എ.ഐ.യും സ്ത്രീകളും : ഒരു വിമർശനാത്മക വായന

ആര്യ എം സജി (ഗവേഷക വിദ്യാർഥിനി)

ശാസ്ത്രീയവും സാങ്കേതികവുമായ ഏതൊരു വിപ്ലവവും മനുഷ്യ ചരിത്രത്തെ തന്നെ മാറ്റി മറിക്കുന്നു. ആവി യന്ത്രം മുതൽ ഇൻ്റർനെറ്റ് വരെ എത്തി നിൽക്കുന്ന മനുഷ്യ സൃഷ്ടിയുടെ ഈ ചരിത്രം ഇന്ന് മറ്റൊരു മാറ്റത്തെയും വരവേൽക്കുകയാണ് എ. ഐ. അഥവാ ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ്. മനുഷ്യൻ നിയന്ത്രിച്ചിരുന്ന ഇരുമ്പുയന്ത്രങ്ങൾ ആയിരുന്നു ആധുനികതയുടേയും വ്യവസായികവിപ്ലവത്തിൻ്റെയും പരിഭാഷ. എന്നാൽ ഇന്ന് ചിന്തിക്കാനും , പഠിക്കാനും സൃഷ്ടിക്കാനും കഴിയുന്ന യന്ത്രങ്ങൾ മനുഷ്യനെ നയിക്കുകയാണ്. സ്വതന്ത്രനെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യൻ പാവനാടകത്തിലെ പാവയെ പോലെ നൂലിന്മേൽ ചലിക്കപ്പെടുന്നു. മനുഷ്യൻ ഒരു പാവയാവുമ്പോൾ എ ഐ ഒരു മഹാമാരിയാവുന്നു. കൂടുതൽ പകരുകയും ചികിത്സയ്ക്ക് വഴങ്ങാത്തതുമായ ഒരു മഹാമാരി.

യന്ത്രങ്ങളെ കുറിച്ച് മാർക്സ് പറഞ്ഞതിങ്ങനെയാണ്,

“Machines were, it may be said, the weapon employed by the capitalists to quell the revolt of specialized labour”

അതായത്, പ്രാവീണ്യം (skills) വേണ്ടുന്ന തൊഴിലാളികളുടെ കലാപത്തെയും പ്രതിരോധത്തെയും അടിച്ചമർത്താൻ  വേണ്ടി  ക്യാപിറ്റലിസ്റ്റുകൾ ആവിഷ്കരിച്ച ഒരു ആയുധം ആണ് യന്ത്രം.  സമകാലിക സാഹചര്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വാക്യമായി ഇതിനെ കാണാം. മനുഷ്യന് പകരം യന്ത്രങ്ങൾ എന്നതിൽ നിന്ന് യന്ത്രങ്ങൾക്കും പകരം എ ഐ എന്ന സ്ഥിതിയിൽ എത്തി നിൽക്കുകയാണ് ലോകം. തുടർന്ന് ഡാറ്റാ എൻട്രി, കസ്റ്റമർ സർവീസ്, കണ്ടന്റ് മോഡറേഷൻ, അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് തുടങ്ങിയ ജോലികൾ എ. ഐ. ഏറ്റെടുക്കുന്ന പ്രവണത വർധിച്ചുവരുന്നു. അതുകൊണ്ട് തന്നെ എ ഐ എന്ന മഹാവിപ്ലവം ഏറ്റവുമധികം ബാധിക്കുന്നത് ആരെയെന്നതാണ് ഈ ലേഖനത്തിലൂടെ നാം ഇന്ന് ചർച്ച ചെയ്യുന്നത്.

