദ്രങ്ങളിലവരെ
പരിഗണിക്കാത്ത
ആണധികാരികൾക്കു
പോലും തെരുവിലവർക്കൊപ്പം
കൈകോർത്തു നീങ്ങേണ്ടിവരുന്നു.
ആധുനിക
പൗരബോധ്യങ്ങളെ നേരിടാൻ ത്രാണിയില്ലാതെ ജീർണിച്ച പഴംപുരാണങ്ങളിൽ
അട്ടുകിടക്കുന്ന
ഭരണകൂട കീടങ്ങൾക്ക്
ഇന്ത്യൻ യുവതയുടെ
ചോദ്യങ്ങളെ ആശയം കൊണ്ട് നേരിടണമെങ്കിൽ
ആഴമുള്ള പഠനവും അതിലേറെ
ആർജ്ജവവും വേണം..
ആരാധാനാലയങ്ങളിലും
ആചാരങ്ങളിലും
അന്ധവിശ്വാസങ്ങളിലും
കെട്ടു പിണഞ്ഞു കിടക്കുന്ന
ഭ്രാന്തൻ ഭരണ സംവിധാനത്തിന്
പുതു തലമുറയുടെ ആഴവും ആവേഗവുമെന്തെന്ന്
തിരിച്ചറിയാനാകില്ല.
അതറിയണമെങ്കിൽ
ശാസ്ത്രീയമായ വീക്ഷണവും
യുക്തിഭദ്രമായ
ചിന്തയുമുണ്ടാകണം.
അതിന് തലക്കുള്ളിൽ
ഇത്തിരി വെളിച്ചമുണ്ടാകണം.
അതില്ലാത്തതു കൊണ്ടാണ്
വാക്കിനേ നേരിടാനവർ
വാളെടുക്കുന്നത്.
ഭർത്സിച്ചും ഭയപ്പെടുത്തിയും
ഭേദ്യം ചെയ്തും
ഈ സംഘശക്തിയേ
നേരിടാനാണ് ഭാവമെങ്കിൽ
അതിന് കൊടുക്കേണ്ടിവരുന്ന
വില കനത്തതായിരിക്കും.

ശശി കടപ്പൂര്




