കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

എം.കെ നാരായണമൂർത്തി

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ ഡോ. വിജൂ കൃഷ്ണനുമായി  എം.കെ നാരായണമൂർത്തി നടത്തിയ  അഭിമുഖം.

വിജു കൃഷ്ണൻ

ഇന്ത്യയുടെ കാർഷിക പ്രതിസന്ധി ഇന്ന് കേവലം കാർഷിക ഉൽപ്പാദനവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമല്ല. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ, ഭൂബന്ധങ്ങൾ,ഗ്രാമീണ തൊഴിൽ മേഖല,ഭക്ഷ്യസുരക്ഷ,കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ഉപജീവനമാർഗങ്ങൾ എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു.വർധിച്ചുവരുന്ന കടബാധ്യത,വരുമാനത്തിലെ ഇടിവ്,താങ്ങുവില (MSP) സംബന്ധിച്ച അനിശ്ചിതത്വം,ഭൂരാഹിത്യം,കാർഷിക മേഖലയിൽ കോർപ്പറേറ്റ് മൂലധനത്തിന്റെ വർധിച്ചുവരുന്ന സ്വാധീനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സംഘടിത കർഷക പ്രസ്ഥാനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ഏറെ വർധിച്ചിരിക്കുകയാണ്.

ഈ പോരാട്ടത്തിലെ ശ്രദ്ധേയമായ ശബ്ദങ്ങളിലൊന്നാണ് അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗവുമായ സഖാവ് ഡോ. വിജൂ കൃഷ്ണൻ. കർഷകസമരങ്ങളുടെ സമ്പന്നമായ പാരമ്പര്യമുള്ള കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിൽനിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം,കാർഷിക പ്രശ്നങ്ങളെയും കർഷകരുടെയും കർഷക തൊഴിലാളികളുടെയും അവകാശങ്ങളെയും മുൻനിർത്തിയാണ് തന്റെ രാഷ്ട്രീയ പ്രവർത്തനം കെട്ടിപ്പടുത്തത്. അക്കാദമിക രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന അദ്ദേഹം ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്ന് എം.ഫിലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. കാർഷിക-സാമ്പത്തിക വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണ പഠനങ്ങൾ.ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം പിന്നീട് ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് അക്കാദമിക ജീവിതം ഉപേക്ഷിച്ച് മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തകനായി മാറുകയായിരുന്നു.

വിജു കൃഷ്ണന്റെ വിദ്യാർഥികാലം

സമകാലിക ഇന്ത്യയിലെ ഏറ്റവും നിർണായകമായ കർഷക പോരാട്ടങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര. 2018-ൽ നടന്ന ചരിത്രപ്രസിദ്ധമായ നാസിക്–മുംബൈ കിസാൻ ലോങ് മാർച്ചിന്റെ സംഘാടനത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2020–21 കാലഘട്ടത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി നടന്ന ഐതിഹാസിക കർഷക പ്രക്ഷോഭത്തിലും അദ്ദേഹം പ്രധാനപ്പെട്ട  പങ്കുവഹിച്ചു. ഭൂമിയുടെ അവകാശം,കർഷകരുടെ കടബാധ്യത,കർഷക തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ,ഇന്ത്യൻ കാർഷിക സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഭൂപരിഷ്‌കരണത്തിനും കർഷകരുടെ അവകാശങ്ങൾക്കും സാമൂഹിക നീതിക്കുമായി ദീർഘകാലമായി പോരാടുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കർഷക സംഘടനകളിലൊന്നിനെ നയിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

ത്രിപുരയിൽ മത്സ്യകൃഷിചെയ്യുന്ന കുളത്തിൽ ബിജെപിക്കാർ വിഷം കലക്കിയ സംഭവം അറിഞ്ഞെത്തിയ വിജു കൃഷ്ണൻ

ഈ അഭിമുഖത്തിൽ ഇന്ത്യൻ കൃഷിയുടെ ഇന്നത്തെ അവസ്ഥ,തുടരുന്ന കാർഷിക പ്രതിസന്ധി,കർഷക പ്രസ്ഥാനങ്ങളുടെ ഭാവി,നിയമപരമായ ഉറപ്പോടെയുള്ള മിനിമം താങ്ങുവിലയ്ക്കായുള്ള പോരാട്ടം,കാർഷിക മേഖലയിലെ കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ ഇടപെടൽ,ഗ്രാമീണ ജനത അഭിമുഖീകരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദമായി സംസാരിക്കുന്നു.നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളെയും അവ ഇന്ത്യൻ കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും അദ്ദേഹം വിമർശനാത്മകമായി വിലയിരുത്തുന്നു.മാറിക്കൊണ്ടിരിക്കുന്ന കർഷക പ്രസ്ഥാനങ്ങളുടെ സ്വഭാവം, കർഷകരും കാർഷിക തൊഴിലാളികളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ, ഇന്ത്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന് നിർവഹിക്കാനുള്ള പങ്ക്, അതിന്റെ ഭാവി എന്നിവയെക്കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തിൽ തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നു.