കുറച്ച് കണക്കുകൾ

2018 ലെ റൂട്ടേഴ്സ് (Reuters) റിപ്പോർട്ട് പ്രകാരം വൻകിട കുത്തക കമ്പനിയായ ആമസോൺ ഒരു എ ഐ റിക്രൂട്ടിംഗ് ടൂൾ ഉപയോഗിച്ച് തൊഴിലാളികളെ തിരഞ്ഞെടുക്കുകയും അതേ ടൂൾ പുരുഷന്മാർക്ക് മുൻഗണന നൽകുകയും ചെയ്തു. ‘സ്ത്രീകൾ’ എന്ന വാക്ക് ഉൾപ്പെട്ട റെസ്യൂമുകൾക്ക് നിയമനപ്രക്രിയയിൽ പലപ്പോഴും വിവേചനപരമായ വിലയിരുത്തൽ നേരിടേണ്ടിവരുന്നു. ലിംഗപക്ഷപാതം കണ്ടെത്തിയതിനെ തുടർന്ന് ആമസോണിന് ആ റിക്രൂട്ട്മെന്റ് ടൂൾ പിൻവലിക്കേണ്ടി വന്നു.

2019 ലെ എം ഐ ടി റിപ്പോർട്ട് പ്രകാരം, മികച്ച സാമ്പത്തിക പ്രൊഫൈലുകൾ ഉണ്ടായിട്ട് പോലും ആപ്പിളിന്റെ എ. ഐ. അധിഷ്ഠിത ക്രെഡിറ്റ് കാർഡ് അൽഗോരിതം സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റ് ആണ് അനുവദിച്ചിരുന്നത്.

UN 2025 റിപ്പോർട്ട് അനുസരിച്ച് ലോകത്താകമാനം ടെക് തൊഴിൽ മേഖലയിൽ 29-30 ശതമാനം മാത്രമാണ് സ്ത്രീകൾ.

ഇത്തരം അസമത്വങ്ങളുടെ മൂലകാരണങ്ങൾ അന്വേഷിക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നത് മാനവരാശിയുടെ തന്നെ സുസ്ഥിര വികസനത്തിന് അനിവാര്യമാണ്.അതല്ലെങ്കിൽ മോഡേൺ സാങ്കേതികവിദ്യയുടെ അൾത്താരയിൽ ബലികഴിക്കപ്പെടാൻ പോകുന്നതും സ്ത്രീകളാണ്.

UN Gender Snapshot 2025 റിപ്പോർട്ട് അനുസരിച്ച്, ലിംഗാടിസ്ഥാനത്തിലുള്ള ഡിജിറ്റൽ വിടവ് ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങൾ ലോകമെമ്പാടുമുള്ള ഏകദേശം 34.35 കോടി സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനം ചെയ്യും. ഇതിലൂടെ 2030-ഓടെ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 1.5 ട്രില്യൺ യുഎസ് ഡോളറിന്റെ അധിക വളർച്ച കൈവരിക്കാനും, 2050-ഓടെ ഏകദേശം 3 കോടി സ്ത്രീകളെയും പെൺകുട്ടികളെയും അതിതീവ്ര ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താനും കഴിയും. വിദ്യാഭ്യാസം, തൊഴിൽ, ഡിജിറ്റൽ തുടങ്ങിയ മേഖലകളിലെ സമഗ്ര നിക്ഷേപങ്ങൾ സ്ത്രീകളുടെ ഭക്ഷ്യസുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും ഗണ്യമായി മെച്ചപ്പെടുത്തുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എ. ഐ. ലിംഗനിരപേക്ഷമോ ?

