
കേരളത്തെ മോശമായി ചിത്രീകരിക്കാൻ മുൻപെങ്ങുമില്ലാത്തവിധം സംഘപരിവാർ വിശ്വാസികൾ കൈവെയ്ക്കുന്നത് കേരളത്തിന്റെ ഭക്ഷണ ശീലങ്ങളിലേക്കാണ്. മത്സ്യവും മാംസവും ഭക്ഷിക്കുന്ന മലയാളികൾ ഇന്ത്യ മഹാരാജ്യത്തോട് കൊടിയ പാപം ചെയ്ത പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത്തരക്കാർ പ്രൊപ്പഗാണ്ട അടിച്ചിറക്കാൻ രാവെന്നോ പകലെന്നോ ഇല്ലാതെ തലകുത്തി നിൽക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഇടവഴികളിലൂടെ ഗതികിട്ടാതെ അലയുന്ന ഇത്തരക്കാർക്ക് ഹോട്ടലുകളുടെ മെനു ബോർഡുകളോടാണ് അമിത താല്പര്യം.
ലിറ്ററസി റേറ്റിൽ കേരളം മുന്നിൽ നിൽക്കുന്നു എന്ന യാഥാർഥ്യത്തെ പോലും അങ്ങേയറ്റം വിദ്വേഷവിചാരത്തോടെ മാത്രമാണ് ഉത്തരേന്ത്യക്കാർ സമീപിക്കുന്നത്. വിദ്യാഭ്യാസമുള്ള മലയാളികൾ സസ്യഭുക്കുകൾ ആയെ പറ്റുകയുള്ളു എന്നും അല്ലെങ്കിൽ നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെ ഞങ്ങൾ അംഗീകരിക്കുകയില്ല എന്നുമാണ് ഭീഷണികൾ. കേരളത്തിന്റെ ഹിസ്റ്ററിയും ജ്യോഗ്രഫിയും കൂടെ ചേർന്ന് വാർത്തെടുത്ത ഭക്ഷണ ശീലങ്ങൾ ഒരു മതത്തിന്റെയും വശം പിടിക്കലല്ല എന്ന സത്യം ഇവരെ പറഞ്ഞു മനസിലാക്കാൻ കുടം കമിഴ്ത്തി വെള്ളമൊഴിക്കുന്നത്രയും ക്ഷീണമുള്ളതാണ്.
കടലും കായലും വയറ് നിറച്ചപ്പോൾ

ഏകദേശം 590 കിലോമീറ്റർ നീളമുള്ള പടിഞ്ഞാറൻ തീരവും 44 നദികളും നിരവധി കായലുകളും ചേർന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. അതുകൊണ്ടുതന്നെ മത്സ്യസമ്പത്ത് കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിൽ നിർണായകമായ സ്ഥാനം വഹിക്കുന്നു. ഏത് തരം മീൻ ഏത് രീതിയിൽ പാകം ചെയ്യണമെന്ന ചിന്ത കൊണ്ടുള്ള ആധി മാത്രമാണ് മലയാളികൾക്ക് പലപ്പോഴും ബാക്കിയാകുന്നത്. കക്കയും ചിപ്പിയും ഞണ്ടും കൊഞ്ചും തുടങ്ങി വൈവിധ്യമാർന്ന കടൽവിഭവങ്ങൾ മലയാളികളുടെ ഭക്ഷണപ്പാത്രത്തിൽ പ്രോട്ടീന്റെ പ്രധാന സ്രോതസ്സുകളായി മാറി. പ്രാചീനകാലം മുതൽ അറബിക്കടലിലൂടെയുള്ള വ്യാപാരബന്ധങ്ങളും കേരളത്തിന്റെ ഭക്ഷണസംസ്കാരത്തെ സ്വാധീനിച്ചിട്ടുണ്ട്. അറബ്, പേർഷ്യൻ, പിന്നീട് യൂറോപ്യൻ വ്യാപാരികളുമായുള്ള സമ്പർക്കം പുതിയ രുചികളും പാചകരീതികളും ഭക്ഷണവിനിമയങ്ങളും കേരളത്തിലേക്ക് എത്തിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാറിലെത്തിയ പോർച്ചുഗീസ് സഞ്ചാരികളുടെ വിവരണങ്ങളിലും ഇവിടുത്തെ ഭക്ഷണശീലങ്ങളുടെ വൈവിധ്യം പ്രതിഫലിക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ മത്സ്യ-മാംസ ഭക്ഷണസംസ്കാരം വിദേശവ്യാപാരികളുടെ വരവോടെ മാത്രം രൂപപ്പെട്ടതല്ല; അതിന് തദ്ദേശീയമായ ദീർഘമായ ചരിത്രമുണ്ട്.