ആന്ധ്രാപ്രദേശിൽ കോൺഗ്രസ്സുകാർ കൊലപ്പെടുത്തിയ സഖാവ് സമിനേനി രാമ റാവുവിന്റെ വീട്ടിൽ വിജു കൃഷ്ണൻ

?? നമുക്ക് ഇക്കഴിഞ്ഞ കിസാൻ ലോംഗ് മാർച്ചിൽ നിന്നും തുടങ്ങാം.മഹാരാഷ്ട്രയിലെ അകോലയിൽ നിന്നായിരുന്നല്ലോ തുടക്കം?താങ്കളും അശോക് ധാവ്ളയും ഒക്കെ നയിച്ച ആ മാർച്ചിലെ അനുഭവങ്ങൾ എന്തായിരുന്നു?

♦♦വളരെയേറെ ആവേശകരവും ഇത്തരം സമരങ്ങൾക്ക് ശുഭാപ്തി വിശ്വാസം നൽകുന്നതുമായിരുന്നു എപ്പോഴത്തേയും പോലെ ഇത്തവണയും.കർഷകരും കർഷകത്തൊഴിലാളികളും ആദിവാസി സമൂഹങ്ങളും എല്ലാം ചെങ്കൊടിയുമേന്തി കാൽനടയായും വാഹനങ്ങളിലുമായി നടത്തിയ ഈ മാർച്ച് അവസാനിക്കുന്നതിന് മുമ്പ് തന്നെ മഹാരാഷ്ട്ര സർക്കാർ ചർച്ചകൾക്ക് മുന്നോട്ട് വന്നു.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും നേരിട്ടാണ് ഞങ്ങളുമായി ചർച്ചകൾക്കിരുന്നത്.എൻസി.പി(അജിത് പവാർ പക്ഷം) നേതാവ് സുനേത്ര പവാറും ഞങ്ങളുമായി ചർച്ചയ്ക്കിരുന്നു.മഹാരാഷ്ട്രയിലെ മുപ്പത്താറു ജില്ലകളിൽ മുപ്പത്തിരണ്ടെണ്ണവും കൊടും വരൾച്ചയിലാണ്.ഇവിടത്തെ കർഷകരും കാർഷികവൃത്തിയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ മരണത്തെ മുഖാമുഖം കണ്ടാണ് ജീവിക്കുന്നത്.അവരുടെ പ്രശ്നങ്ങളെ,അതർഹിക്കുന്ന ഗൗരവത്തോടെ സർക്കാരിന് മുന്നിലെത്തിക്കാനും ഭാഗികമായ ആശ്വാസം എത്തിക്കാനും ആൾ ഇന്ത്യാ കിസാൻ സഭ നേതൃത്വം നൽകിയ ലോംഗ് മാർച്ചിലൂടെ സാധിച്ചു എന്നാണ് ഞാൻ കരുതുന്നത്.മാത്രമല്ല ദേശീയ തലത്തിലും ഇത് ചർച്ചയായതോടെ ഇന്ത്യയിലെ മുഴുവൻ കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കാനും കഴിഞ്ഞു.ബ്രിട്ടനിൽ നിന്നു പോലും എന്നെ വിളിച്ച് ഈ സമരത്തിന്റെ വിശദാംശങ്ങൾ ചോദിക്കുകയുണ്ടായി.ഇന്നത്തെ ഇന്ത്യൻ സാചര്യത്തിൽ ഇത്തരം സമരങ്ങൾ ഒരു തുടർ പ്രക്രിയയാകുമെന്നാണ് ഞാൻ കരുതുന്നത്.മറ്റ് കർഷക സംഘടനകളേയും ഉൾക്കൊണ്ട് കൊണ്ട് കിസാൻ സഭ അതിന്റെ മുൻനിരയിൽ ഉണ്ടാകും.

?? താങ്കൾ നേതൃനിരയിൽ നിന്നു കൊണ്ട് ഇതിന് മുമ്പും കിസാൻ ലോംഗ് മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്.അതെല്ലാം ഉദ്ദേശിച്ച ഫലം നൽകിയെന്നു കരുതുന്നുണ്ടോ?