പല ബ്ലൂ കോളർ തൊഴിൽമേഖലകളിലും (പുരുഷന്റേത് മാത്രമെന്ന് കരുതപ്പെട്ടിരുന്ന) സ്ത്രീകളും ചുവടുവെച്ച ഒരു പുതുയുഗത്തിലാണ് നാം വസിക്കുന്നത്. ഹിന്ദു പത്ര റിപ്പോർട്ടുകൾ പ്രകാരം 73% തൊഴിൽദാതാക്കളും 2024 ൽ കൂടുതലും സ്ത്രീകളെ റിക്രൂട്ട് ചെയ്തു എന്ന് അഭിപ്രായപ്പെടുമ്പോഴും രാജ്യത്തുടനീളം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 20% ൽ തന്നെ തുടരുന്നു. റീട്ടെയിൽ മേഖലയിൽ 32% വും ആരോഗ്യ പരിചരണ- ഫാർമസ്യൂട്ടിക്കൽ മേഖലയിൽ 32 ശതമാനവും ട്രാവെൽ – ഹോസ്പിറ്റാലിറ്റി മേഖലയിൽ 28% വും സ്ത്രീ പ്രാതിനിധ്യം കണ്ടെത്തിയപ്പോൾ ബാങ്കിങ്- ധനകാര്യസേവനങ്ങൾ -ഇൻഷുറൻസ് -ഐ ടി എന്നീ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെ ആയിരുന്നു. അതായത് സ്ത്രീകളുടെ പ്രാതിനിധ്യം ബ്ലൂ കോളർ തൊഴിലുകളിൽ അഞ്ചിൽ ഒന്നായി നിലനിലക്കുന്നു. ഐ ടി , ഡാറ്റാ എൻട്രി, അഡ്മിനിസ്ട്രേടിവ് തൊഴിലുകൾ തുടങ്ങിയവ എ ഐ വൽക്കരണത്തിന് ഇരയാകാൻ സാധ്യത കൂടുതലുള്ള മേഖലകളാണ്. തൊഴിലാളികൾ കൂട്ടത്തോടെ ഉന്മൂലനം ചെയ്യപ്പെടുമ്പോൾ സ്ത്രീകളുടെ എണ്ണം അവിടെയും ക്രമാതീതമായി വർദ്ധിക്കാൻ ഇടയുണ്ട്. പ്രസവം, ആർത്തവം മുതലായവയ്ക്കായി ദിവസങ്ങളും മാസങ്ങളും അവധി വേണ്ടുന്ന സ്ത്രീകളെക്കാൾ മുതലാളിമാർക്ക് എത്രയോ മെച്ചമായി തോന്നാം ഭക്ഷണവും വെള്ളവും വേണ്ടാത്ത, പരാതികൾ കൊണ്ട് വീർപ്പുമുട്ടിക്കാത്ത എ. ഐ. യന്ത്രങ്ങൾ. ഏകദേശം 15–25 ശതമാനം സ്ത്രീകൾക്ക് മിതമായതോ അതിതീവ്രമായതോ ആയ ആർത്തവവേദന അനുഭവപ്പെടുന്നു. ഇത് അവരുടെ ദൈനംദിന പ്രവർത്തനങ്ങളെയും ഉൽപാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കാം എന്നത് കൊണ്ടാണ് ആർത്തവ അവധി പ്രാബല്യത്തിൽ വന്നത്. എന്നിരുന്നാലും മുതലാളിത്ത വ്യവസ്ഥയിൽ ആർത്തവ അവധി എടുക്കുന്ന, ഉത്പാദനക്ഷമത ആ ദിവസങ്ങളിൽ കുറഞ്ഞ, അബലകൾ എന്ന് സമൂഹം മുദ്രകുത്തിയ സ്ത്രീ വർഗ്ഗത്തിനേക്കാൾ പ്രാമുഖ്യം എ ഐ ഉപകരണങ്ങൾക്ക് (എ ഐ ഇല്ലെങ്കിൽ പുരുഷൻമാർക്ക്) ലഭിക്കുന്നു.മുതലാളിത്ത വ്യവസ്ഥ കൊടുമ്പിരി കൊള്ളുന്ന പ്രസ്തുത നിയോ ലിബറൽ കാലഘട്ടത്തിൽ സ്ത്രീ ആയി ജനിക്കുന്നതും ജീവിക്കുന്നതും ക്ലേശകരമാണ്.

