
പൊതുവായ ചെലവുകൾ നേരിടുന്നതിനാവശ്യമായ പിടുത്തങ്ങൾ നടത്തിയതിന് ശേഷം തൊഴിലാളികൾ നൽകിയ അധ്വാനത്തിന്റെ അളവിനനുസരിച്ച് തൊഴിൽ സാക്ഷ്യപത്രങ്ങളുടെ രൂപത്തിൽ എല്ലാ സാമൂഹിക ഉൽപ്പന്നങ്ങളും മുഴുവൻ സമൂഹത്തിനും വിതരണം ചെയ്യണമെന്ന് മാർക്സും ഏംഗത്സും നിർദ്ദേശിച്ചു. ജോലിചെയ്ത മണിക്കൂറുകൾക്കും അവർ സമൂഹത്തിന് നൽകിയ അധ്വാനത്തിന്റെ ഗുണമേന്മയ്ക്കും അളവിനും അനുസരിച്ചാണ് വ്യക്തിഗത ഉപഭോഗ വസ്തുക്കൾ വിതരണം ചെയ്യുന്നത്.
ഭാവി സോഷ്യലിസ്റ്റ് സമൂഹത്തെ സ്വതന്ത്ര വ്യക്തികളുടെ ഒരു കൂട്ടായ്മയായിട്ടാണ് അവർ വിഭാവനം ചെയ്തത്. “നമ്മുടെ കൂട്ടായ്മയുടെ മൊത്തം ഉൽപ്പന്നം ഒരു സാമൂഹികോല്പന്നമാണ്. ഇതിൻ്റെ ഒരു ഭാഗം പുതിയ ഉൽപാദനോപാധിയായി പ്രവർത്തിക്കുകയും സാമൂഹികമായി നിലനിൽക്കുകയും ചെയ്യുന്നു. മറ്റൊരു ഭാഗം അംഗങ്ങൾ തങ്ങളുടെ ഉപജീവനമാർഗമായി ഉപഭോഗം ചെയ്യുന്നു. അതിനാൽ ഇതിൻ്റെ വിതരണം അനിവാര്യമാണ്. ഈ വിതരണ രീതി കൂട്ടായ്മയുടെ ഉൽപാദന സംഘടനയേയും ഉൽപാദകർ കൈവരിച്ച ചരിത്രപരമായ വികാസത്തിന്റെ ഘടകങ്ങളെയും ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. എന്നാൽ ഉൽപ്പന്നങ്ങളുടെ ഉത്പാദനവുമായുള്ള ഒരു താരതമ്യത്തിന് വേണ്ടി മാത്രം ഉപജീവനമാർഗങ്ങളിൽ ഓരോ വ്യക്തിഗത ഉൽപാദകനുമുള്ള പങ്ക് അവൻ്റെ അധ്വാന സമയത്താൽ നിർണയിക്കപ്പെടുന്നു എന്ന് നമുക്ക് കരുതാം. അതുകൊണ്ടുതന്നെ അധ്വാന സമയം രണ്ട് തരത്തിലുള്ള പങ്കാണ് ഇക്കാര്യത്തിൽ വഹിക്കുന്നത്. ഒരു നിശ്ചിത സാമൂഹിക പദ്ധതിക്കനുസരിച്ചുള്ള ഇതിൻ്റെ വീതംവെപ്പ്,ചെയ്യേണ്ട വിവിധതരം ജോലികളും കൂട്ടായ്മയുടെ വിവിധ ആവശ്യങ്ങളും തമ്മിൽ ശരിയായ അനുപാതം നിലനിർത്തുന്നതിന് സഹായിക്കുന്നു. മറുവശത്ത് ഇത് ഓരോ വ്യക്തിയും വഹിക്കുന്ന പൊതു അധ്വാനത്തിന്റെ പങ്കിന്റെയും വ്യക്തിഗത ഉപഭോഗത്തിനായി നീക്കി വച്ചിരിക്കുന്ന മൊത്തം ഉൽപ്പന്നത്തിൽ അവർക്കുള്ള പങ്കിന്റെയും അളവുകോലായി പ്രവർത്തിക്കുന്നു.