♦♦ സമ്പൂർണ്ണ ഫലപ്രാപ്തിയിലെത്തിയിരുന്നെങ്കിൽ പിന്നെയും ആവർത്തിച്ചു ലോംഗ് മാർച്ചുകൾ സംഘടിപ്പിക്കേണ്ടി വരില്ലായിരുന്നെല്ലോ.ഞാൻ പങ്കാളിയാകുന്ന ആദ്യത്തെ ലോംഗ് മാർച്ച്  2015 ഏപ്രിൽ മാസത്തിന്റെ അവസാന വാരത്തിൽ കർണ്ണാടകയിൽ നടന്നതായിരുന്നു.ചിക്കബെല്ലാപൂരിന്റെ സമീപ പ്രദേശമായ ബാഗേപ്പള്ളിയിൽ നിന്നും ബാംഗ്ളൂരിലേക്കായിരുന്നു ആ മാർച്ച് നടന്നത്.ഏകദേശം നൂറ് കിലോമീറ്റർ കാൽനടയായിട്ടാണ് ഞങ്ങൾ ബാംഗ്ളൂരിലെത്തിയത്.കോലാർ,ചിക്കബെല്ലാപൂർ,ബാംഗ്ളൂർ റൂറൽ എന്നിവടങ്ങളിലെ വരൾച്ച കാരണം ജനജീവിതം ദുസ്സഹമായ കാലഘട്ടമായിരുന്നു അത്.ഇവിടേയ്ക്ക് ഇടതടവില്ലാതെ കുടിവെള്ളവും കർഷകർക്ക് ജലസേചന സൗകര്യങ്ങളും അടിയന്തരമായി എത്തിക്കണമെന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം.കടുത്ത വരൾച്ച കാരണം കൃഷിനാശം നേരിട്ട കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളുക,വിളകൾക്ക് ന്യായമായ താങ്ങുവില ഏർപ്പെടുത്തുക,കൃഷി നാശത്തിന് അടിയന്തര നഷ്ടപരിഹാരം നൽകുകതലമുറകളായി സർക്കാർ ഭൂമിയിൽ കൃഷി ചെയ്തു വരുന്ന കർഷകർക്ക് ഭൂമിയുടെ മേൽ അവകാശം നൽകുക മുതലായവയായിരുന്നു മറ്റ് ആവശ്യങ്ങൾ.പദയാത്ര ബാംഗ്ളൂർ നഗരത്തിലേക്ക് കടന്നതോടെ മറ്റ് ജില്ലകളിൽ നിന്നുള്ള കർഷകരും ഇതിൽ പങ്കെടുക്കാനെത്തി.കോലാർ,തുംകൂർ,ചിക്കബെല്ലാപൂർ,രാമനഗര,മാണ്ഡ്യ,ബാംഗ്ളൂർ റൂറൽ,ബാംഗ്ളൂർ അർബൻ തുടങ്ങിയ ഏഴു ജില്ലകളിലെ ജലപ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നേരത്തെ തന്നെ ഡോ.ജി.എസ് പരമശിവയ്യയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കർണ്ണാടക സർക്കാരിന് നൽകിയിരുന്നു.സിദ്ധാരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരായിരുന്നു അപ്പോൾ കർണ്ണാടക ഭരിച്ചിരുന്നത്.ഞങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.മൈസൂർ,കൽബുർഗി,റയ്ചൂർ,ബെല്ലാരി തുടങ്ങിയ ജില്ലകളിലെ കർഷകരും ഭൂവുടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഈ സമരത്തിൽ അണിനിരന്നിരുന്നു.

കിസാൻ ലോംഗ് മാർച്ച്

?? 2018 മാർച്ച് മാസത്തിൽ അടുത്ത ലോംഗ് മാർച്ച്…..