സസ്യേതര നാടൻ ദൈവങ്ങൾ
ഭൂമിശാസ്ത്രവും സമുദ്രവ്യാപാരവും മലയാളികളുടെ ഭക്ഷണശീലങ്ങളെ സ്വാധീനിച്ചതുപോലെ തന്നെ തദ്ദേശീയ ആരാധനാപാരമ്പര്യങ്ങളും അവയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ തെയ്യക്കോലങ്ങളും കാവുകളും മതവിശ്വാസങ്ങൾക്കപ്പുറം ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമാണ്. ദ്രാവിഡ പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി ആരാധനാരീതികളിൽ മത്സ്യവും മാംസവും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾക്കും ആചാരപരമായ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ മധ്യകാല കേരളത്തിൽ ബ്രാഹ്മണാധിപത്യവും ക്ഷേത്രകേന്ദ്രിതമായ സാമൂഹിക അധികാരവും ശക്തിപ്പെട്ടതോടെ ശുദ്ധി–അശുദ്ധി സങ്കൽപ്പങ്ങൾ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറി. മത്സ്യവും മാംസവും ദൈവീകമല്ലെന്നും അശുദ്ധമാണെന്നും അവർ സ്ഥാപിച്ചു. ഇത്തരം സങ്കൽപ്പങ്ങൾക്ക് കീഴടങ്ങാതെ തദ്ദേശീയ ആരാധനാരീതികൾ പലതും തനതായ ആചാരങ്ങളും ഭക്ഷണക്രമങ്ങളും നിലനിർത്തി. കാവുകളിലെ ആരാധനകളും മാംസാഹാരവുമായി ബന്ധപ്പെട്ട വഴിപാടുകളും അതിന്റെ ഉദാഹരണങ്ങളാണ്. അങ്ങനെ കേരളത്തിന്റെ ഭക്ഷണസംസ്കാരത്തിൽ മതപരമായ ഏകശിലാത്മകതയ്ക്ക് പകരം വൈവിധ്യവും തദ്ദേശീയതയും നിലനിന്നു.

വടക്കൻ കേരളത്തിൽ തെയ്യക്കോലമായും ആരാധിക്കപ്പെടുന്ന പ്രധാന ദൈവസങ്കൽപ്പങ്ങളിലൊന്നാണ് മുത്തപ്പൻ. മറ്റ് പല ക്ഷേത്രാരാധനാ സമ്പ്രദായങ്ങളിൽനിന്നും വ്യത്യസ്തമായി മുത്തപ്പൻ ആരാധനയിൽ പ്രാദേശിക ജീവിതരീതികളുമായി ബന്ധപ്പെട്ട വഴിപാടുകൾക്കും ആചാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അതിൽ മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നീ അഞ്ച് ഘടകങ്ങൾ ഉൾപ്പെടുന്ന പഞ്ചമകാര സങ്കൽപ്പത്തിന് സവിശേഷ സ്ഥാനമുണ്ട്. ഇതിലെ മദ്യം, മാംസം, മത്സ്യം എന്നീ ഘടകങ്ങളോട് ചേർന്നുനിൽക്കുന്ന വഴിപാടുകൾ മുത്തപ്പൻ ആരാധനയിലും കാണാം. കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിൽ ചുട്ട മീനും കള്ളും വഴിപാടായി സമർപ്പിക്കുന്നത് ഈ സവിശേഷമായ ആരാധനാപാരമ്പര്യത്തിന്റെ ഭാഗമാണ്. സാധാരണ ക്ഷേത്രസങ്കൽപ്പങ്ങളിൽനിന്ന് വ്യത്യസ്തമായി കാവുകളുമായും മഠപ്പുരകളുമായും ബന്ധപ്പെട്ടാണ് മുത്തപ്പൻ ആരാധനയുടെ വളർച്ച. വേട്ടയാടുന്ന മനുഷ്യരുടെയും മത്സ്യത്തൊഴിലാളികളുടെയും കാർഷിക തൊഴിലാളികളുടെയും ജീവിതവുമായി ചേർന്നുനിൽക്കുന്ന ദൈവസങ്കൽപ്പമായാണ് മുത്തപ്പനെ പലരും കാണുന്നത്. അവരുടെ ദൈനംദിന ജീവിതത്തോടും ഭക്ഷണക്രമത്തോടും ചേർന്നുനിൽക്കുന്ന വഴിപാടുകൾ ഈ ആരാധനയുടെ തദ്ദേശീയ സ്വഭാവം വ്യക്തമാക്കുന്നു. ജാതിവ്യവസ്ഥ മുന്നോട്ടുവെക്കുന്ന ശുദ്ധി–അശുദ്ധി സങ്കൽപ്പങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു ആരാധനാലോകത്തെയാണ് ഇത്തരം പാരമ്പര്യങ്ങൾ പ്രതിനിധീകരിക്കുന്നത്. ഗുളികൻ, കതിരന്നൂർ വീരൻ, ചാത്തൻ തുടങ്ങിയ തദ്ദേശീയ ദൈവസങ്കൽപ്പങ്ങളും കേരളത്തിന്റെ ഈ വൈവിധ്യമാർന്ന ആരാധനാ-സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമാണ്.