ടെക് മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം 29-30% എന്ന് മേൽ സൂചിപ്പിച്ചിരുന്നല്ലോ. പുരുഷന്മാർ കൂടുതൽ അടങ്ങുന്ന സംഘങ്ങൾ ആണ് എ ഐ യുടെ നിർമാണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത്. ഇതിനർത്ഥം എ ഐ ഉപകരണങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കുന്നത് പുരുഷന്മാരുടെ അനുഭവങ്ങളും, അറിവുകളും ആണ്. ഇത് സ്ത്രീകളുടെ കാഴ്ചപ്പാടും വീക്ഷണവും എന്തെന്ന് അറിയാത്ത ഒരു പറ്റം യന്ത്രങ്ങളെ ഉത്പാദിപ്പിക്കുന്നു. അതുപോലെ തന്നെ നിലനിൽക്കുന്ന ഡാറ്റകളും വിവരങ്ങളും ഉപയോഗിച്ചാണ് എ ഐ യെ പരിശീലിപ്പിക്കുന്നത് . അതുകൊണ്ട് തന്നെ സമത്വം എന്നൊരാശയം പ്രതിഫലിക്കാത്ത വിവരങ്ങൾ പുനഃസൃഷ്ടിക്കാൻ ഇത് കാരണമായേക്കും. എ ഐ എന്നത് കൂടുതൽ അവസരം സൃഷ്ടിക്കുമെന്നും, എ ഐ അറിയുന്നവനേ ഇനി ജോലി ഉള്ളൂ എന്നും പറയുമ്പോഴും  ഡിജിറ്റൽ, ടെക്നോളജി മേഖലകളിൽ സ്ത്രീകളുടെ പരിമിതമായ അറിവ് സ്ത്രീക്ക് പകരം തൊഴിലിൽ എ ഐ എന്ന സാഹചര്യത്തിലേക്ക് ലോകത്തെ എത്തിച്ചേർക്കാം. കമ്പ്യൂട്ടർ, സാങ്കേതിക വിദ്യ, ശാസ്ത്രം എന്നിവ പുരുഷന്മാരുടെ കുത്തകയാണെന്നും, അതിൽ സ്ത്രീകൾക്ക് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ആവില്ല എന്നും ഉള്ള മുൻവിധി സ്ത്രീ- പുരുഷ ഡിജിറ്റൽ വിടവിന് കാരണമാകുന്നു. സ്കൂൾ തലം മുതൽ ടെക്നോളജിക്കൽ പ്രവർത്തനങ്ങൾ നോക്കി നടത്താൻ ആൺകുട്ടികൾ ഉണ്ടാവും എന്ന കാഴ്ചപ്പാട് പെൺകുട്ടികൾക്ക് ഈ മേഖലയിൽ പ്രാവീണ്യം കുറയാനും കാരണമാകുന്നു.