♦♦ അതേ,2018 മാർച്ച് 6 മുതൽ 12 വരെയായിരുന്നു അത്.നാസിക്കിലെ തപോവനിൽ നിന്നും ആരംഭിച്ച് നൂറ്റിയെൺപത് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ബോംബെയിലെ ആസാദ് മൈതാനിയിലായിരുന്നു അത് സമാപിച്ചത്.ആദിവാസികളായ കർഷകർക്കൊപ്പം ആദിവാസി മേഖലയിൽ നിന്നുള്ള മറ്റുളളവരുമുണ്ടായിരുന്നു.ഏകദേശം അമ്പതിനായിരത്തിലധികം ആൾക്കാർ.വനാവകാശം നടപ്പിലാക്കുക,സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക,കാർഷിക വായ്പകൾ എഴുതിത്തള്ളുക,നദീസംയോജന പദ്ധതികൾ പുനക്രമീകരിക്കുക,അനധികൃത ഭൂമികയ്യേറ്റം തടയുക തുടങ്ങിയവയാണ് ആ മാർച്ചിൽ ഞങ്ങൾ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങൾ.മഹാരാഷ്ട്രയിലെ ജനങ്ങൾ ആ മാർച്ചിന് നൽകിയ സ്വീകരണം വാക്കുകൾക്ക് അതീതമാണ്.ആ മാർച്ച് ബോംബെ നഗരത്തിൽ കടക്കുന്ന ദിവസം അവിടെ വിദ്യാർത്ഥികൾക്ക് പരീക്ഷയായിരുന്നു.വിദ്യാർത്ഥികൾക്ക് യാത്രാതടസ്സം ഉണ്ടാകാതിരിക്കാൻ കർഷകർ രാത്രിയിലും നടത്തം തുടർന്നു.ശാരീരികാവശതകൾ വകവയ്ക്കാതെയായിരുന്നു സമരത്തിൽ പങ്കെടുത്തവർ അവരുടെ ഉത്തരവാദിത്വം കാണിച്ചത്.ഇതിനിടയിൽ 2017 ലെ ഒരു സമരം കൂടി പരാമർശിക്കേണ്ടതായിട്ടുണ്ട്.അത് 2017 ജൂൺ മാസത്തിൽ മദ്ധ്യപ്രദേശിലെ മൻഡ്സൂറിൽ ആറ് കർഷകർ പോലീസിന്റെ വെടിയേറ്റു മരിച്ച സമരമാണ്.ആ സമരമാണ് ഇന്ത്യയിൽ കർഷകരുടെ വലിയ ഐക്യത്തിന് കാരണമായത്.കിസാൻ സഭയുടെ നേതൃപരമായ ഇടപെടലാണ് അത് സാധ്യമാക്കിയത്.മൻഡ്സൂറിലെ വെളുത്തുള്ളി,ഉള്ളി,സോയാബീൻ കർഷകർക്ക് അവരുടെ വിളകൾക്ക് ന്യായമായ വില ലഭിക്കാതെ വന്നതാണ് പ്രക്ഷോഭത്തിലേക്ക് നയിച്ചത്.വെളുത്തുള്ളിയ്ക്ക് കർഷകർക്ക് ലഭിച്ചത് വെറും ഒരു രൂപയായിരുന്നു.അതേ സമയം ഡൽഹിയിലെ റിലയൻസ് സ്റ്റോറിൽ കിലോയ്ക്ക് 146 രൂപയ്ക്കായിരുന്നു വെളുത്തുള്ളി വിറ്റിരുന്നത്.കേരളത്തിലെ അന്നത്തെ എൽഡിഎഫ് സർക്കാർ വെളുത്തുള്ളിയ്ക്ക് നിശ്ചയിച്ചിരുന്ന മിനിമം വില 139 രൂപയായിരുന്നു. മൻഡ്സൂർ,നീമുച്ച് ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യപ്രദേശിലെ മാൾവാ മേഖല ഇന്ത്യയിലെ വൻതോതിലുള്ള വെളുത്തുള്ളി,ഉള്ളി ഉൽപാദന മേഖലയാണ്.വിലത്തകർച്ച വന്നതോടെ കർഷകർ അവരുടെ ഉൽപ്പന്നങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞു.വലിയ വിഭാഗം കർഷകർ വെളുത്തുള്ളി വിളവെടുക്കാതെ വന്നതോടെ അവ ചെടിയിൽ വച്ചു തന്നെ കേടായി പോയി.കുറേ കർഷകർ അവരുടെ പാടങ്ങൾ തീയിട്ട് നശിപ്പിച്ചു.ജൂൺ ഒന്നു മുതൽ പത്ത് വരെ കിസാൻ സഭ കൂടി അംഗമായ കർഷക കൂട്ടായ്മ ആ മേഖലയിൽ ഗാവ് ബന്ദ്(ഗ്രാമങ്ങൾ അടച്ചിടൽ)സമരത്തിന് ആഹ്വാനം ചെയ്തു.ജൂൺ ആറാം തീയതി മൻഡ്സൂർ-മൗ ഹൈവേ സമരക്കാർ ഉപരോധിച്ചു.ഇവിടെ വച്ചാണ് പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിവയ്പ്പ് നടത്തിയത്.ഇത് രാജ്യമാകമാനം വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കി.ഈ പ്രതിഷേധങ്ങളെ തുടർന്നാണ് കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവ് തടയാനും പരിഹരിക്കാനും വേണ്ടി ഭവാന്തർ ഭുഗ്താൻ യോജന എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്.വിപണി വിലയും സർക്കാർ നിശ്ചയിക്കുന്ന വിലയും തമ്മിലുള്ള അന്തരം സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടു നൽകുന്നതായിരുന്നു ആ പദ്ധതി.ഈ സംഭവത്തിന് ശേഷമാണ് രാജ്യത്തെ ഇരുന്നൂറോളം വരുന്ന കർഷക സംഘടനകൾ ചേർന്ന് ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയ്ക്ക് (All India Kisan Sangharsh Coordination Committee)രൂപം നൽകുന്നത്.ഇതേ തുടർന്നാണ് 2017 ജൂലായ് മുതൽ നവംബർ വരെ ഇന്ത്യയിലുടനീളം കിസാൻ മുക്തി റാലി സംഘടിപ്പിക്കപ്പെടുന്നത്.തമിഴ്നാട്,കർണ്ണാടക,തെലങ്കാന,മഹാരാഷ്ട്ര,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരായിരുന്നു ഇതിൽ ഏറ്റവും കൂടുതലായി പങ്കെടുത്തത്.2017 നവംബർ20,21 തീയതികളിലായി ഡൽഹി രാംലീല മൈതാനത്തും പാർലമെന്റ് സ്ട്രീറ്റിലുമായി കിസാൻ പാർലമെന്റുകൾ നടന്നു.രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർലമെന്റിൽ പ്രത്യേക നിയമനിർമ്മാണങ്ങൾ നടത്തണമെന്ന ആവശ്യം ഉയർന്നത് കിസാൻ മുക്തി റാലിയിലാണ്.
?? ആൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നല്ലോ ജയിൽ ഭാരോ ആന്ദോളൻ ( ജയിൽ നിറയ്ക്കൽ സമരം)നടന്നത്.എന്തായിരുന്നു അതിലേക്ക് നയിച്ച കാരണങ്ങൾ?