ഗോഥാ പരിപാടിയുടെ വിമർശനത്തിൽ അധ്വാനത്തിനനുസരിച്ചുള്ള വിവരണത്തിന്റെ വ്യക്തമായ ഉള്ളടക്കം മാർക്സ് കൂടുതൽ വിശദമാക്കുന്നുണ്ട്. “അവന് അല്ലെങ്കിൽ അവൾക്ക് എത്രമാത്രം അധ്വാനമാണ് നൽകിയിട്ടുള്ളത് എന്ന് വ്യക്തമാക്കുന്ന ഒരു സാക്ഷ്യപത്രം സമൂഹത്തിൽ നിന്ന് ലഭിക്കുന്നു. (പൊതുവായ ഫണ്ടുകളിലേക്കുള്ള അവരുടെ അധ്വാനത്തിൻ്റെ നീക്കിവെപ്പ് കഴിച്ചാണിത് നൽകുന്നത്.) ഈ സാക്ഷ്യപത്രം ഉപയോഗിച്ച് അതേ അളവിലുള്ള അധ്വാന ചിലവിന് തുല്യമായ സാധനങ്ങൾ അവൻ അല്ലെങ്കിൽ അവൾ സാമൂഹിക ശേഖരത്തിൽ നിന്ന് കൈപ്പറ്റുന്നു. ഒരു രൂപത്തിൽ അവൻ അല്ലെങ്കിൽ അവൾ സമൂഹത്തിന് നൽകിയ അതേ അളവിലുള്ള അധ്വാനം മറ്റൊരു രൂപത്തിൽ അവർക്ക് തിരികെ ലഭിക്കുന്നു.”
ഭാവിയിലെ ഒരു സോഷ്യലിസ്റ്റ് സമൂഹത്തിൻ്റെ ലക്ഷ്യമായി വർഗ്ഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുക എന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നത് എന്തുകൊണ്ടാണ് ? ഇതിന് മാർക്സ് നൽകുന്ന വിശദീകരണം മനുഷ്യ ചരിത്രത്തിലെ ഒരു വർഗ്ഗം എന്ന നിലയിൽ ഏറ്റവും വലുതും ശക്തമായതും തൊഴിലാളി വർഗ്ഗമാണ്. എന്നാൽ ഏറ്റവും കഠിനമായ അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും ഇരയായ വർഗ്ഗവും തൊഴിലാളി വർഗ്ഗമാണ്. അതുകൊണ്ടുതന്നെ ഏറ്റവും വിപ്ലവകാരിയായ വർഗ്ഗവും തൊഴിലാളി വർഗ്ഗമാണ്. മനുഷ്യ വിമോചനം എന്ന മഹത്തായതും ചരിത്രപരമായതുമായ ദൗത്യമാണ് അത് ചുമലിലേറ്റുന്നത്. ഈ ചരിത്രപരമായ സ്ഥാനവും ദൗത്യവും ആണ്.തൊഴിലാളി വർഗ്ഗത്തിനെ ഏറ്റവും വിപ്ലവകാരിയായ വർഗ്ഗമാക്കി മാറ്റുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിൽ ആദ്യമായി ഏതെങ്കിലും ഒരു വർഗ്ഗത്തിന് വർഗ്ഗങ്ങളുടെ തന്നെ നിർമ്മാർജ്ജനം ആവശ്യപ്പെടാൻ കഴിയുമെങ്കിൽ അതിന് കഴിയുന്ന വർഗ്ഗവും തൊഴിലാളിവർഗ്ഗം തന്നെയാണ്. വളരെ ആഴത്തിലുള്ള വിശകലനത്തിന് ശേഷമാണ് മാർക്സും എംഗത്സും വർഗ്ഗങ്ങളെ ഇല്ലാതാക്കുന്നതിന് സ്വകാര്യ ഉടമസ്ഥത ഇല്ലാതാക്കണമെന്ന് ചുണ്ടിക്കാണിച്ചത്.
മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറ എന്ന നിലയിൽ തൊഴിലാളി വർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള സാമ്പത്തിക അസമത്വത്തിന്റെ ഉത്ഭവം മാത്രമല്ല സ്വകാര്യ ഉടമസ്ഥത;മറിച്ച് ബൂർഷ്വാസി തൊഴിലാളി വർഗ്ഗത്തിന് മേൽ നടത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ അടിച്ചമർത്തലിന്റെ അടിത്തറ കൂടിയാണത്. മുതലാളിത്ത സ്വകാര്യ ഉടമസ്ഥത ഇല്ലാതാക്കുന്നതിലൂടെ മാത്രമേ തൊഴിലാളിവർഗത്തിന്റെ മോചനം സാധ്യമാകൂ. സ്വകാര്യ സ്വത്തിൽ മറ്റം വരുത്തുകയല്ല മറിച്ച് പൂർണ്ണമായി അത് ഇല്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം;വർഗ്ഗ വൈരുദ്ധ്യങ്ങളെ മറച്ചുവെക്കുകയല്ല മറിച്ച് വർഗ്ഗങ്ങളെ ഇല്ലാതാക്കുകയാണ്; നിലവിലുള്ള സമൂഹത്തെ മെച്ചപ്പെടുത്തുകയല്ല മറിച്ച് ഒരു പുതിയ സമൂഹം സ്ഥാപിക്കുകയാണ് നമ്മുടെ ലക്ഷ്യം. മാർക്സിന്റെയും ഏംഗത്സിൻ്റെയും ധാരണയനുസരിച്ച് വർഗ്ഗപരമായ വേർതിരിവുകൾ ഇല്ലാതാകുന്നതോടെ അവയിൽനിന്നുടലെടുക്കുന്ന എല്ലാ സാമൂഹിക രാഷ്ട്രീയ അസമത്വങ്ങളും സ്വയം അപ്രത്യക്ഷമാകും.