എ ഐ യുഗത്തിൽ അവൾക്ക് അവളായി ഇരിക്കാനോ , സ്വയം പ്രകടിപ്പിക്കുവാനോ കഴിയാത്ത സ്ഥിതിവിശേഷവും എത്തിച്ചേരുന്നു. അവൾ പറയുന്ന ഓരോ വാക്കുകളും, സോഷ്യൽ മീഡിയയിൽ അവൾ ഷെയർ ചെയ്യുന്ന ഓരോ ചിത്രങ്ങളും നിരന്തരം വിധിയെഴുത്തലുകൾക്കും നിരീക്ഷണപ്പെടലുകൾക്കും ഇരയാക്കപ്പെടുമ്പോൾ ,അവളുടെ ഉടലുകൾക്ക് പുരുഷന്മാർ വിലയിടുമ്പോൾ, ഡീപ്ഫെയ്ക് പോലെയുള്ള കുതന്ത്രങ്ങളാൽ അവളുടെ വിധി വെണ്ണീറാവുമ്പോൾ അൽഗോരിത കണക്കുകൾ എണ്ണി ധനികർ കൂടുതൽ ധനികരായിക്കൊണ്ടിരിക്കുന്നു. എ ഐ എന്നാൽ പരമ്പരാഗതമായ, പുരുഷാധിപത്യ, മുതലാളിത്ത ചിന്താഗതിയുള്ള ഒരു നിയോ ലിബറൽ യന്ത്രം മാത്രമാണ്. കാരണം എ ഐ പഠിച്ചതും അസമത്വമുള്ള ചരിത്രമാണ്, ഡാറ്റയാണ്, കണക്കുകൾ ആണ്. ജീവനോ വികാരമോ ഇല്ലാത്ത ആ യന്ത്രത്തിന് അതേ ചരിത്രം പുനഃസൃഷ്ടിക്കാൻ മാത്രമേ കഴിയുകയുള്ളൂ. ആയതിനാൽ മാനവരാശിയുടെ തന്നെ, വിശേഷിച്ചും സ്ത്രീകളുടെ സ്വാതന്ത്ര്യം (1947 ൽ കിട്ടിയെന്ന് പറയപ്പെടുന്നത്) വിപുലീകരിക്കുന്നതിന് പകരം, അവൾക്ക് കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിന് പകരം, തലമുറകളായി നിലനിന്നു വരുന്ന ഓരോ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും, അത് പുരുഷാധിപത്യമോ മുതലാളിത്തമോ ജാതി വിവേചനമോ വർണവിവേചനമോ ലിംഗവിവേചനമോ എന്തും ആയിക്കോട്ടെ അതിനെ പ്രതിസ്ഥാപിക്കാൻ മാത്രമേ എ ഐ ക്ക് കഴിയുകയുള്ളൂ. കാരണം AI പ്രധാനമായും അധികാരമുള്ളവരുടെ ഭാഷയും ചരിത്രവും ഡാറ്റയുമാണ് പഠിക്കുന്നത്.സാങ്കേതിക വിദ്യ മനുഷ്യനെ സേവിക്കുകയാണ് വേണ്ടത് അല്ലാതെ അവനെ അടിമപ്പെടുത്തുകയല്ല. അതുകൊണ്ട് തന്നെ എ ഐ യെ ജനാധിപത്യവൽക്കരിക്കേണ്ടത് ഇന്നിന്റെയും നാളയുടെയും ആവശ്യമാണ്. സ്ത്രീ എന്ന അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിന്റെ അനുഭവങ്ങളും അറിവും പ്രതിഫലിപ്പിക്കാൻ തക്കവണ്ണം പുതിയ ഡാറ്റാ ഫീഡ് ചെയ്യപ്പെടാത്തിടത്തോളം എ ഐ ഭാവിയെ സൃഷ്ടിക്കുകയല്ല, അസമത്വമുള്ള ഭൂതകാലത്തെ ഡിജിറ്റൽ രൂപത്തിൽ ആവർത്തിക്കുക മാത്രമായിരിക്കും.

 

Hot this week

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

Topics

ഗ്ലാസ്ഗോ മാതൃക : സുസ്ഥിരതയുടെ ബ്ലൂ പ്രിന്റ്

  ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു...

പ്രകൃതിയിലെ വിസ്മയങ്ങൾ- ഗരുഡശലഭം

The southern birdwing എന്നും Sahyadri birdwing എന്നും അറിയപ്പെടുന്ന ഗരുഡശലഭം...

അരാഷ്‌ട്രീയതയുടെ ‘നോബഡി’

നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തിയ...

കുടിയേറ്റ വിരുദ്ധതയുടെ അപാരതയിൽ

അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ്...

അടിയന്തരാവസ്ഥയുടെ ആവർത്തനങ്ങൾ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥക്കാലത്ത്...

അപൂർണ സ്വപ്നത്തിൻ പ്രതിധ്വനികൾ

എൺപതുകളുടെ തുടക്കത്തിൽത്തന്നെ കേരളത്തിലെ ചിത്രകല നേരിടാനിരിക്കുന്ന വിപത്തുകളെ കുറിച്ചുള്ള സൂചനകൾ നമ്മുടെ...

ഇന്ത്യ മാറുമ്പോൾ ഹിറ്റ്ലർമാർ ആത്മഹത്യയിലേക്ക്

ഇൻഡ്യൻ തൊഴിലാളി വർഗവും കർഷകരും യുവജനതയും കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി- കർഷക...

മഞ്ഞണിക്കൊമ്പിൽ നിന്നും പറന്നകന്ന വാനമ്പാടി

കനത്ത വിഷാദം തളം കെട്ടി നിൽക്കുന്ന ഒരു രാത്രിയെ കുറിച്ചോർക്കുക. ആ...
spot_img

Related Articles

Popular Categories

spot_imgspot_img