♦♦ 2018 ആഗസ്റ്റ് 9നായിരുന്നു ആ സമരം.ബ്രിട്ടീഷുകാർക്കെതിരായി ക്വിറ്റ് ഇന്ത്യാസമരം പ്രഖ്യാപിപ്പിക്കപ്പെട്ട ദിവസമാണല്ലോ ആഗസ്റ്റ് 9.വായ്പകൾ എഴുതിത്തള്ളുക,കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോടിക്കണക്കിന് കർഷകരും കർഷക തൊഴിലാളികളും ഇന്ത്യയിലെ പ്രധാന റോഡുകളും റെയിൽപ്പാളങ്ങളും ഉപരോധിച്ചു കൊണ്ട് അറസ്റ്റ് വരിച്ചു.ഈ സമരത്തിലൂടെ ഞങ്ങൾ നേടിയത് രണ്ടു പ്രധാന കാര്യങ്ങളാണ്.ആദ്യത്തേത് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടികളെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ ബോധ്യപ്പെടുത്താനായി എന്നതാണ്.അതു വരെ വാക്കുകൾ കൊണ്ട് മാത്രം ഞങ്ങളെ പിന്തുണച്ചവർക്ക് പ്രവർത്തിയിലും പിന്തുണയ്ക്കണമെന്ന അവസ്ഥയുണ്ടായി.രണ്ടാമതായി,കടാശ്വാസ ബിൽ,ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പിക്കൽ ബിൽ എന്നീ രണ്ടു ചരിത്രപ്രധാനമായ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനായതാണ്.ഈ ബില്ലുകളുടെ അവതരണം ചരിത്ര പ്രാധാന്യമുള്ളതാണ്.

?? ന്യായവില ഉറപ്പാക്കൽ ബിൽ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ആവശ്യമായിരുന്നു.എന്നാൽ ഇപ്പോഴും അത് പൂർണ്ണമായി നടപ്പിലാക്കപ്പെട്ടിട്ടില്ല.അതെന്തു കൊണ്ടാണെന്നാണ് താങ്കൾ വിലയിരുത്തുന്നത്?