തൊഴിലാളികളുടെ ഭക്ഷണം
സംഘകാല സാഹിത്യത്തിൽ പരാമർശിക്കപ്പെടുന്ന പാണന്മാരെപ്പോലുള്ള സഞ്ചാരികളും കലാകാരന്മാരും വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. യാത്രകളിൽ ലഭ്യമായ ഭക്ഷണം സ്വീകരിച്ചും തൊഴിലിനുള്ള പ്രതിഫലമായി ലഭിച്ചിരുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുമായിരുന്നു പലപ്പോഴും അവരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്. അതത് പ്രദേശങ്ങളിൽ ലഭ്യമായ ഭക്ഷണവിഭവങ്ങളുമായി അവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ചരിത്രപരമായി കേരളത്തിലെ ജാതിവ്യവസ്ഥ ശക്തിപ്പെട്ടതോടെ ഭക്ഷണത്തിന്റെ ലഭ്യതയിലും ഭക്ഷണരീതികളിലും സാമൂഹിക നിയന്ത്രണങ്ങൾ നിലനിന്നു. ഭൂമിയുടെയും ഭക്ഷ്യസ്രോതസ്സുകളുടെയും മേൽക്കോയ്മ കൈവശംവെച്ചിരുന്ന വിഭാഗങ്ങൾക്കിടയിൽനിന്ന് വിഭവങ്ങൾ ലഭിക്കാതെ വന്ന തൊഴിലാളിവർഗം ഉപജീവനത്തിനായി പ്രാദേശികമായി ലഭ്യമായ ഭക്ഷണങ്ങളെ ആശ്രയിച്ചു. കന്നുകാലികളുടെ മാംസം ഉൾപ്പെടെയുള്ള വിഭവങ്ങൾ ചില സമൂഹങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമായി മാറിയതും ഈ സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതാണ്. ഇന്ന് കേരളത്തിന്റെ തനതായ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായി കാണുന്ന എല്ലും കപ്പയും പോലുള്ള വിഭവങ്ങളുടെ ചരിത്രത്തിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങളും പ്രാദേശിക ഭക്ഷ്യലഭ്യതയും പരിശോധിക്കേണ്ടതുണ്ട്. ഭക്ഷണം പലപ്പോഴും രുചിയുടെ തിരഞ്ഞെടുപ്പിനേക്കാൾ ഉപരിയായി അതിജീവനത്തിന്റെ ആവശ്യകത കൂടിയായിരുന്നു.
ഭക്ഷണം നിലനിൽപ്പിന്റെയും വിശപ്പിന്റെയും ഉപാധിയാണ്. അതേസമയം, ഒരു നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും സാമൂഹിക ബന്ധങ്ങളെയും പ്രതിനിധീകരിക്കുന്ന ഒന്നുകൂടിയാണ് ഭക്ഷണം. അതിന് ഒരു മതത്തിന്റെ പരിവേഷം ചാർത്തിക്കൊടുത്ത് വിഭജനത്തിന്റെ വിത്തുകൾ പാകുമ്പോൾ ഭക്ഷണത്തിന്റെ അടിസ്ഥാനപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മൾ മറന്നുപോകരുത്. ഒരാൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മറ്റൊരാൾക്കല്ല. കേരളത്തിന്റെ ഭക്ഷണസംസ്കാരം ഒരു മതത്തിന്റെയോ ജാതിയുടെയോ മാത്രം സംഭാവനയല്ല; അത് പല കാലഘട്ടങ്ങളിലൂടെയും സമൂഹങ്ങളിലൂടെയും രൂപപ്പെട്ട വൈവിധ്യമാർന്ന ചരിത്രത്തിന്റെ അടയാളമാണ്. ആ വൈവിധ്യത്തെ സംരക്ഷിക്കുകയും ഭക്ഷണത്തെ ഭക്ഷണമായി കാണുകയും ചെയ്യുക എന്നതാണ് നാം ഉയർത്തിപ്പിടിക്കേണ്ട രാഷ്ട്രീയം.