മനുഷ്യൻ്റെ സമഗ്രമായ വികാസത്തിന് മാർക്സും ഏംഗത്സും എല്ലായ്പ്പോഴും വലിയ പ്രാധാന്യം നൽകിയിരുന്നു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ സിദ്ധാന്തത്തിന് രൂപം നൽകുന്നതിൽ,വ്യവസ്ഥിതിയുടെ വീക്ഷണത്തിൽ നിന്ന് മാത്രമല്ല മനുഷ്യൻ്റെ പൂർണവും സ്വതന്ത്രവുമായ വികാസത്തിന്റെ വീക്ഷണത്തിൽ നിന്നും അവർ ഭാവി സമൂഹത്തിൻ്റെ രൂപരേഖ വരയ്ക്കുകയും സവിശേഷതകൾ വിവരിക്കുകയും ചെയ്തു. ജർമൻ പ്രത്യയശാസ്ത്രം,കമ്മ്യൂണിസത്തിന്റെ തത്വങ്ങൾ,കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ,ഇംഗ്ലണ്ടിലെ തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥിതി,മൂലധനം,തുടങ്ങിയ കൃതികളിൽ മനുഷ്യൻ്റെ സമഗ്ര വികസനത്തിന്റെ പ്രശ്നം അവർ വിശദീകരിച്ചു. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പിറവിയുടെ പ്രതീകം എന്ന് വിശേഷിപ്പിക്കാവുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സും എംഗത്സും മനുഷ്യൻ്റെ സ്വതന്ത്ര വികാസമെന്ന ആശയത്തെ ഒരു ഉന്നത കമ്മ്യൂണിസ്റ്റ് ലക്ഷ്യമായും ഭാവി സമൂഹത്തിൻ്റെ നിർവചന സവിശേഷതയായും മുന്നോട്ടുവച്ചു. വർഗ്ഗങ്ങളും വർഗ്ഗ വൈരുദ്ധ്യങ്ങളും ഉള്ള പഴയ ബൂർഷ്വാ സമൂഹത്തിന് പകരം ഓരോരുത്തരുടെയും സ്വതന്ത്രമായ വികാസം എല്ലാവരുടെയും സ്വതന്ത്രമായ വികാസത്തിനുള്ള ഉപാധിയായി മാറുന്ന ഒരു കൂട്ടായ്മ നമുക്ക് ഉണ്ടാകും എന്ന് മാനിഫെസ്റ്റൊ വ്യക്തമാക്കി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ മാർക്സ് ഭാവി സമൂഹത്തെ “ഓരോ വ്യക്തിയുടെയും പൂർണവും സ്വതന്ത്രവുമായ വികാസം ഭരണ തത്വമായി മാറുന്ന സമൂഹത്തിൻ്റെ ഉയർന്ന രൂപം” എന്നാണ് വ്യക്തമായി നിർവചിച്ചത്.
അത്യധികം സമൃദ്ധമായ സാമൂഹിക ഉത്പന്നങ്ങൾ ഉള്ളതും സ്വകാര്യ ഉടമസ്ഥത ഇല്ലാത്തതുമായ ഈ കൂട്ടായ്മ അല്ലെങ്കിൽ സാമൂഹിക രൂപം തന്നെയാണ് ഏവരും സ്വതന്ത്രവും സമഗ്രവുമായ വികാസം ആസ്വദിക്കുന്ന,അനുഭവിക്കുന്ന കമ്മ്യൂണിസ്റ്റ് സമൂഹം എന്ന് വ്യക്തമാക്കപ്പെട്ടു. മാർക്സിന്റെയും ഏംഗത്സിൻ്റെയും ജീവിതകാലം മുഴുവൻ അവർ നടത്തിയ പരിശ്രമങ്ങൾ ഉന്നതമായ ഈ സമൂഹ ലക്ഷ്യം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആയിരുന്നു.
തുടരും