♦♦ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞാണ് സർക്കാരുകൾ ഇത് നടപ്പിലാക്കാതിരിക്കുന്നത്.പണപ്പെരുപ്പം,ഈ രാജ്യത്ത് ഉൽപാദനം കൂടുതലാണ്,എല്ലാ സംസ്ഥാനങ്ങളിലും കൂലിയും ഭൂമിയുടെ വിലയും ഒരു പോലെയല്ല തുടങ്ങിയ തൊടുന്യായങ്ങളാണ് സർക്കാർ പറയുന്നത്.രാജ്യത്തെ കോർപ്പറേറ്റ് വിപണിയ്ക്ക് കാർഷികോൽപ്പന്നങ്ങൾ വളരെ ചെറിയ വിലയ്ക്ക് ലഭ്യമാക്കി കൊടുക്കാനുള്ള വഴികളാണ് സർക്കാരുകൾ നോക്കിയതും ഇപ്പോഴും നോക്കുന്നതും.രാജ്യത്തെ കോർപ്പറേറ്റ് മാധ്യമങ്ങളും ഇത്തരം പ്രചരണങ്ങൾക്കായി മുന്നിലുണ്ട്.എന്താണ് സ്വാമിനാഥൻ ശുപാർശ? ആ ശുപാർശയുടെ സൂത്രവാക്യം ഇങ്ങനെയായിരുന്നു.സി.2+50%( C2+50%).അതായത് കർഷകന് ഒരു വിള ഉൽപാദിപ്പിക്കാൻ മൊത്തത്തിൽ ചിലവാകുന്ന തുക(സി.2)യുടെ കൂടെ അതിന്റ അമ്പത് ശതമാനം നിരക്ക് കൂടി ചേർത്ത് താങ്ങുവില നിശ്ചയിക്കുന്ന രീതി.ഇത്തരത്തിൽ വിലനിശ്ചയിച്ചാൽ വിലക്കയറ്റം ഉണ്ടാകുമെന്നും വിപണിക്ക് സ്വതന്ത്രമായി വില നിശ്ചയിക്കാൻ കഴിയില്ലെന്നും അന്താരാഷ്ട്ര വിപണിയിൽ പോലും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ വാദിക്കുന്നു. ഈ സർക്കാർ വാദം വിപണിയേയും ലാഭത്തേയും അതിന്റെ ഗുണഭോക്താക്കളായ കോർപ്പറേറ്റുകളേയും സഹായിക്കാൻ വേണ്ടി മാത്രമാണ്.മണ്ണിൽ പണിയെടുത്ത് ഉൽപാദനം നടത്തുന്നവന്റെ അദ്ധ്വാനത്തിന് നമ്മുടെ സർക്കാർ യാതൊരു വിലയും കൽപ്പിക്കുന്നില്ല.

?? ഇവിടെയാണ് കർഷക ആത്മഹത്യകളുടെ പ്രശ്നം വരുന്നത്.

♦♦  അതേ,2014 ന് ശേഷം അഞ്ചു ലക്ഷത്തിലധികം കർഷകരും ദിവസ വേതനത്തിൽ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്നവരും ആത്മഹത്യ ചെയ്തു കഴിഞ്ഞു..ഇത് നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കാണ്.പക്ഷേ വാസ്തവം ഇതിലും വലുതാണ്. യാഥാർത്ഥ സംഖ്യ പത്ത് ലക്ഷത്തിലധികം വരും. ദിവസവേതനക്കാരായി പണിയെടുക്കുകയും ഈ മേഖലയിലെ പ്രശ്നങ്ങൾ കാരണം തൊഴിൽ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെയും,സ്ത്രീകളുടേയും,ആദിവാസി കർഷകരുടേയും കണക്ക് സർക്കാർ കർഷക ആത്മഹത്യയുടെ കൂട്ടത്തിൽ പെടുത്താറില്ല.മിക്കവാറും എല്ലാ സംസ്ഥാന സർക്കാരുകളും ഇതു തന്നെയാണ് ചെയ്യുന്നത്.ആത്മഹത്യയിൽ നിന്ന് കർഷകനേയും അനുബന്ധ തൊഴിലാളികളേയും തടയാനുള്ള ബോധവൽക്കരണത്തിന് ഇപ്പോൾ കിസാൻ സഭ ശ്രമിക്കുകയാണ്.പക്ഷേ അവരെ സംരക്ഷിക്കാനും ഏതു അപകടഘട്ടത്തിലും അവർക്ക് സഹായമായി സ്റ്റേറ്റ് ഉണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്താൻ കഴിയാതെ ഇത് അവസാനിപ്പിക്കാൻ കഴിയില്ല.കർഷകർക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കാനും അത് സമയബന്ധിതമായും അഴിമതിരഹിതമായും നടപ്പിലാക്കാനും ഭരണകൂടത്തിന് കഴിയണം.അന്നദാതാക്കളാണ് ആത്മഹത്യയിൽ അഭയം തേടുന്നത്.ഒരു ജനാധിപത്യ സമൂഹത്തിന് ചേരുന്ന കാര്യമല്ലിത്.ഇപ്പോൾ കർണ്ണാടകയിലും കർഷക ആത്മഹത്യകൾ കൂടി വരികയാണ്.

?? കാലാവസ്ഥ വ്യതിയാനം കർഷകന്റെ തലയ്ക്ക് മുകളിൽ തൂങ്ങുന്ന വാളാണ്.പക്ഷേ നമ്മുടെ നാട്ടിലെ ലക്ഷക്കണക്കായ കർഷകർ ഇതു മൂലമുളള ദുരിതങ്ങളെ നേരിടാൻ കഴിയുന്നവരല്ല.ഒരു സംഘടനയെന്ന നിലയിൽ ഈ വിഷയത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
♦♦ വളരെ പ്രധാനപ്പെട്ട കാര്യമാണിത്.എൽ-നിനോ പോലുള്ള പ്രതിഭാസങ്ങൾ കർഷകരെ എങ്ങനെയാണ് ബാധിക്കുന്നതെന്നൊക്കെ ഞങ്ങൾ കർഷകരോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു.ഇവിടെയും ഉണർന്നു പ്രവർത്തിക്കേണ്ടത് സർക്കാരും സർക്കാർ സംവിധാനങ്ങളുമാണ്.കോടാനുകോടി ആളുകളെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിടാനുള്ള വ്യക്തമായ പദ്ധതികളോ പരിപാടികളോ ഈ രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കില്ലെന്നത് ദുഖകരമാണ്.പക്ഷേ അതാണ് വാസ്തവം.കാലാവസ്ഥാ വ്യതിയാനം മൂലം,വിതയ്ക്കേണ്ട വിത്തിലും വിതറേണ്ട വളത്തിലും വരെ ശാസ്ത്രീയമായ മാറ്റങ്ങൾ വേണം.അതിന് ശരിയായ ഗവേഷണം വേണം.ഇന്ത്യയിൽ ഇത്തരം ഗവേഷണങ്ങൾ നാമമാത്രമാണ്.കർഷകർക്ക് ആവശ്യമായ ഇൻഷുറൻസിന് വേണ്ട തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം 57000 കോടി രൂപ ഇൻഷുറൻസ് കമ്പനികൾക്ക് പോയി.പക്ഷേ അതിന്റെ ഗുണം കർഷകർക്ക് ലഭിച്ചിട്ടില്ല.സി.എ.ജി റിപ്പോർട്ട് ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.രാജസ്ഥാനിലെ ചുരുവിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് തുക വാങ്ങി നൽകാൻ കിസാൻസഭ നേരിട്ടിറങ്ങുകയും 4325 കോടി രൂപയുടെ ഇൻഷുറൻസ് തുക വാങ്ങി നൽകാനും സാധിച്ചു.കാലാവസ്ഥാ വ്യതിയാനം കാരണം വിത്തുവിതയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലോ,കീടബാധ,വരൾച്ച,വിളവെടുത്ത ശേഷം പാടത്ത് ഉണങ്ങാനിട്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായ മഴയോ കാറ്റോ മൂലം വിളകൾ നശിച്ചാലോ,ഉരുൾ പൊട്ടലോ ആലിപ്പഴ വീഴ്ച മൂലമോ കൃഷിടം വെള്ളത്തിൽ മുങ്ങി കൃഷി നശിച്ചാലോ ഈ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കർഷകർ അർഹരാണ്.ഇതിനവർ ചെറിയൊരു തുക പ്രീമിയമായി അടയ്ക്കുകയും ചെയ്യുന്നുണ്ട്.ഇത്തരത്തിൽ കർഷകരിൽ നിന്നും പ്രീമിയമായി ലഭിച്ചതും കേന്ദ്ര-സംസ്ഥാന സർക്കാർ തുല്യമായി പ്രീമിയത്തിനായി അടച്ച തുകയും ചേർത്താണ് ഇൻഷുറൻസ് കമ്പനി മുക്കിയിരിക്കുന്നത്.അവരുടെ കൈകാര്യ ചെലവുകൾ കുറച്ചാൽ ബാക്കി ലാഭമായി മാറുന്ന അവസ്ഥ.നിയോ ലിബറൽ സാമ്പത്തിക രംഗത്ത് ഇതൊന്നും ഒരു തെറ്റായേ അധികാരികൾ കാണുന്നില്ല.പരിണിതഫലം അനുഭവിക്കുന്നതോ കർഷക ജനതയും.

?? ധാരാളം സമരങ്ങൾ നടത്തുന്ന സംഘടനയാണ് ആൾ ഇന്ത്യാ കിസാൻ സഭ.അടുത്തു തന്നെ നിങ്ങളുടെ ദേശീയ സമ്മേളനം തെലങ്കാനയിലെ നൽഗൊണ്ടയിൽ നടക്കാൻ പോകുന്നു?എന്താണ് സംഘടനാ ശക്തി?

♦♦ രാജ്യത്തെ നാനൂറിലധികം ജില്ലകളിൽ ഞങ്ങൾ വളരെ സജീവമായി പ്രവർത്തിക്കുന്നു.ഒരു കോടി അമ്പത്തിയെട്ടു ലക്ഷം പേരാണ് സംഘടനയിൽ അംഗത്വമെടുത്തിട്ടുള്ളത്.കർഷകരുടെ വിഷയങ്ങളിലെ ‍ഞങ്ങളുടെ സക്രിയമായ ഇടപെടലുകളാണ് ഞങ്ങളെ അവർ വിശ്വസിക്കാൻ കാരണം.2018 ൽ ത്രിപുര ഇലക്ഷനിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതിനു ശേഷം ഇന്ത്യയിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്നായിരുന്നു ഇവിടത്ത വലതു പക്ഷവും കോൺഗ്രസ്സുമൊക്കെ പറഞ്ഞിരുന്നത്.ഒരു വിഭാഗം മാധ്യമങ്ങളും ഇതേറ്റു പാടി.എന്നാൽ അതിന് ശേഷമാണ് കിസാൻ സഭയുടെ സംഘടനാ ശക്തിയിൽ കാര്യമായ വർദ്ധനവ് ഉണ്ടായത്.ഈ ത്രിപുര സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഗർത്തലയിൽ നടന്ന റാലിയിലെ ജനപങ്കാളിത്തം താങ്കളും കണ്ടതാണല്ലോ?യുവജനത ഈ സംഘടനയിലേക്ക് ധാരാളമായി കടന്നു വരുന്നതാണ് ഏറ്റവും പുതിയ പ്രവണത.അവർ കർഷകരല്ല.പക്ഷേ കൃഷിയേയും കർഷകരേയും ഇഷ്ടപ്പെടുന്നവരാണ്.രാജ്യത്തിലെ അന്നദാതാക്കളുടെ പുരോഗതിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ അവർ കണ്ടെത്തിയ സംഘടനയാണ് കിസാൻ സഭ.ഇത്തരത്തിൽ വരുന്നവരിൽ ഉന്നതവിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകൾ വരെയുണ്ട്.ഉത്തർപ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പിയുടെ കർഷക വിരുദ്ധ മനോഭാവത്തെ എതിർക്കാനും തെരഞ്ഞെടുപ്പുകളിൽ കാർഷിക മേഖലയിൽ ബി.ജെ.പി സ്വാധീനം കുറയ്ക്കാനും ഞങ്ങളുടെ പ്രവർത്തനങ്ങൾ കാരണമായിട്ടുണ്ട്.മറ്റു കർഷക സംഘടനകളുമായി ചേർന്ന് ഉത്തരേന്ത്യയിൽ ബി.ജെ.പിയെ തളയ്ക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്.കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാർഷിക മേഖലയിൽ നഷ്ടപ്പെട്ടത് 159 സീറ്റുകളാണ്.ഇതിലൊക്കെ ഞങ്ങൾക്ക് കൃത്യമായ പങ്കുണ്ട്.

?? മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ കർഷക സംഘടനകളോടുള്ള സമീപനം എന്താണ്?

♦♦ അവർ ഇനിയും ഞങ്ങളുടെ പ്രവർത്തനങ്ങളോട് അടുക്കേണ്ടതുണ്ട്.നിയോലിബറൽ പോളിസികളാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളിൽ മിക്കതും പിൻതുടരുന്നത്.അതിന്റേതായ പരിമിതികൾ അവർക്കുണ്ട്.ഞാൻ നേരത്തെ പറഞ്ഞതു പോലെ വാക്കു കൊണ്ടുള്ള പിന്തുണയല്ല ഗ്രൗണ്ടിലുള്ള പിന്തുണയാണ് അവർ ഞങ്ങൾക്ക് തരേണ്ടത്.ആന്ധ്രപ്രദേശിൽ അതിന്റെ മാറ്റം തുടങ്ങി കഴിഞ്ഞു.പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സ് അവരുടെ കാർഷിക നയങ്ങളിൽ തിരുത്തലുകൾ വരുത്തണം.സമാജ് വാദി പാർട്ടിയെ പോലുള്ള പാർട്ടികളും ഞങ്ങളുമായി കൂടുതൽ ചേർന്നു നിന്നുള്ള പ്രവർത്തനങ്ങൾക്ക് തയ്യാറാകണം.അതാണ് ഇന്ന് രാജ്യം അവരോടൊക്കെ ആവശ്യപ്പെടുന്നത്.

എം.കെ നാരായണമൂർത്തി

Hot this week

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

Topics

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

നിറങ്ങൾ തൻ നൃത്തം – ജോഗൻ ചൗധരി

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം   ജോഗൻ...

പ്രകൃതിയിലെ വിസ്മയങ്ങൾ – അന്തിപൃക്കിണി

    13 വർഷം മുമ്പ് (2013-ൽ), കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ആലത്തൂരിലെ എന്റെ...

ഒടുവിൽ പ്രതീക്ഷ ജയിക്കുക തന്നെ ചെയ്യും

ലോകത്തെ പിടിച്ചുകുലുക്കാൻ പോകുന്ന നാല് പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകൾക്കിടയിലാണ് നമ്മൾ. മൂന്ന് രാജ്യങ്ങളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img